Thursday, May 03, 2018

കേരളത്തിലെ ജ്യോതിഷം

ചില പ്രാചീനഗ്രന്ഥങ്ങള്‍

ജ്യോതിശ്ശാസ്ത്രത്തിനു കേരളത്തില്‍ പൂര്‍വ്വകാലം മുതല്ക്കുതന്നെ വളരെ പ്രചാരവും പ്രാമാണികതയും സിദ്ധിച്ചിട്ടുണ്ടു്. ആ ശാസ്ത്രത്തില്‍ കേരളീയര്‍ക്കുള്ള സര്‍വങ്കഷമായ ജ്ഞാനവും സുപ്രസിദ്ധമാണ്. അനവധി വിശിഷ്ടങ്ങളായ ജ്യോതിഷഗ്രന്ഥങ്ങള്‍ ഇവിടെ ഓരോ കാലത്തു് ഓരോ ദൈവജ്ഞന്മാര്‍ രചിച്ചിട്ടുണ്ടു്. അവയില്‍ അതിപ്രാചീനങ്ങളായ ദേവകേരളം, ശുക്രകേരളം, വരരുചി കേരളം, കേരളീയസൂത്രം മതലായവയുടെ കാലത്തെപ്പറ്റി വ്യവസ്ഥിതമായി ഒരനുമാനവും ചെയ്യുവാന്‍ തരമില്ല. ദേവ കേരളത്തില്‍
ʻʻകേരളേ വിഷയേ കശ്ചിദച്യുതോ നാമ ഭൂസുരഃ
ബൃഹസ്പതിം സമുദ്ദിശ്യ സ ചക്രേ തപ ഉത്തമംˮ
കേരളീയനായ അച്യുതന്‍ എന്ന ഒരു ബ്രാഹ്മണന്‍ ബൃഹസ്പതിതെ ഉദ്ദേശിച്ചു തപസ്സു ചെയ്യുകയും ബൃഹസ്പതി പ്രത്യക്ഷീഭവിച്ചു് എന്തു വരം വേണമെന്നു ചോദിച്ചതിനു് അതീതാനാഗതജ്ഞാനമുണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തതായും, അപ്പോള്‍ ആദികാലത്തില്‍ ശ്രീനാരായണന്‍ നാലുലക്ഷം ഗ്രന്ഥമായി രചിച്ച ജ്യോതിശ്ശാസ്ത്രം താന്‍ ദേവേന്ദ്രനുവേണ്ടി ഇരുപതിനായിരം ഗ്രന്ഥമായി സംഗ്രഹിച്ചു എന്നും അതില്‍ ജാതകസ്കന്ധം രണ്ടായിരം ഗ്രന്ഥമുണ്ടെന്നും അതു് ആ ഭക്തനു നല്കാമെന്നും ദേവഗുരു അരുളിച്ചെയ്തതായും പീഠികയില്‍ പ്രസ്താവന കാണുന്നു. പിന്നീടു് അച്യുതന്‍ ശ്രക്രനേയും ശ്രീപരമേശ്വരനേയും പ്രസാദിപ്പിച്ചു് അവര്‍ യഥാക്രമം നിര്‍മ്മിച്ച ആയിരം ഗ്രന്ഥവും രണ്ടായിരം ഗ്രന്ഥവും കൂടി വാങ്ങി അങ്ങനെ തന്റെ ശിഷ്യന്മാരെ ഗുരുമതവും ശുക്രമതവും സാംബശിവമതവും പഠിപ്പിച്ചുവത്രേ.
ശുക്രകേരളം പത്തധ്യായത്തിലുള്ള ഒരു ഗ്രന്ഥ‌മാണു്. അതിനു ഭൃഗുകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുകള്‍ കാണുന്നു. വരരുചികേരളത്തിനു ജാതകരഹസ്യമെന്നും കേരളനിര്‍ണ്ണയമെന്നുംകൂടി സജ്ഞകളുണ്ടു്. അതിന്റെ നിര്‍മ്മാതാവു വാക്യകാരനായ വരരുചിതന്നെ ആയിരിയ്ക്കാം.
ʻʻഭാഗ്യാധിപേ വിക്രമസ്ഥേ പാപാധിപസമന്വിതേ
പഞ്ചമാധിപവീക്ഷേണ ഇതി കേരളനിശ്ചയഃˮ
ʻʻകര്‍മ്മാധിപേ മേഷഗതേ ഭാഗ്യാധിപസമന്വിതേ
ബ്രഹ്മലോകം ഭവേത്തസ്യ ഇതി കേരളനിശ്ചയഃˮ
എന്നീ ശ്ലോകങ്ങള്‍ ആ ഗ്രന്ഥത്തിലുള്ളവയാണു്. കേരളീയസൂത്രവും ഫലഭാഗത്തെ പരാമര്‍ശിയ്ക്കുന്ന ഒരു ഗ്രന്ഥംതന്നെ. ഇവയ്ക്കെല്ലാം ഇന്നു കേരളത്തിലേക്കാള്‍ കൂടുതല്‍ പ്രചാരം കാണുന്നതു തമിഴ്‌നാട്ടിലും ആന്ധ്രദേശത്തിലുമാണു്.

പരഹിതം

ക്രി. പി. 682-ആമാണ്ടിടയ്ക്കു തിരുനാവായില്‍ വെച്ചുനടന്ന മാമാങ്കമഹോത്സവത്തില്‍ കേരളത്തിലെ ജ്യോത്സ്യന്മാര്‍ ആര്യഭടന്റെ പരഹിതഗണിതം സ്വീകരിച്ചു് അതു പരിഷ്കരിക്കുകയുണ്ടായി. ആര്യഭടാചാര്യന്‍ ക്രി. പി. 499-ല്‍ ആണു് തന്റെ ഗണിതഗ്രന്ഥം നിര്‍മ്മിച്ചതെന്നും അതിലേ ഗണനസമ്പ്രദായം രണ്ടു ശതകം കഴിയുന്നതിനുമുന്‍പു കേരളീയര്‍ക്കു പുതുക്കുവാന്‍ സാധിച്ചു എന്നും അറിയുന്നതു നമുക്കു് അഭിമാനഹേതുകമാണു്.

പ്രഥമഭാസ്കരാചാര്യന്‍

പ്രഥമഭാസ്കരാചാര്യന്‍ ഭാരതത്തിലേ പ്രാമാണികനായ ഒരു ഗണിതജ്ഞനാണു്. ക്രി. പി. 522-ല്‍ അദ്ദേഹം കര്‍മ്മനിബന്ധം എന്നുകൂടിപ്പേരുള്ള മഹാഭാസ്കരീയം നിര്‍മ്മിച്ചു. അതു കൂടാതെ ആര്യഭടീയത്തിനു് ഒരു വ്യാഖ്യാനവും ലഘുഭാസ്കരീയമെന്ന പേരില്‍ ആര്യഭടീയത്തിന്റെ ഒരു സങ്ഗ്രഹവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. ലീലാവതീകാരനായ ദ്വിതീയഭാസ്കരാചാര്യന്‍ ജീവിച്ചിരുന്നതു ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. പ്രഥമഭാസ്കരന്‍ ഒരു കേരളീയനായിരുന്നു എന്നാണു് ലൿനൗവിലേ ഏ എന്‍. സിങ്ങ് തുടങ്ങിയ പണ്ഡിതന്മാരുടെ പക്ഷം; അതിനു ചില ന്യായങ്ങളുമുണ്ടു്. അതു ശരിയാണെങ്കില്‍ ക്രി. പി. 682-ല്‍ നടന്ന കരണപരിഷ്കരണം ആശ്ചര്യജനകമല്ല.

ശങ്കരനാരായണന്‍

പ്രഥമഭാസ്കരന്റെ ലഘുഭാസ്കരീയത്തിനു ശങ്കരനാരായണന്‍ എന്ന ഒരു കേരളീയപണ്ഡിതന്‍ ശങ്കരനാരായണീയം എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ജന്മദേശം ʻകൊല്ലപുരിʼ എന്ന് ആ ഗ്രന്ഥത്തില്‍ കാണുന്ന കൊല്ലമാണു്. ഗ്രന്ഥത്തിന്റെ നിര്‍മ്മിതി ക്രി. പി. 869-നു സമമായ കൊല്ലം 44-ല്‍ ആണെന്നു് അദ്ദേഹംതന്നെ ʻʻശകാബ്ദാഃ പുനരിഹ ചന്ദ്രരന്ധ്രമുനിസംഖ്യയാ അസ്മാഭിരവഗതാഃˮ എന്ന പങ്‌ക്തിയില്‍ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. ʻʻകൊല്ലപുര്യാം വിഷുവച്ഛായയാ പഞ്ചദശ സംഖ്യാസമ്പാദിതരാശിപ്രമാണാഃകടപയാദ്യക്ഷരബദ്ധാഃ പഠ്യന്തേˮ എന്നും ʻʻക്രിയാദയഃ കൊല്ലപുരീസമുച്ഛ്റിതാഃ ക്രമോല്‍ക്രമേണൈവ ഭവന്തി രാശയഃˮ എന്നു ഉള്ള ഭാഗങ്ങളില്‍ കൊല്ലത്തെ സ്മരിച്ചിരിക്കുന്നു. രവിവര്‍മ്മാവെന്നും രാമദേവനെന്നും സൂര്യവംശജരായ രണ്ടു കേരളരാജാക്കന്മാരെപ്പറ്റിക്കൂടി ശങ്കരനാരായണന്‍ പ്രസ്താവിക്കുന്നു. അവരുടെ രാജധാനി മഹാേദയപുരം, അതായതു കൊടുങ്ങല്ലൂരായിരുന്നു. അവര്‍ ചേരചക്രവര്‍ത്തിമാരായിരുന്നു എന്നുള്ളതിനു സംശയമില്ല. 844-ല്‍ ആണു് രവിവര്‍മ്മാവു് അന്തരിച്ചതു്; അനന്തരം അദ്ദേഹത്തിന്റെ പുത്രനായ രാമദേവന്‍ അഭിഷിക്തനായി. രവിവര്‍മ്മകുലശേഖരന്‍ ഒരു വിശിഷ്ടമായ ഗണിതഗ്രന്ഥത്തിന്റേയും നിര്‍മ്മാതാവായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ രാജ്യഭാരകാലത്താണു് കൊല്ലവര്‍ഷം സ്ഥാപിതമായതു് എന്നു് ഉറപ്പിച്ചു പറയാം. രാമവര്‍മ്മാവു് പട്ടത്തു വാസുദേവഭട്ടതിരിയുടെ പുരസ്കര്‍ത്താവായിരുന്നു. ശങ്കരനാരായണന്റെ താഴെക്കാണുന്ന വാക്യങ്ങള്‍ പ്രകൃതത്തില്‍ അനുസന്ധേയങ്ങളാണു്.
(1) ʻʻഗോളാന്മഹോദയപുരേ രവിവര്‍മ്മദേവ–
സംബന്ധയന്ത്രവലയാങ്കിതരാശിചക്രാല്‍
ഭാനോഃകുളീരദശഭാഗഗതേ തുലാന്ത്യം
ലഗ്നം മയാ വിദിതമാശു വദേഹ കാലംˮ

(2)ʻʻശ്രീമന്മഹോദയപുരേ കുലശേഖരേണ
കര്‍ത്തും സഭാം കുശലശില്പിഭിരദ്യ രാജ്ഞാ
ആജ്ഞപ്തമാശു സമമണ്ഡലരൂഢസൂര്യ–
ച്ഛായാവശാല്‍ കഥയ ശക്രജലേശസൂത്രംˮ

(3)ʻʻഉക്തം കേരളവംശകേതുരവിണാ മദ്ധ്യാഹ്നശങ്കുപ്രഭാ–
ദേശേസ്മിന്‍ കിയതീതി രാശിഷു ഗതേ ഭാനൗ ക്രിയാദ്യാദിഷു
പ്രത്യേകം വിഗണയ്യ വത്സരശതം ഛായാപ്രമാണം ക്രമാല്‍
പ്രത്യക്ഷം ഹി ദിനദ്വയേന ഗണിത പത്രേ ലിഖിത്വാനയ.ʼʼ

(4) ʻʻരൂപാഗ്നിഭൂതഗദിതോക്ഷഗുണോ ദിനാര്‍ദ്ധേ
ഛായാ രവേഃ ഷഡൃതുഭിഃ പ്രമിതപ്രമാണാ
ഛായാര്‍ക്കമാശു വിഗണയ്യ ഗതം വദേതി
പ്രോക്തം നൃപേന്ദ്രരവിണാ കുലശേഖരേണ.ˮ

(5) ʻʻദേശാന്തരേ ക്വാപി ഗതസ്യ യസ്യ
തദ്ദേശസംഭൂതപലാവലംബൗ
ജ്ഞേയൗ കഥം തദ്ദിവസൗ വദേതി
ശ്രീമാനവോചദ്രവിവര്‍മ്മദേവഃˮ

(6) അസ്മിന്നര്‍ത്ഥേ രാജ്ഞാ കേരളവംശപ്രദീപേന കദാചില്‍
കുലശേഖരേണദമുക്തം.

(7) അത്രാപി ശ്രീരവിവര്‍മ്മദേവഃ കദാചിദ്ഗ്രഹയുദ്ധവി
ജ്ഞാന പ്രകടനാര്‍ത്ഥമാഹ
ʻʻചാപപ്രവിഷ്ടഗുരുസൗരിസമത്വകാലം
യാമ്യോത്തരം ഗമനമന്തരതഃ പ്രമാണം
ആചക്ഷ്വ സര്‍വമവഗമ്യ ഭടോക്തമാര്‍ഗ്ഗാ–
ദിത്യുക്തവാന്‍ രവിരശേഷനൃപാഭിവന്ദ്യഃ

(8) ...രിപുമഥനം കര്‍ത്തുകാമേന രാജ്ഞാ
ചാരൈര്‍വാര്‍ത്താം വിദിത്വാ രവികുലപതിനാ
രാമദേവേന ലഗ്നംˮ

(9) ʻʻപുത്രശ്രീരവിവര്‍മ്മനൃപതേര്‍ദ്ദീപ്താംശുവംശോദിതഃˮ
മഹോദയപുരത്തില്‍ രവിവര്‍മ്മദേവന്‍ ഒരു നക്ഷത്രബങ്കളാവു സ്ഥാപിച്ചിരുന്നതായും ഒന്നാമത്തെ ശ്ലോകത്തില്‍നിന്നും വെളിപ്പെടുന്നു. കേരളത്തില്‍ ജ്യോതിശ്ശാസ്ത്രത്തിനു ക്രി. പി. ഒന്‍പതാം ശതകത്തില്‍ എത്രമാത്രം അഭിവൃദ്ധി സിദ്ധിച്ചുകഴിഞ്ഞിരുന്നു എന്ന ശങ്കരനാരായണീയം സ്ഫടികസ്ഫുടമായി വിശദീകരിക്കുന്നു.
ഗോവിന്ദനെന്നു പേരുള്ള ഒരു ഭട്ടതിരി ജനിച്ചു. അദ്ദേഹത്തിന്റെ ഇല്ലം ഇപ്പോളില്ല. ʻʻരക്ഷേദ്ഗോവിന്ദമര്‍ക്കഃˮ എന്നതു ഭട്ടതിരിയുടെ ജനനകാലത്തേയും ʻʻകാളിന്ദീപ്രിയസ്തുഷ്ടഃˮ എന്നതു നിര്യാണകാലത്തേയും കുറിക്കുന്ന കലിദിനവാക്യങ്ങളാണെന്നു് ഐതിഹ്യമുള്ളതുകൊണ്ടു് അദ്ദേഹം കൊല്ലവര്‍ഷം 412-മുതല്‍ 470-വരെ (ക്രി. പി. 1237-95) ജിവിച്ചിരുന്നതായി കണക്കാക്കാവുന്നതാണു്. പരദേശത്തു പോയി കഞ്ചനൂരാഴ്വാര്‍ എന്ന പണ്ഡിതനില്‍നിന്നു ജ്യോതിഷത്തില്‍ ഉല്‍ഗ്രന്ഥങ്ങള്‍ അഭ്യസിച്ചതായും തിരിയെ വന്നു് ഒരു വ്യാഴവട്ടക്കാലം തൃശ്ശൂര്‍ വടക്കുന്നാഥനെ ഭജിച്ചതായും പുരാവൃത്തജ്ഞര്‍ പറയുന്നു. ഭട്ടതിരിയുടെ അമ്മയുടെ ഇല്ലം പാഴൂരായിരുന്നുവത്രേ. പാഴൂരില്‍ അദ്ദേഹത്തിനു ദൈവയോഗത്താല്‍ ഒരു കണിയാട്ടിയില്‍ പുത്രനുണ്ടായതായും ആ ഗൃഹത്തിലെ പടിപ്പുരയില്‍നിന്നു പ്രസ്തുത കുടുംബത്തിലെ കണിയാന്മാര്‍ പറയുന്നതെല്ലാം ഒത്തുവരട്ടെ എന്നനുഗ്രഹിച്ചിട്ടു് അദ്ദേഹം സമാധിയടഞ്ഞതായും കേട്ടുകേള്‍വിയുണ്ടു്. ആ പടിപ്പുരയില്‍ അദ്ദേഹത്തിന്റെ ഭൗതികപിണ്ഡം അടക്കം ചെയ്തിരിക്കുന്നു എന്നാണു ജനവിശ്വാസം. ഈ ഐതിഹ്യത്തില്‍ കഴമ്പില്ലെന്നും ജ്യോത്സ്യന്മാര്‍ എന്ന നിലയില്‍ പാഴൂര്‍ കണിയാന്മാര്‍ക്കു പ്രസിദ്ധി സിദ്ധിച്ചിട്ടു രണ്ടുമൂന്നു ശതകങ്ങളേ ആയിട്ടുള്ളൂ എന്നും ചിലര്‍ വാദിക്കുന്നുണ്ടു്. എന്നാല്‍ ആ വാദം പ്രസ്തുതവിഷയത്തിലുള്ള ഐതിഹ്യത്തെ പാടേ തിരസ്കരിക്കുന്നതിനു പര്യാപ്തമാകുന്നില്ല. ഭട്ടതിരിക്കും പാഴൂര്‍ പടിപ്പുരയ്ക്കും തമ്മില്‍ അഭേദ്യമായ ഏതോ ബന്ധമുണ്ടായിരുന്നു എന്നുള്ള വസ്തുത അനപലപനീയമായിത്തന്നെ അവശേഷിക്കുന്നു.

ഭട്ടതിരിയുടെ കൃതികള്‍

ഭട്ടതിരിയുടെ പ്രധാനകൃതി ʻദശാധ്യായിʼ എന്ന പ്രസിദ്ധമായ ജ്യോതിഷഗ്രന്ഥമാകുന്നു. വരാഹമിഹിരാചാര്യന്‍ അവന്തിദേശത്തില്‍ ക്രി. പി. ആറാം ശതകത്തില്‍ ജിവിച്ചിരുന്നു. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തില്‍ പ്രമാണഭൂതമായ ബൃഹജ്ജാതകം എന്ന ഗ്രന്ഥം ഇരുപത്താറധ്യായത്തില്‍ രചിക്കുകയുണ്ടായി. ʻസ്വല്പം വൃത്തിവിചിത്രമദ്ഭുതരസംʼ എന്നു് അഭിജ്ഞന്മാര്‍ പ്രശംസിച്ചിട്ടുള്ള ആ ഗ്രന്ഥത്തിലെ ആദ്യത്തെ പത്തധ്യായങ്ങള്‍ക്കു ഭട്ടതിരി നിര്‍മ്മിച്ച പ്രൗഢമായ വ്യാഖ്യാനമാണു് ʻദശാധ്യായി.ʼ വ്യാഖ്യാതാവു് ഉപക്രമിക്കുന്നതു് ഇങ്ങനെയാണ്–
ʻʻജ്യോതിശ്ശാസ്ത്രമിദം വിധായ വിപുലം ത്രിസ്കന്ധഭിന്നം പുരാ
ലോകാനാം മതിമാന്ദ്യതഃ കലിയുഗേ തല്‍പാതഭീത്യാ പുനഃ
സ്വല്പം തല്‍ സകലം തതോ രചിതവാനാദിത്യദാസാത്മജോ
ഭൂത്വാ യോ മിഹിരം വരാഹമിഹിരം നാമ്നാ നമസ്‌കുര്‍മ്മഹേ
വരാഹഹോരാശാസ്ത്രസ്യ വിജ്ഞാതോര്‍ത്ഥോഥ യോ മയാ
സ തു ശിഷ്യാവബോധാര്‍ത്ഥം സംക്ഷേപേണ വിലിഖ്യതേˮ.
ആദ്യത്തെ ശ്ലോകത്തില്‍ ഭട്ടതിരി വരാഹമിഹിരനെ സൂര്യനോടു് ഉപമിയ്ക്കുന്നു. ഗണിതം, സംഹിത, ഹോര ഇവയാണു് മൂന്നു സ്കന്ധങ്ങള്‍. രണ്ടാമത്തെ ശ്ലോകത്തിലെന്നപോലെ ഗ്രന്ഥാവസാനത്തിലും ʻʻനൈഷാ പാണ്ഡിത്യപ്രകടനായ കൃതാസ്വാവഗതാര്‍ത്ഥന്‍ മന്ദബുദ്ധയേ ശിഷ്യായോപദേഷ്ടുമേവˮ എന്നു ദശാധ്യായി നിര്‍മ്മിച്ചതിന്റെ ഉദ്ദേശത്തെപ്പറ്റി പ്രസ്താവിക്കുന്നു. പത്തു് അദ്ധ്യായങ്ങളുടെ വ്യാഖ്യാനമെഴുതിക്കഴിഞ്ഞപ്പോള്‍ അതിനുമേലുള്ള അദ്ധ്യായങ്ങളില്‍ കൂടുതലായൊന്നും ആചാര്യന്‍ പ്രസ്താവിച്ചിട്ടില്ലെന്നു തോന്നി അവയെ ഭട്ടതിരി സ്പര്‍ശിക്കാതെ വിട്ടുകളഞ്ഞു എന്നാണു് പഴമക്കാര്‍ പറഞ്ഞുവരുന്നതു്. ʻമൂഹൂര്‍ത്തരത്നംʼ മുതലായി വേറേയും ചില ജ്യോതിഷഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സ്ഫുടനിര്‍ണ്ണയതന്ത്രവിവൃതി എന്ന അവിജ്ഞാതകര്‍ത്തൃകമായ ഒരു ജ്യോതിശ്ശാസ്ത്രനിബന്ധത്തില്‍ താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങള്‍ കാണുന്നു–
ʻʻബ്രഹ്മാണം മിഹിരം വസിഷ്ഠപുലിശൗ ഗര്‍ഗ്ഗം മുനിം ലോമശം
ശ്രീപത്യാര്യഭടൗ വരാഹമിഹിരം ലല്ലഞ്ച മുഞ്ജാളകം
ഗോവിന്ദം പരമേശ്വരം സതനയം ശ്രീനീലകണ്ഠം ഗുരൂന്‍
വന്ദേ ഗോളവിദശ്ച മാധവമുഖാന്‍ വാല്മീകിമുഖ്യാന്‍ കവീന്‍ˮ
ബ്രഹ്മസൂര്യവസിഷ്ഠപുലിശലോമശാഃ പഞ്ച സിദ്ധാന്താചാര്യഃ; ഗര്‍ഗ്ഗസ്യാപി പഞ്ചസിദ്ധാന്തതുല്യകക്ഷ്യത്വാല്‍; ശ്രീപതിസ്സിദ്ധാന്തശേഖരാദീനാം കര്‍ത്താ; ലല്ലഃ ശിഷ്യധീവൃദ്ധി ദാഖ്യസ്യ തന്ത്രസ്യ കര്‍ത്താ; മുഞ്ജാളകോ മാനസസ്യ കര്‍ത്താ; ഗോവിന്ദോ മുഹൂര്‍ത്തരത്നാദികര്‍ത്താ; പരമേശ്വരോ ദൃഗ്ഗണിതാഖ്യസ്യ കരണസ്യ കര്‍ത്താ; തസ്യ തനയോ ദാമോദരാഖ്യഃ; തസ്യ ശിഷ്യശ്‌ശ്രീനീലകണ്ഠഃ തന്ത്രസങ്ഗ്രഹാദീനാം കര്‍ത്താ; മാധവോ വേലാരോഹാദീനാം കര്‍ത്താˮ. ബ്രഹ്മാവു്, സൂര്യന്‍, വസിഷ്ഠന്‍, പുലിശന്‍, ലോമശന്‍ ഇവര്‍ പഞ്ചസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കന്മാരാണു്. ബ്രഹ്മസിദ്ധാന്തത്തിനു പിതാമഹസിദ്ധാന്തമെന്നും ലോമശസിദ്ധാന്തത്തിനു രോമകസിദ്ധാന്തമെന്നുംകൂടി പേരുണ്ട്. പൗലിശം ഗ്രീസിലും, രോമകം റോമന്‍സാമ്രാജ്യത്തിലും ജനിച്ച സിദ്ധാന്തങ്ങളെന്നാണു് ആധുനികഗവേഷകന്മാരുടെ അഭിപ്രായം. സൂര്യ സിദ്ധാന്തവും സൂര്യന്‍ മയനു് രോമകത്തില്‍വച്ചു് ഉപദേശിച്ചതാണെന്നു കാണുന്നു. സിദ്ധാന്തശേഖരകര്‍ത്താവായ ശ്രീപതി, ശിഷ്യധീവൃദ്ധികര്‍ത്താവായ ലല്ലന്‍, മാനസകര്‍ത്താവായ മൂഞ്ജാളകന്‍ ഇവരെല്ലാം വിദേശീയര്‍തന്നെ. മുഹൂര്‍ത്തരത്നകാരനായ ഗോവിന്ദന്‍ ആര്യഭടീയവ്യാഖ്യാതാവായ ഗോവിന്ദസ്വാമിയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ദൃഗ്ഗണിതകര്‍ത്താവായ പരമേശ്വരന്‍നമ്പൂരിയേയും മറ്റും പറ്റി മേല്‍ പ്രതിപാദിക്കും. ദശാധ്യായിയുടെ മാഹാത്മ്യത്തെപറ്റി പ്രശ്നമാര്‍ഗ്ഗത്തില്‍ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു.
ʻʻഅദൃഷ്ട്വാ യോ ദശാധ്യായീം ഫലമാദേഷ്ട മിച്ഛതി
സമിച്ഛതി സമുദ്രസ്യ തരണം സ പ്ലവം വിനാ.ˮ
തൃപ്പറങ്ങോട്ടപ്പനെപറ്റി ഭട്ടതിരി രചിച്ചിട്ടുള്ളതും ദശാധ്യായിയുടെ അവസാനത്തിലുള്ളതുമായ ഒരു ശ്ലോകമാണ് താഴെച്ചേര്‍ക്കുന്നത്–
ʻʻസ്ഫുരതു ഭുജങ്ങ്ഗമഹാരം മമ ഹൃദി തേജോ മഹാവിഷാഹാരം
ശ്വേതാരണ്യേവിഹാരം ശ്വേതം ശീതാംശുശേഖരം ഹാരം.ʼʼ
ഇപ്രകാരം ക്രി. പി. 1300 വരെ സംസ്കൃത സാഹിത്യത്തെ പോഷിപ്പിച്ച കേരളീയരില്‍ പലരും മഹനീയന്മാരായിരുന്നു. അദ്വൈതവേദാന്തത്തില്‍ സര്‍വതന്ത്രസ്വതന്ത്രനായ ഭഗവല്‍പാദര്‍, പൂര്‍വമീമാംസയില്‍ പ്രഭാകരമിശ്രന്‍, നാടകത്തില്‍ശക്തിഭദ്രന്‍, യമകത്തില്‍ വാസുഭട്ടതിരി, സ്തോത്രത്തില്‍ വില്വമങ്‌ഗലത്തു സ്വാമിയാര്‍, ജ്യോതിഷത്തില്‍ തലക്കുളത്തു ഭട്ടതിരി ഇവര്‍ ഏതു പണ്ഡിതന്റെ മുക്തകണ്ഠമായ ശ്ലാഘയേയാണ് ആര്‍ജ്ജിക്കാത്തത്! കേരളത്തിന്റെ അന്യാദൃശമായ സല്‍കീര്‍ത്തി അവരാലും അവരെപ്പോലെയുള്ള മറ്റനേകം മഹാത്മക്കളാലും പണ്ടുപണ്ടേ പ്രതിഷ്ഠിതമായിട്ടുണ്ടെന്നുള്ള വസ്തുത നമുക്ക് അത്യന്തം ഹൃദയോത്തേജകമാകുന്നു.

കൃഷ്ണാചാര്യന്‍

കൃഷ്ണന്‍ എന്നൊരാചാര്യനാല്‍ വിരചിതമായി കൃഷ്ണീയം, അഥവാ ചിന്താജ്ഞാനം എന്ന പേരില്‍ ഒരു ജ്യോതിഷഗ്രന്ഥമുണ്ട്. ഇതില്‍ ആകെ മുപ്പത്തിരണ്ടധ്യായങ്ങളും ഒരു പരിശിഷ്ടവും അടങ്ങിയിരിക്കുന്നു. പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും ഈ ഗ്രന്ഥത്തെ കേരളീയര്‍ ഒരു പ്രമാണമായി സ്വീകരിക്കുന്നു; ഇതിന് അന്യാദൃശമായ പ്രചാരമാണ് കേരളത്തിലെങ്ങുമുള്ളത്.
ʻʻവ്യാകരണദിഷ്വങ്‌ഗേഷ്വവഗതതത്വസ്യദൈവശാസ്ത്രവിദ:
കൃഷ്ണസ്യ കൃതിശ്ചിന്താജ്ഞാനം കൃഷ്ണീയമിതി നാമ്നാʼʼ
എന്നു മുപ്പത്തിരണ്ടാമധ്യായത്തിന്റെ ഒടുവിലുള്ള പദ്യത്തില്‍ നിന്ന് അദ്ദേഹം ജ്യോതിഷത്തിന്നു പുറമേ വ്യാകരണം തുടങ്ങിയ വേദാങ്ഗങ്ങളിലും നിഷ്ണാതനായിരുന്നു എന്നു കാണാവുന്നതാണു്. ദേശമേതെന്നു അറിയുന്നില്ല.
ʻʻഅര്‍ത്ഥാനതിപ്രകീര്‍ണ്ണാന്‍ ഹോരാശാസ്ത്രാന്തരേഭ്യ ഉദ്ധൃത്യ
ഗ്രഥിതമിദമനപശബ്ദം ഹോരാശാസ്ത്രം സമാസേന.
അതിസംക്ഷേപോ ശക്യോ ജ്ഞാതും ഹ്യതിവിസ്തരോ മതിംഹന്തി;
യുക്തം പ്രമാണയുക്ത്യാ കൃതമിദമുഭയം പരിത്യജ്യˮ
എന്നീ പദ്യങ്ങളില്‍ ഗ്രന്ഥകാരന്‍ തന്റെ കൃതിക്കുള്ള വൈശിഷ്ട്യത്തെ പ്രഖ്യാപനംചെയ്യുന്നു. നഷ്ടപ്രശ്നം, മുഷ്ടിപ്രശ്നം മുതലായ പ്രശ്നങ്ങള്‍ പറഞ്ഞു് ഒപ്പിക്കണമെങ്കില്‍ കൃഷ്ണീയത്തിന്റെ സാഹായ്യം അപരിത്യാജ്യമാണെന്നു ദൈവജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ദേശമങ്ഗലത്തു ഉഴുത്തിരവാരിയര്‍ ഹോരാവിവരണത്തില്‍ കൃഷ്ണീയത്തെ സ്മരിക്കുന്നു. പ്രശ്നമാര്‍ഗ്ഗകാരനായ ഇടയ്ക്കാട്ടു നമ്പൂരി കൃഷ്ണീയത്തെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കുന്നു. ഇതുകൊണ്ടല്ലാം കൊല്ലം എട്ടാംശതകത്തിനു മുമ്പാണ് അതിന്റെ നിര്‍മ്മിതി എന്നു വ്യക്തമാകുന്നു. കുറേക്കൂടി ചുഴിഞ്ഞുനോക്കുകയാണെങ്കില്‍ കൃഷ്ണീയഹോരയെ ഉണ്ണിയിച്ചിചരിതം ചമ്പുവില്‍ സ്മരിച്ചുകാണുന്നതുകൊണ്ടു് കൊല്ലം അഞ്ചാംശതകത്തോളം പഴക്കവും അതിനു കല്പിക്കാവുന്നതാണു്. ഇടയ്ക്കാടു പറയുന്നതു ഇങ്ങനെയാണു്–
ʻʻഹോരാം വരാഹമിഹിരാസ്യവിനിര്‍ഗ്ഗതാം യേ
മാലമിവാദധതി ദൈവവിദസ്സ്വകണ്ഠേ,
കൃഷ്ണീയശാസ്ത്രമപി ഭര്‍ത്തൃമതീവ സൂത്രം,
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാˮ
മാലയേക്കാള്‍ മങ്ഗല്യസൂത്രം ഭര്‍ത്തൃമതിയായ സ്ത്രീ കണ്ഠത്തില്‍ ധരിക്കേണ്ടതു് അത്യവശ്യമാകയാല്‍ പ്രശ്നമാര്‍ഗ്ഗകാരന്റെ പക്ഷത്തില്‍ ഹോരാശാസ്ത്രത്തെ അപേക്ഷിച്ചു കൃഷ്ണീയ ശാസ്ത്രത്തിനു പ്രയാഗോപയോഗിത അധികമുണ്ടെന്നു വേണം വിചാരിക്കുവാന്‍. ഇടയ്ക്കാടു വീണ്ടും മറ്റൊരു ഘട്ടത്തില്‍ ʻʻതൈരാദൗ കൃഷ്ണീയേ ശാസ്ത്രേ സമ്യൿ പരിശ്രമഃ കാര്യഃˮ എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
കൃഷ്ണീയത്തിനു് ʻചതുരസുന്ദരീʼ എന്നൊരു പഴയ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.
ʻʻനത്വാ ത്രികാലതത്വജ്ഞം സര്‍ജ്ഞം ക്രിയതേ മയാ
വ്യാഖ്യാ കൃഷ്ണീയശാസ്ത്രസ്യ നാമ്നാ ചതുരസുന്ദരീˮ
എന്നു മാത്രമേ അദ്ദേഹം ആ വ്യാഖ്യാനത്തെപ്പറ്റി പറയുന്നുള്ളൂ. പുലിയൂര്‍ പുരുഷോത്തമന്‍നമ്പൂരിയുടെ ദൈവജ്ഞവല്ലഭ എന്ന വ്യാഖ്യാനം ആധുനികമാണു്.

ചില തന്ത്രഗ്രന്ഥങ്ങള്‍

പ്രയോഗമഞ്ജരി

കേരളത്തെപ്പോലെ ഒരിടത്തും വിശിഷ്ടങ്ങളും ബഹുമുഖങ്ങളുമായ തന്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ല. അവയില്‍ അത്യന്തം പ്രാചീനമായ ഒരു ഗ്രന്ഥമാണ് പ്രയോഗമഞ്ജരി. അതിന്റെ കാലം ഏതെന്നു പരിച്ഛേദിച്ചു പറയുവാന്‍ നിവൃത്തിയില്ലെങ്കിലും ക്രി. പി. പത്താമത്തേയോ പതിനൊന്നാമത്തേയോ ശതകത്തില്‍ ആയിരിക്കുമെന്നു് ഉദ്ദേശിക്കാം. എന്തെന്നാല്‍ 14-ആം ശതകത്തില്‍ ജിവിച്ചിരുന്ന വില്വമങ്ഗലത്തു സ്വാമിയാരുടെ ഗുരുനാഥനാണെന്നു് ഊഹിക്കാവുന്ന ഈശാനഗുരുദേവന്‍ അദ്ദേഹത്തിന്റെ ʻപദ്ധതിʼ എന്ന തന്ത്രഗ്രന്ഥത്തില്‍ പല അവസരങ്ങളിലും പ്രസ്തുത കൃതിയില്‍നിന്നു ശ്ലോകങ്ങളും മറ്റും പ്രാക്തനപ്രമാണരൂപത്തില്‍ ഉദ്ധരിക്കുന്നു.

പ്രണേതാവു്

പ്രയോഗമഞ്ജരിക്കു മഞ്ജരി എന്ന പേരിലാണു് അധികം പ്രസിദ്ധി. അതിന്റെ പ്രണേതാവു് രവി എന്നൊരു നമ്പൂരിയാണെന്നും അദ്ദേഹത്തിന്റെ പിതാമഹന്‍ ഭവത്രാതനും പിതാവു് അഷ്ടമൂര്‍ത്തിയും ആയിരുന്നു എന്നും താഴെ കാണുന്ന ശ്ലോകങ്ങളില്‍‌ പ്രസ്താവിച്ചിട്ടുണ്ടു്.
ʻʻശിവപുരസദ്ഗ്രാമജുഷാ വിദ്ധ്യര്‍പ്പിതസോമപാനശുദ്ധേന
കാശ്യപഗോത്രപ്രഭൂണാ മാഠരകുലാബ്‌ജ...വനഹംസേന
ചമ്പാതീരതടാകാരാമസ്ഥ (സ്ഥിത?) ശാസ്ത്രഗുപ്തേന
രവിണാ ഹരിപാദാബ് ജഭൃങ്ഗേണ രചിതാ കൃതിഃ
പ്രയോഗമഞ്ജരീ നാമ സംക്ഷേപകുസുമോജ്ജ്വലാˮ
രവി ഒരു ചോമാതിരിയും കാശ്യപഗോത്രജനും ആണെന്നും മങ്കര തീവണ്ടിയാപ്പീസിന്നു മൂന്നു നാഴിക വടക്കുള്ള ചെമ്പറക്കുളങ്ങരക്കാവിലെ ശാസ്താവാണു് അദ്ദേഹത്തിന്റെ പരദേവതയെന്നുംകൂടി ഈ ശ്ലോകങ്ങളില്‍ കാണാം. മാഠരകുലം കൊടുമണ്ട എന്ന ഇല്ലമാണെന്നു പ്രദ്യോതകാരന്‍ വിശദീകരിയ്ക്കുന്നു. ബഹുയാര്‍ജിയായിരുന്നു രവി എന്നും ആ വ്യാഖ്യാതാവു ചൂണ്ടിക്കാണിക്കുന്നു. സ്വകൃതിയെപ്പറ്റി ഗ്രന്ഥകാരന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു.
ʻʻഉദ്ദാമതാ ന വചസോ ന ച കൗതുകം മേ
ബുദ്ധേശ്ശിവസ്യ ന ച ബോദ്ധുമലം ഹി തത്ത്വം
ഹാസ്യോ ഭവാമി കരണേന നിബന്ധനസ്യ
സ്പഷ്ടം തഥാപി ഖലു ചോദയതീഹ ഭക്തിഃ.

ദുര്‍ജ്ഞേയാനി ബഹൂനി മന്ദമതിഭിസ്തന്ത്രാണി ഗൗരീപതേ–
രുദ്ഗീര്‍ണ്ണാനി മുഖാംബുജാദവികലസ്ത്വേകത്ര തേഷാം ക്രിയാഃ
നോക്താസ്തേന ശിവാഗമാംശ്ച നിഖിലാനുദ്വീക്ഷ്യ താസ്താഃ ക്രിയാഃ
സംക്ഷിപ്യ പ്രവദാമി യാശ്ച വിഹിതാ ലിങ്ഗപ്രതിഷ്ഠാവിധൗ.ˮ
ശൈവാഗമങ്ങളുടെ സംക്ഷേപമാണു് മഞ്ജരിയെന്നു് ഈ പ്രസ്താവനയില്‍ നിന്നു വിശദമാകുന്നുണ്ടല്ലോ. ആകെ ഇരുപത്തൊന്നു പടലങ്ങളാണു് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിയ്ക്കുന്നതു്. രവിയുടെ ശ്ലോകങ്ങള്‍ക്കു നല്ല രചനാസൗഷ്ഠവമുണ്ട്.

പ്രദ്യോതം

പ്രദ്യോതം പ്രയോഗമഞ്ജരിയുടെ വിസ്തൃതവും മര്‍മ്മസ്‌പൃക്കുമായ ഒരു വ്യാഖ്യാനമാണു്. നാരായണന്റെ പുത്രനായ ത്രിവിക്രമന്‍ എന്നൊരു നമ്പൂരിയാണു് അതിന്റെ രചയിതാവെന്നു താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളില്‍ നിന്നു കാണാവുന്നതാണു്.
ʻʻആര്‍ദ്രപാദകുലോദ്ഭൂതനാരായണതനൂദ്ഭവഃ
ത്രിവിക്രമോഹം മഞ്ജര്യാ വ്യാഖ്യാ കുര്‍വേ യഥാശ്രുതം.
തിരോഹിതാര്‍ത്ഥവാക്യാനാം പദാനാഞ്ച യഥാമതി
സ്വാര്‍ത്ഥമേവാപരിച്ഛിദ്യ ശ്രുതാര്‍ത്ഥസ്യ സ്മൃതേരിമാംˮ
ʻʻനിഖിലാഗമാര്‍ത്ഥസാരപ്രയോഗമഞ്ജര്യഗാധകമലിന്യാഃ
പ്രസൃതാ ത്രിവിക്രമാഖ്യാദ്വ്യാഖ്യാ പ്രദ്യോത ഏവ ബോധായ.ˮ
ആര്‍ദ്രപാദകുലമേതെന്നു ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു. ത്രിവിക്രമന്റെ വ്യാഖ്യയ്ക്കു കുറേയധികം പഴക്കമുണ്ടെന്നല്ലാതെ ഏതു കാലത്താണു് അതിന്റെ നിര്‍മ്മിതി എന്നു ഖണ്ഡിച്ചു പറയുവാന്‍ മാര്‍ഗ്ഗമില്ല. സ്മാര്‍ത്തവൈതാനികപ്രായശ്ചിത്തകര്‍ത്താവായ മാന്ധാതാവിന്റെ ഗുരുവായിരുന്നു അദ്ദേഹമെന്നും കൊല്ലം ഏഴാംശതകമായിരുന്നിരിക്കുണം അദ്ദേഹത്തിന്റെ ജിവിതകാലമെന്നും എനിക്കു തോന്നുന്നു.

ഈശാനശിവഗുരുദേവപദ്ധതി

ഈശാനശിവഗുരു ദേവപദ്ധതിയും ശൈവാഗമങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള ഒരു ബൃഹത്തമമായ തന്തനിബന്ധമാണു്. ഈശാനന്‍ എന്നതു പേരും ശിവഗുരുദേവന്‍ എന്നതു ശൈവാഗമങ്ങളിലുള്ള
പാണ്ഡിത്യം നിമിത്തം അദ്ദേഹത്തിനു ലബ്ധമായ ബിരുദവുമാണെന്നു ഞാന്‍ ഊഹിക്കുന്നു. ʻʻസമാപ്താ ചേയമീശാനശിവഗുരുദേവസ്യ കൃതിഃ സിദ്ധാന്തസാരപദ്ധതിഃˮ എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തില്‍ കാണുന്നുണ്ടു്. ഇതില്‍ സാമാന്യപാദമെന്നും മന്ത്രപാദമെന്നും ക്രിയാപാദമെന്നും യോഗപാദമെന്നും നാലു പാദങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു പാദങ്ങളും പൂര്‍വ്വാര്‍ദ്ധത്തിലും ഒടുവിലത്തേവ രണ്ടും ഉത്തരാര്‍ദ്ധത്തിലും ഉള്‍പ്പെടുന്നു. ആകെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങല്‍ ഉണ്ടു്.
ʻʻവിസ്തൃ്താനി വിശിഷ്ടാനി തന്ത്രാണി വിവിധാന്യഹം
യാവല്‍സാമര്‍ത്ഥ്യമാലോച്യ കരിഷ്യേ തന്ത്രപദ്ധതിംˮ
എന്നു ഗ്രന്ഥകാരന്‍ ഉപോല്‍ഘാതത്തില്‍ പ്രതിജ്ഞചെയ്യുന്നു. അദ്ദേഹം സ്മരിക്കുന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രപഞ്ചസാരം, മഞ്ജരി, (പ്രയോഗമഞ്ജരി), ഭോജരാജേന്ദ്രപദ്ധതി ഈ ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്നു. തദനുരോധേന ധാരാധിപനായ ഭോജരാജാവിന്റെ ജിവിതകാലമായ പതിനൊന്നാം ശതകത്തിനു പിന്നീടാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ നിര്‍മ്മിതി എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ഈശാനശിവഗുരു കേരളീയനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ക്രിയാപാദം 50-ആം പടലം, 343-ആം പദ്യത്തില്‍ തിമില എന്ന കേരളീയവാദ്യവിശേഷത്തെപ്പറ്റി പറയുന്നുണ്ടു്.
ʻʻസങ്ഗീതനൃത്തവാദിത്രൈഃ ശംഖകാഹളഗോമുഖൈഃ
തിമിലാനകഭേര്യാദൈര്‍ന്നിനദദ്ഭിരനാരതംˮ
വില്വമങ്ഗലത്തു സ്വാമിയാര്‍ ക്രി. പി. ഉദ്ദേശം 1220-മുതല്‍ 1300-വരെ ജിവിച്ചിരുന്നതായി മേല്‍ ഉപപാദിക്കും. അദ്ദേഹം ഈശാനദേവന്‍ തന്റെ ഗുരുവായിരുന്നു എന്നു് ʻʻഈശാനദേവചരണാഭരണേനˮ എന്ന ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിലേയും ʻʻഈശാനദേവ ഇത്യാസീദീശാനോ മുനിതേജസാംˮ എന്ന ബാലകൃഷ്ണസ്തോത്രത്തിലേയും പങ്‌ക്തികളില്‍ പ്രഖ്യാപിക്കുന്നു. ആ വഴിക്കു ഈശാനശിവഗുരു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ അവസാനത്തില്‍ ജിവിച്ചിരുന്നതായി സങ്കല്പിക്കുന്നതില്‍ അപാകമില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം ഏതെന്നു നിര്‍ണ്ണയിക്കുവാന്‍ ഒരു പോംവഴിയും കാണുന്നില്ല. സന്യാസാശ്രമം സ്വീകരിച്ചിരുന്നിരിക്കാമെന്നു തോന്നുന്നു. പദ്ധതിയിലെ പല ശ്ലോകങ്ങള്‍ക്കും ആസ്വാദ്യതയുണ്ടു്.
ʻʻഅനന്യതന്ത്രസാപേക്ഷസ്വാര്‍ത്ഥസന്ദോഹസങ്ഗതിം
ഋദ്ധൈര്‍വിധാനമന്ത്രാര്‍ത്ഥൈവിദ്യാം ശ്രുതിമിവാപരാം
പ്രസന്നാം നാതികുടിലാം നാതിസംക്ഷേപവിസ്തരാം
ചിത്രാം ബഹുഗുണാം വിഷ്ണോശ്ശയ്യാം ഭോഗവതീമിവ

വിവിധച്ഛന്ദസം നാനാവൃത്താലങ്കാരവര്‍ണ്ണകാം
സേവ്യാം കാമിജനസ്യേഷ്ടാം ലളിതാം പ്രമാദാമിവ
വിഷഗ്രഹാമയാദീനാം പ്രശമോപായദര്‍ശിനീം
മന്ത്രബിംബൗഷധിന്യാനൈര്‍വിദ്യാം സഞ്ജീവനീമിവˮ
ഇവയെല്ലാം ഗ്രന്ഥപ്രശസ്തിപദ്യങ്ങളാണു്.

ക്രിയാസാരം

ക്രിയാസാരം എന്നൊരു ദീഘമായ തന്ത്രഗ്രന്ഥം ʻനവശ്രേണിʼ എന്ന ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂരിയുടെ പുത്രനായ രവിനമ്പൂരി നിര്‍മ്മിച്ചിട്ടുണ്ടു്. നവശ്രേണി (പുതുശ്ശേരി) എവിടെയുള്ള ഇല്ലമാണെന്നോ സുബ്രഹ്മണ്യന്‍ ഏതുകാലത്തു ജിവിച്ചിരുന്നു എന്നോ അറിവില്ല. ഗണപതി, വിഷ്ണു, ശാസ്താവു്, എന്നിങ്ങനെ അനേകം ദേവതകളുടെ ബിംബപ്രതിഷ്ഠ, നവീകരണം, പൂജാവിധി, ഉത്സവവിധി മുതലായ വിഷയങ്ങളെയാണു് പ്രസ്തുത ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവില്‍ സപ്തമാതൃക്കളുടെ സ്ഥാപനം സംബന്ധിച്ചുള്ള വിധികള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഓരോ ദേവതെപ്പറ്റിയുള്ള വിധികള്‍ ഭാഗങ്ങള്‍ ഓരോ ഭാഗമായി തിരി‌ച്ചു് അവയെ പല പടലങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. ആകെ അറുപത്തൊന്‍പതു പടലങ്ങള്‍ കാണുന്നു.ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
ʻʻഗണേശാനം നമസ്കൃത്യ ശിവം നാരായണപ്രഭും
ക്രിയാസാരം പ്രവക്ഷ്യാമി സമാസാച്ച സമാസതഃ
സര്‍വശാസ്ത്രേഷു നിര്‍ദ്ദിഷ്ടം സര്‍വം സങ്ഗൃഹ്യ ലക്ഷണം
വിശേഷതസ്തു യജ്ഞേപി പ്രോക്തം വക്ഷ്യേ സമാസതഃ
ഏകസ്മിന്നാഗമേ നോക്താഃ പ്രായശസ്സകലാഃ ക്രിയാഃ
തസ്മാല്‍ സംക്ഷേപതോ വക്ഷ്യേ സാധകാനാം ഹിതായ വൈ.
യാ യാ ക്രിയാഗമേഷൂക്താഃ സ്ഥാപനാര്‍ത്ഥം മനീഷിഭിഃ
താം താമദായ സന്ധായ വക്ഷ്യേ കര്‍മ്മ യഥാക്രമം.ˮ
ഒടുവില്‍
ʻʻസമ്യൿ ശാസ്ത്രമധീത്യ തത്ര ഗദിതം ജ്ഞാത്വൈവ കാര്യാക്രിയാ
യേ കുര്‍വന്തി തതോന്യഥാ പരിഭവം യാന്ത്യേവ തേ കര്‍മ്മണഃˮ
സമ്യൿ തന്ത്രമഹോദധേഃ സുവിശദം സങ്കീര്‍ണ്ണസര്‍വക്രിയാ-
സാരം രത്നമിവോദ്ധൃതം ഗുരുപദാംഭോജപ്രസാദാന്മയാ.ˮ
എന്നൊരു ജ്ഞാപകപദ്യവും ചേര്‍ത്തിട്ടുണ്ടു്. ഈ ഗ്രന്ഥവും അതിപ്രാചീനമാണെന്നു തന്ത്രസങ്ഗ്രഹകാരനായ കേളല്ലൂര്‍ ചോമാതിരി ഇതിനെ ഉപജീവിച്ചു കാണുന്നതില്‍ നിന്നു വെളിപ്പെടുന്നു.

ക്രിയാസാരവ്യാഖ്യാ

ക്രിയാസാരത്തിന്റെ വ്യാഖ്യാതാവു് ഹാരിണീകാരനായ പുലിയന്നൂര്‍ നാരായണന്‍നമ്പൂരിയാണെന്നു മുന്‍പു പറഞ്ഞു. ʻʻവ്യാഘ്രഗ്രാമാലയേന നാരായണേന കൃതായാം ക്രിയാസാരവ്യാഖ്യായാംˮ എന്ന കുറിപ്പാണു് ഈ ഊഹത്തിനു ലക്ഷ്യം. മൂലഗ്രന്ഥകാരനെപ്പറ്റി അദ്ദേഹം, ʻʻഅഥ കശ്ചിദ്വിപശ്ചിദഗ്രേസരസ്തന്ത്രാചാര്യസ്തന്ത്രിണാംതന്ത്രാഗമാര്‍ത്ഥേ തല്‍പ്രതിപാദിതക്രിയാപ്രയോഗേ ച വ്യാമൂഢാനാമനുഗ്രഹായ ക്രിയാസാരമിതി യഥാര്‍ത്ഥാഹ്വയം ഗ്രന്ഥം ചികീര്‍ഷുഃˮ എന്നു മാത്രമേ പറയുന്നുള്ളു. ക്രിയാസാരകാരന്‍ ʻനാരായണം പ്രഭുംʼ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ശ്ലേഷസാമര്‍ത്ഥ്യം കൊണ്ടു് അദ്ദേഹം തനിക്കു മാര്‍ഗ്ഗദര്‍ശകമായിരുന്ന തന്ത്രസമുച്ചയം നിര്‍മ്മിച്ച ചേന്നാസ്സു നമ്പൂരിപ്പാടിനെക്കൂടി കടാക്ഷിക്കുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു.

No comments: