ജാഗ്രദാദി മൂന്നവസ്ഥകളിലും ശരീരാദി മൂന്നു കാരണങ്ങളിലും, ശബ്ദാദി പഞ്ചവിഷയങ്ങളിലും കീഴൊതുങ്ങിനില്‍ക്കുന്നു വൃക്തിത്വം അല്ലെങ്കില്‍ ജീവത്വം. ഈ അവസ്ഥയെ ആക്രമിച്ച ഒരാള്‍ക്കു ജീവത്വമല്ല; ഈശ്വരത്വമാണുള്ളത്. ദിവ്യനും ഈശ്വരനുമായിക്കഴിഞ്ഞ മഹാത്മാവാണ് ജ്ഞാനം ഉപദേശിക്കാന്‍ പ്രാപ്തിയുള്ള ആചാര്യന്‍. ശിഷ്യന്റെ പല പ്രകാരത്തിലുള്ള കുറവുകളും ആചാര്യന്റെ അനുഗ്രഹത്താല്‍ തന്നെ നീങ്ങുന്നു. ശിഷ്യനെ പുരസ്ക്കരിച്ച് ആചാര്യന്റെ മനസ്സിലാണ് അനുഗ്രഹത്തിന്റെ സ്വരൂപം. ആ അലിവ് ആരില്‍ എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ വയ്യ.എങ്കിലും നിഷ്കളങ്കഭക്തിയും, പരമത്യാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശുശ്രൂഷ കൊണ്ട് ആരുടേയും മനസ്സലിയുമല്ലോ. അതിനാല്‍ അപ്രകാരമുള്ള ശുശ്രൂഷ കൊണ്ട് ഗുരുവിന്റെ അനുഗ്രഹത്തിനു പാത്രമായിത്തീരുകയും അപ്പോള്‍ ജ്ഞാനത്തിന്നധികാരം കൈവരികയും ചെയ്യുന്നുവെന്നാണഭിജ്ഞമതം.
ഈശ്വരത്വം കൈവന്ന ഗുരുവും, ഈശ്വരനും രണ്ടല്ല എന്നാണ് വൈദികസിദ്ധാന്തവും, സജ്ജനവിശ്വാസവും. അതിനാല്‍ ഗുരുവില്‍ ഒരിക്കലും മനുഷ്യബുദ്ധിയെ കരുതുകയാവട്ടെ, മനുഷ്യനോടെന്നപോലെ പെരുമാറുകയാവട്ടെ ചെയ്യരുത് ഈശ്വരന്റെ എല്ലാ സ്വരൂപങ്ങളും എപ്രകാരം ഒന്നുമാത്രമാണോ അതുപോലെ നാനാകാലദേശങ്ങളില്‍ ഭിന്നസ്വരൂപങ്ങളില്‍ പ്രകാശിക്കുന്ന ഗുരുനാഥന്മാരും ഒരേ ഈശ്വരന്‍ മാത്രമാണ്. അവരില്‍ ഭേദബുദ്ധിയുണ്ടാവരുതെന്നാണ് അഭിജ്ഞമതം. ഇപ്രകാരമുള്ള ഒരു ദേശിക പയ്യന്റെ കരുണയ്ക്കൊരാള്‍ പാത്രമായാല്‍ അവന്റെ അജ്ഞാനം നീങ്ങി എന്നു കരുതാം. ഇതൊഴിച്ച് ആത്മജ്ഞാനാനുഭൂതിക്ക് അന്യമാര്‍ഗ്ഗങ്ങളില്ലെന്നാണ് വൈദിക സിദ്ധാന്തം.
Read more: http://vetakorumakan.webnode.com/blog/