Saturday, February 14, 2026

കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഭഗവാൻ ശ്രീകൃഷ്ണൻ ഭീഷ്മരെ സമീപിച്ചു കൊണ്ടു ചോദിച്ചു! പിതാമഹ! താങ്കൾ ഒററക്കാണ് പൊരുതുന്നതെങ്കിൽ എത്ര ദിവസം കൊണ്ട് ഈ യുദ്ധം അവസാനിക്കും? ഭീഷ്മർ മറുപടി പറഞ്ഞു - 20 ദിവസം. ഇതേ ചോദ്യത്തിന് ദ്രോണാചാര്യരുടെ മറുപടി 25 ദിവസം എന്നായിരുന്നു. എന്നാൽ കർണ്ണൻ 24 ദിവസവും, അർജ്ജുനൻ 28 ദിവസവും എന്നാണ് മറുപടി പറഞ്ഞത്. തേരുകളും മൃഗങ്ങളും പടയാളികളും നേതാക്കന്മാരുമെല്ലാം യുദ്ധക്കളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഭീമാകാരനായ ഒരു യോദ്ധാവ് യുദ്ധഭൂമി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. യോദ്ധാവിൻ്റെ കയ്യിൽ വില്ലും മൂന്നു് അസ്ത്രങ്ങളുമുണ്ട്. പാണ്ഡവനായ ഭീമസേനൻ്റെ പുത്രൻ ഘടോൽക്കചൻ്റെ മകൻ ബർബാരകനാണ് ഈ യോദ്ധാവ് എന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ ബർബാരകൻ്റ ശക്തിയും കഴിവും പരീക്ഷിക്കാൻ വേണ്ടി, ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ അദ്ദേഹത്തിനെ സമീപിച്ചു കൊണ്ട് ചോദിച്ചു! ധീരനായ യോദ്ധാവെ! താങ്കൾ ഒറ്റക്കാണ് യുദ്ധം ചെയ്യുന്നതെങ്കിൽ എത്ര ദിവസം കൊണ്ട് ഈ സമരം അവസാനിക്കും. ഒരു മിനിട്ട് മതി. ഒട്ടും സംശയിക്കാതെ യുവാവ് മറുപടി പറഞ്ഞു. അതെങ്ങിനെയെന്ന് വിവരിക്കാമൊ? ആശ്ചര്യപ്പെട്ട ഭഗവാൻ. അമ്മയിൽ നിന്നുമാണ് ഞാൻ യുദ്ധമുറകൾ അഭ്യസിച്ചതു്. ഈ മൂന്ന് അസ്ത്രങ്ങൾ മഹാദേവൻ കനിഞ്ഞ് നൽകിയതാണ്. ഇതിൽ ആദ്യത്തെ അസ്ത്രം നശിപ്പിക്കേണ്ട എല്ലാ വസ്തുക്കളും അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ അസ്ത്രം നശിപ്പിക്കാൻ പാടില്ലാത്ത എല്ലാ വസ്തുക്കളും അടയാളപ്പെടുത്തുന്നു. മൂന്നാമത്തെ അസ്ത്രം, ആദ്യത്തെ അസ്ത്രം നശിപ്പിക്കാൻ അടയാളപ്പെടുത്തിയ എല്ലാം നശിപ്പിച്ച് മൂന്ന് അസ്ത്രങ്ങളും തിരിച്ച് തൻ്റെ കയ്യിൽ വന്നു ചേരും. അടുത്തുള്ള ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ബ്രാഹ്മണൻ (കൃഷ്ണൻ ) പറഞ്ഞു. ആ വൃക്ഷത്തിലെ ഇലകളെല്ലാം നശിപ്പിക്കാൻ അടയാളപ്പെടുത്താമൊ? ബർബാരകൻ ഒരു നിമിഷം ധ്യാനത്തിലിരുന്നു. ആ സമയം കൃഷ്ണൻ വൃക്ഷത്തിലെ ഒരു ഇല പറിച്ച് അത് പാദങ്ങൾക്കടിയിൽ വച്ച് അതിന്മേൽ കയറി നിന്നു. ധ്യാനത്തിൽ നിന്നുണർന്ന ബർബാരകൻ അസ്ത്രമയച്ചു. ഒരു നിമിഷത്തിനുള്ളിൽ വൃക്ഷത്തിലെ എല്ലാ ഇലകളും അടയാളപ്പെടുത്തി അസ്ത്രം കൃഷ്ണൻ്റെ കാലിന് ചുറ്റും വട്ടം ചുറ്റാൻ തുടങ്ങി. ഇതെന്താണ് എൻ്റെ കാലിന് ചുറ്റും കറങ്ങുന്നത്? താങ്കളുടെ പാദത്തിനടിയിൽ ഒരു ഇലയുണ്ട്. താങ്കൾ പാദം ഉയർത്തുക. കൃഷ്ണൻ പാദം മാറ്റിയപ്പോൾ കണ്ട ഇലയിൽ അടയാളം വെച്ച് അസ്ത്രം തിരിച്ച് ബർബാരകൻ്റെ കയ്യിൽ വന്നു ചേർന്നു. അത്ഭുതപ്പെട്ടുപോയ കൃഷ്ണൻ - താങ്കൾ എത് ഭാഗത്തു ചേർന്ന് യുദ്ധം ചെയ്യുവാനാണ് ഉദ്ദേശിക്കന്നത്? കൌരവർക്ക് 18 അക്ഷൗഹിണിയും പാണ്ഡവർക്ക് 11 അക്ഷൗഹിണിയും സൈന്യങ്ങളുണ്ട്. ഞാൻ അമ്മക്ക് നൽകിയ വാഗ്ദാനം അനുസരിച്ച് ശക്തി കുറഞ്ഞ സൈന്യത്തിനൊപ്പമെ എനിക്ക് ചേരാൻ കഴിയുകയുള്ളൂ. കൃഷ്ണൻ ആലോചിച്ചു. യുദ്ധത്തിൽ നൂറ് കൌരവ സഹോദരന്മാരെയും താൻ ഗദകൊണ്ടടിച്ച് കൊല്ലുമെന്നും, ദുശ്ശാസനനെ വധിച്ച് ചോര കുടിക്കും എന്നുമുള്ള ഭീമൻ്റെ പ്രതിജ്ഞ, ദുശ്ശാസനൻ്റെ രക്തം കൊണ്ടേ തൻ്റെ അഴിഞ്ഞുകിടക്കുന്ന കാർക്കൂന്തൽ കെട്ടുകയുള്ളു എന്ന ദ്രൌപദിയുടെ പ്രതിജ്ഞ, നീ നരസിംഹത്തെപ്പോലെ യുദ്ധം ചെയ്യുമെന്നും, നിൻ്റെ പ്രതിജ്ഞ നിറവേറുമെന്നും, നിന്നെ അപമാനിച്ചവരുടെ മൃതശരീരങ്ങളിൽ കിടന്ന് അവരുടെ ഭാര്യമാർ നിലവിളിക്കന്നത് നീ കാണും എന്നും താൻ ഭീമനും ദ്രൌപദിക്കും കൊടുത്ത വാക്കുകൾ..... ബർബാരകൻ യുദ്ധത്തിൽ ചേർന്നാൽ ഭീമൻ്റെയും ദ്രൌപദിയുടെയും പ്രതിജ്ഞകളും അവരോടുള്ള തൻ്റെ വാക്കുകളും വൃഥാവിലാകും. ഹേ ശൂരനായ പോരാളി! താങ്കൾ ഏതു ഭാഗത്ത് ചേർന്ന് യുദ്ധം ചെയ്യുകയാണെങ്കിലും ഏതാനും നിമിഷങ്ങൾക്കകം മറുപക്ഷം ചെറുതാകും. താങ്കളുടെ പ്രതിജ്ഞയനുസരിച്ച് ശക്തി കുറഞ്ഞ പക്ഷത്ത് ചേരേണ്ടി വരും. തുടർച്ചയായി രണ്ട് ഭാഗത്തും മാറി മാറി യുദ്ധം ചെയ്യന്നതു കൊണ്ട് ഇരുപക്ഷങ്ങളിലെയും സൈന്യങ്ങളെല്ലാം നശിച്ച് താങ്കൾ മാത്രം ബാക്കിയാവും. അതു കൊണ്ട് യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ ഒരു ദാനമായി താങ്കളുടെ തല നൽകുക. കൂടാതെ ഏറ്റവും വീരനായ യോദ്ധാവിൻ്റെ ആത്മത്യാഗം ഈ യുദ്ധക്കളത്തോടുള്ള പൂജയെന്ന പേരിൽ ആവശ്യവുമാണ്. നിങ്ങളാണ് ഇപ്പോൾ ഇവിടത്തെ ഏറ്റവും വീരനായ ധീരനായ ക്ഷത്രിയൻ - ബ്രാഹ്മണനായ ശ്രീകൃഷ്ണൻ ബർബാരകനോട് പറഞ്ഞു. ഇത്രയുമായപ്പോൾ തൻ്റെ ശരിയായ രൂപത്തിൽ ദർശനം നൽകാൻ ബർബാരകൻ ബ്രാഹ്മണനോടു് അപേക്ഷിച്ചു. ഭഗവാൻ കൃഷ്ണൻ വിഷ്ണുരൂപത്തിൽ ബർബാരകന് ദർശനം നൽകി. തല നൽകാൻ ബർബാരകൻ സമ്മതിച്ചെങ്കിലും ആസന്നമായ യുദ്ധം കാണാൻ അനുവദിക്കണമെന്ന് ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ചു. ഭഗവാൻ സമ്മതിച്ചു. ബർബാരകൻ്റെ തല വെട്ടിയെടുത്ത് കുരുക്ഷേത്രത്തിന് മുൻവശത്തുള്ള ഒരു മലയിൽ സ്ഥാപിച്ചു. തലക്ക് ജീവൻ നൽകിയതോടൊപ്പം യുദ്ധം കാണാൻ വേണ്ടി പ്രത്യേക കാഴ്ചയും ശ്രീകൃഷ്ണൻ ബർബാരകനു് നൽകി. കുരുക്ഷേത്രയുദ്ധം അവസാനിച്ചു. യുദ്ധത്തിൽ തങ്ങൾ ജയിക്കാൻ ഏറ്റവും വലിയ സേവനം നൽകിയത് ആരായിയിരുന്നു എന്ന് പാണ്ഡവർ തമ്മിൽ തമ്മിൽ തർക്കിച്ചപ്പോൾ കൃഷ്ണൻ ഇടപെട്ട് അവരെ യുദ്ധം മുഴുവൻ കാണാൻ കഴിഞ്ഞ ബർബാരകൻ്റെ അടുത്തേക്ക് കൊണ്ടുപോയി. പാണ്ഡവരുടെ സംശയം ബർബാരകനോട് പറഞ്ഞപ്പോൾ - ഭഗവാൻ കൃഷ്ണൻ്റെ സാന്നിദ്ധ്യവും, യുദ്ധചാതുര്യവും, കൌശലവും കൊണ്ടുമാത്രമാണ് പാണ്ഡവർ യുദ്ധം ജയിച്ചതു്. പാണ്ഡവർ പരസ്പരം നോക്കിയപ്പോൾ ബർബാരകൻ ഒന്നു കൂടി പറഞ്ഞു. ഞാൻ യുദ്ധമുന്നണിയിൽ ഭഗവാൻ്റെ സുദർശനചക്രം മാത്രമാണ് കണ്ടത്, അത് ധർമ്മത്തിന് എതിരു നിൽക്കുന്ന എല്ലാവരേയും നിഗ്രഹിച്ചു. മറ്റൊന്ന് ദേവി മഹാകാളി തൻ്റെ നാക്ക് പുറത്തേക്കു് നീട്ടി യുദ്ധക്കളത്തിലുള്ള എല്ലാ പാപികളെയും ആഹൂതി ചെയ്തു. കലിയുഗത്തിൽ എൻ്റെ പേരിൽ നീ ആരാധിക്കപ്പെടും, ശ്രീകൃഷ്ണഭഗവാൻ ബർബാരകനെ അനുഗ്രഹിച്ചു. നേപ്പാളിൽ ആകാഷ് ഭൈരവ് എന്ന പേരിലും, രാജസ്ഥാനിൽ ഗട്ടു ശ്വാം എന്ന പേരിലും, ഗുജറാത്തിൽ ബലി യാദവ് എന്ന പേരിലും, ഹിമാചൽ പ്രദേശിൽ കമ്റു നാഗ് എന്ന പേരിലും ബർബാരകൻ ആരാധിക്കപ്പെടുന്നു.... ഹരേ കൃഷ്ണാ......

No comments: