Monday, August 13, 2018

ധര്‍മ്മശാസ്ത്രങ്ങളിലെ ദണ്ഡനീതി

ഈ ലോകത്തില്‍ അന്യായമായി ശിക്ഷ നല്‍കിയാല്‍ അത്‌ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും വരും ജന്മത്തിലുമുള്ള രാജാവിന്റെ അഥവാ ന്യായാധിപന്റെ കീര്‍ത്തിയെ നശിപ്പിച്ചു കളയും. ഭാവിജന്മത്തില്‍ കൂടി ദുഃഖപ്രദമായിത്തീരുന്നു. അതിനാല്‍ ആരെയും അന്യായമായി ശിക്ഷിക്കരുത്‌. ശിക്ഷാര്‍ഹരെ ശിക്ഷിക്കാതിരിക്കുകയും അല്ലാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്ന രാജാവ്‌ ജീവിച്ചിരിക്കുമ്പോള്‍ വലിയ അപകീര്‍ത്തിക്ക്‌ പാത്രമാകുകയും മരണശേഷം ആ ആത്മാവ്‌ കഠിനദുഃഖം അനുഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ അപരാധം ചെയ്യുന്നവരെ എല്ലായ്പ്പോഴും ശിക്ഷിക്കേണ്ടതാണ്‌. 
നിരപരാധികളെ ഒരിക്കലും ശിക്ഷിക്കരുത്‌. ഈ ശിക്ഷ കഠിനമെന്ന്‌ വിചാരിക്കുന്നവര്‍ രാജനീതിജ്ഞന്മാരല്ല. എന്തെന്നാല്‍ കുറ്റവാളിയെ ഇപ്രകാരം ശിക്ഷിക്കുമ്പോള്‍ മറ്റുള്ളവരെല്ലാം ദുഷ്കൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നു പിന്തിരിയും. ദുരാചാരങ്ങളെ പരിത്യജിച്ച്‌ ധര്‍മ്മമാര്‍ഗ്ഗത്തില്‍ വര്‍ത്തിക്കും. വാസ്തവത്തില്‍ ഈ ശിക്ഷ സകല ജനങ്ങള്‍ക്കുമായി വിഭജിച്ചാല്‍ ഓരോരുത്തന്റെ പങ്കും കടുകിനൊപ്പം വരില്ല.
ശിക്ഷ ലഘുവായിരുന്നാല്‍ ദുഷ്പ്രവൃത്തികള്‍ വളരെ അധികം തഴച്ചു വളരും. അതിനാല്‍ ലഘുവെന്ന്‌ തോന്നുന്ന ശിക്ഷയാണ്‌ ആയിരം മടങ്ങു കഠിനം. അസംഖ്യം ജനങ്ങള്‍ ദുഷ്കൃത്യം ചെയ്താല്‍ അവര്‍ക്കെല്ലാം പ്രത്യേകം അല്‍പാല്‍പമെങ്കിലും ശിക്ഷ നല്‍കേണ്ടി വരും. അതിന്റെ ആകെത്തുക ഇതിനേക്കാള്‍ തുലേം അധികമായിരിക്കും. അതുകൊണ്ട്‌ അത്‌ കഠിനവുമാണ്‌. രാജാവോ രാജ്ഞിയോ അല്ലെങ്കില്‍ ന്യായാധിപതിയോ അയാളുടെ ഭാര്യയോ ഏതെങ്കിലും ദുഷ്കര്‍മങ്ങള്‍ ചെയ്താല്‍ അവര്‍ക്ക്‌ ശിക്ഷ നല്‍കേണ്ടതും രാജസഭ തന്നെ. എന്നുമാത്രമല്ല അവര്‍ക്കു നല്‍കുന്ന ശിക്ഷ സാധാരണ പ്രജകള്‍ക്കുള്ളതിനേക്കാള്‍ അധികം ആയിരിക്കേണ്ടതാണ്‌.
കളളന്മാര്‍ ഏത്‌ അവയവം കൊണ്ട്‌ എങ്ങനെ അക്രമം ചെയ്യുന്നുവോ അതാതവയവങ്ങളെ അതേ വിധത്തില്‍ രാജാവു ച്ഛേദിച്ചു കളയേണ്ടതാണ്‌. ജനങ്ങള്‍ക്ക്‌ ഗുണപാഠത്തിനാണിത്‌. പിതാവ്‌ ആചാര്യന്‍, സ്നേഹിതന്‍, സ്തീകള്‍, പുത്രന്‍, പുരോഹിതന്‍ എന്നിവരില്‍ ആരായിരുന്നാലും ശരി അവനവന്റെ ധര്‍മ്മം വിട്ട്‌ അധര്‍മ്മം ചെയ്യുന്നവരില്‍ രാജാവിന്ന്‌ ശിക്ഷിക്കാന്‍ വയ്യാത്തതായി ആരുമില്ല. ന്യായാസനത്തില്‍ ഇരുന്ന്‌ രാജാവു നീതിന്യായം നടത്തുമ്പോള്‍ ആരുടെ നേരെയും പക്ഷപാതം പ്രദര്‍ശിപ്പിക്കരുത്‌. കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും യഥോചിതം ശിക്ഷ നല്‍കണം എന്നര്‍ഥം. സാധാരണ പൗരന്‌ ഒരു രൂപ പിഴ വിധിക്കുന്ന കുറ്റം രാജാവു ചെയ്താല്‍ ആയിരം രൂപ പിഴയിടണം. സാധാരണക്കാരന്റെതില്‍ ആയിരം മടങ്ങ്‌ അധികം ആയിരിക്കണം രാജാവിനുളള ശിക്ഷ എന്നര്‍ത്ഥം.
പ്രധാനമന്ത്രിക്ക്‌ സാധാരണ ശിക്ഷയുടെ എണ്ണൂറിരട്ടിയും. അതില്‍ താഴ്‌ന്ന മന്ത്രിക്ക്‌ എഴുന്നൂറിരട്ടിയും അതിനും താഴെയുളള രാജ്യഭൃത്യന്‌ അറുനൂറിരട്ടിയും ആയിരിക്കണം. ഇങ്ങനെ രാജ്യഭൃത്യന്മാരില്‍വച്ച്‌ എറ്റവും ചെറിയ ശിപായിക്കുപോലും കുറ്റം ചെയ്താല്‍ എട്ടിരട്ടിയില്‍ കുറയാത്ത ശിക്ഷ നല്‍കേണ്ടതാണ്‌. രാജ്യഭൃത്യന്മാര്‍ക്ക്‌ ജനങ്ങളെക്കാള്‍ അധികം ശിക്ഷ കൊടുക്കാതിരുന്നാല്‍ അവര്‍ ജനങ്ങളെ മുടിച്ചുകളയും.
ഒരു കോലാട്‌ അല്‍പമായ ദണ്ഡംകൊണ്ട്‌ ഇണങ്ങുന്നു. സിംഹമാകട്ടെ അധിക ദണ്ഡം കൊണ്ടേ ഇണങ്ങുന്നുളളൂ. അതിനാല്‍ രാജാവു മുതല്‍ സാധാരണക്കാരന്‍ വരേയുളള രാജപുരുഷന്മാരില്‍ ആരെങ്കിലും കുറ്റം ചെയ്താല്‍ അവര്‍ക്കു കൊടുക്കുന്ന ശിക്ഷ ജനങ്ങള്‍ക്കുളളതിനേക്കാള്‍ അധികമായിരിക്കണം. മോഷണക്കുറ്റത്തിന്നു സാധാരണയായി വിധിക്കുന്നതിന്റെ എട്ടിരട്ടി ശൂദ്രനും പതാനാറിരട്ടി വൈശ്യനും മുപ്പത്തിരണ്ടു മടങ്ങ്‌ ക്ഷത്രിയനും പിഴയിടണം.
ഗുണദോഷ ജ്ഞാനത്തോടുകൂടി മോഷണം ചെയ്യുന്ന ബ്രാഹ്മണന്‌ സാധാരണയേക്കാള്‍ അറുപത്തിനാലിരട്ടി അല്ലെങ്കില്‍ നൂറിരട്ടി അല്ലെങ്കില്‍ നൂറ്റിരുപത്തെട്ടിരട്ടി ശിക്ഷ നല്‍കണം. അപരാധം ചെയ്യുന്നവന്റെ ജ്ഞാനാധിക്യത്തിനും ഉത്കൃഷ്ട സ്ഥിതിക്കും തക്കവണ്ണം അധികശിക്ഷ നല്‍കണം. ധര്‍മവും ഐശ്വര്യവും വര്‍ധിക്കണമെന്നാഗ്രഹിക്കുന്ന രാജാവും രാജപുരുഷന്മാരും ന്യായാധിപന്മാരും കയ്യേറ്റക്കാര്‍ക്കും അക്രമികള്‍ക്കും കള്ളന്മാര്‍ക്കും ശിക്ഷ നല്‍കുന്ന കാര്യത്തില്‍ ക്ഷണനേരം പോലും വൈകരുത്‌.
മഹര്‍ഷി ദയാനന്ദസരസ്വതി

No comments: