Monday, January 27, 2020

ഹരിനാമകീർത്തനം
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷   
      പ്രേമപ്രകടനത്തിൽ ഭഗവാൻ പൊരുത്തമില്ലാതെ പെരുമാറുന്ന മറ്റു രണ്ടു ദൃഷ്ടാന്തങ്ങളാണ് മുപ്പത്തിനാലാം പദ്യത്തിൽ വെളിപ്പെടുത്തുന്നത്.

    ങാനം കണക്കെയുടന-
    ഞ്ചക്ഷരങ്ങളുടെ-
    യൂനം വരുത്തിയൊരു
    നക്തഞ്ചരിക്കു ബത,
    കൂനോരു ദാസിയെ   
    മനോജ്ഞാംഗിയാക്കിയതു-
    മൊന്നല്ലെയാളു
    ഹരിനാരായണായ നമഃ         (34)

     രാമാവതാരത്തിൽ കാമാർത്തയായി തന്നെ സമീപിച്ച ശൂർപ്പണഖയെന്ന രാക്ഷസിക്ക് 'ങ'കാരത്തോടു സവർണങ്ങളായ ങ,ഞ,ണ,ന,മ എന്നീ അനുനാസികങ്ങളായ അഞ്ചക്ഷരങ്ങളും മൂക്കുമുറിച്ചുകളഞ്ഞതിന്റെ ഫലമായി ഉച്ചരിക്കാൻ വയ്യാതാക്കിത്തീർത്തു. അതേയവസരത്തിൽ
കൃഷ്ണാവതാരത്തിൽ കംസനു കുറിക്കൂട്ടുമായി പോയ കുബ്ജയായ ദാസിയെ താടിക്കു പിടിച്ചു നിവർത്തി സുന്ദരിയാക്കിത്തീർത്തതും ഒരേ
ഭഗവാൻ തന്നെയല്ലേ? ഹരിനാരായണനു നമസ്കാരം.

ശൂർപ്പണഖയുടെ നാസാഛേദം

   ശ്രീരാമലക്ഷ്മണന്മാരും സീതയും പഞ്ചവടിയിൽ കഴിയുന്ന കാലമാണ്. രാമനെക്കണ്ടു കാമാർത്തയായി രാവണസഹോദരിയായ ശൂർപ്പണഖ അവിടെയെത്തി. രാമനോടു പ്രണയപ്രാർത്ഥന നടത്തി. രാമൻ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ലക്ഷ്മണനോടായി പ്രണയപ്രാർത്ഥന. രണ്ടിടത്തും പരാജയപ്പെട്ട രാക്ഷസി കോപാക്രാന്തയായി സീതയെ ബലാൽ പിടിച്ചു കൊണ്ടുപോകാൻ മുന്നോട്ടു കുതിച്ചു. തുടർന്നു രാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ കാതും മുലയും മൂക്കും ഛേദിച്ചു പറഞ്ഞയച്ചു. മൂക്കു ഛേദിച്ചു കൊണ്ട് 'ങ, ഞ, ണ, ന, മ' എന്ന അനുനാസികാക്ഷരങ്ങൾ അവൾക്ക് ഉച്ചരിക്കാൻ വയ്യാതായി. ഭഗവാനെ പ്രണയപ്രാർത്ഥനയുമായി സമീപിച്ച ശൂർപ്പണഖയ്ക്ക് വന്നുചേർന്ന ഈ വൈകൃതമാണ്
പ്രസ്തുത പദ്യത്തിൽ ആദ്യത്തെ രണ്ടുവരികളിൽ സൂചിപ്പിച്ചിരിക്കുന്നത്.

കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കി

    കംസന്റെ ആജ്ഞയനുസരിച്ചു ധനുര്യാഗത്തിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന കൃഷ്ണനെയും ബലരാമനെയും അക്രൂരൻ മഥുരാപുരിയിൽ കൊണ്ടുവന്നു. മഥുരയിലെത്തിയ അവർ രണ്ടാളും രാജവീഥിയിൽക്കൂടി കംസന്റെ കൊട്ടാരത്തിലേക്കു യാത്രതിരിച്ചു. വഴിമധ്യേ യുവതിയായ ഒരു സ്ത്രീ കൂനിപ്പിടിച്ച് കൈയിൽ കുറിക്കൂട്ടു നിറച്ച പാത്രവുമായി നടന്നു
പോകുന്നതു കണ്ടു. നീ ആരാണെന്നും കുറിക്കൂട്ടാർക്കാണെന്നും അവർ
കുബ്ജയോടു ചോദിച്ചു. അതോടൊപ്പം കുറിക്കൂട്ടു തങ്ങൾക്കു തരുമോയെന്നും അന്വേഷിച്ചു. താൻ കംസന്റെ ദാസിയാണെന്നും തന്റെ പേര്
ത്രിവക്രയെന്നാണെന്നും അവൾ അറിയിച്ചു. തുടർന്ന് മുഴുവൻ കുറിക്കൂട്ടും രാമകൃഷ്ണന്മാർക്കായി സമ്മാനിച്ചു. പ്രസന്നനായ ഭഗവാൻ കുബ്ജയുടെ കൂനു നിവർത്താൻ നിശ്ചയിച്ചു. സ്വപാദങ്ങൾ കൊണ്ട് അവളുടെ പുറം കാലുകളമർത്തി ഭഗവാൻ  കൈകകൊണ്ട് അവളെ താടിക്കു പിടിച്ചുയർത്തി. ഭഗവാന്റെ സ്പർശമേറ്റു കൂനു നിവർന്നു എന്നുമാത്രമല്ല, അവൾ അതി
സുന്ദരിയായി മാറുകയും ചെയ്തു. ഭാഗവതം ദശമത്തിൽ നാൽപ്പത്തി രണ്ടാമദ്ധ്യായത്തിലാണ് കുബ്ജയുടെ കഥയുള്ളത്. ഒരുവളുടെ മൂക്കും
മുലയുമരിഞ്ഞ് അവളെ വിരൂപയാക്കിയ ഭഗവാൻ മറ്റൊരാളുടെ വൈരൂപ്യം മാറ്റി അതിസുന്ദരിയാക്കിത്തീർത്തു. ഈ വൈരുദ്ധ്യം എടുത്തുകാട്ടി അത്ഭുതപ്പെടുകയാണാചാര്യൻ.

    ഭഗവാൻ ഈ വിരുദ്ധലീലകൾ എതെങ്കിലും തരത്തിലുള്ള പക്ഷപാതം കൊണ്ടു ചെയ്യുന്നതാണോ? അങ്ങനെ കരുതാൻ വയ്യ. ഒരേ ഇന്ദ്രന്റെ രണ്ടു പുത്രന്മാരോടു ഭഗവാൻ രണ്ടുതരത്തിൽ പെരുമാറിയതായി കാണുന്നു. ആ ദൃഷ്ടാന്തമാണ് മുപ്പത്തഞ്ചാംപദ്യത്തിൽ വിവരിക്കുന്നത്:                               *_*_*_*_*_*_*_*_*_*_*_*_*_*_*_
കണ്ണനും കൂട്ടരും പിന്നെ ബാലേട്ടനും
□■□■□■□■□■□■□■ 

No comments:

Post a Comment