Wednesday, February 26, 2020

[26/02, 06:07] +91 94955 57148: ഹരിനാമകീർത്തനം-106

    ളത്വംകലർന്നിതു
    ലകാരത്തിനപ്പരിച്ചു 
    തത്ത്വം നിനയ്ക്കിലൊരു
    ജീവത്വമുള്ളു തവ
    കത്തുന്ന പൊന്മണിവിളക്കെന്ന
    പോലെ ഹൃദി
    നില്ക്കുന്ന നാഥ
    ഹരിനാരായണായ നമഃ         (63) 

   സംസ്കൃതഭാഷയിൽ  'ല' എന്ന അക്ഷരത്തിന് 'ള' എന്ന ഉച്ചാരണം വന്നു ചേരുന്നു. സത്യം വിചാരം ചെയ്തറിഞ്ഞാൽ പരമാത്മാവിനു വന്നു ചേർന്ന ഈ ജീവഭാവം അതുപോലെയേ കരുതാനുള്ളു. സമാധിയിൽ ജ്വലിക്കുന്ന മണിദീപം പോലെ പരമാത്മസ്വരൂപം കൈക്കൊണ്ട് ഹൃദയത്തിൽ തെളിയുന്ന അല്ലയോ ഭഗവൻ ഹരിനാരായണനായ അങ്ങേക്കു നമസ്കാരം.

 മണിദീപം പോലെ

  സംസ്കൃതഭാഷയിൽ :ല' എന്ന അക്ഷരത്തിനും 'ള' എന്ന അക്ഷരത്തിനുമുള്ള വ്യത്യാസമേ ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ളു. ഈ അക്ഷരങ്ങൾക്ക് ഉച്ചാരണോപാധിയിൽ മാത്രമേ ഭേദമുള്ളു. ആലോചിച്ചാൽ അർത്ഥപ്രതീതിയിൽ 'ല'യും 'ള'യും ഒന്നുതന്നെ. അതുകൊണ്ടാണല്ലോ ലളയോരഭേദഃ എന്നു പ്രസിദ്ധിവന്നത്. അതുപോലെ തത്വം വിചാരംചെയ്തറിഞ്ഞാൽ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ. അന്തഃകരണോപാധി മാത്രമാണ് ഭേദത്തിന്റെ തോന്നലിനു കാരണം. അന്തഃകരണോപാധിയെ യോഗപരിശീലനം കൊണ്ട് ഒഴിച്ചുമാറ്റിയാൽ ഹൃദയതലത്തിൽ ജീവാത്മാവുതന്നെ നിശ്ചലമായി ജ്വലിച്ചുനിൽക്കുന്ന മണിദീപം പോലെ പരമാത്മരൂപം കൈക്കൊണ്ടു തെളിയുകയും ചെയ്യും. ഭഗവാൻ ഗീതയിൽ പ്രഖ്യാപിക്കുന്നതു നോക്കുക

   യഥാ ദീപോനിവാതസ്ഥാ
   നേംഗതേ സോപമാ  സ്മൃതാ
   യോഗിനോ യതചിത്തസ്യ 
   യുജ്ജതോയോഗമാത്മനഃ
                                            (ഗീത, 6-19)

   ചിത്തം ഉപശമിപ്പിച്ച് സമാധിയിൽ മുഴുകുന്ന യോഗിക്ക് കാറ്റില്ലാത്തിടത്തു കത്തുന്ന ദീപമെന്നപോലെ നിശ്ചലമായി ആത്മാവു പ്രകാശിക്കുന്നു. നിവാതദീപത്തിനു പകരം ആചാര്യൻ പൊൻമണിവിളക്കെന്നു കൽപ്പിച്ചത് അത്യന്തം ഉചിതമായിട്ടുണ്ടെന്നു കാണേണ്ടതാണ്. പൊൻമണി വിളക്ക് നിശ്ചലമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ലളയോരഭേദം (ലീലാതിലകം) പോലെ ജീവാത്മപരമാത്മൈക്യം അനുഭവിച്ചറിയേണ്ടതാണെന്നു താത്പര്യം.

  ആത്മതത്ത്വം തെളിച്ചെടുക്കാനുള്ള ഉപായമാണ് മന്ത്രസാധന. ധ്വനി മയങ്ങളായ മന്ത്രങ്ങളെല്ലാം ബോധവസ്തുവിൽ നിന്നും രൂപംകൊള്ളുന്നവയാണെന്ന് നാൽപ്പത്തഞ്ചാം പദ്യത്തിന്റെ വ്യാഖ്യാനത്തിൽ നാം പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആചാര്യൻ തന്റെ കീർത്തനത്തിൽ  ആവർത്തിക്കുന്നത് നാരായണായനമഃ എന്ന മന്ത്രമാണ്. ഈ മന്ത്രം സപ്താക്ഷരിയാണ്. ഇതും ആ പരമാത്മാവിൽ നിന്നും രൂപം കൊള്ളുന്ന മന്ത്രമാണെന്നും ഇതിനെ അവലംബിച്ചാലും പരമാത്മാവിന്റെ പൊരുൾ അറിയാറാകുമെന്നുമാണ് അടുത്ത പദ്യത്തിൽ വിവരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.
[26/02, 06:07] +91 94955 57148: വിവേകചൂഡാമണി -- 186

32. കാരണശരീരവും അതിന്റെ സ്വഭാവവും (120-121)

       അവ്യക്തമേതത്
       ത്രിഗുണൈർനിരുക്തം
       തത് കാരണം നാമ
       ശരീരമാത്മനഃ
       സുഷുപ്തി രേതസ്യ
       വിഭക്ത്യവസ്ഥാ 
       പ്രലീനസർവ്വേന്ദ്രിയ
       ബുദ്ധിവൃത്തിഃ                      (120)

     'ത്രിഗുണാത്മികം' എന്ന് നിർവചിക്കപ്പെട്ട ഈ 'അവ്യക്ത'ത്തെ ജീവന്റെ 'കാരണശരീര'മെന്നു പറയുന്നു. സകല ഇന്ദ്രിയങ്ങളുടേയും മനോബുദ്ധികളുടേയും വൃത്തികൾ മുഴുവനും ലയിച്ച സുഷുപ്തിയാണ് കാരണശരീരത്തിന്റെ സ്വന്തമായ അവസ്ഥ.

       സർവ്വപ്രകാര
       പ്രമിതിപ്രശാന്തിഃ
       ബീജാത്മനാവസ്ഥിതിരേവ
       ബുദ്ധേഃ
       സുഷുപ്തിരേതസ്യ
       കില പ്രതീതിഃ
       കിഞ്ചിത് ന വേദ്മീതി
       ജഗത് പ്രസിദ്ധേഃ                 (121)

     സർവ്വപ്രകാരത്തിലുള്ള അറിവുകളുമടങ്ങി മനസ്സ് ബീജരൂപത്തിൽ സ്ഥിതിചെയ്യുന്നതുതന്നെ സുഷുപ്തി. ഈ അവസ്ഥയിൽ 'ഞാൻ ഒന്നും അറിഞ്ഞില്ല' എന്ന അനുഭവം എല്ലാവർക്കുമുണ്ട് എന്ന് പ്രസിദ്ധമാണല്ലോ.

      ത്രിഗുണങ്ങളെക്കുറിച്ച് (111 മുതൽ 119 വരെയുള്ള ശ്ലോകങ്ങളിൽ) സവിസ്തരം പ്രതിപാദിച്ചശേഷം, ആചാര്യശങ്കരൻ 'അവ്യക്തം' എന്ന് വിശേഷിപ്പിക്കുന്ന 'കാരണശരീര'ത്തെ നിരൂപണം ചെയ്യുകയാണ്.

     അവ്യക്താവസ്ഥയിലിരിക്കുന്ന സത്വരജസ്തമോഗുണങ്ങൾ ചേർന്നതാണ് കാരണശരീരം. ജാഗ്രദവസ്ഥയിൽനിന്നും, സ്വപ്നാവസ്ഥയിൽനിന്നും വിരമിക്കുമ്പോൾ ജീവൻ നിലകൊള്ളുന്നത് സുഷുപ്തിയിലാണ്. ജാഗ്രത്തിലേയും സ്വപ്നത്തിലേയും അനുഭവങ്ങൾ ബീജരൂപത്തിൽ അവ്യക്തമായി, സുഷുപ്തിയിലുണ്ട്. ബീജരൂപത്തിലുള്ള വാസനകൾ വികസിച്ച് സൂക്ഷ്മശരീരത്തിലൂടെയും സ്ഥൂലശരീരത്തിലൂടെയും വ്യക്തമായിത്തീർന്നതാണ്, യഥാക്രമം സ്വപ്നവും, ജാഗ്രത്തും. സുഷുപ്ത്യവസ്ഥയിൽ ഇവ, ബീജരൂപത്തിൽ, അവ്യക്തമായി സ്ഥിതിചെയ്യുന്നു.

ജീവൻ സുഷുപ്തിയിലാവുമ്പോൾ ഇന്ദ്രിയമനോബുദ്ധികൾ
പ്രവർത്തിക്കുന്നില്ല -- അവ താല്ക്കാലികമായി ലയം പ്രാപിച്ചിരിക്കുകയാണ്. ആത്മസ്വരൂപമോ, വിഷയ-വികാര-വിചാരങ്ങളോ ഒന്നും തന്നെ വ്യക്തമല്ലാത്തതിനാൽ ആണ് ആ അവസ്ഥയെ 'അവ്യക്തം' എന്ന് പറയുന്നത്. ചുരുക്കത്തിൽ സത്യസ്വരൂപത്തെ അറിയാതിരിക്കുന്ന അവസ്ഥയാണത്. 'ഞാൻ ഒന്നും അറിയുന്നില്ല' എന്നതാണ് ഇപ്പോൾ ജീവന്റെ അനുഭവം, വെറും അജ്ഞാനം മാത്രമാണ് ഈ അവസ്ഥയുടെ സ്വഭാവം. ബുദ്ധി ലയം പ്രാപിച്ചിരിക്കുകയാൽ,    ബുദ്ധിവൃത്തികൾ മൂലം പ്രകടമാവുന്ന ബാഹ്യലോകവും    അപ്പോൾ ഇല്ല -- അവയും അവ്യക്തത്തിൽ ലയിക്കുന്നു. ലോകത്തിലെല്ലായിടത്തും സകല ജീവികൾക്കും ഗാഢസുഷുപ്തിയിലെ അനുഭവം 'സർവ്വ അറിവുകളുടേയും അഭാവ'മാണ്. അജ്ഞാനം മാത്രമായ -- ഈ അവിദ്യാസ്വരൂപമായ -- ഈ  അവസ്ഥയാണ് 'കാരണശരീരം.'

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment