Monday, February 10, 2020

വിവേകചൂഡാമണി - 58
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

പരമാത്മതത്ത്വത്തെ സാക്ഷാത്കരിക്കുക

ശ്ലോകം 84

ശരീര പോഷണാർത്ഥി സൻ യ ആത്മാനാം ദിദ്യക്ഷതേ 
ഗ്രാഹം ദാരുധിയാ ധൃത്വാ നദീം തർത്തും സ ഇച്ഛതി

ശരീര പോഷണത്തിൽ മാത്രം താല്പര്യമുള്ളവനായി ആത്മാവിനെ സാക്ഷാത്കരിക്കാമെന്നു വിചാരിക്കുന്നയാൾ മുതലയെ മരത്തടിയെന്നു കരുതി അതിൽ കയറി നദിയെ മറികടക്കാൻ നോക്കുംപോലെയാണ്.

ദേഹത്തിലുള്ള ആസക്തിയെ വച്ചുപുലർത്തുന്നയാൾക്ക് സംസാര സാഗരം മറികടക്കുക പ്രയാസമാണ്. ശരീരത്തെ സംരക്ഷിക്കാനും സുഖിപ്പിക്കാനുമായി ഇന്ദ്രിയാരാമനായി ജീവിക്കുന്നത് വളരെ അപകടകരമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു. ദേഹാഭിമാനിയായയാൾ ഞാൻ ഈ ദേഹമാണ് എന്ന് തെറ്റിദ്ധരിക്കും.  ദേഹത്തിനു വേണ്ട സുഖസൗകര്യങ്ങൾ ചെയ്തു കൊടുക്കലാണ് വേണ്ടതെന്നു കരുതി അതിനു ജീവിതം തന്നെ ബലി കൊടുക്കേണ്ടി വരും. ദേഹാസക്തിയോടെ ജീവിച്ച് സംസാരത്തെ മറികടക്കണമെന്നാഗ്രഹിക്കുന്നത് വെള്ളത്തിൽ കിടക്കുന്ന മുതലയെ കണ്ട് പൊങ്ങുതടിയെന്ന് കരുതി അതിൽ കയറി പുഴ കടക്കാൻ ആഗ്രഹിക്കുന്നതു പോലെയാണ്.  മുതലപ്പുറത്ത് കയറിയാൽ അത് മരണത്തിലേക്കുള്ള കാൽവയ്‌പ്പ് ആവും. ഒന്നുകിൽ മുതല വിഴുങ്ങാം, അല്ലെങ്കിൽ മുങ്ങിച്ചാകാം; എന്തായാലും അപകടം തന്നെ.

ശ്ലോകം 85

മോഹ ഏവ മഹാമൃത്യുർമുമുക്ഷോർവ പുരാദിഷു
മോഹോ വിനിർജ്‌ജിതോ യേന സ മുക്തിപദമർഹതി

മോക്ഷം ആഗ്രഹിക്കുന്നവർക്ക് ശരീരം മുതലായവയിലെ ആസക്തിയാണ് മഹാമൃത്യു. വ്യാമോഹം മുഴുവൻ നീങ്ങിയ സാധകൻ മുക്തിപദത്തിന് അർഹനാണ്.

ഞാൻ ശരീരമാണ്, മനസ്സാണ്, ബുദ്ധിയാണ് എന്നിങ്ങനെയുള്ള തോന്നലുകളെല്ലാം തെറ്റിദ്ധാരണ മൂലമാണ്. ഞാൻ എന്നും എന്റെ എന്നുമുള്ള അബദ്ധ ധാരണകൾ മരണത്തിലേക്ക് നയിക്കും.  ഈ വ്യാമോഹം ഇന്ദ്രിയവിഷയങ്ങളുടെ പിടിയിൽ അകപ്പെടാൻ കാരണമാകും.  അതിനാൽ, ഈ തെറ്റിദ്ധാരണകൾ നീങ്ങാനും അവയിൽനിന്ന് വിമുക്തനായി തന്റെ സ്വരൂപമായ പരമാത്മതത്ത്വത്തെ സാക്ഷാത്കരിക്കാനും സാധകർക്ക് കഴിയണം.  ധ്യാനാഭ്യാസത്തിൽ നിന്നും സാധകരെ ഇളക്കുന്നതാണ് ദേഹാസക്തിയുൾപ്പടെയുള്ള സകല വ്യാമോഹങ്ങളും. അതുകൊണ്ടാണ് ഇതിനെ മഹാമൃത്യു എന്നു വിശേഷിപ്പിച്ചത്.

ശ്ലോകം 86

മോഹം ജഹി മഹാമൃത്യും ദേഹ ദാരസുതാദിഷു
യം ജിത്വാ മുനയോ യാന്തി തദ്‌ വിഷ്ണോഃ പരമം പദം 

ദേഹം, ഭാര്യ, പുത്രൻ തുടങ്ങിയവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ ജയിക്കൂ.  ദേഹം മുതലയാവയിലുള്ള മോഹം വെടിഞ്ഞ് മുനികൾ പരമമായ വിഷ്ണുപദത്തിലെത്തുന്നു.

ദേഹം എന്നാൽ ദഹിച്ചുപോകുന്നത് . ജീവിച്ചിരിക്കുമ്പോൾ ആധിവ്യാധികളാലും, മരണശേഷം ശവദാഹം നടത്തുമ്പോഴും ദഹിച്ച് ഇല്ലാതാകുന്നതാണ് ദേഹം.  സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും ഉൾപ്പെടെയാണ് ദേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ദേഹത്തിലുള്ള അഭിമാനം വെടിയണം എന്നുപറഞ്ഞാൽ ശരീരം, മനസ്സ്, ബുദ്ധി എന്നിവകളിലുള്ള താദാത്മ്യത്തെയും അഭിമാനത്തെയും ഉപേക്ഷിക്കണം എന്നർത്ഥം.

ഭാര്യ എന്നതുകൊണ്ട് വിവാഹം കഴിച്ച സ്ത്രീ എന്നുമാത്രമല്ല അർത്ഥം. സ്വന്തം സുഖത്തിനുവേണ്ടി നാം ആരെ ആശ്രയിക്കുന്നുവോ അവരാണ് ഭാര്യ. നമ്മളെ ആശ്രയിച്ചുകഴിയുന്നവർ മക്കൾ. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ പരസ്പരാശ്രയത്തിനെയാണ് ദാരസുതന്മാർ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദേഹത്തിലും ഭാര്യാമക്കളിലുമുള്ള മോഹത്തെ വെടിഞ്ഞാൽ മഹാമൃത്യുവിനെ ജയിക്കാം.

ദേഹം മുതലായവയലിലുള്ള അഭിമാനം വെടിഞ്ഞ മുനിമാർ വിഷ്ണുവിന്റെ പരമപദത്തെ നേടിയിട്ടുണ്ട്. വിഷ്ണുപദം എന്നാൽ പരമാത്മാവിലെത്തുക എന്നതുതന്നെയാണ്. മുനിമാർ എന്നാൽ മനനശീലരായവർ; നിത്യമായതിനെയും അനിത്യമായതിനെയും വേണ്ടതുപോലെ വിചാരം ചെയ്യുന്നവരാണ്. അവർ വിവേകത്തോടെ ലോകവ്യവഹാരം ചെയ്ത് പരമപദത്തിലെത്തിച്ചേരും.

No comments: