Wednesday, August 19, 2020

നമ്മുടെ പ്രശ്നം ശാരീരികമാണെങ്കിൽ അത് ശരീരംകൊണ്ടേ പരിഹരിക്കാൻ കഴിയൂ. പ്രശ്നം മാനസികമാണെങ്കിൽ മനസ്സുകൊണ്ടേ പരിഹരിക്കാൻ കഴിയൂ. സാമ്പത്തികമാണ് പ്രശ്നമെങ്കിൽ സമ്പത്തുകൊണ്ടും ആണ് പരിഹരിക്കാൻ കഴിയുക. എന്നാൽ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും മനസ്സുകൊണ്ടും പരിഹരിക്കാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നമെങ്കിലോ? അതെങ്ങനെയാണ് മനസ്സിലാകുന്നത്? ഒരു പ്രശ്നം ഒരു തവണയല്ലേ പരിഹരിക്കേണ്ടത്? ഒരേ പ്രശ്നംതന്നെ വീണ്ടും വീണ്ടും പരിഹരിക്കേണ്ടിവന്നാലോ! അതിനർത്ഥം രോഗത്തെ അല്ല രോഗ ലക്ഷണങ്ങളെയാണ് നാം പരിഹരിച്ചു എന്നു പറയുന്നത് എന്നാണ്. രോഗമുള്ളിടത്തോളം കാലം രോഗലക്ഷണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനെ നമ്മുടെ പരിഹാരങ്ങളെല്ലാം താല്ക്കാലികം മാത്രമായിപ്പോകുന്നു. എന്താണ് രോഗം? അജ്ഞാനമാണ് രോഗം. എന്താണ് അജ്ഞത? ഭൗതികമായ സുഖഭോഗങ്ങളും, ശാരീരികവും മാനസികവുമായ അവസ്ഥകളും അസ്ഥിരമാണ്എന്നതറിയാതെ അവയിൽ നിന്നും സ്ഥിരമായ സുഖം തേടി ദുഃഖിക്കുന്നു എന്നതാണ് അജ്ഞത. പരിഹാരം എന്നത് അന്തിമമായിരിക്കണം. വിവേകാനന്ദസ്വാമികൾ പറയുന്നത്- "ഒരാളുടെ പ്രശ്നം കുറച്ചു ദിവസത്തേയ്ക്കോ മാസങ്ങളോളമോ ഒരു വർഷത്തേയ്ക്കോ പരിഹരിക്കാനായാൽ അതെല്ലാം നല്ലതു തന്നെയാണ്. എന്നാൽ ഒരാളുടെ പ്രശ്നം എന്നെന്നേയ്ക്കുമായി പരിഹരിക്കാനായാൽ അതാണ് ഏറ്റവും ശ്രേഷ്ഠം." ഒരാളുടെ ദാരിദ്ര്യം കണ്ട് അയാൾക്ക് ഇടയ്ക്കിടയ്ക്ക് പണം കൊടുക്കുന്നതിനേക്കാൾ അയാൾക്ക് ഒരു സ്ഥിരവരുമാനത്തിനുള്ള ജോലി നൽകുന്നതു പോലെയാണത്. സഹായമെന്നാൽ ഒരാളെ നമ്മിൽത്തന്നെ എന്നെന്നേയ്ക്കുമായി ബന്ധിച്ചിടുന്നതല്ല, നമ്മിൽ നിന്നും എന്നെന്നേയ്ക്കുമായി സ്വതന്ത്രമാക്കുകയാണ്. ശരീരംകൊണ്ടോ മനസ്സുകൊണ്ടോ ധനംകൊണ്ടോ അല്ലാതെ ആനന്ദം കണ്ടെത്തുവാൻ കഴിയുന്നു എങ്കിൽ അത് സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം നേടുകയാണ് വിദ്യാഭ്യാസത്തിൻറെ അന്തിമമായ ലക്ഷ്യം. അനുഭവങ്ങളിലൂടെ വിദ്യ വെളിപ്പെടുന്നുണ്ട്. ശരീര സുഖങ്ങളോ അതിനോടുള്ള മനസ്സിൻറെ ആഭിമുഖ്യമോ നമ്മെ എന്നെന്നേയ്ക്കുമായി ശരീരത്തിൽ ബന്ധിച്ചിടുകയേ ഉള്ളൂ. അതിനാൽ തന്നെ നാം നിരന്തരം പ്രശ്നത്തിലുമായിരിക്കും, ജന്മങ്ങളോളം! ഇതിൽ നിന്നും എന്നെന്നേയ്ക്കുമായി സ്വതന്ത്രരാകുകയാണ് അന്തിമ പരിഹാരം. ശരീരത്തിലിരുന്നുകൊണ്ടു തന്നെ ശരീര സുഖങ്ങളുടെ നിസാരതയും അസ്ഥിരതയും ബോധിക്കണം. ശരീരത്തിലിരുന്നുകൊണ്ടുതന്നെ ശരീരത്തിന് അതീതമായ ആനന്ദത്തെ അനുഭവിക്കുകയും വേണം. സ്വാതന്ത്ര്യത്തിൻറെ പ്രകാശം അപ്പോഴാണ് തെളിയുക! നിലനിർത്താൻ കഴിയാത്ത സുഖത്തിനുവേണ്ടിയുള്ള ശരീരത്തിലെ ബന്ധനമാണ് മരണം. അമരത്വമെന്നത് ശരീരത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. ആത്മാനുഭൂതിയാണത്. നിത്യാനന്ദകരമായത് മറ്റൊന്നുമല്ല! ഓം krishnakumar

No comments:

Post a Comment