Saturday, August 19, 2023

ഗണപതി ഭഗവാൻ കുബേരൻ്റെ അഹങ്കാരം അടക്കിയ കഥ. *കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?* (ഒരു കഥ അതിൽ ഒര് തത്ത്വമുണ്ട് മനസിലാക്കാൻ ) അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു. ഒരിക്കല്‍ കുബേരന്‍ പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന്‍ എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു. അതുകണ്ട് കുബേരന്‍ പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന്‍ സ്വീകരിച്ചു. അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം. കുബേരന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന്‍ നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി. അതുകണ്ട് കുബേരന്‍ അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന്‍ വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്‍കി. അതും അവന്‍ ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു. അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ.. എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന്‍ പരശ്വേരന്റെ കാല്‍ക്കല്‍ വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി കുറച്ചു മലരും അവലും ശർക്കരയും തേങ്ങയും എടുത്ത് ഗണപതിക്കു നല്‍കി. അതു കഴിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും മടങ്ങി. കടപ്പാട്

No comments:

Post a Comment