പുത്രലാഭത്തിനായി വ്യാസന് അരണികടയുന്ന കാര്യമാണല്ലോ നാം പറഞ്ഞുവന്നത്. ‘ഈ അപ്സരസ്സ് എനിക്കൊത്തവളല്ല, ഇനി ഞാനെന്തു ചെയ്യും?’ എന്നിങ്ങിനെ വിഷമിച്ചിരിക്കുന്ന വ്യാസനെക്കണ്ട് ‘ഈ മുനിയെന്നെ ശപിച്ചേക്കും’ എന്ന് ആ ഘൃതാചിയും പേടിച്ചിരിക്കുകയായിരുന്നു. അവള് ഒരു പെണ്‍തത്തയുടെ രൂപം സ്വീകരിച്ചു പെട്ടെന്ന് പാറിപ്പറന്നു പോയി. വ്യാസന് ആ കിളിയെക്കണ്ട് കാമാര്ത്തപരവശനായി. ദേഹത്ത് വികാരവിക്ഷോഭവും രോമാഞ്ചവും ഉണ്ടായി. മനസ്സടക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ ഘൃതാചിയില്‍ മോഹിതനായ ഋഷിയുടെ രേതസ്സ് വഴിഞ്ഞ് തീയുണ്ടാക്കാന്‍ കടഞ്ഞുകൊണ്ടിരുന്ന അരണിയിലെയ്ക്ക് വീണു. അതറിയാതെ വ്യാസന് വീണ്ടും അരണി കടയവേ, വ്യാസനെപ്പോലെ അഴകാര്‍ന്ന ശുകന് അതില്‍ നിന്നും ഭൂജാതനായി. ഹവിസ്സര്‍പ്പിക്കുമ്പോള്‍ ആളിക്കത്തുന്ന അഗ്നിപോലെ തേജസ്സാര്‍ന്ന പുത്രനെക്കണ്ട് ‘ഇത് തന്നെയാണ് ശ്രീശിവന്റെ വരദാനം’ എന്ന് മഹര്‍ഷി നിര്‍ണ്ണയിച്ചു. ‘അരണീ ഗര്ഭസംജാതനായ ശുകന് ഒരു രണ്ടാം അഗ്നിയെന്നപോലെ പ്രശോഭിച്ചു. പുത്രനെ ഗംഗയില്‍ കുളിപ്പിച്ച് വരുമ്പോള്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി.
പുത്രന്റെ ജാതകര്മ്മത്തിനായി വിണ്ണവരുടെ വാദ്യഘോഷവും അപ്സരസ്സുകളുടെ നൃത്തവും ഉണ്ടായി. നാരദന്, വിശ്വാവസു, തുംബുരു മുതലായ ദിവ്യജനം ആഹ്ലാദിച്ചു. വിദ്യാധരന്മാരും ദേവന്മാരും ശ്രീശുകനെ സ്തുതിച്ചു. ആകാശത്തുനിന്നും കൃഷ്ണമൃഗത്തിന്റെ തോലും ദിവ്യ കമണ്ഡലുവും കുഞ്ഞിനുവേണ്ടി താഴേക്ക് വന്നു. പിറന്നപ്പോള്‍ത്തന്നെ തേജസ്സുറ്റ ആ പുത്രന് വ്യാസന് ഉപനയനാദികള്‍ നടത്തി. അതി ഗൂഢമായ വേദരഹസ്യങ്ങള്‍ പോലും പിതാവിനെന്നപോലെ പുത്രനും പെട്ടെന്ന് തന്നെ വശഗതമായി. ഘൃതാചിയുടെ രൂപം കണ്ടുണ്ടായ പുത്രന് ‘ശുകന്’ എന്ന നാമമാണ് മാമുനി നല്‍കിയത്. ബൃഹസ്പതിയെ ഗുരുവാക്കി ശുകന് വിധിപൂര്‍വ്വകമായ എല്ലാ അനുഷ്ഠാനങ്ങളും ചെയ്തു ഗുരുകുലത്തില്‍ പഠനം നടത്തി. എല്ലാ പഠനവും ഗുരുദക്ഷിണയും കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ അച്ഛന് വാത്സല്യപൂര്‍വ്വം പുത്രനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നു. മകന് അച്ഛനുമൊപ്പം താമസമാക്കി. അവനു യോജിച്ച ഒരു വധുവിനെപ്പറ്റി വ്യാസന് പര്യാലോചിച്ചു. ‘ധര്‍മ്മശാസ്ത്രങ്ങള്‍ എല്ലാം പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിനക്കിനി ഒരു വേളിയാവാം. നീ ഗാര്ഹസ്ത്യത്തില് ഏര്‍പ്പെട്ട് എന്നെ ഋണമോചിതനാക്കുക. പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല. അയോനിജനായ നിന്നെ എനിക്ക് കിട്ടിയത് മഹാഭാഗ്യം. നീ മഹാബുദ്ധിമാനാണല്ലോ. നിന്റെ പിതാവിനെ ആഗ്രഹം സാധിപ്പിച്ചു തന്നാലും.’
ഇങ്ങിനെ അതിസ്നേഹത്തോടെ ഉപദേശിച്ച പിതാവിനോടു സുതന് പറഞ്ഞു: 'മഹാമതിയായ വേദവ്യാസനാണോ ഇത് പറയുന്നത്? തത്വയുക്തികള് കൊണ്ടെന്നെ ശാസിക്കുകയാണെങ്കില്‍ ഞാനത് അപ്പോള്‍ത്തന്നെ ശിരസാവഹിച്ചുകൊള്ളാം.’ 'നൂറാണ്ട് തപസ്സു ചെയ്താണ് നിന്നെയെനിക്ക് കിട്ടിയതെന്നും രാജാവിനോട് ചോദിച്ചു നിനക്ക് സമ്പത്ത് മേടിച്ചു തരാമെന്നും അതുകൊണ്ട് ഗൃഹസ്ഥാശ്രമം കൈക്കൊണ്ട് നീ സുഖിയായി ജീവിച്ചു കൊള്ളുക' എന്നും മുനി മകനോട് പറഞ്ഞു നോക്കി.
ശുകന് പറഞ്ഞു: പിതാവേ, എന്താണ് സുഖം? ദുഖമില്ലാതെ സുഖം എവിടെയാണുള്ളത്? അതിനെ സുഖമെന്ന് വിദ്വാന്മാര് പറയുമോ? വേളികഴിച്ചാല്പ്പിന്നെ ഭാര്യക്ക് അടിമയാണ് മനുഷ്യന്. സ്ത്രീജിതനും പരതന്ത്രനായുള്ളവനും എന്ത് സുഖം? കൈവിലങ്ങോ കാരാഗ്രഹമോ എല്ലാം എപ്പോഴെങ്കിലും ഉപേക്ഷിക്കാനാകും. എന്നാല്‍ പുത്രദാരബന്ധനം ഒഴിവാക്കാന്‍ പറ്റുമോ? പെണ്ണുങ്ങള്‍ക്കും മലമൂത്രാദി നിറഞ്ഞ മലീമസ ദേഹം തന്നെയാണല്ലോ ഉള്ളത്! വിവരമുള്ളവര്‍ അതില്‍ ഭ്രമിക്കുമോ? അയോനിജനായ എനിക്ക് യോനിയില്‍ ആശയുണ്ടാവുന്നതെങ്ങിനെയാണ്? ഇനിയും ഒരു യോനിജന്മം ഞാന്‍ ആഗ്രഹിക്കുന്നില്ല. ആത്മാരാമനായ ഒരാള്‍ക്ക് എങ്ങിനെ കേവലമായ ക്ഷുദ്രസുഖത്തില് ആഗ്രഹമുണ്ടാവാന്? അങ്ങ് പഠിപ്പിച്ച കര്മ്മമാര്ഗ്ഗപ്രധാനങ്ങളായ വേദങ്ങള്‍ ഞാന്‍ പഠിച്ചു. അവയെല്ലാം ഹിംസാമയങ്ങളാണ്. എന്റെ ഗുരുവായ മഹാത്മാവും ആ അവിദ്യയില്‍ ആണ്ടു മുങ്ങിയിരിക്കുന്നു. മോക്ഷേച്ഛുവായ എനിക്ക് എന്റെ ഗുരുപോലും, മറ്റുള്ളവരുടെ രോഗം ചികിത്സിക്കുന്നവന് സ്വയം രോഗിയാണെന്നതുപോലെ പരിഹാസ്യനാണ്. സംസാരത്തെ ഘോരസര്പ്പത്തെപ്പോലെ ഭയക്കുന്ന ഞാന്‍ അങ്ങയെ സമീപിച്ചിരിക്കുന്നത് ആത്മതത്വം അറിയാനാണ്. സംസാരചക്രത്തില്‍ കറങ്ങുന്ന ഒരുവന് സൂര്യനെപ്പോലെ രാപകല്‍ വിശ്രമമില്ല. തത്വാര്‍ത്ഥ ചിന്തയല്ലാതെ ഈ ലോകത്തില്‍ സുഖമെവിടെ? മലത്തില്‍ സുഖം കണ്ടെത്താന്‍ പുഴുക്കള്ക്കേ ആവൂ. വേദശാസ്ത്രാദികള്‍ പഠിച്ചിട്ടും വിഷയസുഖത്തില് ആകൃഷ്ടനായവാന് പന്നി, കുതിര, പട്ടി ഇവയെപ്പോലെയുള്ള മൃഗങ്ങള്‍ക്ക് സമം. ദുര്‍ലഭമായ മര്‍ത്യജന്മം ലഭിച്ചിട്ടും വിഷയബദ്ധനായവന് എങ്ങിനെയാണ് മുക്തിപദം പ്രാപിക്കുക? ഭാര്യാപുത്രാദിബന്ധനത്തില് ബദ്ധനായവനെ വിദ്വാനായി വാഴ്ത്തുന്നത് വിചിത്രം തന്നെ. ത്രിഗുണങ്ങളുടെ അധീനതയില്‍ നിന്നും വിടുതല്‍ കിട്ടിയവനാണ് പണ്ഡിതന്. ശാസ്ത്രത്തിന്റെ മറുകര കണ്ട ബുദ്ധിമാന്. കൂടുതല്‍ ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന പഠിപ്പ് പഠിപ്പല്ല. ബന്ധം പോക്കാന്‍ ഉതകുന്ന പഠിപ്പാണ് ശരിയായ വിദ്യ. മനുഷ്യനെ ഗ്രഹിക്കുന്നതായതുകൊണ്ടാണ് വീടിനു ഗൃഹം എന്ന് പേര് വന്നത്. അച്ഛാ, നമ്മെ ബന്ധനം ചെയ്യുന്ന ഗൃഹത്തെ ഞാന്‍ ഭയക്കുന്നു. അജ്ഞരും മന്ദബുദ്ധികളും മാത്രമേ മര്ത്ത്യജന്മം ലഭിച്ചിട്ടും ഗൃഹബദ്ധരായി ജീവിതം തള്ളിനീക്കൂ.
വ്യാസന് പറഞ്ഞു: ഗൃഹം ഒരു ബന്ധനാലയമല്ല എന്ന് നീയറിയുക. എല്ലാമെല്ലാം മനസ്സിലാണ്. ഗൃഹിയായും മുക്തനായും നാം മാറുന്നത് മനസ്സിന്റെ നിലയനുസരിച്ചാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ സമ്പത്താര്‍ജ്ജിച്ചും ചെയ്യേണ്ട കാര്യങ്ങള്‍ ശ്രദ്ധയോടെ അനുഷ്ടിച്ചും വേദോക്തപ്രകാരം ജീവിച്ചും സത്യവാനായി കഴിഞ്ഞും ഗൃഹസ്ഥനായ ഒരാള്‍ക്ക് മുക്തി സാദ്ധ്യമാണ്. മറ്റുള്ള ആശ്രമക്കാര്‍ - ബ്രഹ്മചാരിയാകട്ടെ, വാനപ്രസ്ഥനകട്ടെ, സന്യാസിയാകട്ടെ, അവരെല്ലാം ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഗൃഹസ്ഥനെയാണ്. അന്നദാനം, സത്യവചനം, ധര്‍മ്മനിഷ്ഠ എന്നിവയാണ് നല്ല ഗൃഹനാഥന്റെ ലക്ഷണം. ഗൃഹസ്ഥധര്മ്മത്തെക്കാള് ശേഷ്ഠമായി മറ്റൊരു ധര്‍മ്മവുമില്ല. വസിഷ്ഠന് മുതലായ മഹാമുനിമാര്‍ ഗൃഹസ്ഥരായിരുന്നു. വേദോക്തം ആചരിക്കുന്നവര്‍ക്ക് ഒന്നും അസാദ്ധ്യമല്ല. മുക്തി, സ്വര്‍ഗ്ഗം, സദ്ജന്മം എന്നുവേണ്ട എന്ത് വേണമെങ്കിലും അവര്‍ക്ക് നേടാനാകും. ആശ്രമധര്‍മ്മം ഓരോന്നായി ക്രമീകമായി ഏറ്റെടുക്കുക എന്നതാണ് സര്‍വ്വസമ്മതമായിട്ടുള്ളത്. അതിനാല്‍ നീ ഒരു ഗൃഹസ്ഥനു യോജിച്ചവണ്ണം അഗ്നിയില്‍ നിന്നും കര്‍മ്മങ്ങള്‍ തുടങ്ങുക. ദേവന്മാര്ക്കും പിതൃക്കള്‍ക്കും തര്‍പ്പണം ചെയ്ത് സുപുത്രനെ ജനിപ്പിച്ച് കാലമാകുമ്പോള്‍ വാനപ്രസ്ഥം സ്വീകരിക്കുക. അതിനു ശേഷം സന്യാസം ആകാം.
മഹാഭാഗാ, ഇന്ദിയങ്ങള്‍ അഞ്ചും നമ്മെ മദിപ്പിക്കുന്നവയാണ്. ഭാര്യയില്ലാത്തവന് അവ ദുരന്തങ്ങളെ തരുന്നു. അവയെ ജയിക്കാന്‍ നീയൊരുവളെ പരിഗ്രഹിക്കുക. മഹര്‍ഷി വിശ്വാമിത്രന് മൂവായിരം കൊല്ലം ജിതേന്ദ്രിയനായി തപസ്സിരുന്നു. എന്നിട്ടോ, മേനകയെ കണ്ടതും ആ വീര്യമെല്ലാം പൊയ്പ്പോയി. ആ ബന്ധത്തിലാണ് ശകുന്തള ജനിച്ചത്. എന്റെ പിതാവ് പരാശരനും അതുപോലെ മത്സ്യകന്യയെക്കണ്ട് മോഹിച്ചതിനാലാണ് ഞാന്‍ ജനിച്ചത്. ബ്രഹ്മാവ് തന്റെ പുത്രിയെക്കണ്ട് കാമമോഹിതനായി ഓടി പിന്നാലെ ചെന്നു. രുദ്രനാണ് ബ്രഹ്മാവിനെ തടഞ്ഞത്. അതിനാല്‍ എന്റെ ഹിതകരമായ വാക്കുകള്‍ നീയനുസരിക്കുക. നല്ലൊരു കുലത്തില്‍പ്പിറന്ന ഒരുവളെ നീ സ്വീകരിച്ച് വേദമാര്‍ഗ്ഗത്തില്‍ ജീവിക്കുക.
No comments:
Post a Comment