തന്ത്രം എന്നാല്‍ എന്ത്
ഓം
തന്ത്രമെന്ന ശബ്ദത്തിന് സിദ്ധാന്തം എന്ന് അര്‍ഥമുണ്ട്
ശ്രുതി ശാഖ, വേദശാഖ എന്ന് അര്‍ഥമുണ്ട്
ഇതി കര്‍ത്തവ്യത -കര്‍മ്മനിഷ്ഠ- എന്ന് അര്‍ഥമുണ്ട്
പ്രബന്ധം - രചന- എന്ന് അര്‍ഥമുണ്ട്
ശാസ്ത്ര വിശേഷം എന്ന് അര്‍ഥമുണ്ട്
ഭരണ തന്ത്രം എന്ന് വിശേഷിപ്പിയ്ക്കാറുണ്ട്
പ്രജാതന്ത്രം എന്ന് വിശേഷിപ്പിയ്ക്കാറുണ്ട്. [കാളിദാസന് അഭിജ്ഞാനശാകുന്തളത്തില്‍ പ്രജാ തന്ത്രൈ വ: എന്ന് പറഞ്ഞ് കാണുന്നുണ്ട്. തൈത്തരീയ ബ്രാഹ്മണവും പ്രജാതന്ത്രം എന്ന അര്‍ഥത്തില്‍ പറഞ്ഞിട്ടുണ്ട്.]
തുണി ഉണ്ടാക്കുന്ന ഉപകരണത്തിന് തന്ത്രം എന്ന് പറയും. തന്ത്രിക എന്ന് പാണിനിയുടെ അഷ്ടാധ്യായിയില്‍ സൂചിപ്പിയ്ക്കുന്നു. തറിയില്‍ നിന്ന് നൈതെടുക്കുന്ന തുണിയ്ക്ക് പറയും. തന്ത്രി എന്ന് നൂലിന് പറയും.
ശതപത ബ്രാഹ്മണവും താണ്ഡ്യബ്രാഹ്മണവും, ഒന്നിന്റെ സത്തയുടെ മുഖ്യാംശത്തെ തന്ത്രമെന്ന് വിളിയ്ക്കുന്നതായി കാണാം. എന്തിന്റെയെങ്കിലും സത്ത, മുഖ്യ അംശം എന്ന അര്‍ഥത്തില്‍
താണ്ഡ്യബ്രാഹ്മണത്തിന്റേയും ശതപത ബ്രാഹ്മണത്തിന്റെയും കാലത്ത് ശാസ്ത്രസാരത്തെ തന്ത്രമെന്ന് കരുതിക്കാണും.
ചിന്താ പദ്ധതിയെ തന്ത്രമെന്ന് വിളിയ്ക്കും.
നിയമ സംഹിതയെ തന്ത്രമെന്ന് വിളിയ്ക്കും.
കാത്യായനം യാജ്ഞവല്ക്യം മുതലായ തന്ത്രങ്ങള്‍ നിയമ സംഹിതകളാണ്. മാനവ തന്ത്രവും (മനു സംഹിത) നിയമ സംഹിതയാണ്. ആ കാലങ്ങളില്‍ നിയമത്തിനും തന്ത്രമെന്ന് പ്രസിദ്ധി കിട്ടിക്കാണും.
സാംഖ്യം, യോഗം മുതലായവയേയും തന്ത്രം എന്ന് വിളിച്ചു കാണുന്നുണ്ട്.
കപിലസ്യ തന്ത്രം എന്ന് ശ്രീ ശങ്കരാചാര്യര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മീമാംസാ ശാസ്ത്രത്തെ തന്ത്രാഗമങ്ങളുടെ ലോകത്ത് ഏറ്റവുമധികം സംഭാവനകള്‍ ചെയ്തിട്ടുള്ള ശ്രീ ഭാസ്കര റായ് തന്ത്രമെന്ന് പറഞ്ഞിട്ടുണ്ട്.
തത്ത്വ സംഹാരമായും അനുഷ്ഠാനമായും അനുഭൂതിയായും അതീന്ദ്രിയ അനുഭവങ്ങളായും, ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ മാജിക് ആയും തന്ത്രമെന്ന ശബ്ദം ഉപയോഗിയ്ക്കാറുണ്ട്.
ഹ്രസ്വീകരണമെന്നും തന്ത്രത്തിന് അര്‍ഥം പറഞ്ഞിട്ടുണ്ട്. അഥര്‍വ വേദത്തിന്റെ ഒരു പരിശിഷ്ഠത്തില്‍ ബീജഗണിത രീതിയില്‍ സൂത്രരൂപത്തില്‍ പറയുന്നതിന് തന്ത്ര എന്ന് അര്‍ഥം പറയാം എന്ന് കാണുന്നുണ്ട്. ശുല്‍ബസൂത്രങ്ങളൊക്കെ ആ നിലയില്‍ വളര്‍ന്നുവന്നിട്ടുള്ളതാണെന്ന് തീര്‍ച്ച.
യോഗസാധനകൊണ്ട് ശരീരത്തെ സംരക്ഷിയ്ക്കുന്നതും തന്ത്രമാണ്. അതെങ്ങിനെയെന്ന് കാണാം.
തനു (തന്) എന്നാല്‍ വ്യാപിയ്ക്കുക എന്ന് അര്‍ഥം. തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര:
ജ്ഞാനം ഏതുകൊണ്ട് വര്‍ധിയ്ക്കുമോ, അത് തന്ത്രം.
ഈ അര്‍ഥത്തില്‍ ഏത് ജ്ഞാനശാഖയേയും തന്ത്രമെന്ന് വിളിയ്ക്കാം. കപില തന്ത്രം, ഗൗതമ തന്ത്രം ഇത്യാദിയൊക്കെ. എല്ലാ ദര്‍ശനഗ്രന്ഥങ്ങളും തന്ത്രം എന്ന ശബ്ദത്തിന്റെ പരിധിയില്‍ വരും എന്ന് അര്‍ഥം.
തന്ത്രത്തിന്റെ അതേ ധാതുവില്‍ നിന്ന് (root) ശാസ്ത്രം എന്നും മന്ത്രം എന്നും ഉള്ള ശബ്ദങ്ങള്‍ ഉണ്ടായിട്ടുള്ളത്.
ത്രയീ എന്ന ശബ്ദത്തിന് രക്ഷിയ്ക്കുക, ത്രാണനം ചെയ്യുക എന്ന് അര്‍ഥം. തനു എന്ന ശബ്ദത്തിന് ശരീരം എന്ന് പറയും. തനു ത്രായതേ ഇതി തന്ത്ര. ശരീരത്തെ ത്രാണനം ചെയ്യുന്നത്, രക്ഷിയ്ക്കുന്നത് എന്ന് അര്‍ഥം. സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളെ രക്ഷിയ്ക്കുന്നതിനെ തന്ത്രമെന്ന് പറയും.
തന്ത്ര എന്നാല്‍ വിശദമാക്കുക, മനസ്സിലാക്കുക എന്നൊക്കെ അര്‍ഥമുണ്ട്. ഈശാന ഗുരുദേവ സമ്പദായം എന്ന ഒരു സമ്പ്രദായക്കാരുടെ അഭിപ്രായപ്രകാരം തന്ത്രമെന്നാല്‍ ശൈവമാണെന്നാണ് അവര്‍ കരുതുന്നത്. ഇത് കാശ്മീരി തന്ത്രാഗമമാണ്. അതിന്റെ ഉറവിടം കശ്മീരായതുകൊണ്ടാണ് കാശ്മീരി തന്ത്രം എന്ന് പറയുന്നത്. അവിടെ ഒട്ടേറെ ആചാര്യന്മാര് ജീവിച്ചിരുന്നു. അവരുടെയൊക്കെ പേരുകള്‍ ചേര്‍ത്താണ് ശൈവ തന്ത്രാഗമങ്ങള്‍ അറിയപ്പെട്ടു പോരുന്നത്.
സരസ്വതീ ലിപിയാണ് പല പ്രാചീന തന്ത്രങ്ങളിലും ഉള്ളത്. ശാരദാലിപി എന്നും പറയും. ഈ ലിപി വംഗദേശത്തിന്റെ - ബംഗാള്‍- ലിപിയാണ്. അതുകൊണ്ട് തന്ത്രത്തിന്റെ ഉറവിടം വംഗദേശമാണെന്ന്‍ പല പാശ്ചാത്യ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ലിപി ആറാം നൂറ്റാണ്ടിനു ശേഷമുണ്ടായതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായത്തിനോട് പല ഭാരതീയ പണ്ഡിതരും യോജിയ്ക്കുന്നുമുണ്ട്‍. എന്നാല്‍ ഈ വാദങ്ങളൊന്നും പൂര്‍ണ്ണമായി അംഗീകരിയ്ക്കാന്‍ പറ്റില്ലെന്നതിന് ധാരാളം തെളിവുകള്‍ വംഗദേശത്തുതന്നെ നിലനില്‍ക്കുന്നുമുണ്ട്.
തന്ത്രങ്ങളെ ആഗമമെന്നും നിഗമമെന്നും വിളിയ്ക്കും. ശിവന് ഗുരുവും പാര്‍വ്വതി ശിഷ്യയുമായിട്ടുള്ള സംവാദം ആഗമവും പാര്‍വ്വതി ശിവന് പറഞ്ഞുകൊടുക്കുന്നത് നിഗമവും.
വിഷ്ണുക്രാന്ത, രഥക്രാന്ത അല്ലെങ്കില്‍ രാധാക്രാന്ത, അശ്വക്രാന്ത, ഗജക്രാന്ത എന്നിങ്ങനെ അവയുടെ ഉല്പത്തിസ്ഥാനമനുസരിച്ച് ഈ തന്ത്രങ്ങളെ തിരിച്ചിട്ടുണ്ട്. ഇതില്‍ 64 തന്ത്രങ്ങള്‍ ഈ ഉല്പത്തിയുള്ളവയാണെന്ന്‍ വിശ്വസിയ്ക്കുന്നു.
വിഷ്ണുക്രാന്ത്ര: വിഷ്ണു എന്ന് പറഞ്ഞാല്‍ കടല്‍യാനം എന്ന് അര്‍ഥം. യാനം എന്നാല്‍ യാത്രയ്ക്ക് ഉപകരിയ്ക്കുന്ന പേടകം. വഞ്ചിയെന്നോ കപ്പലെന്നോ ഒക്കെ വിളിയ്ക്കാം. കടല്‍യാനമായി ഉപയോഗിയ്ക്കുന്ന വാഹനത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്, അതിന്റെ ഉല്പത്തിസ്ഥാനം, ആ പ്രദേശം അറിയപ്പെട്ടിരുന്നത്. വിന്ധ്യാപര്‍വതം മുതല്‍ കട്ള വരെയുള്ള സ്ഥലം. ചിറ്റഗോങ് മുതല്‍ ബംഗ്ലാദേശ് വരെ എന്ന് ആധുനിക പേരില്‍ പറയും. ഇതിനെ വിഷ്ണുക്രാന്ത എന്ന് പറയും. ഈ പ്രദേശത്തെ മുകളില്‍നിന്ന് നോക്കിയാല്‍, ആകാശത്തുനിന്ന് നോക്കിയാല്‍. വിടര്ന്നുനില്ക്കുന്ന പതിനാറ് ദളങ്ങളുള്ള താമരയായിട്ടാണ് താന്ത്രികര്‍ കാണുന്നത്. വിന്ധ്യനും അതിനു ചുറ്റുപാടുമൊക്കെ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദി ആ താമരയുടെ തണ്ടായും ആണ് കാണുന്നത്.
[വിന്ധ്യന്‍മുതല്‍, അവിടെ കാണുന്ന വിന്ധ്യാചല വാസിനീ മുതലായ ക്ഷേത്രങ്ങളും ഉദയഗിരി കോട്ടയുമൊക്കെ പ്രതാപ ഐശ്വരങ്ങളോടുകൂടി നലിനിന്നിരുന്ന താന്ത്രിക ജീവിതത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നവും ഉയര്‍ത്തുന്നവയുമാണ്. ആ ഭൂപ്രദേശത്തെ പതിനാറ് ദളങ്ങളോടുകൂടിയ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദിയെ താമരയുടെ തണ്ടായും കാണുവാന്‍ കഴിയുന്ന ഭാവനാ വിശേഷമുള്ളവന് വിന്ധ്യനിലിരുന്ന തപം ചെയ്യുമ്പോള്‍ വിന്ധ്യാചലവാസിനിയായ ദേവി അവന് പ്രത്യക്ഷയാവും, അവന്റെ ഋദ്‍കമലത്തില്‍ അവള് കയറി ഇരിയ്ക്കും. തന്ത്രാരാധനയുടെ രഹസ്യമറിയുന്നവന് ആനുഭൗതികമെന്ന്‍ പറയുമ്പോള്‍ കേള്ക്കുന്നവന് ഭാന്ത് എന്ന് പറഞ്ഞുപോകും. ആനുഭൗതിക സത്തയുടെ അന്തരിന്ദ്രിയ ദ്ര്ഷ്ടി പിത്ര്പൈതാമഹ സമ്പ്രാപ്തമായി ലഭിച്ചവന്റെ അറിവില്‍ അത് അനുഭൂതിയും അതില്ലാത്തവന്റെ ഭൗതിക ദ്ര്ഷ്ടികോണത്തില്‍ അത് ഭ്രാന്തുമാണ്. അത് സരസ്വതിയുടെ ഇരിപ്പിടമാണ്. ആനുഭൗതികമായി അത് അറിഞ്ഞവന്റെ നാവില്‍ സരസ്വതി തത്തിക്കളിയ്ക്കും.
രേവാം രക്ഷസ്സ്യുപലവിഷമേ സിന്ധു പാദേ........... എന്നൊക്കെ കാളിദാസന് വര്ണ്ണിയ്ക്കുന്നത് -
രേവാനദിയുടെ ജലത്തുള്ളികള്‍ വിന്ധ്യന്റെ കാല്പാദങ്ങളില് വന്ന് തട്ടിത്തെറിച്ച് മണിമുത്തുകളായി വീഴുന്നു എന്ന് എഴുതുമ്പോള്‍ കാളിദാസ ഭാവനയും മറ്റും തന്ത്രരഹസ്യമുള്ളതായി മാറും.
[അതൊക്കെ ഒരു സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ ആധുനികനായൊരു കവി പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യം പഠിച്ച് ക്ലാസില്‍ പഠിപ്പിച്ചാല്‍, ഒരു ആടു മേയ്ക്കുന്നവന്റെ നാവില്‍, അടഞ്ഞുകിടന്നിരുന്ന വാതില്‍ പാളികളുടെ ഇടയിലൂടെ വാളിന് തുമ്പുകൊണ്ട് എഴുതിയ ദേവതാ സങ്കല്‍പ്പത്തിന്റെ അത്യുദാരങ്ങളായ ഭാവങ്ങള്‍ കാവ്യസരിത്തിലൊഴുകുന്നത്‍ അനുഭൂതിവിശേഷമായി മനസ്സിലാക്കാനാവില്ല. അതിന്റെ അനുഭൂതികള്‍ക്ക് ഭാവോന്മീലനം വരണമെന്നുണ്ടെങ്കില്‍ കാളിദാസരുടെ പാരമ്പര്യ പ്രതിഷ്ഠിതമായ താന്ത്രികമായ അറിവിന്റെ അന്ത:സ്ഥിത ചൈതന്യത്തിലൂടെ തേരോടിക്കുവാനുള്ള കഴിവുനേടി പഠിയ്ക്കണം.
അതുകൊണ്ടാണ് പൗരാണിക ഭാരതം കുട്ടികളെ കുട്ടിക്കാലത്തുതന്നെ വിന്ധ്യാചലത്തില്‍ കൊണ്ടുപോയി ഇരുത്തി കാളിദാസാദി കവികുലം കണ്ട ലോകങ്ങളെ വര്‍ണ്ണിച്ചു കടന്നുപോന്നിരുന്നത്.
ഭൗതിക സമ്പാദ്യങ്ങള്‍ക്ക് വേണ്ടി വഴക്കുണ്ടാക്കി പെരുത്ത് സമ്പാദിച്ച് ഓടുന്ന ഭാരതീയന് കാണാന്‍ കഴിയാത്ത ഭാരതീയ പൈത്ര്കത്തിന്റെ അന്തര്‍ധാരയിലൂടെ അല്പവസ്ത്രധാരികളായി കടന്നുവന്ന് ഈ ഭൂതഭൗതിക പ്രപഞ്ചത്തിലൊന്നുമല്ല അറിവിരിയ്ക്കുന്നത്‍ എന്നോര്‍ത്ത് അന്വേഷിയ്ക്കുന്ന പാശ്ചാത്യന്റെ അന്തര്‍മണ്ഡലങ്ങളില്‍ മാത്രമാണ് പൗരാണിക ഭാരതീയ തന്ത്രാഗമങ്ങളുടെ നാദവും ശ്രുതിയും ലയവും നിലകൊള്ളുന്നതെന്നും അതിലൂടെയാണ് ലോകം ഇത് കാണാന്‍ ശ്രമിയ്ക്കുന്നതെന്നും കാണുന്നത് ഒരു വിധിവൈപരീത്യം തന്നെ എന്നല്ലാതെ അതിന് വേറ് എന്ത് വിശേഷണം നല്കാന്.]
കുട്ടികളെ മുഴുവന്‍ സമ്പാദിയ്ക്കാന്‍ വിടുമ്പൊള് സമ്പാദ്യങ്ങളറ്റ പാശ്ചാത്യര്‍ അറിവിന്റേയും അനുഭൂതികളുടേയും ലോകങ്ങളിലൂടെ സഞ്ചരിയ്ക്കാന്‍ ബ്രാഹ്മണങ്ങളുടേയും ബ്രാഹ്മണ്യത്തിന്റേയും അത്യപൂര്‍വ ഭൂവിലൂടെ സഞ്ചരിയ്ക്കുകയാണ്.))
രാധാക്രാന്ത : വിന്ധ്യന് മുതല്‍ നേപ്പാളം ഉള്‍പ്പെടെ മഹാചീനം വരെ. ആ സ്ഥലമാണ് രാധാക്രാന്ത. പന്ത്രണ്ട് ദളങ്ങളുള്ള താമരപോലെയാണ് അത് വിടര്‍ന്നു നില്‍ക്കുന്നത്
ഏറ്റവും പേരുകേട്ട രണ്ട് സമ്പ്രദായങ്ങളാണ് വിഷ്ണുക്രാന്തയും രാധാക്രാന്തയും, രണ്ട് സമ്പ്രദായങ്ങള്‍.
അശ്വക്രാന്ത : വിന്ധ്യന് മുതല്‍ മഹാസമുദ്രം വരെ, പടിഞ്ഞാറ് കാരതോയ സമുദ്രം വരെ (പശ്ചിമബംഗാള്‍), കിഴക്ക് പേര്‍ഷ്യയും ഈജിപ്തും അടക്കം, യവദ്വീപം (ജാവ) വരെ. ഇവിടങ്ങളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന തന്ത്രം.
ഗജക്രാന്ത : അശ്വക്രാന്തയിലെ പേര്‍ഷ്യയും ഈജിപ്തും ഒഴിവാക്കി ബാക്കി വരുന്ന പ്രദേശം.
ഭാരതമെന്ന മഹാസാമ്രാജ്യത്തെ തന്ത്രാഗമങ്ങള്‍കൊണ്ട്‍ കാലമായും ദേശമായും തിരിച്ച് പഠിച്ചിരുന്ന പഠന രീതിയെ വെച്ചാണ് ഈ തന്ത്രങ്ങളുടെ നിലനില്പ്.
((അതിക്രമങ്ങള്‍കൊണ്ടും അനുഷ്ഠാന വൈകല്യങ്ങള്‍കൊണ്ടും ധര്‍മം വെടിഞ്ഞുള്ള ജീവിതംകൊണ്ടുമൊക്കെ നഷ്ടപ്പെട്ട ഒരു കാലഘട്ടത്തെ തന്ത്രം നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട് എന്നുകൂടി സ്മരിയ്ക്കുന്നത് നന്ന്.))
തന്ത്രത്തിന് പലവിധ ഭാഗങ്ങളുണ്ട്. വൈഷ്ണവ തന്ത്രം, ശൈവ തന്ത്രം ശാക്തേയ തന്ത്രം എന്ന് പറയും. ഇതിനെ സംഹിത, ആഗമം, തന്ത്രം എന്ന് യഥാക്രമം വിളിയ്ക്കും.
വൈഷ്ണവ തന്ത്രങ്ങളെ സംഹിതകളെന്നും ശൈവ തന്ത്രങ്ങളെ ആഗമങ്ങളെന്നും ശാക്തേയ തന്ത്രങ്ങളെ തന്ത്രമെന്നും വിളിയ്ക്കും.
തന്ത്രം രണ്ടു വിധത്തിലുണ്ട്. സദാഗമ തന്ത്രം, അസദാഗമ തന്ത്രം.
സദാഗമതന്ത്രങ്ങള്‍ സേശ്വരങ്ങളാണ്. അസദാഗമതന്ത്രങ്ങള്‍ നിരീശ്വരങ്ങളും. ഈശ്വരാരാധനാപരങ്ങളായവ സദാഗമ തന്ത്രങ്ങളും അങ്ങിനെയല്ലാത്തവ അസദാഗമ തന്ത്രങ്ങളും. ഇതിനെ വൈദിക തന്ത്രങ്ങളെന്നും അവൈദിക തന്ത്രങ്ങളെന്നും പറയാറുണ്ട്.
(തന്ത്രം ആസ്തികമെന്നും നാസ്തികമെന്നും. സദാഗമതന്ത്രമെന്നും അസദാഗമ തന്ത്രമെന്നും പറയപ്പെടുന്നു. സദാഗമങ്ങള്‍ സേശ്വരങ്ങളാണ്, അസദാഗമങ്ങള്‍ നിരീശ്വരങ്ങളാണ്. ഇതിനെ വൈദിക തന്ത്രങ്ങളെന്നും അവൈദിക തന്ത്രങ്ങളെന്നും പറയുന്നു. രണ്ടായാലും കൗളമാര്‍ഗ്ഗമായിട്ടാണ് അതിലെ ആചാരങ്ങള്‍ മുഴുവനും. വിഗ്രഹാരാധനയും, മൂര്ത്തിപൂജയും ചിഹ്നപൂജയും ഒക്കെ, വൈദികമല്ലാത്തതുകൊണ്ടാവണം അതൊക്കെ എതിര്‍ക്കപ്പെടാനുള്ള കാരണം. കൗളമാര്‍ഗ്ഗം വൈദികര്‍ അംഗീകരിയ്ക്കുന്നില്ല. സമയാചാരമാണ് ശ്രേഷ്ഠം. ആസ്തിക തന്ത്രവും നാസ്തിക തന്ത്രവും ഉള്ളതുകൊണ്ട്, രണ്ടിനേയും യോജിപ്പിയ്ക്കണ്ട ആവശ്യമില്ലല്ലൊ. രണ്ട് സിദ്ധാന്തമാണെന്ന് മാത്രം. ഒന്ന് മറ്റേതിന് എതിരായിട്ടല്ല പ്രയോഗിയ്ക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. (ശൈവവും വൈഷ്ണവവും പോലെ.) കൂടുതല്‍ ഇതിലേയ്ക്ക് വെളിച്ചം വീശാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നു. മൂര്‍ത്തി പൂജ ഉള്ളതുകൊണ്ടുതന്നെയാവണം അതിനെ എതിര്‍ക്കുന്നതെന്ന് തോന്നുന്നു.
വൈദിക തന്ത്രങ്ങളെ മൂര്ത്തിഭേദമനുസരിച്ച് ശാക്തം ശൈവം സൗരം ഗാണപത്യം വൈഷ്ണവം ഇങ്ങനെ തിരിയ്ക്കും.
((തന്ത്രാഗമങ്ങളുടെ ചരിത്രം തേടി വന്ന ക്ര്സ്തീയ വിശ്വാസ പ്രമാണങ്ങള്‍ പഞ്ച "മ" കാരങ്ങളോടുകൂടിത്തന്നെ, തന്ത്രത്തിലധിഷ്ഠിതമാണ്. കശ്മീരി തന്ത്രത്തിന് ക്രൈസ്തവ സിദ്ധാന്തങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. ക്ര്സ്തുവിന്റെ ആഗമനവും അവസാനവും ചേര്‍ത്തുവെച്ച് നോക്കിയാല്‍ (ക്ര്സ്തു തന്റെ വാഗ്ദത്ത ഭൂമിയായ കശ്മീരില്‍ അന്ത്യ വിശ്രമം കൊള്ളുന്നു എന്ന് കേട്ടിരിയ്ക്കുമല്ലൊ,) കശ്മീരിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. തന്ത്രാഗമങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങാളിലാണ് ഇത് ശ്രദ്ധേയമാകുന്നത്. ശിവസ്പന്ദം ശിവസൂത്രം പ്രത്യഭിജ്ഞാദര്‍ശനം, ഇവയൊക്കെ അവിടെയാണ്.
((മഗധ, നളന്ദ വിഭാഗങ്ങളില്‍ നിലനിന്നിരുന്ന സൗര തന്ത്രങ്ങളാണ് യേശുക്ര്സ്തു പഠിച്ചത്. അതാണ് യൂറോപ്യന്‍ ഭൂവിഭാഗത്തിലേയ്ക്ക്‍ പെട്ടെന്ന് പ്രചലിതമായത്. അതുകൊണ്ടുതന്നെയാണ് എതിര്‍ക്കുന്നവന്റെ ഉള്ളില്‍പോലും നടുക്കമുണ്ടാക്കും വിധം ക്ര്സ്തീയ തന്ത്രം - സൗരതന്ത്രം- ഋദയാകര്‍ഷകമായി തീരുന്നത്. യേശുക്ര്സ്തുവിന്റെ ചിത്രത്തില്‍ ഹ്ര്ദയഭാഗത്ത്‍ പ്രകാശിയ്ക്കുന്ന പ്രഭ, സൗരതന്ത്രത്തിന്റെ ചിഹ്നമാണ്. ആഗമങ്ങളേയും അവയുടെ വികാഅങ്ങളേയും പരിണാമങ്ങളേയും നന്നായി മനസ്സിലാക്കാതെ അവയെ വേണ്ടതുപോലെ പഠിയ്ക്കാതെ ജനവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നുള്ളതാണ് ആധുനികതയുടെ ശാപം.))
ശാക്ത തന്ത്രങ്ങള്‍ മഹാവിദ്യകളെ അടിസ്ഥാനപ്പെടുത്തി പത്ത് വിഭാഗങ്ങളായി തിരിയ്ക്കാം. അതില്‍ ഏറ്റവും ശ്രേഷ്ഠമായി എണ്ണുന്നത് ഷോഡശീ തന്ത്രമാണ്. അതിനെ ശ്രീവിദ്യാ തന്ത്രമെന്ന് പറയും
അതില്‍ സ്രോതസ്സ് പീഠം ആമ്നായം ഒക്കെ അനുസരിച്ച് തിരിയ്ക്കുന്ന സമ്പദായമുണ്ട്‍. ഏത് വേദമാണ്, ഏത് സമ്പ്രദായത്തില്‍ പെട്ട പീഠമാണ് എന്നൊക്കെ (ഉദാ: ദ്വാരകാ പീഠം). ഏതാണ് സ്രോതസ്സ്, പരമ്പര എന്നൊക്കെ നോക്കിയിട്ട്. അങ്ങിനെയാണ് പരമ്പര നിലനില്‍ക്കുന്നത്. ((കാരണം സാമ്പ്രദായികമായി താന്‍ ഏതില്‍നിന്നാണ് ആവിര്‍ഭവിച്ചത് എന്നുള്ളതിന്റെ സ്മരണ വരുമ്പോഴൊക്കെ അസ്നാവിരം അറിവ് ഒഴുകും. അറിവ് തന്റെ മിടുക്കുകൊണ്ടല്ല മറിച്ച് പിത്ര്പൈതാമഹ സമ്പ്രാപ്തമായതാണെന്നും, പിതാവില്‍ നിന്ന് ഉപദേശാദികള്‍ ലഭിച്ച് പിത്ര്പാരമ്പര്യത്തിലധിഷ്ഠിതമായി അതേ പാരമ്പര്യത്തിലുള്ള ഗുരുക്കന്മാരെ കണ്ടെത്തി നേടുന്നതാണ് അറിവെന്നും തിരിച്ചറിയുന്നതുവരെ അവനില്‍ അറിവിന്റെ അംശം ഇല്ല. സമ്പ്രദായ വിരുദ്ധങ്ങളായ അറിവുകളുടെ സാമീപ്യംപോലും സംഘര്‍ഷമാണ്, ശാന്തിയല്ല. എന്റെ സമ്പ്രദായത്തിന് ഇണങ്ങാത്ത ഒരാളുടെ അടുത്തിരിക്കുമ്പോള്‍ അയാളിലെ ദേവതയും എന്നിലെ ദേവതയും തമ്മില്‍ ഉണ്ടാക്കുന്ന സംഘര്‍ഷം, ആ സമയത്ത് കയുന്നതൊന്നും അറിവായിട്ടല്ല, അറിവില്ലായ്മയായിട്ടാണ്. സംഘര്‍ഷവും നിഷേധവുമല്ലാതെ അറിവും ആനന്ദവും ശാന്തിയും ഒരു യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലും ഇല്ല എന്ന് തോന്നുന്നില്ലേ..))
ശബ്ദങ്ങളുടെ അര്‍ഥസൗഭഗം തന്ത്രത്തില്‍ അത്യന്തം പ്രാധാന്യമുള്ളതാണ്. കാദി ആദി മഹാദി സാദി എന്നിങ്ങനെ മന്ത്രത്തിന്റെ ആദ്യക്ഷരങ്ങളെ പ്രകടമാക്കി, ശക്തി ശിവനില്‍ ഉണ്ടെന്നുള്ളതിനാല്‍, അതിനാലാണ് അഗ്നി ജ്വലിയ്ക്കുന്നതെന്ന്‍ സങ്കല്പിച്ച് ശക്തിയുടെ അഞ്ച് പ്രവര്‍ത്തനങ്ങള്‍ പഞ്ചമുഖ രുദ്രനില്‍ പ്രകടമാക്കി ആഗമങ്ങള്‍ രംഗപ്രവേശം ചെയ്തു.
ഈശാനന് തത്പുരുഷന് സദ്യോജാതന്‍ വാമദേവന് അഘോരന്. ഇതാണ് പഞ്ചമുഖ രുദ്ര നാമങ്ങള്‍. ഇതനുസരിച്ച് തന്ത്രങ്ങള്‍ക്കും വ്യത്യാസമുണ്ടാവും.
ഈശാനന് - ചിത്ത് ബോധം കേവല ബോധം
തത്പുരുഷന് - ആനന്ദം
സദ്യോജാതന്‍ - ഇച്ഛ
വാമദേവന് - ജ്ഞാനം
അഘോരന് - ക്രിയ
സാധാരണ ഗതിയില്‍ സ്രോതസ്സ്, പീഠം ആമ്നായം ഇവയെ തിരിച്ച് സമ്പ്രദായം മനസ്സിലാക്കുമ്പോള്‍, കാദി ആദി സാദി തുടങ്ങിയ തലങ്ങളില്‍ വരും.
ഈ അഞ്ച് മുഖങ്ങളാണ് പത്ത് ആഗമങ്ങള്ക്ക് സ്ര്ഷ്ടികാരണം.
പത്ത് ആഗമങ്ങള്‍ - കാമികം, യോഗജം, ചിന്ത്യം, മുകുടം, അംശുമാന്, ദീപ്തം, അജിത, സൂക്ഷ്മം, സഹസ്ര, സുപ്രഭേദം. ഇവ പതിനെട്ട് രുദ്രാഗമങ്ങള്‍ക്ക്‍ കാരണമായി. രുദ്രാഗമങ്ങള്‍ - വിജയ, നിശ്വാസ(പ്രോത്‍ഗീതം), പരമേശ്വര, മൂക, ബിംബ, സിദ്ധ, ശന്തന, നാരസിംഹി, ചന്ദ്രാംശു(ചന്ദ്രഹാസ), വീരഭദ്ര(ഭദ്ര), ആഗ്നേയ, സ്വയംഭു, ബിസര(വിരക്ത), രൗരവ(രൗരവ്യ), വിമല(മുകുട), കിരണ, ലളിത, സൗമേയ(പരാഗമ). ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള പേരും ഉപയോഗിക്കുന്നു എന്ന് കാണിക്കുന്നതിനാണ് ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത്). ഇങ്ങനെ പിതിനെട്ടും പത്തും ചേര്‍ന്ന് ഇരുപത്തെട്ട് ശൈവാഗമങ്ങള്‍. ഇത് ഒരു സമ്പ്രദായം.
ശിവന്റെ ദിക്ഷിണാമുഖം എന്ന ഒരു സമ്പ്രദായമുണ്ട്. അതില്‍നിന്നാണ് അദ്വൈത സമ്പ്രദായങ്ങള്‍ മുഴുവനും വരുന്നത്. യോഗിനീ വക്ത്രം എന്നാണതിന് പറയുക. ഭൈരവാഷ്ടകം, യാമളാഷ്ടകം, സ്വച്ഛന്ദ ഭൈരവം, ശബ്ദഭൈരവം, ക്രോധഭൈരവം തുടങ്ങി കുറെയുണ്ട്. ഇവയൊക്കെ ഉപയോഗിച്ച് ഗണിതസൂത്രാദികളൊക്കെ ഉപയോഗിച്ച് കാലാന്തര ഗണനകളൊക്കെ ചെയ്യും.
യാത്ര ചെയ്യാനൊക്കെ ഉപയോഗിയ്ക്കുന്ന പാദുകവിദ്യ മുതലായതൊക്കെ ഇതിലാണ്. ധാരാളം വൈദ്യശാസ്ത്ര വിദ്യകളും ഇതിലൊക്കെ കാണാം. ഉദാഹരണത്തിന് നൂറ് വര്‍ഷം പഴക്കമുള്ള, ചെതുപ്പു നിലത്ത് വളരുന്ന ഒരു എരിക്കിന്റെ ചുവട്ടില്‍ വേരുകളൊന്നും മുറിയാതെ, മണ്ണുമാറ്റിയാല്‍, വജ്രാസനത്തിലോ പത്മാസനത്തിലോ ഇരിയ്ക്കുന്ന, എരുക്കിന്റെ വേരുകള്‍തന്നെ ആ രൂപത്തില്‍ ആയിത്തീര്‍ന്ന, ഒരു ഗണപതി വിഗ്രഹം ലഭിയ്ക്കും. ഏതൊരു അസുഖവും ഭേദമാവാന്‍ അതുമതി. എറുക്കിന്റെ തണ്ട് കഷണങ്ങളാക്കി കത്തിച്ചു നോക്കിയാല്‍ ആ എരുക്കിന്റെ പ്രായം അറിയാം.
ഹൈന്ദവ തന്ത്രങ്ങളും അഹൈന്ദവ തന്ത്രങ്ങളുമുണ്ട്. ബൗദ്ധ തന്ത്രങ്ങളും ജൈന തന്ത്രങ്ങളും ഉണ്ട് (പഞ്ച മ കാരത്തോടുകൂടിത്തന്നെ)
പുരാണ കാലത്തെ ആസ്പദമാക്കി വരാഹകല്പം, കാലകല്‍പം എന്നിങ്ങനെ തിരിച്ച് തന്ത്രങ്ങളെ പറയാറുണ്ട്. വാരാഹീ തന്ത്രം, കാല തന്ത്രം എന്നൊക്കെ പറയും.
ദക്ഷിണ തന്ത്രം, വാമ തന്ത്രം, മധ്യ തന്ത്രം, വിദ്യ തന്ത്രം, കൗള തന്ത്രം, എന്നൊക്കെ തിരിച്ച് പേരുകള്‍ പറയാറുണ്ട്.
ഗണപതി, വിഷ്ണു, ശക്തി, എന്നിവയോടൊക്കെ ചേര്‍ത്ത് യാമള തന്ത്രങ്ങളുമുണ്ട്. വളരെ പൗരാണികമായ ചില തന്ത്രങ്ങളെ, കാളീകുലം, ശ്രീകുലം എന്ന പേരിലൊക്കെ ചില ആചാര്യന്മാര് പറയാറുണ്ട്.
ആഗമമെന്നത്‍ ശിവന് പാര്‍വ്വതിയോട് സംവദിയ്ക്കുന്നതാണെന്ന്‍ പറയുന്നു. അതിലെ വിഷയങ്ങള്‍, സ്ര്ഷ്ടി, പ്രളയം, ദേവാര്‍ച്ചനം, പുശ്ചരണം, സത്കര്‍മ്മം, ധ്യാനയോഗം, ഇവയൊക്കെയാണ്. എങ്ങിനെയാണ് പ്രപഞ്ചം സ്രഷ്ടമായത്‍, പ്രപഞ്ചോല്‍പ്പത്തി, ഒടുവില്‍ ഇത് എങ്ങിനെ, എവിടെ പോയിട്ടാണ് ലയിക്കുന്നത്. സൂര്യന്റെ ചൂട് എങ്ങിനെ ഉണ്ടാകുന്നു, താഴെനിന്ന് എങ്ങിനെ ചൂട് ഉണ്ടാകുന്നു (ഭൂമിയുടെ അടിയില്‍), അതിന്റെ ആധിക്യത്തില്‍ ഭൂമി എങ്ങിനെ ഉരുകും, എങ്ങിനെ ജലമുണ്ടാകുന്നു, എങ്ങിനെ അഗ്നിയില്‍നിന്ന് ജലമുണ്ടാകുന്നു, ഇടതടവില്ലാതെ എങ്ങിനെ മഴപെയ്യുന്നു, ഇതാദികളൊക്കെ ഈ വിഭാഗത്തിലുള്ളതാണ്.
ശരീരത്തില്‍ മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ഇതില്‍ ചില ദേവതകള്‍ മറ്റു ചില ദേവകതകളുമായി സമ്യക്കല്ലാതിരിയ്ക്കുന്ന സമയത്ത് രോഗങ്ങളുണ്ടാവും. ആ ദേവതകളെ വശത്താക്കുന്നതിന് മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങളാല്‍ കര്മ്മേന്ദ്രിയങ്ങളെ അനുഷ്ഠാനങ്ങളിലൂടെ സാത്മ്യം വരുത്തി അച്ചടക്കം വരുത്തി തീര്‍ക്കാനുള്ള സത്കര്‍മ്മങ്ങള്‍, ഇത്യാദികളൊക്കെ പുരശ്ചരണമെന്നതിന്റെ പട്ടികയില്‍ വരും. വിഷയേന്ദ്രിയ വ്യാപാരങ്ങളെ ഇല്ലാതാക്കി മനസ്സിനെ നിശ്ചലമാക്കാനുള്ള ധ്യാനയോഗം, മന്ത്രശക്തിയെ വര്‍ദ്ധിപ്പിയ്ക്കാനുള്ള ക്രിയകള്‍ പുരശ്ചരണത്തില്‍ വരും.
പുരശ്ചരണത്തിന് 10 ഭാഗങ്ങളുണ്ട്. ജപം, ഹോമം, തര്‍പ്പണം, അഭിഷേകം, അഘമര്‍ഷണം, സൂര്യാര്‍ഘ്യം, ജല്‍പ്പനം, പ്രണാമം, പൂജ, ബ്രഹ്മണഭോജനം. അതില്‍ സാധകന് പുരോഹിതനില്നിന്ന് സ്വീകരിച്ച് , പുരോഹിതന് ഹവ്യവാഹനനായ അഗ്നിയാണെന്ന് സങ്കല്‍പ്പിച്ച്, ഭൂര്‍ലോക ഭുവര്‍ലോകങ്ങളിലൂടെ, വരൂ വത്സാ, എന്ന് വിളിച്ച്, സാധകനേയും കൂട്ടി, സപ്ത ലോകങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകും. പിന്നീട് പുരോഡാശം -ഹവിര്‍ഭാഗം- അശിച്ച് പഞ്ചഗവ്യവും സ്വീകരിച്ച് നില്ക്കും. കൗളാവലീ നിര്‍ണ്ണയം, നീല തന്ത്രം, എന്നിവയിലൊക്കെ ഇത് കാണാം.
ജപം :- വ്യക്തം, അവ്യക്തം, സൂക്ഷ്മം എന്ന് മൂന്നുവിധത്തിലുണ്ട്. വാചികമായതാണ് വ്യക്തജപം. സ്വരവിന്യാസ ചിന്തനം വ്യക്തജപത്തിലേ ഉള്ളു. അതുകൊണ്ട് ആദ്യം വ്യക്തജപം വേണം. ഉദാത്തം, അനുദാത്തം, സ്വരിതം, ഹ്രസ്വം, ദീര്‍ഘം, പ്ലൂതം, അനുനാസികം, അനനുനാസികം, ഇത്യാദിയൊക്കെ അറിയുന്ന ജപം വ്യക്ത ജപമാണ്. ഒരു സ്വരമോ, ഒരക്ഷരമോ തെറ്റിയാല്‍, ബലത്തിലും ഫലത്തിലും തെറ്റ് വരും. ഭാര്യാം രക്ഷതു ഭൈരവി എന്ന സ്ഥലത്ത് ര, ഭ ആയി മാറിയാല്‍ ഭൈരവി, വീട്ടിലിരിയ്ക്കുന്ന ഭാര്യയേയുംകൊണ്ടങ്ങു പോകും. അവ്യക്ത ജപം അധരങ്ങളെ ചലിപ്പിച്ച് ചൊല്ലുന്നത്. മനസ്സില്‍ ചൊല്ലുന്നത് ഉപാംശു. ഉപാംശു അത്യന്തം സൂക്ഷ്മമായതുകൊണ്ട് ഫലം കൂടും.
ജപിയ്ക്കുമ്പോള്‍ സ്പന്ദങ്ങള്‍ ഉണ്ടാകുന്നു. അണു, ദ്വണു, ത്രസരേണു മുതലായവ രൂപാന്തരപ്പെടുന്ന തലം, സ്പന്ദങ്ങളാണ് ഉണ്ടാക്കുന്നത്. ധനാണു, ഋണാണു, കര്‍ഷാണു, ക്ര്ഷ്ണാണു തുടങ്ങി, സര്‍ഗ്ഗാണു പര്യന്തമെത്തുന്ന തലം മുഴുവനും ആന്തരികവും ബാഹ്യവുമായ സ്പന്ദങ്ങള്‍ ഉണ്ടാക്കുന്നു. ജപിയ്ക്കുന്നവന്റെ സമീപത്ത് നില്‍ക്കുമ്പൊള്‍തന്നെ എന്തോ ഒരു സന്തോഷം അനുഭവപ്പെടുന്നുവെങ്കില്‍, അത് ജപത്താലുണ്ടാകുന്ന സ്പന്ദാത്മക അനുഭൂതിയാണ്.
തന്ത്രം രഹസ്യമാണ്. പാരമ്പര്യത്തിന്റെ സുസംവേദ്യമായ സുഖാനുഭവങ്ങള്‍ അനുഭവിയ്ക്കുന്നതിന് തീരുമാനിച്ചുറച്ച് ഇറങ്ങിത്തിരിയ്ക്കുന്നവനു മാത്രമേ ഇതൊക്കെ അറിയേണ്ടതുള്ളു. തന്ത്രസാധനയില്‍ ജനകീയത ഇല്ല. ജനകീയ തന്ത്രി ഇല്ല. അയാളൊരു ജനകീയ തന്ത്രിയാണെന്ന് പറഞ്ഞാല്‍ നിഷ്ഠകളൊന്നുമില്ലാത്തവനാണെന്നാണ് അര്‍ഥം. ജപാദികളൊക്കെ വെറും പതിനാറിന്റെ പട്ടിക ചൊല്ലലാണെന്ന് അര്‍ഥം.
തനുവിനെ രക്ഷിയ്ക്കുന്നത് തന്ത്രം എന്ന് പറഞ്ഞു. സ്ഥൂലവും സൂക്ഷ്മവും കാരണവുമായ ശരീരത്തെ രക്ഷിയ്ക്കുന്നു തന്ത്രം. സ്ഥൂല ശരീരം രക്ഷിക്കപ്പെട്ടതുകൊണ്ട് രക്ഷയാവുന്നില്ല. സ്ഥൂല ശരീരം സൂക്ഷ്മ ശരീരത്തിലാണിരിയ്ക്കുന്നത്‍. സൂക്ഷ്മ ശരീരത്തെ, ശാബ്ദിക ശരീരമെന്നും പറയും. ശാബ്ദിക ശരീരം, ഭാവ ശരീരമെന്നും, അഭാവ ശരീരമെന്നും ഭാവാഭാവ ശരീരമെന്നും മൂന്നായി തിരിയ്ക്കാം. ശാബ്ദിക ശരീരം ബാഹ്യ ശരീരമെന്നും, ആഭ്യന്തര ശരീരമെന്നും രണ്ടായി തിരിയ്ക്കും.
ഇപ്പൊ ബോധത്തിലുള്ളത് ഭാവപ്രത്യയങ്ങളാണ്. ഇപ്പൊ ബോധത്തിലില്ലാത്തത് അഭാവ പ്രത്യയങ്ങളാണ്. ബോധത്തിലിരിക്കുന്ന സങ്കല്പ്പനങ്ങളും കാമനകളുമാണ് സ്ഥൂല ശരീരങ്ങളായി നാളെ രൂപാന്തരപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്നലെ എന്റെ അച്ഛനോ അച്ഛച്ഛനോ മുത്തച്ഛനോ അമ്മമ്മയോ ഒക്കെ സങ്കല്പ്പിച്ചതാണ് ഇന്ന് ഞാന്‍ നേടിയിട്ടുള്ള ഈ ശരീരം. സങ്കല്‍പ്പങ്ങള്‍ ഭാവ തലങ്ങളും, സങ്കല്‍പ്പങ്ങള്‍ രൂപാന്തരപ്പെടുന്നതിന് കാരണമായവ, അഭാവ തലങ്ങളുമാണ്. ഇങ്ങനെ ഒരു ശാബ്ദിക പ്രപഞ്ചം വ്യക്തി ബാഹ്യമായി കേട്ടും, ആന്തരികമായി പറഞ്ഞും ഉണ്ടാക്കുന്നു. അന്യരോട് പറഞ്ഞുണ്ടാക്കുന്നത് ആന്തരികമായി വരുന്നവയാണ്. അന്യരില്‍നിന്നെല്ലാം കേള്‍ക്കുന്നത് ബാഹ്യമായി വരുന്നവയാണ്. അവയില്‍ അധിഷ്ഠിതങ്ങളായിരിയ്ക്കുന്ന ബോധ സീമകളെ, ദേവതകളെ (intelligents) തിരിച്ചറിയാതെ സ്വീകരിയ്ക്കുകയും താലോലിയ്ക്കുകയും ആരാധിയ്ക്കുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുന്നതിലൂടെ എതിര്‍ത്തും അനുകൂലിച്ചും ആ ലോകങ്ങള്‍ സംജാതമാകുന്നു എന്ന് സാരം.
എതിര്‍ത്താലും ഇവയൊന്നും പോവില്ലാ എന്നാണ് ഭാരതീയ പഠനം. എതിര്‍ക്കുമ്പോള്‍ എല്ലാം കൂടുതല്‍ രൂഢമൂലമാകുന്നു എന്നാണ് ഭാരതീയ സിദ്ധാന്തം. ലോകത്ത് അഴിമതി, അസത്യം, അക്രമം, ഇവയെയൊക്കെ നഖശിഖാന്തം എതിര്‍ത്തിട്ടുള്ളവരെല്ലാം ഒരിയ്ക്കല്‍ അതിനകത്ത് ചെന്ന് വീണിട്ടുണ്ടെന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. എതിര്‍ക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ അങ്ങിനെ ആയിരുന്നില്ല, എതിര്‍ക്കുമ്പോഴും അങ്ങിനെ ആയിരുന്നില്ല. എതിര്ത്തെതിര്ത്ത് ചെന്നു വീഴുമ്പോള്‍ അതിലായിരിയ്ക്കുമെന്ന്‍ മാത്രം. ഭാരതീയ ഗ്രന്ഥങ്ങളേയും, ഭാരതീയ പാഠ്യ പദ്ധതികളേയും, ഈശ്വര വിശ്വാസത്തേയും, ക്ഷേത്രങ്ങളേയും ആരാധനകളേയും എല്ലാം നഖശിഖാന്തം എതിര്‍ത്ത ഞാന്‍, ഇന്ന് അതിനെത്തന്നെ വാരിപ്പുണര്ന്നുകൊണ്ട് നില്ക്കുന്നു, അതില്‍ ചെന്നു വീണിരിയ്ക്കുന്നു എന്നത് ഏറ്റവും വലിയ ഉദാഹരണമായതുകൊണ്ട് മറ്റൊരു ഉദാഹരണം ആവശ്യമില്ലല്ലോ.
ഏതൊന്ന് എന്റെ അച്ഛനച്ഛച്ഛന്മാര്‍ സങ്കല്‍പ്പിച്ചുവോ, അച്ഛന് മുതല്‍ ഏഴ് തലമുറകള്‍, സങ്കല്‍പ്പിച്ചുവോ, ആ സങ്കല്‍പ്പജന്യമായി ഉണ്ടായതാണ് ഞാന്‍. പിത്ര്പൈതാമഹ സമ്പ്രാപ്തമായ അറിവും ആനന്ദവും നിലനിര്‍ത്താനാണ് ഞാന്‍ വന്നിട്ടുള്ളത്. അതില്ലാതാക്കാനുള്ള ശ്രമത്തില്‍ എന്റെ കോശങ്ങളും എന്റെ ജീവിതവും നഷ്ടപ്പെടുമ്പോള്‍ എനിയ്ക്കുണ്ടാകുന്ന പ്രതികരണങ്ങളാണ് എല്ലാ രോഗങ്ങളും ദു:ഖങ്ങളും.
വിഷയ സ്വാതന്ത്ര്യത്തിന്റെ, ഇന്ദ്രിയപരതയുടെ, ലോകങ്ങളിലേയ്ക്ക്, പുറത്തേയ്ക്ക്, വലിച്ചുകൊണ്ടുപോകുന്നതെല്ലാം ആന്തരികമായ സത്യത്തിന്റെ നിഷേധമാണെന്നും, അതുകൊണ്ട് ആത്മനിഷ്ഠമായ അച്ചടക്കത്തിന്റെ (self discipline) അത്യന്തഭാസുരമായ സൂക്ഷ്മശരീരതാദാത്മ്യസംരക്ഷണം ഹരിനിക്കപ്പെടുന്നു എന്നും മനസ്സിലാക്കണം. അതുകൊണ്ടാണ് അറിവിന്റെ ലോകങ്ങളില്‍ ഈ സപ്തലോകങ്ങളില്‍ പിത്ര്പൈതാമഹന്മാരാണെന്ന്‍ പറയുന്നത്. എട്ടാമത്തവന്‍ പോവും, അവന് എന്നോട് ബന്ധപ്പെടില്ല. ഏഴ് തലമുറ വരെയേ ഉണ്ടാവൂ ബന്ധങ്ങളെല്ലാം. ആ ഏഴ് തലമുറയോടുള്ള പിത്ര്പൈതാമഹ സമ്പ്രാപ്തമായ ചേര്‍ച്ചയില്‍ അധിഷ്ഠിതമാണ് സങ്കല്‍പ്പലോകങ്ങളെല്ലാം. അവരുടെ ത്ര്പ്തിയെ തര്‍പ്പണത്താലും അവരോടുള്ള ശ്രദ്ധയെ ശ്രാദ്ധത്താലും സമുജ്ജ്വലമായി സമര്‍പ്പിച്ച് കടന്നുപോകുമ്പോള്‍, അറിയാത്ത ലോകങ്ങള്‍ അസ്നാവിരം അനാവരണം ചെയ്ത് അറിവിന്റെ മാസ്മര പ്രഭ ഉണ്ടാകുന്നു എന്ന് തന്ത്രാഗമങ്ങളും സങ്കല്‍പ്പങ്ങളും.
ഭാരതീയമായ പല സാധനങ്ങളും ഇന്ന് വെറുതെ കച്ചവടത്തിനായി ഉപയോഗിയ്ക്കുകയാണ്. അതൊക്കെ ഇതിന്റെ പുറംചട്ടകള്‍ മാത്രമാണ്. ഭൈരവതന്ത്ര ഏലസ്സ്, മഹാഭൈരവതന്ത്ര സിദ്ധി, കാമാകര്‍ഷണ യന്ത്രം, തുടങ്ങി ആയിരക്കണക്കിന് പൊങ്ങിവന്നിട്ടുള്ളതൊക്കെ സ്മരിയ്ക്കാം.
ഇതിനൊക്കെ വളരെയേറെ അനുഷ്ഠാനങ്ങളിലൂടെ, സമയം ചെലവഴിച്ച് ഒരാള്‍ ഇറങ്ങിത്തിരിച്ചാല്‍, ആരുമറിയാത്തൊരു ജീവിതം അയാള്ക്കുണ്ടാവും. അതീവ രഹസ്യാത്മകമായൊരു ജീവിതത്തിന് അയാള്‍ക്ക് ഉടമയാവാം. ഓരോ ചരിത്ര പുരുഷ്ന്റേയും പിന്നില്‍ ആത്മീയ ചരിത്രത്തിന്റെ അത്യുന്നതങ്ങളില്‍ വിഹരിച്ചിട്ടുള്ള അനുഭവസിദ്ധന്മാരായ ഓരോരുത്തന്റേയും ചരിത്രസ്മ്ര്തികള്‍ക്കുപിന്നില്‍, ചരിത്രം രേഖപ്പെടുത്താത്ത രഹസ്യത്തിന്റെ അന്തര്‍ലിഖിതങ്ങളുണ്ട്. അത് അനാവരണം ചെയ്യാന്‍ സാധ്യമല്ല. അവരുടെ അറിവിന്റെ അഗാഥതകളില്‍ അത് ഒളിഞ്ഞിരിപ്പുണ്ടാകും. അതിസൂക്ഷ്മമമായൊരു സൂക്ഷ്മദര്‍ശിയ്ക്കല്ലാതെ, അറിവില്ലാത്തവന് മനസ്സിലാവുകയുമില്ല. ജ്ഞാനിയെ ജ്ഞാനിയ്ക്കല്ലാതെ അറിയില്ല എന്നത് പോലെ. ലൗകിക വിഷയങ്ങളും പാരത്രിക വിഷയങ്ങളും അതിന്റെ സുഖാനുഭവങ്ങളും തേടി നടക്കുന്ന മാനവന് അജ്ഞേയമാണ് ആത്മാവിന്റെ രഹസ്യങ്ങള്‍ എന്ന് നമ്മെ പഠിപ്പിയ്ക്കുവാന്‍ പര്യാപ്തമാണ് തന്ത്രാഗമങ്ങള്‍ എന്ന് മനസ്സിലാക്കാനെങ്കിലും ഇത്രയും സൂചിപ്പിച്ചതില്നിന്ന് അറിയാമെന്ന് കരുതാമല്ലോ..
മാനസ ജപം : അത് ഉപാംശുവിനേക്കാള്‍ ശ്രേഷ്ഠമാണ്. വളരെ സൂക്ഷ്മമാണ്.
ഹോമം. സ്ഥൂലം സൂക്ഷ്മം പര, ബാഹ്യം, ആന്തരം, നിഗ്രഹം, സൗമ്യം എന്നൊക്കെ പലതരത്തിലുണ്ട്. സ്ഥൂല ഹോമത്തില്‍ ദ്രവ്യങ്ങള്‍ ബാഹ്യാഗ്നിയിലേയ്ക്കാണ് ഹോമിയ്ക്കുന്നതെങ്കില്‍ സൂക്ഷ്മ ഹോമം ഋദയത്തില്‍ ജ്വലിച്ച് നില്ക്കുന്ന അഗ്നിയിലേയ്ക്കാണ് ഹോമിയ്ക്കുന്നത്. അവിടെ ഹോമിച്യ്ക്കുമ്പോഴാണ് തന്ത്രാരാധനയിലെ ഏറ്റവും പ്രാധാന്യത്തിലെത്തുന്നത്‍. ഈ സങ്കല്പം ക്ര്സ്തുവിന്റെ ഋദയ കവാടത്തില്‍ ജ്വലിച്ചുനില്ക്കുന്ന അഗ്നിയുള്ള ചിത്രങ്ങള്‍ കാണാം. ഭാരതീയ തന്ത്രാഗമങ്ങള്‍ മറക്കാതെ നിലനിര്‍ത്തുന്നത് ഇന്ന് അവരാണ് എന്ന് തോന്നുന്നു. മാത്ര്കാഭേദം, തന്ത്രരാജം, നീലതന്ത്രം, ശാരദാതിലകം, ശുദ്ധാര്‍ണ്ണവം, താരാഭക്തി, ഇവയൊക്കെ നോക്കിയാല്‍ മനസ്സിലാവും.
തര്‍പ്പണം : ദേവതയ്ക്കും ഋഷിയ്ക്കും പിതാക്കള്‍ക്കും ജലം തര്‍പിയ്ക്കുന്നത് തര്‍പ്പണം. മന്ത്രംകൊണ്ട് തര്പണം ചെയ്യുന്നതിനും തര്‍പ്പണം എന്ന് പറയും. മഹാതന്ത്രസാരത്തില്‍ ജലം തര്‍പണത്തിന്റെ ഒക്കെ കാണാം. മന്ത്രം കൊണ്ടുള്ള തര്‍പണത്തിന് നീലതന്ത്രവും തന്ത്രസാരവും പഠിച്ചാല്‍ മനസ്സിലാവും. തന്ത്രസാരത്തിന് മലയാളത്തില്‍ ഉണ്ട് എന്ന് തോന്നുന്നു.
അഭിഷേകം : ശക്താഭിഷേകം, പൂര്‍ണാഭിഷേകം എന്ന് രണ്ട്. ശരദാ തിലകത്തിലുണ്ട് ഈ വിവരണം - രാഘവ് ഭട്ടിന്റെ വ്യാഖ്യാനത്തില്‍.
ശിവസ്വരൂപത്തിലെത്തിയവന് അവന്റെ സംവര്‍ത്തകാഗ്നി ജ്വലിക്കാതിരിക്കാന്‍ വേണ്ടി, അവനെ സ്വീകരിക്കുന്ന സമയത്ത് പൂര്‍ണകുംഭത്തോടെ സ്വീകരിയ്ക്കണമെന്നാണ് വിധി. ഇന്ന് കാണിക്കുന്നതൊക്കെ വിഢിത്തം മാത്രം. അല്ലാതെ അത് ബഹുമാനിക്കുന്നതാണെന്നതിന്റെ സൂചനയാണെന്ന് തെറ്റിദ്ധരിച്ച് കണ്ട മന്ത്രിയേയും തന്ത്രിയേയും ഒക്കെ സ്വീകരിയ്ക്കാന്‍ ഒരു കുടവുമെടുത്ത് അതില്‍ കുറച്ച് മുന്തിരിങ്ങയുമിട്ട് കൊണ്ടുകൊടുക്കുന്നതൊന്നുമല്ല പൂര്‍ണകുംഭം. അതിന് ആദ്യം സപ്തഗംഗയെ ആവാഹിയ്ക്കണം. അറിയാവുന്നവര്‍ ഈ വക പണിയ്ക്കൊന്നും പോവില്ല. അഭിഷേകം കഴിഞ്ഞിട്ടാണ് സംവാദം. ബഹുമാനിയ്ക്കാനാണെന്ന് പറഞ്ഞിട്ട് ഒന്ന് അഭിഷേകം ചെയ്തു നോക്കുക. അവന് നിന്നുതരുമോ. ഇതും ശരദാ തിലകത്തില്‍ കാണാം.
അഘമര്‍ഷണം : അഘം = പാപം. പാപത്തെ ശരീരത്തില്‍നിന്ന് അടിച്ചോടിയ്ക്കുന്നതാണ് പ്രക്രിയ. മന്ത്രംകൊണ്ടാണ് അടിയ്ക്കുന്നത്. വടികൊണ്ടല്ല. ചൊല്ലുന്നവന്റെ സാധനയ്ക്ക് ഫലം കാണാതായപ്പോഴാണ് വടികൊണ്ട് അടി തുടങ്ങിയത്. അതും ഫലിയ്ക്കാതെ വന്നപ്പൊ തെങ്ങിന്റെ പൂക്കുലയെടുത്ത് അതില്‍ ചുണ്ണാമ്പും പച്ചമഞ്ഞളും കാരവുമൊക്കെയിട്ട് തിളപ്പിച്ച് അതില്‍ മുക്കി അടി തുടങ്ങിയത്. അപ്പോഴാണ് ഇതൊക്കെ കാടത്തമാണെന്നും നീചമാണെന്നുമൊക്കെ കണ്ടെത്താന്‍ തുടങ്ങിയത്. അതിന് അഘമര്ഷണമന്ത്രത്തില് സിദ്ധി വരുത്തിയവന് ജപിയ്ക്കണം. അവന്റെ സമീപത്ത് എത്തുമ്പോള്‍തന്നെ പാപം വെളിയില്‍ മാറിനില്‍ക്കും. നടന്നുപോകുമ്പൊ പിന്നെ കൂടെ കൂടും. അങ്ങിനത്തവന്റെ അടുക്കലെത്തിയാല്‍ അറിയാതെ സൗമ്യമാകും. ആ ഉപാസകന്റെ വലയത്തിനകത്തേയ്ക്ക് ആ പാപം കയറില്ല. പുറത്തെവിടെയെങ്കിലും നില്ക്കും. ആ വലയ വിസ്താരം തന്നെയാണ് പാപം മറിച്ചിട്ടത് എന്ന അര്‍ഥത്തില്‍ പംപ. അഘമര്ഷണാശക്തി എവിടം വരെ വ്യാപിയ്ക്കുന്നുവോ അവിടം ആ വ്യാപന വലയത്തിനുള്ളിലേയ്ക്ക് പാപത്തിന് പ്രവേശിയ്ക്കാന്‍ പറ്റില്ല. സ്ഥൂല സൂക്ഷ്മ കാരണ ശരീരത്തില്‍നിന്ന് പൊആപത്തെ അടിച്ചോടിയ്ക്കുന്ന കര്‍മം എന്ന് വാച്യര്‍ഥം.
മാലിനീ തന്ത്രവും തന്ത്രസാരവും വിശദമായി അഘമര്ഷണത്തെ പ്രതിപാദിയ്ക്കുന്നു.
ഹവിഷ്യം : ചോറ്, വെള്ള നിവേദ്യമായി നല്ലപോലെ പാകം ചെയ്തത്. സൂര്യപ്രകാശത്തില്‍ വരട്ടിയെടുക്കുന്നതിനാണ് ഹവിഷ്യം എന്ന് പറയുന്നത്. നീലതന്ത്രത്തില് ഇത് പഠിയ്ക്കാം.
2. ഡാമര തന്ത്രം
യോഗ,ശിവ, ദുര്‍ഗ, സാരസ്വത, ബ്രാഹ്മ, ഗന്ധര്‍വ തന്ത്രങ്ങള്‍ ആറെണ്ണം ഇതില്‍ പ്രസിദ്ധമാണ്. ശിവജ്ഞാനം ദുര്ഗജ്ഞാനം സാരസ്വത ജ്ഞാനം ഗന്ധര്വജ്ഞാനം എന്നിവയാണ് ഇതിലടങ്ങിയിരിയ്ക്കുന്നത്
3. യാമള തന്ത്രം.
രണ്ടെണ്ണം അടങ്ങിയിരിയ്ക്കുന്നതിനെയാണ് യാമളം എന്ന് പറയുന്നത്. അത് ബ്രഹ്മ വിഷ്ണു രുദ്ര ഗണേശ രവി ആദിത്യ എന്നിങ്ങനെ ആറെണ്ണമാണ്. രണ്ടുകാര്യങ്ങള്‍ ഒന്നിച്ചു വര്ണിയ്ക്കുന്നതുകൊണ്ടാണ് യാമളം എന്നു പറയുന്നത്. ഇതിലെ വിഷയങ്ങള്‍ക്ക് രണ്ടുതലങ്ങളുണ്ടാവും, അതിനെ രണ്ടിനേയും വര്ണിയ്ക്കുന്നതുകൊണ്ട് അങ്ങിനെ പറയും. ആ യാമങ്ങളാണ് ജ്യോതിഷം ആഖ്യാനം നിത്യകര്‍മം ക്രാമസൂത്രം വര്‍ണഭേദം ജാതിഭേദം യുഗധര്‍മം ഇവയൊക്കെ വര്ണിയ്ക്കുന്നത്. ഇതെല്ലാം അഭിനവഗുപ്തന്റെയാണ്. രസത്തെ കുറിയ്ക്കുന്നതാണ് ക്രാമസൂത്രം.
ശാക്തതന്ത്രങ്ങള്‍ : രഹസ്യം സംഹിത അര്‍ണവം എല്ലാം ശാക്തമാണ്. അതില്‍ സര്‍ഗം പ്രതിസര്ഗം ദേവത സംസ്ഥാനം തീര്‍ഥവര്‍ണനം ആശ്രമ ധര്‍മം യന്ത്ര നിര്‍ണയം ജോതിസ് ഇതൊക്കെയാണ് വര്ണിച്ചിരിയ്ക്കുന്നത്.
നമ്മള് വിചാരിയ്ക്കുന്നത് ഇതിലൊക്കെ മറ്റെന്തൊക്കെയോ ആണ് എഴുതിവെച്ചിരിയ്ക്കുന്നത് എന്നാണ്. അതും ഈ ഗ്രന്ഥങ്ങളൊന്നും വായിയ്ക്കാതെ അങ്ങനെ വിചാരിയ്ക്കുന്നത് ലോകത്ത് ഒരു കൂട്ടരേ ഉള്ളു. അത് മലയാളികളാണ്. അവര്‍ ജന്മനാ പണ്ഡിതരാണ്. അവര്‍ക്ക് ഒന്നും വായിയ്ക്കാതെതന്നെ പെട്ടെന്ന് മനസ്സിലാവും. അങ്ങനെ ഒരു അനുഗ്രഹം ഈ ലോകത്ത് കിട്ടിയിരിയ്ക്കുന്നവര് മലയാളികളാണ്. കുട്ടാപ്പിയുടെ ചായക്കടയിലിരുന്ന് ചന്ദ്രനിലും ചൊവ്വയിലും ഇറങ്ങിയ വാര്‍ത്ത വായിച്ച് അവിടെ ഇറങ്ങിയവനുകൂടി അറിയാത്ത വാര്‍ത്തകള്‍ മുഴുവനും മറ്റുള്ളവരെ വായിച്ച് കേള്പിച്ച് തോളിലിരിയ്ക്കുന്ന തോര്‍ത്തുമുണ്ടും കുടഞ്ഞ് കുടിച്ച ചായയുടെ കാശുപോലും കൊടുക്കാതെ കുട്ടാപ്പിയെ പട്ടിണിയ്ക്കിട്ട് കടന്നുപോകാനുള്ള ധൈര്യം മലയാളിയ്ക്കേ ഉള്ളു. ഒരു വിഷയവും കൊടുത്ത് ഒരുത്തനോട് പ്രസംഗിക്കാന്‍ പറഞ്ഞാല്‍ അതും മുന്നില്‍വെച്ച് അതല്ലാത്തതൊക്കെ സംസാരിച്ച്, അതിന് നാല് കയ്യടിയും മേടിച്ച്, ഭംഗിയില്‍ നടന്നുപോകാന്‍ മലയാളിയ്ക്കേ കഴിയൂ. കേട്ടവരാണെങ്കിലോ, കേട്ടതിനുശേഷം പ്ര്ഷ്ടവും തട്ടി എണീറ്റ് പോകാനും യാതൊരു പ്രശ്നവുമില്ല. കൊടുത്ത വിഷയത്തെ കുറിച്ചാണോ അല്ലയോ പറഞ്ഞത് എന്നൊന്നും ബോധമില്ലാതിരിയ്ക്കുന്നത്, ഒരു വല്ലാത്തൊരു അനുഗ്രഹംതന്നെ.
സര്‍ഗം പ്രതിസര്ഗം ദേവത സംസ്ഥാനം തീര്‍ഥവര്‍ണനം, ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്നും തീര്ഥഘട്ടങ്ങളിലൊക്കെ നമ്മള് പോകുന്നത്. അവിടെയൊക്കെ ദേവതകളുടെ സന്നിവേശം എങ്ങിനെയെന്ന് വര്ണിയ്ക്കുന്നത് ഈ ഗ്രന്ഥങ്ങളിലാണ്. ആശ്രമധര്‍മം ഇതിലാണ്, വര്‍ണധര്‍മവും ഇതിലാണ്. യന്ത്രനിര്‍ണയം ഇതിലാണുള്ളത്. ഓരോ ശബ്ദത്തിനും ഓരോ മന്ത്രത്തിനും ഒക്കെയുള്ള യന്ത്രം എന്നര്‍ഥം. എല്ലാ മന്ത്രത്തേയും ദ്വിമാനമായും ത്രിമാനമായുമായ രൂപങ്ങളിലേയ്ക്ക് മാറ്റാം.
x2/A2 + y2/b2 = 1 എന്ന് എഴുതിയിട്ടൊരു ദീര്ഘവ്ര്ത്തം വരച്ചാല്‍ ആ equationന്റെ പൂര്ണരൂപമാണെന്ന് പറഞ്ഞാല്‍ അത് ശാസ്ത്രവും സത്യവും അല്ലാത്തത് അശാസ്ത്രീയവും അന്ധവിശ്വാസവും.
ശബ്ദത്തെ രൂപമായി മാറ്റാമെന്നും രൂപത്തെ ശബ്ദമായി മാറ്റാമെന്നും ആദ്യമായി പറഞ്ഞതൊക്കെ അന്ധവിശ്വാസം. അത് കോപ്പിയടിച്ചവന്‍ പറഞ്ഞുതരുന്നതൊക്കെ ശാസ്ത്രം. അത് പഠിയ്ക്കാന്‍ ഒരു ജന്മം പാഴാക്കുന്ന ഒരു തലമുറയും. വിചിത്രംതന്നെ ഈ ജന്മം.
y2 = 4AS എന്നെഴുതി വരച്ചു പഠിയ്ക്കുന്നവന്‍ ശബ്ദത്തിന് രൂപമില്ലാ എന്ന് അപ്പുറത്ത് തര്ക്കിയ്ക്കുന്നത് കേള്ക്കുമ്പോല് ചിരിയ്ക്കാതിരിയ്ക്കാന്‍ പറ്റുമോ.
സാധന ചെയ്തുറച്ച ശബ്ദങ്ങളില്‍നിന്ന് ശബ്ദത്തിന്റെ ആന്തരിക തലങ്ങള്‍ അറിഞ്ഞവര്‍ ശബ്ദത്തിന് രൂപങ്ങളെ രൂപപ്പെടുത്തിയെങ്കില്‍ അതിന് യന്ത്രനിര്‍ണയം എന്ന് പറയും. അധിഷ്ഠാനമായ ജ്യോതിസ്സിനെ വര്ണിയ്ക്കുന്നത് ഇതിലാണ്. പുരാണ ആഖ്യാനം കോശവര്ണനം, വ്രതവിവരണം, ദാനം, സ്ത്രീപുരുഷലക്ഷണം, രാജധര്‍മം, യുഗധര്മലക്ഷണം ഇതൊക്കെ ശാക്ത തന്ത്രങ്ങള്‍ക്ക് കീര്‍ത്തി കൂട്ടുന്നു. വ്രതങ്ങള്‍ ഏതൊക്കെ, എങ്ങിനെ എന്നൊക്കെ ഇതിലാണ്. ദാനം എന്ത്, എങ്ങിനെ, അധികാരി ഇതൊക്കെ ഇതിലാണ്. രാജാവിന്റെ ധര്‍മം. ഏതൊക്കെ യുഗങ്ങളില്‍ എന്തൊക്കെ ധര്‍മം. സ്ത്രീപുരുഷലക്ഷണം, അംഗവര്ണനങ്ങള്, ശബ്ദം നോട്ടം ഇതൊക്കെ. അത്തരക്കാരൊന്നും ഇന്നില്ല.
ഹാരീതന്‍ എന്ന ആചാര്യന്റെ അഭിപ്രായത്തില്‍ തന്ത്രങ്ങള്‍ ശ്രുതികള്‍ക്ക് തുല്യമാണ്. ശ്രുതിശ്ച ദ്വിവിധം പ്രോക്താ വൈദികീ താന്ത്രീ ഹി ധര്‍മ:. ആയുര്‍വേദത്തിലെ അതിപ്രസിദ്ധമായ ഹാരീത സംഹിതയുടെ കര്‍ത്തവും കൂടിയാണ് ഹാരീതന്‍. ഭരദ്വാജ ശിഷ്യനാണ്. ഭരദ്വാജശിഷ്യനായ അത്രേയന്റെയാണ് അത്രേയ സംഹിത. ഇതിനാണ് പ്രസിദ്ധി കൂടുതല്‍.
ആധുനികരില്‍ പലരും ശ്രുതിയ്ക്ക് വിപരീതമാണ് തന്ത്രം എന്ന് പ്രചരിപ്പിയ്ക്കാറുണ്ട്, പഠിയ്ക്കാതെ. ഒരുപാട് തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സുഭഗോദയത്തിന് ഗൗഡപാദരും പ്രസിദ്ധമായ സൗന്ദര്യഹലരിയ്ക്ക് ശ്രീശങ്കരനും കാരണമാണ്. താന്ത്രികചിന്തയുടെ രണ്ട് സമുജ്ജ്വല സൂനങ്ങളാണ് ഇത് രണ്ടും.
താന്ത്രിക മതത്തിന്റെയും തന്ത്ര ആരാധനയുടേയും ആദിമ വശങ്ങള് അഥര്വവേദത്തിലാണുള്ളത് ; ആഭിചാരങ്ങള്‍ ഉള്‍പ്പെടെ. സാത്വികവും താമസികവുമായ വിധികളും ഇന്ദ്രജാലവും മഹേന്ദ്രജാലവും ഒക്കെ അതിലുണ്ട്. ഫട് എന്ന അതീന്ദ്രിയ ശബ്ദം തന്ത്രത്തില്‍ വളരെ വിപുലമാണ്. അല്പം നന്നായി വേഷംകെട്ടിയിട്ട് ഈ ശബ്ദം നന്നായി ഒന്നെടുത്ത് പ്രയോഗിച്ചാല്‍ ഒന്ന് വിരളാതിരിയ്ക്കില്ല.
എത്രയോ IAS ഓഫീസര്‍മാരും IPS ഓഫീസര്‍മാരും സിനിമയിലെ നടീനടന്മാരും രാഷ്ട്രീയക്കാരും ഒക്കെ, അത്തരത്തിലൊരുവന്റെ അടുത്ത് പോയിട്ട് അത് എടുത്തുപയോഗിച്ചവന് അകത്ത് കിടക്കുകയും ഇവരൊക്കെ പുറത്ത് വിലസുകയും ഒക്കെ ചെയ്യാന്‍ ശേഷിയും ശേമൂഷിയും ഉള്ളതാണ് ഈ ഫട്. അഥര്‍വത്തിലെ വാജസനേയീ സംഹിതയിലുള്ളതാണ് ഇത്. ആപസ്തംബശ്രൗതസൂത്രത്തില് ആഭിചാരത്തിനുള്ള ഹോമം അര്പ്പിക്കുന്നിടത്തും ഹും ഫട് കാണാം.
കംബോഡിയയില്‍ എ.ഡി.എണ്ണൂറിനടുത്ത് ശിരഛേദതന്ത്രം, വൈനാശിക തന്ത്രം സമ്മോഹ തന്ത്രം ന്യായോത്തര തന്ത്രം ഇതൊക്കെ കൊത്തിവെച്ചിട്ടുണ്ട്.
സോമസിദ്ധാന്തത്തെ അടിസ്ഥാനമാക്കി നാലാം നൂറ്റാണ്ടില്‍ ഹരിവര്മന്റേയും അസംഗന്റേയും കാലത്ത് തന്ത്രം ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തുച്ചി എന്ന പാശ്ചാത്യ പണ്ഡിതന് ഇതിനെയാണ് ഖണ്ഡിയ്ക്കുന്നത്.