വേദവും മറ്റ് ആര്‍ഷഗ്രന്ഥങ്ങളും ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ട് എന്നൊരു തെറ്റുധാരണ പലരിലുമുണ്ട്. ഇന്നുള്ള രീതിയില്‍ വിവിധ ജാതികളെക്കുറിച്ചുള്ള പ്രതിപാദനം ഭാരതത്തിലെ പ്രാചീനഗ്രന്ഥങ്ങളില്‍ കാണാനാകില്ലെങ്കിലും അവയില്‍ പറഞ്ഞിട്ടുള്ള വര്‍ണവ്യവസ്ഥ ഈ ജാതിവ്യവസ്ഥയുടെ പൂര്‍വരൂപമാണെന്നും ചിലര്‍ പറയുന്നു. ഇതിന്റെ യാഥാര്‍ഥ്യം തേടി നമുക്ക് പരമപ്രമാണങ്ങളായ വേദങ്ങളിലേക്കുതന്നെ പ്രവേശിക്കാം. ഒരു ഋഗ്വേദമന്ത്രം കാണുക:
കാരുരഹം താതോ ഭിഷഗുപലപ്രക്ഷിണി
നനാ
നാനാധിയോ വസൂയവോളനു ഗാ ഇവ
തസ്ഥിമേന്ദ്രായേന്ദോ പരിസ്രവ.
(ഋഗ്വേദം 9.113.3)
അര്‍ഥം: (അഹം കാരുഃ=) ഞാന്‍ ശില്പിയാണ്. (താതഃ=) എന്റെ അച്ഛന്‍ (ഭിഷഗ്=) വൈദ്യനാണ്. (നനാ=) എന്റെ അമ്മ (ഉപലപ്രക്ഷിണീ=) അരകല്ലുപയോഗിച്ച് ധാന്യങ്ങള്‍ പൊടിക്കുന്നവളാണ്. ഇങ്ങനെ (വസൂയവഃ=) ഐശ്വര്യത്തിനായി ആഗ്രഹിക്കുന്ന ഞങ്ങള്‍ (ഗാഃ ഇവ=) പശുക്കള്‍ പലപല മേച്ചില്‍ സ്ഥലങ്ങളില്‍ ചുറ്റിത്തിരിയുന്നതുപോലെ, (നാനാധിയഃ=) വിഭിന്ന കര്‍മങ്ങള്‍ ചെയ്യുന്നവരായിക്കൊണ്ട് (അനു തസ്ഥിമ=) തങ്ങളുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. (ഇന്ദോ=) ആനന്ദധാരയായ ഹേ പരമേശ്വരാ, അങ്ങ് (ഇന്ദ്രായ=) പരമൈശ്വര്യത്തിനായി (പരിസ്രവ=) ഞങ്ങളിലൂടെ പ്രവഹിച്ചാലും.
ഒരു വീട്ടില്‍ത്തന്നെയുള്ളവര്‍ പലപല തൊഴിലുകള്‍ ചെയ്യുന്നവരാകാം എന്നാണ് മന്ത്രത്തില്‍ ആദ്യമേതന്നെ പറഞ്ഞിരിക്കുന്നത്. തൊഴിലേതുമായിക്കൊള്ളട്ടെ, പക്ഷേ ചെയ്യുന്ന തൊഴിലില്‍ ആനന്ദം കണ്ടെത്താന്‍ കഴിയണം. അങ്ങനെയുണ്ടാകുമ്പോഴേ പരമമായ ഐശ്വര്യത്തിലേക്ക് പ്രവേശിക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ എന്ന സന്ദേശം ഒരു പ്രാര്‍ഥനാരൂപത്തില്‍ നല്‍കിക്കൊണ്ടാണ് മന്ത്രം അവസാനിക്കുന്നത്.
ഒരു വീട്ടില്‍തന്നെ അച്ഛനും അമ്മയും ഭിന്നങ്ങളായ രണ്ട് തൊഴിലുകളും മകന്‍ അവ രണ്ടില്‍നിന്നും വളരെ വ്യത്യസ്തമായ മറ്റൊരു തൊഴിലും ചെയ്യുന്നു എന്നുള്ള വര്‍ണനയില്‍നിന്നുതന്നെ വേദങ്ങള്‍ ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നുവോ ഇല്ലയോ എന്നത് വ്യക്തമാണ്. എന്നാല്‍ വേദങ്ങളില്‍ പറയുന്ന വര്‍ണസങ്കല്പത്തെ നാം കേട്ടുതഴമ്പിച്ച ജാതിവ്യവസ്ഥയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ് പലരും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്.
സമാജത്തിന്റെ ഓരോ മേഖലകളിലേക്കും അതത് മേഖലകളെ പരമാവധി പരിപോഷിപ്പിക്കാന്‍ കഴിവുള്ള ആളുകളെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വര്‍ണവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. സാര്‍വത്രികമായി രാജ്യത്തില്‍ പുരോഗതി കൈവരുമ്പോഴേ രാഷ്ട്രം സുസ്ഥിരമായ ഐശ്വര്യത്തെ കൈവരിക്കൂ. അങ്ങനെയുള്ള രാഷ്ട്രത്തിലേ പ്രജകള്‍ക്ക് യോഗക്ഷേമത്തോടെയും ആനന്ദത്തോടെയും വസിക്കാനുമാകൂ. ആരും ജന്മനാ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ അല്ല. ജനിക്കുമ്പോള്‍ എല്ലാവരും സമന്മാരാണ്. പിന്നെ എപ്പോഴാണ് അവര്‍ ഈ വര്‍ണങ്ങളെ വരിക്കുന്നത്?
ഓരോരുത്തരുടെയും വര്‍ണത്തെ അവരവര്‍ സ്വയം നിശ്ചയിക്കുകയാണ് ചെയ്യുന്നത് എന്ന ഒരു തെറ്റിദ്ധാരണയും പലരിലുമുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. ഗുരുകുലവിദ്യാഭ്യാസത്തിന്റെ അന്ത്യത്തില്‍ ആചാര്യന്‍ പ്രഖ്യാപിക്കുന്നതാണ് ഒരുവന്റെ വര്‍ണം. ഏവര്‍ക്കും പൊതുവായി പഠിക്കേണ്ടുന്ന വിദ്യയെക്കൂടാതെ ബ്രാഹ്മണ്യത്തിനായുള്ള വിശേഷ വിദ്യയെക്കൂടി ഗ്രഹിക്കാന്‍ സാധിച്ചവര്‍ ബ്രാഹ്മണര്‍, ക്ഷത്രവിദ്യയെ വിശേഷമായി ഗ്രഹിച്ചവര്‍ ക്ഷത്രിയര്‍, വൈശ്യവിദ്യയെ വിശേഷമായി ഗ്രഹിച്ചവര്‍ വൈശ്യര്‍. ഗുരുകുലവിദ്യാഭ്യാസ കാലത്തിനുള്ളില്‍ ഈ മൂന്നു വിശേഷവിദ്യാവിഭാഗങ്ങളിലൊന്നിനെ വേണ്ടരീതിയില്‍ ഗ്രഹിക്കാനാകാത്തവന്‍ ശൂദ്രന്‍. ഇങ്ങനെയാണ് വര്‍ണം നിര്‍ണയിക്കപ്പെടുന്നത്. ഇവിടെ ഓരോരുത്തര്‍ക്കും വികസിക്കാനുള്ള സ്വാതന്ത്ര്യം ഗുരുകുലത്തില്‍ ഒരേപോലെ ലഭ്യമായിരുന്നു. മാത്രമല്ല, ഗുരുകുലത്തില്‍ വര്‍ണം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാലും പിന്നീട് വര്‍ണം പരിവര്‍ത്തനം ചെയ്യാനുള്ള അവസരവും വര്‍ണവ്യവസ്ഥയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ജാതിവ്യവസ്ഥയില്‍ ഇല്ല. അതിനാല്‍ വര്‍ണവും ജാതിയും പരസ്പരവിരുദ്ധങ്ങളാണ്. വേദം മുതല്‍ ഭഗവദ്ഗീതവരെ വര്‍ണവ്യവസ്ഥയെയാണ് മുന്നോട്ടുവെക്കുന്നത്. വര്‍ണവ്യവസ്ഥയെ സംരക്ഷിക്കേണ്ട രാജ്യവ്യവസ്ഥയില്‍ അപചയം വന്നുചേര്‍ന്നപ്പോഴാണ് പില്‍കാലത്ത് ജാതിവ്യവസ്ഥ രൂപപ്പെട്ടത്.
(തുടരും)
0495 272 4703
No comments:
Post a Comment