Friday, February 15, 2019

*ശ്രീമദ് ഭാഗവതം 63*

 *ശ്രദ്ധ രതിർ ഭക്തിർ അനുക്രമിഷ്യതി.*

അങ്ങനെ ഭക്തി ണ്ടായാലെന്താ?

ഭക്ത്യാ പുമാഞ്ജാതവിരാഗ ഐന്ദ്രിയാത്
ദൃഷ്ടശ്രുതാന്മദ്രചനാനുചിന്തയാ
ചിത്തസ്യ യത്തോ ഗ്രഹണേ യോഗയുക്തോ
യതിഷ്യതേ ഋജുഭിർ  യോഗമാർഗ്ഗൈ:

ഇവിടെ കപിലഭഗവാൻ പറയണത് ഭക്തി ഉണ്ടായിക്കഴിഞ്ഞ ഒരാൾ ഇനി തീരുമാനിക്കും അത്രേ. ഇനി ചിത്തത്തിനെ വെളിവിഷയങ്ങളിലൊന്നും വിടാൻ പാടില്ല്യാ. ഭക്തിയിൽ ഇത്രയധികം ആനന്ദം ഉള്ളപ്പോൾ ഇനി ഞാൻ എന്തിന് ലോകവിഷയങ്ങളിലൊക്കെ ചെന്ന് പെടണം.

 *ജാത വിരാഗ ഇന്ദ്രിയാത്.* ഇന്ദ്രിയവിഷയങ്ങളിലൊക്കെ ആരും പറഞ്ഞു കൊടുക്കാതെ തന്നെ വൈരാഗ്യം ഏർപ്പെടും.
ഒരാളും ഉപദേശിക്കാതെ തന്നെ ണ്ടാവും.

 *ദൃഷ്ടശ്രുതാത്*
താൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ വിഷയങ്ങളിലൊക്കെ വൈരാഗ്യം എന്നാണ്. ഇനി ഒന്നും കാണണമെന്നുള്ള ആഗ്രഹവും ഇല്ല്യ .കേട്ടിട്ടുള്ള കാര്യങ്ങളുടെ ഡിസ്റ്റർബൻസ് ഒക്കെ വിട്ടു പോകും.

 *ചിത്തസ്യ ഗ്രഹണേ യതിഷ്യതേ.*
പതുക്കെ പതുക്കെ ചിത്തത്തിനെ വെളിവിഷയങ്ങളിൽ നിന്ന് മാറ്റി ഭഗവാന്റെ ദിവ്യരൂപത്തിൽ നിർത്താനായി ശ്രമിക്കും. ബാഹ്യവിഷയങ്ങളിൽ നിന്നും മനസ്സിനെ ഗ്രഹിച്ച് ധ്യാനം പരിശീലിച്ചു തുടങ്ങും. എന്ന്വാച്ചാൽ സത്സംഗത്തിൽ അയാൾക്കുണ്ടായ ഭക്തി തന്നെ ധ്യാനം ആണ്. ഏകാന്തത്തിൽ ഇരുന്ന് ധ്യാനിച്ചു ധ്യാനിച്ച് ഹൃദയത്തില് ആ ആത്മസുഖത്തിനെ അനുഭവിച്ച് തുടങ്ങും.

 *ഋജുഭിർ യോഗമാർഗ്ഗൈ:*
യോഗമാർഗ്ഗങ്ങളൊക്കെ അപ്പോ ഫലിക്കും.  ആരും ഉപദേശിക്കാതെ തന്നെ യോഗം വരും. പ്രാണായാമാദി യോഗങ്ങളും മറ്റു യോഗസാധനകളും ഒക്കെ അവനിൽ ആവിർഭവിക്കുകയും ചെയ്യും.

ഈ യോഗസാധനകളൊക്കെ ആരെങ്കിലും പഠിപ്പിച്ചിട്ട് വരേണ്ടതല്ല. ചിത്തം ശുദ്ധമാവുമ്പോൾ വരേണ്ടതാണ്. ഇതൊക്കെ കണ്ടുപിടിച്ച ഋഷികൾ എവിടെ നിന്ന് പഠിച്ചു? നമ്മുടെ ചിത്തം ശുദ്ധമാവുന്തോറും യോഗമാർഗ്ഗങ്ങളുടെ ഉപദേശം ഉള്ളീന്ന് തന്നെ ണ്ടാവും. വെളിയിൽ നിന്ന് ആചാര്യന്മാർ വന്ന് നീ പോകുന്നത് ശരിയായ മാർഗ്ഗം ആണെന്ന് പറഞ്ഞു തരികയും ചെയ്യും.

ഋജുഭിർ യോഗമാർഗ്ഗൈ:

എല്ലാ യോഗങ്ങളും ആവിർഭവിക്കും.

 *അസേവയായം പ്രകൃതേർഗ്ഗുണാനാം*
 *ജ്ഞാനേന വൈരാഗ്യവിജൃംഭിതേന*

പ്രകൃതി ഗുണങ്ങളിൽ നിന്നും പിടി വിട്ടു വരികയും വൈരാഗ്യത്തോടുകൂടിയുള്ള ജ്ഞാനം ഹൃദയത്തിൽ ആവിർഭവിക്കുകയും ഭക്തി ദൃഢമാവുകയും ചെയ്യും എന്ന് കപിലഭഗവാൻ അമ്മയ്ക്ക് ഉപദേശിച്ചു. ഭഗവാന്റെ ദിവ്യരൂപത്തിനെ ധ്യാനിക്കാനുള്ള മാർഗ്ഗം പറഞ്ഞു കൊടുത്തു. *എല്ലാറ്റിനും മേലേ കപിലിന്റെ പ്രബലമായ ഉപദേശം സകലപ്രാണികളോടും ദയയോടെ ഇരിക്കുകയും കാരുണ്യത്തോടെ കൂടെ ഇരിക്കുന്നതു തന്നെ ഭക്തി ആണെന്നാണ്.*
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments: