Sunday, February 17, 2019

ഹനുമത്  പ്രഭാവം-1

ഭക്തി മാർഗ്ഗം എല്ലാവർക്കും ലളിതമാണ്,  സുലഭമാണ്. ഭക്തി എല്ലാവർക്കും ഉണ്ടാകാം എന്നാൽ എന്തിലാണ് ഭക്തി എന്നതിലാണ് കാര്യം. ഭക്തി എന്തെന്ന് ചോദിച്ചാൽ അറിയില്ല. ആസക്തി എന്ന് പറഞ്ഞാൽ അറിയും. സംഗം എന്ന് പറഞ്ഞാൽ അറിയും. എന്നാൽ ഭക്തി മാത്രം മനസ്സിലാക്കാൻ അല്പം പ്രയാസമാണ്.

അതിനാൽ ഭഗവാൻ ഭഗവത്ഗീതയിൽ പറയുന്നു നീ എന്നോട് ആസക്തി വച്ചു പുലർത്തിക്കോളു.
മൈ ആസക്ത മനാഹ പാർത്ഥ്
യോഗം യുജ്ഞൻ മദാശ്രയഹ
അസംശയം സമഗ്രമാം യഥാ ജ്ഞാസ്യസി തത് ശ്രണു

എന്നോട് സംഗം അല്ലെങ്കിൽ ആസക്തി വച്ചു കൊണ്ട് നീ യോഗ സാധനകൾ ചെയ്തു കൊള്ളു. ഭഗവാനോട് സംഗം വച്ചിരിക്കുന്നതിന് ഭക്തി എന്ന് പേര്. ലോക കാര്യങ്ങളിൽ ഭക്തി വച്ചിരിക്കുന്നതിന് സംഗം എന്ന് പേര്. ഇത് വെറും വാക്കുകൾ കൊണ്ടുള്ള ജാലമല്ല സത്യമാണ്.

നമ്മുടെ ഊർജം തന്നെ സംഗമാണ്. എവിടെയൊക്കെയാണ് സംഗം വച്ചിരിക്കുന്നത് അവിടെ നമ്മുടെ സർവ്വസ്വവും എത്തിച്ചേരും. ഒരു മാതാവിന് തന്റെ കുഞ്ഞിനെ കുറിച്ച് ആലോചിക്കാൻ ജപവും ധ്യാനവും ഒന്നും വേണ്ട. ഒരു ഭർത്താവിന് ഭാര്യയെ കുറിച്ച് ചിന്തിക്കാൻ ധ്യാനിക്കേണ്ട ആവശ്യമില്ല. മനസ്സ് താനേ അതിലേയ്ക്ക് പോകുന്നു.

ഇത്തരത്തിൽ സഹജമായി നമ്മുടെ മനസ്സ് ഈശ്വരനിലേയ്ക്ക് പോകുന്നില്ല എന്നതാണ് കഷ്ടം.
എല്ലാത്തിനെ കുറിച്ചും ആലോചിക്കും എന്നാൽ ഭഗവാനെ കുറിച്ച് മാത്രം ചിന്തിക്കാൻ സമയമില്ല. ഭഗവത്പാദർ ആദിശങ്കരൻ പറയും മനസ്സ് അലയും അത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഈശ്വരാ അങ്ങ് എന്തിനാണ് അവിടവിടെ അലഞ്ഞു നടക്കുന്നത് . എന്റെ അരികിൽ വന്നിരുന്നാലും. ഭഗവത്പാദർ പരമേശ്വരനോട് പറയുകയാണ്.

മാ ഗച്ഛഹ പോകാതെ ഇതഹ തഥഹ അവിടേയും ഇവിടേയും അലയാതെ മയ്യെവ വാസം കുരു എന്റെ അടുക്കൽ വന്നിരിക്കു.സ്വാമിൻ ആദി കിരാതമാമക മന കാന്താരസിമാന്തരേ.
ശിവാനന്ദ ലഹരിയിലെ ഒരു ശ്ലോകമാണിത്. ശങ്കരാചാര്യർ ശ്രീശൈലത്തിലെ വനത്തിലിരുന്നെഴുതിയതാണ്.വളരെ മനോഹരമായ കൃതിയാണ് ശിവാനന്ദലഹരി. ശ്രീശൈലത്തിൽ മല്ലികാർജ്ജുനൻ എന്നാണ് ശിവന് പേര്. വേട്ടക്കാരന്റെ രൂപം. കൈയ്യിൽ അമ്പും വില്ലുമായി അർജ്ജുനനോട് വഴക്കുണ്ടാക്കിയ ശിവൻ.

വർത്തന്തേ ബഹുദാ മദജുഷഹാം മാത്സര്യ മോഹാദയഹ താൻ ഹത്വ മൃഗയാ വിനോദ രുചിതാ ലാഭം ച സംപ്രാപ്സ്യസി
ആ ഭഗവാനോട് പറയുന്നു കാട്ടിനുള്ളിൽ വേട്ടയാടി അലയണ്ട. എനിയ്ക്കുള്ളിൽ ഒരു വലിയ കാടുണ്ട് . നിറയെ മൃഗങ്ങളുണ്ട് കാമം, ക്രോധം , ലോഭം, മോഹം, മദം,മാത്സര്യം എല്ലാമുണ്ട്. അതിനെയെല്ലാം കൊന്ന് തന്നാൽ എന്റെ മനസ്സും ശുദ്ധമാകും. അങ്ങയ്ക്കും വേട്ടയാടിയ സന്തോഷം ലഭിക്കും.

Nochurji 🙏🙏

No comments: