Monday, January 27, 2020

[27/01, 16:28] Bhattathiry: *🎼വിവേകചൂഡാമണിയില്‍  നിന്നും*

ദേഹം ഭാര്യ പുത്രൻ എന്നിവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ ജയിച്ച് കീഴടക്കൂ. ദേഹാദികളിലുള്ള മോഹം കളഞ്ഞ് മുനികൾ പരമമായ വിഷ്ണുപദം പ്രാപിക്കുന്നു.

ദേഹത്തിലുള്ള
ആസക്തിയും അഭിമാനവും മൂലം അതിന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ കൂടുതൽ വിഷയവസ്തുക്കൾ തേടുന്നതിലും നേടുന്നതിലുമായിരിക്കും പ്രായേണ സാമാന്യജനങ്ങളുടെ നിരന്തരശ്രമം. ഭോഗ്യവസ്തുക്കൾ കൂടുന്തോറും ജീവിതം സുഖസമ്പൂർണ്ണമാണെന്നാണവരുടെ ധാരണ. ദേഹം എന്നതു കൊണ്ട് സ്ഥൂലശരീരത്തെ  മാത്രമല്ല ഉദ്ദേശിക്കുന്നത്. സൂക്ഷ്മശരീരവും (മനസ്സും ബുദ്ധിയും)
കൂടി അതുൾക്കൊള്ളുന്നു. ദേഹത്തിലുള്ള മോഹം വെടിയു എന്നതിന് ശരീരമനോബുദ്ധികളിലുള്ള താദാത്മ്യാഭിമാനം വെടിയു എന്നർത്ഥമാണ്.

ഭാര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹിതനായ
നിങ്ങളുടെ ജീവിതസഖി മാത്രമല്ല സ്വന്തം സുഖത്തിനു വേണ്ടി
നിങ്ങൾ ആരെ ആശ്രയിക്കുന്നുവോ ആ ആൾ നിങ്ങളുടെ ഭാര്യ ആരെല്ലാം നിങ്ങളെ ആശ്രയിക്കുന്നുവോ അവർ നിങ്ങളുടെ മക്കൾ
എന്നത്രെ തത്ത്വശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അതിന്നർത്ഥം. ലോകമാകുന്ന ചങ്ങലയിലെ കണ്ണികളാണ് വ്യക്തികൾ. അവർ പരസ്പരം
ബന്ധിക്കപ്പെട്ടാണിരിക്കുന്നത്. നാമോരോരുത്തരും സുഖസൗകര്യങ്ങൾക്കുവേണ്ടി മറ്റു പലരേയും ആശ്രയിച്ച് നില്ക്കുന്നു. വേറെ ചിലർ നമ്മെ ആശ്രയിച്ചും നില്ക്കുന്നു. ഇങ്ങനെയുള്ള പരസ്പര ബന്ധങ്ങളെ സൂചിപ്പിക്കുന്ന സാങ്കേതികപദമാണ് ദാരസുതന്മാർ.

പരസ്പരബന്ധമാകുന്ന നൂലാമാലയിൽ കുടുങ്ങി പലതിനോടും ആസക്തി വളർത്തുക കാരണം ജീവന്റെ അടിമത്തച്ചങ്ങലയ്ക്ക് ബലം കൂടിക്കൂടി വരും. അതിന്റെ കുരുക്കിൽപ്പെട്ട് ഞെരുങ്ങി
ശ്വാസം മുട്ടി അവശനായിത്തീർന്ന സാധകന്റെ ആദ്ധ്യാത്മിക
ജിജ്ഞാസയും പുരോഗതിയും തടയപ്പെടുന്നതുതന്നെ മഹാമൃത്യു.

ദേഹാദികളിലുള്ള താദാത്മ്യാഭിമാനം വെടിഞ്ഞവരാണ് മുനികൾ (മനനശീലർ). വിഷയതൃഷ്ണയെ ജയിച്ച്, പരമപദം പ്രാപിച്ച് അവർ പരമാനന്ദമനുഭവിക്കുന്നു. വിഷ്ണോഃ പരമം പദം 
(വിഷ്ണുവിന്റെ പരമപദം) എന്നതിന് സർവ്വവ്യാപിയായ
പരബ്രഹ്മമെന്നർത്ഥം.

സ്വന്തം സമനില തെറ്റാതെ തന്റെ ചുറ്റുപാടുമുള്ള എല്ലാറ്റിനോടും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ സമർത്ഥനാണ് വിവേകിയായ സാധകൻ. എല്ലാവരിലും സ്നേഹമുള്ള അയാൾ സമുദായത്തിൽ തനിക്കുള്ള കടമകൾ ഭംഗിയായി നിറവേറ്റുന്നു. കർത്തവ്യങ്ങളായ ലൗകികവ്യവഹാരങ്ങൾ ചെയ്യുമ്പോഴാവട്ടെ, ഒന്നിനോടും ബന്ധിക്കപ്പെടാതെ -- ഒന്നിലും
കുടുങ്ങാതെ ജാഗ്രത പാലിച്ചു കൊണ്ട് അയാൾ സ്വതന്തനായി നിലകൊള്ളുന്നു. സ്വന്തം വളർച്ചയ്ക്കും പുരോഗതിക്കും വിഘ്നം നേരിടാത്തവിധം അയാൾ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കുന്നു. ഉള്ളിൽ തല പൊക്കുന്ന അധാർമ്മിക പ്രവണതകളെ -- മൃഗീയവാസനകളെ -- അപ്പപ്പോൾ
എതിർത്തു തോല്പിക്കുകയും ചെയ്യുന്നു. ബാഹ്യലോകവുമായി
ബുദ്ധിപൂർവ്വകമായ ബന്ധം പുലർത്തി വിവേകപൂർവ്വം ലോകവ്യവഹാരം ചെയ്യുന്ന മനനശീലരായ മനുഷ്യർ നിർവിഘ്നമായി ലക്ഷ്യത്തിന് നേരെ കുതിച്ച് സർവ്വതന്ത്രസ്വതന്ത്രമായ വിഷ്ണുത്വം അനുഭവിക്കും.

(സ്വാമി ചിന്മയാനന്ദ)
[27/01, 16:28] Bhattathiry: ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ സോമസുന്ദരം സ്വാമി: കണ്ണാടിയില്‍ ആകാശമുണ്ട്. അത് വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. അവ കണ്ണാടിയില്‍ പറ്റുന്നതെങ്ങനെ?

രമണമഹര്‍ഷി: വസ്തുക്കള്‍ ആകാശത്തു സ്ഥിതിചെയ്യുന്നു. ഈ രണ്ടും (വസ്തുവും ആകാശവും) ചേര്‍ന്നു കണ്ണാടിയില്‍ പ്രതിബിംബിക്കുന്നു. ആകാശത്തു സ്ഥിതി ചെയ്യുന്നതുപോലെ വസ്തുക്കള്‍ (കണ്ണാടിയിലെ) പ്രതിബിംബിതാകാശത്തിലും സ്ഥിതിചെയ്യുന്നു.

ചോദ്യം: ഘടാകാശത്തില്‍ എന്തു സംഭവിക്കുന്നു?
മഹര്‍ഷി: ഘടാകാശത്തില്‍ പ്രതിഫലനമില്ല. പ്രതിഫലനം ജലത്തില്‍ മാത്രം. അനേകം കുടങ്ങള്‍ വെള്ളം നിറച്ച് ഒരു തടാകത്തില്‍ വച്ചാല്‍ ഘടജലത്തിലും തടാകജലത്തിലും ഒന്നുപോലെ പ്രതിഫലനങ്ങള്‍ തോന്നും. അതുപോലെ വിശ്വം മുഴുവനും ഓരോ വ്യക്തിയിലും പ്രകാശിക്കുന്നു.

നിര്‍മ്മലാകാശം പ്രതിഫലനത്തെ ഉണ്ടാക്കുകയില്ല. ജലമയമായ ആകാശത്തിലെ പ്രതിഫലനം ഉണ്ടാകുകയുള്ളൂ. വെറും കണ്ണാടിയില്‍ പ്രതിഫലനം ഇല്ല. രസം കൊണ്ടോ മറ്റോ ഒരുവശം തടയപ്പെട്ടാലേ മുമ്പോട്ടുള്ള പ്രതിഫലനം സാദ്ധ്യമാവൂ. അതുപോലെ ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല. ശുദ്ധജ്ഞാനത്തിനു പരിമിതിയുണ്ടായി (മനസ്സായി)ത്തീര്‍ന്നാലേ അതു വിഷയാദികളെ പ്രതിഫിലപ്പിക്കുകയുള്ളൂ.
[27/01, 16:28] Bhattathiry: ലോകവ്യവഹാരം-ദുഃഖം-വിവേകം-വൈരാഗ്യം-നിത്യസുഖത്തിനായുള്ള അന്വേഷണം-ഗുരുലാഭം-ഉപദേശസ്വീകരണം-ആത്മവിചാരം-അദ്വൈത നിറവ്... അദ്ധ്യാത്മത്തിലെ ഓരോ ചവിട്ടുപടികളും ശ്രദ്ധാപൂർവം നടന്നുകയറി ഏറ്റവും ഉന്നതമായ സന്നിധിയിൽ ഈ ജീവഭാവം അടങ്ങിപ്പോകുന്നു.

വിവേകം ആദ്യപടികളിൽ ഒന്നാണെങ്കിലും അതുപോലും വരണമെങ്കിൽ എന്താ പാട്! ഈ സംസാരം അത്രകണ്ട് ഭ്രമിപ്പിക്കുന്നുണ്ട്; അടികിട്ടിയാലും പഠിക്കാത്ത അത്ഭുത പ്രതിഭാസം തന്നെ ഈ സംസാരം.

വിവേകമേർപ്പെട്ടുകഴിഞ്ഞാൽതന്നെ ഈ ജീവൻ ട്രാക്ക് മാറിക്കഴിഞ്ഞു, ബാക്കിയെല്ലാം ദ്രുതഗതിയിൽ നടക്കും.

ഭഗവാനേ... എനിയ്ക്കടിക്കടി ദുഃഖം തന്നുകൊണ്ടിരിക്കൂ; അങ്ങനെയെങ്കിലും ഞാൻ  സദാ  അവിടുത്തോടൊട്ടിച്ചേർന്നിരിക്കട്ടെ!

No comments:

Post a Comment