വേദങ്ങളുടെ പ്രസക്തി
Friday 12 February 2016 8:06 pm IST
പ്രപഞ്ച രഹസ്യങ്ങള്‍ നേരിട്ടനുഭവിച്ച മഹര്‍ഷിവര്യന്മാര്‍ തങ്ങള്‍ക്ക് അനുഭവവേദ്യമായ മഹാസത്യത്തെ മാനവരാശിക്കായി പകര്‍ത്തിയ ജ്ഞാനസമുച്ചയത്തില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നതാണ് വേദങ്ങള്‍. വിദ് എന്നാല്‍ അറിവ്, വേദം എന്നാല്‍ അറിവിന്റെ ഭണ്ഡാരം. ഋഗ്വേദം:- സമസ്ത അറിവുകളും സ്ഫുടം ചെയ്യുന്ന വേദങ്ങളിലെ ആദ്യത്തേതായ ഋഗ്വേദം പഠനം ചെയ്ത് മനനം ചെയ്താല്‍ ജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കും. ആദി ദൈവിക പ്രമാണങ്ങളുടെ ആധാരശിലയായ ഋഗ്വേദത്തിലെ ഓരോ ഋക്കുകളും ദേവന്മാര്‍ക്കു നടത്തുന്ന അര്‍ച്ചനകളും സ്തുതികളുമാണ്. സല്‍കര്‍മവിജയവും ദുഷ്‌കര്‍മപരാജയവും ഈ വേദത്തില്‍ വിഷയമാകുമ്പോള്‍ നമുക്ക് മുമ്പില്‍ ദൃശ്യമാകുന്നത് സല്‍കര്‍മാനുഷ്ഠാനങ്ങളുടെ ആവശ്യകതയാണ്. ദേവത്വം വിജയിക്കുകയും അസുരത്വം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റു വേദങ്ങളെക്കാളും ഏതൊരു കാലത്തും ഏറ്റവും മുമ്പിലായിത്തന്നെ ഋഗ്വേദം സൂര്യനെപ്പോലെ തിളങ്ങുന്നു. ഇന്നു കണ്ടുവരുന്ന പുതിയ തലമുറയെ ശുദ്ധീകരിക്കാനുള്ള ഏക മാര്‍ഗം വേദങ്ങള്‍ പാഠ്യവിഷയമാക്കുക എന്നുള്ളതാണ്. അപ്പോള്‍ നമ്മുടെ പൈതൃകത്തെ പഠിക്കും സ്മരിക്കും ബഹുമാനിക്കും അഭിമാനം കൊള്ളും. യജുര്‍വേദം:- മനുഷ്യനിര്‍മിതമല്ലാത്തതെന്ന് അര്‍ത്ഥം വരുന്ന അപൗരുഷേയമായ വേദങ്ങളിലെ രണ്ടാമത്തേതാണ് യജുര്‍വേദം. വിശ്വസാഹിത്യത്തിലെ ആദ്യത്തെ സാഹിത്യസൃഷ്ടിയായ വേദങ്ങളിലെ യജുര്‍വേദം നമുക്ക് മുമ്പില്‍ ഒരിക്കലും അണയാത്ത ദീപമായി പ്രകാശിക്കുന്നു. നമ്മുടെ ജീവിതത്തില്‍ തെറ്റുകുറ്റങ്ങളില്ലാതെയും പ്രതിസന്ധികളിലും പ്രയാസങ്ങളിലും ദുഃഖങ്ങളിലും ഭീരുവിനെപ്പോലെ പകച്ചുനില്‍ക്കാതെ മുന്നോട്ടു കുതിക്കാന്‍ ഉള്ള ആത്മവീര്യവും ശൗര്യതയും സാഹസികതയും സംരക്ഷണവും നായകത്വവും യജുര്‍വേദജ്ഞാനം നമുക്ക് നല്‍കുന്നു, പഠിച്ച് മനനം ചെയ്യുന്ന വ്യക്തി പ്രാപഞ്ചിക ദാര്‍ശന വിധേയമാകുന്നു, ഉയര്‍ത്തപ്പെടുന്നു. അടിമത്വവും ഭീരുത്വവും വലിച്ചെറിഞ്ഞ് എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ അനന്തതയിലൂടെ സഞ്ചരിക്കേണ്ടതെന്ന് നാല്‍പ്പത് അധ്യായങ്ങളിലായി യജുര്‍വേദം നമ്മളെ പഠിപ്പിക്കുന്നു. സാമവേദം:- അസത്യത്തില്‍നിന്നും സത്യത്തിലേക്കും ഇരുളില്‍നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍നിന്നും അമരത്വത്തിലേക്കും നയിക്കുന്ന ചതുര്‍വേദത്തിലെ സംഗീതാത്മകമായ സാമവേദം. സംസാരസാഗരത്തില്‍ മുങ്ങിത്താഴാതെ നീന്താന്‍ തുഴയായും ചെറുതെങ്കിലും ഔന്നത്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ വേദത്തെ ശ്രീകൃഷ്ണ ഭഗവാന്‍ പറയുന്നത്- വേദാനാം സാമവേദ്യോളസ്മി എന്നാണ്. സംഗീതശാസ്ത്രത്തിന്റെ വികാസത്തിന് വിത്തുപാകിയ സാമവേദം പഠിച്ചാല്‍ ഹൃദയത്തില്‍ സുക്ഷിച്ചാല്‍ ഓരോരുത്തര്‍ക്കും ജീവിതവിജയമായി മുന്നോട്ടുപോകാവുന്നതാണ്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ആധുനിക ലോകത്ത് ഏറ്റവും ഭയപ്പെടുന്നതും ഔഷധം കണ്ടുപിടിച്ചിട്ടില്ലാത്തതും ആയ രോഗമാണ് വിഷാദരോഗം. ആരോടും സ്‌നേഹമോ മമതയോ കരുണയോ ഇല്ലാത്തതാണ് ഈ രോഗലക്ഷണം. ഈ രോഗത്തിന്റെ പ്രധാന ഔഷധം കൂടിയാണ് സംഗീതം (സാമവേദം). പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക ഓരോ പൗരന്റേയും ധര്‍മമാണ്. അഥര്‍വവേദം:- ജ്ഞാന സംസ്‌കൃതി മയവും ആദിമശക്തി സ്രോതസ്സും നാലാമത്തേതും അവസാനത്തേതും ആയ അഥര്‍വവേദം സര്‍വരക്ഷയുടെയും അറിവിന്റെയും സമാധാനത്തിന്റെയും ഈ കാലഘട്ടത്തിനാവശ്യവുമായ അറിവ് മനുഷ്യരാശിക്കു പകരുന്നതാണ്. ഋഷികള്‍ വെറും ദര്‍ശകര്‍ മാത്രമായി മാറി നില്‍ക്കുമ്പോള്‍ മനുഷ്യനാല്‍ നിര്‍മിക്കപ്പെടാത്ത അഥര്‍വവേദം ഈ പ്രപഞ്ചത്തിനും സകല ജീവരാശികള്‍ക്കും സംരക്ഷണ കവചം തീര്‍ത്തുതരുന്ന വരുന്ന തലമുറകളിലെ വിഷാദരോഗങ്ങളെയും ദുഃഖത്തെയും മാറ്റി തല്‍സ്ഥാനത്ത് സുഖത്തേയും ആനന്ദത്തെയും പ്രതിഷ്ഠിക്കാനാണ് ഈ വേദം ശ്രമിക്കുന്നത്. മാത്രമല്ല ഇരുട്ടില്‍നിന്നും പ്രകാശത്തിലേക്ക് നമ്മളെ നയിക്കുക കൂടി ചെയ്യുന്നു. യുഗങ്ങള്‍ നീണ്ട തപശ്ചര്യയിലൂടെ മഹാഋഷീശ്വര പരമ്പര തായ്‌വഴിയിലൂടെ നമുക്കു കൈമാറിയ ജ്ഞാന സ്രോതസ്സുകള്‍ എന്ന് നാം പഠിക്കുന്നുവോ, ലോകം പാഠ്യവിഷയമാക്കുന്നുവോ ഈ ലോകത്ത് അതിര്‍ത്തികളില്ല, യുദ്ധം ഇല്ല, ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന ഋഷി വാക്യം സത്യമാകും.
No comments:
Post a Comment