നമുക്കാവശ്യം കരുത്ത്, കരുത്താണ്. ആ കരുത്ത് നേടുവാനുള്ള ഒന്നാമത്തെ ചുവടുവെയ്പ് ഉപനിഷത്തുകളെ പൊക്കിപ്പിടിക്കയും, ‘ഞാനാത്മാവാണ്’ എന്നു വിശ്വസിക്കയുമത്രേ. ‘വാളിന് എന്നെ മുറിക്കാന്‍ വയ്യ: ആയുധങ്ങള്‍ക്കൊന്നും തുളയ്ക്കാന് വയ്യ: തീ എന്നെ എരിക്കില്ല: കാറ്റ് എന്നെ ഉണക്കില്ല: ഞാന്‍ സര്വശക്തന്, സര്വജ്ഞന്.’ അതുകൊണ്ട്, അനുഗൃഹീതങ്ങളും അനുഗ്രാഹകങ്ങളുമായ ഈ വാക്കുകള്‍ ഉരുവിടുക. നാം ദുര്‍ബ്ബലരാണെന്നു പറയരുത്. എന്തും ഏതും നമുക്കു ചെയ്യാന്‍ കഴിയും. നമുക്കു ചെയ്യാനാവാത്തതെന്തുണ്ട്? എല്ലാം നമുക്കു ചെയ്യാം. മഹനീയമായ അതേ ആത്മാവാണ് നമുക്കെല്ലാമുള്ളത്. നാമതില്‍ വിശ്വസിക്കുക. നചികേതസ്സിന്നെന്നപോലെ ശ്രദ്ധ (വിശ്വാസം) ഉണ്ടാവട്ടെ! തന്റെ അച്ഛന് യാഗം ചെയ്ത അവസരത്തിലാണ് നചികേതസ്സിനെ ശ്രദ്ധ ആവേശിച്ചത്. അതേ, എന്റെ ആഗ്രഹം ആ ശ്രദ്ധ നിങ്ങളിലോരോരുത്തനും ഉണ്ടാകണമെന്നാണ്. അപ്പോള്‍ നിങ്ങളിലോരോരുത്തനും ഭീമപരാക്രമനായി, വമ്പിച്ച മേധാശക്തിയൊത്ത വിശ്വപ്രകമ്പകനായി, എല്ലാതരത്തിലും അപരിമിതനായ ഈശ്വരനായി എഴുന്നേറ്റു നിലകൊള്ളും. നിങ്ങള്‍ അതാകണമെന്നത്രേ എന്റെ ആഗ്രഹം. ഉപനിഷത്തുകളില്‍നിന്നു കിട്ടുന്ന കരുത്ത് ഇതാണ്: അവിടെനിന്നു കിട്ടുന്ന ശ്രദ്ധ ഇതാണ്...Swami Vivekanandan.
No comments:
Post a Comment