BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, September 28, 2024
യോഗവാസിഷ്ഠരാമായണം
സ്വപ്രഭാനന്ദസ്വാമി
ഉത്പത്തിപ്രകരണം – 4-ാം സര്‍ഗ്ഗം
(വസിഷ്ഠമഹര്‍ഷിയുടെ ഉപദേശങ്ങള്‍ ശ്രദ്ധയോടെ കേട്ടിട്ടു സന്ധ്യാസമയമായപ്പോള്‍ രാജസഭയിലുണ്ടായിരുന്നവരെല്ലാം അവരവരുടെ സങ്കേതങ്ങളിലേക്കു മടങ്ങി. പിറ്റേന്ന് എല്ലാവരും തിരിച്ചുവന്നപ്പോള്‍ വസിഷ്ഠമഹര്‍ഷി മനസ്സിന്റെയും ജഗത്തിന്റെയും സ്വഭാവത്തെ വര്‍ണ്ണിച്ചു.)
ശ്രീ വാല്മീകി പറഞ്ഞു:
മുനിശ്രേഷ്ഠനായ വസിഷ്ഠമുനി ഉത്കൃഷ്ടവചനങ്ങളിലൂടെ ഉപദേശം നല്കാന് ഒരുങ്ങിയപ്പോള്‍ അതു കേള്‍ക്കുവാന്‍ ദത്തശ്രദ്ധരായ സഭാവാസികള്‍ ഏകാഗ്രചിത്തരായിട്ടു മൗനമായി ഇരുന്നു. ജനങ്ങളുടെ അവയവങ്ങള്‍ ചലിക്കാത്തതുകൊണ്ട് കിങ്ങിണി മുതലായ ആഭരണങ്ങളുടെ ശബ്ദങ്ങള്‍ ഉണ്ടായിട്ടില്ല. കൂടുകളില്‍ വളര്‍ത്തപ്പെട്ടിരുന്ന തത്തകളും പ്രാവുകളുമൊക്കെ അവയുടെ വിളയാട്ടങ്ങള്‍ നിറുത്തി ശാന്തരായിരുന്നു. രാജകൊട്ടാരത്തിലുണ്ടായിരുന്ന നര്‍ത്തകികളും നടികളും മറ്റും ഹാവഭാവാദികളെല്ലാം വെടിഞ്ഞിരുന്നപ്പോള്‍ അവരെല്ലാം ഭിത്തിയില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളെപ്പോലെ നിശ്ചലരായി വിളങ്ങി. ആഹ്ലാദപ്രദമായ ചൂടുള്ള പകല്‍ കഴിയാന്‍ ഒരു മുഹൂര്‍ത്തംമാത്രം ശേഷിച്ചു. സൂര്യകിരണങ്ങള്‍ കുറഞ്ഞുവന്നു. വിടര്‍ന്ന താമരപ്പൂക്കളുടെ സുഗന്ധവും വഹിച്ചുകൊണ്ട് മന്ദമാരുതന്മാര്‍ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം കേള്‍ക്കാനെന്നു തോന്നുമാറ് അവിടെ വന്നുചേര്‍ന്നു. സൂര്യന് താന്‍ കേട്ട വിഷയങ്ങളെപ്പറ്റി മനനപൂര്‍വ്വം ചിന്തിക്കുവാനായിട്ടെന്നപോലെ, പകലുളവാക്കാന്‍ വേണ്ടിയുള്ള തന്റെ ഭ്രമണത്തെ ഉപേക്ഷിച്ചിട്ടു ജനശൂന്യമായ അസ്തമനപര്‍വ്വതത്തിന്റെ മുകളിലേക്കു പോയി. ജ്ഞാനഗര്‍ഭിതമായ ഉപദേശങ്ങള്‍ കേട്ടതുകൊണ്ടുണ്ടായതും അന്തഃകരണത്തിനു കുളിര്‍മ നല്‍കുന്നതുമായ ശാന്തി എന്നപോലെ വനഭൂമിയില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങിയപ്പോള്‍ ആ വനഭൂമി മുഴുവന്‍ സമനിരപ്പുള്ളതായിത്തീര്‍ന്നു. പത്തുദിക്കുകളിലും ജനസഞ്ചാരം നിലച്ചതു കണ്ടപ്പോള്‍ വസിഷ്ഠ മുനിയുടെ ഉപദേശം ശ്രദ്ധയോടെ കേള്‍ക്കാന്‍ വേണ്ടി ജനങ്ങള്‍ തങ്ങളുടെ സകല ചേഷ്ടകളെയും ഉപേക്ഷിച്ചതായിരിക്കുമെന്നു തോന്നിച്ചു. കൊട്ടാരത്തിലുണ്ടായിരുന്നവരെല്ലാം വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം കേള്‍ക്കാന്‍ വേണ്ടി കഴുത്തു നീട്ടി കാതോ ര്‍ത്തതുകൊണ്ട് എല്ലാവരുടേയും നിഴലുകള്‍ക്കു നീളംകൂടി.
ഈ സമയത്ത് കാവല്ക്കാരന് വിനയാന്വിതനായിവന്നിട്ട് മഹാരാജാവിനോടു പറഞ്ഞു: ”മഹാരാജാവേ, ഇപ്പോള്‍ സ്നാനത്തിനും ബ്രാഹ്മണപൂജയ്ക്കും ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു.” അപ്പോള്‍ വസിഷ്ഠമഹര്‍ഷി തന്റെ മധുരമായ വാക്കുകളെ ഉപസംഹരിച്ചുകൊണ്ട് ”രാജാവേ, കേട്ടത് ഇന്നിത്രത്തോളം മതി. ഇനിയുള്ളതു രാവിലെ പറയാം” എന്നു പറഞ്ഞിട്ടു മൗനമവലംബിച്ചു. അപ്പോള്‍ മഹാരാജാവ്, ”അങ്ങനെയാകട്ടെ” എന്നു പറഞ്ഞിട്ട് തന്റെ ഐശ്വര്യാഭിവൃദ്ധിക്കു വേണ്ടി പാദ്യം, അര്‍ഘ്യം, പുഷ്പം, സമ്മാനം, ദക്ഷിണ മുതലായവ ആദരവോടെ യഥായോഗ്യം സമര്‍പ്പിച്ചിട്ട് ദേവതകളെയും മഹര്‍ ഷിമാരെയും മുനിമാരെയും ബ്രാഹ്മണരെയും പൂജിച്ചു. അതിനുശേഷം രാജാക്കന്മാരും മുനിമാരും ഒന്നടങ്കം എഴുന്നേറ്റു. അപ്പോള്‍ നിസ്പൃഹരായ മുനിമാര്‍ അവര്‍ക്കു നല്കപ്പെട്ട രത്നങ്ങളെ അവിടെത്തന്നെ ഉപേക്ഷിച്ചതിനാല്‍ മണ്ഡലാകാരത്തില്‍ അവിടവിടെ കിടന്നിരുന്ന രത്നങ്ങളുടെ പ്രഭകൊണ്ട് സകലരുടെയും മുഖമണ്ഡലം ശോഭിച്ചു. ജനങ്ങളുടെ പരസ്പരാംഗസമ്പര്‍ക്കം കാരണം അവരുടെ അവയവങ്ങളിലുണ്ടായിരുന്ന തോള്‍വളകളുടെയും വളകളുടെയും കിലുക്കം കേള്‍ക്കാമായിരുന്നു. പട്ടുവസ്ത്രങ്ങളെക്കൊണ്ടും സ്വര്‍ണ്ണമാലകളെക്കൊണ്ടും ആളുകളുടെ ഉരുക്കളും മാറിടങ്ങളും ശോഭിച്ചു. ശിരസ്സില്‍ അണിഞ്ഞിരുന്ന പൂക്കളില്‍ വിശ്രമിച്ചിരുന്ന തേനീച്ചകളുടെ മുരളലുകള്‍കൊണ്ട് ആളുകളുടെ കേശഭാരങ്ങള്‍ ഘുംഘുമെന്നു പറയുന്നതുപോലെ തോന്നിച്ചു. സുവര്‍ണ്ണാലങ്കാരങ്ങളുടെ ശോഭകൊണ്ട് ആളുകള്‍ ദിക്കുകളെ സ്വര്‍ണ്ണമയമാക്കിത്തീര്‍ത്തു. മുനികളുടെ ചിത്തത്തില്‍ കുടികൊണ്ടിരുന്ന മഹാമുനിവാണികള്‍ ഹേതുവായിട്ടു എല്ലാവരുടെയും ചിത്തവൃത്തികള്‍ ശാന്തമായിത്തീര്‍ ന്നിരുന്നു. സഭാവാസികളിലെ ആകാശചാരികള്‍ ആകാശത്തിലൂടെയും ഭൂലോകവാസികള്‍ ഭൂമിയിലൂടെയും പോയി. അവരെല്ലാം സ്വഗൃഹങ്ങളിലേക്കു ചെന്നിട്ട് അവരവരുടെ ദൈനികകൃത്യങ്ങള്‍ നടത്തി.
ജനകോലാഹലങ്ങള്‍ അടങ്ങുമ്പോള്‍ ബാലാംഗനകള്‍ അവരവരുടെ ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിച്ചേരുന്നതുപോലെ ശ്യാമവര്‍ണ്ണയായ രാത്രി രാജകൊട്ടാരത്തിലേക്ക് എത്തിച്ചേര്‍ന്നു. സൂര്യദേവന് മറ്റു പ്രദേശങ്ങള്‍ക്കു വെളിച്ചം കൊടുക്കാന്‍വേണ്ടി ദേശാന്തരത്തിലേക്കുപോയ്ക്കഴിഞ്ഞിരുന്നു. എല്ലായിടത്തും വെളിച്ചമെത്തിക്കുക എന്നത് സജ്ജനങ്ങളുടെ വ്രതമാണല്ലോ. വസന്തശ്രീ ഉദിച്ചതോ എന്നു തോന്നുമാറുള്ള പൂത്ത പ്ലാശിന്‍വനങ്ങളെപ്പോലെ ഉദിച്ചനക്ഷത്രങ്ങളെ ധരിച്ചുകൊണ്ടു സന്ധ്യ എല്ലാ ദിക്കിലും വ്യാപിച്ചു. നിര്‍മ്മലമായ ചിത്തവൃത്തികള്‍ നിദ്രയില്‍ ലയിക്കുന്നതുപോലെ പക്ഷികള്‍ മാവ്, വേപ്പ്, കദംബം മുതലായ വൃക്ഷങ്ങളുടെ അഗ്രഭാഗങ്ങളിലും ഗ്രാമക്ഷേത്രങ്ങളിലും വീടുകളിലും ലയിച്ചു, (ചേക്കേറി). സൂര്യപ്രഭ തട്ടിയിട്ടു ചിലയിടത്തു കുങ്കുമപ്രഭയോടുകൂടിയതും സൂര്യപ്രഭകൊണ്ടു മഞ്ഞ നിറമാര്‍ന്ന മേഘങ്ങളാകുന്ന മഞ്ഞപ്പട്ടുടയാട ചാര്‍ത്തപ്പെട്ടതും നക്ഷത്രങ്ങളെ ക്കൊണ്ടു കൊരുക്കപ്പെട്ട നക്ഷത്രമാലയോടുകൂടിയതുമായ അസ്തമയപര്‍വ്വതം സമാനധര്‍മ്മങ്ങളോടുകൂടിയ ആകാശത്തിലേക്കു പ്രവേശിച്ചു. മഞ്ഞപ്പട്ടു ധരിച്ചവനും ലക്ഷ്മീസമേതനും വനമാല ചാര്‍ത്തിയവനുമായ മഹാവിഷ്ണു ധ്യാനനിഷ്ഠരായ സജ്ജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതുപോലെയാണ് അസ്താചലം സന്ധ്യാസമയത്ത് ആകാശത്തിലേക്ക് പ്രവേശിച്ചത്. (സന്ധ്യാസമയത്ത് ഈശ്വരധ്യാനം പ്രശസ്തമാണെന്നകാര്യം സമാസോക്തിയിലൂടെ പറയപ്പെട്ടിരിക്കുന്നു.) സന്ധ്യാദേവി പൂജ സ്വീകരിച്ചിട്ടു പൊയ്ക്കഴിഞ്ഞപ്പോള്‍ വേതാളം രൂപമെടുത്തുവന്നതുപോലെ അന്ധകാരം സര്‍വ്വത്ര വ്യാപിച്ചു. മഞ്ഞുകണങ്ങളെ വഹിക്കുന്നതും വൃക്ഷങ്ങളുടെ ഇലകളെ മെല്ലെ മെല്ലെ ചലിപ്പിക്കുന്നതും ആമ്പല്‍പ്പൂക്കളുടെ സുഗന്ധത്തെ ധരിക്കുന്നതുമായ മന്ദമാരുതന് വീശാന്‍ തുടങ്ങി. നീണ്ടു കറുത്തിടതിങ്ങിയ തലമുടിയുള്ളവരും ദുഃഖിച്ചുകരഞ്ഞതുകൊണ്ട് വ്യക്തമായി കാണപ്പെടാത്ത കൃഷ്ണമണികളോടുകൂടിയവരും ആയ വിധവകളെപ്പോലെ ആയിത്തീര്‍ന്ന ദിക്കുകള്‍ അന്ധകാരാവൃതങ്ങളായി. ഘനാന്ധകാരമെന്ന നീണ്ടു കറുത്തിടതിങ്ങിയ തലമുടികളുള്ളവയും മഞ്ഞുണ്ടായിരുന്നതുകൊണ്ടു വ്യക്തമാകാത്ത നക്ഷത്രങ്ങളാകുന്ന കൃഷ്ണമണികളോടുകൂടിയവയും സൂര്യനാകുന്ന ഭര്‍ത്താവ് അസ്തമിച്ചതുകൊണ്ടു വിധവകളുമായ ദിക്കുകള്‍ അന്ധകാരാവൃതങ്ങളായി. ചന്ദ്രികയാകുന്ന പാലൊഴുക്കിക്കൊണ്ടും ആകാശത്തെ ശോഭായമാനമാക്കിക്കൊണ്ടും അമൃതസ്വരൂപനായ ചന്ദ്രന് എന്ന പാലാഴി ആകാശത്തില്‍ വന്നു. ചന്ദ്രനുദിച്ചപ്പോള്‍, ജ്ഞാനമയമായ വാക്കുകള്‍ ശ്രവിച്ച രാജാക്കന്മാരുടെ മനസ്സില്‍നിന്ന് അജ്ഞാനാന്ധകാരം ഓടിയകന്ന തുപോലെ, ആകാശത്തിലുണ്ടായിരുന്ന അന്ധകാരമെല്ലാം എവിടേക്കോ ഓടിമറഞ്ഞു. വസിഷ്ഠമഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട വിചിത്രങ്ങളായ അര്‍ത്ഥങ്ങള്‍ ശ്രോതാക്കളുടെ ചേതസ്സില്‍ വിശ്രമിച്ചതുപോലെ ഋഷിമാരും രാജാക്കന്മാരും മുനിമാരും ബ്രാഹ്മണരുമെല്ലാം അവരവരുടെ സങ്കേതങ്ങളില്‍ വിശ്രമിച്ചു. പിന്നീട് യമരാജാവിന്റെ ശരീരംപോലെ കറുത്ത കുറ്റാക്കൂരിരുട്ട് അവരെയെല്ലാം വിട്ട് അകന്നുപോയി. പതുക്കെ അവിടെ ഉഷഃകാലം വന്നുചേരുകയും ചെയ്തു. മഴ പെയ്യുന്നതുമൂലമുണ്ടാകുന്ന പുഷ്പവൃഷ്ടികള്‍ പ്രഭാതപവനനാല്‍ ദൂരീകരിക്കപ്പെടുന്നതുപോലെ ആകാശത്തുണ്ടായിരുന്ന ഭാസുരനക്ഷത്രങ്ങള്‍ ഉഷാഗമനത്തിനാല്‍ ദൂരീകരിക്കപ്പെട്ടു. മഹാത്മാക്കളുടെ മനസ്സില്‍ വിവേകബുദ്ധിയുദിക്കുന്നതുപോലെ സ്വപ്രഭകൊണ്ടു ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന സൂര്യഭഗവാന് ജനങ്ങള്‍ക്കു ദൃഷ്ടിഗോചരനായി. സൂര്യരശ്മികളെക്കൊണ്ടു മഞ്ഞനിറമാര്‍ന്ന മേഘങ്ങളാകുന്ന പട്ടുവസ്ത്രം ചാര്‍ത്തിക്കൊണ്ടും നക്ഷത്രമാലയണിഞ്ഞുകൊണ്ടും ഐശ്വര്യയുക്തമായ ഉദയാചലം ആകാശത്തിലേക്കു പ്രവേശിച്ചു. പ്രാതഃകൃത്യങ്ങളെല്ലാം സമാപിച്ചിട്ട് ആകാശചാരികളായ ദേവാദികളും മഹീചരരായ ബ്രാഹ്മണാദികളും തലേന്നത്തെ ക്രമത്തില്‍ത്തന്നെ സഭാസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. തലേദിവസം ഇരുന്ന സ്ഥാനങ്ങളില്‍ത്തന്നെ സഭാവാസികളെല്ലാം ഇരുന്നുകഴിഞ്ഞപ്പോള്‍ സഭ, കാറ്റുവീശാത്ത താമരപ്പൊയ്കപോലെ നിശ്ചലവും നിശ്ശബ്ദവും ആയിത്തീര്‍ന്നു. അനന്തരം കഥാസന്ദര്‍ഭമായപ്പോള്‍ വാഗ്മികളില്‍വെച്ചു ശ്രേഷ്ഠനും മുനിപുംഗവനുമായ വസിഷ്ഠമഹര്ഷിയോടു ശ്രീരാമന് മധുരമായി പറഞ്ഞു.
ശ്രീരാമന് പറഞ്ഞു:
ഭഗവാനെ, മനസ്സിന്റെ സ്വരൂപമെന്താണെന്നു വ്യക്തമായി പറഞ്ഞുതന്നാലും. ഈ മനസ്സുകൊണ്ടാണല്ലോ ലോകമെല്ലാം വിസ്മരിക്കപ്പെടുന്നത്.
ശ്രീ വസിഷ്ഠന് പറഞ്ഞു:
രാമാ, മനസ്സിന് പേരല്ലാതെ വിശേഷരൂപമൊന്നും പറയാനില്ല. ശൂന്യവും ജഡവുമായ ആകാശംപോലെയാണത്. പുറത്തും ഹൃദയത്തിലും അതിനു വാസ്തവികമായ ഒരു രൂപം ഇല്ല. ആകാശംപോലെ മനസ്സ് സര്‍വ്വത്ര വ്യാപിച്ചതാണ്. മൃഗതൃഷ്ണയില്‍ ജലം സങ്കല്പിക്കപ്പെടുന്നതുപോലെ ഈ ജഗത്ത് മനഃകല്പിതമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ രണ്ട് ചന്ദ്രന്മാര് ഉള്ളതുപോലെ തോന്നാറുണ്ടല്ലോ. ദ്വിതീയചന്ദ്രനെപ്പോലെ കല്പിക്കപ്പെട്ടതാണീ ജഗത്ത്. മനസ്സ് വാസ്തവത്തിലില്ലാത്തതാണെങ്കിലും, മൃഗതൃഷ്ണികയിലെ ജലംപോലെ നമ്മില്‍നിന്നുണ്ടായതാണത്. വസ്തുസാന്നിദ്ധ്യത്തില്‍ പ്രത്യക്ഷവസ്തുവായി ദര്‍ശിക്കപ്പെടുന്നതും വസ്തുവിന്റെ അസാന്നിദ്ധ്യത്തില്‍ പരോക്ഷവസ്തുവായി സ്മരിക്കപ്പെടുന്നതും മനസ്സുതന്നെ. മനസ്സാണു വിഷയാകാരേണ ദര്‍ശിക്കപ്പെടുന്നത്. സങ്കല്പംതന്നെയാണു മനസ്സെന്നു പറയപ്പെടുന്നത്. ദ്രവത്വത്തില്‍നിന്നു ജലം ഭിന്നമല്ലാത്തതുപോലെയും വായുവില്‍നിന്നു ചലനം ഭിന്നമല്ലാത്തതുപോലെയും മനസ്സ് സങ്കല്പത്തില്നിന്നു ഭിന്നമല്ല. സങ്കല്പനമുണ്ടെങ്കില്‍ മനസ്സുണ്ട്. മനസ്സുണ്ടെങ്കില്‍ സങ്കല്പനവുമുണ്ട്. സങ്കല്പനവും മനസ്സും ഒരിക്കലും ഭിന്നമല്ല. പദാര്‍ത്ഥഭാനം (വസ്തുദര്‍ശനം) സത്യമാകട്ടെ അഥവാ അസത്യമാകട്ടെ രണ്ടായാലും മനസ്സു സങ്കല്പസ്വരൂപംതന്നെ. മിത്ഥ്യാവിഷയസമ്പര്‍ക്കത്തില്‍ മനസ്സു സദാകാരവുമാകാം. മനസ്സു സങ്കല്പസ്വരൂപമാകുന്നു എന്നതു ശരിതന്നെ. മനസ്സു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാകുന്നു. സൂക്ഷ്മശരീരത്തെത്തന്നെയാണു മനസ്സെന്നു പറയുന്നത്. അതു കാലക്രമത്തില്‍ ആധിഭൗതികരൂപത്തെയെടുക്കുന്നു. അതായത് സ്ഥൂലമായ പൃഥിവ്യാദികളുടെ രൂപത്തെ അതു സ്വീകരിക്കുന്നു. അതുതന്നെയാണതിന്റെ സ്രഷ്ടൃത്വം.
ചിന്താശീലരായ മനുഷ്യര്‍ (മനീഷികള്‍) മനസ്സുള്‍പ്പെടെയുള്ള പ്രപഞ്ചത്തെ അവിദ്യ, സംസാരം, ചിത്തം മനസ്സ്, ബന്ധം, മലം, തമസ്സ് എന്നിങ്ങനെയെല്ലാം വിളിക്കുന്നു. ഇവയെല്ലാം പര്യായങ്ങള്‍തന്നെ. ഈ ദൃശ്യമല്ലാതെ മനസ്സിന് സ്വന്തമായിട്ടൊരു രൂപമില്ല. ദൃശ്യങ്ങളൊന്നുംതന്നെ ഉണ്ടായിട്ടേയില്ല എന്ന കാര്യം ഞാന്‍ പിന്നീട് പറഞ്ഞുതരാം. താമരവിത്തിനുള്ളില്‍ താമരവള്ളികള്‍ സ്ഥിതി ചെയ്യുന്നതുപോലെ മഹാചൈതന്യരൂപമായ പരമാണുവില്‍ ദൃശ്യമായ ഈ ജഗത്തു മുഴുവന്‍ സ്ഥിതി ചെയ്യുന്നുണ്ട്. പ്രകാശത്തിനു വെളിച്ചവും വായുവിനു ചപലത്വവും, വെള്ളത്തിനു ദ്രവത്വവും സ്വാഭാവികമായിട്ടുള്ളതുപോലെ ദ്രഷ്ടാവില്‍ ദൃശ്യത്വവും സ്വാഭാവികമായിട്ടുണ്ടായിരിക്കും. സ്വര്‍ണ്ണത്തില്‍ അംഗദത്വവും മരുമരീചികയില്‍ ജലവും സ്വപ്നനഗരത്തില് ഭിത്തിയും ഉള്ളതുപോലെ ദ്രഷ്ടാവില്‍ ദൃശ്യത്വബുദ്ധിയും ഉണ്ടായിരിക്കും. ഇങ്ങനെ ദ്രഷ്ടാവില്‍ ദശ്യത്വബുദ്ധി അഭിന്നരൂപേണ സ്ഥിതി ചെയ്യുന്നുണ്ട്. നിന്റെ ചിത്തദര്‍പ്പണത്തില്‍ വര്‍ത്തിക്കുന്ന ദൃശ്യത്വബുദ്ധിയാകുന്ന ഈ അഴുക്കിനെ ഞാന്‍ ദൂരീകരിക്കാം. ദ്രഷ്ടാവിന്റെ ദ്രഷ്ടൃത്വം എന്ന ധര്‍മ്മം ദൃശ്യമില്ലാതെയായാല്‍ ഇല്ലാതാകും. അപ്പോള്‍ അയാള്‍ കേവലചിന്മാത്രരൂപിയായി വര്‍ത്തിക്കും. ഇങ്ങനെ കേവലചിന്മാത്രരൂപിയായി വര്‍ത്തിക്കുന്നതിനെയാണ് കേവലീഭാവം എന്നു പറയുന്നത്. ഈ കേവലീഭാവം ഉണ്ടായാല്‍പ്പിന്നെ ചിത്തത്തില്‍ രാഗദ്വേഷാദിഭാവങ്ങള്‍ ഉണ്ടായിരിക്കുകയില്ല. വായുവിന്റെ ചലനം നിലച്ചാല്‍ വൃക്ഷ ലതാദികളിലും ജലാശയങ്ങളിലും സ്പന്ദനാഭാവം സംഭവിക്കുന്നതുപോലെ കേവലീഭാവം വന്നുകഴിഞ്ഞാല്‍പ്പിന്നെ ചിത്തത്തില്‍ രാഗദ്വേഷാദിമലം ദൂരീകരിക്കപ്പെടുന്നു. ദിക്ക്, ഭൂമി, ആകാശം മുതലായ ദൃശ്യങ്ങളെല്ലാം ഇല്ലാതെയായാല്‍ ഇവയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്ന നിര്‍മലപ്രകാശം മാത്രം അവശേഷിക്കും. അതുപോലെ ത്രിഭുവനം, നീ, ഞാന്‍ മുതലായ ദൃശ്യങ്ങള്‍ നശിച്ചാല്‍ ദ്രഷ്ടാവിന്റെ ശുദ്ധചിന്മാത്രസ്വരൂപമായ കേവലീഭാവംമാത്രം അവശേഷിക്കും. കണ്ണാടിയില്‍ പര്‍വ്വതാദികളുടെ പ്രതിബിംബമില്ലാത്തപ്പോള്‍ കണ്ണാടിക്കു സ്വസ്വരൂപമായ കണ്ണാടിഭാവംമാത്രം ഉണ്ടായിരിക്കും. അതുപോലെ മുപ്പാര്, നീ, ഞാന്‍ മുതലായ ദൃശ്യസംഭ്രമമില്ലാത്തപ്പോള്‍, ദൃശ്യോന്മുഖതയില്ലാത്തപ്പോള്‍, ദ്രഷ്ടാവില്‍ കേവലീഭാവംമാത്രം നിലനില്ക്കുന്നു.
ശ്രീരാമന് പറഞ്ഞു:
ദൃശ്യം അസത്യമായിരുന്നെങ്കില്‍ അങ്ങുപറഞ്ഞ കേവലീഭാവം സംഭവിക്കാമായിരുന്നു. പക്ഷേ ഇവിടെ ദൃശ്യങ്ങളെല്ലാം സത്യമായിട്ടാണല്ലോ തോന്നിക്കുന്നത്. ഇതു സത്യമാണെങ്കില്‍ ഇതിന് അസദ്ഭാവം വരികയില്ല. ഇതു അസത്താണെങ്കില്‍ ഇതിനു സദ്ഭാവവും വരികയില്ല. ദുഃഖപ്രദമായ ഈ ദൃശ്യം അസത്താണെന്ന് എനിക്കു തോന്നുന്നില്ല. ഹേ ബ്രഹ്മന്‍, മനസ്സില്‍നിന്നുണ്ടായതും ഭ്രമാത്മകവും ദുഃഖ പ്രദവും ദൃശ്യരൂപത്തിലുള്ളതുമായ ഈ വിഷൂചിക എങ്ങനെയാണില്ലാതാകുക?
ശ്രീ വസിഷ്ഠന് പറഞ്ഞു:
ഈ ദൃശ്യപിശാചികയെ തുരത്താനുള്ള ഈ മന്ത്രത്തെ നീ കേട്ടോളൂ. ഈ മന്ത്രംകൊണ്ടു ദേഹാദിരൂപത്തിലുള്ളതും സചേതനമെന്നു തോന്നിക്കുന്നതുമായ ഈ ദൃശ്യം മരിക്കും. അചേതനമായതും നശിക്കും. ഉള്ളതിന് ഒരിക്കലും നാശം സംഭവിക്കുന്നതല്ല. ഇതു നഷ്ടമായാലും ബീജരൂപത്തില്‍ ഇത് ഹൃദയത്തിലിരിക്കുകതന്നെ ചെയ്യും. അതു വാസനാരൂപത്തിലുള്ള ജഗത്സൃഷ്ടിക്കു കാരണമാകുകയും ചെയ്യും. സ്മൃതിരൂപത്തിലുള്ള ബീജത്തില്‍നിന്ന് ചിദാകാശത്തില് ദൃശ്യത്വബുദ്ധി ജനിച്ചിട്ട് ലോകം, പര്‍വ്വതം, ആകാശം മുതലായ സരൂപങ്ങളായ വിപുലമായ തരത്തിലുള്ള ദോഷങ്ങളെ അതുണ്ടാക്കുന്നു. ഇങ്ങനെയായാല്‍ അനിര്‍മോക്ഷം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതു സംഭവിക്കുന്നില്ല. അതുകൊണ്ടു ദൃശ്യം ബാഹ്യമായതായാലും ഹൃദയസ്ഥമായതായാലും നശിക്കുകതന്നെ ചെയ്യും. അതുകൊണ്ട് അതിഭീഷണമായ ഈ പ്രതിജ്ഞയെ നീ കേട്ടോളൂ. ഇതിന്റെ സ്വരൂപത്തെക്കുറിച്ചു നിനക്ക് വഴിയേ അറിവുണ്ടാകുന്നതാണ്. ബാഹ്യമായി ആകാശാദിഭൂതങ്ങളായും ഉള്ളില്‍ ‘ഞാന്‍’ എന്ന രൂപത്തിലും ഉള്ള ദൃശ്യത്തെയാണ് ജഗത് ശബ്ദംകൊണ്ടുദ്ദേശിക്കുന്നത്; അല്ലാതെ മറ്റൊന്നുമല്ല. നിന്റെ മുമ്പില്‍ കാണപ്പെടുന്ന ഈ ദൃശ്യജാതം മുഴുവന്‍ അജരവും അമരവും അവ്യയവുമായ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. പ്രത്യഗാത്മാവു പൂര്‍ണ്ണം. പരമാത്മാവും പൂര്‍ണ്ണം. രണ്ടും അഭിന്നങ്ങളാണ്. അതുകൊണ്ടു പൂര്‍ണ്ണം പൂര്‍ണ്ണത്തില്‍ വ്യാപിക്കുന്നു. ശാന്തമായ ബ്രഹ്മത്തില്‍ (ജാഗ്രത് സ്വപ്ന സുഷുപ്തികളില്ലാത്ത ശാന്തബ്രഹ്മത്തില്‍) ആകാശാദി ജഗത്തു സ്ഥിതി ചെയ്യുന്നു. ആകാശത്തില്‍ ഘടാകാശം, മഠാകാശം, കരകാകാശം മുതലായ തരത്തില്‍ ഉപാധിസംബന്ധം മൂലമുണ്ടായ ആകാശങ്ങളെല്ലാം ഉപാധിനാശത്തില്‍ മഹാകാശത്തില്‍ ലയിക്കുന്നു. ദൃശ്യം സദ്രൂപമല്ല, ദ്രഷ്ടാവു സദ്രൂപമല്ല, ദര്‍ശനവും സദ്രൂപമല്ല; ശൂന്യം സദ്രൂപമല്ല; ജഡം സദ്രൂപമല്ല; അന്തഃകരണത്തില്‍ പ്രതിഫലിച്ച ചൈതന്യമായ ചിത്തും സദ്രൂപമല്ല. എന്നാല്‍ സര്‍വ്വത്രവ്യാപിച്ചിരിക്കുന്ന ശാന്തമായ ബ്രഹ്മം മാത്രമാണു സദ്രൂപമായിട്ടുള്ളത്.
ശ്രീരാമന് പറഞ്ഞു:
”വന്ധ്യാപുത്രന്‍ പര്‍വ്വതത്തെ തവിടുപൊടിയാക്കുന്നു; മുയല്‍ക്കൊമ്പു പാട്ടുപാടുന്നു; കരിങ്കല്ലു കൈകള്‍ പരത്തി താണ്ഡവനൃത്തമാടുന്നു; മണല്‍ത്തൈലം കിനിക്കുന്നു; കല്പ്രതിമകള് ഗ്രന്ഥങ്ങള്‍ വായിക്കുന്നു; ചിത്രമേഘങ്ങള്‍ ഇടിമുഴക്കുന്നു” എന്നെല്ലാം പറയുന്നതുപോലെയാണ് അങ്ങയുടെ ചൊല്ലുകള്‍ കേട്ടപ്പോള്‍ എനിക്കു തോന്നുന്നത്. ജര, മരണം, നാനാതരം ദുഃഖങ്ങള്‍, പര്‍വ്വതങ്ങള്‍, ആകാശം എന്നിവയോടുകൂടിയ ഈ ജഗത്ത് ഇല്ല എന്നു പറയുന്നതെങ്ങനെ? അപ്പോള്‍ പ്പിന്നെ ഇതെന്താണെന്ന് അങ്ങ് എന്നോടു
പറയൂ. എനിക്കപ്പോള്‍ ഉറപ്പുവരുത്താമല്ലോ.
ശ്രീ വസിഷ്ഠന് പറഞ്ഞു:
പൂര്‍വ്വാപരവിരുദ്ധമായി പറയുന്നവനല്ല ഞാന്‍. ശബ്ദമുണ്ടാക്കുന്ന വന്ധ്യാപുത്രനെപ്പോലെ അസദ്രൂപമായ ഇത് സദ്രൂപമായിത്തോന്നുന്നതെങ്ങനെ എന്നു ഞാന്‍ പറയാം. നീ കേള്‍ക്കൂ. ഈ ജഗത്ത് സൃഷ്ട്യാരംഭത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അതുകൊണ്ടിത് അപ്പോള്‍ ഉണ്ടായിരുന്നില്ല. സ്വപ്നത്തില്‍ നഗരങ്ങള്‍ കാണപ്പെടുന്നുണ്ടല്ലോ. അതുപോലെത്തന്നെ സങ്കല്പസൃഷ്ടമാണീ ജഗത്ത്. സൃഷ്ട്യാരംഭത്തില്‍ ഉണ്ടായിട്ടില്ലാത്തതും അസദ്രൂപവും മനോരൂപത്തിലുള്ളതും അതായത് സങ്കല്പാത്മകവും ആകുന്നു ഇത്. അതുകൊണ്ട് ഇത് അസത്തുതന്നെയാണ്. സ്വപ്ന ദൃശ്യങ്ങളെപ്പോലെയാണിത് കാണപ്പെടുന്നത്. സ്വപ്നം എപ്രകാരമാണോ അസത് പദാര്‍ത്ഥങ്ങളെ സത് പദാര്‍ത്ഥങ്ങളെപ്പോലെ കാണിക്കുന്നത് അതുപോലെത്തന്നെയാണ് ക്ഷയാത്മകമായ ഈ ദൃശ്യത്തെ യഥാര്‍ത്ഥമെന്നപോലെ മനസ്സു കാണിക്കുന്നത്. മനസ്സ് തന്നിഷ്ടംപോലെ സങ്കല്പിച്ചു ശരീരങ്ങളെ സൃഷ്ടിക്കുന്നു. ഈ മനസ്സ് ഇന്ദ്രജാലരൂപമായ ഈ ജഗത്തിനെ കാണിക്കുകയാണു ചെയ്യുന്നത്. ചഞ്ചലശക്തികൊണ്ടു മനസ്സുതന്നെയാണു പ്രകാശിപ്പിക്കപ്പെടുന്നതും, തുള്ളുന്നതും, ഗമനം ചെയ്യുന്നതും, യാചിക്കുന്നതും, ഭ്രമണം ചെയ്യുന്നതും, മജ്ജനം ചെയ്യുന്നതും, സംഹരിക്കുന്നതും, അപകര്‍ഷത്തെ പ്രാപിക്കുന്നതും, കൈവല്യരൂപത്തിലുള്ള ഉത്കര്‍ഷതയെ പ്രാപിക്കുന്നതും.
വാല്മീകിവിരചിതമായ യോഗവാസിഷ്ഠരാമായണത്തിലെ ഉത്പത്തിപ്രകരണത്തില്‍ ഉത്പത്തിപ്രകരണാര്‍ത്ഥ കല്പനമെന്ന നാലാം സര്‍ഗ്ഗം കഴിഞ്ഞു.
ഉത്പത്തിപ്രകരണം – 5-ാം സര്‍ഗ്ഗം
ശ്രീരാമന് പറഞ്ഞു:
ഹേ മുനിശ്രേഷ്ഠ! ഈ മനോഭ്രമത്തില്‍ യഥാര്‍ത്ഥമായിട്ടെന്താണുള്ളത്? മായാമയമായ ഈ മനസ്സ് എവിടെനിന്ന് എങ്ങനെയുണ്ടായി? വാഗ്മികളില്‍വെച്ച് ഉത്തമനായ മുനിശ്രേഷ്ഠ, ഈ മനസ്സിന്റെ ഉത്പത്തി എങ്ങനെ സംഭവിച്ചു എന്ന് ആദ്യം ചുരുക്കത്തില്‍ പറഞ്ഞുതരൂ. വിസ്തരിച്ചു പറയാനുള്ളതു പിന്നീടും പറഞ്ഞുതരൂ.
ശ്രീ വസിഷ്ഠന് പറഞ്ഞു:
മഹാപ്രളയകാലത്ത് ദൃശ്യവര്‍ഗ്ഗമെല്ലാം പ്രകൃതിയില്‍ ലയിച്ച് അതിസൂക്ഷ്മാവസ്ഥയിലായിത്തീരുന്നു. അതുകൊണ്ട് അപ്പോള്‍ ദൃശ്യങ്ങള്‍ക്കെല്ലാം അസദ്ഭാവമാണ് തോന്നിക്കുക. അതുകൊണ്ട് അടുത്ത സൃഷ്ട്യാരംഭത്തില്‍ ജഗത്തിന്റെ അത്യന്തസൂക്ഷ്മമായ ശാന്തഭാവമാണുള്ളത്. അപ്പോള്‍ അസ്തമിക്കാത്ത സൂര്യനും ജനനമില്ലാത്തവനും പ്രകാശസ്വരൂപനും ആനന്ദഘനരൂപനും സര്‍വ്വശക്തനും പരമാത്മാവും ആയ പരമേശ്വരന് നിലനില്ക്കുന്നു. ആ പരമേശ്വരനെ ജ്ഞാനേന്ദ്രിയങ്ങള്‍കൊ ണ്ടോ കര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ടോ അറിയുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ മുക്തന്മാര് (ജീവന്മുക്തന്മാര്) അവനെ അപരോക്ഷമായി അറിയുന്നു. ഈ പരമേശ്വരന് ആത്മാവ് മുതലായ പേരുകള്‍ സ്വതേ ഉള്ളതല്ല; അവ കല്പിതങ്ങളാകുന്നു. ഈ പരമേശ്വരനെ സാംഖ്യന്മാര് പുരുഷനെന്നും വേദാന്തികള്‍ ബ്രഹ്മമെന്നും വിജ്ഞാനവാദികള്‍ അത്യന്തം നിര്‍മ്മലമായ വിജ്ഞാനമെന്നും ശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നു. ഇവനാണു സൂര്യനെയും പ്രകാശിപ്പിക്കുന്നത്. എപ്പോഴും അവന്‍തന്നെ യാണ് വക്താവും (കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടു പ്രവര്ത്തിക്കുന്നവന്) മന്താവും (മനനം ചെയ്യുന്നവന്) സത്യസ്വരൂപനും ഭോക്താവും (അനുഭവിക്കുന്നവന്) ദ്രഷ്ടാവും (ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ടു വിഷയങ്ങളെ ഗ്രഹിക്കുന്നുവന്‍) കര്‍ത്താവും (എല്ലാത്തിന്റേയും കര്‍ത്തൃത്വമുള്ളവന്‍). അവന് സത്യസ്വരൂപനാണെങ്കിലും (എപ്പോഴും ഉള്ളവനാണെങ്കിലും) പാമരജനങ്ങള്‍ക്ക് അസത്തായി തോന്നിക്കുന്നവനാകുന്നു. അവന് ശരീരസ്ഥനാണെങ്കിലും ദൂരേക്കു പോകുന്നവനുമാകുന്നു. (ദേഹാന്തര്‍വര്‍ത്തിയാണെങ്കിലും പാമരജനങ്ങള്‍ക്കു ദൂരവര്‍ത്തിയായിട്ടു തോന്നിക്കുന്നവനാകുന്നു.) സൂര്യന്റെ വെളിച്ചംപോലെയുള്ള ചൈതന്യമെന്ന പ്രകാശത്തോടുകൂടിയവനുമാകുന്നു ഇവന്. സൂര്യനില്‍നിന്ന് രശ്മികള്‍ ഉദ്ഭവിക്കുന്നതുപോലെ ഇവനില്‍നിന്ന് ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ മുതലായ ദേവന്മാരും, സമുദ്രത്തില്‍നിന്നും കുമിളകളെന്നപോലെ അനന്തബ്രഹ്മാണ്ഡങ്ങളും ഉണ്ടാകുന്നു. സമുദ്രത്തിലേക്കു നദികളെന്നപോലെ സകലദൃശ്യവര്‍ഗ്ഗങ്ങളും പ്രളയകാലത്ത് ഇവനിലേക്കു വന്നു ലയിക്കുന്നു. ദീപം വസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെ ഇവന്‍തന്നെയാണ് തന്നെയും പ്രകാശിപ്പിക്കുന്നത്. (ഇവന് സ്വയം പ്രകാശനാകുന്നു) ഇവന് ആകാശത്തിലും ശരീരങ്ങളിലും ജലങ്ങളിലും വള്ളികളിലും ചെടികളിലും പര്‍വ്വതങ്ങളിലും കാറ്റുകളിലും പാതാളങ്ങളിലും സ്ഥിതി ചെയ്യുന്നവനാകുന്നു. (ഇവന് സര്‍വ്വവ്യാപിയാകുന്നു) ഇവന് തന്നെയാണു സ്വവ്യാപാരങ്ങളിലേര്‍പ്പെട്ട പുര്യഷ്ടകത്തിനും ചേതനത്വം നല്‍കുന്നത്. (കര്മ്മേന്ദ്രിയങ്ങള്, ജ്ഞാനേന്ദ്രിയങ്ങള്‍, തന്മാത്രകള്, പ്രാണങ്ങള്‍, അവിദ്യ, കാമം, കര്‍മ്മം, അന്തഃകരണം എന്നിവയാണ് പുര്യഷ്ടകം.) പാറകളെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നവരെപ്പോലെയും മൂകരെപ്പോലെയും മൂഢരെപ്പോലെയും ആക്കിത്തീര്‍ത്തതും ഇവനാകുന്നു. ആകാശത്തെ ശൂന്യമാക്കിയതും പര്‍വ്വതങ്ങളെ കടുപ്പമുള്ളവയാക്കിയതും വെള്ളത്തെ ദ്രവരൂപമുള്ളതാക്കിയതും തനിക്കധീനനായ സൂര്യനെ പ്രകാശകനാക്കിയതും ഇവന്‍തന്നെയാകുന്നു. അക്ഷയജലമുള്ള പുത്തന്‍ കാര്‍മേഘങ്ങളില്‍നിന്നു വൃഷ്ടിയുണ്ടാകുന്നതുപോലെ അനന്താനന്ദപരിപൂര്‍ണ്ണനായ ഇവനില്‍നിന്നു തന്നെയാണ് പ്രപഞ്ചവൃഷ്ടികള്‍ (പ്രപഞ്ചസൃഷ്ടികള്‍) സംഭവിക്കുന്നത്. മരുമരീചികയില്‍നിന്നു ജലമുണ്ടാകുന്നതുപോലെ ആവിര്‍ ഭാവതിരോഭാവമയങ്ങളായ ത്രിഭുവനങ്ങളെന്ന ഊര്‍മ്മികള്‍ വ്യാപകനായ ഇവനില്‍നിന്നാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവന് പ്രപഞ്ചരൂപത്തിലിരിക്കുമ്പോള്‍ നാശരൂപിയാണെങ്കിലും സ്വസ്വരൂപത്തില്‍ നാശമില്ലാത്തവനാകുന്നു. ഇവന് എല്ലാ ജന്തുക്കളിലും അവിനാശിയായി വര്‍ത്തിക്കുന്നുണ്ട്, ജീവചൈതന്യമായിട്ട്. അത്യന്തസൂക്ഷ്മസ്വരൂപനായതുകൊണ്ടിവന്‍ എല്ലാ പദാര്‍ത്ഥങ്ങളുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നവനാകുന്നു. അത്യന്തം മഹത്തമനായതുകൊണ്ട് പ്രപഞ്ചാതീതനായും വര്‍ത്തിക്കുന്നു. (പാദോസ്യ വിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി.)
ശുദ്ധചൈതന്യമെന്ന ചിദാകാശത്തിലുണ്ടായ വള്ളിയാണു മായ. അതിന്റെ വേരു ചിത്തവും ഇലകള്‍ ഇന്ദ്രിയങ്ങളുമാകുന്നു. ബ്രഹ്മാണ്ഡങ്ങളാകുന്നു അതിന്റെ കായകള്‍. ഇവനാകുന്ന വായുവിനാല്‍ മായാലത ചലിപ്പിക്കപ്പെടുന്നു. ശരീരങ്ങളാകുന്ന പെട്ടികളില്‍ സൂക്ഷിക്കപ്പെട്ടു പ്രകാശിക്കുന്ന രത്നമണിപോലെയുള്ളതാണീചൈതന്യം. ചന്ദ്രനില്‍നിന്നും അമൃതകിരണങ്ങള്‍ പുറപ്പെടുന്നതുപോലെ ഈ ചൈതന്യരത്നത്തില്‍നിന്നും ജഗത്തുകളാകുന്ന കിരണങ്ങള്‍ സദാ പുറപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാര്‍മേഘത്തില്‍നിന്നു ജലവര്‍ഷവും ഇടിമിന്നലും ഉണ്ടാകുന്നതുപോലെ പ്രശാന്തവും ചൈതന്യാത്മകവുമായ ഇവനില്‍നിന്ന് അചേതനങ്ങളും സചേതനങ്ങളുമായ വസ്തുക്കള്‍ പ്രകടമാകുന്നു. ഇവന്റെ പ്രകാശംകൊണ്ടാണ് പദാര്‍ത്ഥങ്ങള്‍ പരസ്പരം ആശ്ചര്യകരങ്ങളായി കാര്യങ്ങള്‍ ചെയ്യുന്നത്. ഇവനില്‍നിന്നുതന്നെയാണ് ചിലവയ്ക്ക് സത്ത്വവും ചിലവയ്ക്ക് അസ്വത്ത്വവും ലഭിക്കുന്നത്. അസംഗനും കാമനാരഹിതനുമായ ഇവന്റെ സാന്നിദ്ധ്യത്തില്‍ ദേവമനുഷ്യതിര്യക്കുകളുടെയും മറ്റുമായ ശരീരങ്ങള്‍ അത്യന്തജഡങ്ങളായിട്ടുംകൂടി ചലിക്കുന്നു (ദൃശ്യവര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു). ഇവന്റെ സാന്നിദ്ധ്യത്തി ല്‍ത്തന്നെയാണു നിയതി (ഇന്നിന്നകാലത്ത് ഇന്നിന്നതു നടക്കണം എന്ന നിയമം), ദേശം, കാലം, ചലനം (ബീജാദ്യന്തര്‍ഗതമായ അതി ന്റെ വികാസം) സ്പന്ദനം (വിത്തിന്റെ മുഖം തുറന്നു വിത്തിന്റെ മുള പുറത്തേക്കുവരല്‍) ക്രിയ (കാണ്ഡം, പത്രം, ശാഖ എന്നീ ക്രമത്തില്‍ ഫലമുണ്ടാകുന്നതുവരെയുള്ള വ്യാപാരം) എന്നിവയെല്ലാം നടക്കുന്നത്. ഇവയ്ക്കെല്ലാം വ്യാവഹാരികസത്തയുണ്ടാകുന്നത് ഈ ചൈതന്യസ്വരൂപന്റെ സാന്നിദ്ധ്യത്താലാണ്. ജഗദ്വിലക്ഷണമായ പാരമാര്‍ത്ഥികസത്തയാണ് ഈ ചൈതന്യവസ്തുവിനുള്ളത്. ഇവന് ശുദ്ധജ്ഞാനസ്വരൂപനായതുകൊണ്ട് എന്തു ചിന്തിക്കുന്നുവോ അതായിത്തീരുന്നു:. ആകാശമെന്നു ചിന്തിച്ചാല്‍ ആകാശമാകുന്നു; പദാര്‍ത്ഥമെന്നു ചിന്തിച്ചാല്‍ പദാര്‍ത്ഥമാകുന്നു. ഇവന് അനേകം ബ്രഹ്മാണ്ഡസമൂഹങ്ങള്‍ക്ക് ഉത്പത്തികാരണമാണെങ്കിലും ഇവന് ഒന്നുംതന്നെ ചെയ്യുന്നില്ല. നിര്‍വ്വികാരചൈതന്യമായ ഇവനില്‍ ഉത്പത്തി സ്ഥിതിലയങ്ങളൊന്നും സംഭവിക്കുന്നില്ല. നിര്‍വ്വികാരജ്ഞാനസ്വരൂപനായ ഇവനില്‍ സ്വപ്നദൃശ്യങ്ങളെപ്പോലെയാണ് ബ്രഹ്മാണ്ഡസമൂഹങ്ങള്‍ ഉണ്ടായിനിലനിന്നു മറയുന്നത്.
(മൂലകാരണദേവസ്വരൂപമെന്ന അഞ്ചാം സര്‍ഗ്ഗം കഴിഞ്ഞു)
ആറാം സര്‍ഗ്ഗം
(ജ്ഞാനംകൊണ്ടുമാത്രമേ ആത്മലാഭമുണ്ടാകൂ. കര്‍മ്മംകൊണ്ട് ആത്മലാഭം സാദ്ധ്യമല്ല. അതുകൊണ്ടു ജ്ഞാനലാഭത്തിനുള്ള പ്രയത്നം ക്രമത്തിലിതില്‍ വര്‍ണ്ണിക്കപ്പെടുന്നു.)
ശ്രീവസിഷ്ഠന്‍ പറഞ്ഞു:
ദേവാധിദേവനായ ഈ പരമാത്മാവിന്റെ അപരോക്ഷാനുഭവം ജ്ഞാനംകൊണ്ടുമാത്രമേ ലഭിക്കുകയുള്ളു; കര്‍മ്മങ്ങളെക്കൊണ്ടൊന്നും ലഭിക്കുകയില്ല. ആത്മാനുഭവത്തിനു ജ്ഞാനമല്ലാതെ വേറൊരു വഴിയുമില്ല. മൃഗതൃഷ്ണിക (കാനല്‍ജലാനുഭവപ്രതീതി) മാറണമെങ്കില്‍ മരുഭൂമിയുടെ ജ്ഞാനംതന്നെയാണല്ലോ ഉപായം; മറ്റൊന്നും പ്രയോജനപ്രദമല്ലല്ലോ. ഈ പരമാത്മാവു ദൂരത്തല്ല; അടുത്തുമല്ല; അപ്രാപ്യമായ സ്ഥലത്തുമല്ല. ഇതു ശരീരത്തില്‍ത്തന്നെ ലഭ്യമാണ്. കഴുത്തില്‍ത്തന്നെയുള്ള സ്വര്‍ണ്ണമാലയെ വിസ്മരിച്ചിട്ട് ബദ്ധപ്പെട്ടു തേടിനടക്കുംപോലെയാണ് ഈ പരമാത്മാവിനെ അന്വേഷിച്ചുതേടിനടക്കല്‍. സുഷുപ്തിയില്‍ ആനന്ദാനുഭവരൂപത്തില്‍ വിളങ്ങുന്നത് ഈ ആത്മാവുതന്നെ (പത്തുപേര്‍ ഒരുമിച്ച് ഒരു പുഴ നീന്തിക്കടന്നു. അക്കരെ എത്തിയപ്പോള്‍ ഒരുത്തന് എല്ലാവരെയും എണ്ണി. ഒമ്പതുപേരെ മാത്രമേ കാണാനുള്ളു. ഓരോരുത്തരും മാറിമാറി എണ്ണിയിട്ടും ഒമ്പതുപേരെ മാത്രമേ കണ്ടെത്തിയുള്ളു. അതുകൊണ്ടവര്‍ ദുഃഖിച്ചു. പത്താമനെന്തുപറ്റിയെന്നറിയാന്‍ അവര്‍ക്കെല്ലാം ബദ്ധപ്പാടായി. പത്താമന്‍ മുങ്ങിച്ചത്തുപോയി എന്നുകരുതി എല്ലാവരും ദുഃഖിച്ചുകൊണ്ടിരുന്നു. അതിലേവന്ന ഒരു വഴിപോക്കന് ആ ദുഃഖിതരെക്കണ്ടു വിവരമന്വേഷിച്ചു. അവര്‍ ഉണ്ടായ സംഭവം പറഞ്ഞുകേള്‍പ്പിച്ചു. ആഗതന് പറഞ്ഞു: ”നിങ്ങള്‍ ദുഃഖിക്കേണ്ട. പത്താമന്‍ ജീവിച്ചിരിപ്പുണ്ട്.” ദുഃഖിതര്‍ക്ക് അല്പം ആശ്വാസമായി. ”പത്താമനെ നിങ്ങള്‍ കണ്ടുവോ?” എന്നായി അവരുടെ അന്വേഷണം. ”ഉവ്വ്, ഞാന്‍ കണ്ടു” എന്നാഗതന്‍. ”എന്നാല്‍ അയാളെ ഞങ്ങള്‍ക്കു കാട്ടിത്തരൂ” എന്നു ദുഃഖിതര്‍. ”അയാള്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്. അയാളെ ഞാന്‍ നിങ്ങ ള്‍ക്കു കാട്ടിത്തരാം” എന്ന് ആഗതന്. പത്താമനെ കാട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിട്ട് ആഗതന് അവരെ നിരത്തിനിര്‍ത്തി. എന്നിട്ട് ആഗതന് അവരില്‍ ഒരാളോട് അവിടെ നിരന്നുനിന്നവരെ എണ്ണാന്‍ പറഞ്ഞു. അയാള്‍ എണ്ണി. ഒമ്പതുപേരെയെണ്ണി. എന്നിട്ട് ആഗതന്റെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കി. അപ്പോള്‍ ആഗതന് പറഞ്ഞു: ”ദശമസ്ത്വമസി” (പത്താമന്‍ നീയാണ്) എന്ന്. എല്ലാവരും സന്തുഷ്ടരായി. തങ്ങള്‍ക്ക് അമളി പറ്റിയതാണെന്ന് അവര്‍ക്കു ബോദ്ധ്യപ്പെടുകയും ചെയ്തു. ‘ദശമസ്ത്വമസി’ എന്നു പറയപ്പെട്ടതുപോലെ തത്ത്വാന്വേഷകരായവരോട് ആചാര്യന്മാര് ”തത്ത്വമസി” മുതലായ മഹാവാക്യങ്ങള്‍ ഉപദേശിക്കുമ്പോള്‍ അതു കേട്ടിട്ടു വിചാരം ചെയ്യുമ്പോള്‍ ”അഹം ബ്രഹ്മാസ്മി” എന്ന അനുഭവം വരും.) ഈ പരമാത്മാനുഭവത്തിനു സ്വസ്വരൂപബോധംതന്നെയാണുപായം. അല്ലാതെ തപ സ്സോ ദാനാദിക്രിയകളോ ഒന്നുംതന്നെ ഇതിനുപകരിക്കുന്നതല്ല. ഈ സ്വരൂപബോധത്തിനു സാധുസംഗമം, സച്ഛാസ്ത്രപഠനം എന്നിവയാണു കാരണമായിത്തീരുക. അതിനുള്ള ഉപായം തന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണകളുടെ ദൂരീകരണമാകുന്നു. ഈ പരമാത്മാവു സത്സ്വരൂപമാകുന്നു എന്ന ജ്ഞാനംകൊണ്ടുതന്നെ ജീവന്റെ ദുഃഖം നശിക്കുന്നു. മാത്രമല്ല അവന് ജീവന്മുക്താവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നു.
ശ്രീരാമന് പറഞ്ഞു:
ഈ ആത്മസ്വരൂപജ്ഞാനം കാരണം മരണാദിദോഷങ്ങളൊന്നും ഒരുവനെ ബാധിക്കുന്നില്ലല്ലോ. ദേവദേവനായ ഈ മഹാദേവനെ വളരെ വേഗത്തില്‍ പ്രാപിക്കാനുള്ള ഉപായമെന്താണ്? ദുഷ്കരമായ ഏതു തപസ്സാണതിനുവേണ്ടത്? അഥവാ ഏതെങ്കിലും തീവ്രമായ ക്ലേശംകൊണ്ടാണോ ഈ ദേവദേവന് പ്രാപിക്കപ്പെടുന്നത്?
ശ്രീവസിഷ്ഠന്‍ പറഞ്ഞു
വേദാന്തശ്രവണം മുതലായ സ്വപ്രയത്നംകൊണ്ടു വികാസം പ്രാപിച്ച വിവേകംകൊണ്ടാണ് ഈ ദേവന് പ്രാപിക്കപ്പെടുന്നത്. അല്ലാതെ തപസ്സ്, ദാനം, യജ്ഞം മുതലായ കര്‍മ്മങ്ങള്‍കൊണ്ടൊന്നുമല്ല. രാഗം, ദ്വേഷം, അജ്ഞാനം, ക്രോധം, മദം, മാത്സര്യം എന്നിവയെ ഒഴിവാക്കാതെയുള്ള തപസ്സ്, ദാനം
മുതലായവ വെറും ക്ലേശം മാത്രമായിരിക്കും. അവ വാസ്തവങ്ങളായ സാധനങ്ങളല്ല (പരമാത്മസാക്ഷാത്കാരോപായങ്ങളല്ല.) ചിത്തം രാഗാദികളാല്‍ വ്യാപ്തമായിരിക്കുമ്പോള്‍ അന്യരെ വഞ്ചിച്ചുണ്ടാക്കുന്ന ധനത്തെ ദാനം ചെയ്താല്‍ ആ ദാനഫലം ആ ധനത്തിന്റെ ഉടമയ്ക്കാണു കിട്ടുക; ആ ദാതാവിന്നല്ല. രാഗാദികളാല്‍ ആക്രാന്തമായ മനസ്സിന്നുടമയായിരിക്കുമ്പോള്‍ ചെയ്യപ്പെടുന്ന വ്രതം മുതലായ ക്രിയകള്‍ ദംഭം എന്നാണറിയപ്പെടുന്നത്. അവയ്ക്ക് അല്പംപോലും സത്ഫലം ലഭിക്കുന്നതല്ല. അതുകൊണ്ട് സംസാരമെന്ന വ്യാധി യെ ഉന്മൂലനം ചെയ്യുന്ന മുഖ്യ ഔഷധമായ സജ്ജനസംസര്‍ഗ്ഗവും സച്ഛാസ്ത്രാധ്യയനവും ഒരുവന് പ്രയത്നപ്പെട്ടു നേടുകതന്നെ വേണം. നേരേമറിച്ചു സജ്ജനസംസര്‍ഗ്ഗത്തെയും സച്ഛാസ്ത്രാദ്ധ്യയനത്തെയും നുള്ളിക്കളഞ്ഞിട്ട് ചെയ്യപ്പെടുന്ന പ്രയത്നങ്ങളൊന്നുംതന്നെ സംസാരദുഃഖശമനത്തിനുതകുന്നവയല്ല.
ആത്മജ്ഞാനത്തിനുതകുന്ന പൗരുഷമെന്താണെന്നു പറയാം. നീ കേട്ടോളൂ. രാഗദേഷാദിവിഷൂചികയെ നിശ്ശേഷം ഭേദമാക്കുന്നത് ആത്മജ്ഞാനമാണ്. ശാസ്ത്രവിരുദ്ധമാകാത്തതും കുലാചാരങ്ങള്‍ക്കനുരൂപവും ആയ വിധത്തില്‍ ജീവിതനിര്‍വ്വഹണം നടത്തിക്കൊണ്ടു ഭോഗവാസനയെ നിശ്ശേഷം പരിത്യജിക്കണം. മനസ്സിനു വേവലാതിയില്ലാതെ യഥാശക്തി പണിപ്പെട്ടിട്ടുപോലും സജ്ജനസംഗവും സച്ഛാസ്ത്രപഠനവും നടത്തുന്നവന് വേഗം മുക്തനാകുന്നു. വിചാരം ചെയ്തിട്ട് ആത്മതത്ത്വം അപരോക്ഷമാക്കിയ മഹാമനീഷിയായ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ഇന്ദ്രനും അനുകമ്പാര്‍ഹരാകുന്നു. ശ്രുതിസ്മൃതികളില്‍ പറയപ്പെട്ട സദാചാരങ്ങളില്‍ പരിനിഷ്ഠിതരായ ആളുകള്‍ ആരെയാണോ സജ്ജനമായി ഗണിക്കുന്നത് ആയാളാണു സാധു. അദ്ദേഹത്തെ പണിപ്പെട്ടും സേവിക്കണം. അദ്ധ്യാത്മവിദ്യയാണു വിദ്യകളില്‍വെച്ചുത്തമം. അതിനെയാണു മഹാത്മാക്കള്‍ സച്ഛാസ്ത്രമെന്നു പറയുന്നത്. സച്ഛാസ്ത്രാദ്ധ്യയനംകൊണ്ട് ഒരുവന് മുക്തനാകും. തേറ്റാമ്പരലിട്ടാല്‍ കലക്കവെള്ളം തെളിഞ്ഞുശുദ്ധമാകുന്നതുപോലെ സജ്ജനസംസര്‍ഗ്ഗംകൊണ്ടും സച്ഛാസ്ത്രാധ്യയനംകൊണ്ടും ഉണ്ടായ വിവേകം സകലവിധത്തിലുമുള്ള അജ്ഞാനത്തെയും ദൂരീകരിച്ച് ഒരുവനെ ശുദ്ധനാക്കുന്നു.
മുമുക്ഷു പ്രയത്നോപദേശമെന്ന ആറാം സര്‍ഗ്ഗം കഴിഞ്ഞു.
ഉത്പത്തിപ്രകരണം – ഏഴാം സര്‍ഗ്ഗം
(വിരിഞ്ച്യാദികള്‍ക്കും കാരണഭൂതനും പ്രത്യഗാത്മഭൂതനുമായ ദേവാധിദേവന് ഏതുപാധിയില്‍ സ്ഥിതി ചെയ്യുന്നു, ആ പരമാത്മാവിന്റെ തത്ത്വമെന്താണ്, ആ പരമാത്മാവിനെ എങ്ങനെ പ്രാപിക്കാനാകും, എന്നെല്ലാമാണിതിലെ പ്രതിപാദ്യം)
ശ്രീരാമന് പറഞ്ഞു:
പ്രത്യഗാത്മാവായി വര്‍ത്തിക്കുന്ന ദേവനെപ്പറ്റി അങ്ങു പറഞ്ഞല്ലോ. ആ ദേവനെപ്പറ്റിയുള്ള ജ്ഞാനമുണ്ടായാല്‍ മനുഷ്യന് മുക്തനാകുമെന്നും അങ്ങു പറഞ്ഞല്ലോ. ആ ദേവനെവിടെയാണിരിക്കുന്നതെന്നും ആ ദേവനെ എനിക്കെങ്ങനെ പ്രാപിക്കാന്‍ സാധിക്കുമെന്നും അങ്ങു പറഞ്ഞുതരൂ.
ശ്രീവസിഷ്ഠന്‍ പറഞ്ഞു:
എന്നാല്‍ പറയപ്പെട്ട ദേവന് ദൂരത്തല്ല വര്‍ത്തിക്കുന്നത്. ചൈതന്യമാത്രസ്വരൂപനെന്നു പ്രസിദ്ധനായ ഈ ദേവന് നിത്യമായി ഈ ശരീരത്തില്‍ത്തന്നെയാണു സ്ഥിതി ചെയ്യുന്നത്. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചാണ് ഈ ദേവന് വര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രപഞ്ചം സര്‍വ്വവ്യാപിയായ ദേവനല്ലതാനും. ഈ ദേവന് സത്സ്വരൂപനായിട്ട് ഈ പ്രപഞ്ചത്തിനെല്ലാം അധിഷ്ഠാനമായിട്ടു വര്‍ത്തിക്കുന്നു. (കയറില്‍ കാണപ്പെടുന്ന പാമ്പിനെപ്പോ ലെയാണീ ജഗത്ത് ഈ ദേവനില്‍ കാണപ്പെടുന്നത്. ആ പാമ്പിന് അധിഷ്ഠാനം കയറാണ്. അതുപോലെ ജഗത്തിനധിഷ്ഠാനം ഈ ദേവനാകുന്നു.) ഈ ദേവന് ചിന്മാത്രനാകുന്നു. (ചൈതന്യമാത്രസ്വരൂപനാകുന്നു.) ഈ ദേവന് തന്നെയാണ് ചന്ദ്രശേഖരനായ മഹാദേവനും, ഗരുഡവാഹനനായ വിഷ്ണുവും കമലജനായ ബ്രഹ്മാവും, ത്രിമൂര്‍ത്ത്യാത്മകനായ സൂര്യനും.
ശ്രീരാമന് പറഞ്ഞു:
ഈ പ്രപഞ്ചം മുഴുവന്‍ ചേതനമാത്രനായ ദേവനാല്‍ വ്യാപൃതമാണെന്നു പറയുമ്പോള്‍ ഈ പ്രപഞ്ചം മുഴുവന്‍ ചിന്മാത്രമാണെന്നല്ലേ വരുക? അങ്ങനെ ആയിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തെ അറിയുന്നതുകൊണ്ടുതന്നെ ഈ ദേവന് അറിയപ്പെടുന്നതിനാല്‍ മോക്ഷം കിട്ടേണ്ടതായിരുന്നു. അതു സംഭവിച്ചു കാണുന്നില്ലല്ലോ. അപ്പോള്‍ ചിന്മാത്രനായ ദേവനെ അറിഞ്ഞാല്‍ (പ്രാപിച്ചാല്‍) മോക്ഷം കിട്ടുമെന്നു പറയുന്നതില്‍ അസാംഗത്യമുണ്ടല്ലോ.
ശ്രീവസിഷ്ഠന്‍ പറഞ്ഞു.
ഈ പ്രപഞ്ചം ചേതനമാണെന്നു ഭവാന് തീരുമാനിച്ചുവല്ലോ. പക്ഷേ ആ അറിവുകൊണ്ടു മോക്ഷം കിട്ടിയതുമില്ല. അപ്പോള്‍ പ്രപഞ്ചം ചിന്മാത്രമാണെന്നറിഞ്ഞാല്‍ മോക്ഷം കിട്ടുകയില്ലെന്നാണു വന്നുകൂടുന്നത്. പക്ഷേ വിഷയം സത്യമാണെന്ന തീരുമാനം വന്നുകൂടുകയും ചെയ്തു. അതു മോക്ഷകാരണമാകുന്നില്ലതാനും. അപ്പോള്‍ മോക്ഷകാരണം ഭവാനാല്‍ ഗ്രഹിക്കപ്പെട്ടിട്ടില്ല എന്നു സാരം. ഈ പ്രപഞ്ചം സത്യമാണെന്നു കരുതുന്ന അന്തഃകരണപ്രതിബിംബ ചൈതന്യത്തെ ജീവനെന്നു വിളിക്കുന്നു. ഈ ജീവഭാവം നിലനില്‍ക്കുന്ന കാലത്തോളം പ്രപഞ്ചത്തെ (ബാഹ്യവിഷയങ്ങളെ) സത്യമെന്നുതന്നെ കരുതും. ബാഹ്യവിഷയങ്ങള്‍ സത്യമാണെന്നു കരുതുന്നകാലത്തോളം മോക്ഷാശ അസ്ഥാനത്തുതന്നെ. വിഷയങ്ങളെ സത്യമാണെന്നു കരുതുന്നവന് പശുവാകുന്നു, മൃഗമാകുന്നു. അങ്ങനെയുള്ളവനു മോക്ഷാനുഭവം ഉണ്ടാകുകയില്ല. പക്ഷേ അവനു ജനനമരണപരമ്പരയാകുന്ന ഭയമാണുണ്ടാകുന്നത്.
ബാഹ്യവിഷയങ്ങള്‍ സത്യമാണെന്നു കരുതുന്ന കാലത്തോളം ജീവന് അജ്ഞനാകുന്നു, മൃഗസമാനനാകുന്നു. ജീവന്റെ ജീവഭാവം മാറണമെങ്കില്‍ താന്‍ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളില്ലാത്തവനാണെന്ന് അനുഭവജ്ഞാനമുണ്ടാകണം. സ്ഥൂല-സൂക്ഷ്മകാരണശരീരങ്ങളില്‍ അഭിമാനിക്കാത്തവനെ മാത്രമേ പ്രിയാ പ്രിയങ്ങള്‍ സ്പര്‍ശിക്കാതിരിക്കുകയുള്ളൂ. ”അശരീരം വാവ സന്തം ന പ്രിയ പ്രിയേ സ്പൃശതഃ” എന്ന ഉപനിഷദ്വാക്യം ഈ അര്‍ത്ഥമാണ് വിവക്ഷിക്കുന്നത്. ബാഹ്യവിഷയം സത്യമാണെന്നു കാണുന്ന അജ്ഞാനിയായ ജീവന് ജഡമായ മനസ്സു താനാണെന്നു തെറ്റിദ്ധരിച്ചിട്ട് സ്വയം അനര്‍ത്ഥം വരുത്തിവെക്കുന്നതിനാല്‍ അയാള്‍ ദുഃഖഭാജനംതന്നെ. താന്‍ ജഡപദാര്‍ത്ഥങ്ങളല്ലെന്നും ചൈതന്യമാണെന്നും അറിയുമ്പോഴാണ് ഒരുവന് കൃതകൃത്യനും മുക്തനുമാകുന്നത്. ”ഭിദ്യതേ ഹൃദയഗ്രന്ഥിശ്ചിദ്യന്തേ സര്‍വ്വസംശയാഃ ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന് ദൃഷ്ടേ പരാവരേ” (സര്വ്വാന്തര്യാമിയായ ഈ പരമാത്മാവിനെ സാക്ഷാത്കരിച്ചാല്‍ ഒരുവന്റെ സര്‍വ്വസംശയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഒടുങ്ങുന്നു. അജ്ഞാനവും നശിക്കുന്നു. മൂലാജ്ഞാനം നശിക്കുന്നതിനാല്‍ അജ്ഞാനകാര്യങ്ങളായ ഹൃദയഗ്രന്ഥികളും അറ്റുപോകുന്നു. ‘അന്തഃകരണമാകുന്നു താന്‍’ എന്ന താദാത്മ്യാദ്ധ്യാസം മുതലായവയാകുന്നു ഹൃദയഗ്രന്ഥികള്‍. ജ്ഞാനംകൊണ്ടു ദൃശ്യപദാര്‍ത്ഥങ്ങളുടെ സമൂല വിനാശം വരുത്താതെ ഒരുവന് ദൃശ്യങ്ങളോടുള്ള ആഭിമുഖ്യത്തെ (ആകര്‍ഷണത്തെ) തടയാനാവുന്നതല്ല. ജ്ഞാനംകൊണ്ടുമാത്രമേ ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുകയുള്ളു. മോക്ഷമെന്ന ചിത്സ്വരൂപജ്ഞാനം ദൃശ്യപദാര്‍ത്ഥങ്ങളുടെ അസംഭവജ്ഞാനംകൂടാതെ നേടാവുന്നതല്ല. സമാധിയില്‍ ബ്രഹ്മസ്വരൂപോന്മുഖത ദൃശ്യപദാര്‍ത്ഥങ്ങളുടെ നാശംകൊണ്ടുമാത്രമേ സംഭവിക്കൂ.
ശ്രീരാമന് പറഞ്ഞു:
ജീവനെ അറിഞ്ഞതുകൊണ്ടു സംസാരനാശം സംഭവിക്കുന്നില്ല. അജ്ഞാനിയായ ജീവന് മൃഗസ്വഭാവനാകുന്നു. ആകാശരൂപിയുമാകുന്നു. ഹേ മുനിശ്രേഷ്ഠ അപ്രകാരമുള്ള ആ ജീവന് എവിടെ വര്‍ത്തിക്കുന്നു? എത്തരക്കാരനാകുന്നു അയാള്‍? സാധുസംഗമംകൊണ്ടും സച്ഛാസ്ത്രാദ്ധ്യയനംകൊണ്ടും ജ്ഞാനിയായിത്തീര്‍ന്നവനെ സംസാരസാഗരം കടത്തുന്ന പരമാത്മാവ് എങ്ങനെയാണു സാക്ഷാത്കരിക്കപ്പെടുക? ആ പരമാത്മാവിന്റെ സ്വരൂപമെന്താകുന്നു? ഹേ മഹര്‍ഷേ, അതെനിക്കു പറഞ്ഞുതരൂ.
ശ്രീ വസിഷ്ഠന് പറഞ്ഞു:
ഈ സംസാരത്തില്‍ ജനനമരണങ്ങളെ സ്വീകരിച്ചുകൊണ്ടുഴലുന്ന ചേതനനായി ജീവ നെ ആത്മാവെന്നു കരുതുന്നവന് ശാസ്ത്രപണ്ഡിതനായാലും അജ്ഞാനിതന്നെ. ഹേ രാഘവ, ജീവന് തന്നെയാണു സംസാരി. ദുഃഖ പരമ്പരകളെ അനുഭവിക്കുന്നവനും ജീവന്‍തന്നെ. അതുകൊണ്ടു ജീവനെ അറിഞ്ഞാല്‍ പരമാത്മാവ് അറിയപ്പെട്ടാതായിത്തീരുന്നില്ല. വിഷാവേശം ശാന്തമായാല്‍ വിഷൂചിക ഭേദമാകുന്നതുപോലെ, പരമാത്മാവ് സാക്ഷാത്കരിക്കപ്പെട്ടാല്‍ അവന്റെ ദുഃഖപരമ്പരകളെല്ലാം അപ്പാടെ അകലുന്നു.
ശ്രീരാമന് പറഞ്ഞു:
ഹേ മുനിശ്രേഷ്ഠ! യാതൊരു പരമാത്മാവിനെ അറിഞ്ഞാലാണോ മനസ്സ് എല്ലാത്തരം തെറ്റിദ്ധാരണകളില്‍നിന്നും മുക്തമായിത്തീരുന്നത് ആ പരമാത്മാവിന്റെ സ്വരൂപമെന്താണെന്ന് എനിക്ക് പറഞ്ഞുതരു.
ശ്രീവസിഷ്ഠന്‍ പറഞ്ഞു:
നിര്‍വ്വിഷയമായ ജ്ഞാനസ്വരൂപമാണു പരമാത്മാവിന്റേത്. നിര്‍വ്വിഷയമായ ജ്ഞാനം ലോകത്തില്‍ പ്രസിദ്ധമല്ല. അതുകൊണ്ടതിനെ ഒരു ഉദാഹരണത്തിലൂടെ വെളിപ്പെടുത്താം. ”അതാ മരക്കൊമ്പത്താണു ചന്ദ്രന്” എന്നു പറയുമ്പോള്‍ ഒരു നിമിഷംകൊണ്ടുതന്നെ മരക്കൊമ്പിന്റെയും ചന്ദ്രന്റെയും ജ്ഞാനം ഉണ്ടാകുന്നുണ്ടെങ്കില്‍ മരക്കൊമ്പില്‍നിന്നു ചന്ദ്രനിലേക്കുള്ള ദൂരം വളരെ ദീര്‍ഘമായതാണ്. എങ്കിലും മരക്കൊമ്പില്‍നിന്നു ദൂരത്തിലുള്ള ചന്ദ്രന്റെയും മരക്കൊമ്പിന്റെയും ജ്ഞാനം ഒരേ ക്ഷണത്തില്‍ ഉണ്ടായതുപോലെ തോന്നുന്നു. മരക്കൊമ്പില്‍നിന്നു ചന്ദ്രന്‍വരെയുള്ള ദൂരത്തിലെ ജ്ഞാനം നിര്‍വ്വിഷയമാണല്ലോ. ഏതാണ്ട് അതുപോലെയാണ് നിര്‍വ്വിഷയമായ ബ്രഹ്മത്തിന്റെ അഥവാ പരമാത്മാവിന്റെ സ്വരൂപവും.
കയറില്‍ പാമ്പു കാണപ്പെടാറുണ്ട്. പക്ഷേ, അത് മിത്ഥ്യാദര്‍ശനമാകുന്നു. ഈ മിഥ്യാദര്‍ശനത്തില്‍ പാമ്പിന്റെ അത്യന്താഭാവമുണ്ട്. ഇവിടെ മിത്ഥ്യാദര്‍ശനത്തിന്റെ അധിഷ്ഠാനം കയറാകുന്നു. അതുപോലെയുള്ള മിത്ഥ്യാദര്‍ശനമാകുന്നു പ്രപഞ്ചത്തിന്റേതും. പ്രപഞ്ചമിത്ഥ്യാദര്‍ശനത്തിന്റെ അധിഷ്ഠാനം പരമാത്മാവാകുന്നു. ഈ പ്രപഞ്ചത്തിന് അത്യന്താഭാവമാണുള്ളത്. ഈ പ്രപഞ്ചത്തിന്റെ അധിഷ്ഠാനമായ പരമാത്മാവ് അനന്താനന്ദസ്വരൂപനും അഖണ്ഡബോധസ്വരൂപനുമാകുന്നു. പ്രപഞ്ചത്തില്‍ ദ്രഷ്ടാവ്, ദൃശ്യം, ദര്‍ശനം എന്നീ ഭേദങ്ങളുണ്ട്. പരമാത്മാവില്‍ ദ്രഷ്ടാവ്, ദൃശ്യം, ദര്‍ശനം എന്ന ഭേദങ്ങളില്ല. പരമാത്മാവ് ആകാശമല്ല. എങ്കിലും അപരിച്ഛിന്നമായതുകൊണ്ട് ‘ആകാശംപോലെ അപരിച്ഛിന്നമാണ് ആത്മാവ്’ എന്ന് ഉപമിക്കാറുണ്ട്. ജഗത്സ്വഭാവശൂന്യമാണു പരമാത്മാവെങ്കിലും സകലപ്രപഞ്ചവസ്തുക്കളുടെയും അധിഷ്ഠാനഭൂതമായ സത്യവസ്തുവായതുകൊണ്ട് ഇതു പൂര്‍ണ്ണമാകുന്നു. അതുകൊണ്ടിത് അല്പംപോലും ശൂന്യമല്ല. എന്നാല്‍ ശൂന്യമായ അഥവാ അത്യന്താഭാവരൂപമായ പ്രപഞ്ചത്തിനു സത്യത്വം തോന്നിപ്പിക്കുന്ന അധിഷ്ഠാനവസ്തുവാണിത്. പ്രപഞ്ചസൃഷ്ടി നടത്തുന്ന അജ്ഞാനമുള്ളപ്പോള്‍ അജ്ഞാനികള്‍ക്കു പരമാത്മാവു മഹാചിന്മയമാകുന്നു. അതുകൊണ്ടത് സ്ഥൂലമല്ല, ജഡവുമല്ല. അജ്ഞാനികള്‍ക്കു സര്‍വ്വാന്തര്‍വര്‍ത്തിയായ പരമാത്മാവ് പാറപോലെ ജഡവും സ്ഥൂലവുമാണെന്നേ തോന്നൂ. ആധിഭൗതികമെന്നും ആദ്ധ്യാത്മികമെന്നും ആധിദൈവികമെന്നും വിളിക്കപ്പെടുന്ന സകലപദാര്‍ത്ഥങ്ങള്‍ക്കും വ്യവഹാരയോഗ്യത ഉണ്ടാക്കിക്കൊടുക്കുന്നത് പരമാത്മാവാകുന്നു. പ്രകാശത്തിനും വെളിച്ചം സ്വസ്വരൂപമാകുന്നു. ആകാശത്തിനു ശൂന്യത സ്വസ്വരൂപമാകുന്നു. അതുപോലെ തന്നില്‍ ആരോപിക്കപ്പെട്ടതിനെല്ലാം വ്യവഹാരയോഗ്യത കൊടുക്കുക എന്നത് പരമാത്മാവിന്റെ സ്വസ്വരൂപമാകുന്നു.
ശ്രീരാമന് പറഞ്ഞു:
പരമാത്മാവ് സദ്രൂപമാണെന്നെങ്ങനെ അറിയും? ബ്രഹ്മം പ്രമാണസിദ്ധമല്ലല്ലോ. നാനാ പ്രമാണങ്ങളെക്കൊണ്ട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസദ്രൂപമാകുന്നതെങ്ങനെ?
ശ്രീവസിഷ്ഠന്‍ പറഞ്ഞു:
ആകാശത്തില്‍ നീലനിറം കല്പിക്കുന്നതുപോലെയാണ് അത്യന്താഭാവവസ്തുവായ പ്രപഞ്ചം ബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ടത്. രജ്ജുസര്‍പ്പത്തിലെ സര്പ്പത്തിന് അത്യന്താഭാവമാണു ഉള്ളതെന്നറിയുമ്പോള്‍ അധിഷ്ഠാനമായ രജ്ജുമാത്രം ശേഷിക്കുന്നു. അതുപോലെ പ്രപഞ്ചത്തിന്റെ അത്യന്താഭാവജ്ഞാനമുണ്ടാകുമ്പോള്‍ മാത്രമേ ബ്രഹ്മജ്ഞാനമുദിക്കൂ. അല്ലാതെ ഏതെങ്കിലും കര്‍മ്മംകൊണ്ടൊന്നും ബ്രഹ്മജ്ഞാനമുണ്ടാകുന്നതല്ല. ദൃശ്യത്തിന്റെ അത്യന്താഭാവബോധമുദിച്ചാല്‍ ശേഷിക്കുന്ന പരമാര്‍ത്ഥവസ്തുവിന്റെ ബോധമുണ്ടാകുന്നു. അപ്പോള്‍ ആ ബോദ്ധാവു ബ്രഹ്മമായിത്തീരുന്നു. കണ്ണാടി ഏതെങ്കിലും പ്രതിബിംബമില്ലാ തെ വര്‍ത്തിക്കുന്നില്ല. അതുപോലെ ബുദ്ധി ദൈ്വതപ്രതിബിംബമില്ലാതെ വര്‍ത്തിക്കുന്നില്ല. അതുകൊണ്ടു ബുദ്ധിയില്‍ ബ്രഹ്മപ്രതിബിംബം സംഭാവ്യമല്ല. ദൃശ്യപ്രപഞ്ചത്തിന്റെ മിത്ഥ്യാത്വബോധമുദിക്കാതെ ആര്‍ക്കും ഒരിക്കലും പരമാത്മതത്ത്വബോധം ഉണ്ടാകുന്നതല്ല.
ശ്രീരാമന് പറഞ്ഞു:
ഹേ മുനേ, ഇത്ര വലിയ ബ്രഹ്മാണ്ഡം പ്രത്യക്ഷമായിരിക്കെ ഇതിന് അസത്ത പറയുന്നതെങ്ങനെ? കടുകിനുള്ളില്‍ മേരുപര്‍വ്വതത്തെ ഒതുക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തിനു മിത്ഥ്യാത്വം പറയാമായിരുന്നു.
ശ്രീവസിഷ്ഠന്‍ പറഞ്ഞു.
നീ ഏതാനും ദിവസം ഉദ്വിഗ്നമാനസനാകാതെ ഇരിക്കാമെങ്കില്‍ സജ്ജനസംഗമംകൊണ്ടും സച്ഛാസ്ത്രാഭ്യസനംകൊണ്ടും ഈ പ്രപഞ്ചദര്‍ശനം മിത്ഥ്യാദര്‍ശനമാണെന്നു ഞാന്‍ നിനക്കു വെളിവാക്കിത്തരാം. മരുഭൂമി അറിയപ്പെടുമ്പോള്‍ കാനല്‍ജലം അപ്രത്യക്ഷമാകുന്നതുപോലെ തത്ത്വബോധം ഉണ്ടാകുമ്പോള്‍ ഈ പ്രപഞ്ചം അപ്രത്യക്ഷമാകും. ദൃശ്യാഭാവം വരുമ്പോള്‍ നിന്റെ ദ്രഷ്ടൃത്വവുംകൂടി വിട്ടുപോകും. ബോധസ്വരൂപനായ പരമാത്മാവുമാത്രം ശേഷിക്കും. ദൃശ്യമുള്ളകാലത്തോളം ദ്രഷ്ടാവുമുണ്ടാകും. ദ്രഷ്ടാവുള്ളപ്പോള്‍ ദൃശ്യവുമുണ്ടാകും. ദ്വിത്വപ്രസിദ്ധിയുള്ളപ്പോഴാണ് ഏകത്വകല്പന ചെയ്യേണ്ടിവരുന്നത്. ദൃശ്യദൈ്വതാഭാവത്തില്‍ ദ്വിതൈ്വകത്വവ്യവഹാരവും ഇല്ലാതാകും. പറയപ്പെട്ട രണ്ടില്‍ ഒന്നില്ലെങ്കില്‍ ദ്വിത്വമുണ്ടാകുകയില്ലല്ലോ. ദ്വിത്വവും ഏകത്വവും ദ്രഷ്ടൃദൃശ്യങ്ങളും ഇല്ലാതായാല്‍ കേവലം സദ്രൂപംമാത്രം ശേഷിക്കും. ദൃശ്യത്തിന്റെ അത്യന്താഭാവജ്ഞാനംകൊണ്ടു നിന്റെ മനോമുകുരത്തിലെ മലമായ അഹന്താദിരൂപത്തിലുള്ള ജഗദ്ദൃശ്യത്തെ ഞാന്‍ പരിമാര്‍ജ്ജനം ചെയ്തുതരാം. അസദ്വസ്തുവിന് ഉണ്മ ഉണ്ടാകുകയില്ല. ഉണ്മയുള്ളതിന് അസദ്ഭാവവും ഉണ്ടാകുകയില്ല. അതുകൊണ്ട് സ്വഭാവേന അസദ്വസ്തുവായതിനെ പരിമാര്‍ജ്ജനം ചെയ്യുവാന്‍ ക്ലേശമെന്തിരിക്കുന്നു? ക്ലേശത്തിനവകാശമില്ല. നീ പറഞ്ഞ ദൃശ്യമായ വിസ്തൃതജഗത്ത് ഉണ്ടായിട്ടേയില്ല. ശുദ്ധമായ ചിദാത്മാവില്‍ കല്പിക്കപ്പെട്ടതാണിത്. അതുകൊണ്ട് ഈ ജഗത്തിനു സ്വതന്ത്രമായ സത്തയില്ല. സ്വര്‍ണ്ണത്തില്‍ കല്പിക്കപ്പെട്ടതാണു കടകത്വവും കുണ്ഡലത്വവും മറ്റും. അതുകൊണ്ട് അവയെ പരിമാര്‍ജ്ജനം ചെയ്യാന്‍ ക്ലേശമെന്തിരിക്കുന്നു? അതുപോലെ ബ്രഹ്മത്തില്‍ കല്പിക്കപ്പെട്ട ജഗത്തിനെ ബ്രഹ്മദൃഷ്ടികൊണ്ട് പരിമാര്‍ജ്ജനം ചെയ്യാം. ഈ വിഷയം വളരെ യുക്തികളെക്കൊണ്ട് വളരെ വിസ്തരിച്ചു ഞാന്‍ നിനക്കു പറഞ്ഞുതരാം. അപ്പോള്‍ പരമാര്‍ത്ഥതത്ത്വം നിനക്കനുഭവപ്പെടും. ഉണ്ടായിട്ടേയില്ലാത്ത ജഗത്തിന് അസ്തിത്വമെങ്ങനെ? മരുഭൂമിയില്‍ ജലപൂര്‍ണ്ണമായ നദിയെങ്ങനെ ഉണ്ടാകും? വന്ധ്യാപുത്രന്‍ എപ്രകാരം അസത്താണോ മരുഭൂമിയില്‍ ജലം എപ്രകാരം അസത്താണോ ആകാശത്തില്‍ വൃക്ഷം എപ്രകാരം അസത്താണോ അപ്രകാരം അസത്തുതന്നെയാണീ ജഗത്ത്. ഹേ രാമ, പ്രത്യക്ഷസിദ്ധമായ ജഗത്തെന്നു നീ പറഞ്ഞത് വാസ്തവത്തില്‍ ബ്രഹ്മംതന്നെയാണ്. ഇക്കാര്യം വെറും വാക്കുകൊണ്ടുമാത്രമല്ല ആഖ്യാനാദിയുക്തികളെക്കൊണ്ടും ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരാം. ഉദാരമതിയായ രാമ, തത്ത്വജ്ഞന്മാര്‍ യുക്തിപൂര്‍വ്വം പറഞ്ഞുതരുന്ന കാര്യങ്ങളെ വിഗണിക്കരുത്. യുക്തിയുക്തമായി പറയപ്പെടുന്ന കാര്യത്തെ അനാദരിക്കുന്ന മൂഢബുദ്ധിയെ അജ്ഞാനിയെന്നാണ് വിദ്വാന്മാര് കരുതുക.
യോഗവാസിഷ്ഠരാമായണത്തിലെ ഉത്പത്തിപ്രകരണത്തില്‍ ജഗദാദിദൃശ്യാസത്താപ്രതിജ്ഞ എന്ന ഏഴാം സര്‍ഗ്ഗം കഴിഞ്ഞു.
Saturday, September 14, 2024
അർജ്ജുനനോ കർണ്ണനോ ?
അച്ഛാ.. ശരിക്കും മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണോ ? അർജ്ജുനനെക്കാൾ വലിയ വില്ലാളി കർണ്ണനാണോ ?
കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന നേരം വാസൂട്ടൻ സംശയത്തിന്റെ കെട്ടഴിച്ചു കൊണ്ടാണ് വന്നത്.
മഹാഭാരതത്തിന്റെ ഹാർഡ്കോർ ഫാൻ ആണ് വാസൂട്ടൻ. വായിക്കാറായത് മുതൽ കുട്ടികളുടെ മഹാഭാരതവും, അമർചിത്രകഥാ സീരീസും അടക്കം മഹാഭാരതത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങൾ പല തവണ വായിച്ചിട്ടുണ്ട് വാസൂട്ടൻ. മഹാഭാരതത്തെ ബേസ് ചെയ്താണ് കൽക്കി എന്ന സിനിമ ഇറങ്ങിയത് എന്നറിഞ്ഞത് മുതൽ വാസൂട്ടനും അത് കാണണമെന്നുണ്ട്. കുട്ടനും കൽക്കി കാണാൻ തുടക്കം മുതൽ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ പല വിധ തിരക്കുകൾ മൂലം എനിക്ക് ഒട്ടും ഒഴിവ് കിട്ടാഞ്ഞതിനാൽ കുട്ടികളേയും കൊണ്ട് തീയറ്റർ കാഴ്ച സാധിച്ചില്ല. ഇന്നലെ സ്കൂൾ അടച്ചത് കുട്ടികൾ ആഘോഷിച്ചത് ആമസോൺ പ്രൈം വീഡിയോസിൽ കൽക്കി കണ്ടുകൊണ്ടായിരുന്നു. മഹാഭാരതത്തിൽ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണെന്ന് സ്ഥാപിക്കുന്ന പരാമർശങ്ങൾ ആ സിനിമയിൽ കണ്ടപ്പോളാണ് വാസൂട്ടനെ ആശയക്കുഴപ്പത്തിലാക്കിയത്.
അർജ്ജുനനോ കർണ്ണനോ ?
വ്യാസന്റെ മഹാഭാരതം (അതു മാത്രമാണ് ഒറിജിനൽ !) വായിക്കാത്തവർക്ക് മാത്രമേ ഇങ്ങിനെ ഒരു സംശയം ഉണ്ടാകാനിടയുള്ളൂ. പക്ഷേ ചെറു വായനകളിലൂടെ അറിവിന്റെ ലോകത്തേക്ക് കടന്നു ചെല്ലുന്ന ഒരു ഒമ്പത് വയസുകാരനാണ് വാസൂട്ടൻ. അവന്റെ അതുവരെയുള്ള അറിവിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഒരു തെറ്റായ സന്ദേശം ഒരു സിനിമ മുന്നോട്ടു വച്ചപ്പോൾ അവനിൽ ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണെന്ന് നിസംശയം പറയാൻ കഴിയും. ഇത്തരം തെറ്റായ നരേഷനുകൾ സാധാരണക്കാരായ പൊതു സമൂഹത്തെ എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്.
വാസൂട്ടന് അറിയില്ലേ, മഹാഭാരതം വാസൂട്ടന് അറിയാലോ, വാസു തന്നെ പറയൂ.. കർണ്ണനോ അതോ അർജ്ജുനനോ മികച്ച യോദ്ധാവ്..?
വാസുവിന്റെ ചോദ്യത്തിനുത്തരം പൂരിപ്പിക്കാനുള്ള ദൌത്യം ഞാൻ തിരികെ വാസൂട്ടന് തന്നെ കൊടുത്തു.
എനിക്ക് തോന്നുന്നത് അത് അർജ്ജുനൻ തന്നെയാണ് എന്നാ.
അതെന്താ വാസൂ അങ്ങിനെ തോന്നാൻ..?
അർജ്ജുനനോട് കർണ്ണൻ തോല്കുന്ന കഥ എനിക്കറിയാലോ. അർജ്ജുനൻ ബൃഹന്നളയായിട്ട് ഒറ്റയ്ക്ക് കർണ്ണനേയും, ദ്രോണാചാര്യരേയും, ഭീഷ്മാചാര്യരേയും, കൃപാചാര്യരേയും എല്ലാം തോല്പിക്ക്ന്നുണ്ടല്ലോ. എന്നിട്ട് യുദ്ധത്തിൽ ബോധം കെട്ട് പോയ കൌരവരുടെ ഉടുപ്പുകളെല്ലാം അർജ്ജുനൻ ഊരിയെടുക്കുന്നത് ഞാൻ ഇന്നാള് മഹാഭാരത കഥയില്‍ വായിച്ചിട്ടുണ്ടല്ലോ.
ഉം.. അതെ. മിടുക്കൻ. അത് തന്നെ. പിന്നെയുമുണ്ട് അർജ്ജുനനോ അതോ കർണ്ണനോ മികച്ച യോദ്ധാവാരാണെന്ന് തെളിയിക്കാൻ ഉദാഹരണം.
അതെന്താ... അച്ഛാ...
പാണ്ഡവർ വനവാസത്തിൽ കഴിയുന്ന കാലത്ത് പാണ്ഡവരുടെ കഷ്ടപ്പാടുകൾ കണ്ട് ആസ്വദിക്കാൻ കൌരവരെല്ലാം കൂടി കാട്ടിൽ പോയ കഥ അറിയില്ലേ..?
ആ... അതെനിക്കറിയാം. ഗന്ധർവ്വ പടയോട് കൌരവർ തോറ്റതല്ലേ. ദുര്യോധനനെ പിടിച്ചു കെട്ടിയപ്പോൾ കർണ്ണൻ പേടിച്ച് ഓടിപ്പോയതല്ലേ. എന്നിട്ട് അർജ്ജുനൻ വന്ന് ഗന്ധർവ്വപ്പടയെ തോല്പിച്ച് ദുര്യോധനനെ വിട്ടയച്ച കഥ അതെനിക്കറിയാം.
പിന്നെ, അതുപോലെ പാഞ്ചാലീ സ്വയംവരത്തിന്റെ സമയത്തു നടന്ന യുദ്ധത്തിലും കർണ്ണൻ അർജ്ജുനനോട് തോൽക്കുന്നില്ലേ അച്ഛാ..?
ഉം. ഉണ്ട്. ബ്രാഹ്മണ വേഷത്തില്‍ വന്ന അർജ്ജുനനെ ദ്രൌപതി സ്വയംവരം ചെയ്തപ്പോൾ ദുര്യോധനനും, കർണ്ണനും, അവിടെക്കൂടിയ മറ്റ് രാജാക്കന്മാരെല്ലാവരും ചേർന്ന് അർജ്ജുനനെ നേരിടുന്നുണ്ട്. എന്നാൽ അർജ്ജുനനും, ഭീമനും ചേർന്ന് അവരെ മുഴുവനും തോല്‍പ്പിച്ച് ഓടിച്ച് വിടുന്നുണ്ട്. എന്തായാലും മഹാഭാരതത്തില്‍ അർജ്ജുനനും, കർണ്ണനും മികച്ച യോദ്ധാക്കൾ തന്നെയാണെന്നതിൽ ഒരു സംശയവും വേണ്ട. എന്നാൽ ഇവരിലാരാണ് മികച്ചത് എന്നതാണ് ചോദ്യം. അവർക്കൊപ്പം തന്നെ പറയേണ്ട മികച്ച കൂറച്ചധികം യോദ്ധാക്കളുണ്ട്. ഭീഷ്മർ അതില്‍ ഏറ്റവും പ്രധാനിയാണ്. സാക്ഷാൽ പരശുരാമന് പോലും തോല്പിക്കാൻ പറ്റാത്ത യോദ്ധാവായിരുന്നു അദ്ദേഹം. കുരുക്ഷേത്ര യുദ്ധമാകുമ്പോളേക്കും ഒരു പടു വൃദ്ധനായിക്കഴിഞ്ഞിരുന്നു ഭീഷ്മര്‍. ആ പ്രായത്തിലും അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഇനി, ദ്രോണാചാര്യരെ നോക്കൂ. യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവരുടേയും, കൌരവരുടേയും മുഴുവൻ ഗുരുനാഥൻ. അദ്ദേഹത്തേയും തോല്പിക്കാനാകാതെ പാണ്ഡവർ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട് പലപ്പോഴും. പിന്നെ അശ്വത്ഥാമാവ്, ശല്യർ അങ്ങിനെ പലരും. എന്നാൽ അഭിമന്യുവിനെ നോക്കൂ. വെറും പതിനാറു വയസുമാത്രം പ്രായമുള്ള ഒരു പയ്യനാണ് അഭിമന്യു. ആ കൊച്ചു പയ്യൻ വട്ടം കറക്കിയത് പോലെ മറ്റാരെങ്കിലും കൌരവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ. യുദ്ധത്തിന്റെ പതിമൂന്നാമത്തെ ദിവസം ചക്രവ്യൂഹത്തില്‍ അഭിമന്യു കാണിച്ച യുദ്ധ വീര്യം പോലെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിലാർക്കും സാധിച്ചിട്ടില്ല. അഭിമന്യുവിനെ ചതിയിലൂടെ കൊന്നിട്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ അന്നവസാനിക്കുമായിരുന്നു മഹാഭാരത യുദ്ധം. ദുര്യോധനനെ പിടിച്ചുകെട്ടി യുധിഷ്ഠിരന് മുന്നിൽ കൊണ്ടുചെന്നിടാൻ ഒരു പക്ഷേ അഭിമന്യുവിന് അന്ന് കഴിയുമായിരുന്നു. ചക്രവ്യൂഹത്തിനകത്ത് ഏറ്റവും മികച്ച വില്ലാളിയെന്ന് ഊറ്റം കൊണ്ട കർണ്ണനേയും, ദ്രോണരേയും, അശ്വത്ഥാമാവിനേയും, ശകുനിയേയും, ദുര്യോധനനേയും, ദുശ്ശാസനനേയും ഒന്നും ചെയ്യാനാകാത്തവരെപ്പോലെ തകർക്കുന്നുണ്ട് അഭിമന്യു. ഒടുക്കം മറ്റുപായങ്ങളില്ലാതെ വന്നപ്പോളാണ് കൂട്ടമായി ആക്രമിച്ച് അഭിമന്യുവിനെ അവർ വധിക്കുന്നത്. പിന്നിൽ നിന്ന് ആക്രമിച്ച് അഭിമന്യുവിന്റെ വില്ല് മുറിക്കുന്നത് മികച്ച യോദ്ധാവാണെന്ന് കൊട്ടി ഘോഷിക്കുന്ന കർണ്ണനാണ്. അങ്ങിനെ നോക്കിയാൽ വേറെയും ഒരു പാട് ഉണ്ട് മഹാഭാരത്തിൽ കർണ്ണനെക്കുറിച്ച് പറയാൻ.
ഒറ്റ ശ്വാസത്തിൽ ഞാൻ പറയുന്നത് കേട്ട് വാസൂട്ടൻ എന്റെ മടിയിലേക്ക് ചാഞ്ഞിരുന്നു.
വാസൂട്ടാ.. മഹാഭാരതത്തിൽ ഒരു പക്ഷേ കർണ്ണൻ മികച്ച യോദ്ധാക്കളിലൊരാൾ തന്നയായിരിക്കാം. എന്നാൽ മഹാഭാരതം എഴുതിയ വ്യാസന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച യോദ്ധാവാണെന്നോ ഒരു മികച്ച മനുഷ്യനാണെന്ന് പോലുമോ തെളിയിക്കാൻ കർണ്ണന് സാധിച്ചിട്ടില്ല. ജനിച്ചത് തൊട്ട് നിരവധി ദുഖങ്ങളിലൂടെ കടന്ന് പോയവനാണ് കർണ്ണൻ. എന്നാൽ അതെല്ലാം മൂലം ഉടലെടുത്ത അപകർഷതാ ബോധം ഒരിക്കലും അയാളെ വിട്ടൊഴിയുന്നില്ല. അത് വാസ്തവത്തിൽ അയാളെ ഒരു അധർമ്മിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
കാര്യം മനസിലാകത്തത് പോലെ വാസൂട്ടനെന്നെ നോക്കി.
ചൂത് സഭയിലെ കഥ വാസുവിന് അറിയില്ലേ..?
ചൂത് കളിച്ചു തോറ്റ യുധിഷ്ഠിരൻ അവസാനമായി പന്തയം വച്ചത് സ്വന്തം ഭാര്യയായ ദ്രൗപതിയെയായിരുന്നു. അപ്പോൾ ദ്രൗപതിയെ സഭയിലേക്ക് കൊണ്ടുവരാൻ പ്രരിപ്പിക്കുന്നത് കർണ്ണനാണ്. അത് തെറ്റാണെന്ന് വിദുരരും ദുര്യോധനന്റെ അനിയന്മാരിൽ ഒരാളായ വികർണ്ണനും പറഞ്ഞപ്പോൾ അഞ്ചു ഭർത്താക്കന്മാർ ഉള്ള ഒരു സ്ത്രീയാണ് ദ്രൗപതി എന്നും, അങ്ങിനെ ഉള്ള ഒരുവൾക്ക് മാനാഭിമാനങ്ങളില്ലെന്നും, അടിമകൾക്ക് മനുഷ്യാവകാശങ്ങൾ ഒന്നും ഇല്ല എന്നും പറയുന്നത് കർണ്ണനാണ്. ഉടുത്ത വസ്ത്രം പോലും അവൾക്കവകാശപ്പെട്ടതല്ല എന്നും, ഈ സഭയ്ക്ക് മുന്നിൽ വച്ച് അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റണമെന്നും പറയുന്നതും ഈ കർണ്ണനാണ്. അതായത് മഹാഭാരതത്തിലെ തന്നെ ഏറ്റവും അധമമായ ഒരു പ്രവർത്തിക്ക് ദുശ്ശാസനനെ പ്രേരിപ്പിച്ചയാളാണ് കർണ്ണൻ. ഒരു സ്ത്രീയോടും ഒരു കാലത്തും ആരും ചെയ്യരുതാത്ത പ്രവർത്തി. മഹാഭാരത യുദ്ധത്തിന്റെ യഥാർത്ഥ കാരണവും അതു തന്നെയാണ്. അധികാരത്തേക്കാൾ പാണ്ഡവർ യുദ്ധം ചെയ്തത് പൊതു സഭയിൽ ഉടുതുണി പോലും വലിച്ചെറിയപ്പെട്ട ദ്രൌപതിക്കേറ്റ അപമാനത്തിന് പകരം വീട്ടാനായിരുന്നു. ഒരു സ്ത്രീയെ ഇങ്ങിനെ അപമാനിച്ചാൽ സർവ്വനാശമാണ് ഫലം എന്നാണ് മഹാഭാരതം കാണിച്ചു തരുന്നു. കൌരവ സഭയിൽ അത് കണ്ട് ഒരു പ്രതികരണവും നടത്താതെയിരുന്ന ഗുരുസ്ഥാനീയരായ ഭീഷ്മരും, ദ്രോണരും, കൃപരും, എന്ന് വേണ്ട സകലരും അധർമ്മത്തിന്റെ പക്ഷത്താണ് നിന്നത്. അന്നവിടെ കൂടിയവർ മുഴുവനും ചെയ്തത് തെറ്റായിരുന്നു. അതിലേറ്റവും വലിയ തെറ്റിന് ദുശ്ശാസനനെ പ്രേരിപ്പിച്ചതും, അതിലേറ്റവും സന്തോഷിച്ചതും കർണ്ണനായിരുന്നു. പാഞ്ചാലീ സ്വയംവര വേളയിൽ തന്നെ വിവാഹം ചെയ്യാൻ ഒരുക്കമല്ല എന്ന് പറഞ്ഞ ദ്രൗപതിയോട്ടുള്ള പ്രത്രികാരം കൂടിയായിരുന്നു കർണ്ണനത്. ആരെ വിവാഹം ചെയ്യണം എന്നത് നിശ്ചയിക്കാൻ ഉള്ള ഒരു സ്ത്രീയുടെ അവകാശമാണ് സ്വയംവരം എന്നത്. അവിടെ അവൾ തെരഞ്ഞെടുത്തത് അർജ്ജുനനെയായിരുന്നു. അതുകൊണ്ട് തന്നെ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യമായിരുന്നു കർണ്ണന് ദ്രൌപതിയോട്. അതാണയാൾ അവിടെ തീർത്തത്. എല്ലാ മാനുഷീക മര്യാദകളും അയാളന്ന് ലംഘിച്ചു. കൗരവരും പാണ്ഡവരും തമ്മിലുള്ള മൂപ്പിളമപ്പോരിൽ ഇടപെടേണ്ട ഒരാവശ്യവും യഥാർത്ഥത്തിൽ കർണ്ണനില്ല. എന്നാൽ പാണ്ഡവരോട് വിശേഷിച്ച് അർജ്ജുനനോട് കുശുംഭും അസൂയ്യയും മൂത്ത കർണ്ണൻ അത് ചെയ്തു.
മഹാഭാരതത്തിലാദ്യമായി കർണ്ണൻ കടന്നു വരുന്നത് ദ്രോണരുടെ ശിക്ഷണത്തിൽ ആയുധാഭ്യാസം പൂർത്തിയാക്കിയ പാണ്ഡവരുടേയും കൌരവരുടേയും ആയുധാഭ്യാസ പ്രദർശന ഘട്ടത്തിലാണ്. ആ പ്രദർശനത്തിലേക്ക് പങ്കെടുക്കാൻ ദ്രോണ ശിഷ്യരായ കൌരവരും, പാണ്ഡവരും അല്ലാതെ മറ്റാരെയും അവർ ക്ഷണിച്ചിരുന്നുമില്ല. എന്നാൽ അവിടേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി കർണ്ണൻ വരികയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരു സ്കൂളിൽ അവടത്തെ ഇന്റേണൽ പരീക്ഷയ്ക്ക് അവിടത്തെ പഠിതാവല്ലാത്ത മറ്റൊരു കുട്ടി കടന്നു വരികയും എനിക്കും പരീക്ഷയ്ക്ക് അവസരം തരണം എന്നു പറഞ്ഞാൽസ്കുളധികൃതർ ആ കുട്ടിയുടെ മുഴുവൻ വിശദാംശങ്ങളും പരിശോധിക്കുക സ്വാഭാവികമാണ്. അതു പോലെ തന്നെയാണ് അന്ന് അവിടെയും സംഭവിച്ചത്. അവിടത്തെ പഠിതാവല്ലാത്ത കർണ്ണൻ ആരാണെന്നു ചോദിച്ചു. എന്താണയാളുടെ യോഗ്യത എന്ന് ചോദിച്ചു. അയാളവിടത്തെ വിദ്യാർത്ഥിയല്ല എന്നറിഞ്ഞിട്ടും അയാൾക്കവിടെ അഭ്യാസ പ്രകടനം നടത്തുവാൻ ഒരു അവസരം കൊടുത്തു. എന്നാൽ അതും പോരാഞ്ഞ് അയാൾ അർജ്ജുനനോട് നേരിട്ട് യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. അപ്പോളാണ് കാര്യങ്ങൾ കൂടുതൽ ഗൌരവമുള്ളതാകുന്നത്. അയാൾ അതിൽ നിന്ന് വിലക്കപ്പെട്ടു. അയാൾ വളർന്ന ജാതിയുടെ പേരിലന്ന് അയാളപമാനിക്കപ്പെട്ടു. അർജ്ജുനനല്ല അയാളെ അവിടെ വച്ച് അപമാനിക്കുന്നത്. ആദ്യം കൃപാചാര്യരാണ് കർണ്ണനോട് കുലമേതെന്ന് ചോദിക്കുന്നത്. പിന്നെ ഭീമനാണ് അയാളെ ഏറ്റവും രൂക്ഷമായി അപമാനിക്കുന്നത്. പക്ഷേ അന്ന് മുതൽ അയാൾക്ക് അർജ്ജുനനോട് കടുത്ത ശത്രുത വച്ചുപുലർത്തി. കർണ്ണനോട് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അർജ്ജുനനെ വധിക്കലാണ് തന്റെ ജീവിത ലക്ഷ്യമെന്ന നിലയിലയാൾ പിന്നീടുള്ള കാലമത്രയും കഴിഞ്ഞുകൂടി. പിന്നീടുള്ള വളർച്ചയിൽ ഓരോ ഘട്ടത്തിലും അർജ്ജുനനോടുള്ള അസൂയ്യയും, വെറുപ്പും, അയാളിൽ കൂടിക്കൊണ്ടിരുന്നു. അയാൾ ബ്രഹ്മാസ്ത്രം നേടുന്നത് അർജ്ജുനനെ കൊല്ലാൻ വേണ്ടി മാത്രമാണ്. എന്നാൽ കർണ്ണനത് ഉപയോഗമുണ്ടായില്ല. ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം കർണ്ണൻ വാങ്ങിക്കുന്നതും അർജ്ജുനനെ കൊല്ലുക എന്ന ഉദ്ദേശത്തിൽ മാത്രമാണ്. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന അത് പക്ഷേ ഘടോൽകചന് നേരെ പ്രയോഗിക്കേണ്ടി വരുന്നു കർണ്ണന്.
പിന്നെ എല്ലാവരും പറയാറുള്ളത് കർണ്ണന്റെ കവച കുണ്ഡലങ്ങൾ ഇന്ദ്രൻ സൂത്രത്തിൽ തട്ടിയെടുത്തത് കൊണ്ടു മാത്രമാണ് യുദ്ധത്തിൽ അർജ്ജുനനോട് അയാൾ പരാജയപ്പെട്ടത് എന്നാണ്. എന്നാൽ ആദ്യം പാഞ്ചാല ദേശത്ത് അർജ്ജുനനോട് യുദ്ധം ചെയ്തപ്പോളും, വിരാട രാജ്യത്ത് ബൃഹന്ദളയുടെ വേഷത്തിൽ അർജ്ജുനനോട് പരാജയപ്പെട്ടപ്പോളും, പിന്നെ ഗന്ധർവ്വന്മാരോട് തോറ്റോടിയപ്പോളും കർണ്ണന് ഈ പറഞ്ഞ കവച കുണ്ഡലങ്ങളുണ്ടായിരുന്നു. അവസാനം കുരുക്ഷേത്ര യുദ്ധത്തിൽ മാത്രമാണതില്ലാതെ അയാൾ യുദ്ധം ചെയ്തത്. കവചകുണ്ഡലങ്ങളില്ലായിരുന്നുവെങ്കിൽ കർണ്ണനെ തോല്പിക്കാനാകില്ല എന്ന് എല്ലാവരും പറയുന്നത് അതുകൊണ്ട് തന്നെ അസംബന്ധമാണ്. കർണ്ണന്റെ ദാന ശീലത്തെക്കുറിച്ചും പലരും പല കഥകളും പ്രചരിപ്പിക്കാറുണ്ട്. മഹാഭാരതത്തിലില്ലാത്ത കാര്യങ്ങൾ വരെ അക്കുട്ടത്തിൽ പലരും ഇന്ന് കർണ്ണന്റെ പേരില്‍ കെട്ടിവയ്ക്കാറുണ്ട്. എന്നാല്‍ ഇന്ദ്രനുള്ള കവച കുണ്ഡല ദാനമൊഴിച്ച് മറ്റു പല കഥകളും മഹാഭാരതം രചിച്ച വ്യാസനറിഞ്ഞിട്ടു പൊലുമില്ല എന്നതാണ് സത്യം. കവച കുണ്ഡലം കൊടുത്തതു തന്നെ ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം പകരം വാങ്ങിച്ചു കൊണ്ടാണ്. ഒന്നിന് പകരം മറ്റൊന്ന് വാങ്ങിക്കുന്നത് ഒരിക്കലും ഒരു ദാനമല്ല.
സ്വന്തം സുഹൃത്തായ ദുര്യോധനന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറുള്ള കർണ്ണൻ്റെ സൗഹൃദത്തെപ്പറ്റിയും പലരും പാടിപ്പുകഴ്ത്താറുണ്ട്. പക്ഷേ ഗന്ധർവ്വരുമായുള്ള യുദ്ധത്തിൽ ദുര്യോധനനോടുള്ള കർണ്ണൻ്റെ സൗഹൃദം തെളിയിക്കപ്പെട്ടിട്ടുണ്ട്. തോൽക്കുമെന്നുറപ്പായപ്പോൾ പ്രിയ സുഹൃത്തിനെ ഉപേക്ഷിച്ച് വാലും പൊക്കി ഓടിയ ചരിത്രമാണ് കർണ്ണൻ്റേത്. എന്നിട്ടും കുരുക്ഷേത്ര യുദ്ധത്തിനിറങ്ങുമ്പോൾ ദുര്യോധനൻ്റെ ഏറ്റവും വലിയ ധൈര്യം കർണ്ണൻ ഒപ്പമുണ്ടെന്നതായിരുന്നു. എന്നാൽ സേനാ നായകനായ ഭീഷ്മർ കർണ്ണന് മഹാരഥനായി സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് (അതിലെ ശരി തെറ്റുകൾ എന്തായാലും) യുദ്ധത്തിൻ്റെ പത്താം നാൾ ഭീഷ്മർ വീഴുന്നത് യുദ്ധത്തിനിറങ്ങാതെ സ്വന്തം സുഹൃത്തിനെ ധർമ്മ സങ്കടത്തിലാക്കുന്നുമുണ്ട് കർണ്ണൻ.
ഇത്ര മാത്രമൊന്നുമല്ല, ഇനിയും ഒരു പാടുണ്ട് ഇങ്ങിനെ.. ഇത്രയും കേട്ടപ്പോൾ വാസൂന് എന്താ തോന്നിയത്. മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവാരാ.. കർണ്ണനാണോ അതോ അർജ്ജുനനോ.
വാസൂട്ടനൊന്ന് ആലോചിച്ചു. പിന്നെ പറഞ്ഞു അർജ്ജുനൻ തന്നെ. പക്ഷേ അച്ഛനല്ലേ പറഞ്ഞേ ഏറ്റവും മികച്ചത് അഭിമന്യു ആണ് എന്ന്.
ആ. അഭിമന്യുവും മികച്ച യോദ്ധാവ് തന്നെയാണ്. യുദ്ധത്തില്‍ പങ്കെടുത്തവരിൽ പ്രായം കൊണ്ട് ഏറ്റവും ഇളയവനാണ് അഭിമന്യു. പതിനാറ് വയസുള്ള യോദ്ധാവ്. ഏറ്റവും മികച്ച വില്ലാളികൾ കർണ്ണനും അർജ്ജുനനും തന്നെയാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ അവരിൽ ആര് എന്ന് ചോദിച്ചാൽ അതെന്തായാലും കർണ്ണനല്ല എന്നുറപ്പിച്ചു പറയും. അതേ സമയം കൃഷ്ണനില്ലെങ്കിൽ വലിയ ഒരു അളവോളം അർജ്ജുനനും അപൂർണ്ണനായേനേ.
ഉം. പക്ഷേ എന്നിട്ടും എന്താ കൽക്കി സിനിമയിൽ കർണ്ണനാണ് അർജ്ജുനനെക്കാൾ കേമനെന്ന് പറഞ്ഞത് അച്ഛാ..?
വ്യാസനെഴുതിയ യഥാർത്ഥ മഹാഭാരതം വായിക്കാതെ മഹാഭാരതത്തെക്കുറിച്ച് മറ്റുള്ളവർ എഴുതിയത് മാത്രം വായിക്കുന്നവരാണ് ഇങ്ങിനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക. മഹാഭാരതം എന്താണെന്ന് അറിയാത്തവർ ഈ സിനിമ കണ്ടാൽ ഇതാണ് സത്യമെന്ന് ധരിക്കില്ലേ. അവർ മറ്റൊരാളോട് പറഞ്ഞു കൊടുക്കുക തെറ്റായ ഈ വിവരമാണ്.
വാസൂട്ടൻ യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം. അപ്പോൾ തെറ്റായ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവരോടും പറയുക യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം എന്ന്. ഇക്കാര്യത്തിൽ മാത്രമല്ല ഓരോ കാര്യത്തിലും ഇത് ബാധകമാണ്. ശരിയും തെറ്റും മനസിലാക്കണം എങ്കിൽ യഥാർത്ഥ കാര്യം കണ്ടെത്താൻ ശ്രമിക്കണം. വലുതാവുമ്പോ ഇക്കാര്യം വാസു ഒരിക്കലും മറക്കരുത് ട്ടോ..
ഉം. വാസൂട്ടൻ ഒന്നുകൂടി എൻ്റെ മേലേക്ക് പറ്റി ചേർന്നിരുന്നു.
Pudayoor Jayanarayanan
Subscribe to:
Posts (Atom)