Monday, February 10, 2020




1. നമ്മുടെ ഏറ്റവും പ്രാചീനമായ ധര്‍മ്മമാണ് വൈദിക ധര്‍മ്മം (ഇന്നത്തെ ഹിന്ദു ധര്‍മ്മം). ഇതിന്‍റെ അടിസ്ഥാനം നാല് വേദങ്ങള്‍ ആണ് (ഋഗ്വേദം,യജുര്‍വേദം,സാമവേദം,അഥര്‍വവേദം). അവയ്ക്ക് പുറമേ ആര്‍ഷ ഗ്രന്ഥങ്ങള്‍ ആയ 4 ഉപവേദങ്ങള്‍ (ആയുര്‍വ്വേദം.ധനുര്‍വേദം,ഗന്ധര്‍വവേദം,അര്‍ത്ഥവേദം), 6 വേദാംഗങ്ങള്‍ (ശിക്ഷ,കല്‍പ്പം,വ്യാകരണം,നിരുക്തം,ഛന്ദസ്സ്,ജ്യോതിഷം),6 ദര്‍ശനങ്ങള്‍ (സാംഖ്യം,വൈശേഷികം,ന്യായം,യോഗദര്‍ശനം,മീമാംസ,വേദാന്തം),ഉപനിഷത്തുകള്‍,ബ്രാഹ്മണങ്ങള്‍,ആരണ്യകങ്ങള്‍ എന്നിവ വൈദിക ധര്‍മ്മത്തെ കുറിച്ച്കൂടുതല്‍ അറിവുകള്‍ നല്‍കുന്നു.

2. ഈശ്വരന്‍ നിരാകാരനും സര്‍വവ്യാപിയും സര്‍വജ്ഞനും ന്യായകാരിയും ആകുന്നു. അദ്ദേഹത്തിന് രൂപമോ വിഗ്രഹമോ ഇല്ല. സര്‍വ്വവ്യാപിയായ അദ്ദേഹത്തെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് പ്രതിഷ്ടിക്കുകയോ അഭിഷേകം ചെയ്യുകയോ സാധ്യമല്ല.

3. ജനന മരണങ്ങള്‍ക്കതീതനായ ഈശ്വരന്‍ ഒരിക്കലും അവതരിക്കുന്നില്ല. അവതരിക്കുക എന്നാല്‍ ഇറങ്ങിവരുക എന്നര്‍ത്ഥം. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന അദ്ദേഹം എവിടെ നിന്ന് എവിടേക്ക് ഇറങ്ങി വരും? ശ്രീരാമന്‍,ശ്രീകൃഷ്ണന്‍ തുടങ്ങിയ മഹാപുരുഷന്മാര്‍ ഈശ്വരാവതാരങ്ങളല്ല. മനുഷ്യനായി ജനിച്ച്മനുഷ്യനായി ജീവിച്ച് ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കിയ മഹാപുരുഷന്മാരായിരുന്നു അവര്‍. അവരും സന്ധ്യോപസാന,അഗ്നിഹോത്രം എന്നിവ നിഷ്ഠയോടെ അനുഷ്ഠിച്ച്‌ ഈശ്വരനെ ആരാധിച്ചിരുന്നതായി വാല്മീകി രാമായണവും വ്യാസ മഹാഭാരതവും പറയുന്നു. ഈ മഹാപുരുഷന്മാരുടെ ജീവിതം നമുക്ക് പ്രേരണാ ദായകമാണ്. അവരുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുന്നതിന് പകരം അവരുടെ വിഗ്രഹമുണ്ടാക്കി മണികൊട്ടി പൂജിക്കുനത് വേദ വിരുദ്ധവും നിരര്‍ത്ഥ കവുമാണ് എന്ന് മഹര്‍ഷി ദയാനന്ദന്‍ സത്യാര്‍ത്ഥ പ്രകാശത്തില്‍ പറയുന്നുണ്ട്.

4. നാം അനുഷ്ഠിക്കുന്ന ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലം നാം അനുഭവിച്ചു തന്നെ തീര്‍ക്കണം. പാപം ഏറ്റുപറച്ചില്‍ കൊണ്ടോ ഏതെങ്കിലും ക്രിയാപദ്ധതികളാലൊ ഇവ മാറ്റിമറിക്കാനാവില്ല.ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നര്‍ത്ഥം.

5. സ്വര്‍ഗ്ഗ-നരകങ്ങള്‍ പ്രത്യേക വിശേഷസ്ഥാനങ്ങളല്ല. സുഖത്തിന്‍റെ വിശേഷ സ്ഥാനം സ്വര്‍ഗ്ഗവും ദുഖത്തിന്‍റെത് നരകവുമാണെന്ന് പറയാം. സ്വര്‍ഗ്ഗ-നരകങ്ങളെക്കുറിച്ച് പടച്ചുവിട്ടിട്ടുള്ള കാല്‍പ്പനിക കഥകള്‍ ജനങ്ങളെ നിഷ്ക്രിയരാക്കുന്നതാണ്.

6. ജഡപദാര്‍ത്ഥങ്ങളെ അവയുടെ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ സദുപയോഗം ചെയ്യുന്നത് തെറ്റല്ല.തുളസി,ആല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് പല രോഗങ്ങളേയും നിവാരണം ചെയ്യാനുള്ള ഔഷധ ശക്തിയുണ്ട്. അവയുടെ സംരക്ഷണം നടത്തേണ്ടതാണ്. എന്നാല്‍ ഇവയെ ആരാധനയുടെ പേരില്‍ പ്രദക്ഷിണം വക്കുന്നതും നമസ്കരിക്കുന്നതും പുണ്യമാണെന്ന് കരുതുന്നത് അജ്ഞതയും മൂഢത്വവുമാണ്.

7. എപ്പോഴാണ് നമ്മുടെ മനസ്സ് പ്രസന്നവും കുടുംബത്തില്‍ സുഖ- ശാന്തി നിറഞ്ഞുനില്‍ക്കുന്നതും അതാണ്‌ മുഹൂര്‍ത്തം. നക്ഷത്ര-ഗ്രഹ നിലകള്‍ നോക്കി കവിടി നിരത്തി ജ്യോതിഷികള്‍ വിധിക്കുന്ന വിവാഹത്തിനുള്ള മുഹൂര്‍ത്തം, ഗൃഹ പ്രവേശനത്തിനുള്ള മുഹൂര്‍ത്തം എന്നിവ തികച്ചും വേദവിരുദ്ധവും സാക്ഷരരായ ഒരു സമാജത്തിനു യോജിച്ചതുമല്ല.നക്ഷത്ര-ഗ്രഹ വസ്തുക്കള്‍ ജഡ പദാര്‍ഥങ്ങള്‍ ആണ്.അവയുടെ പ്രഭാവം എല്ലാവര്‍ക്കും ഒരേപോലെയാണ് അനുഭവപ്പെടുക.വ്യത്യസ്തമായല്ല. ഗ്രഹ-നക്ഷത്ര-രാശികള്‍ക്കനുസരിച്ച് മനുഷ്യ ജീവിതത്തില്‍ വ്യത്യസ്ത ഗുണദോഷങ്ങള്‍ ഉണ്ടാവുമെന്ന ഫല പ്രവചനങ്ങള്‍ തികച്ചും തെറ്റാണ്.ജാതക പൊരുത്തം നോക്കി വധൂവരന്മാരുടെ വിവാഹം നടത്തുന്നതിനു പകരം അവരുടെ ഗുണ-കര്‍മ്മ-വൈദ്യ പരിശോധനാദികളുടെ അടിസ്ഥാനത്തില്‍ ബന്ധം ഊട്ടിഉറപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.ആദര്‍ഷപുരുഷന്മാരായ ശ്രീരാമന്‍,ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ ജാതകപൊരുത്തം നോക്കിയല്ല മറിച്ച് സ്വയംവരത്തിലൂടെയാണ് വിവാഹിതരായത് എന്നോര്‍ക്കുക. മാത്രവുമല്ല ശ്രീരാമന്റെയും രാവണന്റെയും രാശികള്‍ ഒന്നായിരുന്നു. ശ്രീകൃഷ്ണന്റെയും കംസന്റെയും രാശികള്‍ അപ്രകാരമായിരുന്നു വെന്നത് രസകരമായ പരമാര്‍ത്ഥം ആണ്. വേദാംഗമായ ജ്യോതിഷം ജ്യോതിശാസ്ത്രപരമായ ശാസ്ത്ര മാണ്.അവ പ്രമാണമാണ്‌. ഇന്നുപ്രചാരത്തിലുള്ള ഫലജ്യോതിഷം,അഷ്ടമംഗല്ല്യ പ്രശ്നം,കൈനോട്ടം,എന്നിവ വേദാനുകൂലമായതല്ല. മന്ത്രവാദവും,ആഭിചാരക്രിയകളും, തകിടും ചരടും ജപിച്ചു കെട്ടലുമൊന്നും വേദാനുകൂലമല്ല.

8. വര്‍ണ്ണ വ്യവസ്ഥയും ഇന്നത്തെ ജാതി വ്യവസ്ഥയും വ്യത്യസ്തമാണ്.ഗുണ-കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് വര്‍ണ്ണ വ്യവസ്ഥ. ജന്മം കൊണ്ട് ആരും ബ്രാഹ്മണരോ ക്ഷത്രിയരോ ആകുന്നില്ല, ജാതിവ്യവസ്ഥയും അയിത്തവും തെറ്റാണ്. 

വൈദിക സിദ്ധാന്തങ്ങളെകുറിച്ച്കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വ പ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം,ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക..
aryasandesam

No comments:

Post a Comment