Sunday, February 17, 2019

പ്രാഗ്ജ്യോതിഷത്തിലെ ( അസം) രാജാവായിരുന്ന നരകാസുരനെ ശ്രീകൃഷ്ണഭഗവാന്‍ നിഗ്രഹിച്ചതിന്റെ ഓര്‍മ്മപുതുക്കത്രേ ദീപാവലി. ചെരാതുകള്‍ നിറയെ ദീപംതെളിച്ച്, മധുരംവിളമ്പി, ആഹ്ളാദത്തിമിര്‍പ്പോടെ മനുഷ്യരും ദേവകളും ക്രൂരനായ നരകാസുരന്റെ മരണം ആഘോഷിച്ചു. വനവാസം കഴിഞ്ഞ് ഭഗവാന്‍  ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണെന്ന മറ്റൊരു ഐതിഹ്യവും ദീപാവലിക്കുണ്ട്. 
ഉത്തരേന്ത്യയില്‍ അഞ്ചുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ തുടക്കം. അന്ന് ധന്‍തേരാസ് എന്ന ധന്വന്തരി ത്രയോദശി. രണ്ടാംനാള്‍  നാരകചതുര്‍ത്ഥി. എല്ലാ വര്‍ണ ഘോഷങ്ങളോടുംകൂടി ദീപാവലി ആഘോഷിക്കുന്നത് മൂന്നാമത്തെ ദിവസമാണ്. അന്നാണ് ലക്ഷ്മീപൂജ. അതിനടുത്ത നാള്‍ ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് ഉത്സവസമാപനത്തിനു  വീട്ടിലെ പെണ്‍കുട്ടികള്‍ക്കുള്ള  ഭായ്ധൂജ് പൂജ.
ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസംകൂടിയാണു ധന്‍തേരാസ്. ധന്‍തേരാസിന് ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. സ്വര്‍ണം മാത്രമല്ല വേണ്ടത്ര വീട്ടുപകരണങ്ങളും വാങ്ങുന്ന സുദിനം. നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചത് ആഘോഷിക്കുന്ന ദിവസമാണു നരകചതുര്‍ത്ഥി. ദീപാവലിനാളിലാകട്ടെ പ്രധാനം സര്‍വൈശ്വര്യങ്ങള്‍ക്കുമായുള്ള ലക്ഷ്മീപൂജയയ്ക്കാണ്. ഒപ്പം വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരമൊരുക്കല്‍, പടക്കം, പൂത്തിരി... ആഘോഷമേളം! 
സൂര്യോദയത്തിനു മുമ്പുള്ള എണ്ണതേച്ചു കുളിയോടെയാണ് ദീപാവലി ചടങ്ങുകള്‍ തുടങ്ങുക. എണ്ണയില്‍  കുങ്കുമവും മഞ്ഞളും ചേര്‍ത്ത് ദേഹത്ത് പുരട്ടിയാണ് കുളി.നരകാസുര നിഗ്രഹത്തിന്റെ  പ്രതീതിയില്‍ കയ്പുള്ള കായ്ഫലങ്ങള്‍  ചവിട്ടി ഞെരിച്ച്, രക്തവര്‍ണത്തില്‍ തിലകം ധരിച്ച ശേഷമാണ് വ്രതനിഷ്ഠകളോടെ കുളിക്കുന്നത്. 
 പ്രഭാത സ്നാനത്തിന് അന്ന് ഏറെ പ്രാധാന്യമുണ്ട്. ആ ദിവസം മഹാലക്ഷ്മി എണ്ണയിലും ഗംഗാദേവി ജലത്തിലുമുണ്ടാകും എന്നാണ് വിശ്വാസം. കുളി കഴിയുമ്പോള്‍ അപമൃത്യുവും  അകാലമൃത്യുവും അകന്നു പോകുമെന്നും വിശ്വാസമുണ്ട്. കുളിച്ചതിനു ശേഷം  ക്ഷേത്രദര്‍ശനം. അതുകഴിഞ്ഞ് കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുന്ന് പ്രാതല്‍. വിവിധങ്ങളായ മധുരപലഹാരങ്ങള്‍ പ്രാതലിന് തയ്യാറാക്കും. 
 ഇന്ദ്രന്റെ കോപം മഹാമാരിയായി പെയ്തപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനപര്‍വ്വതമുയര്‍ത്തി മനുഷ്യര്‍ക്ക് അഭയംനല്‍കിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് തൊട്ടടുത്ത നാളിലുള്ള ഗോവര്‍ധനപൂജയെന്നാണു വിശ്വാസം. അവസാന ദിവസം വീട്ടിലെ പെണ്‍കുട്ടികളുടെ ആയുരാരോഗ്യസൗഖ്യത്തിനായി സഹോദരന്മാര്‍ നടത്തുന്ന  ഭായ്ധൂജ് പൂജ നടത്തും. അതോടെ ദീപാവലി ആഘോഷത്തിനു കൊടിയിറങ്ങും.
അമാവാസിലെ ഇരുട്ടില്‍ തെളിച്ചു വെക്കുന്ന ദീപങ്ങളുടെ ആവലിക്ക് അര്‍ഥങ്ങള്‍ പലതാണ്. അജ്ഞത, സ്വാര്‍ഥത, വൈരാഗ്യം, അസൂയ, കോപം, എന്നീ തമോഗുണങ്ങളകറ്റി, മനുഷ്യമനസ്സില്‍ അറിവിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ , സമാധാനത്തിന്റെ, കാരുണ്യത്തിന്റെയെല്ലാം  വെളിച്ചം നിറയ്ക്കുകയാണ് ദീപാവലി. 
ദീപാവലി ദിനത്തില്‍ ഒമ്പതു തിരിയിട്ട നിലവിളക്ക് തെളിച്ച് മീനാക്ഷി പഞ്ചരത്നവും ഭവാനീ അഷ്ടകവും ജപിക്കുന്നത് അഭീഷ്ട സിദ്ധിക്ക് നല്ലതാണ്. അയല്‍സംസ്ഥാനങ്ങളോടു ചേര്‍ന്നുള്ള ജില്ലകളിലൊഴികെ കേരളത്തില്‍ ദീപാവലി വലിയ ആഘോഷമല്ലെങ്കിലും മധുരംവിളമ്പല്‍ മലയാളിക്കുമുണ്ട്.
ഭാരതത്തില്‍ മാത്രമല്ല, ഭാരതീയസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ദീപാവലി കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ഭാരതീയരേക്കാള്‍ ആവേശത്തോടെയാണു നേപ്പാളി ജനത ദീപാവലിയെ വരവേല്‍ക്കുന്നത്. തിഹാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആഘോഷം അവിടെ ദേശീയോത്സവത്തിനു സമം. മലേഷ്യ, സിംഗപ്പൂര്‍,സിംഗപ്പൂര്‍ തുടങ്ങി പല രാജ്യങ്ങളിലും ദീപാവലിക്കു പെരുമയുണ്ട്. ദേശീയ അവധിദിനമാണ് ഈ രാഷ്ട്രങ്ങളിലൊക്കെ ദീപാവലി നാള്‍. ന്യൂസിലാന്റില്‍ ഔദ്യോഗിക അനുമതികളോടെയാണ് ദീപാവലി മേളം നടക്കുക. ഇന്തോ ഫിജിയന്‍ സമൂഹത്തിന്റെ ആഘോഷങ്ങളില്‍ തദ്ദേശീയരും പങ്കാളികളാകുമെന്ന സവിശേഷതയുമുണ്ട്.
janmabhumi

No comments: