Monday, February 10, 2020


വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്. എന്നാല്‍ അവ ഗണിത ജ്യോതിഷമാണ്‌.ഇന്ന് പ്രചാരത്തിലുള്ള ഫലം പ്രവചിക്കുന്ന ജ്യോല്‍സ്യമല്ല. ഗണിത ജ്യോതിഷത്തിന്റെയും ഫല ജ്യോതിഷത്തിന്റെയും വ്യത്യാസം മനസ്സിലാക്കണം.സൂര്യ-നക്ഷത്രങ്ങളുടെ പ്രഭാവം പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ശാസ്ത്രമാണ് ഗണിത ജ്യോതിഷം. സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ എപ്പോള്‍ നടക്കും? ഋതുക്കളുടെ മാറ്റം എപ്പോഴുണ്ടാകും? എങ്ങിനെയുണ്ടാവും? ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് അത്. നക്ഷത്രങ്ങളുടെ സ്ഥിതിനോക്കി പ്രാചീന ചരിത്ര സംഭവങ്ങളുടെ സമയവിവരം പോലും കണ്ടെത്താനാവും. മഹാഭാരത യുദ്ധം നടന്ന സമയത്ത് ഒരു പ്രത്യേക ഗ്രഹനിലയായിരുന്നു. ക്രിസ്തുവിനു മുമ്പ് 3102 ഫെബ്രുവരി 20 നു രണ്ടു മണി കഴിഞ്ഞു 30 സെക്കന്റ് സമയത്ത് ഈ ഗ്രഹനില യായിരുന്നുവെന്ന് പാശ്ചാത്യ ജ്യോതിഷ വിദഗ്ധനായ ബേലി പറയുന്നുണ്ട്.ഭാരതീയ ജ്യോതിശാസ്ത്രവും മഹാഭാരത യുദ്ധം നടന്നത് ഇക്കാലത്താനെന്നു പറയുന്നു. ഇത്തരത്തിലുള്ള ഗണിത ജ്യോതിഷത്തെ നമുക്ക് അഗീകരിക്കാം.


എന്നാല്‍ ജന്മ ലഗ്നത്തില്‍ രാഹുവും ആറാം സ്ഥാനത്ത് ചന്ദ്രനും വന്നാല്‍ കുട്ടിക്കു മരണം സംഭവിക്കും, ജന്മ ലഗ്നത്തില്‍ ശനിയും ആറാം സ്ഥാനത്ത് ചന്ദ്രനും ഏഴാം സ്ഥാനത്ത് ചൊവ്വയും വന്നാല്‍ കുട്ടിയുടെ പിതാവിനു മരണം നിശ്ചയം, രാത്രിയിലാണ് ജനനമെങ്കില്‍ ഇങ്ങിനെ സംഭവിക്കും ഞായറാഴ്ചയായാല്‍ അങ്ങിനെ വരും, ചൊവ്വാദോഷം, കണ്ടകശനി തുടങ്ങി ജനങ്ങളെ ഭയഭീതരാക്കുന്ന ഇന്നത്തെ ജ്യോതിഷികള്‍ അനുവര്‍ത്തിക്കുന്നതാണ് ഫല ജ്യോതിഷം. ഇതു വേദാനുകൂലമല്ല. ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ കാരണം നിരവധി യുവതികള്‍ നരകിക്കുന്നു. ന്യായകാരിയായ ഈശ്വരന്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി ഇത്തരം ക്രൂരതകള്‍ ഒരിക്കലും അടിച്ചേല്പ്പിക്കില്ല. ജാതകപൊരുത്തം നോക്കല്‍, ദേവപ്രശ്നം, തകിടും ചരടും ജപിച്ചുകെട്ടല്‍ എന്നിവയെല്ലാം ജനങ്ങളുടെ ധനവും സമയവും അപഹരിക്കുന്നതാണ്. നമ്മുടെ ആദര്‍ശ പുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും ജാതകം നോക്കിയല്ല വിവാഹിതരായത്. പാണ്ഡവരുടെ അജ്ഞാതവാസ സ്ഥലംകണ്ടുപിടിക്കാന്‍ പ്രശ്നം വെച്ചതായി മഹാഭാരതത്തില്‍ കാണാനാനില്ല. ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മഹാഭാരതയുദ്ധാനന്തരം ആരംഭിച്ചതാണ്. മഹര്‍ഷി ദയാനന്ദന്‍ സത്യാര്‍ത്ഥ പ്രകാശത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദോഷംമൂലമാണ് വിവാഹം നടക്കാത്തത് എന്നു വിശ്വസിക്കുന്ന ഹിന്ദു യുവതികളെ മതം മാറ്റാനായി തീവ്ര ശ്രമം നടക്കുന്നതായി അറിയുന്നു. അത്തരത്തില്‍ മതം മാറ്റപ്പെട്ട ഒരു യുവതി അടുത്തിടെ വൈദിക ധര്‍മ്മ ത്തിലേക്ക് തിരിച്ചു വരികയുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ഒരേ ഒരു പോംവഴി മഹര്‍ഷി ദയാനന്ദന്‍ പറഞ്ഞ വേദങ്ങളിലേക്ക് മടങ്ങുക എന്നതാണ്. ഫല ജ്യോതിഷത്തെ തള്ളികളഞ്ഞു വേദാംഗ ജ്യോതിഷത്തെ സ്വീകരിക്കുക. ഓം കൃണ്വന്തോ വിശ്വമാര്യം !
aryasandesam

No comments:

Post a Comment