ഉപനിഷത്തിലൂടെ -280
Tuesday 9 October 2018 2:56 am IST
ബൃഹദാരണ്യകോപനിഷത്ത്- 79
ന തത്ര രഥാ ന രഥയോഗോ ന പന്ഥാനോ ഭവന്തി...
അവിടെ തേരുകളോ തേരില്‍ കെട്ടുന്ന കുതിരകളോ വഴികളോ ഇല്ല. പിന്നെ തേരുകളേയും തേരില്‍ കെട്ടുന്ന കുതിരകളേയും വഴികളേയും സൃഷ്ടിക്കുന്നു. അവിടെ ആനന്ദമോ മോദമോ പ്രമോദമോ ഇല്ല. പക്ഷെ ആനന്ദത്തേയും മോദത്തേയും പ്രമോദത്തേയും സൃഷ്ടിക്കുന്നു. അവിടെ പൊയ്കകളോ തടാകങ്ങളോ പുഴകളോ ഇല്ല. പക്ഷെ പൊയ്കകളേയും തടാകങ്ങളേയും പുഴകളേയും സൃഷ്ടിക്കുന്നു. എന്തെന്നാല്‍ അവന്‍ കര്‍ത്താവാണല്ലാ.
ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, പുറമേയുള്ള സൂര്യപ്രകാശം മുതലായവയോട് ചേര്‍ന്നാണ് ആത്മജ്യോതിസ്സ് പ്രകാശിക്കുന്നത്. എന്നാല്‍ സ്വപ്‌നത്തില്‍ ഇവയൊന്നിനോടും ബന്ധപ്പെടാതെ മനസ്സ് തന്നെ ആത്മജ്യോതിസ്സിനാല്‍ പ്രകാശിതമാകുന്നു. എന്നിട്ട് വാസനയ്ക്ക് അനുസൃതങ്ങളായ വിഷയങ്ങളുടെ രൂപത്തെ സ്വയം സ്വീകരിക്കുകയും ആനന്ദിക്കുകയും ചെയുന്നു.
രൂപമില്ലാത്ത മനസ്സിനാല്‍ രൂപമുള്ള വിഷയങ്ങളെ സൃഷ്ടിക്കുവാനുള്ള കഴിവ് സ്വയം ജ്യോതിസ്വരൂപമായ ആത്മാവിനുണ്ട്. ആനന്ദത്തിന്റെ വിവിധ തലങ്ങളെ കാണിക്കാനാണ് ആനന്ദം, മോദം, പ്രമോദം എന്നിങ്ങനെ പറഞ്ഞത്.
സ്വപ്‌നത്തെക്കുറിക്കുന്ന ഒരു ശ്ലോകമുണ്ട്
സ്വപ്‌നേന ശാരീരമഭിപ്രഹത്യാ
സുപ്തഃ... ഹിരണ്‍മയഃ പുരുഷ
ഏക ഹംസഃ
സ്വയം ജ്യോതിസ്സ്വരൂപനും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനുമായ പുരുഷന്‍ സ്വപ്‌ന
ത്തില്‍ ശരീരത്തെ നിശ്ചലമാക്കി സ്വയം ഉണര്‍ന്നിരുന്ന് ഉറങ്ങിക്കിടക്കുന്ന അന്തഃകരണ വൃത്തികളുമായി ബന്ധപ്പെട്ട ഭാവങ്ങളെ പ്രകാശിപ്പിക്കുന്നു. പി
ന്നെ പ്രകാശമുള്ള ഇന്ദ്രിയ വിഷയങ്ങളെ സ്വീകരിച്ച് വീണ്ടും ജാഗ്രത്തിലേക്ക് വരുന്നു.
എക ഹംസഃ അഥവാ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവന്‍ എന്നാല്‍ ജാഗ്രത് സ്വപ്‌നസ്ഥാനങ്ങളിലും ഇഹപര ലോകങ്ങളിലും സഞ്ചരിക്കുന്നവന്‍ എന്നറിയണം.
സ്വപ്‌നത്തില്‍ ഇന്ദ്രിയങ്ങളെല്ലാം ഉറങ്ങുമ്പോഴും ഒരിക്കലും നശിക്കാത്ത തന്റെ പ്രകാശത്താല്‍ ആത്മാവ് ഇന്ദ്രിയ വിഷയങ്ങളെ സ്വയം പ്രകാശിപ്പിക്കുന്നു. പിന്നീട് കര്‍മങ്ങള്‍ ചെയ്യാനായി ഇന്ദ്രിയങ്ങളെ ജാഗ്രത്തിലേക്ക് ഉണര്‍ത്തുന്നതും ഇതേ ആത്മപ്രകാശം തന്നെയാണ്.
പ്രാണേന രക്ഷന്നവരം കുലായം... ഹിരണ്‍മയഃ പുരുഷ ഏക ഹംസഃ
പ്രകാശ സ്വരൂപനും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനും അമൃത സ്വരൂപനുമായ പു
രുഷന്‍ പ്രാണനെ കൊണ്ട് ഈ നികൃഷ്ടമായ ശരീരത്തെ (കൂടിനെ) സംരക്ഷിക്കുന്നു. നാശമില്ലാത്ത അത് സ്വയം ശരീരമാകുന്ന കൂടിന് പുറത്ത് സഞ്ചരിച്ച് എവിടെയെല്ലാം പോകണമെന്നാഗ്രഹിക്കുന്നുവോ അവിടെയെല്ലാം പോകുന്നു.
മലം, മൂത്രം തുടങ്ങിയ അനേകം അശുദ്ധ വസ്തുക്കള്‍ നിറഞ്ഞതിനാലാണ് ഈ ശരീരത്തെ നികൃഷ്ടമായ കൂടാണെന്ന് പറയുന്നത്. ഉറക്കത്തില്‍ അഞ്ച് വൃത്തികളോട് കൂടിയ പ്രാണനാണ് ദേഹത്തെ നിലനിര്‍ത്തുന്നത്. സ്വപ്‌നത്തില്‍ ആത്മാവിന് ദേഹവുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ അത് ദേഹത്തിന് പുറത്ത് സഞ്ചരിക്കുന്നതായി പറയുന്നു. മനസ്സിലിരുന്ന് വാസനാരൂപത്തില്‍ എവിടെ പോകുന്നതിനും ആത്മാവിന് ഒരു തടസ്സവും ഉണ്ടാകില്ല.
സ്വപ്‌നാന്ത ഉച്ചാ വചമീയമാനോ രൂപാണി ദേവഃ...
സ്വയം പ്രകാശസ്വരൂപനായ ആത്മാവ് സ്വപ്‌നത്തില്‍ ഉത്കൃഷ്ടങ്ങളും നികൃഷ്ടങ്ങളുമായ പല ഭാവങ്ങളേയും പ്രാപിക്കുന്നു. പല തരത്തിലുള്ള രൂപങ്ങളേയും സൃഷ്ടിക്കുന്നു. സ്ത്രീകളോട് കൂടി സുഖിക്കുന്നവനെപ്പോലെയോ മറ്റുള്ളവരുമായിരുന്ന് ചിരിക്കുന്നവനെപ്പോലെയോ ഭയങ്കരങ്ങളായ വസ്തുക്കളെ കാണുന്നവനെപ്പോലെയും ആയിത്തീരുന്നു.
സ്വപ്‌നത്തില്‍ ആത്മാവ് വാസനാ രൂപങ്ങളായ പലവിധ രൂപങ്ങളെ സൃഷ്ടിച്ച് സ്വയം വിഹരിക്കുന്നു. ദേവന്മാരെപ്പോലെയുള്ള ഉത്കൃഷ്ട ഭാവങ്ങളും മൃഗങ്ങളെപ്പോലെയുള്ള നികൃഷ്ട ഭാവങ്ങളും അവിടെ ഉണ്ടാകും. ഉണര്‍ന്നിരിക്കുമ്പോള്‍ പല അനുഭവങ്ങള്‍ ഉണ്ടാകുന്നത് പോലെ തന്നെ സ്വപ്‌നത്തിലും സംഭവിക്കും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment