Monday, May 25, 2020

 ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നു.

ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, മറിച്ച് അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കുവാൻ തുടങ്ങുമ്പോഴാണ് ...... എന്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്.......
 സ്വന്തം കുട്ടികൾ എവിടെപ്പോകുമ്പോഴും അമ്മയും കൂടെവരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ ചെല്ലാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്...... 

എന്നാൽ അമ്മ കൂടെ വരേണ്ടായെന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയത്രി വിശദീകരിക്കുന്നു ........ 

എന്നാൽ കുട്ടിക്കാലത്ത് അമ്മയുടെ കൂടെപ്പോകാൻ കുഞ്ഞ് ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ തന്റെ മക്കളുടെ കൂടെപ്പോകാൻ അമ്മ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെയ്ക്കുന്നു....... 

മധ്യവയസ്സെത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായയുണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമായിരിക്കും ....... 
ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ താൻ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നേയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളേയും വസ്ത്രങ്ങളേയും ഒറ്റയ്ക്കിരുന്നു വിങ്ങലോടെ തടവുന്നത് കവയത്രി വിശദീകരിക്കുന്നുണ്ട്.......

ഇത്രയുമാകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ മുറിയിൽക്കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു........
ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ 'മ്മമ്മയെയും കൂട്ടുമോ ' എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേയ്ക്കൊന്നാക്കിത്തരുമോ എന്ന ചോദ്യത്തിന്, എനിക്ക് തിരക്കാണ്, അമ്മ ഒറ്റയ്ക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെപ്പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു.......

എന്റെ അമ്മയേയും ഞാനൊരു മധ്യവയസ്‌ക ആക്കിയിരിക്കുന്നു.......

😢😢😢😢😢

No comments:

Post a Comment