സംസ്‌കൃതവും മലയാളവും
Wednesday 11 December 2019 5:02 am IST
നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പഠനങ്ങള്‍ക്ക് സംസ്‌കൃതഭാഷയുടെ സഹായം അനിവാര്യമാണ്. നാമിന്ന് മലയാളത്തില്‍ പ്രയോഗിക്കുന്ന മിക്ക പദങ്ങളും സംസ്‌കൃത പദങ്ങള്‍ തന്നെയാണ് എന്നതാണ് ഈ പ്രസ്താവത്തിന് കാരണം. അതുപോലെ ഭാരതീയമായ ആയുര്‍വേദം, ജ്യോതിഷം, വാസ്തുവിദ്യ, സംഗീതം, അനുഷ്ഠാന കലകള്‍ എന്നിവയുടെ അഭ്യസനത്തിലും അവ എഴുതപ്പെട്ടിട്ടുള്ള സംസ്‌കൃതത്തില്‍ അനല്‍പ്പമായ വ്യുല്‍പ്പത്തി അത്യാവശ്യമാണ്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ സംസ്‌കൃതാധ്യയനം കൂടാതെ നമ്മുടെ വിദ്യാഭ്യാസം ഒരിക്കലും പൂര്‍ണമാവുകയില്ലെന്ന വസ്തുത ദൃഢീകരിക്കപ്പെടുന്നു.
ഭൗതികശാസ്ത്രം
പാശ്താത്യസംസ്‌കാരത്തിന്റെ വര്‍ണപ്പൊലിമയില്‍ ഭ്രമിച്ച് നമ്മുടെ മഹത്തായ സംസ്‌കാരത്തെ വിസ്മരിക്കുമ്പോള്‍ നമ്മെ അറിയുവാന്‍ യത്‌നിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ മാത്രമല്ല, ഭൗതികശാസ്ത്രത്തിലും പൗരാണിക ഭാരതം വെന്നിക്കൊടി പാറിച്ചിരുന്നു. അതിപ്രാചീന കാലം മുതല്‍ക്കെ ആയുര്‍വേദം അതിന്റെ സര്‍വപ്രതാപങ്ങളോടും കൂടി നിലനിന്നിരുന്നു. യുദ്ധത്തില്‍ അവയവങ്ങള്‍ നടഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമാവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള വിധികള്‍ ചരകന്‍, സുശ്രുതന്‍ എന്നിവരുടെ കാലത്ത് രചിക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നു. വൈദിക കാലത്ത് സ്ത്രീകള്‍ യുദ്ധം ചെയ്തിരുന്നതായും ഒരു കാല്‍ നഷ്ടപ്പെട്ട മുദ്ഗലാനി എന്ന സ്ത്രീയ്ക്ക് ഇരുമ്പുകൊണ്ടുള്ള കാല് വച്ചുപിടിപ്പിച്ചതായും ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്.
ജ്യോതിശാസ്ത്രം
വൈദ്യശാസ്ത്രത്തിലെന്നപോലെ ജ്യോതിശാസ്്ത്രത്തിലും ഭാരതം വളരെ മുന്നേറിയിരുന്നു. ദൂരദര്‍ശനിയോ മറ്റ് യന്ത്രോപകരണങ്ങളോ ഇല്ലാതെ വെറും ബുദ്ധിപരമായ കഴിവുപയോഗിച്ച് നഗ്നനേത്രങ്ങള്‍കൊണ്ട് പുരാതന മഹര്‍ഷിമാര്‍ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, കാലാവസ്ഥ മുതലായ പ്രകൃതി പ്രതിഭാസങ്ങള്‍ പ്രവചിച്ചിരുന്നു എന്നതിന് ഇപ്പോഴുള്ള പഞ്ചാംഗ പദ്ധതിതന്നെ മതിയായ തെളിവാണ്. ജനനസമയത്തെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിലെ ശുഭാശുഭങ്ങളും മരണസമയവും കൃത്യമായി ഗണിച്ചറിഞ്ഞ മഹാജൗതിഷികള്‍ ഉണ്ടായിരുന്നു; ഇന്നും നമ്മുടെ ഇടയിലുണ്ട്.
അണുസിദ്ധാന്തം
അണുസിദ്ധാന്തം പാശ്ചാത്യരുടെ കണ്ടുപിടിത്തമായി ഉദ്ഘാഷിക്കപ്പെടുന്നു. എന്നാല്‍ കണാദന്‍ എന്ന മഹര്‍ഷിയാണ് അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കണം എന്നതിന്റെ അംഗലേയ പദമാണല്ലൊ ആറ്റം ഈ ബാഹ്യപ്രപഞ്ചം പരമാണുനിര്‍മിതമാണെന്നുള്ള ഭൗതികവാദസിദ്ധാന്തം പുരാതനകാലം മുതല്‍ക്കേ പ്രചരിച്ചിരുന്നു. കപിലന്‍, ഗൗതമന്‍ തുടങ്ങിയ മഹര്‍ഷിമാര്‍, ആദ്ധ്യാത്മികാചാര്യന്മാര്‍ എന്നതിലുപരി ശാസ്ത്രജ്ഞന്മാര്‍ കൂടിയായിരുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പുഷ്പകവിമാനം കേവലം കവിഭാവനയല്ല എന്നതില്‍ ഉപോിത്ബലകമാണ് ഈ അടുത്തകാലത്ത് കണ്ടുകിട്ടിയ സമരാങ്കണസൂത്രധാര എന്ന സംസ്‌കൃതഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തില്‍ വിവിധതരം വിമാനങ്ങളുടെ സാങ്കേതിക തത്വങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.. ഈ ഗ്രന്ഥത്തിന് ഭരദ്വാജതന്ത്രം എന്നുകൂടി പേരുള്ളതിനാല്‍ രാമായണകാലത്ത് ജീവിച്ചിരുന്ന ഭരദ്വാജന്‍ എന്ന മഹര്‍ഷിയാണ് ഇതിന്റെ കര്‍ത്താവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.
ശാസ്ത്രീയ സമീപനം
ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് കണ്ടുപിടിക്കുവാന്‍ കഴിയുമെന്ന് ഇന്ന് ശാസ്ത്രം അഭിമാനംകൊള്ളുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ കാര്യം മുന്‍കൂട്ടിയറിഞ്ഞ് പരീക്ഷണം നടത്തി പുനരുജ്ജീവിപ്പിച്ച സംഭവമല്ലേ പരീക്ഷിത്തിന്റേത്. ഇതുപോലെ പക്ഷിമൃഗാദികള്‍ക്കെന്നപോലെ വൃക്ഷലതാദികള്‍ക്കും ജീവനുണ്ടെന്നും അവ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നുമുള്ള വസ്തുത മനുസ്മൃതി മുതലായ പല ഗ്രന്ഥങ്ങളിലുമുണ്ട്. കാമസൂത്രം മുതല്‍ മാതംഗലീല വരെയുള്ള ശാസ്ത്രങ്ങള്‍ വിശ്വവിശ്രുതമായ ഭഗവദ്ഗീത, വേദോപനിഷത്തുകള്‍, സ്മൃതികള്‍, ഭരതമുനിയുടെ നാട്യശാസ്ത്രം എന്നിവ സംസ്‌കൃതത്തിന്റെ ശാശ്വത ഖനികളാണ് എന്തിനധികം, കംപ്യൂട്ടറിന് സംസ്‌കൃതംപോലെ ഉപയുക്തമായ മറ്റൊരു ഭാഷ ലോകത്തില്ലാ എന്ന് ഈ അടുത്തകാലത്ത് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സംസ്‌കൃതം അമൃതമായിത്തന്നെ നിലനില്‍ക്കും.
No comments:
Post a Comment