Sunday, April 21, 2019

നവാസത്തിന് തനിക്കൊപ്പം വരുമെന്ന നിര്‍ബന്ധബുദ്ധിയുമായി നില്‍ക്കുന്ന ജനസഞ്ചയത്തെ എന്തു ചെയ്യണമെന്നറിയാതെ രാമന്‍ കുഴങ്ങി. അതിന് ഉപായങ്ങളാലോചിച്ച് അദ്ദേഹം ഉറക്കമില്ലാതെ കിടന്നു. തങ്ങളുടെ വനവാസത്തിനും യാത്രയ്ക്കും ഈ ജനക്കൂട്ടം പ്രതിബന്ധമാകും. മാത്രവുമല്ല ജനങ്ങളില്ലാതെ അയോധ്യ ശൂന്യമാകും. ഗാഢനിദ്രയിലാണ് എല്ലാവരും. ഇപ്പോള്‍ ഇവിടം വിട്ടു യാത്ര തുടങ്ങുന്നതാണ് ബുദ്ധിയെന്ന് രാമന് തോന്നി. രാമന്‍ നേരെ ചെന്ന് സുമന്ത്രനേയും സീതയേയും ലക്ഷ്മണനേയും ഉണര്‍ത്തി. അവരോടൊപ്പം കാല്‍നടയായി ഗംഗാതീരത്തെത്തി. സുമന്ത്രനെ അയോധ്യയിലേക്ക് തിരികെയയച്ചു. 
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ രാമനെയും കൂട്ടരെയും  കാണാതെ പൗരവൃന്ദം അയോധ്യയിലേക്ക് മടങ്ങി. രാമചന്ദ്രാദികള്‍ രാത്രിയില്‍ ഏറെ നേരം യാത്ര ചെയ്ത് ഗംഗാതീരത്തെ ശൃംഗിവേരപുരത്തിലെത്തി. രാമഭക്തനും നിഷാദനുമായ ഗുഹന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം ശ്രീരാമാദികളെ സ്വാഗതം ചെയ്തു. ഭക്തിപൂര്‍വം അവരെ സത്കരിച്ചു. യാത്രചെയ്ത് ഏറെ ക്ഷീണിതയായിരുന്നു സീത. ആ രാത്രി ഗംഗാതീരത്ത് വിശ്രമിക്കാന്‍ അവര്‍ തീരുമാനിച്ചു. ഗുഹന്‍ തന്റെ ശൃംഗിവേരപുരത്തിന് അകത്തേക്ക് അവരെ ക്ഷണിച്ചെങ്കിലും വനവാസം സ്വീകരിച്ച രാമന്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഗുഹന്‍ അവര്‍ക്കായി നഗരാതിര്‍ത്തിയില്‍ ഒരു ഓടമരച്ചുവട്ടില്‍ ശയ്യോപകരണങ്ങളൊരുക്കി. 
എന്തിനാണ് മന്ത്രികളോ പരിവാരങ്ങളോ ഇല്ലാതെ നിങ്ങളിങ്ങനെ യാത്രചെയ്യുന്നതെന്ന് ഗുഹന്‍ രാമനോട് ചോദിച്ചു. അച്ഛന്റെ ആജ്ഞപ്രകാരം താന്‍ വനവാസത്തിന് ഇറങ്ങിയതാണെന്നും സീതയും ലക്ഷ്മണനും യാത്രയില്‍ തന്നെ അനുഗമിക്കുകയാണെന്നും രാമന്‍ പറഞ്ഞു. 
വാര്‍ധക്യത്തില്‍ സംന്യാസം സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങ് ഈ യൗവനാരംഭത്തില്‍ തന്നെ ഈയൊരു മാര്‍ഗം സ്വീകരിച്ചത് ആരുടെയെങ്കിലും കുബുദ്ധികൊണ്ടാണോ എന്നായിരുന്നു ഗുഹന്റെ തുടര്‍ ചോദ്യം. അങ്ങനെയാണെങ്കില്‍ ഞാനെന്റെ സൈന്യവുമായി ചെന്ന് ശത്രുക്കളെ സംഹരിച്ച് രാജ്യം അങ്ങയെ തിരികെയേല്‍പ്പിക്കാന്‍ സന്നദ്ധനാണെന്ന് ഗുഹന്‍ അറിയിച്ചു. 
നടന്ന സംഭവങ്ങളെല്ലാം രാമന്‍ ഗുഹനെ പറഞ്ഞു കേള്‍പ്പിച്ചു. ക്ഷോഭിക്കാതെ ശാന്തനാകാനും ആവശ്യപ്പെട്ടു. പിറ്റേന്ന് രാമനും ലക്ഷ്മണനും സീതയ്ക്കുമായി ഗുഹന്‍ അലങ്കരിച്ചൊരുക്കിയ ഒരു നൗകയുമായെത്തി. അവര്‍ ഗംഗ കടന്ന് മറുകരയിലെത്തി. അവിടെ നിന്ന് വനയാത്രയുടെ രണ്ടാംഘട്ടമാരംഭിച്ചു. വഴികാട്ടിയായി ഗുഹനും അവരോടൊപ്പമുണ്ടായിരുന്നു. തെക്കോട്ടായിരുന്നു യാത്ര. ഏറെ ദൂരം പിന്നിട്ട്  അവര്‍ അത്രിപു
ത്രനായ  ഭരദ്വാജ ഋഷിയുടെ ആശ്രമത്തിനരികിലെത്തി. ഇത്രയും ദൂരം യാത്രചെയ്തിട്ടും തങ്ങളെ അനുയാത്ര ചെയ്യുന്ന ഗുഹനോട് രാമന്‍ ശൃംഗവേരത്തിലേക്ക് മടങ്ങിപ്പോകാന്‍ സ്നേഹപൂര്‍വം ആവശ്യപ്പെട്ടു. 
എന്നാല്‍ രാമനെ വിട്ടു പിരിയാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു ഗുഹന്റെ ദു:ഖത്തോടെയുള്ള മറുപടി. ഗുഹന്റെ സ്നേഹാദരങ്ങള്‍  രാമന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.  ജന്മം കൊണ്ട് എനിക്ക് മൂന്ന് സഹോദരന്മാരുള്ളതെങ്കിലും ബന്ധം കൊണ്ട് നീയും എന്റെ അനുജനായി തീര്‍ന്നിരിക്കുകയാണെന്ന് ഗുഹനോട് പറഞ്ഞ രാമന്‍, ശൃംഗിവേരപു
രത്തെത്തി രാജഭരണം യഥോചിതം നിര്‍വഹിച്ച് നിഷാദവര്‍ഗത്തെ കാക്കണമെന്നും അറിയിച്ചു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഗുഹന്‍ മടങ്ങി.
ഭരദ്വാജാശ്രമത്തിലെത്തിയ രാമാദികളെ ഋഷിമാര്‍ ആദരപു
രസ്സരം സ്വീകരിച്ചു. വനവാസ കാലാവധി കഴിയും വരെ തന്റെ ആശ്രമത്തില്‍ കഴിയണമെന്നായിരുന്നു രാമനോടും കൂട്ടരോടുമുള്ള ഭരദ്വാജന്റെ അഭ്യര്‍ഥന. എന്നാല്‍ ഇവിടെ തങ്ങളുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ അന്വേഷിച്ചെത്തുമെന്ന കാരണം പറഞ്ഞ് രാമലക്ഷ്മണന്മാരും സീതയും അവിടെ നിന്ന് വീണ്ടും തെക്കോട്ടുള്ള വനാന്തരങ്ങളിലേക്ക്  യാത്ര തുടര്‍ന്നു. 
മധ്യാഹ്നത്തോടെ അവര്‍ സൂര്യപുത്രിയായ കാളിന്ദിയുടെ തീരത്തെത്തി. ആ നദി കടക്കാന്‍ അവര്‍ക്ക് നൗകയൊന്നും കിട്ടിയില്ല. ഒടുവില്‍ ലക്ഷ്മണന്‍ മുളവെട്ടിയെടുത്ത്  ചങ്ങാടമുണ്ടാക്കി. അതിലേറി അവര്‍ മറുകര കടന്നു.
janmabhumi

No comments: