Saturday, February 15, 2020

വിവേകചൂഡാമണി - 63
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് മനസ്സ്

അന്തഃകരണം

അടുത്ത രണ്ട ശ്ലോകങ്ങളിലായി അന്തഃകരണത്തെ വിവരിക്കുന്നു.

ശ്ലോകം 93
നിഗദ്യതേ/ന്തഃകരണംമനോധി-
രഹംകൃതിശ്ചിത്തമിതി സ്വവൃതിഭിഃ
മാനസ്തു സങ്കല്പ വികല്പനാഭിർഃ
ബുദ്ധിഃ പദാർത്ഥദ്ധ്യവസായ ധർമ്മതഃ.  താല്പര്യമുള്ള

ശ്ലോകം 94
അത്രാഭിമാനാദഹമിത്യാഹംകൃതിഃ
സ്വാർത്ഥാനുസന്ധാന  ഗുണേന ചിത്തം

പ്രവർത്തനത്തിനനുസരിച്ച് അന്തഃകരണത്തെ മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിങ്ങനെ നാലായി തിരിക്കുന്നു.  സങ്കല്പ വികല്പങ്ങൾ ഉള്ളത് മനസ്സ്.  ഒന്ന് വസ്തു എന്നതാണെന്ന് ഉറപ്പിക്കുന്നത് ബുദ്ധി.  ഇവയിൽ താദാത്മ്യം കാരണം അഭിമാനിക്കുന്നത് അഹംകാരം. താല്പര്യമുള്ള വസ്തുക്കളെ സ്മരിക്കുന്നത് ചിത്തം എന്നും പറയുന്നു.

അന്തഃകരണം എന്നാൽ ഉള്ളിലെ ഉപകരണം എന്നർത്ഥം. കഴിഞ്ഞ ശ്ലോകത്തിൽ
ബാഹ്യകരണങ്ങളെക്കുറിച്ചാണ് പറഞ്ഞത്.  ഇവയ്ക്ക് വേണ്ടവിധം പ്രവർത്തിക്കണമെങ്കിൽ അന്തഃകരണത്തിന്റെ സഹായം അത്യാവശ്യമാണ്.

അന്തഃകരണത്തിന്റെ പ്രവർത്തനം അഥവാ വൃത്തി പ്രധാനമായും നാല് താരത്തിലായതിനാലാണ് ഈ തരംതിരിവ്.

അന്തഃകരണത്തിന്റെ ഒരു ഭാഗമായ മനസ്സാണ് ഇന്ദ്രിയങ്ങൾക്ക് അവയുടെ പ്രവർത്തനം നന്നായി നടത്താൻ സഹായിക്കുന്നത്.

ഒരു വസ്തുവിനെ ശരിക്കും കാണണമെങ്കിൽ കാഴ്ചയുണ്ടായാൽ മാത്രം പോരാ, മനസ്സ് കൂടി അതിന്റെ കൂടെ വേണം.  അതുപോലെ കേൾക്കാനും തൊട്ടറിയാനും രുചിക്കാനും മണക്കാനുമൊക്കെ.

മനസ്സിനെ സങ്കല്പ വികല്പങ്ങളുടെ സ്ഥാനമായി പറയുന്നു. വളരെയേറെ വിചാരിക്കുകയും സംശയത്തോടെയായിരിക്കുകയും ചെയ്യുന്നതാണത്. സംശയാത്മികതയാണ് മനസ്സ് എന്നാണ് അറിയപ്പെടുന്നത്.

സംശയങ്ങളാൽ ഇളകി മറിയുന്ന തരത്തിലാണ് മനസ്സ്.  അത് ചിന്തകളുടെ പ്രവാഹംകൂടിയാണ്. അന്തഃകരണം മനസ്സിന്റെ ഭാവത്തിലിരിക്കുമ്പോൾ തീരുമാനമെടുക്കാനോ നിശ്ചയിച്ച് ഉറപ്പിക്കാനോ കഴിയില്ല.

അന്തഃകരണം തന്നെ നിശ്ചയരൂപത്തിലാവുമ്പോൾ അതിനെ ബുദ്ധി എന്നുപറയുന്നു.  തീരുമാനമെടുക്കാൻ, നിശ്ചയിച്ച് ഉറപ്പിക്കൽ, വിലയിരുത്തൽ, വേർതിരിച്ചറിയൽ തുടങ്ങിയവയാണ് ബുദ്ധിയുടെ പ്രവർത്തനം. ഓരോ വസ്തുവിനെയും നല്ലതുപോലെ തിരിച്ചറിയാൻ ബുദ്ധി വേണം.

സംശയവും നിശ്ചയവും നമ്മുടെ ഉള്ളിൽ തന്നെയാണ് നടക്കുന്നത്.  എന്തെങ്കിലുമൊന്നിനെക്കുറിച്ച് ആദ്യം സംശയിക്കും.  പിന്നീട് നന്നായി പരിശോധിച്ച് നിശ്ചയിക്കാം. ഇത് വിവേകത്തിന്റെ രീതിയാണ്. എപ്പോഴും സംശയമോ ചാടിക്കേറി തീരുമാനത്തിലെത്തുന്നതോ ഉചിതമല്ല.

സംശയവും നിശ്ചയവും ഒരേ വ്യക്തിയിലാണ് നടക്കുന്നത്.  ഇതു രണ്ടും തന്റേത് എന്ന് അഭിമാനിക്കുന്നു.  മനോബുദ്ധികളിലെ താദാത്മ്യഭാവമാണ് അഹംകാരത്തിന്റെ സ്വരൂപം. ഞാൻ... ഞാൻ... എന്നെപ്പോഴും തോന്നിപ്പിച്ചുകൊണ്ടേയിരിക്കും.  ഞാൻ എന്ന ഭാവം അത് ചെയ്യുന്നതിലും അനുഭവിക്കുന്നതിലുമൊക്കെ നിഴലിക്കും. അഹം കർത്താ അഹങ്കാരാ.  ഞാൻ ചെയ്യുന്നു എന്നത് അഹങ്കാരം.

മനസ്സിന്റെയും ബുദ്ധിയുടെയും പ്രവർത്തനം ശരിയാകണമെങ്കിൽ മുമ്പ് നടന്നവയെക്കുറിച്ച് ഓർമ്മ വേണം.  അതിനാൽ പൂർവ്വ സ്മരണയെ തരുന്നതാണ് ചിത്തം.  അത് നിരന്തര സ്മരണയായിരിക്കണം. നമ്മുടെ മനസ്സിനെയും ബുദ്ധിയെയും അഹങ്കാരത്തെയും കുറിച്ചുള്ള ബോധമാണ് ചിത്തം.  ചിന്തിക്കാൻ കഴിയുന്നതാണ് ചിത്തം. ചിന്തന കർതൃ ചിത്തം; ചിത്തത്തിലാണ് ചിന്തകളും ആലോചനകളുമൊക്കെ നടക്കുന്നത്. ഇത് മുൻ സ്മരണയുടെ അടിസ്ഥാനത്തിലാകും.  സ്മരണ നിരന്തരമുണ്ടായാലേ നമ്മുടെ ജീവിതം സുഗമമായി മുന്നോട്ടുപോകൂ.  മനസ്സിന്റെയും ബുദ്ധിയുടെയും പ്രവർത്തനം പോലും ചിത്തത്തെ ആശ്രയിച്ചാണ്.

മനസ്സ്, ബുദ്ധി, ചിത്തം എന്നീ മൂന്ന് പദങ്ങൾ പലപ്പോഴും പര്യായ രൂപത്തിൽ പല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും കാണാം. അവിടത്തെ സന്ദർഭവും ആവശ്യവും അനുസരിച്ച് ഈ മൂന്നിൽ ഏതെന്ന് അറിഞ്ഞ് അർത്ഥമെടുക്കണം.
Sudha Bharath 

No comments: