നിത്യവും ലളിതാസഹസ്ര നാമം ചൊല്ലുന്ന വീട്ടില്‍ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാവുകയില്ല. സര്‍വാഭീഷ്ടപ്രദായനിയായ ദേവി അവരെ സദാ കാത്തു രക്ഷിച്ചു കൊള്ളും എന്നാണ് വിശ്വാസം.
ആശ്രമികളും ഗൃഹസ്ഥാശ്രമികളുമായ ഏവര്‍ക്കും നിത്യോപാസനയ്ക്ക് ഏറ്റവും ഉത്തമം ലളിതാസഹസ്രനാമം പാരായണം ആണ്. നിത്യപാരായണത്തിലൂടെ ദാരിദ്ര്യാവസ്ഥയും രോഗദുരിതങ്ങളും ഒഴിഞ്ഞു പോകും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. ഇതിലെ ഓരോ നാമവും ഓരോ മന്ത്രം ആണ്. മറ്റു മൂര്‍ത്തികളുടെ സഹസ്രനാമങ്ങളില്‍ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കുന്നതായി കാണാം. എന്നാല്‍ ലളിതാ സഹസ്രനാമത്തില് ഒറ്റ നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ പാദവും അര്‍ത്ഥപൂര്‍ണവും വൃത്തബദ്ധവുമാണ്. മന്ത്രപ്രയോഗത്തില്‍ സ്തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നില്‍. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ഉപാസനയുടെ ലക്ഷ്യം.
നിത്യവും രാവിലെ സ്നാനം ചെയ്തു ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു തെളിയിച്ചു അതിന് മുന്നില്‍ സൗകര്യപ്രദമായ ആസനത്തില്‍ ഇരുന്നു കൊണ്ട് ധ്യാനശ്ലോകം ഭക്തിപൂര്‍വ്വം ജപിക്കണം. മനസ്സ് ഏകാഗ്രമാക്കണം. മനസ്സ് ലളിതാംബികയില്‍ ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. ഭസ്മമോ, കുങ്കുമമോ, രക്തചന്ദനമോ പ്രസാദമായി വയ്ക്കാം. ജപത്തിനു ശേഷം അല്പം എടുത്തണിയാം. അതിനുശേഷം പുഷ്പങ്ങള്‍ യഥാവിധി അര്‍ച്ചന ചെയ്തു നമസ്കരിച്ച ശേഷം എഴുന്നേല്‍ക്കാം. നാമം മനസ്സിലുറച്ചാല്‍ പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പം വീതം അര്‍ച്ചിക്കാം
എല്ലാദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നതും ഉത്തമ ഫലം നല്‍കും. അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമങ്ങളിലോ പൗര്‍ണമി, അമാവാസി ദിനങ്ങളിലോ ജപിക്കണം. ശരീരശുദ്ധി പാലിക്കണം. ഒറ്റയ്ക്ക് ജപിക്കുന്നത് വ്യക്തിപരമായ അഭിവൃദ്ധി നല്‍കും. കുടുംബ ഐശ്വര്യത്തിനു വേണ്ടി അംഗങ്ങള്‍ ഒരുമിച്ചിരുന്നു ജപിക്കുക. ലളിതാമന്ത്രത്തിന്റെ ശക്തി എല്ലാത്തിനും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാവുകകയും രോഗങ്ങള്‍ കുറഞ്ഞു തുടങ്ങുകയും ചെയ്യും.അതുവരെ അനുഭവിക്കാത്തൊരു ആനന്ദത്തില്‍ നാം ലയിക്കുന്നതായി തോന്നും. അര്ത്ഥംകൂടിയറിഞ്ഞു ജപിച്ചാല്‍ ജ്ഞാനം അത്ഭുതകരമായി വര്‍ധിക്കും. എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും. സമ്പത്തും, ഐശ്വര്യവും വര്‍ധിക്കും. ആയുസ്സും, ആരോഗ്യവും ലഭിക്കും. ആത്യന്തികമായ ലക്ഷ്യമാവട്ടെ മോക്ഷവും...janmabhumi
No comments:
Post a Comment