ദേവഹൂതിയോട് കപില മഹര്‍ഷി തുടരുന്നു. അനന്യഭാവത്തില്‍ എന്നെ സേവിക്കുന്നവര്‍ സാധുക്കളാണ്.
മദാശ്രയാ: കഥാമൃഷ്ടാ: ശൃണ്വന്തി കഥയന്തി ച
തപന്തി വിവിധാ സ്താപാനൈതാന്‍ മദ്ഗതചേതസ:
അവര്‍ എന്നെപ്പറ്റിയുള്ള കഥകള്‍ പറയുവാനും കേള്‍ക്കുവാനും താല്‍പര്യമുള്ളവരായിരിക്കും. അവരുടെ ചിത്തം എന്നിലേക്കു തന്നെ എത്തി എന്നില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവയുമായിരിക്കും. അതിനാല്‍ ഒരു വിധ സന്താപവും അവരെ ഏല്‍ക്കില്ല. ഒരു താപത്തിനും അവരെ തപിപ്പിക്കാനാവില്ല. 'നൈവം ഛിന്ദ്യന്തി ശസ്ത്രാണി നൈവം ദഹതി പാവകാ:' എന്ന് ഭഗവാന്‍ ഭഗവത്ഗീതയില്‍ പറഞ്ഞതു പോലെ ഒന്നും അവരെ ബാധിക്കുന്നില്ല. ആയുധങ്ങള്‍ ഉപയോഗിച്ച് അവരെ ഭേദിപ്പിക്കാന്‍ കഴിയില്ല. തകര്‍ക്കാന്‍ കഴിയില്ല. ഒരഗ്‌നിക്കും അവരെ ദഹിപ്പിക്കാന്‍ കഴിയില്ല.
'ത ഏതേ സാധവ: സാദ്ധ്വീ സര്‍വസംഗവിവര്‍ജിതാ:
സംഗസ്‌തേഷ്വഥ തേ പ്രാര്‍ത്ഥ്യ: സംഗദോഷഹരാഹിതേ'
മഹാ സാധ്വിയായ അമ്മേ, സര്‍വസംഗപരിത്യാഗികളായ അവര്‍ പരമസാധുക്കളാണ്. ഇങ്ങനെയുള്ളവരുമായുള്ള സംസര്‍ഗം തന്നെ ദോഷങ്ങളകറ്റാന്‍ പ്രാപ്തമാണ്. ആ സംസര്‍ഗം തന്നെ പ്രാര്‍ഥനയാല്‍ മാത്രം ലഭ്യമാണ്.
സല്‍സംഗത്വേ നിസ്സംഗത്വം എന്ന വചനം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്. കര്‍ണങ്ങള്‍ക്കും രസം പകരുന്നതായ ഭഗവാന്റെ കഥകള്‍ കേള്‍ക്കാന്‍ ഇത് അവസരമൊരുക്കുന്നു. ഈ സല്‍സംഗം കൊണ്ടു തന്നെ ജീവിതത്തെ അപവര്‍ഗങ്ങളില്‍ നിന്നും മോചിപ്പിക്കാനാവും. അപവര്‍ഗമെന്നാല്‍ താഴേക്ക് വലിച്ചിടുന്ന ദോഷങ്ങളെന്ന് മനസ്സിലാക്കാം. ശ്രീകൃഷ്ണകഥകള്‍ കൊണ്ട് ആര്‍ക്കും മോക്ഷമാര്‍ഗത്തിലെത്താം.
അപവര്‍ഗം എന്ന പ്രയോഗത്തില്‍ നിന്ന് മറ്റു ചിലതുകൂടി മനസ്സിലാക്കണം. പവര്‍ഗമല്ലാത്തതാണ് അപവര്‍ഗം. അതായത് പ, ഫ, ബ, ഭ, മ എന്നിവയാണ് പ വര്‍ഗം. 'പ' എന്നത് പാപം എന്നു സാരം. 'ഫ' എന്നത് ഫലേഛ.
ഓരോ ജന്മവും അനന്തരജന്മങ്ങളിലേക്കുള്ള ബീജാവാപമാണ്. അതത് ജന്മങ്ങളിലെ കര്‍മങ്ങളുടെ ഫലമാണ് പുനര്‍ജന്മമെന്നര്‍ഥം. പ വര്‍ഗത്തിലെ ബ ബീജാവാപത്തിന്റെ സൂചനയാണ്. കര്‍മഫലങ്ങളില്ലാതെ കര്‍മസമര്‍പ്പണമാണ് സത്‌സംഗത്താല്‍ ലഭ്യമാകുക. സല്‍സംഗം കൊണ്ട് ഭഗവത് തപസാകുന്ന താപത്താല്‍ പുനര്‍ജന്മത്തിലേക്കുള്ള വിത്തുകള്‍ വറുത്തെടുക്കുന്ന അവസ്ഥയുണ്ടാകുന്നു. വറുത്തവിത്തുകള്‍ വീണ്ടും മുളയ്ക്കാത്തതു പോലെ ഭക്തിയില്‍ സമര്‍പ്പിതമായ കര്‍മങ്ങള്‍ തപസിനാല്‍ വറുത്തെടുത്ത വിത്തുകളാകുന്നു. 'ഭ'ശബ്ദം ഭയത്തിനെ സൂചിപ്പിക്കുന്നു. ഭയമില്ലാത്ത അവസ്ഥ അപവര്‍ഗത്തിന്റെ ഒരു സന്ദേശമാണ്. ആരില്‍ നിന്നുള്ള ഭീഷണിയും ഏല്‍ക്കാത്ത അവസ്ഥ. 'മ' എന്നത് മരണം അഥവാ നാശം എന്നതിനെ സൂചിപ്പിക്കുന്നു. മരണമില്ലാത്ത അവസ്ഥയാണ് സാധുജന സംസര്‍ഗം കൊണ്ട് ലഭ്യമാകേണ്ടത്.
'അസതോമാ സത്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ:' എന്ന ഉപനിഷദ്‌വാക്യത്തില്‍ പറഞ്ഞതു പോലെ അസത്തില്‍ നിന്നും എന്നെ സത്തിലേക്ക് നയിച്ചാലും. ഇരുട്ടില്‍ നിന്നും എന്നെ പ്രകാശത്തിലേക്ക് നയിച്ചാലും. മരണത്തില്‍ നിന്നും( നാശത്തില്‍ നിന്നും) എന്നെ നാശമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചാലും.
ഇല്ലായ്മയില്‍ നിന്നും ഉണ്‍മയിലേക്ക്, തിന്മയില്‍ നിന്നും നന്മയിലേക്ക് പ്രവൃത്തിയില്‍ നിന്നും നിവൃത്തിയിലേക്ക് വികര്‍മത്തില്‍ നിന്നും അകര്‍മത്തിലേക്ക് ഇത്തരത്തിലുള്ള പുരോഗതികള്‍ സത്‌സംഗത്തില്‍ നിന്നും നമ്മള്‍ നേടേണ്ടതുണ്ട്.
jayasankar
No comments:
Post a Comment