അപോദന്റെ പുത്രനായ ധൗമ്യമഹര്‍ഷിയുടെ ശിഷ്യരായിരുന്നു ഉപമന്യുവും ആരുണിയും. ഒരിക്കല്‍ വയലില്‍ വരമ്പിട്ടു വെള്ളം നിറുത്താനായി ധൗമ്യന്‍ ആരുണിയെ അയച്ചു. ആരുണി ചെന്നു വരമ്പു കെട്ടിത്തുടങ്ങി. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരിടത്ത് അതു പൊട്ടിക്കൊണ്ടേയിരുന്നു. നിരാശ മൂത്തതോടെ ആരുണിക്കൊരു സൂത്രം തോന്നി. ''ഞാന്‍ തന്നെ ഈ കുഴിയില്‍ കിടന്നുകളയാം.'' പ്രിയശിഷ്യന് ഗുരുവെ സ്മരിച്ചുകൊണ്ട് അങ്ങനെത്തന്നെ ചെയ്തു.
വയലില്‍നിന്നും മടങ്ങിയെത്താത്ത ആരുണിയെ അന്വേഷിച്ച് ധൗമ്യന്‍ മറ്റു ശിഷ്യന്മാരേയും കൂട്ടി അങ്ങോട്ടു ചെന്നു. തിരയുന്നതിനിടയില്‍ പേരു പറഞ്ഞു വിളിച്ചു. അതു കേട്ടു ആരുണി പിടഞ്ഞെണീറ്റു ഗുരുസമക്ഷം വന്നുനിന്നു. ചേറു പുരണ്ട ശിഷ്യനെനോക്കി വിവരമാരാഞ്ഞ ഗുരുവിനോട് ആരുണി, അടയാന്‍ കൂട്ടാക്കാത്ത കുഴിയില്‍ താന്‍ പ്രയോഗിച്ച സൂത്രമറിയിച്ചു. ധൗമ്യന്‍ അത്ഭുതപ്പെട്ടു. ''വരമ്പു പിളര്‍ന്നു വന്നതിനാല്‍ നീ 'ഉദ്ദാലകന്' എന്ന പേരില്‍ അറിയപ്പെടട്ടെ''. ധൗമ്യന്‍ അനുഗ്രഹിച്ചു. എല്ലാ ശാസ്ത്രങ്ങളിലും സാമര്ഥ്യവുമുണ്ടാകാന് ആശീര്‍വദിച്ചു.
ഉപമന്യുവായി പിന്നെ ധൗമ്യന്റെ ശ്രദ്ധയില്‍. ഗോക്കളെ മേച്ചു നടന്ന ഉപമന്യുവിന്റെ ദേഹം നാള്‍ക്കുനാള്‍ നന്നായിക്കണ്ടു. ''എന്തുതിന്നിട്ടാണ് നീ ഇങ്ങനെ തടിക്കുന്നത്.'' ധൗമ്യന്‍ ആരാഞ്ഞു. 'ഭിക്ഷവാങ്ങി കഴിക്കയാണ് ഞാന്‍'' ഉപമന്യു ഉത്തരം നല്കി. അതു കേട്ട ആചാര്യന് ആജ്ഞാപിച്ചു. ''ഭിക്ഷവാങ്ങി എനിക്കു തരാതെ ഭുജിക്കരുത്. ഉപമന്യു അതേപടി ചെയ്തുതുടങ്ങി. ദിനംപ്രതി ശിഷ്യന് കൊണ്ടുവന്ന ഭിക്ഷ വാങ്ങിവെച്ച ഗുരു ഒട്ടും തിരിച്ചുകൊടുത്തതേ ഇല്ല. ഉപമന്യു മുറപോലെ സ്വകൃതം തുടര്‍ന്നു. പശുക്കളെ മേച്ചുകൊണ്ടുവന്നു സന്ധ്യയ്ക്കു ഗുരുവിനെ നമസ്കരിക്കും. ദേഹത്തിന് ഒരു മെലിവും കാണാത്ത ധൗമ്യന്‍ വീണ്ടും ചോദിച്ചു, ''ഭിക്ഷ മുഴുവനും എനിക്കു തരുന്ന നീ എന്താണ് തിന്നുന്നത്?''
''അങ്ങയ്ക്കു തന്നശേഷം ഞാന്‍ വീണ്ടും പോയി ഭിക്ഷയെടുക്കുന്നു.'' ഉടന്‍ ഗുരു പറഞ്ഞു. ''ഇതു ശിഷ്യവൃത്തിക്കു ചേര്‍ന്നതല്ല. ഭിക്ഷകൊണ്ടു ജീവിക്കുന്ന മറ്റുള്ളവര്‍ക്കു നിന്റെ ഈ രണ്ടാം ഭിക്ഷ ഇടച്ചില്‍ വരുത്തും. നീ ലോഭിയാകരുത്.'' പശ്ചാത്താപം തോന്നിയ ഉപമന്യു പശുക്കളെ മേച്ചു സന്ധ്യയ്ക്കു മടങ്ങി ഗുരുഗൃഹത്തില്‍ കഴിച്ചുകൂട്ടി. കുറെ നാള് കഴിഞ്ഞപ്പോള്‍ ആചാര്യന് വീണ്ടും അന്വേഷിച്ചു, ''ദേഹം ചടച്ചിട്ടില്ലല്ലോ. എന്താണ് നിന്റെ ഭക്ഷണം?'' ''സ്വാമി, ഈ പശുക്കളുടെ പാല് മാത്രമാണ് എനിയ്ക്കാഹാരം. ''അതിനു ഞാന്‍ സമ്മതിച്ചില്ലല്ലോ.'' എന്നായി ആചാര്യന്.
കൂടുതല്‍ ശുഷ്കാന്തിയോടെ ഉപമന്യു തന്റെ കടമ നടത്തിപ്പോന്നു. എന്നാലും ദേഹത്തിനൊരു ചടവുമില്ല. കാര്യമറിയാന്‍ ധൗമ്യന്‍ വീണ്ടും ചോദിച്ചു. ''മകനെ, ഭിക്ഷ നിനക്കു കിട്ടുന്നില്ല, രണ്ടാമതു വാങ്ങുന്നതു നിര്‍ത്തി. പാലും ഇല്ല. ദേഹപുഷ്ടിക്ക് ഒരു കുറവുമില്ല. എന്താണിങ്ങനെ?'' പശുകുട്ടികള്‍ വലിച്ചു കുടിക്കുമ്പോള്‍ വീഴുന്ന പത ഞാന്‍ കഴിക്കുന്നു. ഉപമന്യു മറുപടി നല്കി.
അതു കേട്ട ആചാര്യന് അതും കൂടി അനുവദിച്ചില്ല. ''നിന്നോടു ദയ തോന്നുന്ന കിടാങ്ങള്‍ അത്രയും പാല് കുറച്ചേ കുടിക്കുന്നുള്ളു. അവയെ ഇങ്ങനെ വിഷമിപ്പിക്കരുത്.
ശരിയെന്നു തോന്നിയ ഉപമന്യു പശുക്കളെ മേച്ചു തളര്‍ന്നപ്പോള്‍ സഹികെട്ട് എരിക്കില നുള്ളിയെടുത്തു തിന്നു. ഉഷ്ണവീര്യം കൊണ്ടു രോഗം പിടിപെട്ട ഉപമന്യുവിന്റെ രണ്ടു കണ്ണിനും കാഴ്ചപോയി. കുരുടനായി നടന്നതോടെ പൊട്ടക്കിണറ്റിലും വീണു.
സന്ധ്യകഴിഞ്ഞിട്ടും ശിഷ്യനെ കാണാഞ്ഞപ്പോള്‍ ധൗമ്യന്‍ പരിഭ്രമിച്ചു. 'എല്ലാത്തില്‍നിന്നും അവനെ വിലക്കിയതുകൊണ്ട് എന്നോട് ഇടഞ്ഞുവോ? എന്തായാലും അന്വേഷിക്കുകതന്നെ. ശിഷ്യരേയും കൂട്ടി കാട്ടിലെത്തിയ ഗുരു എത്ര നോക്കിയിട്ടും ഉപമന്യുവിനെ കണ്ടില്ല. നിരാശയും സ്നേഹവും നിറഞ്ഞ സ്വരത്തില്‍ ധൗമ്യന്‍ ഉറക്കെ വിളിച്ചു. ''മോനെ ഉപമന്യു, വരൂ,'' ഗുരുസ്വരം കേട്ട ശിഷ്യന് പൊട്ടക്കിണറ്റില്‍നിന്നും വിളികേട്ടു. അടുത്തു വന്ന ഗുരുവിനോടു നടന്ന സംഭവം ഉണര്‍ത്തിച്ചു. ''ദേവഭിഷഗ്വരരായ അശ്വിനീദേവകളെ വാഴ്ത്തു, നിനക്കു കാഴ്ചയുണ്ടാകും. ധൗമന്‍ ഉപദേശിച്ചു. അതുപോലെ ചെയ്തതോടെ അശ്വിനീദേവകള്‍ പ്രസാദിച്ച് ഉപമന്യുവിന് ഒരപ്പം കൊടുത്തു തിന്നാന്‍ പറഞ്ഞു. ഗുരുവിന്നു കൊടുക്കാതെ താന്‍ കഴിക്കില്ലെന്നു ശഠിച്ചു ആ ഗുരുഭക്തന്. അശ്വിനീദേവകള്‍ നിര്‍ബന്ധിച്ചു, ''മുമ്പു നിന്റെ ആചാര്യന് ഇതുപോലെ ഞങ്ങള്‍ അപ്പം കൊടുത്തപ്പോള്‍ ഗുരുവിനു കൊടുക്കാതെയാണ് അദ്ദേഹം തിന്നത്. നിനക്കും അതുപോലെ ചെയ്തുകൂടേ?''
ഉപമന്യു വിനയപൂര്‍വം പറഞ്ഞു. ''ക്ഷമിക്കണം ഞാന്‍ അങ്ങനെ ചെയ്യില്ല, ഗുരുവിന്നു കൊടുക്കാതെ ഒന്നും കഴിക്കില്ല.'' ഉപമന്യുവിന്റെ ഗുരുഭക്തികണ്ട് അശ്വിനീദേവകള്‍ രോമാഞ്ചമണിഞ്ഞു. അവര്‍ അനുഗ്രഹിച്ചു. നിനക്കു കാഴ്ച വീണ്ടുകിട്ടും. ശ്രേയസ്സും സിദ്ധിയ്ക്കും. നിന്റെ ഗുരുവിന്റെ പല്ല് ഇരുമ്പായി, നിന്റേതു സ്വര്‍ണമാകട്ടെ.''
കാഴ്ച സിദ്ധിച്ചതോടെ കിണറ്റില്‍നിന്നു കയറി ഉപമന്യു ഗുരുവിങ്കല്ചെന്നു വന്ദിച്ചു. ആചാര്യനു സന്തോഷമായി. ''നിന്നില്‍ ശാസ്ത്രങ്ങളെല്ലാം പ്രകാശിക്കട്ടെ.'' അദ്ദേഹം അനുഗ്രഹിച്ചു.
ഒരുവന് ജനിക്കുന്നത് അച്ഛനമ്മമാരില്‍ നിന്നാണ്. വളരാനായി പലരുടേയും സഹായം വേണം. മനുഷ്യനുള്ള നേട്ടങ്ങളില്‍ ഏറ്റവും മികച്ചതാണ് വിദ്യ. ആദ്യമാദ്യം ഇനിയൊരുത്തന് പറയുന്നതു കേട്ടും ചെയ്യുന്നതും കണ്ടുമാണ് ആവേശവും അറിവും ഉണ്ടാകുക. വിദ്യയുടെ ബലവും മഹാത്മ്യവും ശരിക്കും അറിയുമ്പോഴേ അതു പ്രദാനം ചെയ്തവരോട് ആദരവും കൂറും വേണ്ടത്ര തോന്നുകയുള്ളു.
അച്ചടക്കം ആത്മനിയന്ത്രണത്തിന്റെ ഭാഗമാണ്. തന്റെ മനസ്സിന്റെ ഗതികളെ എത്രകണ്ട് നിയന്ത്രിക്കാന്‍ സാധിക്കുമെന്നു സ്വയം പരീക്ഷിക്കുകയായിരുന്നു ഉപമന്യു ഗുരുഹിതം അനുസരിക്കുകവഴി. തനിക്കുമേല്‍ കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണം സിദ്ധിക്കാന്‍ ഗുരുവാക്യങ്ങള്‍ സഹായകമാകുക മാത്രമാണ്. കൊടുമുടി കയറാനുള്ള പ്രേരണ അതു കാണുന്നവന്റെ ഉള്ളില്നിന്നാണല്ലോ. കയറിയ നേട്ടവും തഴക്കവും കയറിയവന്റെ തന്നെ മുതല്‍ക്കൂട്ടല്ലേ? കൊടുമുടി വെറും ഒരു സഹായം.
ശിഷ്യനില്‍ നിര്‍ബന്ധം ചെലുത്തുന്ന ഗുരു ശിഷ്യനുതന്നെ നേട്ടം ഉണ്ടാക്കിക്കൊടുക്കുകയാണ്. അപ്പം തിന്നുന്നതില്‍ ആചാര്യനെ അനുഗമിക്കാന്‍ അശ്വിനിദേവകള്‍ നിര്‍ബന്ധിച്ചപ്പോഴും അതിനു തയാറാവാത്ത ഉപമന്യുവിന്റെ ആത്മനിയന്ത്രണം അഹോ, എത്ര ഗാഢം! ഗുരുവിന്നു ലഭിച്ച ഇരുമ്പുപല്ലുകളുടെ സ്ഥാനത്ത് ശിഷ്യനു സിദ്ധിച്ചതു സ്വര്ണദന്തങ്ങളത്രെ! അച്ചടക്കവും ആത്മനിയന്ത്രണവും ഒരുവനെ എത്രമാത്രം ശ്ലാഘ്യനാക്കുന്നുവെന്നു വിളിച്ചോതുകയാണ് വ്യാസദേവന് ഉപമന്യുചെയ്തികള് വഴി.
ഉപദേശിക്കുന്ന ഗുരുവിനെപ്പോലും പിന്നിലാക്കി, ശിഷ്യനെ സര്‍വോപരി വാഴിക്കുന്നതാണ് ഉപദേശമുള്‍ക്കൊണ്ട് അനുസരിക്കുന്ന ശിഷ്യസൗശീല്യം!
No comments:
Post a Comment