Sunday, December 08, 2019

*ഇന്ന് ഗുരുവായൂർ ഏകാദശി*

സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി നേടി.
ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാന ഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന പേരില്‍ വളരെ പ്രസിദ്ധവുമാണ്.
ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു മുപ്പത്ത് മക്കോടി ദേവന്മാരും ഈ ഏകാദശി യിൽ പങ്കുകൊള്ളുമെന്നു പറയപ്പെടുന്നു

ആയിരം അശ്വമേധ യാഗം നടത്തുന്ന
ഫലം ഒരു ഏകാദശി വ്രതം കൊണ്ട് ലഭിക്കും
എന്ന് നാരദ പുരാണം പറയുന്നു

 ഏകാദശി ദിനത്തിന് വേറൊരു ഐതിഹ്യം കൂടിയുണ്ട്  'കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്‍പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്വിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണ് നീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും അവര്‍ വിഷ്ണുലോകം പുല്‍കണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു ഏകാദശിയെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ അനന്യ ഭക്തിയോടെ അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങൾ നേടി എന്നെ തന്നെ പ്രാപിക്കും എന്ന് ഭഗവാൻ അനുഗ്രഹിച്ചു

 ക്ഷീരസാഗരത്തില്‍ അനന്തശായിയായി പള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. അര്‍ജ്ജുനന് ഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാല്‍ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശി ദിനത്തിലായിരുന്നുവത്രെ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹിക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും, ഗുരുവായൂരിലെ സമസ്ത ചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീകോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നതും ശ്രദ്ധേയമാണ്. മേല്‍പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശിദിനത്തിലാണ്.  ആ വൈകുണ്ഠനാഥന്റെ അനുഗ്രഹത്തിനായ് എല്ലാവരും പ്രാർത്ഥിക്കൂ ഒരു നിമിഷം നമിച്ചെഴുതൂ 
ഓം നമോ നാരായണായ
ഗുരുവായൂപരേശാ  നിൻ പാദങ്ങളിൽ ഞാനിതാ അർപ്പിക്കുന്നു അനന്ത കോടി  പ്രണാമം ...
എല്ലാ കൂട്ടുകാർക്കും '' ''
എകാദശി ആശംസകൾ..
[കടപ്പാട് ]

No comments:

Post a Comment