Monday, February 17, 2020

വിവേകചൂഡാമണി - 178

              29. രജോഗുണം--
          അതിന്റെ സ്വഭാവവും 
        പ്രവർത്തനവും (111-112)

     വിക്ഷേപശക്തീ
     രജസഃ ക്രിയാത്മികാ
     യതഃ പ്രവൃത്തിഃ
     പ്രസൃതാ പുരാണീ
     രാഗാദയോऽസ്യാഃ
     പ്രഭവന്തി നിത്യം
     ദുഖാദയോ യേ
     മനസോ വികാരാ.                (111)

   വിക്ഷേപശക്തി രജോഗുണത്തിന്റേതാണ് -- പ്രവൃത്തിയാണതിന്റെ സ്വഭാവം. ഇതിൽനിന്നാണ് പുരാതനകാലം മുതൽക്കേ സകല ക്രിയകളും പ്രവഹിക്കാൻ തുടങ്ങിയത്. മനസ്സിന്റെ വികാരങ്ങളായ രാഗാദിവൃത്തികളും ദുഃഖാദിഭാവങ്ങളും സദാ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതിൽനിന്നുതന്നെ.

     മായയുടെ രജോഗുണമാണ് മനസ്സിൽ വിക്ഷേപങ്ങൾ സൃഷ്ടിക്കുന്നത്. അതായത് മായ, മനസ്സിലൂടെ വിക്ഷേപശക്തിയായി
പ്രകടമാവുന്നുവെന്നർത്ഥം. മനസ്സിനെ അസ്വസ്ഥമാക്കുന്ന മായയുടെ രജോഗുണത്തിൽ നിന്നാണ് സകല ക്രിയകളും ഉത്ഭവിക്കുന്നത്.

     രജോഗുണത്താൽ പ്രക്ഷുബ്ധമായ മനസ്സ് കർമ്മോന്മുഖമാവുമ്പോൾ നാം ബാഹ്യലോകത്ത് പ്രവൃത്തികൾ ചെയ്യേണ്ടിവരുന്നു. മനസ്സ് ശാന്തമായാൽ കർമ്മങ്ങളെല്ലാം നിലയ്ക്കുകയും ചെയ്യും.
ഗാഢസുഷുപ്തിയിൽ മനസ്സ് ശാന്തമായി വിശ്രമം കൊള്ളുന്നു.
അതിനാൽ ഒരു കർമ്മവും നടക്കുന്നില്ല. മനസ്സ് കർമ്മോന്മുഖമാവുമ്പോഴേ പ്രവൃത്തികൾ സംഭവിക്കുന്നുള്ളൂ എന്നർത്ഥം. ഓരോ പ്രവൃത്തിയും ആദ്യമായി മനസ്സിലാണ് രൂപം കൊള്ളുന്നത്. വിഷയവസ്തുക്കളുമായുള്ള സംഗം ഹേതുവായി, അവയിൽ രാഗം കൂടിക്കൂടിവരും. ഇഷ്ടവസ്തു കിട്ടാനുള്ള സാദ്ധ്യത ഇല്ല എന്നൊരു തോന്നലുണ്ടായാൽ മതി; മനസ്സ് അശാന്തമാവുകയായി. രാഗം
രൂഢമായിത്തീർന്ന് കാമം മനസ്സിനെ മഥിക്കാൻ തുടങ്ങും. അത് നിറവേറ്റാൻ കർമ്മം ചെയ്യുകയല്ലാതെ ഗത്യന്തരമില്ല. മനസ്സിലുദിക്കുന്ന കാമത്തോട് മല്ലടിച്ച് ജയിക്കാൻ പ്രയാസം കൂടുകയാൽ പ്രായേണ മിക്കവരും അതിന് വഴങ്ങിക്കൊടുക്കുകയാണ് പതിവ്. നാനാവിധമായ കാമങ്ങളാൽ പ്രേരിതമായി ചെയ്യപ്പെടുന്ന കർമ്മങ്ങൾമൂലം
പല തരത്തിലുള്ള സംസ്കാരവിശേഷങ്ങൾ മനസ്സിലുണ്ടായിത്തീരുന്നു. അങ്ങനെയാണ് മനസിലെ ഭാവങ്ങൾക്കു വൈവിദ്ധ്യം സംഭവിക്കുന്നത്. അവയ്ക്കനുസൃതമായി, സുഖദുഃഖങ്ങൾ അനുഭവിക്കാനിടയാവുന്നു. ഇപ്രകാരം, ഓരോ വ്യക്തിയിലൂടെയും പ്രകടമാവുന്ന അവിദ്യയുടെ സ്വരൂപമത്രെ രജോഗുണം.

    രജോഗുണം മനസ്സിൽ വിക്ഷേപം സൃഷ്ടിക്കുന്നു. തത്ഫലമായി, ബാഹ്യലോകത്തിൽ നാം കർമ്മം ചെയ്യേണ്ടിവരുന്നു. മനസ്സിലെ രാഗാദിവൃത്തികൾക്കും ദുഃഖാദ്യനുഭവങ്ങൾക്കും ഇതുതന്നെ കാരണം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: