Monday, December 31, 2018

എന്താണ് മോക്ഷം??
ബലി കർമ്മം ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാനാണോ??

-------------------
*ഭഗവദ് ഗീതയിലെ മഹത്തായ ശ്ലോകങ്ങളിലൂടെ മോക്ഷം എന്താണെന്ന് വിവരിക്കാം....

മനസ്സിന്റെ പൂർണ്ണ തൃപ്തിയെയാണ്(ശാന്തി) മോക്ഷം എന്ന് പറയുന്നത്....
മോക്ഷം എന്നാൽ മോഹക്ഷയം എന്നാണ്...
മോഹം എന്നാൽ ആഗ്രഹം, പ്രതീക്ഷ, ആകാംക്ഷ, എന്നിവയൊക്കെയാണ്....
ഈ ആഗ്രഹങ്ങളോടും പ്രതീക്ഷകളോടും ആകാംക്ഷയോടൊക്കെ തോന്നുന്ന ഒരുതരം മടുപ്പ് അല്ലെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ലെന്ന തോന്നൽ അതിനെയാണ് മോഹക്ഷയം(മോക്ഷം) എന്ന് പറയുന്നത്....

"ഹേ കുന്തീപുത്രാ, ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റേയും വേനൽക്കാലത്തിന്റേയും ഗതിവിഗതികൾ പോലെയത്രേ....
ഇന്ദ്രിയാനുഭൂതികളിൽ നിന്ന് അവയുണ്ടാകുന്നു....
ഹേ ഭാരതാ, അവയെ അസ്വസ്ഥനാകാതെ സഹിക്കാൻ ഒരാൾ പഠിക്കണം.....
അല്ലയോ നരോത്തമാ, (അർജുനാ)....
സുഖദുഃഖങ്ങളാൽ അസ്വസ്ഥനാകാതെ രണ്ടിലും സമനില കൈവിടാത്ത വ്യക്തി നിശ്ചയമായും മോക്ഷപ്രാപ്തിക്ക് അർഹനാണ്".....

യാതൊന്നിലും യാതൊന്നിനെ കുറിച്ചും മനസ്സ് അസ്വസ്ഥനല്ലാത്തവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടി കഴിഞ്ഞു....

ബലികർമ്മം ചെയ്താൽ മരിച്ചയാൾക്ക് മോക്ഷം കിട്ടുമോ??

ബലി കർമ്മം ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാനല്ല.... മരിച്ചയാളുടെ ചിന്തകൾ നമ്മുടെ മനസ്സിൽ നിന്നും മാറ്റിയെടുക്കാനാണ്....
അതായത് അയാൾ മരിച്ചു, ഇനി അയാളെ പ്രതീക്ഷിക്കരുത് എന്ന് നമ്മുടെ മനസ്സിൽ ഉറപ്പിക്കാൻ വേണ്ടിയാണ്....
ബലി കർമ്മം ചെയ്യുന്നത് നമ്മുടെ മനസ്സിന് മോക്ഷം കിട്ടാൻ അവസരമൊരുക്കാൻ വേണ്ടിയാണ്, അല്ലാതെ മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാൻ വേണ്ടിയല്ല...

"ജീവാത്മാവ് കൊല്ലപ്പെട്ടുവെന്നോ ആരെയെങ്കിലും കൊല്ലുന്നുവെന്നോ കരുതുന്നവൻ ജ്ഞാനിയല്ല....
ആത്മാവ് കൊല്ലുകയോ മരിക്കുകയോയില്ല...
ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല....
അത് ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല....
അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്....
ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല"....

"ആത്മാവിനെ ആയുധങ്ങൾക്ക് മുറിക്കാനാവില്ല...
അഗ്നിക്കു ദഹിപ്പിക്കാനോ വെള്ളത്തിന് നനയ്ക്കാനോ കാറ്റിനു ശോഷിപ്പിക്കാനോ കഴിയുകയില്ല....
ജീവാത്മാവിനെ മുറിക്കാനോ ദഹിപ്പിക്കാനോ, കുതിർക്കാനോ, ഉണക്കാനോ കഴിയില്ല....
ശാശ്വതനും സർവ്വത ഗമിക്കാൻ കഴിവുള്ളവനും  പരിണാമങ്ങൾക്കതീതനും അചഞ്ചലനും നിത്യനുമാണ് ഈ ആത്മാവ്....
അദൃശ്യനും അചിന്ത്യനും മാറ്റമില്ലാത്തവനുമാണ് ആത്മാവ്... ഇതറിയുന്നതുകൊണ്ട് നീ ശരീരത്തെക്കുറിച്ച് ദുഃഖിക്കരുത്"....

ആത്മാവൊരിക്കലും നശിക്കുന്നില്ല.... അതുകൊണ്ട് മരിച്ച ഒരാൾക്ക് മോക്ഷം കിട്ടാൻ വേണ്ടിയല്ല, ചഞ്ചലമായ മനസ്സിനെ ഉറപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക.... അതായത് ജീവിച്ചിരിക്കുമ്പോൾ അവർക്ക് ചെയ്തു കൊടുക്കാൻ പറ്റാത്തത്, അവരുടെ മരണ ശേഷം നമ്മുടെ മനസ്സിൽ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തുവല്ലോ എന്ന് തോന്നലുണ്ടാക്കാൻ വേണ്ടിയാണ് മരിച്ചയാളുടെ ശരീരത്തിന് വെള്ളം കൊടുക്കുന്നതും മറ്റു കർമ്മങ്ങളുമൊക്കെ ചെയ്യുന്നതുമെന്ന് മനസ്സിലാക്കുക....

മോക്ഷമെന്നാൽ നമ്മുടെ മനസ്സിന്റെ പൂർണ്ണമായ തൃപ്തിയെയാണ്(മനസ്സിന്റെ ശാന്തി)...

മനസ്സ് എപ്പോഴാണ് പൂർണ്ണമായും തൃപ്തിപ്പെടുക???

"എപ്പോഴും നിറയ്ക്കപ്പെട്ടുകൊണ്ടിരിക്കിലും ഉൾക്ഷോഭമില്ലാത്ത സമുദ്രത്തിലേക്ക് നദികളെന്നപോലെ, നിരന്തരം തന്നിലേക്ക് ഒഴുകിയെത്തുന്ന ആഗ്രഹങ്ങളാൽ പ്രക്ഷുബ്ധനാകാത്ത മനുഷ്യന് മാത്രമാണ് ശാന്തി ലഭിക്കുന്നത്....
മറിച്ച് ആ ആഗ്രഹങ്ങളെ നിറവേറ്റാൻ യത്നിക്കുന്നവനല്ല.....
എല്ലാ വൈഷയികാഭിലാഷങ്ങളിൽ നിന്നും സ്വയം മുക്തനായി എല്ലാത്തരം ഉടമാവകാശബോധവും മിഥ്യാഹംഭാവവും ഉപേക്ഷിച്ചവനായി, നിഃസ്പൃഹനായി വർത്തിക്കുന്നവന്ന് മാത്രമേ ശരിക്കും ശാന്തി നേടാൻ കഴിയൂ"....

എപ്പോഴും മനസ്സിനെ ശാന്തിയായി നിർത്താൻ ആദ്യം വേണ്ടത്, "നാം എന്നത് ശരീരമല്ല, ആത്മാവാണെന്നും ആത്മാവിന് കർമ്മം ചെയ്യാൻ കൈക്കൊണ്ട ഒരു ശരീരം മാത്രമാണിത്" എന്ന തിരിച്ചറിവാണ്...
അതുകൊണ്ട് ഈ ശരീരത്താൽ കൈക്കൊണ്ട അഹങ്കാരവും, ഉടമാവകാശബോധവും ഉപേക്ഷിച്ച് എല്ലാ ജീവജാലങ്ങളുടെയും നന്മയിൽ തത്പരരായി ജീവിക്കുക.... അപ്പോൾ പൂർണ്ണമായും മനസ്സിന് ശാന്തി ലഭിക്കും...
എപ്പോഴും എല്ലാകാര്യത്തിലും ധർമ്മം അളന്ന് ചെയ്യുന്നവന് മോക്ഷം ലഭിക്കും...

"ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്....
ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും അതേസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും"....
ശ്രീകൃഷ്ണന്റെ രഥത്തിൽ എത്ര കുതിരകൾ .
കൃഷ്‌ണന്റെ രഥത്തിൽ നാലു കുതിരകളോ അഞ്ച് കുതിരകളോ ?
ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളി വീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു ?
ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതില്‍ ഏതാണ് ശരി? ഇന്ദ്രിയങ്ങളാകുന്ന അഞ്ച് അശ്വങ്ങളെ പൂട്ടിയ രഥം എന്ന കഠോപനിഷത്തിലെ രഥസങ്കല്‍പ്പവും മഹാഭാരതത്തിലെ അര്‍ജുനന്റെ നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥവും വ്യത്യസ്തമാണ്. കഠോപനിഷത്തിലെ രഥകല്‍പ്പന ആധ്യാത്മിക സാധകര്‍ക്ക് ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപമയായിട്ടാണ് പറഞ്ഞിരിക്കുന്നത്, അതിനെ ഭഗവദ്ഗീതയുമായി ബന്ധിപ്പിച്ചിട്ടുമില്ല. 'ആത്മാവ് രഥിയും ശരീരം രഥവും ബുദ്ധി സാരഥിയും മനസ്സ് കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളുംഇന്ദ്രിയവിഷയങ്ങള്‍ പോകുവാനുള്ള വഴികളും ആണ്. ആരാണോ എല്ലായ്‌പ്പോഴും അനിയന്ത്രിതമായ മനസ്സോടുകൂടി വിവേകമില്ലാത്തവനായി ഭവിക്കുന്നത്, അവന്റെ ഇന്ദ്രിയങ്ങള്‍ അനിയന്ത്രിതമാകുന്നു. യാതൊരു ബുദ്ധിയാകുന്ന സാരഥിയാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടുകൂടി വിവേകമുള്ളവനായി ഭവിക്കുന്നത്, ആ ബുദ്ധിക്ക് ഇന്ദ്രിയങ്ങള്‍ വിധേയങ്ങളായി ഭവിക്കുന്നു. യാതൊരുവന്‍ വിവേകമുള്ളവനായും മനോ നിയന്ത്രണമുള്ളവനായും എപ്പോഴും ശുദ്ധാന്തഃകരണനായും ഭവിക്കുന്നുവോ, അവന്‍ പുനര്‍ജനനമില്ലാത്ത ആ പദത്തെ പ്രാപിക്കുന്നു.' (കഠോപനിഷത്) മഹാഭാരതത്തിലെ അര്‍ജുനന്റെ രഥം ശൈബ്യന്‍, സുഗ്രീവന്‍, മേഘപുഷ്പന്‍, ബലാഹകന്‍ എന്നീ നാല് വെള്ളകുതിരകളെപൂട്ടിയതാണ്. വെള്ളക്കുതിരകളെ പൂട്ടിയ വാഹനം ഉള്ളതിനാല്‍ അര്‍ജുനനെ ശ്വേതവാഹനന്‍ എന്നും വിളിക്കുന്നു. ഖാണ്ഡവ വനം സമര്‍പ്പിച്ചതിനു അര്‍ജുനന് അഗ്‌നിദേവന്‍ സമ്മാനിച്ചതാണ് ഈ രഥം.

####ഹൈന്ദവ##പ്രശ്നോത്തരി####
****
Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം
Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍
Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
ആചാര്യ ശിഷ്യഭാവം
Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.
Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍
Q12. വ്യാസന്റെ മാതാവ് ആരു ?
സത്യവതി
Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്‌ ?
പുരോചനന്‍
Q14. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
അച്ഛന്പെങ്ങള്‍
Q15. ജരസന്ധനെ വധിച്ചത് ആര്?
ഭീമന്‍
Q16. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിക്കുന്നത് എപ്പോള്‍ എവിടെവച്ചാണ്?
1882 - ല്‍ വാമനപുരത്തിനടിത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വച്ച്
Q17. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
സരസ്വതി
Q18. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
Q19. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
Q20. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
രണ്ടാം ഭാഗത്തെ ചോദ്യങ്ങൾ
*****************************************
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള
ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
ചട്ടമ്പി സ്വാമികള്‍ - പ്രശ്നോത്തരി
***********************************************
Q1. ചട്ടമ്പി സ്വാമികള്‍ മിടുക്കനായ ഒരു ഗുസ്തിക്കാരനായിരുന്നു..! ഗുസ്തിയില്‍ പ്രശസ്തനായ ഒരു ശിഷ്യനും സ്വാമികള്‍ക്കുണ്ടായിരുന്നു. ആരായിരുന്നു അദ്ദേഹം..?
പെരുനെല്ലി കൃഷ്ണൻ വൈദ്യൻ.
Q2. ചട്ടമ്പിസ്വാമികളുടെ മാതാപിതാക്കളുടെ പേര് ..?
നങ്ങമ്മയും വാസുദേവ ശര്‍മ്മയും.
Q3. ചട്ടമ്പി സ്വാമികള്‍ മേലധികാരിയോട് പിണങ്ങി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച കഥ പ്രസിദ്ധമാണ്.! ആരായിരുന്നു ആ മേലധികാരി..?
വിക്രമന്‍തമ്പി
Q4. ചട്ടമ്പി സ്വാമികള്‍ ചിത്രരചനയിലും കേമന്‍ ആയിരുന്നു. പറയൂ .. ആരില്‍ നിന്നാണ് അദ്ദേഹം ചിത്രരചന പഠിച്ചത് ..?
പിണറംമൂട്ടില്‍ നീലകണ്ഠൻ ആശാരി.
Q5. ചട്ടമ്പി സ്വാമികള്‍ക്ക് പ്രണവമന്ത്രം ഉപദേശിച്ച ഒരു പരിവ്രാജകനായ ഗുരുവുണ്ട് ..! പേരറിയാത്ത ആ ഗുരുവാണ് സ്വാമികളെ യദാർത്ഥ സന്യാസിയാക്കിയത്.!
എവിടെവച്ചായിരുന്നു സ്വാമികള്‍ ആ ഗുരുവിനെ കണ്ടുമുട്ടിയത്‌ ..?
തമിഴ്നാട്ടിലുള്ള വടവീശ്വരം എന്ന ഗ്രാമത്തില്‍
Q6. പ്രസിദ്ധകവി കുരാനാശാനെ സ്വാമികള്‍ ഒരു ചെല്ലപ്പേരില്‍ വിളിക്കുമായിരുന്നു..! എന്താണ് ആ പേര് ..?
തങ്കക്കുടം കുമാരന്‍
Q7. എറണാകുളത്ത് വച്ചായിരുന്നു സ്വാമികള്‍ വിവേകാനന്ദ സ്വാമിയുമായി കണ്ടുമുട്ടുന്നത് ..! ആരുടെ ഭവനത്തില്‍ വെച്ചായിരുന്നു ആ സംഗമം..?
ദിവാൻ സെക്രട്ടറി രാമയ്യായുടെ വസതിയില്‍ വച്ച് ..!!
Q8. സഹോദരൻ അയ്യപ്പന്റെ മൂത്ത സഹോദരന്‍ സ്വാമികളുടെ ശിഷ്യനായിരുന്നു..! എന്താണ് അദ്ദേഹത്തിന്റെ പേര് ..?
അച്യുതന്‍ വൈദ്യര്‍
Q9. പണം കൊണ്ടുനടക്കുന്ന ശീലം ചട്ടമ്പി സ്വാമികൾക്ക് ഉണ്ടായിരുന്നില്ല..! പണത്തെ കളിയാക്കി അദ്ദേഹം ഒരു പേര് പറയുമായിരുന്നു ..! എന്താണ് ആ പേര് ..?
ആളെകൊല്ലി..!!
Q10. കുഞ്ഞന്‍പിള്ളക്ക് ചട്ടമ്പി എന്ന് പേര് നല്‍കിയതാര്..?
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍
Q11. തമിഴ്നാട്ടിലെ ഏതു സ്ഥലത്താണ് ചട്ടമ്പി സ്വാമികള്‍ വേദാന്തപഠനവുമായി നാലുവര്‍ഷം കഴിഞ്ഞത് ..?
കല്ലട കുറിച്ചി
Q1. ക്ഷേത്രങ്ങളിൽ ഉഷ:പൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ?
മലയമാരുതം
Q2. ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹം എത്ര സാളഗ്രാമം കൊണ്ട്
തീർത്തതാണ് ?
12008
Q3 . അത്രി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത്‌ ?
ശുചീന്ദ്രം
Q4. ഔഷധീശ്വരൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?
ധന്വന്തരി
Q5. ഗരുഡധ്വജം ഏതു രാജാക്കന്മാരുടെ അധികാരചിഹ്നമാണ് ?
ഗുപ്ത രാജാക്കന്മാരുടെ
Q 6. " നിർവൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും. നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി ചിന്മയൻ മായാമയൻതന്നുടെ മായാദേവി കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു
തോന്നിക്കുന്നു തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ " ഇതു ആര് ആരൊട് ആരെക്കുറിച്ച് ഏതവസരത്തില്‍ പറയുന്നു ?
പട്ടാഭിഷേകശേഷം ഹനുമാനോട് സീതാദേവി ശ്രീരാമനെ കുറിച്ച്
Q7. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹർഷി
Q 8. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
Q9. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q10. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q11. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
ആദിത്യൻ
Q12. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം
നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
Q13.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
സംസ്കൃതം
Q14. ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏത് ?
സൂര്യവംശം
Q15. പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം എന്താണ് ?
വൈഷ്ണവചാപം
Q16. ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
യുധാജിത്
Q 17. ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
അയോദ്ധ്യ
Q 18. മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
പാഞ്ചജന്യം
Q 19. ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത്‌ ?
ലക്ഷ്മണൻ
Q 20. കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
ഭരതൻ
ROUND - 3
1. അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് ?
അശ്വത്ഥനാരായണ പൂജ
2. വാമനപുരാണ പ്രകാരം കൂവളം ഉണ്ടായത് എവിടെ നിന്നാണ് ?
പാൽക്കടലിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മി ദേവിയുടെ കരത്തിൽ നിന്ന്
3. ആരെയാണ് തുളസി ദേവി വിവാഹം ചെയ്തത് ?
ശംഖചൂഡന്‍
4. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ് ?
34
5. ''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍
അറിയപ്പെടുന്നു ?
ചതുരംഗപ്പട
6. ദേവവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷമേത്‌ ?
അരയാൽ
7. കൽക്കിയുടെ ആയുധം ഏത് ?
വാൾ
8. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?
ശബ്ദഭേദി
9. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷി ആരായിരുന്നു ?
അഗസ്ത്യൻ
10. നാല്പാമരങ്ങൾ ഏതെല്ലാം ?
അത്തി , ഇത്തി , പേരാൽ , അരയാൽ
11. അഷ്ടഗന്ധം ഏതെല്ലാം ?
അകിൽ , ചന്ദനം , കുങ്കുമം , മാഞ്ചി , ഗുൽഗുലു , കോട്ടം , രാമച്ചം ,
ഇരുവേലി
12. അഷ്ടദ്രവ്യങ്ങൾ ഏതെല്ലാം ?
അരയാൽ , അകിൽ , പ്ലാവ് , പേരാൽ , ചമത , എള്ള് , പായസം , നെയ്യ്
13. അഷ്ടമംഗല്യം ഏതെല്ലാം ?
കുരവ , ദർപ്പണം , ദീപം , കലശം , വസ്ത്രം , അക്ഷതം , അംഗന , സ്വർണ്ണം
14. നവധാന്യങ്ങൾ ഏതെല്ലാം ?
നെല്ല്‌ , ഗോതമ്പ്‌ , കടല, എള്ള്‌, തുവര, ഉഴുന്ന്‌, മുതിര, പയർ , അമര
15. ദശപുഷ്പങ്ങൾ ഏതെല്ലാം ?
പൂവാംകുറുന്തൽ , കറുക , ചെറുള , വിഷ്ണുക്രാന്തി , തിരുതാളി
മുയൽ ചെവിയൻ, മുക്കുറ്റി , കയ്യോന്നി , ഉഴിഞ്ഞ , നിലപ്പന***

Hi
#####
*ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവ ക്ഷേത്രങ്ങള്‍ വെറും പ്രാര്‍ഥനാലയങ്ങളായല്ല നിര്‍മ്മിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. എന്നു മാത്രമല്ല തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിന്റെ പ്രതീകങ്ങളാണ്.

മനുഷ്യ ശരീരം തന്നെ പ്രപഞ്ച തത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം എന്നതു ദേവന്റെ ബഹു( സ്ഥൂല) ശരീരം ആണ്.

പൊതുവേ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ ഘടന എപ്രകാരമെന്നു നോക്കാം.

പുറത്തുനിന്ന് അകത്തേക്കു നോക്കിയാല്‍ പുറം മതില്‍ (പ്രാകാരം) കൊടിമരം ബാഹ്യഹാര അഥവാ ശീവേലിപ്പുര, മദ്ധ്യാഹാര അഥവാ വിളക്കുമാടം, അന്തര്‍ഹാര അഥവാ നാലമ്പലം, അന്തര്‍മണ്ഡലം അഥവാ അകത്തെബലിവട്ടം, ശ്രീകോവില്‍ എന്നീ അംഗങ്ങള്‍ കാണാവുന്നതാണ്.

ഇത്രയും ഭാഗങ്ങള്‍ ദേവന്റെ സ്ഥൂല ശരീരങ്ങളാണ്. അതിനുള്ളിലെ ദേവ പ്രതിഷ്ടയും, പ്രതിഷ്ടക്കടിയിലുള്ള ഷഡാധാരങ്ങളും ദേവന്റെ സൂഷ്മ ശരീരങ്ങളാണ്. മേല്പ്പറഞ്ഞ സൂഷ്മ, സ്ഥൂല ശരീരങ്ങള്‍ തമ്മില്‍ ഒരു അനുപാത ക്രമത്തിലാണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം പോലെയാണ്.

ഈ അനുപാതം തെറ്റുകയാണെങ്കില്‍ അയാള്‍ വികലാംഗനായിത്തീരുന്നു. എന്നു മാത്രമല്ല അയാളുടെ ദൈനംദിന കാര്യങ്ങള്‍ പോലും
വേണ്ടവിധം ചെയ്യുന്നതിനു വൈഷമ്യം ഉണ്ടാക്കുന്നു.

അതുപോലേ മല്‍പ്പറഞ്ഞ ക്ഷേത്ര
അംഗങ്ങള്‍ക്ക് സ്ഥലത്തിനോ, കണക്കിനോ ഒരു പിഴവുണ്ടായാല്‍ പ്രത്യക്ഷരൂപത്തില്‍ ഒരു പക്ഷേ
വിരൂപത്തില്‍ മനസ്സിലാകുന്നില്ലങ്കിലും അത് ജനങ്ങള്‍ക്ക് ക്ഷേമത്തിനു പകരം നാശത്തേയും
അനര്‍ഥത്തേയും പ്രദാനം ചെയ്യുന്നതായിത്തീരും.

ഒരു ദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത്
ജനങ്ങളുടെ ആത്മീകവും, ഭൗതീകവുമായ ശ്രേയസ്സിനെ കണക്കാക്കിയാണ്. ക്ഷേത്രനിര്‍മ്മാണം ചെയ്യുമ്പോള്‍ നമ്മുടെ നാശ ദ്ര്ഷ്ടിക്ക് ഗോചരങ്ങളല്ലാത്ത പലഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. അതിനായി തച്ചുശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും സേവനം അനിവാര്യമാണ്.

*ആദ്യമായി ക്ഷേത്രനിര്‍മ്മാണത്തിനു അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ക്ഷേത്രനിര്‍മ്മാണം കൊണ്ട് അനുഭവയോഗ്യമായ നല്ലതും ചീത്തയും മായ ഫലങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി, ദുഷ്ഫലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായ ഉപായങ്ങളും സ്വീകരിക്കേണ്ടതായുണ്ട്. എതു ക്ഷേത്രങ്ങളുടെ കര്യത്തില്‍ മാത്രമല്ല
വീടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്*.

*പ്രപഞ്ച രഹസ്യങ്ങളും, സത്യങ്ങളും
നിരീക്ഷണത്തിലൂടെയും സാധനയിലൂടെയും അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്‍ മാരുടെ അസാമാന്യ
പ്രതിഭയിലൂടെ രൂപപ്പെടുത്തി വികസ്സിപ്പിച്ചീടുത്ത ശാസ്ത്രങ്ങളാണ്, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും.
യുഗങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അത്യാധുനീകങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്ര ശാഖകളാണ് ഇവ*.

ഭാരതീയ ശാസ്ത്രങ്ങളൊക്കയും മനുഷ്യ നന്മയും ആരോഗ്യപരമായ നിലനില്പ്പും ആണ് ലക്ഷ്യം.
ആദ്യമായി യജമാനന്‍(ഉടമസ്ഥന്‍) ഉത്തമനായ ആചാര്യനെ (തന്ത്രിയെ) സാമ്പ്രദായിക ക്രമത്തില്‍ ആചാര്യവരണം ചെയ്യണം. ക്ഷേത്രത്തിനു തച്ചുശാസ്ത്രപ്രകാരം നിശ്ചയപ്പെടുത്തിയട്ടുള്ള സ്ഥലം തന്ത്രി പുന്നക്കുറ്റി നാട്ടി ഭൂപരിഗ്രഹം ചെയ്യേണ്ടതാണ്.

*ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാസ്തു പുരുഷനോടും ഭൂമിദേവിയോടും പ്രപഞ്ച ജീവ ശക്തിയോടും വാങ്ങിയാണ് ചെയ്യുന്നത്*. അതിനു ശേഷം *ഏഴു പ്രകാരത്തിലുള്ള ശുദ്ധിക്രീയയാണ് നടക്കുക*.

ആ ഭൂമിയിലേയും അന്തരീക്ഷത്തിലേയും ദോഷങ്ങള്‍ ഒഴിവാക്കി അവിടം ഒരു സംരക്ഷിത മേഖലയാക്കിത്തീര്‍ക്കുന്നു. ഇനിയും ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായി.

*ശ്രീകോവില്‍ എന്നത് യോഗനിദ്രയില്‍ ഇരിക്കുന്ന ഒരു മനുഷ്യ ശരീരവുമായി തുലനം ചെയ്യാവുന്നതാണ്*.

ഈ ശരീരത്തില്‍ എന്തെല്ലാം സ്ഥൂല, സൂഷ്മ അവയവങ്ങള്‍ ഉണ്ടന്ന് നമുക്ക് പരിശോദിക്കാം. ആദ്യമായി ആധാരശിലയുടെ സ്ഥാപനമണ് നടക്കുക. ഇത് മനുഷ്യ ശരീരത്തിലെ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുക. ഇത് മനുഷ്യശരീരത്തിന്റെ ഏറ്റവും താഴെ ലിംഗത്തിനും ഗുദത്തിനും മദ്ധ്യേ
സ്ഥിതി ചെയ്യുന്നു.

ഇത് ശ്രീകോവിലിന്റെയും ഏറ്റവും അടിയിലത്തെ അവയവമാണ്. ഇതിനു മുകളിലായി ധാന്യങ്ങളെ(വിത്ത്) കൊണ്ട് ഒരു പീഠമുണ്ടാക്കി അതില്‍ നിധികുംഭത്തെ സ്ഥാപിക്കുന്നു.
ധാന്യം കൊണ്ടുള്ള പീഠം സ്വാധിഷ്ടാന ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വാധിഷ്ടാന ചക്രം ലിംഗമൂലത്തിലാണ്. ഇവിടെ നിന്നുമാണ് ജീവന്റെയും നാദത്തിന്റേയും ഉത്ഭവം.

ആധാര ചക്രവും, സ്വാധിഷ്ടാന ചക്രവും ഒരേ ശിലയില്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള നിധികുംഭം ചമ്പുകൊണ്ടോ കല്ലു കൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. സ്വര്‍ണ്ണവും രത്നവും കൊണ്ട് നിറച്ച ഈ നിധികുഭം മനുഷ്യ ശരീരത്തിലെ മണിപൂരക ചക്രത്തെ പ്രതിനിധാനം ചെയ്യുന്നത്.

സ്വാധിഷ്ടാന ചക്രത്തില്‍ നിന്നും അവ്യക്തമായി ഉത്ഭവിക്കുന്ന ശബ്ദ തരംഗങ്ങള്‍ മണിപൂരക ചക്രത്തില്‍ എത്തുമ്പോള്‍ അത് വ്യക്തമായ ശബ്ധമായി മറുന്നു. നിധികുംഭത്തിന്റെമുകളില്‍ ശില കൊണ്ടുള്ള പത്മമാണ്.

*ഈ താമരപ്പൂവ് മനുഷ്യന്റെ ഹ്രദയസ്ഥാനത്തുള്ള ഹതാഹത ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മണിപൂരക ചക്രത്തില്‍ വ്യക്തമായി ഉത്ഭവിച്ച ശബ്ദതരംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സ്പുടമായി സ്ഫുരണം ചെയ്യുന്നു*.

പത്മത്തിന്റെ മുകളില്‍ ശിലകൊണ്ടുള്ള കൂര്‍മ്മമാണ് ഇത് ദേവന്റെ ദര്‍ശ്ശനത്തിന് അനുസരണമായി സ്ഥാപിക്കുന്നു. മനുഷ്യ ശരീരത്തില്‍ അഞ്ച് പ്രകാരത്തിലുള്ള പ്രാണശക്തിയുണ്ട് .

പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ വിധത്തില്‍ അറിയപ്പെടുന്നത് ഒരേ പ്രാണശക്തിയാണ്. പ്രാണന്‍ കൂര്‍മ്മം എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രാണശക്തിയാണ് ശിലകൊണ്ടുള്ള കൂര്‍മ്മം പ്രതിനിധാനം ചെയ്യുന്നത്.

കൂര്‍മ്മത്തിന്റെ മുകളില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ യോഗനാളത്തെ പ്രതിഷ്ടിക്കുന്നു.

*ഇത് ശരീരത്തിലെ വിശുദ്ധി ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കുണ്ഡലീന ശക്തിയുടെ ഗമനമാര്‍ഗ്ഗമാണ്. ഇതിനു മുകളില്‍ നപുംസക ശില സ്ഥാപിക്കുന്നു*.

ഈ നപുംസകശിലയുടെ അടിഭാഗത്ത് യോഗനാളം വന്നുമുട്ടുന്ന സ്ഥാനം മനുഷ്യശരീരത്തിലെ ആജ്ഞാ ചക്രം. നപുംസക ശിലയുടെ മുകള്‍ ഭാഗം സഹസ്രാരപത്മമാണ്.

ആജ്ഞാചക്രം പരമാത്മാവിന്റെ സ്ഥാനം കൂടിയാണ്. ഗുണതീത തത്വത്തിന്റെ പ്രതീകമാണ്
നപുംസകശില. ഇവിടെ മനസ്സിന്റെ ലയന സ്ഥാനവുമാണ്. മഹായോഗികള്‍ക്ക് ദിവ്യ ദ്രഷ്ടിയുടെ
ദര്‍ശ്ശനവും ഇവിടെത്തന്നെ. ഓങ്കാരം ദ്രശ്യമാകുന്നതും ഈ സ്ഥാനത്താണ്.  ഈ നപുംസകശിലയുടെ
മുകള്‍ ഭാഗത്താണ് ദേവന്റെ പീഠവും ബിംബവും സ്ഥാപിക്കുന്നത്.

*ദേവവിഗ്രഹം പുരുഷനാണെങ്കില്‍
പീഠം സ്ത്രീ ശിലയും, സ്ത്രീയാണെങ്കില്‍ പീഠം പുരുഷശിലകൊണ്ടും നിര്‍മ്മിച്ചിരിക്കണം*.

*മൂലാധാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുണ്ഡലീന ശക്തി ഈ ആറാധാരങ്ങളും ഭേധിച്ച് സഹസ്രാരപത്മത്തില്‍ എത്തിച്ചേരുന്നു. ഈ സഹസ്രാര പത്മത്തിന്റെ സ്ഥാനത്ത് ശ്രീകോവിലും ദേവന്റെ പ്രതിഷ്ടയുമാണ്*.

അവിടെ എത്തിച്ചേരുന്ന പ്രാണശക്തി ദിവ്യ തേജസ്സായി പുറത്തേക്ക് പ്രവഹിക്കുന്നതാണ്( ശ്രീകോവിലില്‍ നിന്നും ഒഴുകി വരുന്ന തീര്‍ത്ഥം).
ബിംബത്തിനു മുകളില്‍ ക്ഷേത്രത്തിന്റെ താഴികക്കുടത്തോടും കൂടിയ ഭാഗം മനുഷ്യശിരസ്സില്‍ വെച്ച കിരീടമായി കണക്കാക്കുന്നു.

താഴികക്കുടങ്ങള്‍ ദേവന്ബ്രഹ്മവുമായി സവേദിക്കാനുള്ള മാര്‍ഗ്ഗമാണ്.
താഴികക്കുടങ്ങളുടെ നിര്‍മ്മാണം മൂലം ഈയിടെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എല്ലാവരേയും
ഞെട്ടിപ്പിക്കുന്നതായിരുന്നുവെല്ലോ??

എനി അന്തര്‍ഹാരയില്‍ മറ്റെന്തല്ലാം ഉണ്ടന്നുകൂടി നമുക്കുനോക്കാം. ഇവിടെ ശ്രീകോവില്‍ ദേവന്റെ ശിരസ്സും, അതിനു ചുറ്റുമുള്ള അകത്തെ ബലിവട്ടം മുഖവുമാണ്.

അതിനു പുറത്തുള്ള നാലമ്പലം ക്ഷേത്രപുരുഷന്റെ ഹ്രദയപ്രദേശമായ നെഞ്ചകമാണ്.

ശ്രീകോവിലിന്റെയും നാലമ്പലത്തിന്റേയും ഇടക്കുവരുന്ന നമസ്കാര മണ്ഡപം ദേവന്റെ കണ്ഡത്തിന്റെ സ്ഥാനമാണ്. ഇത് വേദജപത്തിനും മന്ത്രോച്ചാരണത്തിനുമുള്ള സ്ഥലമാണ്.

ഇവിടെ ദേവന്റെ വാഹനവും സ്ഥാപിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം കൂടിയാണ്. മണ്ഡപത്തിന്റെ ക്രമത്തില്‍ ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ഇത്രയുമാണ് മുഖ്യമായും അന്തര്‍ഹാരിയിലെ അവയവങ്ങള്‍. ഇനിയും മദ്യഹാരയിലേക്ക് കടക്കാം. ഇത് നാലമ്പലത്തിനു പുറത്തുള്ള വിളക്കുമാടമാണ്.

*ഈ വിളക്കു മാടം അഗ്നിമണ്ഡലമാണ്. അഗ്നിമണ്ഡലത്തോടു ചേര്‍ന്ന് തിടപ്പള്ളി നിര്‍മ്മിച്ചിരിക്കുന്നു*.

അഗ്നിമണ്ഡലം ധാരാളം വിളക്കുകള്‍ കത്തിക്കേണ്ട സ്ഥാനമാണ്. ഇവിടെ ജ്വലിക്കുന്ന ദീപങ്ങളുടെ ചൈതന്യം ബാഹ്യഹാരയിലേക്കും അന്തര്‍ഹാരയിലേക്കും ഒരുപോലെ പ്രവഹിച്ച് ക്ഷേത്ര ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയും തദ്വാര ദേശത്തു എശ്വര്യവും സമ്രദ്ധിയും ഉണ്ടാക്കുകയും ചെയ്യുന്നു.

അവിടെ എത്തിച്ചേരുന്ന ഭക്തരുടെ പാപശാന്തിക്ക് ഇത് ഉത്തമമാണ്. *ഇനിയും ബാഹ്യാകാരം എപ്രകാരമെന്നു നോക്കാം.
ആദ്യം വലിയ ബലിക്കല്പ്പുരയുടെ സ്ഥാനമാണ്. ഇതിന്റെ ക്രമത്തില്‍ നാലമ്പലത്തിന്റെ
പുറത്ത് ചുറ്റുപാടും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതായിക്കാണാം. ഇത് ദേവന്റെ അരക്കെട്ടിന്റെ
സ്ഥാനമാണ്*.

ബാഹ്യാഹാരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഒരു കാര്യം സ്മരിക്കേണ്ടതാണ്.
നാലു ദിക്കിലേക്കും യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ശരീരത്തെയാണ് ഇവിടെ
പ്രതിനിധാനം ചെയ്യുന്നത്.

വലിയ ബലിക്കല്ലിനു പുറത്ത് കൊടിമരത്തിന്റെ സ്ഥാനമാണ്.
യോഗ് നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന മനുഷ്യന്റെ മൂലാധാരത്തിന്റെ സ്ഥാനമാണിവിടം.
*കുണ്ഡലീന ശകതി ഉറങ്ങിക്കിടക്കുന്ന സ്ഥാനമാണന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ*.

*ഇത് നട്ടെല്ലിന്റെ ഉത്ഭവമാണ്. ഈ സ്ഥാനത്തു സ്ഥാപിക്കുന്ന കൊടിമരം നട്ടെല്ലിനെയാണ് പ്രതിനിധാനം ചെയ്യുക. അതില്‍ ചെമ്പ് കൊണ്ടോ, ഓടു കൊണ്ടോ, മറ്റ് ലോഹങ്ങള്‍ കൊണ്ടോ പണിതിറക്കുന്ന പാരകള്‍ നട്ടെല്ലിന്റെ കശേരുക്കളുടെ ക്രമത്തിലാണ്*.

കൊടിമരം ഉത്ഭവ ഘട്ടത്തില്‍ മാത്രം സ്ഥാപിച്ചാല്‍ മതിയാകുന്നതാണ്. *എന്നാല്‍ സൗകര്യം കണക്കാക്കി സ്ഥിര ധ്വജം സ്ഥാപിക്കുന്നു എന്നു മാത്രം*. താല്‍കലിക ധ്വജം സ്ഥാപിക്കുമ്പോള്‍ കമുകിന്‍ തടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിര ധ്വജത്തിനു തേക്ക്, ദേവദാരു എന്നിവ ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇന്ന് സൗകര്യപ്രദാര്‍ഥം കോണ്‍ക്രീറ്റ് സ്തംഭങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കൊടിമരത്തിന്റെ പൊക്കം ക്ഷേത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

കൊടിമരത്തിന്റെ അടിസ്ഥാനം മൂലാധാരത്തിന്റെ
സ്ഥാനത്താകുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം സഹസ്രാര പത്മം വരെയാണ്, ഇവിടെ സുഷുംമ്നാ
നാഡിയേയും പ്രതിനിധാനം ചെയ്യുന്നു. ഇഡാ-പിംഗലാ നഡികളെ പ്രതിനിധാനം ചെയ്താണ്
കൊടിമരത്തില്‍ ആലുമ്മാവും കുഴ കെട്ടുന്നത്.

കൊടിക്കൂറയും അതിലെ മണിയും ശക്തിയേയും
അതിലെ നാദത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്.

*മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലീന ശക്തിയെ സാധകന്‍ പ്രാണായാമം കൊണ്ട് മല്പ്പോട്ടുയര്‍ത്തി സഹസ്രാര പത്മത്തില്‍ എത്തിക്കുന്ന പ്രക്രീയയാണ് ക്ഷേത്രത്തില്‍ കൊ ടിയേറ്റം നടത്തുമ്പോള്‍ ഉണ്ടാകുന്നത്.

സാധകന്‍ തന്റെ കുണ്ഡലീന ശക്തിയെ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന നാദവിശേഷത്തേയാണ് കൊടിക്കൂറയിലെ മണി പ്രതിനിധാനം ചെയ്യുന്നത്.

കൊടിമരത്തിന്റെ പുറത്ത് ബലിവട്ടം. ഈ ബലിവട്ടത്തിന് അകത്തും പുറത്തുമായി ബലിശിലകള്‍ കാണാം.

ഇത് അരക്കെട്ടിന്റെ ഭാഗമാണ്. ഇതിന്റെ പുറത്തുള്ള മതില്‍ക്കെട്ട് മഹാമര്യാദ അഥവാ പുറംമതില്‍ എന്ന സ്ഥാനമാണ്. ഇത് ദേവന്റെ കാലുകളെ പ്രതിനിധാനം ചെയ്യുന്നു. നാലുദിക്കിലും കാണുന്ന ഗോപുരങ്ങള്‍ ദേവന്റെ പാദങ്ങളാണ്. ഇപ്പോള്‍ ദേവാലയത്തിന്റെ മിക്കവാറും അംഗങ്ങളൊക്കെയായി. മേല്പ്പറഞ്ഞ പ്രകാരം ഷഡാധാരങ്ങളോടുകൂടി  പ്രതിഷ്ടാപീഠത്തില്‍ സ്ഥിതി ചെയ്യുന്ന വിഗ്രഹം പരമാത്മാവ് തന്നെയാണ്. ഇത് സാക്ഷാല്‍ ഈശ്വര സാനിധ്യമാണ്.

ദേവചൈതന്യം അരൂപമായതിനാല്‍ അതിന് മന്ത്രകഷണങ്ങളാലും ബീജക്ഷണങ്ങളാലും രൂപവും ഭാവവും കല്പന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മന്ത്ര സ്പന്ദനത്തോടും ധ്യാനഭാവത്തോടും കൂടി രൂപപ്പെടുത്തിയട്ടുള്ളതാണ് ശ്രീകോവിലിനുള്ളില്‍ നാം കാണുന്ന വിഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ചൈതന്യത്തെ മല്പ്പറഞ്ഞ പ്രകാരം ശാസ്ത്രീയമായി
കേന്ദ്രീകരിച്ച് നിലനിര്‍ത്തിയട്ടിള്ളതാണ് ദേവാലയങ്ങള്‍. അതിലേക്ക് പ്രത്യേകം ക്രമപ്പെടുത്തിയട്ടുള്ള
മന്ത്രങ്ങളെ പ്രവഹിപ്പിക്കുമ്പോള്‍ അത്ഭുതാവഹവും അപരിമേയവുമായ പ്രഭ(ചൈതന്യം) പുറത്തേക്ക്
സ്ഫുരിക്കുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ഭൗതീകവും ആത്മീയവുമായ സാക്ഷാത്കാരത്തിന്
അനുഗുണമായിത്തീരുന്നു. ഇപ്രകാരമുള്ള ദേവാലയ സ്ഥാനത്ത് ഏകാഗ്ര ചിത്തനായി ഭജിക്കുന്ന
ഒരു ഭക്തന് തന്റെ  മനോകാമന പൂര്‍ണ്ണമാക്കാനാവുമെന്നതില്‍ സംശയമില്ല.

കാലാകാലങ്ങളില്‍ ശ്രദ്ധാപുരസ്സരം ആചാരങ്ങള്‍ നിലനിര്‍ത്താത്തതുകൊണ്ടും
പില്‍ക്കാലത്തുണ്ടാവുന്ന ആചാരവ്യതാസം കൊണ്ടും ജീര്‍ണ്ണത കൊണ്ടും ,മറ്റു പല കാരണങ്ങള്‍ കൊണ്ടും ദേവാലയങ്ങള്‍ക്ക് വൈകല്യം വന്നുകൂടാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അവിടെ നിന്നും അനുകൂല തരമല്ലാത്ത പ്രഭാ സ്ഫുരണം ഉണ്ടാവുകയും, പല പ്രകാരത്തിലുള്ള നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ അവിടുത്തെ പോരായ്മകള്‍ അറിഞ്ഞുപരിഹരിക്കുന്നതിന് വിദഗ്ധനായ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ സേവനം അനിവാര്യമായിത്തീരുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത പല പോരായ്മകളും വന്നു കൂടാവുന്നതാണ്.

ഈ ഘട്ടത്തില്‍ വിശദമായ ദേവപ്രശ്നം നടത്തി ഗുണ ദോഷങ്ങളെ വേര്‍തിരിച്ച് ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
ജ്യോതിശാസ്ത്ര പണ്ഡിതന്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്.

ആ നിര്‍ദ്ദേശ്ശ പ്രകാരം ക്ഷേത്രത്തിന്റെ ആചാര്യനാല്‍ പോരായ്മകള്‍ പരിഹരിച്ച് ദേശത്തിന്റെയും ദേശജനങ്ങളുടേയും ഉത്ക്രഷ്ടക്കായി ദേവാലയങ്ങള്‍ പുനരുദ്ദരിക്കേണ്ടതാണ്.

ഒരു സാധകന്‍ നിത്യം സ്നാനം, ജപം, പ്രാണായാമം മുതലായ നിത്യാചാരങ്ങളും ചെയ്ത് മോക്ഷത്തിനായി യജ്ഞിക്കുന്നതു പോലെ ക്ഷേത്രത്തില്‍ നിത്യാചാരങ്ങളും വാര്‍ഷീകമായി കൊടിയേറ്റ് ഉത്സവം മുതലായവ താന്ത്രികമായി നിര്വ്വഹിച്ച് ക്ഷേത്രത്തിനേയും, ദേശത്തിനേയും ആത്മീയ പ്രഭാപൂരണം ചെയ്തുപോരുന്നു. ഇവിടെ മനുഷ്യന്റെ ഒരു വര്‍ഷം ദേവന്റെ ഒരു ദിവസ്സമായി കണക്കാക്കപ്പെടുന്നു.  ഒരു ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പരമാധികാരവും പരിധിയുമുള്ള അഞ്ചുകൂട്ടുകാരുടെ ബന്ധമുണ്ട്.

*യജമാനന്‍-തന്ത്രി- ജ്യോതിശാസ്ത്രജ്ഞന്‍-സ്തപതി ദേവകര്‍ എന്നിവര്‍ അവരവരുടെ പരമാധികാരവും പരിധിയും, നിഷ്ഠയും, സദ്ഭാവനയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ഒരു ക്ഷേത്രം സുഗമമായും എശ്വര്യമായും സമ്പൂര്‍ണ്ണ അനുഗ്രഹപ്രദമായും നിലനില്‍ക്കുകയൊള്ളൂ*...history and faiths
ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വച്ച്‌ ഏറ്റവും സംഭവബഹുലമായിരിക്കുന്നത്‌ ശ്രീകൃഷ്ണാവതാരമാണ്‌. പൂര്‍ണ പുണ്യാവതാരമാണ്‌ ശ്രീകൃഷ്ണമെന്ന്‌ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട്‌ നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ്‌ ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്‌. ജനിച്ചയുടനെതന്നെ ശ്രീകൃഷ്ണനെ വസുദേവര്‍ നന്ദഗോപരുടെ ഗൃഹത്തിലാക്കി. നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട്‌ കിടത്തി. സാക്ഷാല്‍ മായാദേവി തന്നെയായ ആ ശിശുവിനെ വധിക്കുവാന്‍ വേണ്ടി കംസന്‍ തുനിഞ്ഞു. ആ സമയത്ത്‌ ബാലിക ആകാശത്തിലേക്കുയര്‍ന്ന്‌ നിന്റെ അന്തകനായിരിക്കുന്നവന്‍ ഭൂമിയില്‍ ജനിച്ചിരിക്കുന്നു എന്നുപറഞ്ഞു. ഇതുകേട്ടതോടുകൂടി അത്യധികം ഭയചകിതനായ കംസന്‍ ആയിടയ്ക്ക്‌ ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുന്നതിനായി പൂതന എന്ന രാക്ഷസിയെ അയച്ചു. നന്ദഗോപഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന്‌ വിഷം പുരട്ടിയ സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ, സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവന്‍ വെടിഞ്ഞ്‌ ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കംസന്‍ തൃണാര്‍ത്തന്‍ എന്ന അസുരനെ കൃഷ്ണനെ നിഗ്രഹിക്കാനായി പറഞ്ഞയച്ചു. അമ്പാടിയിലെത്തിയ തൃണാവര്‍ത്തന്‍ ചുഴലിക്കാറ്റായി വന്ന്‌ ശ്രീകൃഷ്ണനെ എടുത്തുകൊണ്ട്‌ ആകാശത്തിലേക്ക്‌ ഉയര്‍ന്നു. ശ്രീകൃഷ്ണന്‍ അസുരന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ച്‌ അവനെ കൊന്നുകളഞ്ഞു. പിന്നെ ശകടന്‍ എന്നൊരു അസുരന്‍ ശകടമായി വന്ന്‌ കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ തന്റെ കുഞ്ഞിക്കാലുകള്‍കൊണ്ട്‌ മെല്ലെ തട്ടിയതോടുകൂടി ശകടാസുരന്‍ മരിച്ചുവീണു. വല്‍സന്‍ എന്നൊരു അസുരന്‍ പശുവായി വന്ന്‌ കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ അതിന്റെ വാലും, കാലും കൂട്ടിപ്പിടിച്ച്‌ ദൂരത്തേക്ക്‌ വലിച്ചെറിഞ്ഞു. അങ്ങനെ അവനും മരിച്ചുവീണു. ആതിനുശേഷം കംസന്‍, പൂതനയുടെ സഹോദരനായ ബകനെ കൃഷ്ണവധത്തിനായി നിയോഗിച്ചു. അവന്‍ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച്‌ ശ്രീകൃഷ്ണനെ വിഴുങ്ങി. കൃഷ്ണസ്പര്‍ശംകൊണ്ട്‌ അവന്റെ ഉദരം ദഹിക്കുവാന്‍ തുടങ്ങി. അങ്ങനെ അവന്‍ മരിച്ചുവീണു. ഇതിന്‌ ശേഷം വന്നത്‌ അഘന്‍ എന്ന അസുരനായിരുന്നു. അവന്‍ ഒരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട്‌ രാമകൃഷ്ണന്മാരെയും ഗോപാലന്മാരെയും വിഴുങ്ങി. ശ്രീകൃഷ്ണന്‍ അവന്റെ ഉദരത്തെ ദഹിപ്പിച്ച്‌ അവനെ കൊന്നുകളയുകയും, ബലരാമനോടും ഗോപാലന്മാരോടുമൊപ്പം പുറത്തുചാടുകയും ചെയ്തു. ശ്രീകൃഷ്ണന്റെ ബാല്യലീലകള്‍ ഏവര്‍ക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നതായിരുന്നു. രാമകൃഷ്ണന്മാര്‍ക്ക്‌ നാമകരണം ചെയ്തത്‌ ഗര്‍ഗ്ഗമുനിയായിരുന്നു. ഒരു നാള്‍ ശ്രീകൃഷ്ണന്‍ മണ്ണുതിന്നുന്നതായി ഗോപികമാര്‍ യശോദയോട്‌ പറഞ്ഞു. അതനുസരിച്ച്‌ ശ്രീകൃഷ്ണന്റെ വായ തുറന്നുനോക്കിയപ്പോള്‍ യശോദ അവിടെ ഈരേഴുപതിനാല്‌ ലോകങ്ങളും കാണുകയുണ്ടായി. അതുകണ്ട്‌ പരിഭ്രമിച്ച്‌ കണ്ണുകളടച്ചുകളഞ്ഞു. ശ്രീകൃഷ്ണനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോള്‍ കംസന്‍ ധനുര്‍യാഗം നടത്തുവാന്‍ തീരുമാനിച്ചു. ആ സന്ദര്‍ഭത്തില്‍ കൃഷ്ണനെ ഇല്ലാതാക്കാനായിരുന്‍ കംസന്‍ ശ്രമിച്ചു. കംസന്റെ ക്ഷണം സ്വീകരിച്ച്‌ രാമകൃഷ്ണന്‍മാര്‍ മധുരാപുരിയില്‍ എത്തിച്ചേര്‍ന്നു. രാമകൃഷ്ണന്‍മാര്‍ യാഗവേദിയില്‍ പ്രവേശിച്ച്‌ പൂജിച്ച്‌ വച്ചിരുന്ന വില്ല്‌ മുറിച്ചുകളഞ്ഞു. എതിരിടാന്‍ വന്നവരെയെല്ലാം അവര്‍ അടിച്ചുകൊന്നു. അടുത്ത ദിവസം കംസന്‍ മല്ലയുദ്ധരംഗം സജ്ജീകരിച്ചു. യുദ്ധവേദിയിലേക്ക്‌ പ്രവേശിക്കുന്നിടത്ത്‌ കംസന്‍ കുവലയാപീഢന്‍ എന്നൊരു കൊലയാനയെ നിറുത്തിയിരുന്നു. രാമകൃഷ്ണന്‍മാര്‍ ആ ആനയെ വധിച്ച്‌ യുദ്ധവേദിയിലേക്ക്‌ പ്രവേശിച്ചു. അവിടെ അവരെ എതിരേറ്റത്‌ ചാണുതന്‍, മുഷ്ടികന്‍ എന്നീ രണ്ടുമല്ലന്മാരായിരുന്നു. കൃഷ്ണന്‍ ചാണൂരനെയും ബലരാമന്‍ മുഷ്ടികനെയും മല്ലയുദ്ധം ചെയ്ത്‌ വധിച്ചുകളഞ്ഞു. തുടര്‍ന്നും അനവധി മല്ലന്മാര്‍ രാമകൃഷ്ണന്മാരോട്‌ എതിരിടാന്‍ വന്നു. അവരും കാലതാമസം കൂടാതെ യമപുരിയെ പ്രാപിച്ചു. ഇതിനുശേഷം കൃഷ്ണന്‍ കംസനെ വധിച്ചു. പിന്നെ ഭഗവാന്‍ വസുദേവര്‍, ദേവകി, ഉഗ്രസേനന്‍ തുടങ്ങിയവരെ കാരാഗൃഹത്തില്‍ നിന്ന്‌ മോചിപ്പിക്കുകയും, ഉഗ്രസേനനെ മധുരയിലെ രാജാവായി വാഴിക്കുകയും ചെയ്തു. കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂരഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്‌. കൗരവര്‍ കള്ളചൂതുകളിച്ച്‌ പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന്‌ പാണ്ഡവന്മാര്‍ 12 വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന്‌ യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത്‌ ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക്‌ ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്ന്‌ മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കാന്‍ വരെ ശ്രമിച്ചു. ഒടുവില്‍ കൗരവരും പാണ്ഡവരും തമ്മില്‍ കുരുക്ഷേത്രത്തില്‍വച്ച്‌ അതിഘോരമായ യുദ്ധം നടന്നു. പാണ്ഡവപക്ഷത്തില്‍ ഏഴ്‌ അക്ഷൗഹിണിപടകളും, കൗരവപക്ഷത്തില്‍ പതിനൊന്ന്‌ അക്ഷൗഹിണിപടകളുമാണ്‌ ഉണ്ടായിരുന്നത്‌. 21870 രഥങ്ങള്‍, അത്രതന്നെ ആനകള്‍, 65610 കുതിരകള്‍, 109350 കാലാളുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ഒരു അക്ഷൗഹിണിപ്പട. മഹാഭാരതയുദ്ധത്തില്‍ ഏകദേശം 60 ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്തതായാണ്‌ ഈ കണക്കനുസരിച്ച്‌ പറയാന്‍ സാധിക്കുക. ശത്രുപക്ഷത്തുനില്‍ക്കുന്ന തന്റെ പിതാമഹന്മാരെയും ഗുരുക്കന്മാരെയും കണ്ടതോടുകൂടി അര്‍ജ്ജനന്‍ അത്യധികം വിഷാദമഗ്നനായി തീര്‍ന്നു. അദ്ദേഹം യുദ്ധത്തില്‍ നിന്ന്‌ പിന്‍വാങ്ങുവാന്‍ വരെ ഒരുങ്ങി നിന്നു. ഈ സമയത്ത്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ ഉപദേശിക്കുന്നതാണ്‌ ഭഗവത്ഗീത. ഒരു മനുഷ്യന്റെ പരമമായ കര്‍ത്തവ്യം എന്താണ്‌, എങ്ങനെയാണ്‌ അലസതകളില്‍ നിന്നും വിഷാദത്തില്‍ നിന്നും മുക്തിപ്രാപിക്കാന്‍ സാധിക്കുക തുടങ്ങിയ മുതല്‍ അത്യുനന്നതമായ വേദാന്തസങ്കല്‍പങ്ങള്‍ വരെ ഭഗവത്ഗീതയില്‍ അടങ്ങിയിരിക്കുന്നു. ഭഗവാന്റെ ഉപദേശം ശ്രമിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച്‌ ബോധവാനായിത്തീരുകയും, ശത്രുപക്ഷത്തെ എതിരിടുകയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത്‌ പഞ്ചപാണ്ഡവരും, സാത്യകിയും മാത്രം അവശേഷിച്ചു. അതുപോലെ കൗരവപക്ഷത്ത്‌ അശ്വത്ഥാമാവ്‌, കൃപര്‍, കൃതവര്‍മാവ്‌ എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു. തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട്‌ അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന്‌ മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു. "കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച്‌ ഇല്ലാതായതുപോലെ, മുപ്പാത്താറുവര്‍ഷം കഴിയുമ്പോള്‍ നിന്റെയും വംശം പരസ്പരം പോരടിച്ച്‌ ഇല്ലാതായിത്തീരട്ടെ." ഭഗവാന്‍ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു. യാവനാശത്തിന്‌ മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക്‌ വരികയുണ്ടായി. അപ്പോള്‍ യാദവന്മാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക്‌ വന്നു. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച്‌ മുനിമാരുടെ മുന്നിലേക്ക്‌ കൊണ്ടുവന്ന്‌ ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ്‌ ആണോ, പെണ്ണോ എന്ന്‌ ചോദിച്ചു. ഇതുകേട്ട്‌ കുപിതരായ മുനിമാര്‍ ഗര്‍ഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത്‌ യാദവകുലത്തിന്റെ നാശത്തിന്‌ കാരണമായിത്തീരുമെന്നും ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യാദവന്മാര്‍ ആ ഇരുമ്പുലക്കയടെ രാകിപ്പൊടിച്ച്‌ കടലിലെറിഞ്ഞു. അത്‌ സമുദ്രതീരത്ത്‌ വന്നടിഞ്ഞ എരപ്പുല്ലുകളായി വളര്‍ന്നുവന്നു. അല്‍പകാലം കഴിഞ്ഞപ്പോള്‍ നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി. അപ്പോള്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയപ്പോള്‍ അവര്‍ അമിതമായി മദ്യപിച്ച്‌ കലഹിക്കുവാന്‍ തുടങ്ങി. പിന്നെ അവര്‍ സമുദ്രതീരത്ത്‌ മുളച്ചുനില്‍ക്കുന്ന ഏരകപ്പുല്ലുകള്‍ പറിച്ചെടുത്ത്‌ പരസ്പരം പ്രഹരിക്കാന്‍ തുടങ്ങി. അവ പറിച്ചെടുക്കുന്ന മാത്രയില്‍ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു. അനേകം യാദവന്മാര്‍ അവിടെവച്ച്‌ തമ്മിലടിച്ച്‌ മരിച്ചുവീണു. ഇതു കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത്‌ ശേഷിച്ച യാദവരെയൊക്കെ കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീര്‍ന്നു. പിന്നെ, കൃഷ്ണന്‍ തന്റെ ജ്യേഷ്ഠനായ ബലരാമന്‍ സമാധിയില്‍ മുഴുകി ദേഹം വെടിഞ്ഞിരിക്കുന്നത്‌ കണ്ടു. കുറച്ചുനേരം വനത്തില്‍ ചുറ്റിക്കറങ്ങിയതിന്‌ ശേഷം കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കിടന്നു. ഈ സമയത്ത്‌ ജരന്‍ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കണ്ട്‌ മാനാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അമ്പെയ്തു. ജരന്‍ പൂര്‍വജന്മത്തില്‍ വാനരരാജാവായ ബാലിയായിരുന്നു. അന്ന്‌ ശ്രീരാമചന്ദ്രന്‍ ബാലിയെ അമ്പെയ്തതിന്റെ പകരമായിരുന്നു ഇപ്പോള്‍ ഭഗവാന്‍ കൃഷ്ണനെ അമ്പെയ്തത്‌. ആ അമ്പേറ്റ്‌ ഭഗവാന്‍ കൃഷ്ണന്‍ ദേഹം വെടിഞ്ഞ്‌ വിഷ്ണു സ്വരൂപത്തോടുകൂടി തന്റെ ആവാസസ്ഥാനമായിരിക്കുന്ന വൈകുണ്ഠത്തിലേക്ക്‌ പോയി.
ശ്രീകൃഷ്‌ണാവതാരം ...
ഒരു പക്ഷേ ശ്രീകൃഷ്‌ണൻ അനുഭവിച്ചിട്ടുള്ളത്ര ദുരന്തങ്ങൾ മറ്റാരും അനുഭവിച്ചിട്ടില്ലെന്നു പറയാം. ശ്രീകൃഷ്‌ണൻ സ്വന്തം കഥ പറഞ്ഞാൽ എങ്ങനെയിരിക്കും ഒന്നാലോചിച്ചു നോക്കാം.
ഞാൻ ജനിക്കാൻ പോകുന്നു എന്ന കാരണം കൊണ്ടു മാത്രം എന്‍റെ മാതാപിതാക്കൾ തടവിലാക്കപ്പെടുക. തനിക്കു മുമ്പേ ജനിച്ച സഹോദരങ്ങൾ താൻ മൂലം അരും കൊല ചെയ്യപ്പെടുക. ജനിച്ച നിമിഷം തന്നെ അമ്മയിൽ നിന്നും മാറ്റിപാർപ്പിക്കുക. തന്‍റെ ജീവൻ രക്ഷിക്കാനായി മറ്റൊരു കുരുന്നിനെ (യശോദയുടെ കുഞ്ഞ്‌) കൊലയ്‌ക്ക്‌ കൊടുക്കുക. തന്നെ വേട്ടയാടാൻ ഒരുക്കിയ വലയിൽ നിരവധി കുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുക. (പൂതന തുടങ്ങിയവരുടെ ആക്രമണങ്ങൾ)
ഒരു ഗ്രാമം മുഴുവനും താൻ കാരണം മറ്റൊരു സ്‌ഥലത്തേയ്‌ക്ക്‌ പറിച്ചു മാറ്റപ്പെടുക. (വൃന്ദാവനം) സ്വന്തം അമ്മാവനെ (കംസൻ) വധിക്കേണ്ട ഗതികേട്‌. അതിനുശേഷം രാജ്യം മുത്തശ്ശനെ ഏല്‌പിച്ച്‌ സ്വസ്‌ഥമായിരിക്കാൻ തുടങ്ങുമ്പോൾ അച്ഛൻ പെങ്ങളുടെ - കുന്തീ - കുടുംബത്തിൽ കലഹം (ഹസ്‌തിനാ പുരിയിൽ കൗരവപാണ്ഡവ സംഘർഷം) കുലവധുവിനെ സഭാമധ്യത്തിൽ വസ്‌ത്രം ഉരിയത്തക്കവിധം അധഃപതിച്ച ഭരണനേതൃത്വം. (പാഞ്ചാലീ വസ്‌ത്രാപഹരണം)
ധർമ്മിഷ്‌ഠനായ ഒരുവന്‌ എങ്ങനെ ഇതെല്ലാം സഹിക്കാനാകും? അങ്ങനെ കൃഷ്‌ണൻ രംഗത്തിറങ്ങുന്നു. ഒടുവിൽ ഒരു മഹായുദ്ധത്തിന്‌ കളമൊരുങ്ങി. യുദ്ധം തുടങ്ങി പതിനായിരക്കണക്കിന്‌ പേർ ചത്തൊടുങ്ങി. ഒടുവിൽ ധർമ്മം വിജയിച്ചു. ധർമ്മപുത്രരെ ഭഗവാൻ ഭരണത്തിലിരുത്തി.
അപ്പോഴേക്കും സ്വന്തം കുലത്തിൽ തന്നെ അധർമ്മം വിളയാടാൻ തുടങ്ങി. ശ്രീകൃഷ്‌ണന്‍റെ മകൻ സാംബൻ സ്‌ത്രീവേഷം കെട്ടി നിന്ന്‌ മഹാമുനികളെ പരിഹസിച്ചു. അതിന്‍റെ ഫലമായി “മുസലം കുലനാശനം” എന്ന ശാപം. താൻ പടുത്തുയർത്തി കൊണ്ടുവന്ന യദുകുലം തമ്മിൽ തല്ലി നശിക്കുന്നത്‌ കൃഷ്‌ണന്‌ കാണേണ്ടി വരിക! ഒടുവിൽ തന്‍റെ രാജ്യമായ ദ്വാരകയെ കടൽ വിഴുങ്ങുക. (പക്ഷേ ഇതിനിടയിൽ അനുസരണയുള്ള, ഭക്തനായ ഉദ്ധവരോടു മാത്രം രക്ഷപ്പെടാനുള്ള വഴിയും ഉപദേശിച്ചു).
കുരുക്ഷേത്രത്തിലെ മഹായുദ്ധത്തിൽ ഒരായുധം പോലും എടുക്കാതെ കുതിരയെ തെളിച്ചു മാത്രം യുദ്ധത്തിന്‍റെ ഭാവി കൈപ്പിടിയിലൊതുക്കിയ മഹാപ്രഭുവായ ശ്രീകൃഷ്‌ണ ഭഗവാന്‍റെ വ്യക്തിജീവിതമാണ്‌ ചുരുക്കി പറഞ്ഞത്‌. കൺകോൺ ചലനത്താൽ പ്രപഞ്ചത്തെ ഇളക്കിമറിയ്‌ക്കാൻ കഴിയുന്ന മഹാപ്രഭുവിന്‍റെ ചരിത്രമാണ്‌ പറഞ്ഞത്‌.
എന്തേ കൃഷ്‌ണൻ ഈ രംഗങ്ങളിലൊക്കെ തന്‍റെ ദിവ്യത പ്രകടിപ്പിച്ചില്ല. ??? ഇതിനും ഉത്തരം ഒന്നു തന്നെ. അവതാരപുരുഷൻ പ്രദർശനത്തിന്‌ വന്നവരല്ല. ധർമ്മസംസ്‌ഥാപനം മാത്രമാണ്‌ അവരുടെ ലക്ഷ്യം. ശ്രീകൃഷ്‌ണന്‍റെ കുടുംബചരിത്രം ഇങ്ങനെയായതുകൊണ്ട്‌ ശ്രീകൃഷ്‌ണമഹിമയ്‌ക്ക്‌ എന്തെങ്കിലും കുറവുണ്ടായോ? ആലോചിക്കൂ...
ശ്രീകൃഷ്‌ണമഹിമ നിറഞ്ഞു നില്‌ക്കുന്നത്‌ ഈ മഹാദുരിതങ്ങൾക്കിടയിലും പുഞ്ചിരി തൂകാനുള്ള മനസ്സ്‌ ഭഗവാന്‌ ഉണ്ടായിരുന്നതുകൊണ്ടുമാത്രമല്ലേ.
രാമ-കൃഷ്‌ണാവതാരങ്ങളുടെ കുടുംബജീവിതം പ്രശ്‌നരഹിതമായിരുന്നുവോ?
ഇനി ഈശ്വരമഹിമ എത്ര പ്രകടമാക്കിയാലും സുകൃതം ഇല്ലാത്തവന്‌ അത്‌ മനസിലാകുകയുമില്ല. ദൂതിനുപോയ ഭഗവാനെ ദുര്യോധനൻ ബന്ധിക്കാൻ ശ്രമിച്ചു. അപ്പോൾ ഭഗവാൻ വിശ്വരൂപം കാണിക്കുന്നുണ്ട്‌. പക്ഷേ പിന്നീട്‌ ദുര്യോധനൻ അതേക്കുറിച്ച്‌ പറഞ്ഞത്‌. “ഇടയന്‍റെ മായാജാലപ്രകടനം” എന്നാണ്‌. പക്ഷേ അതേ വിശ്വരൂപദർശനം കണ്ട്‌, ആനന്ദിച്ച, ഭഗവാനെ തിരിച്ചറിഞ്ഞ വിരലിലെണ്ണാവുന്ന ഭീഷ്‌മരെ പോലുള്ള സുകൃതികളും അവിടെ ഉണ്ടായിരുന്നു.
അവാതാരപുരുഷന്‍റെ മഹിമ മനസിലാക്കാനും അവിടുന്ന്‌ കൃപ ചൊരിയണം. ഭൗതികലോകത്തിലെ ഒരളവുകോലുകൊണ്ടും അവതാരപുരുഷനെ അളന്ന്‌ തിട്ടപ്പെടുത്താനാവില്ല. അതിന്‌ തുനിയുന്നത്‌ വങ്കത്തം തന്നെ. അതാണ്‌ കൃഷ്‌ണൻ പറഞ്ഞത്‌, “അല്‌പബുദ്ധികൾ മനുഷ്യശരീരം ധരിച്ച എന്‍റെ പരമമായ ഭാവത്തെ അറിയുന്നില്ല.” !!! ഹരേ കൃഷ്ണാ ...
(കടപ്പാട് )
ശരീരവും മനസ്സുമാണ് താനെന്നത് നിങ്ങളില്‍ കുറഞ്ഞുവരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരവും മനസ്സും വളരെ വളരെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയും. അതു സാധ്യമാണ്. നിങ്ങള്‍ അതു ഉപയോഗിക്കുവാന്‍ പോകുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ ഔചിത്യംപോലെയാകട്ടെ. പക്ഷേ, പ്രധാനപ്പെട്ട കാര്യം, ശരീരമാണ് നിങ്ങളെന്നതില്‍ കുറവുണ്ടായിരിക്കുന്നു എന്നുള്ളതാണ്. വിശപ്പു വന്നാല്‍, ചെറിയൊരു വിശപ്പു വന്നാള്‍ ആളുകള്‍ക്കത് സഹിക്കാന്‍ കഴിയില്ല; അവര്‍ക്ക് ഭ്രാന്തുപിടിക്കും. വെള്ളം കുടിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് ഭ്രാമന്തുപിടിക്കും. അരമണിക്കൂര്‍ സമയത്തേക്ക് മൂത്രശങ്ക തീര്‍ക്കാന്‍ അവരെ നിങ്ങള്‍ അനുവദിക്കാതെയിരുന്നാല്‍ അവര്‍ക്ക് ഭ്രാന്തുപിടിക്കും. അനുഷ്ഠാനം ചെയ്തുതീരുമ്പോള്‍ ഇതെല്ലാം പിന്‍വാങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് വിശന്നാല്‍ അത് പ്രശ്‌നമായിത്തോന്നുകയില്ല. നിങ്ങള്‍ക്ക് ദാഹമുണ്ടായാല്‍ അത് പ്രശ്‌നമായിത്തോന്നുകയില്ല. ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും; അതും ഒരു പ്രശ്‌നമല്ല. കാരണം ശരീരമാണ് നിങ്ങളെന്നതില്‍ കുറവുണ്ടായിത്തീര്‍ന്നിരിക്കുന്നു.  
ദൈവത്തെ അറിയാനുള്ള ത്വര നിങ്ങള്‍ക്കൊട്ടുമില്ല. കുട്ടിക്കാലം മുതല്‍ക്കുതന്നെ അവര്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു, ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ പരീക്ഷയില്‍ ജയിക്കുമെന്ന്. അതാണ് നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം കൈവരും, നിങ്ങള്‍ ആരോഗ്യവാനായിത്തീരും, നിങ്ങളുടെ കുഞ്ഞ് ആരോഗ്യവാനായിത്തീരും, അങ്ങനെ ഒരുപാട് ലാഭങ്ങളുണ്ട് എന്ന് അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. ശരിയല്ലേ? ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുമെന്ന്, ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാവുമെന്ന് അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതന്നിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നോ? ഒരിക്കലുമില്ല. അതുകൊണ്ട് നിങ്ങളുടെ അനേ്വഷണമെല്ലാം സുഖസൗകര്യത്തോടെയും സന്തോഷത്തോടെയും എങ്ങനെ കഴിഞ്ഞുകൂടാമെന്നാണ്.  
ആരെയെങ്കിലും നിങ്ങള്‍ സ്‌നേഹിക്കുകയാണെങ്കില്‍ അതില്‍നിന്ന് ഒരു നിക്ഷേപമുണ്ടാക്കുവാന്‍ പൊടുന്നനെ നിങ്ങള്‍ ആഗ്രഹിക്കുന്നു, അല്ലേ? എന്തിന്? അതില്‍നിന്ന് കിട്ടാവുന്നത്ര ഭദ്രത മുഴുവന്‍ നിങ്ങള്‍ക്കു കിട്ടണം. ശേഷം അത് അവസാനിക്കുന്നു. അതാണ് കാരണം. സ്‌നേഹത്തെ ചൂഷണം ചെയ്ത് എന്തെങ്കിലുമെടുക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ സ്‌നേഹം നഷ്ടമാകുന്നു. ചൂഷണം മാത്രം ബാക്കിയാകുന്നു. നിര്‍ഭാഗ്യവശാല്‍ എല്ലാവരും അതിനാണ് ശ്രമിക്കുന്നത്. അതിനവര്‍ വലിയ വില നല്‍കേണ്ടിവരുന്നു. എന്നിട്ടും അവര്‍ പഠിക്കുന്നില്ല. ആളുകള്‍ തികച്ചും വലിയ വില നല്‍കേണ്ടിവരുന്നുണ്ട്. നിങ്ങളുടെ ദുരിതമാണ് നിങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ വില, അല്ലേ? മറ്റെന്താണ് അവശേഷിക്കുക? നിങ്ങള്‍ക്ക് സ്‌നേഹം നഷ്ടപ്പെട്ടു, ആ പ്രക്രിയയില്‍ ആനന്ദവും എല്ലാത്തിനുപരിയായി നിങ്ങള്‍ക്ക് സ്‌നേഹം നഷ്ടപ്പെട്ടുകഴിഞ്ഞു. വേറെയെന്തു വിലയാണ് നിങ്ങള്‍ക്ക് നല്‍കേണ്ടതായുള്ളത്? നരകത്തില്‍ പോകേണ്ട കാര്യമില്ലല്ലോ. അല്ലേ? ഇതുമാത്രം മതി. കലാശാലയില്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ക്കുണ്ടായിരുന്ന ആ സ്‌നേഹബന്ധത്തെപ്പറ്റി, ജീവിതത്തില്‍ ആനന്ദത്തിന്റെ സ്രോതസ്സുമായിരുന്ന ആ സ്‌നേഹബന്ധത്തെപ്പറ്റി, നിങ്ങള്‍ ഒന്നോര്‍ത്തു നോക്കിയെങ്കില്‍. അതെ, നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ അതിനെ ഒരു വാണിജ്യമാക്കി മാറ്റി. നിങ്ങള്‍ക്ക് എല്ലാമെല്ലായിരുന്ന, സുന്ദരനാ(രിയാ) യ ആവ്യക്തി ഇന്ന് നിങ്ങള്‍ക്ക് വിരുപനാ(യാ)യ വ്യക്തിയായി പരിണമിച്ചിരിക്കുന്നു. അങ്ങനെ സംഭവിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, മനുഷ്യന്‍ തലമുറകളായി ഇങ്ങനെ എന്നത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, മനുഷ്യന്‍ തലമുറകളായി ഇങ്ങനെ തന്നെ ചെയ്തുകൊണ്ട് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. മാറ്റത്തിനു സമയമായിരിക്കുന്നു. നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതെന്ത്, പറഞ്ഞിട്ടില്ലാത്തതെന്ത് എന്ന് നിശ്ചയിക്കുവാന്‍ തീര്‍ച്ചയായും സമയമായിരിക്കുന്നു.    
നിങ്ങളുടെ മനസ്സില്‍നിന്ന്‌ നേരിട്ടുവരുന്നവയാണ്‌ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും. എന്തുതരം സ്വപ്നങ്ങളാണ്‌ നിങ്ങള്‍ കാണുന്നതെന്നത്‌ ഒരു കാര്യമേ അല്ല. ഈശ്വരനെ കണ്ടാലും പിശാചിനെ കണ്ടാലും പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ബോധചിന്തകളില്‍ ഏറ്റവും പ്രധാനമായതെന്തോ, അത്‌ അതിനെത്തന്നെ പ്രതിഫലിപ്പിക്കുന്നു. സാക്ഷാത്കരിക്കപ്പെടാത്ത മോഹങ്ങളുടെ ആവിഷ്കാരമാണ്‌ പൊതുവെ സ്വപ്നങ്ങള്‍. വേറിട്ടൊരു തലത്തില്‍ സംഭവിക്കാവുന്ന മറ്റുചില സ്വപ്നങ്ങളുണ്ട്‌. അവബോധജന്യം ആയേക്കാവുന്നവ. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഒരളവില്‍ അവബോധജന്യതയും ഉണ്ടായെന്നുവരാം.
സ്വപ്നാവസ്ഥയില്‍ യാദൃശ്ചികമായി ചിലപ്പോള്‍ നിങ്ങളുടെ ഉപബോധമനസ്സിനെ നിങ്ങള്‍ക്ക്‌ സ്പര്‍ശിക്കാനായെന്നുവരാം. അങ്ങനെ ഉപബോധമനസ്സിനെ സ്പര്‍ശിക്കുന്ന വേളയില്‍ സമയത്തിന്റെ പരിമിതികള്‍ക്ക്‌ നിങ്ങളതീതനായിത്തീരുന്നു. കാലവും നിങ്ങളുടെ ബോധമനസ്സിന്റെ സൃഷ്ടിയാണ്‌. നിങ്ങളിപ്രകാരമുള്ള ഒരു സ്വപ്നം കണ്ടേക്കാം. അതിരാവിലെ ഒരു പൂന്തോട്ടത്തില്‍ നിങ്ങള്‍ ഇരിക്കുന്നതായും നിങ്ങളുടെ സ്നേഹിതന്‍ അവിടെയെത്തി നിങ്ങളോട്‌ എന്തോ പറയുന്നതായും നിങ്ങള്‍ കണ്ടു. വളരെ സാധാരണമായ ഒരു സംഭവം. പിറ്റേദിവസം രാവിലെ നിങ്ങള്‍ അതേ പൂന്തോട്ടത്തിലിരിക്കുമ്പോള്‍ അതേ സ്നേഹിതന്‍ വന്ന്‌ അതേ കാര്യങ്ങള്‍ തന്നെ പറയുന്നു. ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭിക്കുന്നുണ്ട്‌. നിങ്ങള്‍ എന്തെങ്കിലും സ്വപ്നം കാണുക, പിന്നീടത്‌ സംഭവിക്കുക. ഉപബോധമനസ്സിനെ സ്പര്‍ശിക്കുമ്പോള്‍ കാലത്തിനും നിങ്ങള്‍ അതീതനായിത്തീരുന്നതുകൊണ്ടായിരിക്കാം ഇത്‌ സംഭവിക്കുന്നത്‌. നിങ്ങള്‍ ആരെന്നുള്ള അഗാധമായ ആ തലവുമായി ഇതിന്‌ ഒരു ബന്ധവുമില്ല. സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും മനസ്സില്‍ നിന്നുവരുന്നു. സ്വപ്നങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കേണ്ടതില്ല. സ്വപ്നങ്ങള്‍ നിര്‍ത്തി ജീവിക്കാന്‍ തുടങ്ങുക. അതിന്‌ സമയമായി. - ജഗ്ഗിവാസുദേവ്‌
ചിലപ്പോള്‍ സ്വപ്നങ്ങള്‍ നമ്മുടെ ഒളിഞ്ഞുകിടക്കുന്ന ആഗ്രഹങ്ങളേയും മാസിക സങ്കീര്‍ണ്ണതകളെയും കാണിക്കുന്നവയാണ്‌. പലതും പ്രതീകാത്മകങ്ങളാണ്‌. ആധുനിക കാലത്തെ ഏറ്റവും വലിയ രണ്ട്‌ മനോവൈജ്ഞാനികരായ ഫ്രോയ്ഡും, യുങ്ങും, രോഗിയുടെ മാനസികാവസ്ഥ വെളിവാക്കുന്നു എന്ന നിലയ്ക്ക്‌ സ്വപ്നങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കി. പക്ഷേ അവരുടെ വ്യാഖ്യാനങ്ങള്‍ പലതും ശരിയായിരുന്നില്ല. പ്രത്യേകിച്ച്‌ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികേച്ഛയുടെ പ്രകടനമാണ്‌ എന്ന ആശയം ഫ്രോയ്ഡിനെ ശക്തിയായി സ്വാധീനിച്ചിരുന്നു. ഇത്‌ തീരെ വാസ്തവമല്ല.നമ്മുടെ സ്വപ്നങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക്‌ നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പുതിയവശം കാണാന്‍ സാധിക്കും. നാം വിചാരിക്കുന്നത്ര നല്ലവരല്ല. പക്ഷേ പേടിക്കേണ്ടതില്ല. അവനവന്റെ സത്യാവസ്ഥ നിങ്ങളെ കൂടുതല്‍ സുശക്തരും, നിങ്ങളുടെ കുറവുകളെ ജയിക്കുന്നതിന്‌ സമര്‍ത്ഥരും ദൃഢചിത്തരും ആകണം. പലപ്പോഴും സ്വപ്നങ്ങള്‍ വരുന്നത്‌ ബോധമണ്ഡലത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള ഒരു തലത്തില്‍നിന്നാണ്‌. ചില സ്വപ്നങ്ങള്‍ നമ്മുടെ അഗാധമായ ആദ്ധ്യാത്മാഭിലാഷങ്ങളെ കാണിക്കുന്നു. ഒരു രാത്രി സ്വപ്നത്തില്‍ ഞാന്‍ എന്റെ ഗുരുവായ ബ്രഹ്മാനന്ദസ്വാമികള്‍ക്കിങ്ങനെ എഴുതി : "ഞാനെല്ലാറ്റിലും ഈശ്വരനെ കാണാന്‍ ശ്രമിക്കുകയാണ്‌." എന്റെ സ്വപ്നത്തില്‍ തന്നെ അദ്ദേഹം മറുപടിയെഴുതി: "പൂര്‍ണ്ണത്തെ അംശങ്ങളിലെല്ലാം കാണാന്‍ ശ്രമിക്കുക. പരിമിതവസ്തുക്കളിലെല്ലാം കാണാന്‍ ശ്രമിക്കുക. പരിമിതവസ്തുക്കളിലെല്ലാം അനന്തത്തെ കാണാന്‍ ശ്രമിക്കുക." കുറേ ദിവസങ്ങളോളം ഇതായിരുന്നു എന്റെ ധ്യാനവിഷയം. പിന്നെ വലിയ ആദ്ധ്യാത്മസത്യങ്ങള്‍ വെളിവാക്കുന്ന സ്വപ്നങ്ങളുണ്ട്‌. സ്വപ്നത്തിലൊരു മന്ത്രം കിട്ടിയെന്നുവരാം. അല്ലെങ്കില്‍ അത്യാനന്ദകരമായൊരു ദര്‍ശനം. സ്വപ്നത്തില്‍ കിട്ടുന്ന മന്ത്രം പലപ്പോഴും ഗുരു തന്ന മന്ത്രം തന്നെയായിരിക്കും. മാതൃദേവിയുടെയും ശ്രീരാമകൃഷ്ണന്റെ പ്രഥമശിഷ്യന്മാരുടെയും ജീവനത്തില്‍ ഇത്തരം പല സന്ദര്‍ഭങ്ങളും നമുക്ക്‌ കാണാം. തന്റെ സാധനയില്‍ കഠിന പ്രയത്നം ചെയ്യുന്ന ഒരു സാധകന്‌ സ്വപ്നത്തില്‍ ഒരു ദിവ്യരൂപം കാണുന്നത്‌ വളരെ ഉത്സാഹപ്രദമായിരിക്കും. എന്നാല്‍ ഈ അനുഭൂതിയുടെ ആനന്ദം വളരെക്കാലം നില്‍ക്കുമെങ്കിലും ജാഗ്രദവസ്ഥയില്‍ ശരിയായി ധ്യാനിക്കാനും സദാചാരശുദ്ധി കൈവരുത്താനും അതുപകരിക്കുന്നില്ലെങ്കില്‍ സാധകനതുകൊണ്ട്‌ പ്രയോജനമൊന്നുമില്ല. ബോധാവസ്ഥയില്‍ ലഭിക്കുന്ന അനുഭൂതിക്കേ കാര്യമായ ആദ്ധ്യാത്മൂല്യമുണ്ടായിരിക്കൂ. സ്വപ്നം കാണുമ്പോള്‍ ആള്‍ ഏതൊരു പ്രകാശത്താല്‍ സ്വപ്നം കാണുന്നുവോ അതിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കണം. ആ ആന്തര പ്രകാശത്തെപ്പറ്റി ബൃഹദാരണ്യത്തില്‍ സൂചനയുണ്ട്‌. ആധുനിക മനുഷ്യന്‍ സുഷുപ്തിയെ വെറും വിശ്രമമായി മാത്രം കാണുന്നു. സുഷുപ്തിയില്‍ ജീവാത്മാവ്‌ അനന്തമായ പരമാത്മാവിനോടൊന്നായി ശുദ്ധമായ ആനന്ദം അനുഭവിക്കുന്നു. അപ്പോള്‍ ഒരു വലിയ ജലപ്പരപ്പുള്ളതുപോലെ ഒരഖണ്ഡബോധം മാത്രം നിലനില്‍ക്കുന്നു. ഈ അവസ്ഥയാണ്‌ മുക്താവസ്ഥയോട്‌ ഏറ്റവുമടുത്തുനില്‍ക്കുന്നത്‌. എന്നാലിവ രണ്ടിനും വ്യത്യാസമുണ്ട്‌. ജീവന്‍ ഗാഢനിദ്രയില്‍ കലര്‍പ്പില്ലാത്ത ആനന്ദമനുഭവിക്കുന്നു എന്നത്‌ ശരിതന്നെ. എന്നാലും അപ്പോഴും അത്‌ ബന്ധനത്തിലും അജ്ഞാനത്തിലും തന്നെയാണ്‌. -യതീശ്വരാനന്ദസ്വാമികള്‍
ജാക്ക്‌ സ്റ്റീവെന്‍സനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജാക്ക്‌ സ്റ്റീവന്‍സന്‍ ഒരിക്കല്‍ അദ്ദേഹത്തി ന്റെ സ്വപ്നങ്ങളെപ്പറ്റി പറയുകയായിരുന്നു.
പശ്ചാത്താപവിവശതയോടെ അദ്ദേഹം പറഞ്ഞു: "ഞാന്‍ ഇന്ന്‌ എന്റെ സ്വപ്നത്തില്‍ വലിയൊരു തെറ്റുചെയ്തു" ആളുകള്‍ ചോദിച്ചു: "എന്തസംബന്ധം, എങ്ങനെയാണ്‌ സ്വപ്നത്തില്‍ നിങ്ങള്‍ക്ക്‌ തെറ്റുചെയ്യാന്‍ കഴിയുക? സ്വപ്നം ഒരു സ്വപ്നം മാത്രമായിരിക്കെ ആര്‍ക്കങ്കിലും സ്വപ്നത്തില്‍ തെറ്റുചെയ്യാനെങ്ങനെയാണ്‌ കഴിയുക? അദ്ദേഹം പറഞ്ഞു, "ഇല്ല നിങ്ങള്‍ ക്കറിയില്ല. എന്താണ്‌ സംഭവിച്ചതെന്ന്‌ നിങ്ങള്‍ക്കറിയുമോ? ഞാന്‍ വത്തിക്കാനില്‍ പോവുകയും പോപ്പ്‌ തന്നെ എനിക്ക്‌ പാനോപചാരം ചെയ്യുകയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ പാനോപചാരം ചെയ്തുകൊണ്ട്‌ അദ്ദേഹം ചോദിച്ചു, "കുടിക്കാന്‍ ചൂടുള്ളതോ തണുത്തതോ?" ഞാന്‍ പറഞ്ഞു, "ചൂടുള്ളത്‌." അതിനാല്‍ അദ്ദേഹം വെള്ളം ചൂടാക്കാനായി അകത്തേക്കുപോയി. "അതാണെനിക്ക്‌ പറ്റിയ തെറ്റ്‌." ആരോ ചോദിച്ചു, 'അതിലെന്ത്‌ തെറ്റിരിക്കുന്നു? സ്വപ്നത്തില്‍ താങ്കള്‍ ചൂടുള്ള പാനീയം ചോദിച്ചു, അതിലിപ്പോള്‍ എന്താണുള്ളത്‌?" ജാക്ക്‌ പറഞ്ഞു, "അദ്ദേഹത്തിന്‌ വെള്ളം ചൂടാക്കാനായപ്പോഴേക്കും ഞാനുണര്‍ന്നു. തണുത്ത പാനീയമാകാം എന്ന്‌ ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ എനിക്ക്‌ അത്‌ ആസ്വദിക്കാന്‍ കഴിഞ്ഞേനെ" ജീവിതം ഇങ്ങനെ പോകുന്നു മിക്കവര്‍ക്കും. മനുഷ്യന്‍ വിചാരിക്കുന്നു, വെള്ളം ചൂടാകുമ്പോഴേക്കും അവര്‍ക്ക്‌ ഒരു കവിള്‍ കഴിക്കാമായിരുന്നുവെന്ന്‌. വെള്ളം ശരിക്കും ചൂടാകുമ്പോഴേക്ക്‌ തണുത്ത പാ നീയം ഒരുകവിള്‍ വഴിപോലെ കഴിക്കാമെന്ന്‌ അവര്‍ വിചാരിക്കുന്നു. ഫലമോ രണ്ടുമില്ലാതെ പോകുന്നു. - ജഗ്ഗിവാസുദേവ്‌
എവിടെയായാലും മനുഷ്യര്‍ ദുഃഖാര്‍ത്തര്‍. നരകത്തില്‍ കൊണ്ടുവിട്ടാല്‍ അവര്‍ ദുഃഖത്തോടെയിരിക്കും. സ്വര്‍ഗത്തില്‍ കൊണ്ടാക്കിയാലും അങ്ങനെതന്നെ. ദുഃഖത്തോടെയിരിക്കാന്‍ അവര്‍ എപ്പോഴും എന്തെങ്കിലും ഒഴിവുകഴിവുകള്‍ കണ്ടെത്തും. എവിടെയൊക്കെയായിരുന്നാലും, അത്‌ ലോകത്തിലെതന്നെ ഏറ്റവും ഉല്‍കൃഷ്ടമായ പ്രദേശത്തായിരുന്നാല്‍പോലും അവര്‍ ദുഃഖിതരായിത്തന്നെയിരിക്കും. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും നിറയെ പരാതികളേ ഉള്ളൂ എന്ന്‌ നിങ്ങള്‍ക്ക്‌ കാണാം. അവര്‍ വ്യത്യസ്തമായ രീതിയിലുള്ള ദുഃഖാവസ്ഥയിലാണ്‌. എന്നാല്‍ ഇന്ത്യയിലുള്ള ആളുകള്‍ വിചാരിക്കുന്നു, അവിടെ പൊയ്ക്കഴിഞ്ഞാല്‍ അവര്‍ എന്നേക്കുമായി സന്തുഷ്ടരാകുമെന്ന്‌. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ ദുഃഖത്തോടെയിരിക്കുന്നുവെങ്കില്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ എന്നോടുപറയുക. നിങ്ങള്‍ അവരേക്കാള്‍ ദുഃഖാര്‍ത്തരായിത്തീരണമോ? എന്താണ്‌ സംഭവിക്കുന്നത്‌ എന്നത്‌ ഒരു കാര്യം; എന്താണ്‌ സംഭവിക്കേണ്ടത്‌ എന്നത്‌ തികച്ചും മറ്റൊരു കാര്യം. നിങ്ങള്‍ ദുഃഖാര്‍ത്തയായിത്തീരുന്നതോ മറിച്ച്‌, അവസ്ഥാവിശേഷങ്ങള്‍ കണക്കിലെടുക്കാതെ അവരെ സന്തുഷ്ടരാക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നുവെന്നതോ, ഏതാണ്‌ കൂടുതല്‍ മൂല്യവത്തായിട്ടുള്ളത്‌? ഏതാണ്‌ പ്രധാനം? ഈ ലോകത്തിന്‌ ഏതാണ്‌ കൂടുതല്‍ മൂല്യവത്തായിട്ടുള്ളത്‌? - ജഗ്ഗിവാസുദേവ്‌
എന്താണ്‌ ഈ പാദനമസ്കാരമെന്നറിയുമോ? ഒരു ആചാര്യന്റെ പാദങ്ങള്‍ തൊട്ട്‌ നമസ്കരിക്കുന്നത്‌ നമ്മുടെ ആഗ്രഹവും മനോഭാവവും പ്രകടിപ്പിക്കുന്ന ഒരു ആചാരം മാത്രമാണ്‌. ഒരു ആചാര്യനെ എങ്ങനെ തൊഴണം എന്നറിയണം. വ്യാകുലപ്പെട്ട മനസ്സുകൊണ്ട്‌ നമ്മുടെ വാക്കും ചിന്തയും എല്ലാം ആചാര്യനില്‍ ശരണം പ്രാപിക്കുന്നതോടുകൂടി ഒരേ ഒരു നമസ്കാരത്തിന്റെ ആവശ്യമേയുള്ളൂ. പിന്നെ രണ്ടാമതൊരു നമസ്കാരത്തിന്‌ പ്രസക്തിയില്ല. നമ്മുടെ നമസ്കാരങ്ങളൊക്കെ എന്താണ്‌? ഒരാള്‍ നമസ്കരിക്കുന്നു. അതുകണ്ടിട്ട്‌ മറ്റുള്ളവരൊക്കെ മൃഗങ്ങളെപോലെ തിരക്കുകൂട്ടുന്നു. ഈ നമസ്കാരങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ക്ക്‌ എന്താണ്‌ സമാധാനം കിട്ടുക. അതേ നിമിഷം പറയുന്ന വചനങ്ങള്‍ ശ്രവിച്ച്‌ ഈശ്വരന്റെ കാരുണ്യത്തെ ഉള്‍കൊണ്ട്‌ അതെ സ്ഥലത്ത്‌ നിന്നുതന്നെ ആ സാന്നിദ്ധ്യത്തെ നാം നമിക്കുകയാണെങ്കില്‍ അതിന്റെ അടിത്തറ വേറെയല്ലേ മറ്റുള്ളതൊക്കെ ആചാരത്തിനുവേണ്ടി. നമ്മളില്‍ ഉയര്‍ന്നവരെ നാം ബഹുമാനിക്കുന്നു. എന്നുള്ളതില്‍ കവിഞ്ഞ്‌ ഒന്നുമില്ല. ശരിക്കൊരു ആചാര്യന്റെ മുമ്പില്‍ നമസ്ക്കരിക്കാന്‍ പോലും നമുക്കറിയില്ല. നമ്മുടെ മനസ്സ്‌, വാക്ക്‌, കര്‍മ്മം, വ്യാകുലത ഇതെല്ലാം ഏകമായി ചേര്‍ന്ന്‌ നമ്മള്‍ ആ സര്‍വ്വേശ്വരനെ പൂര്‍ണ്ണമായി ശരണം പ്രാപിക്കുകയാണ്‌ യഥാര്‍ത്ഥ നമസ്കാരം. അതും ആചാര്യന്റെ വ്യക്തി പ്രഭാവത്തെയല്ല ആചാര്യനിലൂടെ ഒഴുകുന്ന ഈശ്വരീയ ചൈതന്യത്തെയാണ്‌ നാം ശരണം പ്രാപിക്കുന്നത്‌. അങ്ങിനെ ശരണം പ്രാപിക്കാന്‍ കഴിഞ്ഞാല്‍ ഒരേ ഒരു നമസ്കാരം മാത്രം മതി. എങ്കിലും നമസ്കരിക്കാനും തിരക്കുകൂട്ടാനും നിങ്ങള്‍ വെപ്രാളം കാണിക്കുന്നു. അതിന്റെ അര്‍ത്ഥം ഈശ്വരനെയും അതുപോലെ ആചാര്യന്മാരെയും എങ്ങിനെ ആശ്രയിക്കണമെന്ന അറിവ്പോലും നമ്മുടെ സംസ്കാരത്തില്‍ ഇല്ലാ എന്നുതന്നെയാണ്‌. ആചാര്യന്മാരുടെ ശരീരത്തെ കണ്ട്‌ കാല്‍തൊട്ട്‌ നമസ്കരിച്ചിട്ട്‌ കാര്യമില്ല. ഞാന്‍ പറയുന്നു ഇന്നത്തെ കാലത്ത്‌ അതിലൊരു അര്‍ത്ഥവുമില്ല. ആചാര്യന്റെ വാക്കുകള്‍ ശ്രവിച്ച്‌ അത്‌ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നിങ്ങള്‍ ആചാര്യപാദത്തില്‍ നമസ്കരിക്കുന്നവര്‍ ആയി തീരുന്നു. നമസ്ക്കരിക്കുക എന്നാല്‍ ശരണം പ്രാപിക്കുക എന്നാണ്‌ അര്‍ത്ഥം. ആചാര്യനെ നമസ്ക്കരിക്കുക എന്നുപറഞ്ഞാല്‍ പ്രവഹിക്കുന്നതും നമുക്ക്‌ ആവശ്യമായതുമായ എന്തോ അതിനെ സ്വീകരിച്ച്‌ ആശ്രയിക്കുന്നു എന്നാണ്‌ സാരം. തിരക്കില്‍ കുമ്പിട്ട്‌ കാലതൊട്ട്‌ പോയതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ എന്താണ്‌ കിട്ടുക. നിങ്ങളുടെ ഒരു സംതൃപ്തി എന്നതില്‍ കഴിഞ്ഞ്‌ അതുകൊണ്ട്‌ ഒരു ഗുണവുമില്ല. നമിക്കേണ്ടതിനെ നമിക്കുക. ആചാര്യന്റെ കാരുണ്യത്തെ ആചാര്യനിലൂടെ ഒഴുകുന്ന ഈശ്വരഭക്തിയെ ഹൃദയത്തില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ്‌ നമസ്ക്കാരം. നമിക്കുക എന്നുപറഞ്ഞാല്‍ താദാത്മ്യം പ്രാപിക്കുക എന്നാണ്‌ താല്‍പര്യം. ബാക്കിയെല്ലാം ഒരു ബാഹ്യ ചടങ്ങ്‌ മാത്രമാണ്‌. ഇനിയെങ്കിലും നാമിതെല്ലാം പഠിക്കണ്ടേ. പഠിക്കാതെ എങ്ങിനെയാണ്‌ ഭാവി തലമുറക്ക്‌ പകര്‍ന്നുനല്‍കുന്നത്‌. ബഹുമാനിക്കണം. ആദരിക്കണം. ഞാന്‍ വേണ്ടെന്ന്‌ പറയുകയല്ല. അത്‌ എല്ലാവരോടും വേണം. ആചാര്യന്‍മാരെ മാത്രമല്ല മാതാപിതാക്കളെയും ബഹുമാന്യരേയും നമിക്കുന്നത്‌ ഈ നാടിന്റെ സംസ്കാരമാണ്‌. ഞാനത്‌ നിഷേധിക്കുകയല്ല. എങ്കിലും ഇത്രയും തിരക്കുകൂട്ടി വ്യാകുലപ്പെടേണ്ട ആവശ്യം എന്താണ്‌. കുട്ടികളില്‍ അറിവ്‌ വികസിക്കുന്നതിന്‌ വേണ്ടി മാത്രമാണല്ലോ ഇന്നത്തെ യജ്ഞം. നിങ്ങള്‍ക്ക്‌ മറ്റേതു ദിവസങ്ങളിലും വന്ന്‌ തഥാതനെ കാണാമല്ലോ. നിങ്ങള്‍ക്ക്‌ വേണ്ടത്‌ ചോദിക്കാമല്ലോ. എന്തുകൊണ്ട്‌ ഇത്തരത്തില്‍ പറയേണ്ടിവന്നു എന്നുവെച്ചാല്‍ നാമെല്ലാവരും മക്കളെകുറിച്ച്‌ വേവലാതി കൂട്ടുന്നവരാണല്ലോ. അവരെകുറിച്ച്‌ ചിന്തിക്കുകയും അവരുടെ വളര്‍ച്ച കാംക്ഷിക്കുകയും ചെയ്യുന്നവരല്ലേ. അതിനുവേണ്ടി അനവധി ഗാര്‍ഹസ്ഥ്യന്‍മാര്‍ വ്യാകുലപ്പെട്ട്‌ കരയുകയും ചെയ്യുന്നു. ഈ കരയുന്നവര്‍ തന്നെയാണ്‌ ഈ കുട്ടികളുടെ കൂടെ ഇത്രയും തിരക്കുകൂട്ടി ഇരിക്കുന്നതും. അവരുടെ വളര്‍ച്ചയെ കാംക്ഷിക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങളാണോ മുന്നോട്ട്‌ വെക്കുക. അതോ എന്റെ മുന്നില്‍ ഈ കുഞ്ഞുങ്ങളെയെല്ലാം സമാധാനപരമായി ഇരുത്തി നിങ്ങള്‍ അപ്പുറത്ത്‌ മാറിനിന്ന്‌ ഈ കുട്ടികളില്‍ നടക്കുന്ന അത്ഭുതങ്ങള്‍ കണ്ട്‌ സന്തോഷിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്‌. അപ്പോള്‍ കുട്ടികളുടെ വളര്‍ച്ചമാത്രമല്ല നിങ്ങളുടെ ഉദ്ദേശം അതിനിടയില്‍ കൂടി നിങ്ങള്‍ക്കും വളരണം. തെറ്റ്‌ എന്ന്‌ ഞാന്‍ പറയുന്നില്ല. എങ്കിലും കുട്ടികള്‍ക്ക്‌ മാത്രമായി യജ്ഞവേദി സജ്ജമാക്കുവാന്‍ നാം ഇത്ര ബഹളം വെക്കുന്നത്‌ ഉചിതമാണോ എന്നും ചിന്തിക്കേണ്ട്‌. ഇനി വളരുന്ന തലമുറകളെ മാതൃകപരമായി വളര്‍ത്താന്‍ വേണ്ടി നിങ്ങള്‍ അറിയേണ്ട്‌ പല സംഗതികളുമുണ്ട്‌. എല്ലാവരും തിരക്കുകൂട്ടുകയാണ്‌. വാസ്തവത്തില്‍ തിരക്കുകൂട്ടേണ്ട്‌ ആവശ്യമുണ്ടോ. ഉള്ള സ്ഥലത്ത്‌ എല്ലാവരും ഇരുന്ന്‌ ഈ സദ്‌ വചനങ്ങള്‍ ശ്രവിച്ച്‌ നിങ്ങളുടെ ജീവിതത്തെ ഒരു പുതിയ മേഖലയിലേയ്ക്ക്‌ എടുത്തുവെക്കാനുള്ള സന്ദര്‍ഭമാണിത്‌. ഇവിടെ നിന്ന്‌ ഒരു പുതിയ ജീവിത രീതിയെ കൈപ്പറ്റുക. ഇതുവരെ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി പുതിയതിനെ പറ്റി ചിന്തിക്കുക.തഥാതന്‍
മഹാന്മാരായ ലോകഗുരുക്കന്മാരില്‍ ഒരുവനെങ്കിലും പാഠങ്ങളുടെ നാനാവ്യാഖാനങ്ങളിലേക്ക്‌ പോയിട്ടില്ലെന്ന്‌ നിങ്ങള്‍ക്ക്‌ കാണാം. 'പാഠപീഡന'ത്തിനുള്ള ഒരുമ്പെടലൊന്നും അവരുടെ ഭാഗത്തില്ല. 'ഈ വാക്കിനര്‍ത്ഥം അതാണ്‌, ഈ വാക്കും ആ വാക്കും തമ്മിലുള്ള ശബ്ദശാസ്ത്രസംബന്ധം ഇതാണ്‌' എന്ന പറച്ചിലൊന്നുമില്ല. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മഹാഗുരുക്കന്മാരെയും പഠിക്കുക, നിങ്ങള്‍ക്ക്‌ കാണാം. അവരാരും ആ വഴിക്ക്‌ പോകുന്നില്ലെന്ന്‌. എന്നിട്ടും അവര്‍ പഠിപ്പിച്ചു, അതേ സമയം, പഠിപ്പിക്കാനൊരു വസ്തുവില്ലാത്തവര്‍ ഒരു വാക്കെടുത്ത്‌ അതിന്റെ ഉല്‍പ്പത്തിയെയും പ്രയോത്തെയുംപറ്റി മൂന്നുഭാഗമുള്ള ഒരു ഗ്രന്ഥം നിര്‍മിക്കും. എന്റെ ഗുരുനാഥന്‍ പറയാറുള്ളതുപോലെ, ഒരു മാന്തോപ്പിലേക്ക്‌ കടന്ന്‌ ഇലയെണ്ണുന്നതിലും ഇലകളുടെ നിറവും ചുള്ളികളുടെ വലിപ്പവും കമ്പുകളുടെ എണ്ണവും മറ്റും പരീക്ഷിക്കുന്നതിലും സ്വയം വ്യഗ്രരായ ആ മനുഷ്യര്‍ - അവരിലൊരുവനേ മാമ്പഴം തിന്നുതുടങ്ങാന്‍ വെളിവുണ്ടായിരുന്നുള്ളൂ - അവരെപ്പറ്റി നിങ്ങള്‍ എന്താണ്‌ വിചാരിക്കുക? അതുകൊണ്ട്‌ ഈ ഇലയും ചുള്ളിയും എണ്ണുകയും ഈ കുറിപ്പെടുക്കലും മറ്റുള്ളവര്‍ക്ക്‌ വിടുക. ആ പ്രവൃത്തിക്ക്‌ അതിനൊത്ത സ്ഥാനത്ത്‌ അതിന്റേതായ വിലയുണ്ട്‌, എന്നാല്‍ ഇവിടെയില്ല, അദ്ധ്യാത്മലോകത്തില്‍, അത്തരം പ്രവൃത്തിയിലൂടെ മനുഷ്യന്‍ ഒരിക്കലും അധ്യാത്മികരാവില്ല, ഈ 'തലയെണ്ണി'കളുടെയിടയില്‍ ഒരു കാലത്തും ഒരിക്കലും കരുത്തനായ ഒരധ്യാത്മഗുരുവിനെയും കാണുകയില്ല. മതം മനുഷ്യന്റെ അത്യുച്ചലക്ഷ്യമാണ്‌, അത്യുച്ചമഹിമ; പക്ഷേ അതിന്‌ 'ഇലയെണ്ണല്‍' വേണ്ട.
പ്രാതിഭാസികമായ പ്രപഞ്ചത്തില്‍ സര്‍വ്വത്ര സര്‍വ്വഥാ നിലകൊള്ളുന്ന നിയമമാണ്‌ കാര്യകാരണ ബന്ധം. എന്തുതന്നെ കാര്യമുണ്ടെങ്കിലും അതിനൊക്കെ കാരണവുമുണ്ടായിരിക്കും. ആകസ്മികമായി ഒന്നുംതന്നെ സംഭവിക്കുന്നില്ല. ഉപനിഷത്ത്‌ വിചാരയജ്ഞം പത്താം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
നമ്മുടെ മുമ്പില്‍ അനന്തവൈചിത്ര്യങ്ങളോടുകൂടി കാണപ്പെടുന്ന ഈ പ്രപഞ്ചം എന്താണ്‌? എന്താണ്‌ ഇതിന്റെ അടിസ്ഥാന കാരണം? ഇവിടെ നടക്കുന്ന സകല പ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള നിയാമകശക്തി എന്താണ്‌? നമ്മുടെ സകല കരണങ്ങളുടെയും പ്രവര്‍ത്തനം ഏതൊരു നിര്‍ദ്ദേശത്തിനും നിയമത്തിനും വിധേയമായിട്ടാണ്‌? ഈ വക ജിജ്ഞാസകള്‍ എന്നും മനുഷ്യനുണ്ടായിട്ടുണ്ട്‌. 
ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിന്നുമാണ്‌ എല്ലാ ശാസ്ത്രങ്ങളും ആവിര്‍ഭവിച്ചിട്ടുള്ളത്‌. അവയെ ആധ്യാത്മികം-ഭൗതികം എന്നൊന്നും വേര്‍തിരിക്കേണ്ട ആവശ്യമില്ല. കാണപ്പെടുന്ന പ്രതിഭാസങ്ങളില്‍ തൃപ്തനല്ലാതെ അവയുടെ കാരണത്തെ അന്വേഷിച്ചതില്‍നിന്നാണ്‌ എല്ലാ ശാസ്ത്രങ്ങളുടെയും ആവിര്‍ഭാവം. സാമവേദീയമായ കേനോപനിഷത്ത്‌ ഈയൊരു അന്വേഷണത്തോടെയാണ്‌ ആരംഭിക്കുന്നത്‌. നമ്മുടെ മനസ്സ്‌, പ്രാണന്‍, വാക്ക്‌, കണ്ണ്‌, ചെവി തുടങ്ങിയ കരണങ്ങളൊക്കെ തന്നെ സ്വതവേ പ്രവര്‍ത്തിക്കുന്നവയല്ല. ഏതൊരു ചൈതന്യത്താലാണ്‌ അവ പ്രവര്‍ത്തിക്കപ്പെടുന്നത്‌? ഇൌ‍യൊരു പ്രശ്നത്തോടെ ഉപനിഷത്ത്‌ തുടങ്ങുന്നു. കേനോപനിഷത്ത്‌ എന്ന പേരുപോലും സൂചിപ്പിക്കുന്നത്‌ മനുഷ്യന്റെ ഈ സത്യാന്വേഷണത്തെയാണ്‌. ഉത്തമ ജിജ്ഞാസുവിന്റെ ഈ സത്യാന്വേഷണത്തിന്‌ ഗുരുനാഥന്റെ മറുപടിയാണ്‌ കേനോപനിഷത്തിലെ പ്രതിപാദ്യം. സകല കരണങ്ങളും തന്നെ പ്രവര്‍ത്തിതമാകുന്നത്‌ ആത്മചൈതന്യത്താലാണ്‌. ഇതറിയുമ്പോള്‍ കാര്യകരണങ്ങളിലുള്ള അഭിമാനത്തിനുപരി മനുഷ്യന്‍ ഉയരുന്നു. 
അങ്ങനെ കാണപ്പെടുന്ന ദൃശ്യപ്രപഞ്ചത്തിനും കാര്യകരണ സംഘാതത്തിനും ഉപരി സ്വരൂപബോധത്തിലേക്ക്‌ ഉയരുന്ന വിദ്വാന്‍ ഈ ലോകബന്ധത്തിനുപരി അമൃതസ്വരൂപനാകുന്നു. അമൃതത്വ സാക്ഷാല്‍ക്കാരത്തിലേക്ക്‌ നാം ഒക്കെയും അധികാരികളാണെന്നറിഞ്ഞ്‌ സത്യാന്വേഷണത്തിന്റെ പാതയില്‍ ചരിക്കുകയാണ്‌ വേണ്ടതെന്ന്‌ സ്വാമി ഉദ്ബോധിപ്പിച്ചു
പരമമായ നിശ്രേയസത്തിന്‌ കാരണമായ ആത്മജ്ഞാനം തര്‍ക്കത്തിലൂടെ നേടാവതല്ലെന്നും അനിത്യങ്ങളായ കര്‍മ്മങ്ങളിലൂടെയും നിത്യബോധത്തെ പ്രാപിക്കാന്‍ സാധ്യമല്ലെന്നും സ്വാമി ചിദാനന്ദപുരി. അവയെയെല്ലാം അതിക്രമിച്ച്‌ ഗുരു ശാസ്ത്രങ്ങളെ വേണ്ട വിധത്തില്‍ സേവിച്ച്‌ ശ്രവണ മനന അഭ്യാസങ്ങളെക്കൊണ്ട്‌ അധ്യാത്മയോഗത്തിലൂടെ പരമതത്വജ്ഞാനത്തിലേക്ക്‌ ഉയരാമെന്ന്‌ അദ്ദേഹം പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത്‌ വിചാരയജ്ഞം ഇരുപത്തിരണ്ടാം ദിവസം കഠോപനിഷത്തിനെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു ചിദാനന്ദപുരി സ്വാമി. സര്‍വ്വചരാചരങ്ങളിലും അന്തര്യാമിയായി നിവസിക്കുന്ന ഗുഹാരഹിതമായ സ്വരൂപത്തെ അറിയുന്നതിലൂടെ മാത്രമാണ്‌ സര്‍വ്വക്ലേശങ്ങളെയും ജയിക്കാന്‍ സാധിക്കുന്നത്‌. ഈ അന്വേഷണ മാര്‍ഗം ധീരന്‍മാര്‍ക്കുള്ളതാണ്‌. ഈ ആത്മദര്‍ശനം സര്‍വ്വചരാചരങ്ങളിലുമുള്ള ഏകത്വത്തെയാണ്‌ ബോധിപ്പിക്കുന്നത്‌. ഇവിടെ സകല ഉച്ചനീചത്വ കല്‍പനകളും ഇല്ലാതാകുന്നു.
കേവലം മനുഷ്യസമൂഹത്തിലെയല്ല, സര്‍വ്വചരാചരങ്ങളിലും ഉള്ള ഏകത്വദര്‍ശനമാണ്‌ ഉപനിഷത്ത്‌ പ്രഖ്യാപിക്കുന്നത്‌. ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും കൃത്യാകൃത്യങ്ങള്‍ക്കും എല്ലാം ഉപരിയുള്ള പരമസത്യത്തെ അറിയുന്നതിലൂടെ മനുഷ്യന്‍ ആനന്ദസ്ഥിതനാകുന്നു. ഈ സത്യത്തെയാണ്‌ വേദം ഓംകാരത്താല്‍ നിര്‍ദ്ദേശിക്കുന്നത്‌. ഓംകാരം സര്‍വ്വവേദസാരമാണ്‌. സര്‍വ്വസാധനകളുടെയും ലക്ഷ്യമാണ്‌. ഓംകാരാര്‍ത്ഥത്തെ അറിയാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്നും സ്വാമി പറഞ്ഞു.
സകല പ്രപഞ്ച വൈവിധ്യങ്ങളും കേവലം വ്യവഹാരിക തലത്തില്‍ മാത്രമാണെന്നും എല്ലാ വൈവിധ്യങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന സത്ത ഏകവും അദ്വിതീയവുമാണെന്നും സ്വാമി ചിദാനന്ദപുരി. ഉപനിഷത്‌ വിചാരയജ്ഞം ഏഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശകാലാദി സകല കല്‍പ്പനകള്‍ക്കും അടിസ്ഥാനവും അജ്ഞാനലേശത്താല്‍ സ്പര്‍ശിക്കപ്പെടാത്തതും ശരീരരഹിതവുമായ പരമസത്യം സര്‍വ്വാധിഷ്ഠാനമെങ്കിലും സകല പ്രപഞ്ച വികാരങ്ങള്‍ക്കും ഉപരിയാണ്‌ ജഗത്‌. ഈശ്വരന്‍, ജീവന്‍ തുടങ്ങിയ സകല ഭേദങ്ങളും ഈ സദധിഷ്ഠാനത്തില്‍ തന്നെ നിലകൊള്ളുന്നു. ജഗത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരാദികളാകുന്ന വ്യവഹാരങ്ങളെ ചിന്തിക്കുമ്പോള്‍ ഈ പരമസത്യം തന്നെയാണ്‌ വിദ്യോപാധിയില്‍ ഇൌ‍ശ്വരനായും അവിദ്യോപാധിയില്‍ ജീവനായും ഭാസിക്കുന്നത്‌. സകല ജഗത്‌ വ്യവഹാരങ്ങളും തന്നെ ഈ ഈശ്വരനാല്‍ നിയമിതവുമാണ്‌. ക്രാന്തദര്‍ശിയും സങ്കല്‍പ്പ വികല്‍പ്പങ്ങള്‍ക്കുപരി വര്‍ത്തിക്കുന്നവനും സര്‍വ്വവ്യാപിയും പ്രഭുവുമായ ഈശ്വരന്‍ സദധിഷ്ഠാനത്തില്‍ സകല വ്യവഹാരങ്ങളെ വിഭജിച്ച്‌ ധരിക്കുന്നു. ഈ ധരിക്കുന്ന വ്യവസ്ഥയാണ്‌ ധര്‍മ്മം.
അണു മുതല്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങളടങ്ങുന്ന സമസ്ത പ്രപഞ്ചവും തന്നെ സുവ്യക്തവും അത്ഭുതകരവുമായ ഒരു വ്യവസ്ഥക്ക്‌ വിധേയമായിട്ടാണ്‌ നിലനില്‍ക്കുന്നത്‌. നിരന്തരമായ ചലനത്താല്‍ നിലനില്‍ക്കുന്ന വ്യാവഹാരികമായ അചലഭാവം അണു മുതല്‍ ബ്രഹ്മാണ്ഡം വരെ സകലത്തിലും നാം കാണുന്നു. ഈ വ്യവസ്ഥയെ ഋഷിമാര്‍ ധര്‍മ്മം എന്ന്‌ വിളിച്ചു. ഈ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി, പ്രപഞ്ചത്തിന്റെ താളക്രമത്തിനനുസൃതമായി കഴിയുന്നതാണ്‌ ധാര്‍മ്മിക ജീവിതം. അനേകലക്ഷം ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ വ്യാഖ്യാതമാകുന്ന ധര്‍മ്മസങ്കല്‍പ്പത്തിന്റെ മര്‍മ്മം "യഥാതഥ്യതോ അര്‍ത്ഥാന്‍ വൃദധാത്‌" എന്ന ഒരു ചെറിയ മന്ത്രഭാഗം കൊണ്ട്‌ ഉപനിഷദ്‌ പറയുന്നു. എങ്ങനെ വേണമോ അങ്ങനെ സകല പദാര്‍ത്ഥങ്ങളെയും പ്രതിഭാസങ്ങളെയും- പ്രാപഞ്ചിക ഘടകങ്ങളെ വിഭജിച്ച്‌ വച്ചിരിക്കുന്നു. ഈ ഈശ്വരീയ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി കഴിയുകയാണ്‌ നാം വേണ്ടത്‌.
ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല. ദൃശ്യങ്ങളായ വസ്തുക്കള്‍ ചെറുതായാലും വലുതായാലും സൂക്ഷ്മങ്ങളായാലും സ്ഥൂലങ്ങളായാലും അവയെല്ലാം ദ്രഷ്ടാവായ തന്നില്‍ നിന്ന്‌ അന്യമാണ്‌. തന്നില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെ മറയ്ക്കുന്നത്‌ കാലദേശങ്ങളാണ്‌. എന്നാല്‍ അവയല്ലാതെയും അദൃശ്യമായി വരും. അതാണ്‌ വിദ്യാഭ്യാസം കൊണ്ടും വിശേഷപഠനം കൊണ്ടും സാധിക്കുന്നത്‌. ഇങ്ങനെ സാക്ഷാത്കാരമുണ്ടായാലും അത്‌ തന്നില്‍ നിന്നും വേറിട്ടാണ്‌ നില്‍ക്കുന്നത്‌. തന്നില്‍നിന്നും ഒരിക്കലും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളാലുള്ള സുഖദുഃഖാദികള്‍ കേവലം സാങ്കല്‍പികങ്ങളല്ലാതെ പരമാര്‍ത്ഥമാകുകയില്ല. ഭൗതിക വസ്തുക്കളുടെ അറിവാണ്‌, അനുഭവമല്ല ഉണ്ടാകുന്നത്‌. ആ അറിവാണ്‌ അനുഭവം. അതിനാല്‍ അവയെ സംബന്ധിച്ച സുഖദുഃങ്ങളും പരമാര്‍ത്ഥമായ അനുഭവമില്ലാതെ സാങ്കല്‍പികമായ അറിവുമാത്രമായി നില്‍ക്കുന്നു.
ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ അനുഭവസമ്പ്രദായം ഇങ്ങനെയല്ല. ഇന്ദ്രിയമനസ്സുകളും കാലദേശങ്ങളുമില്ലാതെ ഭൗതികജ്ഞാനവും അവയോടു കൂടിച്ചേര്‍ന്ന ആദ്ധ്യാത്മിക ജ്ഞാനവുമില്ല. ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണത്തിനും കാലദേശങ്ങള്‍ക്ക്‌ വ്യാപ്തിയുള്ളേടത്ത്‌ അദ്ധ്യാത്മജ്ഞാനത്തിന്റെ വ്യപ്തിയുണ്ടാകുകയില്ല. 
എന്തെന്നാല്‍ ആദ്ധ്യാത്മവസ്തു ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ വിഷയമോ കാലദേശങ്ങള്‍ക്കതീതമോ തന്നില്‍നിന്നന്യമോ അല്ല. തന്നില്‍ നിന്നന്യമായ എല്ലാറ്റിനെയും അറിയുന്ന ജ്ഞാതാവാകുന്ന തന്നെ അറിയാന്‍ താനല്ലാതെ വേറെയുപകരണവുമില്ല. അതില്‍ ഇന്ദ്രിയമനോബുദ്ധികളും കാലദേശങ്ങളും അടങ്ങുകയോ വിസ്മരിക്കപ്പെടുകയോ ആണ്‌ തന്നെയറിയാന്‍ ആവശ്യമായിരിക്കുന്നത്‌. താനായിരിക്കുന്ന വസ്തുവാണ്‌ ആത്മാവെന്നതിനാല്‍ ആത്മാനുഭൂതി സാങ്കല്‍പികമല്ല, സത്യം തന്നെയാണ്‌. ഈ കാരണത്താല്‍ ഭൗതികവും ആദ്ധ്യാത്മികവുമായ അറിവും അനുഭവവും അന്യോന്യ വിരുദ്ധങ്ങളാണെന്ന്‌ പറയാം.
ആത്മാവ്‌ സത്യമാണ്‌, ഈ കാണുന്ന ജഗത്‌ സത്യമല്ല. താനായിട്ടിരിക്കുന്ന വസ്തുവാണ്‌ ആത്മാവ്‌. അത്‌ അസത്യമാകില്ല. അങ്ങനെയായാല്‍ മറ്റുള്ളതിനെ അറിയാനോ വിവേചിക്കാനോ ആളില്ലാതാവും. അതിനാല്‍ ആത്മാവ്‌ സത്യം തന്നെയാണ്‌. അപ്പോള്‍ താനല്ലാത്ത വസ്തു അസത്യമാണെന്നുവരും. സത്യമായ ആത്മവസ്തുവെ അറിയുമ്പോഴാണല്ലോ ജഗത്തിന്റെ പ്രതീതിയില്ലാതാവുന്നത്‌. അതിനാല്‍ ജഗത്‌ സത്യമല്ലെന്നുവരുന്നു. അതുപോലെ ജഗത്തിന്റെ അറിവും അനുഭവവുമുള്ളപ്പോള്‍ ആത്മാവിന്റെ ശരിയായ അനുഭവമില്ലെന്നുള്ളതും ജഗത്തിനെ അറിയുന്ന ചൈതന്യം ആത്മാവാണെന്നുള്ളതും ജഗത്തിന്റെ അസത്യത്തെ വെളിവാക്കുന്നു. ഇങ്ങനെ സൂക്ഷ്മമായ ചിന്തയിലൂടെ ജഗത്തിനെയും ആത്മാവിനെയും അറിയാന്‍ കഴിയും.
പരമമായ ജ്ഞാനം ചിലര്‍ക്ക്‌ ആന്തരീകമായ കണ്ണുകൊണ്ട്‌ ധ്യാനത്തിലൂടെ ലഭിക്കുന്നു. ചിലര്‍ക്ക്‌ നിരന്തരം പഠിച്ച്‌ ജ്ഞാനയോഗത്തിലൂടെ ലഭിക്കുക. ചിലര്‍ക്ക്‌ നിരന്തരമായി കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നു. അതേ സമയം ചിലര്‍ ആരോ എന്തോ പറഞ്ഞു എന്ന രീതിയില്‍ ചിലതു പഠിച്ച്‌ ജ്ഞാനിയെന്ന്‌ ധരിച്ചുനടക്കുന്നു.
എവിടെയെല്ലാമാണോ പ്രകൃതി എന്ന പദമുപയോഗിച്ചിരിക്കുന്നത്‌ അതെല്ലാം ദൃഷ്ടിഗോചരങ്ങളായ എട്ടു വസ്തുക്കളോ വസ്തുതകളോ ആണ്‌. ഇത്‌, പൃഥ്വി - ആപസ്‌ - തേജ - വായു - ആകാശ - മനോ - ബുദ്ധി - അഹങ്കാരങ്ങളാകുന്നു. യഥാക്രമം ഖരം, ദ്രവം, ഊര്‍ജ്ജം, തരംഗം, അയോണികം, മാനസീകം, ബുദ്ധിപരം - സ്വബോധം. ഈ എട്ടും പരിണാമവിധേയമാണ്‌, നിരന്തരം മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ ഇവയില്‍ നിരന്തരം ചൈതന്യം പകരുന്നത്‌ പരിണാമ വിധേയമല്ലാത്ത മാറ്റമില്ലാത്ത പ്രപഞ്ച പുരുഷ/പരമാത്മ/ജീവാത്മാവാണ്‌. ഇത്‌ എല്ലാത്തിലും എല്ലാവരിലും സമമായി നിലനില്‍ക്കുന്ന പ്രകൃതിഘടകങ്ങള്‍ (ശരീരം) കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ആത്മാവ്‌ സാക്ഷിഭാവത്തില്‍ നിലനില്‍ക്കുന്നു. അത്‌ ശരീരത്തെ (പ്രകൃതിയെ) ചൈതന്യവത്താക്കുന്നു.
പ്രകൃതിയാണ്‌ എല്ലാത്തിന്റെയും അടിസ്ഥാനം അഥവാ ആധാരം. അത്‌ അമ്മയുടെ ഗര്‍ഭപാത്രം പോലെ സകലതിനും ജന്മം നല്‍കുക എന്ന ധര്‍മ്മം ചെയ്യുമ്പോള്‍ പ്രപഞ്ച പുരുഷചൈതന്യം പിതാവിന്റെ സ്ഥാനത്ത്‌ ബീജം പ്രദാനം ചെയ്യുന്നു. വ്യക്തിയിലുള്ള സത്വ-രജസ്‌-തമോഗുണങ്ങള്‍ പ്രകൃതിയുടേതാണ്‌ (ശരീരഘടകങ്ങളുടേത്‌.) ആത്മാവ്‌ ശരീരത്തിന്റെ ഭാഗമായി മരണം വരെ നില്‍ക്കുമ്പോഴും, അത്‌ ശരീരവുമായി ബന്ധിതമല്ല. ഈ മൂന്നു ഗുണങ്ങള്‍ക്കുമതീതവുമാണത്‌. എന്നാല്‍ ശരീരത്തിലെ പ്രകൃതിയിലെ സത്വഗുണങ്ങള്‍ ജ്ഞാനം ആര്‍ജ്ജിക്കാനും ആനന്ദത്തിനും ഇച്ഛാശക്തിയുണ്ടാക്കുന്നു. ആഗ്രഹങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കുമുള്ള ഇച്ഛാശക്തി വ്യക്തിയിലുള്ള രജോഗുണ പ്രകൃതിയുണ്ടാക്കുന്നു. അഹങ്കാരത്തിനും, അജ്ഞതയ്ക്കുമുള്ള ഇച്ഛാശക്തി വ്യക്തിയിലെ തമോഗുണ പ്രകൃതിയുണ്ടാക്കുന്നു. ഇതുതന്നെ കുറ്റകൃത്യങ്ങള്‍, അലസത, ഉറക്കം എന്നിവയ്ക്കും കാരണമായിത്തീരുന്നു.
സത്വഗുണം ആനന്ദത്തിലും, രജോഗുണം കര്‍മ്മനിരതമായ ശക്തിയിലും, തമോഗുണം ആലസ്യത്തിലും പര്യവസാനിക്കുന്നു. എല്ലാ വ്യക്തികളിലും ഈ മൂന്നെണ്ണത്തിലൊന്ന്‌ മറ്റ്‌ രണ്ടിനേക്കാളും ഏറി നില്‍ക്കുന്നു. ഏതൊരു ഗുണമാണോ വ്യക്തിയില്‍ അധികരിച്ചിരിക്കുന്നത്‌ ആ സ്വഭാവമായിരിക്കും വ്യക്തി പ്രകടിപ്പിക്കുന്നത്‌. എന്നാല്‍ മനസ്സിലും ചിന്തയിലും നന്മയുടെ പ്രകാശം നിറയുമ്പോള്‍ സാത്വീകഭാവം പ്രാപിക്കുവാന്‍ നിരന്തര ശ്രമത്തിലൂടെ സാധിക്കുന്നു. അത്യാഗ്രഹം, അമിതാവേശം, സ്വാര്‍ത്ഥത ഇവ രജോഗുണ പ്രകൃതിക്കാരുടെ കൂടപ്പിറപ്പാണ്‌. സ്വധര്‍മ്മ വിരക്തി, നശീകരണ സ്വഭാവം, കുറ്റവാസന, ഇത്‌ തമോഗുണക്കാരുടേതും.
മരണാനന്തരം ആത്മാവ്‌ കര്‍മ്മഫലവും ഭാരവും താണ്ടി, ആ കര്‍മ്മഫലങ്ങളും കര്‍മ്മഫലത്തിന്റെ പ്രതിഫലങ്ങളും അനുഭവിച്ചു തീര്‍ക്കാനായി പ്രയാണം ചെയ്യുന്നു. സത്വഗുണമുള്ളവരുടെ ജീവാത്മാവ്‌ പുനര്‍ജനനമില്ലാത്ത അവസ്ഥയിലെത്താനായി പരമാത്മചൈതന്യവുമായി അലിഞ്ഞുചേരുന്നു. രജോഗുണമുള്ളവരുടെ ആത്മാവ്‌ കര്‍മ്മഫലവും പ്രതിഫലവും അനുഭവിച്ചുതീര്‍ക്കാനായി മറ്റൊരു മനുഷ്യശരീരം തിരഞ്ഞെടുത്ത്‌ വീണ്ടും ഭൂമിയില്‍ ജനിക്കുന്നു. 
തമോഗുണസഹിതമായ ആത്മാവ്‌ കര്‍മ്മഫലമനുഭവിച്ച്‌ തീര്‍ക്കാനായി നികൃഷ്ട ജന്മവുമെടുക്കുന്നു. സ്വത്വഗുണത്തിലെ ജ്ഞാനത്താല്‍ അനുദിനം ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകുന്നു. രജോഗുണത്തില്‍ നിന്ന്‌ ലോഭവും മോഹവുമായി മധ്യത്തിലധിവസിക്കുന്നു. തമോഗുണം കുറ്റവാസനയ്ക്കും കാരണമായി വ്യക്തി അധഃപതിക്കുന്നു. നിരന്തരം നശിച്ചും ക്ഷയിച്ചും കൊണ്ടിരിക്കുന്നു. ഈശ്വാര്‍പ്പണമായി കര്‍മ്മം ചെയ്യുന്ന സാധാരണക്കാരന്‌ പോലും ഈ മൂന്നു ഗുണത്തിനും അതീതമായ അവസ്ഥയിലെത്താന്‍ സാധിക്കുന്നു.
ഗുണാതീതനെന്നാല്‍ സമരദര്‍ശനം, സാക്ഷിഭാവബോധം, ഉയര്‍ച്ച+താഴ്ച+സുഖം+ദുഃഖം ഇവയിലും വിലപിടിപ്പുള്ളതിലും സാധാരണ വസ്തുവിലും ഒരേ വീക്ഷണമുള്ളവന്‍. സ്തുതിയിലും വിമര്‍ശനത്തിലും വ്യത്യാസമില്ലായ്മ, സമത്വം എന്നിവ സാധിക്കുന്നു. ഈ ഒരു മാനസീകാവസ്ഥയിലെത്തലാണ്‌ ഗുണാതീതമായ വീക്ഷണത്തിലൂടെ സാധിക്കേണ്ടത്‌.
*ദശമ സ്കന്ധം*

*ഉപസംഹാര വിശ്വാത്മൻ*
*അദോ രൂപമലൗകികം*
*ശങ്ഖചക്രഗദാപദ്മശ്രിയാ*
*ജുഷ്ടം ചതുർഭുജം* (10.03.30)

ലോകത്തിൽ സാധാരണ കാണപ്പെടാത്തതും, ശംഖചക്രഗദാപദ്മങ്ങളാകുന്ന ദിവ്യായുധങ്ങളാൽ ശോഭിതമായ നാലു തൃക്കരങ്ങോടുകൂടിയതുമായ, അലൗകികമായ, ഈ രൂപത്തെ മറച്ചു കൊണ്ട് ഒരു സാധാരണ മനുഷ്യ ശിശുവിന്റെ രൂപത്തിൽ പ്രകടമായാലും.
ഏതുരൂപവും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ കഴിവുള്ളവനാണല്ലോ ഭഗവാൻ. ആയതിനാൽ ഒരു പ്രാകൃത ശിശുവിന്റെ രൂപവും ഭഗവാന് ധരിക്കാനാകും. മാത്രമല്ല അതുകൊണ്ട് ഭഗവാന്റെ  ഭഗങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകുന്നില്ലതാനും.

ഏതൊരു ഭഗവാന്റെ കുക്ഷിയിലാണോ മഹാപ്രളയകാലത്ത് ഈ ബ്രഹ്മാണ്ഡം ഇരിക്കുന്നത് ആ ഭഗവാൻ എന്റെ ഗർഭത്തിൽ ജാതനായി എന്ന് പറയുന്നത് മനുഷ്യലോകത്തിന് പരിഹസിക്കത്തക്കതാകുമെന്നല്ലാതെ എനിക്ക് കീർത്തിയെ നേടിത്തരുന്നില്ല. ആയതിനാൽ ഈ രൂപം ഉപസംഹരിക്കുക തന്നെ വേണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് ദേവകി ദേവി തന്റെ ഭഗവത് സ്തുതിയെ ഉപസംഹരിപ്പിച്ചു.

ഇപ്രകാരമുള്ള ദേവകീമാതാവിന്റെയും വസുദേവരുടേയും  പ്രാർത്ഥനകളെ കേട്ട ഭഗവാൻ അതിനു മറുപടിയായി പറഞ്ഞു തുടങ്ങി..
നാരായണീയം 1587ല്‍ ആണ് എഴുതപ്പെട്ടത്.തന്റെ വാതരോഗം മാറുവാനായി തന്റെ സ്‌നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി മലയാള വര്‍ഷം 761 ചിങ്ങം 19നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു.


അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നു വിമുക്തനാക്കുവാന്‍ സംസ്‌കൃതപണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് ‘മീന്‍ തൊട്ട് കൂട്ടുവാന്‍’ ആവശ്യപ്പെട്ടു.ഭാഗവതത്തില്‍ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി.

ഗുരുവായൂര്‍ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ പൂര്‍ത്തിയാക്കിയ ഭട്ടാതിരി 1587 നവംബര്‍ 27നു അവസാനത്തെ ദശകമായ ‘ആയുരാരോഗ്യ സൗഖ്യം’ പൂര്‍ത്തിയാക്കി.

 അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു.

 നൂറാം ദശകത്തില്‍ മഹാവിഷ്ണുവിന്റെ പാദം മുതല്‍ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണന നല്‍കുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന് *വേണുഗോപാലന്റെ രൂ!പത്തില്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ഉണ്ടായി.*

നാരായണീയം പുസ്തകരൂപത്തില്‍ അച്ചടിച്ചത് 1851ല്‍ മാത്രമായിരുന്നു. ഇരയിമ്മന്‍ തമ്പി ആണ് തിരുവനന്തപുരം സര്‍ക്കാര്‍ അച്ചടിശാലയില്‍ ഇത് പ്രസിദ്ധീകരിച്ചത്.

ഇനി അതിന്റെ ഭക്ത അനുഭവത്തെ പറ്റി പറയുക ആണെങ്കിൽ
ക്ഷേത്രത്തിലെ ദീപാലങ്കാരം ബ്രഹ്മതത്ത്വം വിശദമാകുന്ന തരത്തിലാണ്. "നാരായണീയം " എഴുതിയ ഭട്ടതിരി തനിക്കുണ്ടായ ദിവ്യദർശനം അനുക്രമം നാരായണീയം നൂറാം ദശകത്തിൽ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ ഇങ്ങനെ പറയുന്നു.
*"അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവാലീ ലോഭനീയം"* എന്ന്. ഏറ്റവും ഇടതൂർന്നു നിൽക്കുന്ന കായംപൂവിനു തുല്യമായതും മനോഹരവുമായ ഒരു പ്രകാശം ഞാൻ മുമ്പിൽ കാണുന്നു. *"തദനു തദു ദരേ ദിവ്യ കൈശോരവേഷം"* ആ തേജ്ജസ്സിനു നടുവിൽ ഒരു ദിവ്യ കിശോര ബാല) രൂപവും കാണുന്നു. യജുർവേദത്തിലെ *"നാരായണസൂക്തം"* എന്ന പ്രസിദ്ധമായ ഭാഗത്തിൽ *"നീല തോയത മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരം നീവാര ശുകവത്തന്വീ പീതാഭാസ്വാ തൃണുപമ"* എന്ന് കാണുന്നു. അതായത് _"കാർമേഘത്തിന്റെ മദ്ധ്യത്തിൽ അത്യന്തസൂക്ഷ്മമായിട്ടുള്ളതും . വരിനെല്ലിന്റെ അറ്റം പോലെ കൃശമായിട്ടുള്ളതും മഞ്ഞനിറമാർന്നതും സൂക്ഷ്മ വസ്തുക്കൾക്ക് ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതി ചെയ്യുന്നു._
_കണ്ഠകൂപത്തിന്റെ ഒരു ചാണ്‍ താഴെ, നാഭിക്കുമുകളിൽ ഹൃദയപത്മം സ്ഥിതി ചെയ്യുന്നു. ഷഡ്ചക്രങ്ങളിൽ ഒന്നായ ശക്തികേന്ദ്രമാണ് ഈ പത്മം._ _ശരീരശാസ്ത്രത്തിൽ പറയുന്ന രക്തം ശുദ്ധിചെയ്യുന്ന ഹൃദയമല്ല ഋഷീശ്വരന്മാർ പറയുന്ന ഹൃദയം മുൻപറഞ്ഞ ഹൃദയപത്മത്തിൽ നീലമേഘങ്ങൾക്കിടയിലെ വിദ്യുൽപ്രഭപോലെ അത്ഭുതകരമായ പ്രകാശമുണ്ട്. അതിനുള്ളിലായി ചൈതന്യരൂപിയായ പരമാത്മാവ്‌ സ്ഥിതിചെയ്യുന്നു._ പരിമിതമായ മാംസചക്ഷുസ്സുകൊണ്ട് ബ്രഹ്മത്തെ കാണാൻ കഴിയില്ല. ബ്രഹ്മത്തെ പ്രതീകാത്മകമായി ബിംബത്തിൽ ദർശിക്കാനെ കഴിയു.മനുഷ്യന്റെ ദൗർബല്യവും അജ്ഞാനവും കണക്കിലെടുത്താണ് അനന്തമായ ബ്രഹ്മത്തെ ഇങ്ങനെ ഒരു പ്രകാശചൈതന്യമായി ബിംബത്തിൽ സങ്കൽപ്പിക്കുന്നത്. ഇതിലെ ഔചിത്യം തർക്കിക്കാനുള്ളതല്ല; ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക്‌ നൽകുന്നു....




എല്ലാ സജ്ജനങ്ങൾക്കും  ഭഗവത് നാമത്തിൽ നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു..............

ഹരി ഓം ........

🌷 *എൻെറ കൃഷ്ണാ*🌷
യാതൊരുത്തന്‍ ശാസ്ത്രങ്ങളെ പഠിച്ചിട്ട് ആവേശ പൂര്‍ണ്ണമായ പ്രഭാഷണങ്ങളില്‍ക്കൂടി പരമാത്മ തത്വത്തെ നാനാപ്രകാരത്തില്‍ വര്‍ണ്ണിക്കുന്നുവോ ആ തര്‍ക്കശീലനായ ബുദ്ധിമാന് അദ്ദേഹത്തെ ലഭിക്കുന്നില്ല. യാതൊരുത്തന്‍ ബുദ്ധിമാനാണെന്ന അഹങ്കാരത്താല്‍ പ്രമത്തനായി തര്‍ക്കങ്ങള്‍ വഴി വിവേചനം നടത്തി അദ്ദേഹത്തെ മനസ്സിലാക്കുന്നതിനു ശ്രമിക്കുന്നുവോ അവനും അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. അതു പാലെ തന്നെ പരമാത്മ വിഷയത്തില്‍ വളരെയധികം കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുള്ളവനും അദ്ദേഹത്തെ പ്രാപിക്കുവാന്‍ കഴിയുന്നില്ല. യാതൊരുത്തനെ അദ്ദേഹം സ്വയം സ്വീകരിക്കുന്നുവോ അവന് അദ്ദേഹത്തെ പ്രാപിക്കുവാന്‍ കഴിയുന്നു. യാതൊരുത്തന്‍ അദ്ദേഹത്തെ പ്രാപിക്കുന്നതിന് ഉത്ക്കടമായ ഇച്ഛയോടുകൂടിയിരിക്കുന്നുവോ യാതൊരുത്തന് അദ്ദേഹത്തെകൂടാതെ ജീവിക്കുവാന്‍ സാധ്യമല്ലാതിരിക്കുന്നുവോ അദ്ദേഹം അവരെത്തന്നെ സ്വീകരിക്കുന്നു. യാതൊരുത്തന്‍ തന്റെ ബുദ്ധിയേയും സാധനകളേയും
ആശ്രയിക്കാതെ അദ്ദേഹത്തിന്റെ കൃപയെ മാത്രം പ്രതീക്ഷിച്ചു കഴിയുന്നുവോ അങ്ങനെയുള്ള കൃപാനിര്‍ഭരനായ സാധകന്റെ
മേല്‍ പരമാത്മാവ് കൃപയുള്ളവനായി തന്റെ യോഗമായയുടെ മറവലിച്ചുമാറ്റി അവന്റെ മുന്നില്‍ തന്റെ സ്വരൂപം പ്രത്യക്ഷപ്പെടുത്തിക്കാണിക്കുന്നു.
3. നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ-
സ്തസൈ്യഷ ആത്മാ വിവൃണുതേ തനും സ്വാം.
മക്കളേ, 
പുനര്‍ജന്മം ഉണ്ടോ ഇല്ലയോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. പൂര്‍വജന്മത്തെക്കുറിച്ചോ ഭാവിജന്മത്തെക്കുറിച്ചോ മക്കള്‍ വേവലാതിപ്പെടേണ്ടതില്ല. ഇപ്പോള്‍ നമ്മുടെ കൈയിലുള്ള സമയം വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍, നമ്മുടെ ജീവിതങ്ങളിലേക്കു നോക്കുക. നമുക്കു ഉത്തരം പറയാന്‍ കഴിയാത്ത ഒരുപാടുകാര്യങ്ങള്‍ കാണാന്‍ സാധിക്കും.
ഒരേ അമ്മയ്ക്കു ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ അംഗവൈകല്യമുള്ളവനും മറ്റെയാള്‍ പൂര്‍ണ ആരോഗ്യവാനുമായി കാണാറില്ലേ. ഒരാള്‍ ദുഃഖപൂര്‍ണമായ ജീവിതം നയിക്കുന്നതായും മറ്റെയാള്‍ സന്തോഷപൂര്‍വം ജീവിക്കുന്നതായും കാണാറില്ലേ. ഇത്തരം വ്യത്യാസങ്ങള്‍ക്ക് എന്തു സമാധാനം പറയും? മുജ്ജന്മകര്‍മഫലമെന്നേ ഇതിനു കാരണം  പറയാന്‍ കഴിയൂ. 
കര്‍മമാണ് ജന്മത്തിനു കാരണം. പൂര്‍വജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളുടെ ഫലമനുഭവിക്കുവാന്‍ വേണ്ടിയാണ് ഓരോ ജന്മവും. വിത്താണോ ഫലമാണോ ആദ്യമുണ്ടായതെന്നു പറയാന്‍ പ്രയാസമുള്ളതുപോലെ ജന്മമാണോ കര്‍മമാണോ ആദ്യമുണ്ടായതെന്ന് പറയുക പ്രയാസമാണ്. 
സത്കര്‍മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ ഒരുവന് ഉയര്‍ന്ന ജന്മങ്ങള്‍ ലഭിക്കാം. എന്നാല്‍, മനുഷ്യജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാണെങ്കില്‍, അധോയോനികളിലായിരിക്കും പിന്നീടു ജനിക്കേണ്ടിവരുക. ആത്മജ്ഞാനം നേടി മോക്ഷം പ്രാപിക്കുന്നതുവരെ ഈ ജനനമരണചക്രം തുടരും. 
പൂര്‍വജന്മങ്ങള്‍ നമുക്കുണ്ടായിരുന്നുവെങ്കില്‍ ആ ജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളെക്കുറിച്ച് നമുക്ക് ഓര്‍മയില്ലാത്തത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ പലതും നമ്മുടെ ഓര്‍മയില്‍ വരാറില്ലല്ലോ. ഇന്നലെ കാണാതെ പഠിച്ച പാട്ടുപോലും ഇന്നു മറന്നുപോകുന്നു. അതുപോലെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളും മറന്നുപോകുന്നു. എന്നാല്‍, ധ്യാനത്തിലൂടെ മനസ്സ് സൂക്ഷ്മമായാല്‍ അതെല്ലാം ഓര്‍മിക്കുവാന്‍ കഴിയും. 
നമ്മുടെ ശരീരത്തിന് ചുറ്റുമായി സൂക്ഷ്മവും അദൃശ്യവുമായ ഒരു ഓറയുണ്ട്. സാധാരണക്കാര്‍ക്ക് അത് അദൃശ്യമാണെങ്കിലും മനസ്സു സൂക്ഷ്മമായാല്‍ കാണാന്‍ സാധിക്കും. ഒരു ടേപ് റിക്കോര്‍ഡര്‍, സംഭാഷണങ്ങളും പാട്ടുകളും പിടിക്കുന്നതുപോലെ ഈ ഓറയില്‍ നമ്മുടെ സകല ചിന്തകളും കര്‍മങ്ങളും പതിയുന്നുണ്ട്. ചെയ്യുന്നതു നല്ല കര്‍മങ്ങളാണെങ്കില്‍ ഓറ സ്വര്‍ണനിറമാകും. അങ്ങനെയുള്ളവര്‍ ഏതു കാര്യത്തിനു പുറപ്പെട്ടാലും എളുപ്പം വിജയം കണ്ടെത്തും, പ്രതിബന്ധങ്ങള്‍ ഒഴിവായിക്കിട്ടും.
ഐശ്വര്യപൂര്‍ണമായിരിക്കും അവരുടെ ജീവിതം. നേരെമറിച്ച്, ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരുടെ ഓറയില്‍ ഇരുള്‍ പരക്കും. അങ്ങനെയുള്ളവര്‍ക്കു പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഒഴിഞ്ഞ സമയം കാണില്ല. ഒരാള്‍ മരിക്കുമ്പോള്‍  അയാളുടെ ഓറ ഒരു ബലൂണിന്റെ രൂപത്തില്‍ അന്തരീക്ഷത്തിലേക്ക് പോകും. സത്കര്‍മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ജീവന്‍, ഉയര്‍ന്ന ലോകങ്ങളിലെത്തും. ദുഷ്‌കര്‍മങ്ങള്‍ കൂടുതല്‍ ചെയ്തിട്ടുള്ളവരുടെ ഓറ സിഗരറ്റിന്റെ പുകപോലെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും.
അവര്‍ക്ക് ആഗ്രഹപൂര്‍ത്തിക്ക് മാര്‍ഗങ്ങള്‍ ഉണ്ടാവില്ല. വിശപ്പുണ്ട് പക്ഷേ കഴിക്കാന്‍ കഴിയില്ല; സംസാരിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ അതിനു കഴിയില്ല; ഈ സ്ഥിതിയില്‍ അവര്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്തു പാശ്ചാത്തപിച്ചു തുടങ്ങും. ഒടുവില്‍ പ്രാരബ്ധകര്‍മം അനുഭവിക്കുവാന്‍ യോജിച്ച പുതിയ ജന്മമെടുക്കും. 
മരിക്കുമ്പോള്‍ സൂക്ഷ്മശരീരത്തോടുകൂടി വാസനകളും കാണും. ആ വാസനയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥൂലശരീരം കൂടാതെ പറ്റില്ല. അതുകൊണ്ടു ജീവന്‍ വീണ്ടും തനിക്കുയോജിച്ച ഒരു സ്ഥൂലശരീരത്തില്‍ പ്രവേശിക്കുന്നു. മരണസമയത്തെ ചിന്തയ്ക്കനുസരിച്ചാണ് അടുത്ത ജന്മം. ഉദാഹരണത്തിന് ഒരാള്‍ മരണസമയത്ത് പകുതി പണിതീര്‍ത്ത വീടിനെക്കുറിച്ചാണു ചിന്തിക്കുന്നതെങ്കില്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അടുത്ത ജന്മമെടുക്കും. 
ഒരിടത്ത് അതിബുദ്ധിമാനും ധനികനുമായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. മക്കള്‍ക്കെല്ലാം ഈശ്വരന്റെ പേരുകളിട്ടു. മരണ സമയത്ത് അജാമിളനെപ്പോലെ മക്കളെ വിളിച്ച്, അതായത് ഈശ്വരനാമം ഉച്ചരിച്ച് മറ്റു പ്രയത്‌നമൊന്നും കൂടാതെ മോക്ഷം നേടാമല്ലോ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. മരണം അടുത്തപ്പോള്‍ ധനികന്‍ എല്ലാ മക്കളെയും വിളിച്ചു. രാമാ, ഗോവിന്ദാ, നാരായണാ എന്ന്. മക്കളെല്ലാം ചുറ്റും വന്നുനിന്നു. ധനികന്‍ എല്ലാവരെയും നോക്കി. എന്നിട്ടു ദേഷ്യത്തോടെ ചോദിച്ചു, 'നിങ്ങളെല്ലാം ഇവിടെ വന്നിരുന്നാല്‍ കടയിലാരാണുള്ളത്?' ഇതു പറഞ്ഞതും ജീവന്‍ പോയതും ഒപ്പമായിരുന്നു. നേരത്തെയുള്ള സ്വഭാവവും സംസ്‌കാരവുമാണു നമ്മെ അന്ത്യത്തില്‍ നയിക്കുന്നത്. 
മരണാനന്തരം എന്തു സംഭവിക്കും എന്നു ചിന്തിച്ച് നമ്മള്‍ വിഷമിക്കേണ്ടതില്ല. ഈ ജന്മവും വര്‍ത്തമാന കാലവുമാണ് പ്രധാനം. സത്കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ജീവിക്കുക, ഓരോനിമിഷവും നമ്മള്‍ വിവേകത്തോടെ നീങ്ങുകയാണെങ്കില്‍ ഇപ്പോഴും ഭാവിയിലും സംതൃപ്തമായ ജീവിതം നയിക്കാം. താന്‍ നശിക്കുന്ന ഈ ശരീരമല്ല, സച്ചിദാനന്ദസ്വരൂപമായ ആത്മാവാണെന്നു ബോധിച്ചാല്‍ ജനനമരണങ്ങള്‍ക്കതീതമായ നിത്യശാന്തി നുകരുകയും ചെയ്യാം.
മാതാ അമൃതാനന്ദമയി
വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍, ഉദ്യോഗസ്ഥന്റെ ഉത്പാദനക്ഷമതയിലൂടെ സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് ലാഭം ഉണ്ടാക്കുന്നത്. എന്നാല്‍, പ്രവൃത്തിയും, തന്മൂലമുണ്ടാകുന്ന അനുഭവസമ്പത്തും പ്രവര്‍ത്തിക്കുന്നവന്റെ മുതല്‍ക്കൂട്ടാണെന്നു മനസ്സിലാക്കണം.
പ്രവൃത്തിയിലുള്ള മറ്റൊരു ഭാഗത്തെ വ്യത്യസ്തമായി വേണം കാണാന്‍. ഒരു ജീവനക്കാരനെ   ജോലിക്കുവെക്കുന്നതു സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്ന അധികാരികളാണ്. ജോലി വിലയിരുത്തുന്നവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ നിങ്ങള്‍ക്കാവണം. എന്നുവെച്ചാല്‍ കാര്യക്ഷമമായി ജോലിചെയ്യുന്നതോടൊപ്പം  അത് അധികാരപ്പെട്ടവരുടെ മാനദണ്ഡങ്ങള്‍ക്കു നിരക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള വിവേകംകൂടി ഏതു ഉദ്യോഗസ്ഥനും ഉണ്ടായേ തീരൂ. ആത്മാര്‍ഥത അവകാശപ്പെട്ടതു കൊണ്ടായില്ല. ആത്മാര്‍ഥത ഉണ്ടായാലും മേലധികാരികളുടെ തൃപ്തിക്കൊത്തു ജോലിചെയ്യുന്നവനേ എന്നും എവിടേയും സമര്‍ഥനാകൂ. 
വ്യക്തിഗതമൂല്യങ്ങള്‍ നല്ലതുതന്നെ. പക്ഷേ, അവ സ്ഥാപനമൂല്യങ്ങള്‍ക്ക് ആഘാതം വരുത്തിക്കൂടാ. അധികാരികളുടെ അംഗീകാരം നേടാന്‍ തക്ക കാര്യക്ഷമതയാണ് ഏത് ഉദ്യോഗസ്ഥന്നും ആവശ്യം, അലങ്കാരവും. 
നല്ല കാര്യക്ഷമതയുള്ള ചിലര്‍ക്കു തത്സ്ഥാനത്തേക്ക് അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കാറില്ല. ഗര്‍വാണ് എപ്പോഴും അവരില്‍ മുമ്പിട്ടു നില്‍ക്കാറുള്ളത്. അവരെപ്പറ്റി നിങ്ങള്‍ എന്തു പറയും? സഹപ്രവര്‍ത്തകരുമായി സഹകരിച്ച് മുന്നോട്ടു പോകുകയെന്നത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ട മുഖ്യമേന്മയാണല്ലോ. പ്രവര്‍ത്തനശേഷിയും കാര്യപ്രാപ്തിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
നിങ്ങളുടെ ആത്മപരിശോധനയും വിലയിരുത്തലും ആകെ മാറേണ്ടതുണ്ട്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും നിങ്ങളുടെ പ്രകടനത്തില്‍ മേലധികാരികള്‍ക്കു മതിപ്പുണ്ടാകുന്നില്ലെങ്കില്‍ അത് എന്തുകൊണ്ടെന്നു ചിന്തിക്കണം. എന്തോ ഒന്ന് അനുകൂലപ്രതികരണത്തിനു വിഘാതമായി നില്‍ക്കുന്നു. എന്താണതെന്ന അന്വേഷണംകൊണ്ടേ ഈ അഭാവം പുറത്തുവരൂ, തെളിഞ്ഞുകാണൂ. അതു പിടികിട്ടിയാല്‍ ഇപ്പോഴത്തെ അപര്യാപ്തത അനായാസം പരിഹരിക്കാം. 
നിങ്ങള്‍ക്കെവിടെയാണ് പോരായ്മയെന്നു കണ്ടെത്താന്‍ മേലധികാരികളുടെ സഹായം തേടുക. ഓരോരുത്തരോടും സ്വന്തം മേന്മകളും ആവശ്യങ്ങളും ചൂണ്ടിക്കാണിക്കാനും,പ്രത്യേകപരിശീലനം വേണമെന്നു തോന്നുന്ന മേഖലകള്‍ വ്യക്തമാക്കാനുമുള്ള മൂല്യനിര്‍ണയരീതികള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിലവിലുണ്ടല്ലോ. 
എല്ലാ കാര്യങ്ങളിലും നല്ല വസ്തുനിഷ്ഠത വേണം. ഞാന്‍ കാര്യങ്ങള്‍ ശരിയായി ചെയ്യുന്നുണ്ടെന്നു തോന്നുന്നതും പറയുന്നതും ഒന്ന്, അതു പ്രവൃത്തികളില്‍ തെളിയുന്നത് ഇനിയൊന്ന്. യുദ്ധക്കളത്തിലെ അര്‍ജുനനെപ്പോലെ വിഷാദം ഉണ്ടാവരുത്. വിലപിച്ചുനിന്ന അര്‍ജുനനു കൃഷ്ണന്‍ ശരിയായ ഉള്‍ക്കാഴ്ച പകര്‍ന്നു കൊടുത്തു. കണ്ണീര് എങ്ങോ പോയി. തീവ്രാന്വേഷിയായാണ് അര്‍ജുനന്‍ പിന്നെ നിലകൊണ്ടത്. ആത്മവിശ്വാസവും സന്തുഷ്ടമനസ്സും പൊയ്‌പ്പോകരുത്.