Tuesday, February 04, 2020

ശീലങ്ങളും വ്രതങ്ങളും

വാസനകൾ ഇല്ലാതാക്കുന്നതെങ്ങനെ?ശീലങ്ങളിൽ നിന്ന് രക്ഷപ്പെടാനാഗ്രഹിക്കു- ന്നവരുടെയെല്ലാവരുടെയും ചോദ്യമാണിത്.
ശീലങ്ങൾ നിങ്ങൾക്ക് വേദനയുണ്ടാക്കുകയും നിങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾ അവയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു വിഷമമുണ്ടാക്കുകയും നിങ്ങളെ ബന്ധനത്തിലാക്കുകയും ചെയ്യുകയെന്നതാണ് വാസനയുടെ സ്വഭാവം. ജീവന്റെ സ്വഭാവമാകട്ടെ, സ്വതന്ത്രമാകുക, എന്നതാണ്. സ്വതന്ത്രമാകാനുള്ള വഴി നിശ്ചയമില്ലാതിരിക്കുമ്പോൾ ജീവൻ സ്വാതന്ത്ര്യവാഞ്ഛയോടെ ജന്മജന്മാന്തരങ്ങളോളം അലഞ്ഞു തിരിയുന്നു.

ശീലങ്ങളിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള മാർഗ്ഗമാണ് വ്രതങ്ങൾ. വ്രതങ്ങൾ സമയബന്ധിതങ്ങളായിരിക്കണം. ഉദാഹരണത്തിന്, ഞാൻ ഇനി പുകവലിക്കില്ല എന്ന് ഒരാൾ പറയുന്നുവെന്നു വിചാരിക്കുക. പക്ഷേ, അയാൾക്ക് പുകവലി നിറുത്താൻ പറ്റുന്നില്ല. അഞ്ചു ദിവസം പുകവലിക്കില്ല എന്ന സമയബദ്ധമായ പ്രതിജ്ഞ അയാൾക്കെടുക്കാം. ശപിക്കുകയും, ആണയിടുകയും ചെയ്യുന്ന ഒരാൾ, പത്തു ദിവസത്തേയ്ക്ക് ചീത്ത വാക്കുകൾ ഉപയോഗിക്കില്ല എന്ന് നിശ്ചയിക്കണം. ജീവിതകാലം മുഴുവൻ പ്രതിജ്ഞ പാലിക്കുമെന്ന ശപഥം വേണ്ട! നോക്കിക്കൊള്ളൂ, ഉടനെത്തന്നെ നിങ്ങളതു ലംഘിക്കും. അഥവാ, അത് ലംഘിക്കേണ്ടിവന്നാൽത്തന്നെ വിഷമിക്കേണ്ട കാര്യമില്ല. ഉടനെത്തന്നെ വീണ്ടും തുടങ്ങിയാൽ മതി. ശപഥം പാലിച്ചു കഴിഞ്ഞാൽ മറ്റൊരു കാലയളവുവെച്ച് അത് പിന്നെയും തുടങ്ങൂ. സാവകാശം ശപഥത്തിന്റെ കാലയളവ് കൂട്ടുകയും, അത് നിങ്ങളുടെ ശീലമാകുന്നതുവരെ അതുപോലെ തുടരുകയും ചെയ്യൂ. ഇതാണ് സംയമം. എല്ലാവരും ഒരല്പ്പം സംയമം കൊണ്ട് അനുഗൃഹീതരാണ്. മനസ്സ് വീണ്ടും പഴയതുപോലെയാകുമ്പോൾ രണ്ടിലൊന്ന് സംഭവിക്കുന്നു. ഒന്നുകിൽ, നിരുത്സാഹപ്പെടുത്തിയതായി നിങ്ങൾക്കു തോന്നുകയും, നിങ്ങൾ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യും. അശേഷം പുരോഗതിയുണ്ടായില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടാകുകയും ചെയ്യും. അല്ലെങ്കിൽ, സംയമത്തിനു നല്ലൊരവസരം കിട്ടിയതായി കരുതി നിങ്ങൾ സന്തോഷിക്കും. ചീത്ത ശീലങ്ങൾ വിഘ്നങ്ങൾ സൃഷ്ടിക്കുകയും, നിങ്ങളുടെ ജീവസ്സത്ത ഊറ്റിക്കളയുകയും ചെയ്യും. സംയമമില്ലാതെ ജീവിതം സന്തോഷ പ്രദവും രോഗവിമുക്തവും ആവുകയില്ല. ഉദാഹരണത്തിന് മൂന്ന് കപ്പ് ഐസ്ക്രീം ഒറ്റയടിക്ക് കഴിക്കരുതെന്നും, എല്ലാ ദിവസവും ഐസ്ക്രീം കഴിക്കരുതെന്നും, അങ്ങനെ ചെയ്താൽ അസുഖമുണ്ടാകുമെന്നും നിങ്ങൾക്കറിയാം. ജീവശക്തിയെ ശരിയായ ദിശയിലേയ്ക്ക് ഒന്ന് തിരിച്ചു വിടൂ- അങ്ങനെ സംയമത്തിലൂടെ, ഏതു ശീലത്തിന്റെയും പിടിയിൽ നിന്ന് സ്വതന്ത്രനാകാൻ നിങ്ങൾക്ക് കഴിയും.
നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ ശീലങ്ങളേയും സംയമത്തിൽ ബന്ധിക്കണം. ഇന്നുതന്നെ ഒരു സമയബന്ധിത വ്രതമെടുത്ത്, അത് ശ്രദ്ധയിൽ സൂക്ഷിക്കൂ. നിങ്ങൾ അതു ലംഘിച്ചാൽ ആ സമയവും ദിവസവും കുറിച്ചുവെച്ച് അടുത്ത സത്സംഗത്തിൽ അവതരിപ്പിക്കൂ. പിന്നേയും ഇത് ആവർത്തിക്കണം. നിങ്ങൾക്ക് വേദനയുണ്ടാക്കുന്ന ശീലങ്ങളെ സംയമത്തിലൂടെ ബന്ധിക്കൂ - ഗുരു ശ്രീ ശ്രീ രവിശങ്കർ

No comments:

Post a Comment