Wednesday, April 24, 2019

പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല. മരിക്കുന്നയാൾ അനിശ്ചിതദൈർഘ്യമുള്ള ഒരു അചേതനകാലസന്ധിക്കുശേഷം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയെന്നത് സംഭവിക്കുമെങ്കിൽ, മോക്ഷം നേടും വരെ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും കഴിഞ്ഞുകൂടാമെന്നതും സംഭാവ്യമാണ്.

പരമാത്മാവിൽ നിന്നും നേരിട്ട് ജനിക്കുന്ന ആദ്യത്തെ ഒരു ജീവാത്മാവിന് പരമാത്മാവിനു കല്പിച്ചിട്ടുള്ള ശുദ്ധിയുണ്ടായിരുന്നിരിക്കേണ്ടതല്ലെ. ആ ജീവി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിച്ചാൽ കളങ്കമില്ലാത്ത ഒരത്മാവായിരിക്കും അവസാനം ബാക്കിയാവുന്നത്. വിചാരണ, നരകം തുടങ്ങിയവയെല്ലാം പിന്നെന്തിന്.
ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ? ഹിന്ദുവിന്റെ ഈശ്വരനെ ഈ ആരോപണം സ്പർശിക്കുകയില്ല. ഹിന്ദുവിന്റെ പുനർജന്മസിദ്ധാന്തം ജഗന്നിയന്താവായ ഈശ്വരനെ ഒരു ദുരാരോപണത്തിൽ നിന്നും രക്ഷിച്ചു മാനിക്കുന്നുണ്ടെന്നുകൂടി സൂചിപ്പിക്കട്ടെ. ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്. നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. “ഉദ്ധരേദാത്മനാത്മാനം” (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ മുദ്രാവാക്യമാണ്.
പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്.

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്.

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്.
ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ? 
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത്? ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
“പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം.”
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്റെ-പിതാവിന്റെ- ശരീരത്തിൽ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവർത്തിച്ചു.
ജന്മത്തിനു മുമ്പ് ജീവാത്മാവ് എവിടെ ആയിരുന്നു?
ഇതിനെപ്പറ്റി വിഭിന്ന സമൂഹങ്ങളിൽ വിഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ചിലർ അനാദിയാണ് ജീവാത്മാവെന്ന് അംഗീകരിക്കുന്നില്ല. ജീവാത്മാവ് ഉണ്ടാകുന്നതാണെന്നാണ് അവരുടെ മതം. എപ്പോൾ, എവിടെ, എവിടെനിന്ന് എന്നീ ചോദ്യങ്ങൾക്കൊന്നും സ്പഷ്ടമായ ഉത്തരം നൽകുകയില്ല. അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല. മാതാപിതാക്കളിൽ അങ്കുരിക്കുന്നതിനും വളരെ മുൻപിലേക്ക് അന്വേഷണം കൊണ്ടുപോകണം. ഒരു ഉദാഹരണം കൂടി : ഒരു വിദ്യാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു വിദ്യാർത്ഥികളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് പള്ളിക്കൂടത്തിൽ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ വിദ്യാലയത്തിന്റെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്.
മരണാനന്തരം:
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാം മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു. പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.

ശരീരം മൃതമാകുമ്പോൾ ജീവാത്മാവും കൂടെച്ചാകുമോ അതോ ശരീരം വിട്ട് വെളിയിൽ പോകുമോ? സാമാന്യ ജനങ്ങളുടെ സങ്കല്പവും വിശ്വാസവും മരണത്തെത്തുടർന്ന് ജീവാത്മാവ് ശരീരം വിട്ട് വെളിയിൽ എവിടെയോ പോകുന്നു എന്നാണ്. എന്നാൽ ദാർശനികർക്കിടയിലും ഇതിനെപ്പറ്റി അഭിപ്രായഭേദമുണ്ട്. ശരീരത്തിന്റെ അവയവങ്ങളും നാഡീ-മാംസ വ്യവസ്ഥകളും കൂടിച്ചേർന്ന യാന്ത്രികക്കൂടിന്റെ പേരാണ് ജീവാത്മാവെന്ന് അവരിൽ ചിലർ കരുതുന്നു. ആ കൂട്ടായ്മ വേർപ്പെട്ട് ഉടഞ്ഞു തകരുന്നതാണ് മരണമെന്നും പറയുന്നു. അപ്പോൾ മരണത്തോടെ ആത്മാവും ഇല്ലാതാകും. പ്രാചീന ചാർവകന്മാരായ നാസ്തികർ പറയും പോലെ “ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ”- [ചാരമായ ദേഹമുണ്ടോ തിരിച്ചു വരുന്നു.]

ഇതാണ് ആത്മാവിന്റെ അവസ്ഥയെങ്കിൽ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
പൂർവ്വികരായ മനീഷികളുടെ വാക്കുകളെല്ലാം തന്നെ തള്ളിക്കളയാനുള്ളതല്ല. ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കാം.
“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]
“ചരാചരവ്യപാശ്രയസ്തു സ്യാത് തദ് വ്യപദേശോ ഭക്തസ്തദ്ഭാവിത്വാത് “
[ചരാചരഭൂതങ്ങളിൽ ജനനമരണം കാണാറുള്ളത് ജീവനെ സംബന്ധിച്ച് പ്രധാനമല്ല. ഇന്നാരു മരിച്ച് ഇന്നാർക്ക് ജനിച്ചു എന്നത് ഉപചാരഭാഷയാണ്.]
“നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ”
[ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല. എന്തെന്നാൽ ശ്രുതിയൊന്നും അങ്ങനെ പറയുന്നില്ല. ശ്രുതിയിൽ ആത്മാവിന്റെ നിത്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.]
“ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.”
[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]
“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
“ന വാ അരേfഹം മോഹം ബ്രയീഭ്യവിനാശീ വാ അരേfയമാത്മാfനുച്ഛിത്തിധർമാ”
[യാജ്ഞവല്ക്യൻ മൈത്രേയിയോടു പറയുന്നു: എടോ! ഞാൻ വെറുതെ ഒന്നും പറയുകയില്ല. ഈ ആത്മാവ് നാശരഹിതമാണ്. അതിന്റെ ഖണ്ഡനം നടപ്പില്ല.]
അഖണ്ഡവസ്തു അവിനാശി ആയിരിക്കും. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ. സ്ഥൂലശരീരത്തിന്റെ വിനാശത്താൽ ആത്മാവ് നശിക്കുകയില്ല എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല.
പുനർജന്മം :
ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ലെന്ന് ഇതിനു മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും. ചിലർക്ക് ഈ ആശയം അസ്വീകാര്യമാണ്. അവർ ഉന്നയിക്കുന്ന ആക്ഷേപം ജീവാത്മാവിന്റെ ജ്ഞാനഗുണത്തെ സംബന്ധിച്ചാണ്. നവജാതശിശുവിന് ജ്ഞാനം ഒട്ടുമില്ലെന്നും, അത് പതുക്കെ വൃദ്ധിപ്രാപിക്കുന്നതുമാണെന്നതാണ് അവരുടെ ന്യായം. ഇതിലും അല്പം അബദ്ധമുണ്ട്. എത്ര ചെറിയ ശിശുവാണെങ്കിലും അല്പമെങ്കിലും ജ്ഞാനത്തിന്റെ അംശം ഉണ്ടായിരിക്കും. ചില ശാസ്ത്രജ്ഞർ നവജാത ശിശു അല്പം അനുഭവ പരിചയവുമായാണ് ജനിക്കുന്നത് എന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ആത്മാവ് എന്ന സംജ്ഞയെ തീരെ സ്വീകാര്യമല്ല. കുഞ്ഞുങ്ങൾ പഴയ സംസ്കാരത്തെയും കൂട്ടിയാണ് ജന്മമെടുക്കുന്നതെന്നു അംഗീകരിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരമാണുക്കൾക്ക് ഈ സംസ്കാരം കൊണ്ടുവരാനാവുകയില്ല എന്നാണ് പൌരാണികശാസ്ത്രം സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ മുലപ്പാൽ നുകരുവാനുള്ള വാസന, സ്മരണയെന്ന ജ്ഞാനം എന്നിവ ഭൌതികമല്ല, ആത്മസംബന്ധിതങ്ങളാണ്.

ജീവൻ അനാദിയും അമർത്യവുമാണെങ്കിൽ അതിനുണ്ടാകുന്ന ശരീരബന്ധം ആകസ്മികമോ സ്വാഭാവികമോ എന്നതാണ് അടുത്ത സംശയം. അനന്തകാലപ്രവാഹത്തിനിടെ ആയിരം വർഷം ജീവിക്കുന്ന ഒരു

ജീവിയുടെ ആയുസ്സും ക്ഷണികമാണ്. ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല. ചിലർക്ക് ജീവിതം രണ്ടുനാളേ ഉണ്ടായിരിക്കുകയുള്ളൂ. ചിലർ നാലോ നാല്പതോ എൺപതോ വർഷം ജീവിക്കും. അപൂർവ്വം പേർ എൺപതും കടക്കാറുണ്ട്. നിത്യസ്വർഗ്ഗം നിത്യനരകം എന്നിവ ധർമ്മാധർമ്മങ്ങൾ തിരിച്ചറിയാത്ത പ്രായത്തിൽ അറിവില്ലാതെ നന്മയോ തിന്മയോ ചെയ്ത കുട്ടിക്ക് ലഭിക്കുമെങ്കിൽ ആ വിശ്വാസം അബദ്ധജടിലമാണ്. മാനവബുദ്ധി സത്യാസത്യ നിർണയത്തിനായി ചമച്ചതാണെങ്കിൽ അത് ഒരിക്കലും അബദ്ധങ്ങളെ സ്വീകരിക്കുകയില്ല.

വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.

ചിലർ പുനർജന്മവിശ്വാസികളല്ല. ഇതിനൊരു തെളിവും പ്രമാണവും ഇല്ലെന്ന് അവർ പറയുന്നു. നിരവധി ഊഹാപോഹാ‍ധിഷ്ഠിതമായ വാദങ്ങൾ അവർ ഉന്നയിക്കാറുണ്ട്. ഒരു ബാലന് ഉണ്ടായിരുന്ന രൂപമോ സ്വഭാവമോ ജ്ഞാനമോ ഇച്ഛയോ പ്രവൃത്തികളോ വൃദ്ധാവസ്ഥയിലില്ല. പക്ഷേ ‘ഞാൻ‘ ഞാനല്ല എന്നു പറയുവാൻ ബാലനയിരുന്ന ‘ഞാൻ‘ വൃദ്ധാവസ്ഥയിലായാലും സാധ്യമല്ല. ബാലനായിരുന്ന ഞാനാണ് വൃദ്ധനായ ഞാൻ ആയത്. ഈ സ്മരണ ജീവിതത്തിൽ സദാ ഉണ്ടായിരിക്കും. ചെറുപ്പത്തിൽ കണ്ടത് വാർദ്ധക്യത്തിൽ ഓർക്കണമെങ്കിൽ ഓർക്കുന്നത് മാറ്റം വന്ന ശരീരമായിരിക്കില്ല. അതിനെ അധിവസിക്കുന്ന ആത്മാവാണെന്നത് സ്വതഃസിദ്ധമാകുന്നു. അതുകൊണ്ടാണ് ഒരുകാലത്തും ആളുകൾ പുനർജന്മത്തെ തീർത്തും നിരാകരിക്കാത്തത്.

ഓർമ്മയുടെ അഭാവമാണ് പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നുപോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. അതിനാൽ സ്മരണയുടെ അഭാവം ഏതെങ്കിലും ഇല്ലായ്മയുടെ കാരണമാകുകയില്ല. ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുകയില്ല. അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. കഴിഞ്ഞവർഷം ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ / സംഭവത്തിന്റെ അഭാവസൂചകമല്ല. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. ഓർമ്മയില്ല എന്ന കാരണത്താൽ നിഷേധിക്കേണ്ട കാര്യമില്ല എന്നു വ്യക്തമാക്കാനായിരുന്നു ഇത്രയും ശ്രമിച്ചത്.

പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കാവുന്ന ചില തെളിവുകൾ ഉണ്ടായിട്ടും ചിലർ അത് വിശ്വസിക്കുകയില്ല  എന്നു മാത്രമല്ല, ഞങ്ങളുടെ മതഗ്രന്ഥത്തിൽ  പറയാത്തതുകൊണ്ട്    അത്  വിശ്വസിക്കാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധിയും ഉണ്ട്.                                                            (1) രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ വെറ്റിയേറ്റു മരിച്ചുപോയ ജയിംസിന്റെ  ഓർമ്മകൾ  പുനർജനിച്ച  ‘ജയിംസ് ‘ ഓർക്കുന്നു.  വീഡിയോ  ഇവിടെയും ,  ഇവിടെയും -  വാർത്ത ഇവിടെയും.                                   (2)  Brian Weiss ന്റെ  ഭൂതകാല ജന്മസ്മരണകളെക്കുറിച്ചുള്ള  പരീക്ഷണത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ  ‘കാതറിൻ‘ എന്ന പെൺകുട്ടി  4000 വർഷത്തെ ഓർമ്മകൾ  മനശാസ്ത്ര വിശകലനത്തിലൂടെ വെളിപ്പെടുത്തി.  വാർത്ത  ഇവിടെവീഡിയോ ഇവിടെ.  ഇതുപോലുള്ള നിരവധി  വാർത്തകൾ ഉണ്ടായിട്ടും  ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലാണ് ചിലരെല്ലാം.

നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്. ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.
-----------------------------------------------------------------------
[ഇതിനു മുമ്പിലത്തെ “ഭ്രൂണശാസ്ത്രം  ഒരു ഭാരതീയ പഠനം” എന്ന പോസ്റ്റും അതിലെ ചില കമന്റുകളും വായിച്ചാൽ മാത്രമെ ഇങ്ങനെ ഒരു പോസ്റ്റ്  എന്തിന് എഴുതി എന്നു മനസ്സിലാവുകയുള്ളൂ.]

No comments: