BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, February 07, 2026
ജയ് ബാബാ ജി 🙏
ശിവപുരി ബാബ
കുന്നംകുളത്തിന്നടുത്ത് ഒരുവന്നൂര്‍ പാഴൂര്‍ (കറുത്തേടത്ത്) മനയില്‍ 1826-ല്‍ ഒരു ഉണ്ണി ജനിച്ചു. 'ജയന്തന്‍' എന്ന പേരുണ്ടായിരുന്ന ആ ഉണ്ണിയുടെ അച്ഛനമ്മമാര്‍ വളരെ നേരത്തെ ആ ഉണ്ണിയെ വിട്ടുപോയി. പിന്നീട് മുത്തശ്ശനാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ആറോ ഏഴോ വയസ്സായപ്പോഴേക്കും ബ്രഹ്മചര്യവും ഉപനയനവും കഴിഞ്ഞു. മുത്തശ്ശന്‍റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും സംസ്കൃതം, വേദം, ബ്രാഹ്മണങ്ങള്‍, ആയുര്‍വേദം, ജ്യോതിഷം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടി. ഉണ്ണിയുടെ ജാതകം പഠിച്ച മുത്തശ്ശന് അറിയാമായിരുന്നു, ഇദ്ദേഹം വലുതായാല്‍ മഹാനായൊരു സന്യാസിയായിത്തീരും എന്ന്.
ബ്രഹ്മചര്യം കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിച്ച് മുത്തശ്ശന്‍ ജയന്തനെ അനുഗ്രഹിച്ചു- 'ശങ്കരാചാര്യര്‍ ഭാരതപര്യടനമേ നടത്തിയിട്ടുള്ളൂ. എന്നാല്‍ നീ ലോകപര്യടനം നടത്തണം'. മുത്തശ്ശന്‍ യാത്രക്ക് വേണ്ട സമ്പത്തു സ്വരൂപിച്ചു വെച്ചിരുന്നത് ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ജയന്തന്‍ നമ്പൂതിരിപ്പാട് കുടുംബ ബന്ധം ഉപേക്ഷിച്ച് മുത്തശ്ശന്‍റെ അനുഗ്രഹം വാങ്ങി തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു.
(എന്നാല്‍, മുത്തശ്ശന്‍ ആണ് ആദ്യം ലൌകികബന്ധങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ട ജീവിതം ഈശ്വര ചിന്തയില്‍ കഴിയണം എന്ന് തീരുമാനിച്ച് നര്‍മ്മദയുടെ തീരത്തുള്ള കാട്ടില്‍ എത്തിച്ചേര്ന്നതത്രേ. ഏറെ താമസിയാതെ ജയന്തനും മുത്തശ്ശന്റെ സമീപത്തു എത്തി. അദ്ദേഹം മരിക്കുന്നത് വരെ കൂടെ കഴിയുകയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഉള്‍ക്കാട്ടിലേക്ക് പ്രവേശിക്കുകയും കഠിന തപസ്സില്‍ മുഴുകുകയും ചെയ്തു എന്നും പറയപ്പെടുന്നു. )
25 വര്‍ഷത്തോളം തപസ്സിരിക്കുകയും 'ബോധോദയം' ലഭിച്ചശേഷം ശ്രുന്ഗേരി മഠത്തില്‍ പോയി സന്യസിച്ച് ഗോവിന്ദാനന്ദ ഭാരതി എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതപര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പര്യടനം നടത്തുന്നതിന്നിടയില്‍ തന്നെക്കാള്‍ 8 വര്ഷം പ്രായം കുറവുള്ള ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി. ബാലഗംഗാധര തിലകിന് ജ്യോതിഷശാസ്ത്രത്തെ പറ്റിയുള്ള അറിവുകള്‍ പകര്‍ന്നു കൊടുത്തു. പില്‍ക്കാലത്ത് തന്റെ ശിഷ്യനായിത്തീര്‍ന്ന അരവിന്ദഘോഷിനെയും ഈ യാത്രയില്‍ കാണുകയുണ്ടായി. എന്നാല്‍ ഒരിക്കലും ഗുരുഭാവത്തില്‍ ഇരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഭൌതിക സുഖങ്ങളില്‍ നിന്നുള്ള ഒട്ടലുകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ഒരാശ്രമം ഉണ്ടാക്കി ശിഷ്യഗണങ്ങളുമായി ശിഷ്ട ജീവിതം കഴിക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല.
തുടര്‍ന്ന് മുത്തശ്ശന്റെ ആഗ്രഹമായിരുന്ന നീണ്ട ലോകപര്യടനത്തിന് ഒരുങ്ങി. ഒരു സൂഫി സന്യാസി വഴി ലഭിച്ച സൂഫി ബ്രദര്‍ ഹുഡ് സര്ടിഫികറ്റ് കാണിച്ച് ഖയ്ബര്‍ പാസ് കടന്ന് അഫ്ഘാനിസ്ഥാനിലേക്കും, പിന്നീട് ഇസ്തന്‍ബുള്‍, ടര്ക്കി എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ച് മതപുരോഹിതരെയും വിദ്വാന്മാരെയും രാഷ്ട്രത്തലവന്മാരെയും സന്ദര്‍ശിച്ചു. കുറച്ചുനാള്‍ അവിടെ തങ്ങി. തത്വശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
എല്ലാ മതങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അവരുടെ പ്രാര്‍ത്ഥനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അങ്ങിനെ ആദ്ദേഹത്തിന് മക്ക സന്ദര്ശിക്കുവാനുള്ള അനുവാദവും കിട്ടി. മക്കയില്‍ കടന്നു പ്രാര്ത്ഥിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ അമുസ്ലീം അല്ലെങ്കില്‍ ആദ്യത്തെ ഹിന്ദു ഇദ്ദേഹം തന്നെ ആണ്.
അറേബ്യന്‍ മരുഭൂമിയിലൂടെ കാല്‍നടയായി നടന്ന് മലനിരകളും താഴ്വരകളും താണ്ടി ക്രിസ്തുവിനെ വന്ദിക്കാനായി ജെറുസലേമിലെത്തി. വത്തിക്കാനില്‍ ക്രുസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ, ഗോവിന്ദാനന്ദ ഭാരതിക്ക് ജെറുസലേം സന്ദര്‍ശിക്കാനും റോമില്‍ കൂടുതല്‍ ദിനം ചെലവഴിക്കാനും കുറച്ച് ദിവസം ക്രുസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാനായി റോമില്‍ തങ്ങുവാനും അനുവാദം ലഭിച്ചു. അദ്ദേഹം തന്‍റെ വിശ്വാസം എപ്പോഴും തുറന്ന് പറഞ്ഞിരുന്നു-- ശരിയായ ജീവിതം എന്നാല്‍ നമ്മുടെ ശരീരത്തിനെയും, ബുദ്ധിയേയും, മനസ്സിനെയും, ആത്മാവിനെയും പരിപൂര്‍ണ്തയില്‍ എത്തിക്കുകയാണ്. ഇതിനായി ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനങ്ങള്‍ ആവശ്യമാണ്.
യാത്രക്കിടയില്‍ ജർമനിയിലെ വില്ല്യം കൈസറുമായി സംഭാഷണങ്ങള്‍ നടത്തി. നെതെര്ലന്റിലെ രാജ്ഞിയെ സന്ദര്‍ശിച്ചു. ഇംഗ്ലൽ ബാബ എത്തിയ വിവരം അറിഞ്ഞപ്പോൾ വിക്ടോറിയ രാജ്ഞി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചക്രവര്‍ത്തി മരിച്ച ദുഖത്തിലായിരുന്നു. രാജ്ഞി.18 തവണകളിലായി18 കൊട്ടാരങ്ങളില്‍ വെച്ചാണ് രാജ്ഞി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മരണത്തെക്കുറിച്ച് രാജ്ഞിക്ക് അറിയേണ്ടതെല്ലാം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ മരണശേഷമേ ഇംഗ്ലണ്ട് വിട്ടു പോകാവൂ എന്ന് രാജ്ഞി അദ്ദേഹത്തെ ചട്ടം കെട്ടിയിരുന്നു. രാജ്ഞിയുടെ യോഗാദ്ധ്യാപകന്‍ കൂടി ആയിരുന്നു അദ്ദേഹം. തന്റെ യാത്രക്കിടയില്‍ ഏറ്റവും അധികം കാലം അദ്ദേഹം ചെലവഴിച്ചത് ഇന്ഗ്ലണ്ട്ലായിരുന്നു, അക്കാലത്ത് അദ്ദേഹം വിന്‍സ്ടന്‍ ചര്‍ച്ചില്‍, ബര്നാഡ് ഷാ തുടങ്ങിയവരുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടത്തി. നാലഞ്ചു വര്‍ഷത്തോളം അദ്ദേഹം അവിടെ താമസിച്ച് ഭാരതീയ സംസ്കാരത്തെ പറ്റി പലേ വിശിഷ്ട വ്യക്തികളുമായി ചര്‍ച്ച ചെയ്തു. മയന്‍ ദ്വീപില്‍ വില്കിന്സന്‍ കുടുംബത്തിന്റെ കൂടെ അദ്ദേഹം ഏറെ നാള്‍
താമസിച്ചു. 1901-ല്‍ രാജ്ഞി മരിച്ച ശേഷം ഇംഗ്ലണ്ട് വിട്ടു.
ലിയോ ടോള്‍സ്റ്റോയ്‌യുമായി അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. ഒരു മാസത്തോളം മോസ്കോവില്‍ താമസിച്ചു. ടോള്‍സ്ടോയി അദ്ദേഹത്തിനെ പിരിയാന്‍ അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം ടോള്‍സ്റ്റോയ്‌യോട് പറയാതെ ആ നാട് വിട്ടു. പാരിസില്‍ മാഡം ക്യൂറി ദമ്പതിമാരുടെ കൂടെയും താമസിച്ചിരുന്നു. റേഡിയം കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മാഡം ക്യൂറി. അദ്ദേഹം അവരോട് പരീക്ഷണത്തിന് ഉപയോഗിക്കുന്ന പൊടി, അറ്റോമിക് പോയന്റ്റ് വരെ പൊടിക്കുവാന്‍ പറഞ്ഞു. അതൊരു വഴിത്തിരിവായി മാറി. ഇറ്റലിയില്‍ വെച്ച് വയര്ലെസ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമത്തിലായിരുന്ന മാര്‍കോണിയോട് നമ്മള്‍ എന്തുതന്നെ സംസാരിച്ചാലും അത് ലോകം മുഴുവന്‍ കറങ്ങി നമ്മളിലെക്കുതന്നെ എത്തിച്ചേരും എന്ന് പറഞ്ഞത് മാര്‍കോണിക്ക് പ്രചോദനമായി. പ്രസിഡന്റ് റൂസ് വെല്‍റ്റ് നെ സന്ദര്‍ശിച്ച ശേഷം മെക്സികൊവിലെ ഭരണാധികാരിയെ സന്ദര്‍ശിച്ചു.
ഒട്ടു മുക്കാലും കാല്‍നടയായിത്തന്നെ യൂറോപ്പ്, ഇംഗ്ലണ്ട്, ഗ്രീന്‍ലാന്‍ഡ്, കാനഡ, അമേരിക്ക എന്നീരാജങ്ങളില്‍ തങ്ങി സൌത്ത് അമേരിക്ക, പസിഫിക് ദ്വീപുകള്‍, ന്യൂ സീലന്റ്, ഓസ്ട്രേലിയ,ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ നാല് പതിറ്റാണ്ട്കള്‍ക്ക് ശേഷം ഭാരതഭൂമിയില്‍ തിരിച്ചെത്തി.
കാശിയില്‍ വെച്ച് മദന്‍ മോഹന്‍ മാളവ്യജിയെ കണ്ടുമുട്ടി. ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റി സ്ഥാപിക്കുന്നതിന്റെ ശ്രമത്തിലായിരുന്ന മാളവ്യ ജി അതിന്റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിനയപൂര്‍വ്വം താന്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു നിരസിച്ചു. ആരുടെയെങ്കിലും ഗുരുസ്ഥാനം ഏറ്റെടുക്കാലോ, ആശ്രമം സ്ഥാപിക്കലോ തന്റെ മനസ്സില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു തുക സ്ഥാപനത്തിനു വേണ്ടി സംഭാവന നല്‍കുകയും ചെയ്തു.
ഒടുവില്‍ കേരളത്തില്‍, പതിറ്റാണ്ടുകള്‍ നീണ്ട തീര്‍ത്ഥയാത്രയുടെ പര്യവസാനത്തിനായി സ്വന്തം ജന്മഗൃഹത്തില്‍ തന്റെ തീര്‍ത്ഥയാത്ര തുടങ്ങിയ സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ സ്വജനങ്ങളെയോ ഗൃഹമോ ഒന്നും കണ്ടെത്താനായില്ല. നാടുവിട്ടു പോകുമ്പോള്‍ തന്റെ പേരിലുള്ള സമ്പത്തെല്ലാം സഹോദരിക്ക് നല്‍കിയിരുന്നു. അവര്‍ ഇഹലോകവാസം വെടിയും മുന്പ് സ്വത്ത് ഇല്ലാത്തവര്‍ക്കായി അതെല്ലാം ദാനം ചെയ്തിരുന്നു. മൂന്ന് തലമുറയോടെ തന്റെ കുടുംബം അവസാനിക്കുമെന്ന മുത്തശ്ശന്റെ പ്രവചനം അദ്ദേഹം അപ്പോള്‍ ഓര്‍ത്തു.
ജീവിതത്തിലെ പ്രധാന അദ്ധ്യായത്തിന്റെ പരിസമാപ്തിക്ക് ശേഷം നേപാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കേടുക്കനായി അദ്ദേഹം യാത്ര തിരിച്ചു. (ഫെബ്രുവരി 1926 -ല്‍)
പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ഒട്ടുമിക്ക സന്യാസിമാരും യോഗിമാരും നേപ്പാളില്‍ എത്തിച്ചേരുക പതിവാണ്. മറ്റു രാജ്യക്കാര്‍ക്ക് ഏഴു ദിവസം അവിടെ തങ്ങാമെന്നാണ് നിയമം. 7 ദിവസം കഴിഞ്ഞാല്‍ പോലിസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യണം. അങ്ങിനെ പോലീസ് സ്റ്റേഷനിലെക്കുള്ള ക്യു വില്‍ അദ്ദേഹവും നിന്നു. ആസമയത്ത് നേപ്പാളിലെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വില്കിന്‍സന്‍ പ്രഭു തന്റെ കുതിരവണ്ടിയില്‍ കടന്നുപോയി. പെട്ടെന്ന് വണ്ടി നിര്‍ത്തി ഗോവിന്ദാനന്ദ ഭാരതിയെ നോക്കി പ്രഭു ചോദിച്ചു---അങ്ങല്ലേ, പണ്ട് ഇന്ഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗോവിന്ദ ? അതേ എന്ന മറുപടി ലഭിച്ചതും പ്രഭു പറഞ്ഞു-- ഇംഗ്ലണ്ടില്‍ അങ്ങ് താമസിച്ചിരുന്ന വില്‍കിന്‍സന്‍ കുടുംബത്തില്‍ അന്നുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍....അദ്ദേഹം ഉടന്‍തന്നെ രാജാവിനെ വിളിച്ച് ശിവപുരിയില്‍ ആ സന്യാസിക്ക് വേണ്ട ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഏക്കര്‍ കണക്കിന് ഭൂമി ശിവപുരി മലയില്‍ ലഭിച്ചെങ്കിലും ഒരു കുടില്‍ കെട്ടി അവിടെ താമസിക്കാനാണ് 'ഗോവിന്ദ' ഇഷ്ടപ്പെട്ടത്. പ്രഭു എല്ലാ ഞായറാഴ്ചയും അവിടെ ചെന്ന് കുടിലും പരിസരവും വൃത്തിയാക്കുകയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തുപോന്നു. അങ്ങിനെ ഗോവിന്ദാനന്ദഭാരതി 'ശിവപുരിബാബ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 38 വര്‍ഷത്തോളം കാലം അദ്ദേഹം ശിവപുരിയില്‍ കഴിഞ്ഞുകൂടി.
ഒടുവില്‍ 1963 ജനുവരി 28 -ആം തിയ്യതി 137 -ആം വയസ്സില്‍-- "എന്റെ കര്‍ത്തവ്യം തീര്‍ന്നു. ഞാനിതാ പോകുന്നു. ഈശ്വരനെ വിചാരിക്കുവിന്‍" എന്നു തന്‍റെ ചുറ്റും നില്‍ക്കുന്നവരോട് ശിവപുരി ബാബ പറഞ്ഞു. ഉടനെ മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു..
അവസാനിക്കുന്നില്ല.
Uma Namboodiri
Subscribe to:
Post Comments (Atom)
No comments:
Post a Comment