Sunday, October 07, 2018

ഭക്തിയും സ്നേഹവും ഉള്ളില്‍ ഉളവായിട്ടില്ലെങ്കില്‍ അറിഞ്ഞതെല്ലാം പാണ്ഡിത്യം മാത്രമാണ്. അഹങ്കാരത്തോടെ പറയുന്നതെല്ലാം വിദ്വേഷത്തെ വളര്‍ത്തുമല്ലോ! നാം പാണ്ഡിത്യംകൊണ്ടും അറിവുകൊണ്ടും സ്നേഹം കൊണ്ടും മറ്റുള്ളവരോടു കൊമ്പുകോര്‍ക്കുകയോ ജയിച്ചു വീരവാദം പറയുകയോ അല്ലവേണ്ടത്. ഏതൊരാളും എതിര്‍ക്കേണ്ടതും ജയിക്കേണ്ടതും സ്വന്തം മനസ്സിലെ ദുഷ്ടതകളെയും വികാരങ്ങളെയും അഹങ്കാരങ്ങളെയുമാണ്! എന്നാലേ വാക്കുകള്‍ ഭക്തിപൂര്‍ണ്ണമാകൂ, സ്നേഹപൂര്‍ണ്ണമാകൂ, കരുണാമയമാകൂ.
''അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.'' (അനുകമ്പാദശകം - ശ്രീനാരായണഗുരു)
ആചാര്യന്മാരുടെ വാക്കുകളില്‍ അറിവും അനുകമ്പയും സ്നേഹവും ഒന്നായിരിക്കുന്നു. എന്നതുകൊണ്ടുതന്നെ ആ അരുള്‍ മൊഴികള്‍ കേട്ട് നമ്മില്‍ അറിവിനാല്‍ ഭക്തിയും സ്നേഹവും നിറയും. അവരെ നമുക്ക് ദ്വേഷിക്കാന്‍ കഴിയില്ല! അറിവുണര്‍ന്നാല്‍ ഒപ്പംതന്നെ സ്നേഹവും ഭക്തിയും അനുകമ്പയും വന്നുഭവിക്കും. അറിവില്ലാത്തതിനാലാണ് വാക്കുകള്‍ സ്നേഹശൂന്യം ആകുകയും അവ അപരനെയും തന്നെത്തന്നെയും ദുഃഖിപ്പിക്കുകയും പരസ്പരം അകറ്റുകയും ചെയ്യുന്നത്. അറിവുള്ള ഗുരുവാകട്ടെ അമ്മയെ പോലെ അന്നപൂര്‍ണ്ണേശ്വരിയായി സകലതിനെയും ഒന്നുപോലെ കാണുന്നു. അതിനാല്‍ ഗുരു എപ്പോഴും മനുഷ്യന്‍റെ അറിവില്ലായ്മയെ കാരുണ്യപൂര്‍വ്വം കാണുകയാണ്. ഗുരുവരുളിലെ അനുകമ്പയും സ്നേഹവും അറിയാത്ത മനുഷ്യര്‍ ധിക്കാരത്തോടെ അറിവിനെയും ആ അലിവിനെയും ആ നിര്‍ദ്ദേശങ്ങളെയും തട്ടിമാറ്റുന്നുവെങ്കില്‍ അത് ധിക്കാരവും ദൗര്‍ഭാഗ്യവും പുണ്യക്കേടുമാണ്!!
പി. കുഞ്ഞിരാമന്‍നായരുടെ 'കളിയച്ഛന്‍' എന്ന കവിതയില്‍ അത് ശരിയായി പറഞ്ഞിട്ടുണ്ട്. ഗുരുവും ദൈവവും ഒന്നാണെന്ന് അഭേദം ചെയ്താണ് കവി പറഞ്ഞിരിക്കുന്നത്. ഗുരുവിനെ ധിക്കരിച്ചുനടന്ന ശിഷ്യനും ഈശ്വരനെ ധിക്കരിച്ചുനടന്ന മനുഷ്യനും എന്നിങ്ങനെ ഒന്നായി കല്പിച്ചിരിക്കുന്നു. ഞാന്‍ എല്ലാ കഴിവുകളും ആര്‍ജ്ജിച്ചതാണ്, എല്ലാം തികഞ്ഞിരിക്കുന്നു, ഇനി എനിക്ക് ഒരാളുടെയും മുമ്പില്‍ തലകുമ്പിട്ടുനില്‍ക്കേണ്ട കാര്യമില്ല എന്ന അഹങ്കാരം കൊണ്ടാണ് തന്നിഷ്ടം കാട്ടാനും ഗുരുവിനെ ധിക്കരിക്കാനും തുടങ്ങിയത്. അതിനാല്‍ എനിക്ക് വേണ്ടുന്നത് എനിക്ക് അറിയാം ഗുരുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വേഷമെടുത്ത് ആടേണ്ട ആവശ്യം എനിക്ക് ഇല്ല എന്നൊരഹന്ത!
''മെച്ചം തഴച്ചവന്‍ ഞാനെങ്ങനെ കളി
യച്ഛന്‍റെ ഇച്ഛയ്ക്കോച്ചാനിച്ചു നില്‍ക്കും''
എന്നാല്‍ ഗുരുവിനെ ധിക്കരിച്ചുനടന്ന ശിഷ്യന് പിന്നീടൊരിക്കലും സ്വസ്ഥതയോ ഉയര്‍ച്ചയോ ഉണ്ടാകുന്നില്ല. ജീവിതത്തിലും കഥകളിയഭിനയക്കളരികളിലും നല്ല വേഷങ്ങള്‍ നഷ്ടപ്പെട്ടു.
''സ്മേരമനോഹരവേഷങ്ങള്‍ കച്ചുപോയ്
ഘോരഗുരുശാപകാമിലബാധയാല്‍''
ഒടുവില്‍ എല്ലാവരാലും തഴയപ്പെട്ട് വിഷാദരോഗത്തിനടിപ്പെടുന്നു. എന്നിട്ടും തിരികെ ചെന്ന് മാപ്പു പറയുവാന്‍ ദുരഭിമാനം അനുവദിക്കുന്നില്ല! അങ്ങനെ അലഞ്ഞുനടക്കുന്നു!
''തോപ്പില്‍ക്കിളിര്‍ത്തൂ കളിയച്ഛനോടു, ഞാന്‍
മാപ്പിരക്കില്ലെന്ന ഭീകരമുള്‍ച്ചെടി''
അങ്ങനെ ഒരുദിവസം അവന്‍ തന്‍റെ അഹങ്കാരവും ദുരഭിമാനവും മാറ്റിവച്ച് ഗുരുപാദങ്ങളില്‍, ഈശ്വരപാദങ്ങളില്‍ ശരണം പ്രാപിക്കുകയാണ്.
''ദുഷ്ടമാം ദുര്‍ഗ്ഗര്‍വ്വരുക്ഷക്കരിമ്പാറ
പൊട്ടിക്കരഞ്ഞു ശരണംവിളിക്കവേ''.
ഗുരുവിങ്കലോ ഈശ്വരനിലോ സര്‍വ്വവും സമര്‍പ്പിച്ചാല്‍ മാത്രമേ നമ്മുടെ ദുഷ്ടമാം ഗര്‍വ്വുകളെല്ലാം ഇല്ലാതാകുന്നുള്ളൂ. അതിനാല്‍ ദേവീ ശരണം! സ്വാമീ ശരണം! ഗുരുവേ ശരണം! അയ്യപ്പനും ദേവിയും കൃഷ്ണനും ശങ്കരനും നമുക്ക് ഗുരുവാണല്ലോ. നമ്മുടെ അറിവിനെ കെടുത്തുന്ന അഹങ്കാരത്തെ ഇല്ലാതാക്കുവാന്‍ കഴിവുള്ള ഗുരുപാദങ്ങളില്‍ ശരണം തെടി പോകണം.
സ്വാമി ശരണം!
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

No comments: