Tuesday, May 26, 2020

വ്യക്തിപരിചയം:

വൈദ്യഭൂഷണം  ശ്രീ.രാഘവൻ തിരുമുൽപ്പാട്.
---------------------------------------------------------------------
ആധുനിക കാലഘട്ടം കണ്ട ആയുർവ്വേദ വൈദ്യവിശാരദന്മാരിൽ ഉത്തുംഗസ്ഥാനീയനാണ് വൈദ്യഭൂഷണം ശ്രീ.രാഘവൻ തിരുമുൽപ്പാട്. ചാലക്കുടി സ്വദേശിയായ അദ്ദേഹം  2010 നവംബർ 21-ന് തൊണ്ണൂറാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. 

ഋഷിപ്രോക്തമായ ആയുർവ്വേദത്തെ ഗവേഷണം കൊണ്ടും മനനം കൊണ്ടും പരിപോഷിപ്പിച്ച ആൾ എന്ന നിലയിൽ അദ്ദേഹം പ്രത്യേകം സ്മരണീയനാണ്. ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ ലളിതചികിത്സാരീതികളെ പ്രയോഗവത്ക്കരിച്ച് വിജയിപ്പിച്ച് ആയുർവ്വേദത്തിന്റെ ഫലപ്രാപ്തിയെ വിശ്വസനീയമാക്കിയതിന്റെ ഖ്യാതിയും അദ്ദേഹത്തിനു സ്വന്തമാണ്..

പാരമ്പര്യമായി വൈദ്യകുടുംബത്തിൽ പിറന്ന് വൈദ്യനായിത്തീർന്ന ആളല്ല ശ്രീ.രാഘവൻ തിരുമുൽപ്പാട് എന്നത് ശ്രദ്ധേയമാണ്.. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവയൊക്കെയാണദ്ദേഹം പഠിച്ചത്. തുടർന്ന് റെയിൽ‌വേയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.. അതിനിടയിലുണ്ടായ രോഗബാധയിൽ നിന്ന് വിമുക്തിയുണ്ടായത് ആയർവ്വേദചികിത്സകൊണ്ടായിരുന്നു. ആ അനുഭവമാണ് അദ്ദേഹത്തിൽ ആയുർവ്വേദവൈദ്യശാഖയോട് താൽപ്പര്യം ജനിപ്പിക്കാൻ കാരണമായത്.

തന്നെ ചികിത്സിച്ച വൈദ്യന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ആയുർവ്വേദ ഉപാസന തുടങ്ങിവെച്ചു. പിന്നീട് അന്നത്തെ കൊച്ചി സർക്കാറിന്റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി തന്റെ പാണ്ഡിത്യം തെളിയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരന്തരമായ ശാസ്ത്ര പഠനം, ലേഖന രചന, ലഘുവായ ചികിത്സാ രീതികൾ എന്നിവ കൊണ്ട് അദ്ദേഹം വൈദ്യ ശാസ്ത്ര രംഗത്ത് പ്രശസ്തനായിത്തീർന്നു.

വൈദ്യശാസ്ത്രസംബന്ധിയും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ അഖിലേന്ത്യാ പ്രബന്ധമത്സരങ്ങളിൽ നിരവധി തവണ അദ്ദേഹം സമ്മാനിതനായി. ആയുർവ്വേദ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന പല ടെക്സ്റ്റ് പുസ്തകങ്ങളും അദ്ദേഹം രചന നിർവ്വഹിച്ചവയാണെന്ന വസ്തുത അദ്ദേഹം ആർജ്ജിച്ച അഗാധ ജ്ഞാനത്തേയും പ്രാഗത്ഭ്യത്തേയും വിളിച്ചോതുന്നു.

ലഭ്യമായ പുരസ്ക്കാരങ്ങളുടെ കാര്യത്തിലും അദ്ദേഹം അതീവസമ്പന്നനാണ്. അക്ഷയ പുരസ്കാരം,ദേശീയ ആയുർവേദ അക്കാദമി ഫെലോഷിപ്പ് ,വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ശാസ്ത്രസാഹിത്യ അവാർഡ് ,പണ്ഡിതരത്നം ,തപസ്യ പുരസ്കാരം ,ആയുർവേദ ഭീഷ്മാചാര്യ ,വിദ്യാവാചസ്പതി, ഭിഷഗ്പരമാചാര്യ, അവഗാഹ പഠനത്തിനുള്ള എസ്.ടി.ഇ.സി.-യുടെ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഭിഷഗ്വരൻ ഡോ.എം.എസ്.വല്യത്താൻ തിരുമുൽപ്പാടിനെ അഭിനവ ചരകൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് 2011-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.

അദ്ദേഹത്തെ നേരിൽ കാണാനും ചികിത്സാനിർദ്ദേശങ്ങൾ സ്വീകരിക്കാനും അവസരം കൈവന്ന സൗഭാഗത്തെ സംബന്ധിച്ച് ഒരു ഓർമ്മ പങ്കിട്ടുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 

അന്ന് പ്രീഡിഗിക്ക് പഠിച്ചുകൊണ്ടിരുന്ന മകൾക്ക് ഇടക്കിടെ കാണപ്പെട്ടിരുന്ന മൈഗൈൻ തലവേദനയെ പ്രശസ്തമായ ആശുപത്രിയിലെ അലോപ്പതി ഡോക്ടർ (ന്യൂറോളജിസ്റ്റ്)  അപസ്മാരം എന്ന് തെറ്റായി ഡയഗണോസിസ് നടത്തി.  കഠിനമായ പാർശ്വഫലങ്ങളുള്ള അലോപ്പതി  മരുന്നുകളും നിർദ്ദേശിക്കപ്പെട്ടു. ആ രോഗനിർണ്ണയത്തിൽ സംശയം തോന്നിയതിനാൽ ഞാൻ പ്രഗത്ഭനായ ഒരു ആയുർവ്വേദവൈദ്യനെ തിരഞ്ഞു. ഒടുവിൽ പലരുടേയും നിർദ്ദേശപ്രകാരം ഞാൻ ചെന്നെത്തിയത് ചാലക്കുടി പാലസ് റോഡിലെ ഋഷിവാടം പോലെ ശാന്തമായ “രാജവിഹാര"ത്തിലാണ്. സാക്ഷാൽ രാഘവൻ തിരുമുൽപ്പാടിന്റെ ഗൃഹം. നല്ലപോലെ വൃദ്ധനായ അദ്ദേഹം മൃദുവായ കുഷ്യനുകളിട്ട വലിയ ചാരുകസേരയിൽ ഉപവിഷ്ടനായിരിക്കുന്നു. വാർദ്ധക്യം ശാരീരിക അവശത സമ്മാനിച്ചിരുന്നെങ്കിലും മൂർച്ചയുള്ള ധിഷണയെ അതൊട്ടും ബാധിച്ചിരുന്നില്ല.

അദ്ദേഹത്തെ നമസ്ക്കരിച്ച് ഞാൻ ചെന്ന കാര്യം പറഞ്ഞു. മകളോട് രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് രോഗം അപസ്മാരമല്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ലളിതമായ ചില ആയുർവ്വേദമരുന്നുകൾ ശീലിക്കാൻ നിർദ്ദേശിച്ചു. അവ ശീലിച്ചതിലൂടെ രോഗവിമുക്തിയുമുണ്ടായി. അദ്ദേഹം പറഞ്ഞുകൊടുക്കുന്ന ഔഷധയോഗങ്ങൾ  എഴുതിയെടുക്കാനായി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഏതാനും യുവാക്കൾ ഗുരുകുലരീതിയിൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അവിടെ സന്നിഹിതരായിരുന്നതും ഓർക്കുന്നു.

അറിവിന്റെ നിറകുടമായ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ജീവിതത്തിലുമുള്ള  ലാളിത്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ആയുർവ്വേദോപാസകനായ ഒരു ഗാന്ധിയൻ എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കാൻ തോന്നുന്നത്.

ആയുർവ്വേദ ശസ്ത്രത്തിന്റെ ഏറെ നാളത്തെ സ്തംഭനാവസ്ഥക്ക് അറുതിവരുത്തി പഠനഗവേഷണങ്ങളിലൂടെയും ചികിത്സാപ്രയോഗങ്ങളിലൂടെയും മുന്നോട്ട് വഴിനടത്തിയ ശ്രീ.രാഘവൻ തിരുമുൽപ്പാടിനെ മനസാ നമസ്ക്കരിച്ചുകൊണ്ട് ഈ കുറിപ്പിനു വിരാമചിഹ്നമണിയിക്കട്ടെ.. 

കടപ്പാട് :😄

No comments:

Post a Comment