Saturday, September 14, 2024

അർജ്ജുനനോ കർണ്ണനോ ? അച്ഛാ.. ശരിക്കും മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണോ ? അർജ്ജുനനെക്കാൾ വലിയ വില്ലാളി കർണ്ണനാണോ ? കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന നേരം വാസൂട്ടൻ സംശയത്തിന്റെ കെട്ടഴിച്ചു കൊണ്ടാണ് വന്നത്. മഹാഭാരതത്തിന്റെ ഹാർഡ്കോർ ഫാൻ ആണ് വാസൂട്ടൻ. വായിക്കാറായത് മുതൽ കുട്ടികളുടെ മഹാഭാരതവും, അമർചിത്രകഥാ സീരീസും അടക്കം മഹാഭാരതത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങൾ പല തവണ വായിച്ചിട്ടുണ്ട് വാസൂട്ടൻ. മഹാഭാരതത്തെ ബേസ് ചെയ്താണ് കൽക്കി എന്ന സിനിമ ഇറങ്ങിയത് എന്നറിഞ്ഞത് മുതൽ വാസൂട്ടനും അത് കാണണമെന്നുണ്ട്. കുട്ടനും കൽക്കി കാണാൻ തുടക്കം മുതൽ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ പല വിധ തിരക്കുകൾ മൂലം എനിക്ക് ഒട്ടും ഒഴിവ് കിട്ടാഞ്ഞതിനാൽ കുട്ടികളേയും കൊണ്ട് തീയറ്റർ കാഴ്ച സാധിച്ചില്ല. ഇന്നലെ സ്കൂൾ അടച്ചത് കുട്ടികൾ ആഘോഷിച്ചത് ആമസോൺ പ്രൈം വീഡിയോസിൽ കൽക്കി കണ്ടുകൊണ്ടായിരുന്നു. മഹാഭാരതത്തിൽ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണെന്ന് സ്ഥാപിക്കുന്ന പരാമർശങ്ങൾ ആ സിനിമയിൽ കണ്ടപ്പോളാണ് വാസൂട്ടനെ ആശയക്കുഴപ്പത്തിലാക്കിയത്. അർജ്ജുനനോ കർണ്ണനോ ? വ്യാസന്റെ മഹാഭാരതം (അതു മാത്രമാണ് ഒറിജിനൽ !) വായിക്കാത്തവർക്ക് മാത്രമേ ഇങ്ങിനെ ഒരു സംശയം ഉണ്ടാകാനിടയുള്ളൂ. പക്ഷേ ചെറു വായനകളിലൂടെ അറിവിന്റെ ലോകത്തേക്ക് കടന്നു ചെല്ലുന്ന ഒരു ഒമ്പത് വയസുകാരനാണ് വാസൂട്ടൻ. അവന്റെ അതുവരെയുള്ള അറിവിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഒരു തെറ്റായ സന്ദേശം ഒരു സിനിമ മുന്നോട്ടു വച്ചപ്പോൾ അവനിൽ ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണെന്ന് നിസംശയം പറയാൻ കഴിയും. ഇത്തരം തെറ്റായ നരേഷനുകൾ സാധാരണക്കാരായ പൊതു സമൂഹത്തെ എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്. വാസൂട്ടന് അറിയില്ലേ, മഹാഭാരതം വാസൂട്ടന് അറിയാലോ, വാസു തന്നെ പറയൂ.. കർണ്ണനോ അതോ അർജ്ജുനനോ മികച്ച യോദ്ധാവ്..? വാസുവിന്റെ ചോദ്യത്തിനുത്തരം പൂരിപ്പിക്കാനുള്ള ദൌത്യം ഞാൻ തിരികെ വാസൂട്ടന് തന്നെ കൊടുത്തു. എനിക്ക് തോന്നുന്നത് അത് അർജ്ജുനൻ തന്നെയാണ് എന്നാ. അതെന്താ വാസൂ അങ്ങിനെ തോന്നാൻ..? അർജ്ജുനനോട് കർണ്ണൻ തോല്കുന്ന കഥ എനിക്കറിയാലോ. അർജ്ജുനൻ ബൃഹന്നളയായിട്ട് ഒറ്റയ്ക്ക് കർണ്ണനേയും, ദ്രോണാചാര്യരേയും, ഭീഷ്മാചാര്യരേയും, കൃപാചാര്യരേയും എല്ലാം തോല്പിക്ക്ന്നുണ്ടല്ലോ. എന്നിട്ട് യുദ്ധത്തിൽ ബോധം കെട്ട് പോയ കൌരവരുടെ ഉടുപ്പുകളെല്ലാം അർജ്ജുനൻ ഊരിയെടുക്കുന്നത് ഞാൻ ഇന്നാള് മഹാഭാരത കഥയില് വായിച്ചിട്ടുണ്ടല്ലോ. ഉം.. അതെ. മിടുക്കൻ. അത് തന്നെ. പിന്നെയുമുണ്ട് അർജ്ജുനനോ അതോ കർണ്ണനോ മികച്ച യോദ്ധാവാരാണെന്ന് തെളിയിക്കാൻ ഉദാഹരണം. അതെന്താ... അച്ഛാ... പാണ്ഡവർ വനവാസത്തിൽ കഴിയുന്ന കാലത്ത് പാണ്ഡവരുടെ കഷ്ടപ്പാടുകൾ കണ്ട് ആസ്വദിക്കാൻ കൌരവരെല്ലാം കൂടി കാട്ടിൽ പോയ കഥ അറിയില്ലേ..? ആ... അതെനിക്കറിയാം. ഗന്ധർവ്വ പടയോട് കൌരവർ തോറ്റതല്ലേ. ദുര്യോധനനെ പിടിച്ചു കെട്ടിയപ്പോൾ കർണ്ണൻ പേടിച്ച് ഓടിപ്പോയതല്ലേ. എന്നിട്ട് അർജ്ജുനൻ വന്ന് ഗന്ധർവ്വപ്പടയെ തോല്പിച്ച് ദുര്യോധനനെ വിട്ടയച്ച കഥ അതെനിക്കറിയാം. പിന്നെ, അതുപോലെ പാഞ്ചാലീ സ്വയംവരത്തിന്റെ സമയത്തു നടന്ന യുദ്ധത്തിലും കർണ്ണൻ അർജ്ജുനനോട് തോൽക്കുന്നില്ലേ അച്ഛാ..? ഉം. ഉണ്ട്. ബ്രാഹ്മണ വേഷത്തില് വന്ന അർജ്ജുനനെ ദ്രൌപതി സ്വയംവരം ചെയ്തപ്പോൾ ദുര്യോധനനും, കർണ്ണനും, അവിടെക്കൂടിയ മറ്റ് രാജാക്കന്മാരെല്ലാവരും ചേർന്ന് അർജ്ജുനനെ നേരിടുന്നുണ്ട്. എന്നാൽ അർജ്ജുനനും, ഭീമനും ചേർന്ന് അവരെ മുഴുവനും തോല്പ്പിച്ച് ഓടിച്ച് വിടുന്നുണ്ട്. എന്തായാലും മഹാഭാരതത്തില് അർജ്ജുനനും, കർണ്ണനും മികച്ച യോദ്ധാക്കൾ തന്നെയാണെന്നതിൽ ഒരു സംശയവും വേണ്ട. എന്നാൽ ഇവരിലാരാണ് മികച്ചത് എന്നതാണ് ചോദ്യം. അവർക്കൊപ്പം തന്നെ പറയേണ്ട മികച്ച കൂറച്ചധികം യോദ്ധാക്കളുണ്ട്. ഭീഷ്മർ അതില് ഏറ്റവും പ്രധാനിയാണ്. സാക്ഷാൽ പരശുരാമന് പോലും തോല്പിക്കാൻ പറ്റാത്ത യോദ്ധാവായിരുന്നു അദ്ദേഹം. കുരുക്ഷേത്ര യുദ്ധമാകുമ്പോളേക്കും ഒരു പടു വൃദ്ധനായിക്കഴിഞ്ഞിരുന്നു ഭീഷ്മര്. ആ പ്രായത്തിലും അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഇനി, ദ്രോണാചാര്യരെ നോക്കൂ. യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവരുടേയും, കൌരവരുടേയും മുഴുവൻ ഗുരുനാഥൻ. അദ്ദേഹത്തേയും തോല്പിക്കാനാകാതെ പാണ്ഡവർ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട് പലപ്പോഴും. പിന്നെ അശ്വത്ഥാമാവ്, ശല്യർ അങ്ങിനെ പലരും. എന്നാൽ അഭിമന്യുവിനെ നോക്കൂ. വെറും പതിനാറു വയസുമാത്രം പ്രായമുള്ള ഒരു പയ്യനാണ് അഭിമന്യു. ആ കൊച്ചു പയ്യൻ വട്ടം കറക്കിയത് പോലെ മറ്റാരെങ്കിലും കൌരവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ. യുദ്ധത്തിന്റെ പതിമൂന്നാമത്തെ ദിവസം ചക്രവ്യൂഹത്തില് അഭിമന്യു കാണിച്ച യുദ്ധ വീര്യം പോലെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിലാർക്കും സാധിച്ചിട്ടില്ല. അഭിമന്യുവിനെ ചതിയിലൂടെ കൊന്നിട്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ അന്നവസാനിക്കുമായിരുന്നു മഹാഭാരത യുദ്ധം. ദുര്യോധനനെ പിടിച്ചുകെട്ടി യുധിഷ്ഠിരന് മുന്നിൽ കൊണ്ടുചെന്നിടാൻ ഒരു പക്ഷേ അഭിമന്യുവിന് അന്ന് കഴിയുമായിരുന്നു. ചക്രവ്യൂഹത്തിനകത്ത് ഏറ്റവും മികച്ച വില്ലാളിയെന്ന് ഊറ്റം കൊണ്ട കർണ്ണനേയും, ദ്രോണരേയും, അശ്വത്ഥാമാവിനേയും, ശകുനിയേയും, ദുര്യോധനനേയും, ദുശ്ശാസനനേയും ഒന്നും ചെയ്യാനാകാത്തവരെപ്പോലെ തകർക്കുന്നുണ്ട് അഭിമന്യു. ഒടുക്കം മറ്റുപായങ്ങളില്ലാതെ വന്നപ്പോളാണ് കൂട്ടമായി ആക്രമിച്ച് അഭിമന്യുവിനെ അവർ വധിക്കുന്നത്. പിന്നിൽ നിന്ന് ആക്രമിച്ച് അഭിമന്യുവിന്റെ വില്ല് മുറിക്കുന്നത് മികച്ച യോദ്ധാവാണെന്ന് കൊട്ടി ഘോഷിക്കുന്ന കർണ്ണനാണ്. അങ്ങിനെ നോക്കിയാൽ വേറെയും ഒരു പാട് ഉണ്ട് മഹാഭാരത്തിൽ കർണ്ണനെക്കുറിച്ച് പറയാൻ. ഒറ്റ ശ്വാസത്തിൽ ഞാൻ പറയുന്നത് കേട്ട് വാസൂട്ടൻ എന്റെ മടിയിലേക്ക് ചാഞ്ഞിരുന്നു. വാസൂട്ടാ.. മഹാഭാരതത്തിൽ ഒരു പക്ഷേ കർണ്ണൻ മികച്ച യോദ്ധാക്കളിലൊരാൾ തന്നയായിരിക്കാം. എന്നാൽ മഹാഭാരതം എഴുതിയ വ്യാസന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച യോദ്ധാവാണെന്നോ ഒരു മികച്ച മനുഷ്യനാണെന്ന് പോലുമോ തെളിയിക്കാൻ കർണ്ണന് സാധിച്ചിട്ടില്ല. ജനിച്ചത് തൊട്ട് നിരവധി ദുഖങ്ങളിലൂടെ കടന്ന് പോയവനാണ് കർണ്ണൻ. എന്നാൽ അതെല്ലാം മൂലം ഉടലെടുത്ത അപകർഷതാ ബോധം ഒരിക്കലും അയാളെ വിട്ടൊഴിയുന്നില്ല. അത് വാസ്തവത്തിൽ അയാളെ ഒരു അധർമ്മിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാര്യം മനസിലാകത്തത് പോലെ വാസൂട്ടനെന്നെ നോക്കി. ചൂത് സഭയിലെ കഥ വാസുവിന് അറിയില്ലേ..? ചൂത് കളിച്ചു തോറ്റ യുധിഷ്ഠിരൻ അവസാനമായി പന്തയം വച്ചത് സ്വന്തം ഭാര്യയായ ദ്രൗപതിയെയായിരുന്നു. അപ്പോൾ ദ്രൗപതിയെ സഭയിലേക്ക് കൊണ്ടുവരാൻ പ്രരിപ്പിക്കുന്നത് കർണ്ണനാണ്. അത് തെറ്റാണെന്ന് വിദുരരും ദുര്യോധനന്റെ അനിയന്മാരിൽ ഒരാളായ വികർണ്ണനും പറഞ്ഞപ്പോൾ അഞ്ചു ഭർത്താക്കന്മാർ ഉള്ള ഒരു സ്ത്രീയാണ് ദ്രൗപതി എന്നും, അങ്ങിനെ ഉള്ള ഒരുവൾക്ക് മാനാഭിമാനങ്ങളില്ലെന്നും, അടിമകൾക്ക് മനുഷ്യാവകാശങ്ങൾ ഒന്നും ഇല്ല എന്നും പറയുന്നത് കർണ്ണനാണ്. ഉടുത്ത വസ്ത്രം പോലും അവൾക്കവകാശപ്പെട്ടതല്ല എന്നും, ഈ സഭയ്ക്ക് മുന്നിൽ വച്ച് അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റണമെന്നും പറയുന്നതും ഈ കർണ്ണനാണ്. അതായത് മഹാഭാരതത്തിലെ തന്നെ ഏറ്റവും അധമമായ ഒരു പ്രവർത്തിക്ക് ദുശ്ശാസനനെ പ്രേരിപ്പിച്ചയാളാണ് കർണ്ണൻ. ഒരു സ്ത്രീയോടും ഒരു കാലത്തും ആരും ചെയ്യരുതാത്ത പ്രവർത്തി. മഹാഭാരത യുദ്ധത്തിന്റെ യഥാർത്ഥ കാരണവും അതു തന്നെയാണ്. അധികാരത്തേക്കാൾ പാണ്ഡവർ യുദ്ധം ചെയ്തത് പൊതു സഭയിൽ ഉടുതുണി പോലും വലിച്ചെറിയപ്പെട്ട ദ്രൌപതിക്കേറ്റ അപമാനത്തിന് പകരം വീട്ടാനായിരുന്നു. ഒരു സ്ത്രീയെ ഇങ്ങിനെ അപമാനിച്ചാൽ സർവ്വനാശമാണ് ഫലം എന്നാണ് മഹാഭാരതം കാണിച്ചു തരുന്നു. കൌരവ സഭയിൽ അത് കണ്ട് ഒരു പ്രതികരണവും നടത്താതെയിരുന്ന ഗുരുസ്ഥാനീയരായ ഭീഷ്മരും, ദ്രോണരും, കൃപരും, എന്ന് വേണ്ട സകലരും അധർമ്മത്തിന്റെ പക്ഷത്താണ് നിന്നത്. അന്നവിടെ കൂടിയവർ മുഴുവനും ചെയ്തത് തെറ്റായിരുന്നു. അതിലേറ്റവും വലിയ തെറ്റിന് ദുശ്ശാസനനെ പ്രേരിപ്പിച്ചതും, അതിലേറ്റവും സന്തോഷിച്ചതും കർണ്ണനായിരുന്നു. പാഞ്ചാലീ സ്വയംവര വേളയിൽ തന്നെ വിവാഹം ചെയ്യാൻ ഒരുക്കമല്ല എന്ന് പറഞ്ഞ ദ്രൗപതിയോട്ടുള്ള പ്രത്രികാരം കൂടിയായിരുന്നു കർണ്ണനത്. ആരെ വിവാഹം ചെയ്യണം എന്നത് നിശ്ചയിക്കാൻ ഉള്ള ഒരു സ്ത്രീയുടെ അവകാശമാണ് സ്വയംവരം എന്നത്. അവിടെ അവൾ തെരഞ്ഞെടുത്തത് അർജ്ജുനനെയായിരുന്നു. അതുകൊണ്ട് തന്നെ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യമായിരുന്നു കർണ്ണന് ദ്രൌപതിയോട്. അതാണയാൾ അവിടെ തീർത്തത്. എല്ലാ മാനുഷീക മര്യാദകളും അയാളന്ന് ലംഘിച്ചു. കൗരവരും പാണ്ഡവരും തമ്മിലുള്ള മൂപ്പിളമപ്പോരിൽ ഇടപെടേണ്ട ഒരാവശ്യവും യഥാർത്ഥത്തിൽ കർണ്ണനില്ല. എന്നാൽ പാണ്ഡവരോട് വിശേഷിച്ച് അർജ്ജുനനോട് കുശുംഭും അസൂയ്യയും മൂത്ത കർണ്ണൻ അത് ചെയ്തു. മഹാഭാരതത്തിലാദ്യമായി കർണ്ണൻ കടന്നു വരുന്നത് ദ്രോണരുടെ ശിക്ഷണത്തിൽ ആയുധാഭ്യാസം പൂർത്തിയാക്കിയ പാണ്ഡവരുടേയും കൌരവരുടേയും ആയുധാഭ്യാസ പ്രദർശന ഘട്ടത്തിലാണ്. ആ പ്രദർശനത്തിലേക്ക് പങ്കെടുക്കാൻ ദ്രോണ ശിഷ്യരായ കൌരവരും, പാണ്ഡവരും അല്ലാതെ മറ്റാരെയും അവർ ക്ഷണിച്ചിരുന്നുമില്ല. എന്നാൽ അവിടേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി കർണ്ണൻ വരികയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരു സ്കൂളിൽ അവടത്തെ ഇന്റേണൽ പരീക്ഷയ്ക്ക് അവിടത്തെ പഠിതാവല്ലാത്ത മറ്റൊരു കുട്ടി കടന്നു വരികയും എനിക്കും പരീക്ഷയ്ക്ക് അവസരം തരണം എന്നു പറഞ്ഞാൽസ്കുളധികൃതർ ആ കുട്ടിയുടെ മുഴുവൻ വിശദാംശങ്ങളും പരിശോധിക്കുക സ്വാഭാവികമാണ്. അതു പോലെ തന്നെയാണ് അന്ന് അവിടെയും സംഭവിച്ചത്. അവിടത്തെ പഠിതാവല്ലാത്ത കർണ്ണൻ ആരാണെന്നു ചോദിച്ചു. എന്താണയാളുടെ യോഗ്യത എന്ന് ചോദിച്ചു. അയാളവിടത്തെ വിദ്യാർത്ഥിയല്ല എന്നറിഞ്ഞിട്ടും അയാൾക്കവിടെ അഭ്യാസ പ്രകടനം നടത്തുവാൻ ഒരു അവസരം കൊടുത്തു. എന്നാൽ അതും പോരാഞ്ഞ് അയാൾ അർജ്ജുനനോട് നേരിട്ട് യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. അപ്പോളാണ് കാര്യങ്ങൾ കൂടുതൽ ഗൌരവമുള്ളതാകുന്നത്. അയാൾ അതിൽ നിന്ന് വിലക്കപ്പെട്ടു. അയാൾ വളർന്ന ജാതിയുടെ പേരിലന്ന് അയാളപമാനിക്കപ്പെട്ടു. അർജ്ജുനനല്ല അയാളെ അവിടെ വച്ച് അപമാനിക്കുന്നത്. ആദ്യം കൃപാചാര്യരാണ് കർണ്ണനോട് കുലമേതെന്ന് ചോദിക്കുന്നത്. പിന്നെ ഭീമനാണ് അയാളെ ഏറ്റവും രൂക്ഷമായി അപമാനിക്കുന്നത്. പക്ഷേ അന്ന് മുതൽ അയാൾക്ക് അർജ്ജുനനോട് കടുത്ത ശത്രുത വച്ചുപുലർത്തി. കർണ്ണനോട് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അർജ്ജുനനെ വധിക്കലാണ് തന്റെ ജീവിത ലക്ഷ്യമെന്ന നിലയിലയാൾ പിന്നീടുള്ള കാലമത്രയും കഴിഞ്ഞുകൂടി. പിന്നീടുള്ള വളർച്ചയിൽ ഓരോ ഘട്ടത്തിലും അർജ്ജുനനോടുള്ള അസൂയ്യയും, വെറുപ്പും, അയാളിൽ കൂടിക്കൊണ്ടിരുന്നു. അയാൾ ബ്രഹ്മാസ്ത്രം നേടുന്നത് അർജ്ജുനനെ കൊല്ലാൻ വേണ്ടി മാത്രമാണ്. എന്നാൽ കർണ്ണനത് ഉപയോഗമുണ്ടായില്ല. ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം കർണ്ണൻ വാങ്ങിക്കുന്നതും അർജ്ജുനനെ കൊല്ലുക എന്ന ഉദ്ദേശത്തിൽ മാത്രമാണ്. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന അത് പക്ഷേ ഘടോൽകചന് നേരെ പ്രയോഗിക്കേണ്ടി വരുന്നു കർണ്ണന്. പിന്നെ എല്ലാവരും പറയാറുള്ളത് കർണ്ണന്റെ കവച കുണ്ഡലങ്ങൾ ഇന്ദ്രൻ സൂത്രത്തിൽ തട്ടിയെടുത്തത് കൊണ്ടു മാത്രമാണ് യുദ്ധത്തിൽ അർജ്ജുനനോട് അയാൾ പരാജയപ്പെട്ടത് എന്നാണ്. എന്നാൽ ആദ്യം പാഞ്ചാല ദേശത്ത് അർജ്ജുനനോട് യുദ്ധം ചെയ്തപ്പോളും, വിരാട രാജ്യത്ത് ബൃഹന്ദളയുടെ വേഷത്തിൽ അർജ്ജുനനോട് പരാജയപ്പെട്ടപ്പോളും, പിന്നെ ഗന്ധർവ്വന്മാരോട് തോറ്റോടിയപ്പോളും കർണ്ണന് ഈ പറഞ്ഞ കവച കുണ്ഡലങ്ങളുണ്ടായിരുന്നു. അവസാനം കുരുക്ഷേത്ര യുദ്ധത്തിൽ മാത്രമാണതില്ലാതെ അയാൾ യുദ്ധം ചെയ്തത്. കവചകുണ്ഡലങ്ങളില്ലായിരുന്നുവെങ്കിൽ കർണ്ണനെ തോല്പിക്കാനാകില്ല എന്ന് എല്ലാവരും പറയുന്നത് അതുകൊണ്ട് തന്നെ അസംബന്ധമാണ്. കർണ്ണന്റെ ദാന ശീലത്തെക്കുറിച്ചും പലരും പല കഥകളും പ്രചരിപ്പിക്കാറുണ്ട്. മഹാഭാരതത്തിലില്ലാത്ത കാര്യങ്ങൾ വരെ അക്കുട്ടത്തിൽ പലരും ഇന്ന് കർണ്ണന്റെ പേരില് കെട്ടിവയ്ക്കാറുണ്ട്. എന്നാല് ഇന്ദ്രനുള്ള കവച കുണ്ഡല ദാനമൊഴിച്ച് മറ്റു പല കഥകളും മഹാഭാരതം രചിച്ച വ്യാസനറിഞ്ഞിട്ടു പൊലുമില്ല എന്നതാണ് സത്യം. കവച കുണ്ഡലം കൊടുത്തതു തന്നെ ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം പകരം വാങ്ങിച്ചു കൊണ്ടാണ്. ഒന്നിന് പകരം മറ്റൊന്ന് വാങ്ങിക്കുന്നത് ഒരിക്കലും ഒരു ദാനമല്ല. സ്വന്തം സുഹൃത്തായ ദുര്യോധനന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറുള്ള കർണ്ണൻ്റെ സൗഹൃദത്തെപ്പറ്റിയും പലരും പാടിപ്പുകഴ്ത്താറുണ്ട്. പക്ഷേ ഗന്ധർവ്വരുമായുള്ള യുദ്ധത്തിൽ ദുര്യോധനനോടുള്ള കർണ്ണൻ്റെ സൗഹൃദം തെളിയിക്കപ്പെട്ടിട്ടുണ്ട്. തോൽക്കുമെന്നുറപ്പായപ്പോൾ പ്രിയ സുഹൃത്തിനെ ഉപേക്ഷിച്ച് വാലും പൊക്കി ഓടിയ ചരിത്രമാണ് കർണ്ണൻ്റേത്. എന്നിട്ടും കുരുക്ഷേത്ര യുദ്ധത്തിനിറങ്ങുമ്പോൾ ദുര്യോധനൻ്റെ ഏറ്റവും വലിയ ധൈര്യം കർണ്ണൻ ഒപ്പമുണ്ടെന്നതായിരുന്നു. എന്നാൽ സേനാ നായകനായ ഭീഷ്മർ കർണ്ണന് മഹാരഥനായി സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് (അതിലെ ശരി തെറ്റുകൾ എന്തായാലും) യുദ്ധത്തിൻ്റെ പത്താം നാൾ ഭീഷ്മർ വീഴുന്നത് യുദ്ധത്തിനിറങ്ങാതെ സ്വന്തം സുഹൃത്തിനെ ധർമ്മ സങ്കടത്തിലാക്കുന്നുമുണ്ട് കർണ്ണൻ. ഇത്ര മാത്രമൊന്നുമല്ല, ഇനിയും ഒരു പാടുണ്ട് ഇങ്ങിനെ.. ഇത്രയും കേട്ടപ്പോൾ വാസൂന് എന്താ തോന്നിയത്. മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവാരാ.. കർണ്ണനാണോ അതോ അർജ്ജുനനോ. വാസൂട്ടനൊന്ന് ആലോചിച്ചു. പിന്നെ പറഞ്ഞു അർജ്ജുനൻ തന്നെ. പക്ഷേ അച്ഛനല്ലേ പറഞ്ഞേ ഏറ്റവും മികച്ചത് അഭിമന്യു ആണ് എന്ന്. ആ. അഭിമന്യുവും മികച്ച യോദ്ധാവ് തന്നെയാണ്. യുദ്ധത്തില് പങ്കെടുത്തവരിൽ പ്രായം കൊണ്ട് ഏറ്റവും ഇളയവനാണ് അഭിമന്യു. പതിനാറ് വയസുള്ള യോദ്ധാവ്. ഏറ്റവും മികച്ച വില്ലാളികൾ കർണ്ണനും അർജ്ജുനനും തന്നെയാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ അവരിൽ ആര് എന്ന് ചോദിച്ചാൽ അതെന്തായാലും കർണ്ണനല്ല എന്നുറപ്പിച്ചു പറയും. അതേ സമയം കൃഷ്ണനില്ലെങ്കിൽ വലിയ ഒരു അളവോളം അർജ്ജുനനും അപൂർണ്ണനായേനേ. ഉം. പക്ഷേ എന്നിട്ടും എന്താ കൽക്കി സിനിമയിൽ കർണ്ണനാണ് അർജ്ജുനനെക്കാൾ കേമനെന്ന് പറഞ്ഞത് അച്ഛാ..? വ്യാസനെഴുതിയ യഥാർത്ഥ മഹാഭാരതം വായിക്കാതെ മഹാഭാരതത്തെക്കുറിച്ച് മറ്റുള്ളവർ എഴുതിയത് മാത്രം വായിക്കുന്നവരാണ് ഇങ്ങിനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക. മഹാഭാരതം എന്താണെന്ന് അറിയാത്തവർ ഈ സിനിമ കണ്ടാൽ ഇതാണ് സത്യമെന്ന് ധരിക്കില്ലേ. അവർ മറ്റൊരാളോട് പറഞ്ഞു കൊടുക്കുക തെറ്റായ ഈ വിവരമാണ്. വാസൂട്ടൻ യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം. അപ്പോൾ തെറ്റായ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവരോടും പറയുക യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം എന്ന്. ഇക്കാര്യത്തിൽ മാത്രമല്ല ഓരോ കാര്യത്തിലും ഇത് ബാധകമാണ്. ശരിയും തെറ്റും മനസിലാക്കണം എങ്കിൽ യഥാർത്ഥ കാര്യം കണ്ടെത്താൻ ശ്രമിക്കണം. വലുതാവുമ്പോ ഇക്കാര്യം വാസു ഒരിക്കലും മറക്കരുത് ട്ടോ.. ഉം. വാസൂട്ടൻ ഒന്നുകൂടി എൻ്റെ മേലേക്ക് പറ്റി ചേർന്നിരുന്നു. Pudayoor Jayanarayanan

No comments: