Monday, February 10, 2020

സനാതന ധർമ്മം
നാം എന്ന് പറയുന്നത് നമ്മുടെ ശരീരവും മനസ്സും കൂടി ചേർന്നതിനെയാണല്ലോ. ശരീരം എന്തെന്ന് നമുക്ക് അറിയാം. പഞ്ചഭൂതനിർമ്മിതിയാൽ രൂപപെട്ടത്. ഭൂമിയിലെ ആഹാരം, ജലം, വായു, അഗ്നി ഇവയുടെ സഹായത്താൽ നിലനിൽക്കുന്നത് . … എന്നാൽ ഈ മനസ്സ് എന്നത് എന്താണ്….?? നാം ദിവസവും പലപ്രാവശ്യം പറയുന്ന വാക്കുകളാണ്…’എനിക്കൊന്നും മനസ്സിലായില്ല….എന്റെ മനസ്സിനു വലിയ വിഷമം തോന്നുന്നു എന്നൊക്കെ.’ എന്നാൽ യഥാർഥത്തിൽ ഈ മനസിനെ വേർതിരിച്ചു മനസ്സിലാക്കാൻ നമുക്കാർക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം..
സൂക്ഷ്മമായി പരിശോധിച്ചാൽ ശുദ്ധമായ ബോധത്തിൽ നിന്നുയർന്നു വരുന്ന കുറെ ചിന്തകളാണ് ഈ മനസ്സെന്ന് കാണാം. ഈ ചിന്തകളും സത്വ രജ തമോ ഗുണ പ്രധാനങ്ങളാണ്.
ഈ ചിന്തകൾക്ക് പൊതുവെ നാല് തരം സ്വഭാവമുണ്ട്.
1) വികാരചിന്തകളാകുന്ന മനസ്സ്
2) അറിവ് നേടുന്ന ബുദ്ധി
3) ഓർമ്മകൾ സൂക്ഷിക്കുന്ന ചിത്തം
4) ഞാനെന്ന അഭിമാനം…അഥവാ അഹങ്കാരം….ഇവയാണത്.
ഇതിനെ നാല് അന്ത:കരണങ്ങൾ എന്ന് പറയുന്നു. ഇതിൽ മനസ്സും അഭിമാനവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനെ പൊതുവെ മനസ്സെന്നും, ബുദ്ധിയും ചിത്തവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനെ ബുദ്ധി എന്നും വിളിക്കുന്നു. നമ്മുടെ വ്യക്തിത്വം എന്ന് പറയുന്നത് ശരീരം, മനസ്സ്, ബുദ്ധി ഈ തലങ്ങളിലാണ് നിലനിൽക്കുന്നത്. ഈ മൂന്നിന്റെയും വികാസം ഒരുപോലെ സംഭവിക്കുമ്പോൾ ആ വ്യക്തി ശ്രേഷ്ഠനായിത്തീരുന്നു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ നമ്മളിന്ന് ശരീരത്തെയും, ബുദ്ധിയെയും മാത്രമേ വികസിപ്പിക്കാൻ ശ്രമിക്കുന്നുള്ളു. നമ്മുടെ നാടിന്റെ വികസനവും ഈ രണ്ട് തലങ്ങളിൽ മാത്രമാണ് നടക്കുന്നത്.
ശരീര വികാസത്തിനു വേണ്ട health clubs, hospitals, hotels മുതലായവയും hightech വിദ്യാഭ്യാസത്തിനു വേണ്ട സ്ഥാപനങ്ങളും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ നാം വളരെ പ്രാധാനപ്പെട്ട നമ്മുടെ മനസ്സിനെക്കുറിച്ചു മറന്നുപോയിരിക്കുന്നു. നമ്മുടെ മാനസിക വികാസത്തെ കുറിച്ച് നമ്മളിന്നും അജ്ഞരാണ്. നമ്മളെ തളർത്തുന്നതു മുഴുവൻ നമ്മുടെ മനസ്സാണെന്ന് നാം തിരിച്ചറിയുന്നില്ല. ഇന്ന് ലോകത്ത് നടക്കുന്ന സംഭവങ്ങളെല്ലാം വിശകലനം ചെയ്‌താൽ നമുക്കിത് മനസ്സിലാകും. പത്രങ്ങളിൽ വരുന്ന വാർത്തകൾ തന്നെ നോക്കൂ. പീഡനങ്ങളുടെയും, ക്രൂരതകളുടെയും, അഴിമതികളുടെയും, ആത്മഹത്യയുടെയും കഥകൾ. ഇത് ചെയ്യുന്നവരും, അനുഭവിക്കുന്നവരും എല്ലാം തന്നെ ശരീരശക്തിയിലും, ബുദ്ധിശക്തിയിലും ഉയർന്നു നിൽക്കുന്നവരുമാണ്. പക്ഷെ മനസ്സിന്റെ വൈകല്യം കൊണ്ട് ഓരോ നീചപ്രവർത്തികൾ ചെയ്യാനും മനസ്സിന്റെ ദൗർബല്യം കൊണ്ട് പല ക്രൂരതകളും, ദുഃഖങ്ങളും അനുഭവിക്കാനും ബാദ്ധ്യസ്ഥരാകുന്നു. ഇവിടെയാണ്‌ നമ്മുടെ ഭാരതീയ വേദസംസ്കാരത്തിന്റെ പ്രസക്തി.
ഭാരതീയ ഋഷീശ്വരന്മാർ മനസ്സിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചവരാണ്. അവർ ശരീരത്തെക്കാളും, ബുദ്ധിയെക്കാളും വിലമതിച്ചത് മനസ്സിനെയാണ്. നമ്മുടെ ശരീരത്തെ പ്രവർത്തിപ്പിക്കുന്നത് മനസ്സാണ്. ഈ ശരീരം എത്രതന്നെ ആരോഗ്യമുള്ളതായാലും അതിലെ മനസ്സ് തളർന്നാൽ ശരീരവും തളരും. അതുപോലെ നമ്മുടെ ബുദ്ധിയിൽ എത്രതന്നെ അറിവ് ശേഖരിച്ചു വെച്ചിട്ടുണ്ടെങ്കിലും അത്‌ പുറത്തേക്കു പ്രകടമാക്കുന്നതു മനസ്സിലൂടെയാണ്. ആ മനസ്സു കലുഷിതമാണെങ്കിൽ; ശാന്തമല്ലെങ്കിൽ; എത്രതന്നെ അറിവുണ്ടായാലും നമുക്കത് വേണ്ടവണ്ണം പ്രകടമാക്കാൻ കഴിയാതെ വരും

No comments: