Monday, December 09, 2019

പൂന്താനത്തിന്റെ പുത്രന്‍

Monday 9 December 2019 5:25 am IST
ജീവിതമെന്ന യുദ്ധഭൂമിയില്‍  ആരാണ് നമ്മുടെ ശത്രുക്കള്‍? സഹജീവികളല്ല. മറ്റുജീവജാലങ്ങളോ പ്രകൃതിയോ   ഒന്നുമല്ല. കാമം, ക്രോധം, മോഹം, ലോഭം, മദം, മത്സരം ... ഇവരാണ് നമ്മുടെ ശത്രുക്ക . ഇവര്‍ നമ്മെ കീഴടക്കി അടിമകളാക്കി വച്ചിരിക്കുന്നു. ഇവരുടെ കീഴില്‍ ഇവരുടെ  കളിപ്പാവകളായി നമ്മള്‍  അബോധാവസ്ഥയില്‍  പേക്കൂത്തുകളാടികൊണ്ടേയിരിക്കുന്നു. ഇവരില്‍നിന്നും മോചിതരാകുക എന്നത്  വളരേ വിഷമകരമായ കാര്യമാണ്. ചിലര്‍ക്ക് അത് ചെറുപ്പത്തിലേ സാധ്യമാകും. (ഉദാ.. ധ്രുവന്‍, പ്രഹ്ലാദന്‍ ..).  ചിലര്‍ക്കത്  മരണംവരെയും  സാധ്യമാവുകയുമില്ല. ഇതില്‍നിന്നും മോചിതരാകുന്നതിനനുസരിച്ചു  നമുക്ക് നമ്മുടെ ഉള്ളിലുള്ള   ഈശ്വരശക്തി  തെളിഞ്ഞുകാണാനാകും. ഈ ആത്മജ്യോതിയുടെ  ചെറിയൊരു തെളിമ കാണാനായാല്‍ നമ്മള്‍ അതില്‍  കൗതുകമുള്ളവരാകും. പിന്നെ അതിലേക്ക്  അടുക്കുവാനുള്ള വെമ്പലാണ്. ഒരുപാടൊരുപാട് ഓടിത്തളരുമ്പോള്‍ കാണുന്ന അഭയസ്ഥാനത്ത് എത്തിച്ചേരാനുള്ള  പ്രയാണമാണത്.  അതിന് നമ്മുടെയുള്ളിലെ   ശക്തി  നമ്മെ സഹായിക്കും . ഇവിടെയാണ് നമ്മുടെ യഥാര്‍ത്ഥ ഭക്തി ആരംഭിക്കുന്നത് . 
പൂന്താനത്തിന്റെ  ഭക്തി  പരമഭക്തിയുടെ  തലത്തിലേക്ക്  രൂപാന്തരപ്പെടുകയായിരുന്നു .   അദ്ദേഹത്തിന്റെ ഉള്ളിലെ  മഹാശക്തി  അതിന്  വഴിയൊരുക്കുകയും ചെയ്തു. അനേകമനേകം രൂപങ്ങളുള്ള   ഈ ശക്തിയ്ക്ക് അദ്ദേഹം  നല്‍കിയ രൂപം ഗുരുവായൂരപ്പന്റേതായിരുന്നു. (ഈ ശക്തിയ്ക്ക് നമുക്ക് ഇഷ്ടമുള്ളൊരു രൂപം  കണ്ടെത്താം. അത്  അവരവരുടെ  ഇഷ്ടത്തിനനുസരിച്ചാണ്. ഒരു രൂപവും ഇല്ല എങ്കില്‍  ആ   അരൂപിയെയും /ശൂന്യതയെയും സ്വീകരിക്കാം) ആ രൂപത്തില്‍ മനസ്സുറപ്പിച്ചുകൊണ്ട്, ആ ശക്തിയില്‍ വിശ്വസിച്ചുകൊണ്ട് അദ്ദേഹം  ജീവിക്കുകയായിരുന്നു .
 അദ്ദേഹം കാമക്രോധാദികളില്‍നിന്നും  മെല്ലെ മോചിതനായിത്തുടങ്ങി .  അപ്പോഴും  അനപത്യതാദുഃഖം  അദ്ദേഹത്തില്‍  നിലനിന്നു .ആ ദുഃഖത്തിന്റെ ആഴവും പരപ്പും   നിശ്ചയിക്കുവാന്‍ എളുപ്പമല്ല.( കഴിഞ്ഞ ജന്മങ്ങളിലെ പാപഫലങ്ങളാണ് പുത്രദുഃഖത്തിന് കാരണമെന്ന് ഭഗവാന്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.)
ഇരുപതാം വയസ്സില്‍ വിവാഹം കഴിഞ്ഞുവെങ്കിലും  ഏറെനാളത്തേയ്ക്കു പൂന്താനത്തിനു സന്തതിയുണ്ടായില്ല .  അതില്‍ മനസ്സുനൊന്ത്  അദ്ദേഹം  ഗുരുവായൂരപ്പനില്‍ അഭയംപ്രാപിച്ചു. ഇതിന്റെ ഫലമായി ജനിച്ച കുട്ടി ചോറൂണ് ദിവസം മരിച്ച കഥ നമുക്കൊക്കെ  അറിയാമല്ലോ. ചോറൂണ് കര്‍മ്മത്തിനു വന്ന വിരുന്നുകാരിലൊരാള്‍ തന്റെ  തുണികൊണ്ടുള്ള ഭാണ്ഡം  ഉറക്കിക്കിടത്തിയ കുഞ്ഞിനു മുകളില്‍ അറിയാതെ വച്ചു. പിന്നീട് വന്നവരും ആദ്യഭാണ്ഡത്തിനു മുകളില്‍ വച്ചു. അതിനടിയില്‍ക്കിടന്ന്  ശ്വാസം മുട്ടിയാണ് ആ കുഞ്ഞ് മരിച്ചത് . 
 ഈ ദുരന്തം പൂന്താനത്തെ വല്ലാതെ  വിഷമിപ്പിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും   അദ്ദേഹം  ഭഗവാനില്‍   വിശ്വസിച്ചു , ആശ്രയിച്ചു . നിസ്സംഗനായി ,നിര്‍വികാരനായി ആകെ തകര്‍ന്നിരിക്കുന്ന  പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. ''കര്‍മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം.'' 
 'എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?'. പൂന്താനം വിഷാദത്തോടെ ചോദിച്ചു. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു. 'പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.'ഭഗവാന്റെ ഈ  വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്തികൊണ്ടും, വാത്സല്യംകൊണ്ടും  മതിമറന്നു  .  ഭഗവാന്‍ തന്റെ ഒപ്പമുണ്ട് എന്നതാണ് അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പിച്ചത്. 
പുത്രദുഃഖമെല്ലാം  മറന്ന്  ആ നിമിഷം മുതല്‍  പൂന്താനം ഗുരുവായൂരപ്പനെ  മകനായി കാണുകയായിരുന്നു . അതിനുശേഷം  ഭജനയും  എഴുത്തുമൊക്കെയായി  പൂന്താനം  ഗുരുവായൂരമ്പലത്തില്‍  കഴിഞ്ഞുകൂടി. 'ജ്ഞാനപ്പാന'യുടെ രചന തുടങ്ങിയത് ഈ സന്ദര്‍ഭത്തിലായിരുന്നു.  പിന്നേയും  വളരെയധികം കീര്‍ത്തനങ്ങള്‍ എഴുതി ഭക്തിലഹരിയില്‍ മതിമറന്നു  ജീവിക്കുന്ന  പൂന്താനത്തിന്റെ  ആനന്ദാവസ്ഥ   അവര്‍ണ്ണനീയമായിരുന്നു.  എത്ര  ഈശ്വരസ്തുതികള്‍ എഴുതി എന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല.  അതൊക്കെ ഇനിയും പൂര്‍ണ്ണമായും കണ്ടെടുക്കാനായിട്ടില്ല. 'ജ്ഞാനപ്പാന' കഴിഞ്ഞാല്‍ പിന്നെ  ശ്രദ്ധേയമായ കൃതികള്‍ സന്താനഗോപാലം, ശ്രീകൃഷ്ണകര്‍ണ്ണാമൃതം (തൊണ്ണൂറാം വയസ്സില്‍ എഴുതിയതാണത്രെ)   എന്നിവയാണ്  . 
പൂന്താനത്തിന്  പിന്നെയും മക്കളുണ്ടാകുകയും  അധികകാലം കഴിയുംമുമ്പേ മരിച്ചുപോവുകയും  ചെയ്തുവെന്നും  മറ്റൊരു പക്ഷവും കാണുന്നു. അനുഭവിക്കാനുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം  ഭഗവാന്റെ അനുഗ്രഹത്താല്‍    പുത്രകളത്രാദികള്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ് അദ്ദേഹം ഭഗവദ്പാദങ്ങളില്‍ സായൂജ്യമടഞ്ഞത്  എന്ന വിവരണം   അത്ര വിശ്വസനീയമായി തോന്നുന്നില്ല.  പൂന്താനത്തിന്റെ കാലശേഷം  ആ ഇല്ലം  അദ്ദേഹത്തിന്റെ മരുമക്കളായ അവണൂര്‍ മനക്കാരുടെ കൈവശമായിരുന്നു എന്നതിനാണ് കൂടുതല്‍  സാധ്യതയുള്ളത്.  ഈയിടെ   ആ വംശവും  അന്യം നിന്നപ്പോള്‍  ഇല്ലം ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്തകാര്യം കഴിഞ്ഞഭാഗത്ത് പറഞ്ഞിരുന്നുവല്ലോ . 

No comments: