Saturday, June 30, 2018

ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണം എന്നു പറയും. നമ്മെ ഇന്ന് അലട്ടുന്ന ഏതു ദുഃഖത്തിന്റെയും കാരണം അന്വേഷിച്ചാല്‍ അത് ചെന്നെത്തുന്നത് നമ്മുടെ ഏതെങ്കിലും ഒരാഗ്രഹത്തിലായിരിക്കും. ആഗ്രഹങ്ങള്‍ എത്രമാത്രം കുറയുന്നുവോ അത്രമാത്രം ദുഃഖങ്ങളും ദുരിതങ്ങളും കുറയുമെന്നതു മക്കളുടെ ഓരോരുത്തരുടെയും അനുഭവങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. അപ്പോള്‍ ആഗ്രഹങ്ങളെ ഒഴിവാക്കുകയല്ലേ ദുഃഖത്തെ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്നു തോന്നാം.
എന്നാല്‍ ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയം ആഗ്രഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമുക്കു ജീവിക്കുവാന്‍ സാധിക്കുമോ എന്നതാണ്. വാസ്തവത്തില്‍ ആഗ്രഹങ്ങളല്ലേ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്? ആഗ്രഹം ഒരിക്കലും തെറ്റാണെന്ന് അമ്മയ്ക്കു തോന്നുന്നില്ല; ആഗ്രഹത്തിനെ ഉപേക്ഷിക്കണമെന്നും അമ്മ പറയില്ല. എന്നാല്‍ ആഗ്രഹം ധര്‍മ്മത്തില്‍ ഉറച്ചതായിരിക്കണം. നമ്മുടെ ശാസ്ത്രങ്ങളും അതുതന്നെയാണ് പറയുന്നത്  ആഗ്രഹം ധര്‍മ്മത്തിനു വിരുദ്ധമാകരുതെന്ന്. ധര്‍മ്മവിരുദ്ധമായ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാനുള്ള ശ്രമങ്ങളാണ് ദുഃഖത്തിനു കാരണമായിത്തീരുന്നത്. ധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥം സമ്പാദിച്ച്, അതുവഴി നേടാന്‍ കഴിയുന്ന ആഗ്രഹങ്ങള്‍ മാത്രം സഫലീകരിക്കുവാനാണ് ശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് തൃപ്തിയും സന്തോഷവും ഉണ്ടാകും.  ക്രമേണ അവര്‍ക്ക് മോക്ഷവും കൈവരും. ഒരാള്‍ക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്നിരിക്കട്ടെ. അത് കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ആവശ്യത്തിനു മാത്രം കഴിക്കുക. ഒരു നിയന്ത്രണവുമില്ലാതെ ചോക്ലേറ്റ് തിന്നാല്‍ അത് അസുഖത്തിനും ദുഃഖത്തിനും വഴി തെളിക്കും. അപ്പോള്‍ ചോക്ലേറ്റിനോടുള്ള ആഗ്രഹമല്ല തെറ്റ്. അമിതമായി കഴിക്കുന്നതാണ് പ്രശ്‌നം. ഏതിനും ഒരു അതിരുണ്ട്. അത് ലംഘിക്കാന്‍ പാടില്ല. ധര്‍മ്മം അതാണ് പഠിപ്പിക്കുന്നത്. അസുഖം മാറുവാനായി മരുന്നു കഴിക്കേണ്ടത് ആവശ്യമാണ്, എന്നാല്‍ അതും അമിതമായി കഴിച്ചാല്‍ അപകടമാണ്. പ്രഷറിന് ഒരു ഗുളിക കഴിക്കേണ്ടിടത്ത് പത്ത് ഗുളിക കഴിച്ചാല്‍ ചിലപ്പോള്‍ ആള് മരിച്ചുപോകും. 
ആഗ്രഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമുക്കു ജീവിക്കുവാന്‍ സാധിക്കുകയില്ല.  നീല്‍ ആംസ്‌ട്രോങ്ങിന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു ചന്ദ്രനില്‍ പോകണമെന്നത്. അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം പൂന്തോട്ടത്തില്‍ അമ്മയുടെ മടിയിലിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, 'അമ്മേ, ഒരിക്കല്‍ ഞാന്‍ അവിടെ എത്തും.' ഒടുവില്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ എന്ന പദവി അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. അപ്പോള്‍ ആഗ്രഹമാണ് നമുക്ക് പ്രയത്‌നിക്കാനുള്ള പ്രേരണ തരുന്നത്. മനുഷ്യന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം ആഗ്രഹമാണ്. ആഗ്രഹമാണ് അവന്റെ പ്രയത്‌നത്തിന് ശക്തി പകരുന്നത്.
നമ്മുടെ ശരീരത്തില്‍ രക്തത്തില്‍ ശ്വേതാണുക്കള്‍ ആവശ്യമാണ്. പക്ഷെ അത് അമിതമാകുമ്പോള്‍ അത് രക്താര്‍ബുദത്തിനു കാരണമാകുന്നു. എന്തിനും ഒരു മിതമുണ്ട്. ആഗ്രഹം ആകാം. എന്നാല്‍ അത് ദുരാഗ്രഹം ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. 
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു സ്ത്രീ ഒരിക്കല്‍ ഒരു ചിത്രകാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ചു. ആ ചിത്രകാരന്‍ വളരെ മനോഹരമായി തന്നെ അവരുടെ ചിത്രം വരച്ചു. ചിത്രം കണ്ട് ആ സ്ത്രീ ചിത്രകാരനോട് പറഞ്ഞു, 'എന്റെ ചിത്രത്തില്‍ ഒരു വൈരമാല കൂടെ വരക്കണം'. ചിത്രകാരന്‍ അവരോടു ചോദിച്ചു. 'അതെന്തിനാണ്? നിങ്ങള്‍ക്ക് വൈരമാല ഇല്ലല്ലോ?'. ആ സ്ത്രീ പറഞ്ഞു, 'ഞാന്‍ മാരകമായ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്റെ മരണശേഷം എന്റെ ഭര്‍ത്താവ് തീര്‍ച്ചയായും വേറെ ഒരുത്തിയെ വിവാഹം കഴിക്കും. അവള്‍ ഈ ചിത്രത്തിലെ വൈരമാല ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ സൈ്വരം കെടുത്തും. അങ്ങനെ എന്റെ ഭര്‍ത്താവ് വേറൊരുത്തിയുമായി സുഖിച്ചു ജീവിക്കേണ്ട'. നമ്മുടെ മനസ്സും ആഗ്രഹങ്ങളും പലപ്പോഴും ഈ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ സന്തോഷിക്കുന്നത് നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. 'ഞാന്‍ സന്തോഷിച്ചില്ലെങ്കില്‍ അവരും സന്തോഷിക്കണ്ട. അതുകൊണ്ട് അവരുടെ സന്തോഷം എങ്ങനെ ഇല്ലാതാക്കും?' ഇതാണ് മനോഭാവം. അസൂയയും വിദ്വേഷവും കൊണ്ട് മനസ് അസ്വസ്ഥമാകുമ്പോള്‍, ആഗ്രഹങ്ങള്‍ ധര്‍മ്മാനുസൃതമാകില്ല. അത്തരം ആഗ്രഹങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ദുഃഖത്തിനും ദുരിതത്തിനും കാരണമാകും.
അതിനാല്‍ ഓരോ ആഗ്രഹവും മനസ്സില്‍ ഉടലെടുക്കുമ്പോള്‍ മക്കള്‍ അതിനെ ശ്രദ്ധയോടെ നിരീക്ഷിക്കണം. മറ്റുള്ളവര്‍ക്കു വേദനയുളവാക്കാന്‍ സാദ്ധ്യതയുള്ള ആഗ്രഹങ്ങളെ വളര്‍ത്താതിരിക്കാന്‍ ശ്രമിക്കണം. അവയെ തുടക്കത്തില്‍ത്തന്നെ ഉപേക്ഷിക്കണം. ആഗ്രഹങ്ങള്‍ മനസ്സില്‍ മുള പൊട്ടുമ്പോള്‍ത്തന്നെ അത് തനിക്കും മറ്റുള്ളവര്‍ക്കും നന്മയുണ്ടാക്കുന്നതാണൊ എന്ന് ആത്മാര്‍ത്ഥമായി ചോദിച്ച്പരിശോധന നടത്തണം.  ചിന്തകളേയും ആഗ്രഹങ്ങളേയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചുരുക്കത്തില്‍, ആഗ്രഹങ്ങള്‍ തെറ്റല്ല. തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്ന, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കാനും, അവ സഫലമാക്കാനും വേണ്ടിയുള്ളതാണ് ജീവിതം. ഈ തിരിച്ചറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും, ജീവിതസാഫല്യത്തിലേക്ക് അവനെ നയിക്കുന്നതും...janmbhumi
അധ്യായം 17-23 ശ്ലോകം
യജ്ഞം, തപസ്സ്, ദാനം മുതലായ വൈദിക കര്‍മ്മങ്ങള്‍ സാത്ത്വികമായ രീതിയില്‍ തന്നെ നാം അനുഷ്ഠിക്കണം എന്നാണ് ഭഗവാന്‍ പറഞ്ഞത്. രാജസവും താമസവുമായ യജ്ഞാദികര്‍മ്മങ്ങള്‍ നാംഉപേക്ഷിക്കുക തന്നെ വേണം. യജ്ഞാദി കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍- സാത്ത്വികമായ ആഹാരങ്ങള്‍ കഴിച്ചു ശീലിച്ച് മനസ്സില്‍ സത്ത്വഗുണം വളര്‍ത്തിയ അനുഷ്ഠാതാക്കള്‍ തന്നെ, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ പാ
പഫലമായി, ശാസ്ത്രവിധികള്‍ക്ക് വിരുദ്ധമായി, ആചരണത്തില്‍ തെറ്റുപറ്റാം. ദേശം, കാലം, ദ്രവ്യങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, ക്രിയാക്രമങ്ങള്‍ ഇവയില്‍ പിഴവ് സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ യജ്ഞ-തപോദാനങ്ങള്‍ അപൂര്‍ണങ്ങളായി തീരുകയാല്‍- പ്രത്യവായം- എന്ന ദോഷം സംഭവിക്കും. ആ ദോഷം സംഭവിച്ച്, നമ്മുടെ പരമപാദപ്രാപ്തിക്ക് തടസ്സമാകാതിരിക്കാന്‍ ഭഗവാന്‍ ലളിതമായ മാര്‍ഗ്ഗം ഉപദേശിക്കുന്നു.
ഓം, തത്, സത് ഇതി ബ്രഹ്മണഃ
ത്രിവിധഃ നിര്‍ദ്ദേശം
പരമതത്വത്തിന്റെ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് നാമങ്ങള്‍ (= നിര്‍ദ്ദേശങ്ങള്‍- ആണ് ഓം, തത്, സത്- എന്നു മൂന്നു പദങ്ങള്‍.-'ഓം' എന്നതുകൊണ്ട് ബ്രഹ്മഭാവത്തെയും, 'തത്' എന്നതുകൊണ്ട് പരമാത്മഭാവത്തെയും 'സത്' എന്നതുകൊണ്ട് പുരുഷോത്ത മനായ  ശ്രീകൃഷ്ണ ഭഗവാനെയും വിവരിക്കുന്നു. അങ്ങനെ മൂന്ന് നാമങ്ങള്‍. വേദാന്തവേദികളായ ഉദ്ദാലകന്‍ മുതലായ മഹര്‍ഷികള്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു- (=സ്മൃതഃ)
വേദങ്ങളിലും പ്രകീര്‍ത്തിച്ചിരിക്കുന്നു-
ഋഗ്വേദത്തില്‍-
'ഓം' ഇത്യേതത് ബ്രഹ്മണോ
നേദിഷ്ടം നാമ (=ഓം എന്നത് ബ്രഹ്മത്തിന്റെ നാമമാണ്). വേദങ്ങളില്‍ പലേടത്തും ഓങ്കാരം പ്രയോഗിച്ചുകാണാം.
ഛാന്ദോഗ്യോപനിഷത്തില്‍-
'തത്ത്വമസി'- (6-8-7)
(= പ്രപഞ്ചത്തിന്റെ കാരണമാകയാലും, അതിപ്രസിദ്ധമാകയാലും, അവിദ്വാന്മാര്‍ക്ക് പ്രത്യക്ഷമല്ലാത്തതുകൊണ്ടും 'തത്' എന്ന പദം പരമാത്മ തത്ത്വത്തെ പ്രതിപാദിക്കുന്നു.
ഛാന്ദോഗ്യോപനിഷത്തില്‍ 'സത്' എന്ന പദം- സദേവ സൗമ്യ (6-2-1)
(=പരമാര്‍ഥവും സദാ നിലനില്‍ക്കുന്നതും പ്രശസ്തവുമായ വസ്തുവിനെ-സത്- എന്നു പറയാം- അതായത് ഭഗവാന്‍).
'ഓം തത് സത്- മൂന്നും ചേര്‍ത്തു ഒരു നാമം- തന്നെയാണ്. ഈ നാമം- ഓം തത് സത്- ഉച്ചരിച്ചാല്‍, അപൂര്‍ണ്ണമാവും. അസാത്ത്വികവുമായ വൈദികകര്‍മ്മങ്ങളും വൈദികമന്ത്രങ്ങളും പൂര്‍ണമായിത്തീരുന്നു; സാത്ത്വികമായിത്തീരുന്നു...janmabhumi
ഈശ്വരന്റെ  നാമങ്ങള്‍ കുട്ടികളുടെ പേരാക്കിയിടുന്ന ഹിന്ദുക്കളുടെ പതിവ് നല്ലതു തന്നെ.  അന്ത്യനിമിഷത്തില്‍ സ്വന്തം കുട്ടിയുടെ നാമോച്ചാരണത്തിലൂടെ ഈശ്വരസ്മരണ സാധിച്ച് മോക്ഷപ്രാപ്തി നേടാമെന്നാണ് അതിന്റെ പിന്നിലുള്ള ഉദ്ദേശം. പക്ഷേ കുട്ടികള്‍ക്കു ഈശ്വരനാമം നല്‍കിയതുകൊണ്ടുമാത്രം മോക്ഷപ്രാപ്തി സുനിശ്ചിതമാണെന്നു കരുതേണ്ട. അതിന് ഭക്തിയും സാധനയും ആവശ്യമാണ്. ഒരു ബ്രാഹ്മണനു നാലു ആണ്‍കുട്ടികളുണ്ടായിരുന്നു. അദ്ദേഹം അവര്‍ക്ക് രാമന്‍,കൃഷ്ണന്‍,ഗോവിന്ദന്‍,മുകുന്ദന്‍ എന്നിങ്ങനെ നാമകരണം ചെയ്തു. അദ്ദേഹം പല രീതിയിലുള്ള അനുഷ്ഠാനങ്ങളും
ആചരിച്ചിരുന്നു. നാലു പുത്രന്മാരും വ്യാപാരത്തിലൂടെ വളരെയധികം ധനം സമ്പാദിച്ചു. ബ്രാഹ്മണന്‍ വൃദ്ധനായി. തന്റെ അന്ത്യം സംഭവിക്കാറായെന്നു ഒരു പക്ഷേ അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവാം. അദ്ദേഹം ശയ്യാവലംബിയായി. ഈശ്വരനാമങ്ങളായ രാമാ,കൃഷ്ണാ,ഗോവിന്ദാ,മുകുന്ദാ എന്നിങ്ങനെ അദ്ദേഹം ജപി
ക്കാന്‍ തുടങ്ങി. ആ വൃദ്ധന്‍ തന്റെ കുട്ടികളെ നേരിലൊന്നു കാണാന്‍ ഉഴറുകയാണെന്നു ചുറ്റുമുള്ളവര്‍ ധരിച്ചു. അവര്‍ കച്ചവടസ്ഥലത്തേക്ക് ഓടിച്ചെന്ന്  അവരെ വിവരം അറിയിച്ചു. അവര്‍ ഉടന്‍തന്നെ കടപൂട്ടി അച്ഛന്റെ അരികിലേക്കു പാഞ്ഞെത്തി. കുട്ടികളെ എല്ലാവരേയുംകൂടി കണ്ടയുടന്‍ വൃദ്ധന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു. ''ഓ നിങ്ങളെല്ലാവരുംകൂടി വന്നോ? അപ്പോള്‍ കടയിലാരുണ്ട്? അതോ നിങ്ങള്‍ കട പൂട്ടിയിട്ടാണോ വന്നത്? ഇത്രയും പറഞ്ഞിട്ട് ആ ബ്രാഹ്മണന്‍ അന്ത്യശ്വാസം വലിച്ചു. മായയുടെ വിനോദം കണ്ടില്ലേ? അന്ത്യനിമിഷത്തില്‍ ഈശ്വരനെ സ്മരിക്കുന്നതിനു പകരം ആ വൃദ്ധന്‍ കടയേയും,വ്യാപാരത്തേയും,സമ്പത്തിനേയും സന്താനങ്ങളോയും കുറിച്ചുള്ള ചിന്തകളോടെയാണ് ദേഹം വെടിഞ്ഞത്...janmabhumi
വേദവ്യാസമഹര്‍ഷിയുടെ വിശ്വോത്തര രചനയായ മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിലെ നായകനുംധര്‍മ്മമൂര്‍ത്തിയുമായ യുധിഷ്ഠിരനു തുല്യം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കഥാപാത്രമാണ് ഭീഷ്മര്‍. കുരുവൃദ്ധനായ പിതാമഹന്‍ എന്ന നിലയിലും അപ്രതിമപ്രതാപവാനായ മഹാരഥി എന്ന നിലയിലും മഹാധര്‍മ്മജ്ഞനെന്നും ഭഗവദ് ഭക്തനെന്നും മറ്റുമുള്ള പല നിലകളിലും എല്ലാവരാലും സമാദരണീയമായ വ്യക്തിത്വമാണ് ഭീഷ്മരുടേത്. അദ്ദേഹം കഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പ്രാപ്തനെന്ന ധാരണ മറ്റ് പാത്രങ്ങളില്‍ എന്നല്ല, അനുവാചകരിലും വ്യാപിപ്പിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കൗരവരുടെ ജനനത്തിനു ശേഷമെങ്കിലും തന്റെ മുന്നിലൂടെ കടന്നുപോകുന്ന നിരവധി കഥാസന്ദര്‍ഭങ്ങളില്‍ കേവലം സാക്ഷിരൂപേണ മാത്രം തന്റെ സാന്നിധ്യം പ്രകടമാക്കി വളരെ അപ്രഭാവിയായാണ് അനുഭവപ്പെടുന്നത്.
അദ്ദേഹം പരോക്ഷമായി ധര്‍മ്മപക്ഷമായ പാണ്ഡവപക്ഷത്തിന്റെ ശുഭചിന്തകനും പക്ഷപാതിയും ആണെങ്കിലും പ്രകടമായി അധര്‍മ്മപക്ഷമായ കൗരവപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതികായനായ യോദ്ധാവുമാണ്. കഥാഗതിയില്‍ ഭീഷ്മരുടെ സാന്നിധ്യം അനുഭവവേദ്യമാകുന്നത് സ്വപിതാവായ ശാന്തനുവിന് സത്യവതിയെ നേടിക്കൊടുക്കുന്നതുമുതല്‍ക്കാണ്.
ഭീഷ്മപ്രതിജ്ഞ
ദാശകന്യകയില്‍ മോഹിതനായെങ്കിലും ശാന്തനു മഹാരാജാവ് സകല യോഗ്യതകളും തികഞ്ഞ തന്റെ പു്രതനോട്, ഏകപുത്രത്വം അനപത്യതയ്ക്കു തുല്യമാണെന്നും അതുകൊണ്ട് താന്‍ ചിന്തിതനാണെന്നും മറ്റും പറഞ്ഞതല്ലാതെ ഏതു വിധേനയും എന്തു സത്യം ചെയ്തിട്ടാണെങ്കിലും തന്റെ ആഗ്രഹം സാധിപ്പിച്ചുതരണമെന്ന് പറഞ്ഞിട്ടില്ല. വൃദ്ധാമാത്യനില്‍നിന്ന് അദ്ദേഹത്തിന്റെ വിഷാദത്തിനുള്ള കാരണം ദാശകന്യാ-വിഷയത്തിലുള്ള അഭിനിവേശമാണെന്നു മനസ്സിലാക്കി ഗംഗാപുത്രനായ ദേവവ്രതന്‍ മറ്റു ചില രാജാക്കന്മാരുമൊത്ത് ദാശരാജന്റെ സവിധത്തില്‍ ചെല്ലുകയാണുണ്ടായത്. അയാള്‍ തന്റെ പുത്രിയില്‍ ശാന്തനുവിന് ഉണ്ടാകുന്ന പുത്രനെ രാജാവാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നു. അതു സാധിപ്പിച്ചുതരാമെന്ന് സമ്മതിച്ചപ്പോള്‍ ഭാവിയില്‍ ഗാംഗേയനുണ്ടാകുന്ന പുത്രന്മാരും ഇക്കാര്യം സമ്മതിച്ചു തരുമെന്ന് ഉറപ്പുതരാമോ എന്നായി മുക്കുവമൂപ്പന്‍.
ആ ഉറപ്പ് നല്‍കാന്‍ വേണ്ടിയാണ് ഗംഗാപുത്രന്‍ ത്രിലോകങ്ങളിലും അസാധാരണമായ ആ സത്യപ്രതിജ്ഞ- താന്‍ ജീവിതം മുഴുവന്‍ അവിവാഹിതനായി കഴിയുന്നതാണ്, എന്നുള്ളതാണ് ആ ഭീഷ്മപ്രതിജ്ഞ- സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം തന്റെ അച്ഛന് പ്രിയം ചെയ്യാന്‍ മാതൃസ്ഥാനീയയായി ദാശപുത്രിയായ സത്യവതിയെ വരിച്ച് സ്വഗൃഹത്തിലേക്ക് ആനയിച്ചത്. അച്ഛനുവേണ്ടി അദ്ദേഹത്തിന്റെ രണ്ടാംഭാര്യയെ പുത്രന്‍ വരിച്ചു കൊണ്ടുവരുന്ന അത്യസാധാരണമായ നടപടിയായി ഇത്.
സത്യത്തിന്റെ സ്ഥൂലമായ അക്ഷരാര്‍ത്ഥത്തില്‍ പിടിമുറുക്കിയ ഭീഷ്മര്‍ ആ സത്യപ്രതിജ്ഞ ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ടു. ആ ശപഥം കഥാഗതിയിലാകെ പുതിയ വഴിത്തിരിവുണ്ടാക്കി. പിന്നീടങ്ങോട്ട് ഭീഷ്മര്‍ എന്ന പേരിലറിയപ്പെട്ട ദേവവ്രതന്‍ ഈ സത്യം അണുവിട വ്യതിചലിക്കാതെ ഏതു നിലയിലും പാലിക്കുന്നതിന് വ്യഗ്രനായാണ് ജീവിതം കഴിച്ചുകൂട്ടിയത്.
ധര്‍മ്മമെന്ന സര്‍വ്വോത്കൃഷ്ട ജീവിതമൂല്യം
ജീവിതസാഫല്യത്തിനുവേണ്ടി സതതം ഉദ്യമിച്ചുകൊണ്ടിരിക്കുന്നവരായ നിങ്ങള്‍ക്ക് ധര്‍മ്മത്തില്‍ താല്‍പര്യബുദ്ധിയുണ്ടാകട്ടെ, ''ധര്‍മ്മേ മതിര്‍ഭവതുവസ്സത തോത്ഥിതാനാം'' എന്ന ആശംസയോടെ ആരംഭിക്കുന്ന ഈ ഇതിഹാസകാവ്യത്തില്‍ ധര്‍മ്മപാലനത്തിനും ധര്‍മ്മവിജയത്തിനും പരമമായ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. ''യതോധര്‍മ്മസ്തതോജയ.'' ''ധര്‍മ്മ ഏവ ഹതോഹന്തി'' ''ധര്‍മ്മോ രക്ഷതി രക്ഷിതഃ'' എന്നും മറ്റും എടുത്തെടുത്തു പറയപ്പെട്ടിട്ടുള്ള ഈ കാവ്യത്തില്‍ സത്യത്തെക്കാള്‍ പോലും മഹത്വം ധര്‍മ്മത്തിനു നല്‍കപ്പെട്ടിരിക്കുന്നു എന്നു കാണാവുന്നതാണ്.
മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ മാര്‍ക്കണ്‌ഡേയ മഹര്‍ഷി യുധിഷ്ഠിരനു വേണ്ടി പല ധര്‍മ്മോപദേശങ്ങളും ചെയ്യുന്ന കൂട്ടത്തില്‍ പറയുന്ന ധര്‍മ്മവ്യാധന്റെ വാക്കുകളില്‍കൂടി മഹര്‍ഷിപുംഗവനായ മാര്‍ക്കണ്ഡേയന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ തത്വം വളരെ സൂക്ഷ്മമാണെന്നും അനൃതം (അസത്യം) പോലും ചിലപ്പോള്‍ ഋതം (സത്യം) ആയി വരുമെന്നും സത്യംപോലും അസത്യമായി വന്നു ഭവിച്ചേക്കാം എന്നുമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഭൂതഹിതമാണ് യഥാര്‍ത്ഥ സത്യം എന്നു ധരിക്കണം. ഇതിനു വിപരീതമായാല്‍ അധര്‍മ്മം ആകും എന്നും ധര്‍മ്മത്തിന്റെ രൂപം അത്യന്തം സൂക്ഷ്മമാണ് എന്നും തിരിച്ചറിയണം എന്നാണ്, മഹര്‍ഷി ഇവിടെ പറഞ്ഞുതരുന്നത്.
ഇതുതന്നെ കവി വാക്യത്തില്‍:-
''അനൃതേന ഭവേത സത്യം 
സത്യേനൈവാനൃതം ഭവദ്
യദ്ഭൂത ഹിതമത്യന്തം 
തത് സത്യമിതിധാരണാ
വിപര്യയേകൃതോ/ധര്‍മ്മഃ 
പശ്യധര്‍മ്മസ്യ സൂക്ഷമതാം''
(വനപര്‍വ്വം 209- 3,4)
മനുഷ്യ ജീവിതത്തില്‍ സത്യവും ധര്‍മ്മവുമാണ് സര്‍വ്വോത്കൃഷ്ടമൂല്യങ്ങള്‍. എന്നാല്‍ അവയ്ക്കും സീമകളുണ്ട്. സത്യം ചിലപ്പോള്‍ അസത്യമായും ധര്‍മ്മം അധര്‍മ്മമായും അവ തിരിച്ചു വരാം. ഇക്കാര്യം മഹാഭാരതത്തില്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യധര്‍മ്മങ്ങള്‍ തമ്മിലും സംഘര്‍ഷം സംഭവിക്കുന്ന ചുറ്റുപാടുകള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ധര്‍മ്മത്തിനുതന്നെയാണ് മുന്‍തൂക്കം. 'സത്യംവദ' (സത്യം പറയണം) എന്നും 'ധര്‍മ്മം ചര' (ധര്‍മ്മമാണ് ആചരിക്കേണ്ടത്) എന്നുമാണല്ലോ ആര്‍ഷമായ ആപ്തവചനം. ഇതിനു വിപരീതമായി സത്യത്തിന്റെ സ്ഥൂലമായ വാഗര്‍ത്ഥത്തില്‍ മാത്രം ഉറച്ചുനിന്ന ഭീഷ്മരുടെ അനുഭവം ലോകത്തിനു മുഴുവന്‍ സാധനാപാഠമാണ്.janmabhumi
*നാരായണീയ മാഹാത്മ്യം*

 നാരായണനെ സംബന്ധിക്കുന്നത് എന്നർഥം വരുന്ന നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗൃഹീത രൂപമാണ്. ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്.

 ഗുരവായൂരപ്പനു മേൽപ്പത്തൂർ നൽകിയ കാണിക്കയാണു നാരായണീയം. നാരായണീയ ദിനത്തിൽ സമ്പൂർണനാരാ‌യണീയപാരാ‌യണം ഉത്തമമത്രേ.

*സവിശേഷ ഫലപ്രാപ്തി നൽകുന്ന നാരായണീയ ദശകങ്ങൾ ഇവയാണ്‌:*

*ദശകം 12*
വരാഹാവതാരം– നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി.

*ദശകം 13*
 ഹിരണ്യാക്ഷ വധം– സൽകീർ‌ത്തി, ധനലാഭം, ദീർഘായുസ്സ്.

*ദശകം 16*
 നരനാരായണ ചരിതവും ദക്ഷ യാഗവും– പാപമോചനം.

*ദശകം 18*
പൃഥു ചക്രവർത്തി ചരിതം–
ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി.

*ദശകം 28*
ലക്ഷ്മീസ്വയംവരവും അമൃതോൽപ്പത്തിയും– ഉദ്ദിഷ്ട ഫലപ്രാപ്തി.

 *ദശകം 52* വത്സാപഹരണവും, ബ്രഹ്മ ഗർ‌വു ശമനവും– ആഗ്രഹപൂർത്തീകരണം.

*ദശകം 82*
ബാണയുദ്ധവും, നൃഗമോക്ഷവും–
സർ‌വ വിജയ പ്രാപ്തി.

*ദശകം 87*
കുചേലവൃത്തം– ഐശ്വര്യം, കർമബന്ധ നിർമുക്തി.

*ദശകം 88*
സന്താനഗോപാലം– ദുഃഖനിവാരണം, മുക്തിപ്രാപ്തി.

*ദശകം 100*
 ഭഗവാന്റെ കേശാദിപാദ വർണനം–
ദീർഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.
രാഹുകാലവും തെറ്റിദ്ധാരണകളും

      കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

        ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം.

          ഈ ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

         ജ്യോതിഷത്തില്‍ ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്‍ത്തന്നെ കേതുവിനേക്കാള്‍ സൌമ്യനായ രാഹുവിന് കൂടുതല്‍ പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്‍പ്പാരാധന, കാവുകള്‍ ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

            കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്‍ രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്‍ പരദേശപക്ഷരീതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്‍ പതിക്കുന്ന ഈ സമയം ശുഭകാര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതര്‍ അനുശാസിക്കുന്നു.

             അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

  ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്‍ രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര്‍ഥ രാഹുകാലത്തായിരിക്കും.

     രാഹുകാലം ഓര്‍ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്‍ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്‍ നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്‍ഘ്യം. താഴെപ്പറയുന്ന വാചകത്തിലെ വാക്കുകള്‍ ആഴ്ച ക്രമത്തില്‍ ഓര്‍ക്കുക.

Eleven Boys Have A Good Football Club

തിങ്കള്‍ - E (Eleven) അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണല്ലോ E. 5 നൊപ്പം അതിന്റെ പകുതിയും കൂടെ കൂട്ടുക. 5 + 2.5 = 7.5. ഒന്നര മണിക്കൂറാണല്ലോ രാഹുകാലം. അതിനാല്‍ തിങ്കളാഴ്ച ഏഴര മുതല്‍ ഒന്‍പതുവരെയാണ് രാഹുകാലം.

ചൊവ്വ - B (Boys) അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം. 2 ഉം അതിന്റെ പകുതിയായ 1 ഉം കൂട്ടിയാല്‍ 3 കിട്ടും. അങ്ങനെ അന്ന് രാഹുകാലം 3 മുതല്‍ 4.30 വരെ.

ബുധന്‍ - H (Have) അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. 8 + 4 = 12. അപ്പൊള്‍ 12 മുതല്‍ 1.30 വരെ രാഹു.

വ്യാഴം - A അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരം. 1 + .5 = 1.5. ഒന്നര മുതല്‍ മൂന്നുവരെ രാഹു.

വെള്ളി - G (Good) അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം. 7 + 3.5 = 10.5. രാഹുകാലം 10.30 മുതല്‍ 12 വരെ.

ശനി - F (Football) അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. 6 + 3 = 9. 9 മുതല്‍ 10.30 വരെ രാഹു.

ഞായര്‍ - C (Club) അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. 3 + 1.5 = 4.5. രാഹുകാലം നാലര മുതല്‍ 6 വരെ.

ഈ രീതിയില്‍ കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.

        ഉദയസമയമനുസരിച്ച് നോക്കുമ്പോള്‍ ഇതില്‍ വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്‍പും പിന്‍പും അരമണിക്കൂര്‍ കൂട്ടി സുരക്ഷിതമാക്കുന്നതാണ് നല്ലത്.
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 33 [ഭാഗം 2. മുമുക്ഷു വ്യവഹാര പ്രകരണം]
ദീപേ യഥാ വിനിദ്രസ്യ ജ്വലിതേ സം പ്രവര്‍ത്തതേ
അലോകോനിച്ഛതോപ്യേവം നിര്‍വാണമനയാഭവേത് (2/17/7)
വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ വെളിപ്പെടുത്തുവാന്‍ പോകുന്ന വിജ്ഞാനമാര്‍ജ്ജിക്കാന്‍ മുന്‍പേ പറഞ്ഞ യോഗ്യതകള്‍ ഒരുവന്‍ സ്വായത്തമാക്കിയിരിക്കണം. രാമ: താങ്കള്‍ അങ്ങിനെ യോഗ്യനാണെന്നു ഞാനറിയുന്നു. മുക്തിപദപ്രാപ്തിക്കു പാകം വന്നവനേ ഇതു ശ്രവിക്കാന്‍ വെമ്പല്‍ കൊള്ളുകയുള്ളു താനും. “എന്നാല്‍ ഒരുവന്‌ ആഗ്രഹമില്ലെങ്കില്‍ കൂടി ഈ വിദ്യ അവനെ മുക്തിയിലേയ്ക്കു നയിക്കും. ഉറങ്ങിക്കിടക്കുന്നവന്റെ കണ്ണുകളേയും പ്രകാശമാനമാക്കാന്‍ വെളിച്ചത്തിനു കഴിയുമല്ലോ”. കയറില്‍ പാമ്പിനെ ആരോപിച്ചു കണ്ടതിന്റെ ഭയം കയറിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതോടെ ഇല്ലാതാവുന്നു. അങ്ങിനെ ഭയജന്യമായിരുന്ന പാമ്പ്‌ അപ്രത്യക്ഷമാവുന്നതുപോലെ സംസാരദുരിതത്തില്‍ നിന്നും ഈ പഠനം കൊണ്ട്‌ മനുഷ്യന്‍ മോചിതനാവുന്നു.
ഈ വേദഗ്രന്ഥത്തില്‍ 32000 ശ്ളോകങ്ങളുണ്ട്‌.. ആദ്യഭാഗത്തിന്‌ “വൈരാഗ്യപ്രകരണം” എന്നു പേര്‍. അനാസക്തിയെ പ്രതിപാദിക്കുന്ന ഈ ഭാഗം ഒരുവനില്‍ ഇഹലോകത്തിന്റെ നിജസ്ഥിതിയെന്തെന്ന ബോധമുണ്ടാക്കുന്നു. ഇതിന്റെ ശ്രദ്ധാപൂര്‍വ്വമായ പഠനം ഹൃദയത്തെ നിര്‍മ്മലമാക്കുന്നു. ഇതില്‍ 1500 ശ്ളോകങ്ങളാണുള്ളത്‌. “മുമുക്ഷു വ്യവഹാര പ്രകരണം” എന്ന രണ്ടാം ഭാഗം സാധകന്റെ സ്വഭാവത്തെയും യോഗ്യതകളേയും പ്രതിപാദിക്കുന്നു. ഇത്‌ 1000 ശ്ളോകങ്ങളാണ്‌. പിന്നീട്‌ വരുന്നത്‌ 7000 ശ്ളോകങ്ങളുള്ള “ഉത്പത്തിപ്രകരണം” ആണ്‌. യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഈ വിശ്വത്തില്‍ ഞാന്‍ , അത്‌, ഇത്‌, എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകളുടെ ലീലാവിനോദങ്ങള്‍ , സത്യത്തെ എങ്ങിനെ മറച്ച്‌ വിശ്വത്തെ പ്രകടിതമാനമാക്കുന്നു എന്നു പഠിപ്പിക്കാനുതകുന്ന കഥകളാണ്‌ ഈ ഭാഗത്ത്‌ പറയുന്നത്‌.
ഇനി 3000 ശ്ളോകങ്ങളുള്ള “സ്ഥിതിപ്രകരണം”ആണ്‌. കഥകളുടെ സഹായത്താലാണ്‌ ഇവിടേയും വിശ്വസ്ഥിതിയെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തെപ്പറ്റിയും വിവരിക്കുന്നത്‌. വിരാമത്തെക്കുറിച്ചുള്ള, 5000 ശ്ളോകങ്ങളുള്ള “ഉപശാന്തിപ്രകരണം”ആണ്‌ അടുത്തത്‌. ഇത്‌ ശ്രവിക്കുന്നതുമൂലം നേരിയ അവിദ്യാലേശം മാത്രം ബാക്കിവെച്ച്‌ വിശ്വമെന്ന മോഹപ്രതീതിക്കും അവബോധത്തിനും വിരാമമാവുന്നു.
അവസാനമായി 14,500 ശ്ളോകങ്ങളുള്ള “നിര്‍വ്വാണപ്രകരണം.” മുക്തിപദപ്രാപ്തിയാണ്‌ ഇതിലെ പ്രതിപാദ്യം. ഇതിന്റെ പഠനം ഒരുവന്റെ അടിസ്ഥാനപരമായ അവിദ്യയെ നശിപ്പിക്കുന്നതത്രേ. എല്ലാ മോഹവിഭ്രാന്തികളും അടങ്ങി പരമശാന്തി കൈവരുമ്പോള്‍ തികഞ്ഞ സ്വാതന്ത്ര്യമാണ്‌. ശരീരമെന്ന വസ്ത്രമുള്ളപ്പോഴും അവന്‍ അതില്‍ ബന്ധിതനല്ല. അവന്‌ ആസക്തിയോ ആശകളോ ഇല്ല, അടുപ്പവും അകല്‍ ച്ചയുമില്ല. അവന്‍ സംസാരചക്രത്തിനു വിധേയനുമല്ല. ഇവിടെ ഇപ്പോള്‍ അവന്‍ അഹങ്കാരവിനിര്‍മുക്തനാണ്‌. അവനും അനന്തതയും ഏകമായ ഒരേ ഒരു സത്താണ്‌.

Friday, June 29, 2018

കുഞ്ഞു പിറന്നാൽ അച്ഛൻ ഉപേക്ഷിക്കേണ്ട 5 ശീലങ്ങൾ!

കുഞ്ഞു പിറന്നാൽ അച്ഛൻ ഉപേക്ഷിക്കേണ്ട 5 ശീലങ്ങൾ! ഒരു കുഞ്ഞിന് ജന്മം നൽകിയതിന്റെ വേദനയിൽ മുഴുകി അമ്മ ആശുപത്രി കിടക്കയിൽ മയങ്ങുന്ന നേരത്ത് ഒരച്ഛനായതിന്റെ സന്തോഷം മുഴുവൻ ഏറ്റുവാങ്ങി ആഹ്ലാദിക്കുന്നത് അത്രനേരം ഉത്കണ്ഠയോടെ പുറത്തു കാത്തുനിന്ന ഭർത്താവായിരിക്കും. ആനന്ദത്തിനപ്പുറം ഒട്ടേറെ ഉത്തരവാദിത്തങ്ങളും ആ കുഞ്ഞ് പിതാവിന് സമ്മാനിക്കുന്നുണ്ട്. അതിനാൽ മക്കളോട് ഒത്തുള്ള സന്തുഷ്ട ജീവിതത്തിനായി അച്ഛൻമാർ ഉപേക്ഷിക്കേണ്ട ശീലങ്ങളുമുണ്ട്. അക്കാര്യത്തിൽ നിങ്ങൾ മക്കളോട് പ്രതിബന്ധത കാണിച്ചേ മതിയാകൂ.

ഓരോ നിമിഷത്തേയും നിങ്ങളുടെ അദ്ധ്വാനം മക്കളുടെ ഭാവിക്ക് വേണ്ടിയാണല്ലോ. അത്രതന്നെ പ്രിയപ്പെട്ടതാണ് മക്കൾക്ക് നിങ്ങളുടെ ജീവനും. മക്കളോടു ഒത്തുചേർന്നുള്ള സന്തുഷ്ട കുടുംബജീവിതത്തിനായി ഈ അഞ്ചു ശീലങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടത്.

1. പുകവലിയും മദ്യപാനവും
അച്ഛന്മാരുടെ ചീത്തശീലങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ആദ്യമെത്തുന്നത് പുകവലിയും മദ്യപാനവും തന്നെയാണ്. ഈ ശീലങ്ങൾ നവജാത ശിശുക്കളുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കുന്നുണ്ട്. അച്ഛനെപ്പോലെ പുകവലിക്കാനും മദ്യപിക്കാനുമൊക്കെ മക്കളും ആഗ്രഹിക്കുന്നുണ്ടാകും. അതാണല്ലോ ചില കുസൃതികുട്ടികൾ ആദ്യം അങ്ങനെയൊക്കെ അഭിനയിച്ചു കാണിക്കുന്നതും പിന്നെ അനുകരിക്കുന്നതും. അച്ഛന്മാർ ഈ ദുശീലങ്ങളെ ഉപേക്ഷിക്കുമ്പോൾ മക്കളും ആ ശീലങ്ങളെ തമാശയ്ക്കായി പോലും അഭിനയിച്ചു കാണിക്കാതിരിക്കും. കൂടാതെ നിരന്തരമായ പുകവലിയും അമിത മദ്യപാനവും ക്യാൻസറിനും കരൾ രോഗങ്ങൾക്കും വഴിവെയ്ക്കും. അവിവാഹിതരിൽ ഈ ദുശീലങ്ങൾ ബീജോൽപാദനത്തിന് വരെ തടസ്സങ്ങളുണ്ടാക്കുന്നുണ്ട്.

ഇത്തരം ദുശീലങ്ങളിൽ നിന്ന് പതുക്കെ സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി, പുകവലിക്കണമെന്ന് വല്ലാത്ത ആഗ്രഹം തോന്നുമ്പോൾ ചൂയിംഗം ചവയ്ക്കാനും, മദ്യപാനാസക്തി തോന്നുമ്പോൾ നല്ല ഫ്രഷ് ഫ്രൂട്ട് ജ്യൂസോ സാധാരണ പച്ചവെള്ളമോ കുടിക്കാനുമാണ് മനഃശാസ്ത്രജ്ഞരുടെ നിർദ്ദേശം.

2. വ്യായാമമില്ലായ്ക
ഭാര്യ ഗർഭം ധരിക്കും മുമ്പേ ഭർത്താവ് ശാരീരികമായി നല്ല ആരോഗ്യവാനും നിത്യം വ്യായാമം ചെയ്യുന്ന വ്യക്തിയുമാണെങ്കിൽ, ഭാവിയിൽ അവർക്കുണ്ടാകുന്ന കുഞ്ഞ് നല്ല ആരോഗ്യത്തോടെ ജനിക്കുമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. വ്യായാമം ശരീരത്തിനും തലച്ചോറിനും ഗുണപ്രദമാണ്. നിങ്ങൾ ശാരീരികമായി ആരോഗ്യത്തോടെയിരുന്നാലല്ലേ മക്കളുടെ നല്ല ആരോഗ്യം ഉറപ്പുവരുത്താനാകൂ. വ്യായാമമില്ലാതെ മടിയനായിരുന്നാൽ മക്കൾ വളർന്നു വരുന്തോറും അച്ഛന്മാർ പലവിധ ശാരീരിക അസുഖങ്ങൾക്ക് ഇരയായിത്തീർന്നിട്ടുണ്ടായിരിക്കും. ശാരീരികമായി ആയാസം കിട്ടുന്ന ഏതെങ്കിലും കായിക വിനോദങ്ങളിൽ ദിവസവും ഏർപ്പെടാൻ ശ്രമിക്കുക. അതിനൊന്നും കഴിയുന്നില്ലെങ്കിൽ കോവണിപ്പടി എന്നും കയറിയിറങ്ങുകയോ, രാവിലെയോ വൈകിട്ടോ നടത്തം ഒരു ശീലമാക്കുകയും ചെയ്യുക.

3. അനുചിതമായ ഭക്ഷണക്രമം
ശാരീരികാരോഗ്യത്തിനുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതുപോലെ സന്തുലനമായതും പോഷകപ്രദവുമായ ഒരു ഭക്ഷണരീതിയാണ് പുരുഷന്മാർ പിന്തുടരേണ്ടത്. മക്കളുണ്ടായി കഴിയുമ്പോൾ പലർക്കും സമ്പാദ്യശീലം വർദ്ധിക്കും. ഓവർ ടൈം പണിയെടുക്കാൻ തുടങ്ങും. അങ്ങനെ മക്കൾക്ക് വേണ്ടി ജീവിതം ഓടിക്കുമ്പോൾ അച്ഛന്മാർ അതിനനുസരിച്ച് ഭക്ഷണവും കഴിക്കണം. വിറ്റാമിൻ സി, സിങ്ക്, ഫോളിക് ആസിഡ്, പ്രോട്ടീനുകൾ, പോഷകാംശങ്ങൾ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണ് പുരുഷന്മാർ പ്രധാനമായും കഴിക്കേണ്ടത്. ഒരുപാട് ഭക്ഷണം കഴിക്കാതെ പോഷകപ്രദമായത് കുറച്ച് കഴിക്കുക.

4. പതിവുതെറ്റിയുള്ള ഉറക്കം
ചില അച്ഛന്മാർക്ക് മക്കളുമായി ചിലവഴിക്കാൻ അവസരം കിട്ടുന്നത് രാത്രിയിലായിരിക്കും. അവർ പാതിരാത്രിവരേയും കുട്ടികളെ കളിപ്പിച്ച് ആഹ്ലാദിച്ചിരിക്കും. അങ്ങനെ കുട്ടികളുടേയും ഉറക്കം വൈകും. മറ്റു ചിലർ മക്കൾക്ക് വേണ്ടി ഓവർടൈം പണിചെയ്ത്, വൈകിമാത്രം വീട്ടിലെത്താൻ കഴിയുന്നവരായിരിക്കും. എങ്ങനെയൊക്കെ ആയാലും നല്ല ഉറക്കം മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു ഘടകമാണ്. രാത്രി നന്നായുറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ ചിന്തയേയും എല്ലാ ദൈനംദിന പ്രവർത്തനങ്ങളേയും ദോഷകരമായി ബാധിക്കും. കുട്ടികളോടൊപ്പം കിടന്നുറങ്ങാൻ ആഗ്രഹിക്കുന്ന അച്ഛന്മാര്‍ അതിനായി കൃത്യസമയം പാലിക്കുക. രാത്രി വൈകിയുള്ള കളികളും ടിവി കാണലും ഒഴിവാക്കുക.

5. മാനസിക സമ്മർദ്ദങ്ങളും സംഘർഷങ്ങളും
മിക്കവാറും അച്ഛന്മാരെയാണ് മക്കൾക്ക് കൂടുതൽ പേടി. ചിലർക്ക് മൂക്കത്താണല്ലോ ശുണ്ഠി. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കൊക്കെ വഴക്കുണ്ടാക്കുന്ന പുരുഷന്മാർ ധാരാളം. അത് കാണുന്ന മക്കൾ മാനസികമായി തന്നെ പിതാവിനോട് ഒരകലം പാലിക്കുകയും ചെയ്യും. ജോലി സംബന്ധമായതോ കുടുംബപരമായതോ സാമ്പത്തികപരമായതോ ആയ പലവിധ മാനസിക സമ്മർദ്ദങ്ങളാൽ ഉഴലുന്ന പുരുഷ മനസ്സുകൾക്ക് ചിലപ്പോൾ കുട്ടികളുടെ തമാശകളെപ്പോലും ആസ്വദിക്കാൻ കഴിയാറില്ല. ഇത് അവർക്ക് അച്ഛനോടുള്ള അടുപ്പം കുറയുന്നതിന് കാരണമാകുന്നു. മക്കൾക്ക് എന്തറിയാം. മനസ്സിലെ ദേഷ്യം അവരോട് തീർത്തിട്ട് എന്ത് ഗുണം. അവരുടെ ചെറിയ വികൃതികൾക്ക് അവരെ ഉച്ചത്തിൽ ശാസിക്കാനോ പ്രഹരിക്കാനോ ഒരുങ്ങും മുമ്പ് ദേഷ്യം ഒന്നു നിയന്ത്രിക്കാം. പത്തു മുതൽ ഒന്നു വരെ അവരോഹണക്രമത്തിൽ മനസ്സിൽ എണ്ണുക, ദേഷ്യം എന്നിട്ടും കുറയുന്നില്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം മുഴുവനായി കുടിക്കുക. ദേഷ്യം ഇത്തിരി കുറഞ്ഞില്ലേ... കുറഞ്ഞു കാണും ഇതൊരു മനഃശാസ്ത്രപരമായ സമീപനമാണ്.

പെൺമക്കളായാലും ആൺമക്കളായാലും മിക്കവർക്കും അവരുടെ ഹീറോയും റോൾ മോഡലും ഒക്കെ അവരുടെ പിതാവായിരിക്കും. അപ്പോൾ തീർച്ചയായും മക്കൾക്കു വേണ്ടി നിങ്ങളുടെ സ്വഭാവത്തിലും ശീലത്തിലും നല്ല മാറ്റങ്ങൾ വരുത്തിയാലേ സന്തുഷ്ടമായ കുടുംബജീവിതം നിങ്ങൾക്ക് ആസ്വദിക്കാനാകൂ. ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.’..malayalamanoramaonlie .com

ജനനമരണങ്ങള്‍ ഇല്ല.

അഹംഭാവത്തിന്റെ സത്തയെപ്പറ്റി, ‘ഞാന്‍’, ‘നീ’, എന്നിവയെപ്പറ്റി, ദ്വൈതാദ്വൈതങ്ങളെപ്പറ്റി, എല്ലാം നമുക്കെങ്ങിനെയാണ് വിശ്വസിക്കാനാവുക? തീവ്രമായ സാധനയോടെ, സത്യാന്വേഷണകുതുകികളായി ഗുരുമുഖത്തു നിന്നും ശാസ്ത്രജ്ഞാനം നേടിയവര്‍ അനായാസം ആത്മജ്ഞാനം പ്രാപിക്കുന്നു. ലോകമായി കാണപ്പെടുന്നത് ഒരുവന്റെ ധാരണകളും സങ്കല്‍പ്പചിന്തകളുമാണ്. അവ ബോധത്തില്‍ അധിഷ്ഠിതമാണ്. ബോധമെന്ന പൊരുളില്‍ പ്രതിഫലിക്കുന്ന ഭ്രമക്കാഴ്ചയാണ് ലോകം.
അതിനാല്‍ ലോകത്തെ സത്തെന്നും അസത്തെന്നും പറയാം.
സ്വര്‍ണ്ണവളയിലെ സ്വര്‍ണ്ണമാണ് ഉണ്മ. വളയെന്ന നിര്‍മ്മിതിയാണ് ധാരണ, അല്ലെങ്കില്‍ സങ്കല്പം. ലോകമെന്ന ഈ ഭ്രമക്കാഴ്ചയുടെ പ്രത്യക്ഷപ്പെടലും മറയലും ഈ സങ്കല്‍പ്പത്തിന്റെ മാറിമറയലുകള്‍ മാത്രമാണ്. ഈ അറിവുറച്ചവന് ഭൂമിയിലെയോ സ്വര്‍ഗ്ഗത്തിലെയോ സുഖങ്ങളില്‍ താല്‍പ്പര്യമേതുമില്ല. അയാള്‍ക്കിനി ജനനമരണങ്ങള്‍ ഇല്ല.
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 486 .
അഹംഭാവത്തിന്റെ വേരന്വേഷിക്കുമ്പോള്‍ അങ്ങിനെ ഒന്നില്ല എന്ന അറിവുണ്ടാവുന്നു. ആ അറിവിന്റെ അഗ്നിയാണ് അഹമെന്ന വേരിനെ ചാമ്പലാക്കുന്നത്. അഹം എന്ന ധാരണയ്ക്ക് ഇടം നല്‍കുമ്പോള്‍ അത് ലോകത്തെ സൃഷ്ടിക്കുന്നു. ഈ മിഥ്യാധാരണയെ വര്‍ജ്ജിക്കുന്നതോടെ അഹംഭാവം അപ്രത്യക്ഷമായി ആത്മജ്ഞാനമുണരുന്നു. 
കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം ഉണ്ടായിക്കഴിഞ്ഞാല്‍ അന്യോന്യാസക്തി ഹേതുവായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പാര്‍ക്കുന്നു. ഇത്തരം ഒരുമിച്ചു ചേര്‍ക്കല്‍ ഏതാനും തലമുറകള്‍ കഴിയുമ്പോഴേക്ക് സ്ഥിരമായ ഒരേര്‍പ്പാടായിത്തീരുന്നു. അങ്ങനെ അതിനു സ്ഥിരത വന്നാല്‍ അതു കര്‍ത്തവ്യമായും തീരുന്നു. അതിനെ ഒരുതരം പഴകിയ രോഗമെന്നു പറയാം. അതു തീവ്രമാകുമ്പോള്‍ രോഗമെന്നും പഴകുമ്പോള്‍ സ്വപ്രകൃതി എന്നും പറയുന്നു. അതൊരു രോഗം തന്നെയാണ്. ഇങ്ങനെ ആസക്തി ചിരസ്ഥായിയായിത്തീരുമ്പോള്‍ നാമതിനെ കര്‍ത്തവ്യമെന്ന അന്തസ്സുള്ള പേരുകൊണ്ട് അഭിഷേകം ചെയ്യുന്നു; അതിന്‌മേല്‍ പൂവര്‍ച്ചിക്കുന്നു. അതിനുവേണ്ടി കാഹളം മുഴക്കുന്നു. അതിനെച്ചൊല്ലി മന്ത്രോച്ചാരണം നടക്കുന്നു. പിന്നെയങ്ങോട്ട്, ലോകമാകെ ഈ കര്‍ത്തവ്യത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലായി, അന്യോന്യം ആത്മാര്‍ത്ഥമായി കൊള്ളയടിക്കുകയായി.
കര്‍ത്തവ്യം നല്ലതുതന്നെ, മൃഗത്വത്തെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്നിടത്തോളം. മറ്റൊരാദര്‍ശവും സ്വീകരിക്കാന്‍ കഴിവില്ലാത്തവരായി ഏറ്റവും താഴ്ന്നപടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് അത് അല്പം ഗുണം ചെയ്യും. എന്നാല്‍, കര്‍മ്മയോഗികളാകാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്തവ്യമെന്ന ഈ ആശയത്തെ ദൂരെ പരിത്യജിക്കണം. നിങ്ങള്‍ക്കും എനിക്കും ഒരു കര്‍ത്തവ്യവുമില്ല. നിങ്ങള്‍ക്ക് എന്തൊക്കെ ലോകത്തിനു ദാനം ചെയ്യാനുണ്ടോ അതൊക്കെ ഒരു തടസ്സവും കൂടാതെ ദാനം ചെയ്തുകൊള്ളുക; കര്‍ത്തവ്യത്തിന്റെ നിലയില്‍ വേണ്ടെന്നുമാത്രം. അതിനെപ്പറ്റി ചിന്തയേ വേണ്ട. നിര്‍ബ്ബന്ധത്തിനു വിധേയരാകരുത്. നിങ്ങള്‍ നിര്‍ബ്ബന്ധത്തിനു വിധേയരാകേണ്ട കാര്യമെന്ത്? നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്യുന്ന ഏതുകര്‍മ്മവും സക്തിയെ വളര്‍ത്തുവാനുതകും. നിങ്ങള്‍ക്ക് എന്തെങ്കിലും കര്‍ത്തവ്യം ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? സര്‍വ്വവും ഈശ്വരങ്കല്‍ അര്‍പ്പിക്കുക. കര്‍ത്തവ്യബോധമാകുന്ന വഹ്‌നി സകലജനങ്ങളേയും എരി പൊരികൊള്ളിക്കുന്ന ഈ ഭയങ്കര തീച്ചൂളയില്‍, നിങ്ങള്‍ ഈശ്വരാര്‍പ്പണമാകുന്ന അമൃതം പാനം ചെയ്തു സുഖികളായിരിക്കുക. നാമെല്ലാം ഭഗവാന്റെ ഇച്ഛ നടത്തുകമാത്രമാണ് ചെയ്യുന്നത്; സമ്മാനങ്ങളോടും ശിക്ഷകളോടും നമുക്കൊരു ബന്ധവുമില്ല. സമ്മാനം വേണമെങ്കില്‍ ശിക്ഷയും സ്വീകരിക്കണം. ശിക്ഷയില്‍നിന്ന് ഒഴിയാനുള്ള ഏകമാര്‍ഗ്ഗം സമ്മാനം വേണ്ടെന്നു വെയ്ക്കുകയാണ്. ദുഃഖത്തില്‍ നിന്ന് മോചനത്തിനുള്ള ഒറ്റ വഴി സുഖം ഉപേക്ഷിക്കുകയാണ്. എന്തെന്നാല്‍, ഇവ രണ്ടും പരസ്പരബദ്ധങ്ങളത്രേ. ഒരുവശം സൗഖ്യം, മറു വശം ദുഃഖം; ഒരുവശം ജീവിതം, മറുവശം മരണം. മരണത്തെ അതിക്രമിക്കാനുള്ള ഒറ്റവഴി ജീവിതത്തോടുള്ള തൃഷ്ണ വെടിയുകയാകുന്നു. ജീവിതവും മരണവും രണ്ടു കാഴ്ചപ്പാടില്‍നിന്നു കാണുന്ന ഒരേ വസ്തുവാണ്. ദുഃഖമില്ലാത്ത സുഖമെന്നും മരണമില്ലാത്ത ജീവിതമെന്നുമുള്ള സങ്കല്പങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയതാണ്. ചിന്തകന്മാര്‍ അവയുടെ അന്യോന്യവിരുദ്ധത മനസ്സിലാക്കി രണ്ടിനേയും ത്യജിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തിനും പ്രശംസയോ പാരിതോഷികമോ കാംക്ഷിക്കാതിരിക്കുക. നാം ഒരു സത്പ്രവൃത്തി ചെയ്തുകഴിയുമ്പോഴേയ്ക്കും അതിനു ബഹുമതി കിട്ടണമെന്നാഗ്രഹിച്ചു തുടങ്ങുന്നു. നല്ലൊരു കാര്യത്തിനുവേണ്ടി കുറച്ചു പണം സംഭാവന ചെയ്താല്‍ ഉടന്‍തന്നെ നമ്മുടെ പേരു പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കാണുവാന്‍ അഭിലാഷമായി. അത്തരം ആഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ.
ലോകത്തിലുണ്ടായിട്ടുള്ളവരില്‍ ഏറ്റവും വലിയ ആളുകള്‍, അറിയപ്പെടാതെ മറഞ്ഞുപോവുകയാണുണ്ടായിട്ടുള്ളത്. ലോകത്തിനു യാതൊരറിവുമില്ലാത്ത അത്തരം മഹാത്മാക്കളോടു താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ അറിവില്‍പ്പെട്ടിട്ടുള്ള ബുദ്ധനും ക്രിസ്തുവുമെല്ലാം രണ്ടാംകിടയില്‍ നില്ക്കുന്ന മഹാപുരുഷന്മാര്‍മാത്രം. ഇത്തരം അജ്ഞാതരായ മഹാത്മാക്കള്‍ ശതക്കണക്കിന് എല്ലാ രാജ്യങ്ങളിലും ജീവിച്ചിരുന്ന് നിശ്ശബ്ദ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ നിശ്ശബ്ദരായി ജീവിക്കുന്നു, നിശ്ശബ്ദരായി ഇവിടം വിടുന്നു. കാലാന്തരത്തില്‍ അവരുടെ ആശയങ്ങള്‍ ബുദ്ധന്മാരിലും ക്രിസ്തുമാരിലുംകൂടി പ്രകാശിക്കുന്നു; ഈ ഒടുവില്‍ പറഞ്ഞ കൂട്ടര്‍ മാത്രമാണ് നമ്മുടെ അറിവില്‍പ്പെടുന്നത്. ഏറ്റവും ഉന്നതരായ വ്യക്തികള്‍ തങ്ങളുടെ വിജ്ഞാനം ഹേതുവായി എന്തെങ്കിലും പേരോ പ്രശസ്തിയോ കാംക്ഷിക്കുന്നവരല്ല. അവര്‍ തങ്ങള്‍ക്കുവേണ്ടി അവകാശവാദമൊന്നും പുറപ്പെടുവിക്കുന്നില്ല; സ്വന്തം പേരില്‍ മതങ്ങളോ സമ്പ്രദായങ്ങളോ സ്ഥാപിക്കുന്നുമില്ല. അങ്ങനെയുള്ള സമാരംഭങ്ങളില്‍നിന്ന് അവരുടെ പ്രകൃതി ആകമാനം പിന്‍വലിയുന്നു. ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത, പ്രേമവായ്പിനാല്‍ ഉരുകുന്ന, ശുദ്ധസാത്വികന്മാരാണവര്‍.
അങ്ങനെയുള്ള ഒരു യോഗിയെ ഞാന്‍ ഇന്ത്യയിലെ ഒരു ഗുഹയില്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ള വലിയ അദ്ഭുതപുരുഷന്മാരില്‍ ഒരാളാണദ്ദേഹം. അദ്ദേഹത്തിലുള്ള മനുഷ്യന്‍ തീരെ മാഞ്ഞുപോയി, സര്‍വ്വാത്മകമായ ദിവ്യത്വം (ചൈതന്യം) മാത്രമേ അവശേഷിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ വ്യക്തിത്വബോധം നിശ്ശേഷം നശിച്ചിരിക്കുന്നു. തന്റെ ഒരു കൈ ഒരു ജന്തു വന്നു കടിച്ചെടുത്താല്‍ മറ്റേ കൈകൂടി ആ ജന്തുവിന് കൊടുക്കാനും, അത് ഈശ്വരേച്ഛയെന്നു പറയുവാനും അദ്ദേഹം സന്നദ്ധനാണ്. തനിക്കു വന്നുചേരുന്ന ഏതനുഭവവും ഈശ്വരനില്‍നിന്നുവരുന്നതുതന്നെ. അദ്ദേഹം ആളുകളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും പ്രേമത്തിന്റേയും, സത്യവും മധുരവുമായ ആശയങ്ങളുടേയും കലവറയാകുന്നു അദ്ദേഹം.
സര്‍ഗ്ഗാദ്യാ മൃതജീവാനാം 
സര്‍വത്രൈവാംഗുലൈംഗുലൈ
അസംഖ്യാ: സന്ത്യസംഖ്യാനാമദൃശ്യാപ്രതിഘാമിഥ: 

ശുദ്ധജ്ഞാനദൃഷ്ടിയില്‍ നോക്കിയാല്‍ എല്ലാം ക്ഷണത്തില്‍ മനസ്സിലാവും എന്ന് ജ്ഞാനികള്‍ക്കറിയാം. 'ഞാന്‍ അജ്ഞാനി' എന്നൊരു ചിന്ത അനന്തബോധത്തില്‍ ഉണ്ടായതുമൂലമാണ് ലോകമെന്ന കാഴ്ച ഉരുത്തിരിഞ്ഞത്. വാസ്തവത്തില്‍ അജ്ഞാനത്തിന്റെയും സ്രോതസ്സ് അനന്തബോധം തന്നെയാകുന്നു. ആരുമിവിടെ മരിക്കുന്നില്ല, ജനിക്കുന്നുമില്ല. ഈ രണ്ടു ചിന്തകള്‍ ബോധത്തില്‍ ഉല്‍പ്പന്നമാവുന്നതിനാല്‍ അവയ്ക്ക് യാഥാര്‍ഥ്യത്തിന്റെ ഭാവം കൈവരുന്നുവെന്നു മാത്രം. മരണം എന്നൊരു പരിസമാപ്തി യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുവരികില്‍ അതെത്ര സന്തോഷകരമാണ്! എന്നാല്‍ മരിച്ച ഒരാളെ വീണ്ടും കാണാനാകുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണര്‍ഥം.
അതായത് മരണം എന്നൊന്നില്ല. അങ്ങനെയെങ്കില്‍ ജനനവും ഇല്ല. ബോധത്തിലെ സഞ്ചാരമാണ് ഈ രണ്ടു 'സംഭവങ്ങളും' സത്യമെന്ന് തോന്നിപ്പിക്കുന്നത്. അവ സത്യമെന്ന് നിരൂപിച്ചാല്‍ സത്യം; അല്ലെങ്കില്‍ അവ മിഥ്യ. അപ്പോള്‍ ചിന്തകള്‍ മാത്രമാണ് ഉണ്മ എന്ന് വരുന്നു. ബോധത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഏതെങ്കിലും ജീവിതമുണ്ടോ? ആ ശുദ്ധബോധത്തില്‍ ആകുലതകളോ മരണമോ ഇല്ല. അപ്പോള്‍പ്പിന്നെ ആരാണീ ദുഖമനുഭവിക്കുന്നത്? ആരാണ് മരണപ്പെടുന്നത്?
ദേഹവും പരംപൊരുളുമായുള്ള ബന്ധം ചുഴികള്‍ ജലധികള്‍ക്കെങ്ങനെയോ അങ്ങനെയാണ്.
കാഴ്ചകളെ ഒക്കെയും ചൂഴ്ന്നു നിലകൊള്ളുന്നത് ഉണ്മയാണ്. എന്നാല്‍ കാഴ്ചയെന്നത്, വെറും വിക്ഷേപമാണ്. അതില്‍ സത്യമായി ഒന്നുമില്ല. അതിനു സ്വയമൊരു നിലനില്‍പ്പുമില്ല. അവ തമ്മില്‍ യാതൊരു വിധത്തിലുള്ള വൈരുദ്ധ്യങ്ങളും ഇല്ല. എന്നാല്‍ ഇതേ ബോധമാണ് സൃഷ്ടികളില്‍ വൈരുദ്ധ്യമെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. എത്ര വിസ്മയകരം!
ഈ ലോകമെന്ന വിക്ഷേപത്തെ അങ്ങനെതന്നെ സാക്ഷാത്ക്കരിച്ചാലും അങ്ങനെ അത് വെറും മിഥ്യയായ കാഴ്ച മാത്രമാണെന്ന് തിരിച്ചറിഞ്ഞാലും. അനന്തവും അവിഭാജ്യവുമായ ബോധം മാത്രമാണ് എല്ലായിടവും എല്ലാക്കാലത്തും ഉള്ളത്. അപ്പോള്‍പ്പിന്നെ നാനാത്വമോ ഏകത്വമോ എങ്ങനെയുണ്ടാകാനാണ്? ഇതില്‍ വൈരുദ്ധ്യമേതുമില്ല. അല്ലെങ്കില്‍ ഇതില്‍ വൈരുദ്ധ്യമില്ലായ്മയും ഇല്ല. സത്യം സാക്ഷാത്ക്കരിച്ചവര്‍ക്ക് പരംപൊരുളെന്നത് സത്തോ അസത്തോ അല്ലെന്നറിയാം. അതിനാലവര്‍ പരമനിശ്ശബ്ദതയായാണ് സത്യത്തെ സാക്ഷാത്ക്കരിക്കുന്നത്.
വിഷയപ്രപഞ്ചമായി കാണപ്പെടുന്നത് പരബ്രഹ്മമാണ്. പരബ്രഹ്മം പലപല സങ്കല്‍പ്പങ്ങള്‍ കൈക്കൊണ്ട് വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളായി പ്രഭാസിക്കുകയാണ്. എന്നാല്‍ ആ ബോധത്തില്‍ വിഭജനാത്മകതയുടെ ചിന്താലേശം പോലും ഇല്ലാത്തതിനാല്‍ 'കാണപ്പെട്ട' വൈവിദ്ധ്യ വിഷയങ്ങള്‍ വെറും മിഥ്യയാണ്.
''മരിച്ചുകഴിഞ്ഞ ജീവികളാല്‍ ആകാശം നിറഞ്ഞിരിക്കുന്നു. അനിനെയുള്ള ലോകങ്ങള്‍ അസംഖ്യമുണ്ട്. അവ ഗോചരമല്ലെങ്കിലും തന്നില്‍ വൈരുദ്ധ്യമേതും കൂടാതെ അവയെല്ലാം ഒന്നിച്ചു നിലകൊള്ളുന്നു.''
അവ പരസ്പരം കാണുന്നില്ല. ദൃഷ്ടി പ്രതീതിക്ക് പാത്രങ്ങളാവുന്ന പ്രപഞ്ചം വാസ്തവത്തില്‍ ശുദ്ധവിഹായസ്സാണ്. സ്വപ്‌നത്തില്‍ ഒരാള്‍ വിവിധ പദാര്‍ഥങ്ങളെ കാണുന്നതുപോലെ ബോധമാണ് എല്ലാറ്റിനെയും കാണുന്നത്. സ്വയം പ്രബുദ്ധമാണെങ്കിലും പ്രഭാതമാവുന്നതുവരെ ഇരുട്ട് തുടരുന്നതുപോലെ ബോധത്തില്‍ വിഷയങ്ങള്‍ കാഴ്ചകളായി തുടരുന്നു.
എന്നാല്‍ ലോകമെന്നത് സത്തോ അസത്തോ ആകട്ടെ സത്യം തെളിയുമ്പോള്‍ പരമപ്രശാന്തി അനുഭവപ്പെടും. അനുനിമിഷം കടലില്‍ തിരകളും മലരികളും ഉണ്ടായി മറയുന്നു. അതുപോലെ ബ്രഹ്മത്തില്‍ ലോകങ്ങള്‍ അനുനിമിഷം ഉണ്ടായി മറയുന്നു. ബ്രഹ്മം മാത്രമാണ് സത്യം. ജഗത്ത് മിഥ്യയാകുന്നു...jamabhumi
വാമോരു മൂലാര്‍പ്പിത ദക്ഷപാദം
ജനോര്‍ ബഹിര്‍ വേഷ്ടിത വാമപാദം
പ്രഗ്യ ഹ്യ നിഷ്‌ഠേത് പരിവര്‍ത്തിതാംഗഃ
ശ്രീ മത്‌സ്യനാ ഥോദിതമാസനം സ്യാത്  1-26
ഇടത്തെത്തുടയിടുക്കില്‍ (വാമ-ഊരുമൂലം) വലതു കാല്‍പ്പത്തി ചേര്‍ക്കുക. ആ കാല്‍മുട്ടിന്റെ പുറത്ത് ഇടതുപാ
ദം ചേര്‍ത്ത് അതു പിടിച്ചുകൊണ്ട് ദേഹം പിരിച്ചുനിര്‍ത്തുന്നതാണ് മത്‌സ്യേന്ദ്രന്‍ പറഞ്ഞ ആസനം- മത്‌സ്യേന്ദ്രാസനം.
മത്‌സ്യനാഥന്‍ തന്നെ മത്‌സ്യേന്ദ്രന്‍. അദ്ദേഹം അഭ്യസിച്ചതായതിനാല്‍ മത്‌സ്യേന്ദ്രാസനം എന്ന പേരുവന്നു.
ചെയ്യുന്ന വിധം ഇങ്ങനെ:- കാലുകള്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയ്ക്കിടയില്‍ ഇടതുവശം ചേര്‍ത്തുവയ്ക്കുക. ഇടതുകാല്‍ മടക്കി അതിന്റെ കാല്‍പ്പത്തി വലതു കാല്‍മുട്ടിന്റെ വലത്തു വശത്തായി പതിച്ചുവെക്കുക. ദേഹം ഇടത്തോട്ടു പിരിച്ചു പിന്നിലോട്ടു നോക്കുക. അതേസമയം വലതുകൈയുയര്‍ത്തി ഇടതുകാല്‍മുട്ടിന്റെ ഇടതുകൂടി താഴ്ത്തി ഇടതുകാല്‍പ്പത്തിയില്‍ പിടിക്കുക. ഇടതുകൈ പിന്നില്‍ നിലത്തു കുത്തും. ഇതിനെ സാധാരണ അര്‍ധമത്‌സ്യേന്ദ്രാസനം എന്നാണ് പറയുന്നത്.
വലതുകൈ ഇടതു തുടയുടെ ഉള്ളിലൂടെ എടുത്ത് ഇടതുകൈകൊണ്ട് വലതു മണികണ്ടത്തില്‍ പിടിക്കുന്നതിനെ പൂര്‍ണ മത്‌സ്യേന്ദ്രാസനം എന്നു പറയും. വലതുകാല്‍ തുടയുടെ താഴേ വെക്കുന്നതിനു പകരം മേലെ വെച്ചും ചെയ്യുന്നുണ്ട്.
ഇനി ഈ ആസനത്തിന്റെ ഗുണങ്ങള്‍ പറയുന്നു:-
മത്‌സ്യേന്ദ്രപീഠം ജംര പ്രദീപ്തി-
പ്രചണ്ഡ രുഗ്മണ്ഡല ഖണ്ഡനാസ്ത്രം
അഭ്യാസതഃ കുണ്ഡലിനീ പ്രബോധം
ചന്ദ്രസ്ഥിരത്വം ച ദദാതി പുംസാം  1-27
ഇതഭ്യസിച്ചാല്‍ ജഠരാഗ്‌നി (ദഹനശക്തി) വര്‍ധിക്കും. ദുഃസഹമായ (പ്രചണ്ഡം) രോഗങ്ങളുടെ കൂട്ടത്തെ (രുഗ്-മണ്ഡലം) ഭേദിക്കുന്ന (ഖണ്ഡനം) അസ്ത്രമാണിത്. കുണ്ഡലിനിയുടെ ഉണര്‍വുണ്ടാകും. ചന്ദ്രന് സ്ഥിരത്വവും നല്‍കും.
മത്‌സ്യേന്ദ്രാസനം എന്നതിന് മത്‌സ്യേന്ദ്രപീഠം എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ആസനത്തിന് പീഠം എന്നു പറയുമ്പോള്‍ ആസനത്തിന്റെ പ്രയോജനം സ്ഥിരമായും സുഖമായും ഇരിക്കുക എന്നതുതന്നെയാണ്. 'സ്ഥിരസുഖമാസനം' എന്ന് പത്ഞ്ജലി പറഞ്ഞുവെച്ചിട്ടുണ്ട്.
ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്താന്‍ (കുണ്ഡലിനീ പ്രബോധം) ഈ ആസനം പര്യാപ്തമാവുമെന്നു പറയുന്നുണ്ട്. വയറിനാണ് ഇതില്‍ കൂടുതല്‍ പിരിച്ചില്‍ കിട്ടുന്നത്. ആ ഭാഗത്തുള്ള ആന്തരാവയവങ്ങളും ഗ്രന്ഥികളും സ്വാഭാവികമായും ഉത്തേജിതമാവുകയും ദഹനശക്തി കൂടുകയും ചെയ്യുന്നുണ്ട്. വയറിന്റെ ഭാഗത്തു വരുന്ന ചക്രം ഏതാണ്? മണിപൂരകമാണ്. പ്രാണങ്ങളില്‍ സമാനപ്രാണനാണ് ഉത്തേജിതമാവുക. പഞ്ചപ്രാണങ്ങളില്‍ പ്രാണന്‍ മേലോട്ടും (ഊര്‍ധ്വഗതി) അവാനന്‍ താഴോട്ടുമാണ് സഞ്ചരിക്കുക. 'അനന്‍' എന്ന വാക്കില്‍നിന്ന് (പ്ര+അനന്‍) പ്രാണനും അപാനനും
 (അപ+അനന്‍) ഉണ്ടായത്. മലയാളത്തിലെ 'അനങ്ങുക' എന്ന വാക്കും ഇതില്‍നിന്നുതന്നെയുണ്ടായതാണ്.
ഈ ഊര്‍ധ്വ, അധോ ഗമനങ്ങളെ തിരിച്ചാക്കി അപാനനെ മേലോട്ടും പ്രാണനെ താഴോട്ടും തിരിച്ച് മധ്യത്തിലെ സമാനനോടു ചേര്‍ക്കുന്ന സ്ഥലമാണ് മണിപൂരകചക്രം എന്നതുകൊണ്ട് ഈ കേന്ദ്രത്തിന് വളരെ പ്രാധാന്യമുണ്ട്. ഇതിനു താഴെയുള്ള രണ്ട് ചക്രങ്ങള്‍- സ്വാധിഷ്ഠാനവും മൂലാധാരവും- മൃഗീയ ചോദനകളെ ഉണര്‍ത്തുന്നവയും മണിപൂരകത്തില്‍നിന്നു മേലോട്ടു ദൈവിക ഗുണങ്ങള്‍ വളര്‍ത്തുന്നവയുമത്രേ. മണിപൂരകം മധ്യസ്ഥാനത്താണെന്നര്‍ത്ഥം. അതുകൊണ്ടാണ് കുണ്ഡലിനി പ്രബോധനത്തില്‍ അഗ്രിമസ്ഥാനം ഇതിനു വന്നത്.ആജ്ഞാചക്രത്തിനും മേലെ ബിന്ദുസ്ഥാനത്തെ ചന്ദ്രമണ്ഡലത്തില്‍നിന്നു അമൃതബിന്ദുക്കള്‍ മണിപൂരകത്തിലെ സമാനാഗ്‌നിയില്‍ പതിച്ചു നഷ്ടപ്പെടുന്നതിനെ തടഞ്ഞ് അതിനെ ഊര്‍ധ്വഗതിയാക്കുമ്പോള്‍ അമൃതിന്റെ ഫലം ചെയ്യുന്നു. ബിന്ദു എന്നതിന് സപ്ത
ധാതുക്കളില്‍ അവസാനത്തെതായ ശുക്ലം എന്നും അര്‍ത്ഥമുണ്ട്. ആഹാരം ദഹിച്ചു ശുക്ലമാവാനാണ് കൂടുതല്‍ സമയമെടുക്കുന്നത്. പിട്യൂട്ടറി, പീനിയല്‍ ഗ്രന്ഥികളുടെ സ്രാവവും 'ചന്ദ്രസ്ഥിരത്വ'വുമായും ബന്ധമുണ്ട്. മത്‌സ്യേന്ദ്രാസനം ഹഠയോഗ പ്രദീപികയിലും ഘോരണ സംഹിതയിലും മറ്റെല്ലാ ഗ്രന്ഥങ്ങളിലും സുപ്രധാനമായ സ്ഥാനമലങ്കരിക്കാന്‍ ഇതായിരിക്കാം കാരണം. ജീവികളുടെയുംമറ്റും പേരുകൊടുക്കാതെ ഒരു 'നാഥന്റെ' പേരില്‍ തന്നെ അറിയപ്പെടുന്നതും ഇതുകൊണ്ടാവാം...janmabhumi

Thursday, June 28, 2018

വസിഷ്ഠന്‍ തുടര്‍ന്നു ..വ്യക്തിത്വമാവുന്ന അഹംഭാവം ഉപേക്ഷിച്ച് ഉചിതമായും സ്വാഭാവീകമായും  ഉണ്ടാവുന്ന കര്‍മ്മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ് സത്യം. അതാണീ വൈവിദ്ധ്യങ്ങളുടെ കാഴ്ചയ്ക്ക് ഹേതുവാകുന്നത്. എന്നാലീ വൈദ്ധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണ്ണമായും ജീവിക്കൂ .
ഛാന്ദോഗ്യോപനിഷത്ത് 66
എട്ടാം അദ്ധ്യായം 
ഏകവും അദ്വിതീയവുമായ ആത്മാവാണ് ബ്രഹ്മമെന്നു ആറും ഏഴും അദ്ധ്യായങ്ങളില്‍ പറഞ്ഞു. ദിക്ക്, ദേശം, കാലം മുതലായവയുടെ ഭേദങ്ങള്‍ ഒന്നുമില്ലാത്തതും എല്ലാ ജഗത്തിന്റെയും ആത്മാവുമാണത്.ആ ബ്രഹ്മത്തിനെ പറ്റിയുള്ള ജ്ഞാനം കൊണ്ടേ പുരുഷാര്‍ഥസിദ്ധി ഉണ്ടാവൂഎന്നും പറഞ്ഞു. മന്ദ അധികാരികളായ സാധാരണക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍  ബ്രഹ്മത്തെ ഉപാസിക്കാനുള്ള മാര്‍ഗത്തെ വിവരിക്കുകയാണ് ഇനി.
ഓം അഥ യദിദമസ്മിന്‍ ബ്രഹ്മപുരേദഹരം പുണ്ഡരീകം വേശ്മദഹരോളസ്മിന്നന്തരാകാശഃ തസ്മിന്‍ യദന്തസ്തദന്വേഷ്ടവ്യം തദ് വാവ വിജിജ്ഞാസിതവ്യമിതി
ഈ ബ്രഹ്മപുരമായ ശരീരത്തില്‍ ചെറുതായ ഹൃദയപുണ്ഡരീകമാകുന്ന ഗൃഹം ഉണ്ട്. അതിനുള്ളില്‍ ചെറുതായ ആകാശം ഉണ്ട്.അതിനുള്ളില്‍ ഏതാണോ ഉള്ളത് അതിനെയാണ് അന്വേഷിക്കേണ്ടത്.  അതു തന്നെയാണ് അറിയപ്പെടെണ്ടതും.
അനേകം പരിചാരകന്മാരോടുകൂടിയ രാജാവിന്റെ പട്ടണം പോലെയാണ് ഈ ശരീരം അതിനെ ബ്രഹ്മത്തിന്റെ പുരമായി പറയുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഭ്രുത്യന്മാര്‍ അവിടെയുണ്ട്. ആ പുരത്തില്‍ രാജകൊട്ടാരം പോലെ ഹൃദയത്താമരയായ  ഒരു ഗൃഹമുണ്ട്. അതിനകത്ത് ചെറുതായ ആകാശമുണ്ട്. അതിനുള്ളിലാണ് ആത്മാവ് ഇരിക്കുന്നത്.  ആകാശം ബ്രഹ്മം തന്നെ എന്നും പറയാം. വിരക്തരും സാധകരുമായ യോഗികള്‍ ആ ബ്രഹ്മത്തെ അറിഞ്ഞു സാക്ഷാത്കരിക്കുന്നു.നിരാകാരവും സൂക്ഷ്മവും സര്‍വഗതവും ആയതിനാലാണ് ബ്രഹ്മത്തെ ആകാശം എന്ന് പറഞ്ഞത്. ഹൃദയപുണ്ഡ രീകത്തിനുള്ളിലെ ആകാശത്തിനകത്തുള്ള ആകാശമായ ബ്രഹ്മത്തെ വിവിധ സാധനകളെകൊണ്ടു അന്വേഷിച്ച് സാക്ഷാത്കരിക്കണം. 
തം ചേദ് ബ്രൂയുര്‍യദിദസ്മിന്‍ ബ്രഹ്മപുരേ ദഹരം പുണ്ഡരീകം വേശ്മ ദഹരോളസ്മിന്നന്തരാകാശ: കിം തദത്ര വിദ്യതേ യദ ന്വേഷ്ടവ്യം യദ്വാവ വിജിജ്ഞാസിതവ്യമിതി സ ബ്രൂയാത്.
വളരെയേറെ ചെറുതായ ഹൃദയ പുണ്ഡരീകത്തില്‍ അന്വേഷിക്കേണ്ടതോ അറിയേണ്ടതോ ആയി എന്താണ് ഉള്ളത് എന്ന ശിഷ്യരുടെ ചോദ്യത്തിനു ആചാര്യന്‍  വേണ്ട വിധം മറുപടി കൊടുക്കണം. ഇതിനെ അറിഞ്ഞത് കൊണ്ടു വലിയ പ്രയോജനമൊന്നും ഇല്ലെന്നും തോന്നിയേക്കാം.  ആ സംശയത്തെ ദൂരീകരിക്കുന്നു അടുത്ത മന്ത്രത്തില്‍.
യാവാന്‍ വാ അയമാകാശസ്താവാനേഷോളന്തര്‍ ഹൃദയ ആകാശ, ഉഭേ അസ്മിന്‍ ദ്യാവാപൃഥ് വീ ..........സര്‍വം തദസ്മിന്‍ സമാഹിതമിതി.
ഈ ഭൌതികാകാശം എത്ര കണ്ട് മഹത്താണോ അത്രത്തോളം മഹത്താണ് ഹൃദയാകാശവും. സ്വര്‍ഗവും ഭൂമിയും ഉള്‍പ്പെടെയുള്ളവയും അഗ്‌നിയും വായുവും സൂര്യചന്ദ്രന്മാരും മിന്നലും നക്ഷത്രങ്ങളും ഒക്കെ ഇതില്‍ നിലനില്‍ക്കുന്നു. ഈ ലോകത്തില്‍ ഉള്ളതും ഇല്ലാത്തതും എല്ലാംഹൃദയാകാശത്തില്‍സ്ഥിതി ചെയ്യുന്നു.ഭൌതികാകാശത്തെ അറിയാവുന്നവര്‍ക്ക് ഹൃദയാകാഷത്തെ അറിയാന്‍ എളുപ്പമാണ്. ആകാശത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് പോലെ ഹൃദയാകാശത്തില്‍ ഇടം പിടിക്കാത്ത യാതൊന്നുമില്ല.സകല ലോകങ്ങളും പഞ്ച ഭൂതങ്ങളും ജ്യോതിര്‍ഗോളങ്ങളും എല്ലാം ഹൃദയാകാശത്തിലുണ്ട്. ടെഹിക്ക് ഇപ്പോള്‍ ഇവിടെ ഉള്ളതും ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതും  ഹൃദയാകാശത്തില്‍ തന്നെ കുടികൊള്ളുന്നു. ഇങ്ങനെ അതിന്റെ  അപ്രമേയ മഹത്വത്തെ ഗുരു ശിഷ്യര്‍ക്ക് ഉപദേശിക്കുന്നു. ..janmbhumi
ഭഗവാന്‍ മഹാവിഷ്ണു വാക്കു പറഞ്ഞതുപോലെ പരമമായ ജ്ഞാനം ബ്രഹ്മാവിനു വ്യക്തമാക്കിക്കൊടുത്തു. ഇത് എല്ലാവര്‍ക്കും അത്ര എളുപ്പം സാധ്യമാകുന്ന കാര്യമല്ല. പറഞ്ഞുകൊടുത്താല്‍ പോലും പലര്‍ക്കും ഒന്നും മനസ്സിലാകാറില്ല. ഭഗവാന്റെ പ്രത്യേക അനുഗ്രഹമുണ്ടെണ്ടങ്കില്‍ മാത്രമേ ഇതൊക്കെ സാധ്യമാകൂ.
''യാവാനഹം യഥാഭാവോ യദ്രൂപ ഗുണകര്‍മകഃ
അഥൈവ തത്വവിജ്ഞാന മസ്തുതേ മദനഗ്രഹാത്''
ഹേ ബ്രഹ്മദേവ, എന്റെ രൂപവും ഭാവവും ഗുണവുമെല്ലാം നിനക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനായി എന്റെ അനുഗ്രഹം നിനക്കായി പ്രദാനം ചെയ്യുന്നു. ഈ അനുഗ്രഹം കൊണ്ടണ്ട ു
 മാത്രമേ ഇത് സാധ്യമാകൂ. അതു ഗ്രഹിക്കാന്‍ നിനക്കു സാധ്യമാകട്ടെ എന്നനുഗ്രഹിച്ചുകൊണ്ടണ്ട് ഭഗവാന്‍ ചതുശ്ലോകീ ഭാഗവതം പറഞ്ഞുകൊടുക്കുന്നു.
അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത്പരം
പശ്ചാദഹം യദേതശ്ച യോളവശിഷ്യേത 
സോളസ്മ്യഹം
ആദിയില്‍ ഞാന്‍ മാത്രമേ ഉണ്ടണ്ടായിരുന്നുള്ളൂ. വേറെ ഒന്നുംതന്നെയില്ല. സത്തോ അസത്തോ ആയി മറ്റൊന്നുമില്ല. അനന്തരം അവശേഷിക്കുന്നതും ഞാന്‍ മാത്രമാണ്.
അഹം ഏവ അസം ഏവ അഗ്രേ അഗ്രത്തില്‍, അതായത് ആദിയില്‍, ആരംഭത്തില്‍, അഹം ഏവ അസം- ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന അന്യദ്- അന്യമായി ഒന്നുമില്ല. യത് സദസത്പരം- യാതൊന്നുംതന്നെ അതിനപ്പുറം സത്തോ അസത്തോ ആയി, കാരണവും കാര്യവുമായി ശേഷിക്കുന്നില്ല. പശ്ചാദഹം- അതിനുശേഷവും ഞാന്‍ മാത്രമേയുള്ളൂ. യദേതശ്ച-ഇതെല്ലാം കഴിഞ്ഞാലും. യോ അവശിഷ്യേത-യാതൊന്നാണോ അവശേഷിക്കുന്നത്. സോളസ്മ്യഹം-സഃ അഹം അസ്മി. അവശേഷിക്കുന്നവനും ഞാന്‍ മാത്രമാണ്.
തുടക്കത്തിലും അവസാനത്തിലും ഉള്ളത് ഭഗവാന്‍ മാത്രം. അപ്പോള്‍പ്പിന്നെ വര്‍ത്തമാനകാലത്തിലും ഉള്ളത് ഭഗവാന്‍ തന്നെയെന്ന് വ്യക്തം.
എന്നും സത്യമായിരിക്കുന്നത് യാതൊന്നോ അതു മാത്രമാണ് സത്യം. സ്ഥിരമായ സത്യം. എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് നിത്യസത്യമല്ല. അത് തോന്നല്‍ മാത്രമാണ്. അല്ലെങ്കില്‍ അവസ്ഥ മാത്രമാണ്.
ഉദാഹരണത്തിന് സ്വര്‍ണംകൊണ്ട് ആഭരണം ഉണ്ടണ്ടാക്കുന്നതിനു മുന്‍പ് അത് സ്വര്‍ണംതന്നെ. ആഭരണമായിരിക്കുമ്പോള്‍ അത് മാലയും വളയും മോതിരവുമൊക്കെയാണ്. എന്നാല്‍ പിന്നീട് ഉരുക്കിയാലും അതു സ്വര്‍ണം തന്നെയാണ്. ഭൂതകാലത്തിലെ സ്വര്‍ണം ഭാവിയിലും സ്വര്‍ണം. വര്‍ത്തമാനകാലത്തിലും സ്വര്‍ണം തന്നെയാണ്. അതിന് വാള, മാല, മോതിരം എന്നൊക്കെ പേരുവന്നു എന്നുമാത്രം. യഥാര്‍ത്ഥത്തില്‍ അപ്പോഴും സ്വര്‍ണംതന്നെ. അതിന്റെ വില അപ്പോഴും സ്വര്‍ണത്തിന്റെ വിലതന്നെ.
മണ്ണുകൊണ്ടണ്ടുണ്ടണ്ടാക്കിയ പ്രതിമ പൊടിഞ്ഞാലും വീണ്ടണ്ടും ശേഷിക്കുന്നതു മണ്ണുമാത്രം. ഫലത്തില്‍ ഇപ്പോള്‍ പ്രതിമയായിരിക്കുമ്പോഴും അതു മണ്ണുതന്നെ.  വിഗ്രഹം എന്നു പേരു വിളിക്കുമ്പോഴും അതു മണ്ണുതന്നെ. ആഭരണമായിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണംതന്നെ.
ഇന്നു നാം കാണുന്ന ലോകം കാണാതെയാകുന്ന അവസ്ഥയുണ്ടണ്ടായാലും അതു മുന്‍പുണ്ടായിരുന്ന ബ്രഹ്മംതന്നെ. ആദിയിലും ബ്രഹ്മം അന്ത്യത്തിലും അതു ബ്രഹ്മം. അതിനാല്‍ മധ്യത്തിലും ബ്രഹ്മംതന്നെ...janmabhumi
കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം ഉണ്ടായിക്കഴിഞ്ഞാല്‍ അന്യോന്യാസക്തി ഹേതുവായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പാര്‍ക്കുന്നു. ഇത്തരം ഒരുമിച്ചു ചേര്‍ക്കല്‍ ഏതാനും തലമുറകള്‍ കഴിയുമ്പോഴേക്ക് സ്ഥിരമായ ഒരേര്‍പ്പാടായിത്തീരുന്നു. അങ്ങനെ അതിനു സ്ഥിരത വന്നാല്‍ അതു കര്‍ത്തവ്യമായും തീരുന്നു. അതിനെ ഒരുതരം പഴകിയ രോഗമെന്നു പറയാം. അതു തീവ്രമാകുമ്പോള്‍ രോഗമെന്നും പഴകുമ്പോള്‍ സ്വപ്രകൃതി എന്നും പറയുന്നു. അതൊരു രോഗം തന്നെയാണ്. ഇങ്ങനെ ആസക്തി ചിരസ്ഥായിയായിത്തീരുമ്പോള്‍ നാമതിനെ കര്‍ത്തവ്യമെന്ന അന്തസ്സുള്ള പേരുകൊണ്ട് അഭിഷേകം ചെയ്യുന്നു; അതിന്‌മേല്‍ പൂവര്‍ച്ചിക്കുന്നു. അതിനുവേണ്ടി കാഹളം മുഴക്കുന്നു. അതിനെച്ചൊല്ലി മന്ത്രോച്ചാരണം നടക്കുന്നു. പിന്നെയങ്ങോട്ട്, ലോകമാകെ ഈ കര്‍ത്തവ്യത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലായി, അന്യോന്യം ആത്മാര്‍ത്ഥമായി കൊള്ളയടിക്കുകയായി.
കര്‍ത്തവ്യം നല്ലതുതന്നെ, മൃഗത്വത്തെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്നിടത്തോളം. മറ്റൊരാദര്‍ശവും സ്വീകരിക്കാന്‍ കഴിവില്ലാത്തവരായി ഏറ്റവും താഴ്ന്നപടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് അത് അല്പം ഗുണം ചെയ്യും. എന്നാല്‍, കര്‍മ്മയോഗികളാകാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്തവ്യമെന്ന ഈ ആശയത്തെ ദൂരെ പരിത്യജിക്കണം. നിങ്ങള്‍ക്കും എനിക്കും ഒരു കര്‍ത്തവ്യവുമില്ല. നിങ്ങള്‍ക്ക് എന്തൊക്കെ ലോകത്തിനു ദാനം ചെയ്യാനുണ്ടോ അതൊക്കെ ഒരു തടസ്സവും കൂടാതെ ദാനം ചെയ്തുകൊള്ളുക; കര്‍ത്തവ്യത്തിന്റെ നിലയില്‍ വേണ്ടെന്നുമാത്രം. അതിനെപ്പറ്റി ചിന്തയേ വേണ്ട. നിര്‍ബ്ബന്ധത്തിനു വിധേയരാകരുത്. നിങ്ങള്‍ നിര്‍ബ്ബന്ധത്തിനു വിധേയരാകേണ്ട കാര്യമെന്ത്? നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്യുന്ന ഏതുകര്‍മ്മവും സക്തിയെ വളര്‍ത്തുവാനുതകും. നിങ്ങള്‍ക്ക് എന്തെങ്കിലും കര്‍ത്തവ്യം ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? സര്‍വ്വവും ഈശ്വരങ്കല്‍ അര്‍പ്പിക്കുക. കര്‍ത്തവ്യബോധമാകുന്ന വഹ്‌നി സകലജനങ്ങളേയും എരി പൊരികൊള്ളിക്കുന്ന ഈ ഭയങ്കര തീച്ചൂളയില്‍, നിങ്ങള്‍ ഈശ്വരാര്‍പ്പണമാകുന്ന അമൃതം പാനം ചെയ്തു സുഖികളായിരിക്കുക. നാമെല്ലാം ഭഗവാന്റെ ഇച്ഛ നടത്തുകമാത്രമാണ് ചെയ്യുന്നത്; സമ്മാനങ്ങളോടും ശിക്ഷകളോടും നമുക്കൊരു ബന്ധവുമില്ല. സമ്മാനം വേണമെങ്കില്‍ ശിക്ഷയും സ്വീകരിക്കണം. ശിക്ഷയില്‍നിന്ന് ഒഴിയാനുള്ള ഏകമാര്‍ഗ്ഗം സമ്മാനം വേണ്ടെന്നു വെയ്ക്കുകയാണ്. ദുഃഖത്തില്‍ നിന്ന് മോചനത്തിനുള്ള ഒറ്റ വഴി സുഖം ഉപേക്ഷിക്കുകയാണ്. എന്തെന്നാല്‍, ഇവ രണ്ടും പരസ്പരബദ്ധങ്ങളത്രേ. ഒരുവശം സൗഖ്യം, മറു വശം ദുഃഖം; ഒരുവശം ജീവിതം, മറുവശം മരണം. മരണത്തെ അതിക്രമിക്കാനുള്ള ഒറ്റവഴി ജീവിതത്തോടുള്ള തൃഷ്ണ വെടിയുകയാകുന്നു. ജീവിതവും മരണവും രണ്ടു കാഴ്ചപ്പാടില്‍നിന്നു കാണുന്ന ഒരേ വസ്തുവാണ്. ദുഃഖമില്ലാത്ത സുഖമെന്നും മരണമില്ലാത്ത ജീവിതമെന്നുമുള്ള സങ്കല്പങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയതാണ്. ചിന്തകന്മാര്‍ അവയുടെ അന്യോന്യവിരുദ്ധത മനസ്സിലാക്കി രണ്ടിനേയും ത്യജിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തിനും പ്രശംസയോ പാരിതോഷികമോ കാംക്ഷിക്കാതിരിക്കുക. നാം ഒരു സത്പ്രവൃത്തി ചെയ്തുകഴിയുമ്പോഴേയ്ക്കും അതിനു ബഹുമതി കിട്ടണമെന്നാഗ്രഹിച്ചു തുടങ്ങുന്നു. നല്ലൊരു കാര്യത്തിനുവേണ്ടി കുറച്ചു പണം സംഭാവന ചെയ്താല്‍ ഉടന്‍തന്നെ നമ്മുടെ പേരു പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കാണുവാന്‍ അഭിലാഷമായി. അത്തരം ആഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ.
ലോകത്തിലുണ്ടായിട്ടുള്ളവരില്‍ ഏറ്റവും വലിയ ആളുകള്‍, അറിയപ്പെടാതെ മറഞ്ഞുപോവുകയാണുണ്ടായിട്ടുള്ളത്. ലോകത്തിനു യാതൊരറിവുമില്ലാത്ത അത്തരം മഹാത്മാക്കളോടു താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ അറിവില്‍പ്പെട്ടിട്ടുള്ള ബുദ്ധനും ക്രിസ്തുവുമെല്ലാം രണ്ടാംകിടയില്‍ നില്ക്കുന്ന മഹാപുരുഷന്മാര്‍മാത്രം. ഇത്തരം അജ്ഞാതരായ മഹാത്മാക്കള്‍ ശതക്കണക്കിന് എല്ലാ രാജ്യങ്ങളിലും ജീവിച്ചിരുന്ന് നിശ്ശബ്ദ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ നിശ്ശബ്ദരായി ജീവിക്കുന്നു, നിശ്ശബ്ദരായി ഇവിടം വിടുന്നു. കാലാന്തരത്തില്‍ അവരുടെ ആശയങ്ങള്‍ ബുദ്ധന്മാരിലും ക്രിസ്തുമാരിലുംകൂടി പ്രകാശിക്കുന്നു; ഈ ഒടുവില്‍ പറഞ്ഞ കൂട്ടര്‍ മാത്രമാണ് നമ്മുടെ അറിവില്‍പ്പെടുന്നത്. ഏറ്റവും ഉന്നതരായ വ്യക്തികള്‍ തങ്ങളുടെ വിജ്ഞാനം ഹേതുവായി എന്തെങ്കിലും പേരോ പ്രശസ്തിയോ കാംക്ഷിക്കുന്നവരല്ല. അവര്‍ തങ്ങള്‍ക്കുവേണ്ടി അവകാശവാദമൊന്നും പുറപ്പെടുവിക്കുന്നില്ല; സ്വന്തം പേരില്‍ മതങ്ങളോ സമ്പ്രദായങ്ങളോ സ്ഥാപിക്കുന്നുമില്ല. അങ്ങനെയുള്ള സമാരംഭങ്ങളില്‍നിന്ന് അവരുടെ പ്രകൃതി ആകമാനം പിന്‍വലിയുന്നു. ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത, പ്രേമവായ്പിനാല്‍ ഉരുകുന്ന, ശുദ്ധസാത്വികന്മാരാണവര്‍.
അങ്ങനെയുള്ള ഒരു യോഗിയെ ഞാന്‍ ഇന്ത്യയിലെ ഒരു ഗുഹയില്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ള വലിയ അദ്ഭുതപുരുഷന്മാരില്‍ ഒരാളാണദ്ദേഹം. അദ്ദേഹത്തിലുള്ള മനുഷ്യന്‍ തീരെ മാഞ്ഞുപോയി, സര്‍വ്വാത്മകമായ ദിവ്യത്വം (ചൈതന്യം) മാത്രമേ അവശേഷിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ വ്യക്തിത്വബോധം നിശ്ശേഷം നശിച്ചിരിക്കുന്നു. തന്റെ ഒരു കൈ ഒരു ജന്തു വന്നു കടിച്ചെടുത്താല്‍ മറ്റേ കൈകൂടി ആ ജന്തുവിന് കൊടുക്കാനും, അത് ഈശ്വരേച്ഛയെന്നു പറയുവാനും അദ്ദേഹം സന്നദ്ധനാണ്. തനിക്കു വന്നുചേരുന്ന ഏതനുഭവവും ഈശ്വരനില്‍നിന്നുവരുന്നതുതന്നെ. അദ്ദേഹം ആളുകളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും പ്രേമത്തിന്റേയും, സത്യവും മധുരവുമായ ആശയങ്ങളുടേയും കലവറയാകുന്നു അദ്ദേഹം...janmabhumi
വിദുരനീതി....................(മഹാഭാരതം)
(ധൃതരാഷ്ട്രമഹാരാജാവിനോട്‌ വിദുരമഹാശയൻ തുടരുന്നു.)
രോഗാർദിതാ ന ഫലാന്യാദ്രിയന്തേ
ന വൈ ലഭന്തേ വിഷയേഷു തത്ത്വം
ദുഃഖോ പേതാ രോഗിണോ നിത്യമേവ
ന ബുദ്ധ്യന്തേ ധനഭോഗാൻ ന സൗഖ്യം
അല്ലയോ ഭരതർഷഭാ,രോഗപീഡിതനായ മനുഷ്യൻ മധുരഫലങ്ങളെ ആദരിക്കുന്നില്ല ,അവയുടെ സ്വാദും അവൻ
അറിയുന്നില്ല ,വിഷയ ഭോഗങ്ങളിലും അവന് സുഖമോ ആസ്വാദനമോ ലഭിക്കുന്നില്ല .അവൻ സദാ ദുഃഖിതനായി
തന്നെയിരിക്കുന്നു ,ധനസംബന്ധമായ സുഖഭോഗങ്ങൾ അനുഭവിക്കുവാൻ അവൻ ശക്തനുമല്ല .
പുരാ ഹ്യുക്തം നാകരോസ്ത്വം വചോ മേ
ദ്യുതേ ജിതാം ദ്രൗപതിം പ്രേക്ഷ്യ രാജൻ
ദുര്യോധനം വാരയേത്യക്ഷവത്യാം
കിതവത്വം പണ്ഡിതാ വർജ്ജയന്തി
ജ്യേഷ്ഠാ, ഞാൻ ആദ്യമേ അങ്ങയോട് പറഞ്ഞതല്ലേ ,ദ്രൗപതിയെ നിർത്തിയുള്ള ഈ ചൂതുകളി വിലക്കണമെന്ന്,
അറിവുള്ളവർ വഞ്ചനയെ വർജ്ജിക്കുകയാണ് വേണ്ടത്,എന്നാൽ അങ്ങ് അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല .
(കള്ള ചൂതുകളിയിൽ പാണ്ഡവരെ പരാജയപ്പെടുതിയതുമുതൽ സംജാതമായ അപകടം മുൻകൂട്ടി കാണുന്ന
വിദുരർ ഒരു കുലം ഒന്നാകെ നശിക്കുവാൻ പോകുന്നുവെന്ന മുന്നറിയിപ്പ് വീണ്ടും ജ്യേഷ്ടന് നൽകുന്നു)
അയം ധത്തേ വേണുരിവാത്മഘാതി
ഫലം രാജാ ധൃരാഷ്ട്രസ്യ പുത്ര:
ദ്യുതം ഹി വൈരായ മഹാഭയായ
മത്തേന ബുദ്ധ്യത്യയമന്തകാലം
മഹാരാജാവേ , പുത്രന്മാരിൽ ഭിന്നഭാവം വന്നാൽ അങ്ങേക്ക് അവരുടെ കലഹത്തേ ഒരിക്കൽ നേരിടേണ്ടി
വരും ,മുളക്കൂട്ടം അതിൻറെ വിനാശകാലതാണ് പുഷ്പ്പിക്കുകയും ഫലിക്കുകയും ചെയ്യുന്നത് ,അതുപോലെയാണ് അങ്ങേക്ക് ഈ ദുര്യോധനൻ പിറന്നത്‌,മഹാഭയാനകമായ വൈരം സൃഷ്ടിച്ച് ഈ ചൂതുകളി
ഇവനാണ് സംഘടിപ്പിച്ചത്,ഇവൻറെ ശിരസ്സിൽ മരണം നൃത്തം വെക്കുന്ന വിവരവും ഇവൻ അറിയുന്നില്ല ,
ഈ മുന്നറിയിപ്പുകളെ വിദുരർ തൻറെ പുരാഹ്യുക്തം എന്ന പരാമർശം കൊണ്ട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്.
വിദുരനീതി ( മഹാഭാരതം ഉദ്യോഗപർവ്വം മുപ്പത്തിയാറാം അദ്ധ്യായം)

Wednesday, June 27, 2018

"ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു."
"ഹേ ഭാരതശ്രേഷ്ഠാ അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിശേഷം നശിപ്പിക്കുക."
"വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്."
"മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമരൂപനും ദുര്‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക."
ശ്രീമദ് ഭഗവദ്ഗീത 3-40,41,42,43
വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട്‌ ഈ വിശ്വനിര്‍മ്മിതി ആദ്യം എങ്ങിനെയാണു സംഭവിച്ചതെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെപറഞ്ഞു: മകനേ മനസ്സാണ്‌ ഇക്കാണായതെല്ലാം ആവുന്നത്‌. ഈ യുഗാരംഭത്തില്‍ എനിക്കെന്തു സംഭവിച്ചുവെന്ന് ഞാന്‍ പറയാം. കഴിഞ്ഞ യുഗാന്ത്യത്തില്‍ വിശ്വമുറങ്ങിക്കിടന്ന രാത്രിയുടെ അന്ത്യത്തില്‍ ഞാനുണര്‍ ന്നു. പ്രഭാതത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ്‌ വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത്‌ ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങി. മനക്കണ്ണുകൊണ്ട്‌ ഞാന്‍ അനേകം വിവിധങ്ങളായ പ്രപഞ്ചങ്ങള്‍ കണ്ടു. അവകളിലെല്ലാം എന്നേപ്പോലുള്ള സൃഷ്ടികര്‍ത്താക്കളേയും ഞാന്‍ കണ്ടു. ആ ലോകങ്ങളില്‍ ഞാന്‍ എല്ലാത്തരം ജീവജാലങ്ങളേയും കണ്ടു. മലകളും നദികളും, സമുദ്രവും കാറ്റും, സൂര്യനും സ്വര്‍ഗ്ഗവാസികളും, പാതാളവും രാക്ഷസന്മാരും എല്ലാം എനിക്കു കാണായി.
ആ വിശ്വങ്ങളിലെല്ലാം വേദങ്ങളും ആചാരമര്യാദാ പ്രമാണങ്ങളും കണ്ടു. അവയാണല്ലോ നന്മ-തിന്മകളെയും സ്വര്‍ഗ്ഗ-നരകങ്ങളെയും നിശ്ചയിക്കുന്നത്‌. അവിടെ ഞാന്‍ മുക്തി മാര്‍ഗ്ഗവും സൌഖ്യമാര്‍ഗ്ഗവും വിവരിക്കുന്ന വേദങ്ങളേയും കണ്ടു. ഇത്തരം വിവിധങ്ങളായ പല ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആളുകളേയും ഞാന്‍ കണ്ടു. ഞാന്‍ ഏഴുലോകങ്ങളും ഏഴു ഭൂഖണ്ഡങ്ങളും മലകളും സമുദ്രങ്ങളും എല്ലാം നാശത്തിലേയ്ക്കു പായുന്നതായും കണ്ടു. ദിനരാത്രങ്ങളടക്കമുള്ള കാലഗണനകള്‍ ഞാന്‍ കണ്ടു. ദിവ്യനദിയായ ഗംഗ, മൂന്നുലോകങ്ങളേയും -സ്വര്‍ഗ്ഗം, ആകാശം, ഭൂമി എന്നിവയെ- കോര്‍ത്തിണക്കുന്നതായും ഞാന്‍ കണ്ടു. ആകാശത്തുണ്ടാക്കിയ കോട്ടപോലെ സൃഷ്ടി, അതാതിന്റെ ഭൂമിയും, സമുദ്രവും ആകാശവുമൊക്കെയായി വിസ്തൃതമായി നിലകൊണ്ടു. ഇതൊക്കെക്കണ്ട്‌ ഞാന്‍ വിസ്മയചകിതനായി. "എന്താണു ഞാനെന്റെ മനസ്സില്‍ ഇവയെല്ലാം കാണുന്നത്‌? എന്റെ കണ്ണൂകള്‍ ഇവയെ ഇതുവരെ കണ്ടിട്ടുമില്ല." ഞാന്‍ ഇതിനെപ്പറ്റി കുറേയേറെ ആലോചിച്ചു. അവസാനം സൌരയൂഥങ്ങളില്‍ ഒന്നിലെ ഒരു സൂര്യനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ട്‌ അദ്ദേഹത്തോട്‌ എനിക്കരികിലേയ്ക്ക്‌ വരാന്‍ പറഞ്ഞു. എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.
സൂര്യന്‍ മറുപടിയായി പറഞ്ഞു: "അല്ലയോ മഹാത്മന്‍, സര്‍വ്വശക്തനായ സൃഷ്ടാവെന്ന നിലയില്‍ അങ്ങ്‌ ഈശ്വരന്‍ തന്നെയാണ്‌.. മനസ്സുതന്നെയാണ്‌ ഈ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത സൃഷ്ടികളൂം ആയി കാണപ്പെടുന്നത്‌.. അവിദ്യയുടെ പ്രാഭവംകൊണ്ട്‌ ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ ഒരുവനെ ഭ്രമിപ്പിക്കുകയാണ്‌.". തീര്‍ച്ചയായും അങ്ങേയ്ക്കു സത്യമറിയാമെങ്കിലും എന്നോട്‌ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ട്‌ ഞാനിതു പറഞ്ഞു എന്നേയുള്ളു.

യോഗവാസിഷ്ഠം നിത്യപാരായണം
ദിവസം 108,Dr.A.P.Sukumar
ജീവന്‍ മുക്തിയും വിദേഹ മുക്തിയും
.
ഹനുമാന്‍ ശ്രീരാമചന്ദ്രനോടു ചോദിച്ചു. ഭഗവാനേ, ജീവന്‍മുക്തി എന്നാല്‍ 
എന്താണ്? വിദേഹമുക്തി എന്താ? അതിനു പ്രമാണം എന്താണ്? എങ്ങനെ
യാണ് അവയുടെ സിദ്ധി ഉണ്ടാകുന്നത്? ആ സിദ്ധികൊണ്ടുള്ള പ്രയോജന
മെന്ത്?
ശ്രീരാമന്‍ പറഞ്ഞു- പുരുഷന്റെ കര്‍ത്തൃകത്വഭോക്തൃത്വ സുഖദുഃഖാദിരൂപമായ ചിത്തധര്‍മ്മം ക്ലേശരൂപമായതിനാല്‍ അതു ബന്ധമാകുന്നു. അതിന്റെ നിരോധ
മാണ് ജീവന്‍മുക്തി.
ഉപാധി വിനിര്‍മ്മുക്തമായ ഘടാകാശം പോലെ പ്രാരബ്ധ ക്ഷയത്താലുണ്ടാകുന്ന
താണ് വിദേഹമുക്തി. ജീവമുക്തിക്കും വിദേഹമുക്തിക്കും പ്രമാണം നൂറ്റി എട്ട് ഉപനിഷത്തുകള്‍ കര്‍ത്തൃത്വാദിദുഃഖനിവൃത്തി മുഖേന ലഭിക്കുന്ന നിത്യാനന്ദ പ്രാപ്തിയാണ് പ്രയോജനം. അത് പുരുഷപ്രയത്‌നതതാല്‍ നേടണം.
പുത്രകാമേഷ്ടികൊണ്ട് പുത്രനും വാണിജ്യത്താല്‍ വിത്തവും ജാതഷ്‌ടോമം എന്ന യാഗത്താല്‍ സ്വര്‍ഗ്ഗവും കൈവരുന്നതുപോലെ പുരുഷപ്രയത്‌നസാദ്ധ്യമാകുന്ന വേദാന്ത ശ്രവണാദികളാല്‍ ലഭിക്കുന്ന സാധിയാല്‍ ജീവന്‍ മുക്തി തുടങ്ങിയവ സാദ്ധിക്കുന്നു. സര്‍വവിധമായ വാസനകളും ക്ഷയിച്ചതിനുശേഷം മാത്രമെ അവ സുസാധ്യമാവുകയുള്ളു.
ഛാന്ദോഗ്യോപനിഷത്ത് 65
അഹം എന്നത് ദേഹമല്ല ആത്മാവ് തന്നെയാണ് എന്ന് ഉറപ്പിക്കാനാണ് ആത്മാവിനെപ്പറ്റിയുള്ള ആദേശം പറഞ്ഞത്. ഞാന്‍ ദേഹമാണ് എന്ന് തെറ്റിദ്ധരിച്ച അവിവേകികള്‍ അഹം എന്ന് പറയുന്നതും കേള്‍ക്കുന്നതും ശരീരത്തെയാണ്. എന്നാല്‍ അഹം എന്നത് എങ്ങും നിറഞ്ഞ് വിളങ്ങുന്ന ആത്മസ്വരൂപം തന്നെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. അദ്വിതീയമായ ആത്മാവിനെ മനനം, വിജ്ഞാനം എന്നിവയാല്‍ അറിഞ്ഞയാള്‍ക്ക് രതിയും ക്രീഡയും ദ്വന്ദ്വ സുഖവും ആനന്ദവുമൊക്കെ ആത്മാവില്‍ നിന്ന് ലഭിക്കുന്നു.രതി എന്നത് സ്വദേഹം കൊണ്ട് നിര്‍വഹിക്കുന്നതാണ്. മറ്റ് സാധന സഹായത്താല്‍ ചെയ്യുന്നത് ക്രീഡ. ഇണചേരുമ്പോള്‍ കിട്ടുന്നത് മിഥുനം അഥവാ ദ്വന്ദ്വ സുഖം. ഇവയെല്ലാം തന്നില്‍ തന്നെ കിട്ടും. അപ്പോള്‍ അവയെ ആത്മരതി, ആത്മക്രീഡ, ആത്മമിഥുനം, ആത്മാനന്ദം എന്ന് പറയുന്നു. അയാള്‍ ആത്മ സാമ്രാജ്യത്തിന്റെ അധിപനാകുന്നതിനാല്‍ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നു.
ഭൂമാവില്‍ പ്രതിഷ്ഠിതനായ ഒരാള്‍ക്ക് തന്നില്‍ നിന്ന് അന്യമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ സ്വയം പ്രകാശ സ്വരൂപനാകുന്നു. സ്വരാട് എന്ന വിശേഷണം ഇതിനെ കുറിക്കുന്നു.  ആ ആത്മ പ്രകാശം കൊണ്ടാണ് മറ്റുള്ളതിനെല്ലാം പ്രകാശം ഉണ്ടാകുന്നത്.
തസ്യ ഹ വാ ഏതസൈ്യ വം പശ്യത ഏവം മന്വാന സൈ്യവം വിജാനത ആത്മത: ....... കര്‍മ്മാ ണ്യാത്മത ഏവേദം സര്‍വമിതി.
ഇങ്ങനെ  കാണുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നയാള്‍ക്ക് പ്രാണന്‍ ആത്മാവില്‍ നിന്നാണ്. ആശ, സ്മരണം, ആകാശം, തേജസ്സ്, അപ്പുകള്‍, ഉല്‍പത്തി, പ്രളയം, അന്നം, ബലം, വിജ്ഞാനം, ധ്യാനം, ചിത്തം, സങ്കല്പം, മനസ്സ്, വാക്ക്, നാമം, മന്ത്രങ്ങള്‍, കര്‍മ്മങ്ങള്‍ തുടങ്ങി എല്ലാം ആത്മാവില്‍ നിന്നാണ്.
ആത്മസാക്ഷാത്കാരം നേടി ഭൂമാവില്‍ പ്രതിഷ്ഠിതനായ ജ്ഞാനിക്ക് എല്ലാറ്റിന്റെയും ആധാരവും പ്രഭവ സ്ഥാനവും ആത്മാവാണെന്ന് ബോധ്യം വരും. എല്ലാം ആത്മാവില്‍ നിന്നാണ് ഉïായത്. ആത്മാവല്ലാതെ മറ്റൊന്നുമില്ല. അത് മാത്രമാണ് സത്യം .
ഇതിനെ കാണിക്കാന്‍ ഒരു  ശ്ലോകമുണ്ട്. ന പശ്യോ മൃത്യും പശ്യതി ന രോഗം നോത ദുഃഖതാം സര്‍വം ഹ പശ്യ ....... മൃദിതകഷായായ തമസസ്പാരം ദര്‍ശയതി ഭഗവാന്‍ സനത് കുമാര സ്തം സ്‌കന്ദ ഇത്യാചക്ഷതേ തം സ്‌കന്ദ ഇത്യാചക്ഷതേ.
സത്യത്തെദര്‍ശിക്കുന്നയാള്‍ മരണത്തെ കാണുന്നില്ല. രോഗത്തേയും ദുഃഖത്തേയും കാണുന്നില്ല. സത്യദര്‍ശി എല്ലാറ്റിനേയും കാണുന്നു. എല്ലാ തരത്തിലും എല്ലാറ്റിനേയും നേടുന്നു. അയാള്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന്, നൂറ്റിപതിനൊന്ന്, ആയിരത്തി ഇരുപത് എന്നിങ്ങനെ ആയിത്തീരുന്നു.
ആഹാരം ശുദ്ധമായാല്‍  അന്തഃകരണം ശുദ്ധമാകും.അന്തഃകരണം ശുദ്ധമായാല്‍ ഉറച്ച സ്മൃതി ഉണ്ടാകും.  സ്മൃതി ഉണ്ടായാല്‍ ഹൃദയത്തിന്റെ എല്ലാ കെട്ടുകളും പൊട്ടും. അപ്പോള്‍ മനസ്സിലെ മാലിന്യങ്ങളെല്ലാം നീങ്ങും. അങ്ങനെ മനോ മാലിന്യങ്ങള്‍ നീങ്ങിയ നാരദനെ ഭഗവാന്‍ സനത് കുമാരന്‍ അറിവില്ലായ്മയുടെ കൂരിരുട്ടിന്റെ മറുകരയ്‌ക്കെത്തിച്ചു. പരമാര്‍ഥത്തെ കാട്ടിക്കൊടുത്തു. അതിനാല്‍ അദ്ദേഹത്തെ സ്‌കന്ദന്‍ എന്ന് പറയുന്നു.
ആത്മസാക്ഷാത്കാരം ലഭിച്ചയാള്‍ക്ക് മരണമോ രോഗമോ ദുഃഖമോ ഉïാകില്ല. എല്ലാം തന്റെ ആത്മാവായി കാണുന്നതിനാല്‍ എല്ലാറ്റിനേയും പ്രാപിക്കും. ഏകവും അദ്വയവുമായ താന്‍ തന്നെയാണ് പലതായത് എന്ന് അയാള്‍ക്കറിയാം.
ആത്മസാക്ഷാത്കാരത്തിന് മനന നിദിധ്യാസങ്ങളോടൊപ്പം അന്തഃകരണ ശുദ്ധി ഉണ്ടാകേണ്ടതിനെപ്പറ്റിയും പറയുന്നു. ആഹാര ശുദ്ധി പ്രധാനം. സ്വാതികാഹാരം കഴിക്കണം.ഓരോ ഇന്ദ്രിയങ്ങളിലൂടെ അറിയുന്നതും ആഹാരമാണ്. രാഗം, ദ്വേഷം തുടങ്ങിയവയുടെ സംബന്ധമില്ലാതിരിക്കുന്നതാണ് ആഹാര ശുദ്ധി. അതിലൂടെ ഉള്ളം ശുദ്ധമാകും. നല്ല ഉറച്ച ഓര്‍മ്മശക്തിയുണ്ടാകും.അപ്പോള്‍ അജ്ഞാനത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകും.മനോ മാലിന്യങ്ങള്‍ നീങ്ങി നിരതിശയമായ പരമശാന്തിയെ നേടാനാകും.നാരദന്‍ ഇപ്രകാരം എല്ലാ ദോഷങ്ങളേയും ഗുരു ഉപദേശത്താല്‍ കഴുകിക്കളഞ്ഞു. നാരദന് അജ്ഞാനം നീക്കി പരമ പദത്തെ കാണിച്ചു കൊടുത്തതിനാലാണ് സനത് കുമാരനെ സ്‌കന്ദന്‍ എന്ന് വിളിക്കുന്നത്.
'സ്‌കന്ദിര്‍ ഗതി ശോഷണ യോ:'
 സ്‌കന്ദന്‍ എന്നാല്‍ അവിദ്യയെ നശിപ്പിച്ച് വിദ്യയെ നല്‍കുന്നയാള്‍ എന്നര്‍ത്ഥം.
സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍, തിരുവനന്തപുരം