പരമശ്രേയസ്സിനുള്ള മാര്‍ഗങ്ങള്‍
Saturday 8 February 2020 6:47 am IST
വിഷയാശകള്ക്ക് പുറകെ പോകുന്നയാളുടെ മനസ്സ് അശുദ്ധവും കലങ്ങിമറിഞ്ഞതുമാകും. അയാള്‍ ഓരോ തടസ്സങ്ങളിലും അപകടങ്ങളിലും പെട്ടു പോകും. കാമവും അതേ തുടര്‍ന്നുണ്ടാകുന്ന ക്രോധവും മൂലം അയാളുടെ വിവേകം നഷ്ടപ്പെടും. ഇതിനെയാണ് മൃത്യു എന്ന് വിശേഷിപ്പിച്ചത്. വിഷയങ്ങള്‍ക്ക് പിന്നാലെയുള്ള പാച്ചിലില്‍ സ്വയം മറന്ന് പോകും. അത് അയാളുടെ പൂര്‍ണ്ണ നാശത്തിന് കാരണമാകും.
സജ്ജനങ്ങളും ഗുരുവും കാണിച്ചു തരുന്ന വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. അതിരു കടന്ന വിഷയാസക്തി ആരോഗ്യത്തെ നശിപ്പിക്കുകയും ശരീരം ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് ശരീരശാസ്ത്രവും പറയുന്നുണ്ട്. മൃത്യു എന്നത് ശരീരനാശത്തെ മാത്രമല്ല എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും കുറിക്കുന്നു. ഭോഗ ജീവിതം മൃഗീയ വികാരങ്ങളെ ഉണര്‍ത്തുകയും അധാര്‍മ്മിക പ്രവൃത്തികളിലേക്ക് നയിക്കുകയും ചെയ്യുന്നു. കാമനകളുടെ പിടിയില്‍പെട്ട് അധഃപതിച്ച് നശിക്കുന്നു.
ശ്രേയോ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന വഴിയാണ് സാധകര്‍ തിരഞ്ഞെടുക്കേണ്ടത്.സാധക ലോകത്തിന്റെ നന്മയെ മാത്രം ആഗ്രഹിക്കുന്ന സദ് ഗുരുവിന്റെ വാക്കുകളെ ഇവിടെ 'ഹിതസുജന ഗുരൂക്ത്യാ.. 'എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. സാധകരുടെ ഹിതത്തിനെ അഥവാ നല്ലതിനെ മാത്രം കാംക്ഷിക്കുന്നവരും സജ്ജനവുമാണ് സദ്ഗുരു. അദ്ദേഹത്തിന്റെ ഉപദേശത്തെ കേട്ട് അതിനെ ഉള്‍ക്കൊണ്ട് യുക്തിപൂര്‍വ്വം വിവേകവിചാരം ചെയ്ത് ലക്ഷ്യത്തിലേക്ക് കുതിക്കണം. ശിഷ്യന് യുക്തി യുക്തമായി മനനം ചെയ്യാനുള്ള അവസരത്തെ നല്കുന്നയാള് കൂടിയാകണം ഗുരു. ശിഷ്യന് തന്റെ ബുദ്ധിയെ ഗുരുവിന് അടിയറ വെയ്ക്കരുത്. കേട്ടതെല്ലാം അതേപടി വിശ്വസിക്കരുത്. സ്വയം നന്നായി മനനം ചെയ്യണം. സംശയങ്ങളെ ഇല്ലാതെയാക്കണം. ഇങ്ങനെ ആദ്ധ്യാത്മിക പാതയില്‍ മുന്നേറുന്നവര്‍ക്ക് പരമശ്രേയസ്സ് എന്ന ഫലം ഉറപ്പെന്ന് സത്യം ചെയ്യുന്നു.
ശ്ലോകം 82
മോക്ഷസ്യ കാംക്ഷാ യദി വൈ തവാസ്തി
ത്യജാതിദൂരാത് വിഷയാന്‍ വിഷം യഥാ
പീയൂഷവത് തോഷദയാക്ഷമാര്ജ്ജവ-
പ്രശാന്തിദാന്തീര്ഭജ നിത്യ മാദരാത്
മോക്ഷം വേണമെന്ന ആഗ്രഹം നിനക്ക് നല്ലപോലെയുണ്ടെങ്കില് വിഷയങ്ങളെ വിഷം എന്ന് കരുതി ദൂരെ വെടിയണം. സന്തോഷം, ദയ, ക്ഷമ, ആര്‍ജ്ജവം, ശമം, ദമം എന്നിവയെ അമൃതിനെപ്പോലെ എപ്പോഴും കൈക്കൊള്ളുകയും വേണം.
മോക്ഷത്തിന് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നവയാണ് വിഷയങ്ങള്‍. അവയെ 'വിഷം 'എന്ന് തന്നെ അറിയണം. എന്നിട് ഒരിക്കലും നമ്മിലേക്ക് വരാത്ത വിധത്തില്‍ ദൂരെ കളയണം. കുടിക്കാനെടുക്കുന്ന വെള്ളത്തിലോ മറ്റ് പാനീയങ്ങളിലോ ഭക്ഷണത്തിലോ വിഷം കലര്ന്നിട്ടുണ്ടെന്നറിഞ്ഞാല് അത് എത്ര വിശിഷ്ടമായാലും കഴിക്കില്ല. അത് ദൂരേക്ക് വലിച്ചെറിയാനും ഒരു മടിയുണ്ടാകില്ല.
വിഷയവസ്തുക്കള്‍ വളരെ ആകര്‍ഷകങ്ങളായി തോന്നാമെങ്കിലും അവയിലെ ആനന്ദം നിസ്സാരമെന്നറിഞ്ഞ് വിഷം പോലെ വെടിയണമെന്ന് ഗുരു ശിഷ്യനോട് പറയുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സ് കൊണ്ട് സ്മരിക്കുന്നയാള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട് നശിക്കും. വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ പിന്‍വലിച്ചാല്‍ വലിയ ആന്തര ശക്തിയെ നേടാനാകും. ഈ ശക്തി നല്ലതിലേക്ക് തിരിക്കണം. അല്ലെങ്കില്‍ മനസ് കൊണ്ട് വിഷയ സേവ ചെയ്യാനിടയാകും.
വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളേയും മനസ്സിനേയും പിന്‍വലിച്ചയാള്‍ സന്തോഷം, ദയ, ക്ഷമ, ആര്‍ജ്ജവം, ശമം, ദമം എന്നീ വിശിഷ്ട ധര്‍മ്മങ്ങളെ വളര്‍ത്തണം. അവസാനത്തേതൊഴികെ മറ്റുള്ളതെല്ലാം അന്തഃകരണ ധര്‍മ്മങ്ങളാണ്.ഇവയിലേതെങ്കിലും ഒരു ഗുണം വന്നാല്‍ മനസ്സ് പ്രസന്നമാകും. മറ്റ് ഗുണങ്ങളും കൂടെ വരും. ഇങ്ങനെ വളരെ കരുതലോടെയിരിക്കാനാണ് ശിഷ്യനോട് ഗുരു ഉപദേശിക്കുന്നത്.
No comments:
Post a Comment