Tuesday, March 03, 2020

വിവേകചൂഡാമണി - 79
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സത്വഗുണം - സ്വഭാവം, പ്രവർത്തനം

ശ്ലോകം 117
സത്വം വിശുദ്ധം ജലവത്തഥാപി
താഭ്യാം മിലിത്വാ സരണായ കൽപ്പതേ 
യാത്രാത്മബിംബ പ്രതിബിംബിതഃസൻ
പ്രകാശയത്യർക്ക ഇവാഖിലം ജഡം

ശുദ്ധസത്വം ജലം പോലെ നിർമ്മലമാണ്. എങ്കിലും രജസ്തമസ്സുകളുമായി കൂടിച്ചേർന്ന് സംസാരഭ്രമണത്തിനിടയാക്കുന്നു. ആത്മാവ് ശുദ്ധസത്വത്തിൽ പ്രതിബിംബിച്ച് എല്ലാ ജഡ വസ്തുക്കളേയും സൂര്യനെപ്പോലെ പ്രകാശിപ്പിക്കുന്നു. സത്വഗുണം ശുദ്ധജലം പോലെ പരിശുദ്ധമാണ്.  വളരെ തെളിഞ്ഞതും ഒരു തരത്തിലുള്ള മാലിന്യങ്ങളുമേൽക്കാത്തതുമാണ്.

എന്നാൽ, വെള്ളം മറ്റു പലതിനോടും ചേരുന്നതുപോലെ സത്വഗുണവും മറ്റു ഗുണങ്ങളോട് കൂടിക്കലരുന്നതാണ്.  എന്നാൽ വെള്ളം അതിന്റെ യഥാർത്ഥ സ്വഭാവത്തിൽ മാറ്റം വരുത്താത്തതുപോലെ സത്വഗുണവും മാറാതെ തന്നെ നിൽക്കും.

വെള്ളം സ്വതവേ തന്നെ ശുദ്ധമാണ്, ഒന്നിനും അതിനെ മലിനീകരിക്കാനാവില്ല. സത്വഗുണവും ഇതുപോലെയാണ്. മറ്റ് പലതുമായി കൂടിക്കലരുമ്പോൾ വെള്ളം മലിനമായി എന്നു തോന്നുന്നതുപോലെ സത്വഗുണത്തിന്റെയും കൂടിച്ചേർച്ച മലിനമെന്നു തോന്നിയേക്കാം.

എന്നാൽ അതിന്റെ സ്വഭാവം മാറില്ല. മലിനജലം എന്നു പറഞ്ഞാൽ ജലം മലിനമെന്നു പറയാനാവില്ല. വെള്ളമില്ലാത്ത മറ്റെന്തോ അതിനോട് ചേർന്നിട്ടുണ്ട് എന്നറിയണം. അതിനെ വെള്ളത്തിൽനിന്നും വേർപെടുത്താനായാൽ പിന്നെ ജലം ശുദ്ധമായിരിക്കും. അഴുക്കുള്ള വെള്ളം, ദുർഗന്ധമുള്ള വെള്ളം, ചളിവെള്ളം എന്നിങ്ങനെയൊക്കെ പറയാറുണ്ടെങ്കിലും വാസ്തവത്തിൽ ഇതൊന്നും ജലത്തിന്റെ യഥാർത്ഥ സ്വഭാവത്തിനെ മാറ്റുന്നില്ല. അതിൽ കലർന്നിരിക്കുന്ന മാലിന്യത്തെ നീക്കിയാൽ ജലം ശുദ്ധമായി.

നദികളിലേയും തടാകങ്ങളിലേയും വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്.

സത്വ ഗുണവും ഇതുപോലെയാണ്.  അതിനോട് എന്തെങ്കിലും കലർന്നിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്‌താൽ മതി. സത്വഗുണം എല്ലാവരിലുമുണ്ട്. തമോഗുണക്കാരനെന്നു തോന്നിക്കുന്ന ആളിൽ പോലും സത്വഗുണമുണ്ട്.

ശുദ്ധസത്വം രജോഗുണവും തമോഗുണവുമായി ചേരുന്നതിനാലാണ് ഓരോ ആളും സംസാരത്തിൽ കുടുങ്ങുന്നത്.  സത്വഗുണത്തിൽ ഉറച്ചിരിക്കുന്നയാൾക്ക് സംസാരബന്ധനമുണ്ടാകില്ല.

ശുദ്ധസത്വം മാത്രമുള്ളയാളുടെ ബുദ്ധി തെളിഞ്ഞിരിക്കും. അപ്പോൾ തമോഗുണത്തിന്റെ ആവരണമോ രജോഗുണത്തിന്റെ വിക്ഷേപമോ ഉണ്ടാകുന്നില്ല.

എന്നാൽ ഭൂരിഭാഗം ആളുകളിലും ഇതിന്റെ വിപരീതമാണ് സംഭവിക്കുന്നത്. ശുദ്ധസത്വത്തിൽ പ്രതിബിംബിക്കുന്ന ആത്മാവാണ് എല്ലാ ശരീരത്തെയും ചൈതന്യവത്താക്കുന്നത്. ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി തുടങ്ങിയതായ എല്ലാ ഉപാധികൾക്കും പ്രകാശമായും പ്രചോദനമായും ആത്മതത്വം സത്വഗുണത്തിലൂടെ പ്രതിബിംബിക്കുന്നു.

ചിത്പ്രകാശം ശുദ്ധസത്വമായ അന്തഃകരണത്തിൽ പ്രതിബിംബിക്കുന്നത് സൂര്യൻ ലോകത്തിലെ ജഡവസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെയാണ്. സൂര്യന്റെ സാന്നിദ്ധ്യത്തിലാണ് എല്ലാം വളരെ നന്നായി, ഊർജ്ജിതമായി പ്രവർത്തനസജ്ജമാകുന്നത്.

No comments:

Post a Comment