*ജീവിതാഭിനയം*
_ഭാഗം 8_
സുഷുപ്തി / ഗാഢനിദ്ര എന്ന വിസ്മയാവസ്ഥ പ്രതിദിനം നാം ആസ്വദിക്കുന്നു. സുഷുപ്തിയും, സ്വപ്നാവസ്ഥയുമൊക്കെ നൽകുന്ന പാഠങ്ങൾ തത്വചിന്തയിൽ പ്രധാനമാണ്. സുഷുപ്തിയെ മറന്ന് ജാഗ്രത്തിൻ്റെ ഉത്തരവാദിത്വ ഭാരങ്ങൾ പേറുന്നുവെന്നതാണ് ജീവിതത്തിൻ്റെ ദൗർഭാഗ്യം. ഒരാൾ സുഷുപ്തിയിലാരുമല്ലാത്ത അവസ്ഥയിലാവുന്നു. ദേശ കാല പരിധിക്കപ്പുറത്തുള്ള ആനന്ദം മാത്രമാണ് സുഷുപ്തിയിലെ അനുഭവം. നിരുപാധികമായ ഉൺമയിലേക്ക് ഉന്മുഖരാവാൻ സുഷുപ്ത്യവസ്ഥാ ചിന്തനം സഹായിക്കും. സ്വാനുഭൂതി സമ്പന്നന്മാരായ ഋഷീശ്വരന്മാർ സുഷുപ്തി വിഷയകമായി അവതരിപ്പിച്ചിട്ടുള്ള പാഠങ്ങൾ മനന വിധേയമാക്കാൻ ഉത്സാഹിക്കണം.
സുഷുപ്തിയിൽ നിന്ന് ജാഗ്രത്തിലേക്കുണരുന്നതോടെ വ്യത്യസ്ത വ്യക്തിവിശേഷങ്ങളായി മാറി മാറി അഭിനയിക്കാനുള്ള ദൗത്യമാണ് വന്നു ചേരുന്നത്. സ്വരൂപത്തെ ആവോളം ഓർമിച്ചു കൊണ്ട് ദൗത്യങ്ങൾ നിർവ്വഹിക്കാൻ കഴിയണം. അപ്പോൾ ജീവിതാഭിനയം ഏറ്റെടുത്ത ഭാരമാവില്ല, മറിച്ച് ആവിഷ്കാര നിർവൃതി സമ്പന്നമാവും.
*പ്രതികരണങ്ങൾ മറുപടികൾ*
S :-
ആദ്യം ജീവിതത്തിൽ അഭിനയത്തെക്കുറിച്ച് കേട്ടപ്പോൾ അങ്ങിനെയൊന്നും ചെയ്യാറില്ലല്ലോ എന്നാണ് തോന്നിയത്.
പക്ഷെ പിന്നീട് വിശകലനം ചെയ്യുമ്പോൾ ബന്ധങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്നതിന് അങ്ങിനെ ചെയ്യാറുണ്ടെന്ന് മനസ്സിലായി, പക്ഷെ കഷ്ടപ്പെട്ട് ചെയ്യുന്നതല്ല മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ട് അവരെ വേദനിപ്പിക്കാതിരിക്കാനും ചെയ്യുന്നതാണ്
സ്വാമി :-
ജീവിതമുണ്ടോ അത് അഭിനയമാണ് എന്നതാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ട കാര്യം. അവിടെ സ്വാത്മാനന്ദം പണയം വെക്കാതിരിക്കാനും, മറ്റുള്ളവർക്ക് വേദന നൽകാതിരിക്കാനും കരുതൽ പുലർത്തുന്നത് ഉത്തമം.
A :-
1. അഭിനയ കല എന്ന വിഷയത്തിൽ എൻ്റെ ഒരു നിരീക്ഷണം പങ്കുവെക്കട്ടെ.
നമ്മുടെ പുരാണേതിഹാസങ്ങളിൽ ദൈവിക സമ്പത്തിയുള്ള ശ്രീരാമചന്ദ്രൻ, ശ്രീകൃഷണൻ എന്നീ അവതാരങ്ങളെല്ലാം അഭിനയമില്ലാതെ ഋജുത്വ പാതയിൽ മുന്നേറുന്നു.
ആസുരിക സമ്പത്തിയുളള രാവണൻ, ഭിക്ഷുവായി അഭിനയിച്ച് സീതയെ അപഹരിച്ചു. മാരീചൻ പൊൻമാനായി അഭിനയിച്ച് സീതാദേവിയെ മോഹിപ്പിച്ചു. വാത്സല്യമേറിയ മാതാവായി അഭിനയിച്ച് ശ്രീകൃഷ്ണനെ വധിക്കാൻ പൂതന സമീപിച്ചു. വയറുവേദന അഭിനയിച്ച് വളർത്ത് മാതാവ് ശ്രീ. അയ്യപ്പ സ്വാമിയെ പുലിപ്പാൽ ശേഖരിക്കാൻ ഘോരവനത്തിലേക്ക് അയച്ചു.
2. സൂക്ഷ്മ തലത്തിൽ ഓരോരുത്തരും ഏകമായ ആത്മാവിന്റെ ആവിഷ്കാര നടന പ്രക്രിയയിലെ കഥാപാത്രങ്ങളാണെന്ന തത്വം അംഗീകരിക്കാമെന്ന് കരുതുന്നു.
സ്വാമി :-
1. ശ്രീരാമനും, ശ്രീകൃഷ്ണനും, എല്ലാം അഭിനയിക്കുകയായിരുന്നു. അവതാരമെടുക്കുക എന്നതു തന്നെ അഭിനയ നിശ്ചയത്തോടെയുള്ള ഇറങ്ങി വരവല്ലേ. അതിനു പിറകിൽ കാരുണ്യം പുലർത്തിപ്പോന്നുവെന്നതാണ് മാതൃക. രാവണാദികൾക്ക് പ്രേമാദരാനുകമ്പ ഉള്ളിലുണ്ടായിരുന്നില്ല. സങ്കുചിത സ്വാർത്ഥം അവരെ ഭരിച്ചു എന്നതാണ് ന്യൂനത.
2. തീർച്ചയായും ഈ ബോധ്യം അഭിനയത്തെ ശ്രേഷ്ഠമാക്കും.
Aj :-
ബോധപൂർവ്വം തന്നെ അന്തഃ പ്രവണതകളെ തൃപ്തിപ്പെടുത്തി ജീവിച്ചു കൂടെ?
അല്ലെങ്കിൽ വാസന ചുരുളഴിയുന്നതെങ്ങനെ?
സ്വാമി :-
ബോധപൂർവ്വം എന്നതുകൊണ്ട് *ആത്യന്തിക ലക്ഷ്യബോധം + പ്രേമാദരാനുകമ്പ - ഈ ചേരുവ ഉറപ്പാക്കണം.* അങ്ങിനെ വരുമ്പോൾ അന്തഃ പ്രവണതകൾ പൂർണമായും അടിച്ചമർത്തുകയോ, നിഷേധിക്കുകയോ ചെയ്യില്ല. ജീവിത വൈവിധ്യമാകട്ടെ നിലനില്ക്കുകയും ചെയ്യുന്നു.
(യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേർജ്ജുന
കർമേന്ദ്രിയൈർകർമയോഗം അസക്തഃ സ വിശിഷ്യതേ. (ഭഗവദ്ഗീത 3/ 7 )
ആരൊരാളാണോ, ഇന്ദ്രിയങ്ങളെ വിവേക യുക്തമായ മനസ്സുകൊണ്ട് നിയന്ത്രിച്ച് കർമേന്ദ്രിയങ്ങളാൽ കർമയോഗം അനുഷ്ഠിക്കുന്നത്, ആ അനാസക്തൻ ശ്രേഷ്ഠനാകുന്നു)
Al :-
1. അഭിനയ ജീവിതം എന്നത് മറ്റുള്ളവരെ പറ്റിച്ച് നടക്കുന്ന ജീവിതമാണെന്ന മുൻവിധി തിരുത്തി, *അഭിനയജീവിതമേയുള്ളൂ എന്ന വിശാലമായ തിരിച്ചറിവിലേക്ക്* നയിച്ചതിന് നന്ദി.
2. ഈ വേഷപ്പകർച്ച ചിലരുടെ കാര്യത്തിൽ വളരെ സങ്കീർണ്ണമായി മാറുകയാണ്.
എന്തായാലും ഒരു പാട് വേഷപ്പകർച്ചകൾ ദിവസവും കാണാറുണ്ട്. അത്ഭുതപ്പെടാറുണ്ട്. ....
എല്ലാം അഭിനയം തന്നെയാണ്. എന്നാൽ ആ അഭിനയം സങ്കീർണ്ണവും ദുഃഖദായകവും ആവാൻ കാരണം childhood experiences, heridiary, trauma etc ആണെന്നു മനസിലാക്കണം എന്നു വ്യക്തമായി. സങ്കീർണതയെ കുറച്ചു കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് മനഃശാസ്ത്രരംഗത്ത് നടക്കേണ്ടത്. അതൊരുത്തമ സേവനമായിരിക്കും.
കൂട്ടത്തിൽ Real Self നെക്കുറിച്ചു കൂടി ഒരു പരിചയപ്പെടുത്തൽ സാധിച്ചാൽ അത് കൂടുതൽ ഉപകാരവും ആശ്വാസവും ആവും .....
സ്വാമി: -
1. ഈ വിശാലമായ തിരിച്ചറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉദ്യമിക്കൂ. അഭിനയം നന്നാക്കാനുതകുന്ന (സ്വാത്മാനന്ദം നിലനിർത്തിക്കൊണ്ടുള്ള ആവിഷ്ക്കാരം) ചർച്ചകൾ നടക്കട്ടെ.
2. ഒന്നാമത്തെ സംഗതി സങ്കീർണ്ണതകളുണ്ട് എന്ന് മനസ്സിലാക്കാനും, അംഗീകരിക്കാനുമുള്ള ബുദ്ധിമുട്ടാണ്. *പരിഹരിക്കാൻ കഴിയും എന്ന വസ്തുതയും പലർക്കും അറിയില്ല.* അതു കൊണ്ട് ഉള്ള സങ്കീർണ്ണതകളെ കൂടുതൽ കലുഷിതമാക്കി ജീവിതത്തെ ഉന്തിതള്ളി നയിക്കുന്ന അവസ്ഥയുണ്ടാവുന്നു.
അവരവർക്കു തന്നെ പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ഇക്കാര്യത്തിൽ സമർത്ഥരായവരുടെ സഹായം തേടാൻ സങ്കോചം പുലർത്തേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ *സാനുകമ്പം ഇടപെടുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ ചില ഉചിതമായ ഔഷധങ്ങൾ (Medicines) നിർദ്ദേശിക്കുന്നെങ്കിൽ അതും സ്വാഗതാർഹമാവണം.*
ശരീരത്തിനു രോഗം വരുമ്പോൾ പരിഗണനയും, ചികിത്സയും നൽകുന്നതു പോലെയാണ് മനസ്സിൻ്റെ കാര്യത്തിലും എന്ന് സമൂഹം അംഗീകരിക്കുന്നില്ലെന്നത് സങ്കടകരമാണ്. എത്രയോ കുടുംബങ്ങൾ ഈ വൈകല്യം കൊണ്ട് നരകാവസ്ഥയിലേക്ക് അധഃപതിച്ചു പോവുന്നുണ്ട്.
*മനഃശാസ്ത്ര വിദഗ്ധർക്ക് അനുകമ്പയോടൊപ്പം സുഷുപ്ത്യവസ്ഥാ അവബോധം / ആത്മീയ തത്വബോധം കൂടി ഉണ്ടായാൽ ഇടപെടലുകളെ കൂടുതൽ സഫലമാക്കാൻ സാധിക്കും.*
(തുടരാം ... )
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
26th November 21
Comments