Friday, September 07, 2018

ശ്രീ ലളിതാ സഹസ്രനാമം നിത്യപാരായണം ചെയ്യുന്നവരില്‍ പലര്‍ക്കും അതിലെ ഓരോ നാമത്തിന്റെയും അര്‍ത്ഥം അത്ര കൃത്യമായി അറിയാമെന്നുറപ്പില്ല. അറിഞ്ഞു ജപിക്കുന്നവരുമുണ്ടാകും. എന്നാല്‍, അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കും അതീതമാണ്‌ ആ നാമഭേദങ്ങള്‍ എന്നതാണ്‌ വാസ്തവം. ഉപാസകര്‍ക്ക്‌ ദേവിയുടെ നാമ വൈവിദ്ധ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക്‌ കടക്കാന്‍ ഓരോ നാമങ്ങളുടെയും ആവുന്നത്ര വിശദമായ വ്യാഖ്യാനമാണിവിടെ നല്‍കുന്നത്‌. ഓരോരോ നാമങ്ങളെ വിശകലനം ചെയ്യുന്നത്‌ ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്‌. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ കാനഡയിലെ ടൊറന്റോയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു….
“യോഗിരാം സുരത്കുമാര യോഗിരാം സുരത്കുമാര
യോഗിരാംസുരത്കുമാര ജയഗുരുരായ”
168. നിഷ്ക്രോധാ
1. ക്രോധമില്ലാത്തവള്‍
2. ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം ഉണ്ട്‌. അതിനാല്‍ ജ്ഞാനമില്ലാത്തവള്‍ എന്ന്‌ എര്‍ത്ഥം. ഭഗവതിയുടെ അംശമായ ജീവന്‌ പൂര്‍ണ്ണതയില്ലാത്തതിനാല്‍ പൂര്‍ണ്ണജ്ഞാനം പരിമിതപ്പെട്ട്‌ പലകാര്യങ്ങളിലുള്ള അറിവായി മാറുന്നു. ജീവനും ഭഗവതിതന്നെ ആണെന്നുള്ളതിനാല്‍ പരിപൂര്‍ണ്ണജ്ഞാനമില്ലാത്തവള്‍.
3. ജ്ഞാനമില്ലാതാക്കുന്നവള്‍. പരമകാരുണികയായ ദേവി സംസാരസാഗരത്തില്‍ നീന്തി മതിവരാത്ത ജീവന്‌ പരിപൂര്‍ണ്ണജ്ഞാനം ഇല്ലാതാക്കി സംസാരം അനുഭ വിയ്ക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു.
169. ക്രോധശമനീ
1. ക്രോധത്തെ ശമിപ്പിയ്ക്കുന്നവള്‍.
2.ക്രോധത്താല്‍ ശമിപ്പിയ്ക്കുന്നവള്‍. പ്രളയകാലത്ത്‌ ക്രോധത്താല്‍ എല്ലാം സംഹരിയ്ക്കുന്നവള്‍.
3. ജ്ഞാനത്താല്‍ ശമം ഉണ്ടാക്കുന്നവള്‍
4. ക്രോധമാകുന്ന ശമനിയോടുകൂടിയവള്‍. ശമനി എന്നാല്‍ രാത്രി.പരാശക്തിയുടെ മുഖം കറുക്കുമ്പോഴാണല്ലോ രാത്രിയുണ്ടാകുന്നത്‌.
170. നിര്‍ല്ലോഭാ
1. ലോഭം ഇല്ലാത്തവള്‍. പരന്റേതിലുള്ള അത്യാഗ്രഹമാണ്‌ ലോഭം. ഭഗവതിക്ക്‌ അവനവന്റേത്‌ പരന്റേത്‌ എന്ന ദ്വന്ദ്വ
ഭാവം ഇല്ലാത്തതുകൊണ്ട്‌ നിര്‍ല്ലോഭാ
2. ലോഭത്തിന്‌ ആകാംക്ഷ എന്നൊരു അര്‍ത്ഥമുണ്ട്‌. പരിപൂര്‍ണ്ണജ്ഞാനമുള്ളതിനാല്‍ ഭഗവതിയില്‍ ആകാംക്ഷയ്ക്ക്‌ സ്ഥാനമേ ഇല്ല.
3. ഷഡ്‌രിപുക്കളില്‍ ഒന്നായ ലോഭം ബ്രഹ്മാവിന്റെ അധരത്തില്‍നിന്നാണ്‌ ഉണ്ടായത്‌. പരാശക്തിയായ ഭഗവതിയുടെ സൃഷ്ടിയായ ബ്രഹ്മാവിന്റെ സൃഷ്ടി ഭഗവതിയെ ആക്രമിക്കാന്‍ വഴിയില്ലതന്നെ.
171. ലോഭ നാശിനീ
1. ലോഭത്തെ നശിപ്പിയ്ക്കുന്നവള്‍. പരധനത്തിലുള്ള അത്യാഗ്രഹമാണ്‌ ലോഭം. ബാക്കി എന്തുഗുണങ്ങളുണ്ടെങ്കിലും ലോഭമുണ്ടായാല്‍ നാശം സംഭവിയ്ക്കും എന്നു പുരാണങ്ങള്‍. രജോഗുണപൂര്‍ണ്ണമായ ലോഭം പ്രകൃതിയുടെ ഒരു പ്രധാന ആയുധമാണ്‌. ഗ്രഹങ്ങളുടെ
ആകര്‍ഷണശക്തിമുതല്‍ കൊച്ചുകുട്ടികള്‍ കളിപ്പാട്ടത്തിനു വാശിപിടിയ്ക്കുന്നതില്‍ വരെ ലോഭത്തിന്റെ ലാഞ്ഛനകാണാം. ഈ ലോഭം മോക്ഷത്തിന്‌ തടസ്ഥമായിട്ടുള്ളതാണ്‌. ഭഗവതി ഭക്തന്മാര്‍ക്ക്‌ ലോഭം
ഇല്ലാതാക്കിക്കൊടുക്കുന്നു.
2. ലോഭത്തിന്‌ സ്വര്‍ണ്ണം എന്നൊരു അര്‍ത്ഥമുണ്ട്‌. സമ്പത്തിനെ നശിപ്പിയ്ക്കുന്നവള്‍. അനുഗ്രഹിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നവരെ കഷ്ടപ്പെടുത്തുമെന്ന്‌ ഭാഗവത പുരാണത്തില്‍ പറയുന്നുണ്ട്‌.
172. നിസ്സംശയാ
1. സംശയം ഇല്ലാത്തവള്‍. ഗുരുസ്വരൂപയായ ഭഗവതിയ്ക്ക് സംശയം ഉണ്ടാകാന്‍ തരമില്ല.
2. സമ്യക്കാകും വണ്ണം ഉള്ള ശയം ഇല്ലാത്തവള്‍. നിരാധാരയായ ഭഗവതിയ്ക്ക് കിടയ്ക്കയുണ്ടെന്ന്
പറയാന്‍ പറ്റില്ല.
3. ശയം എന്നതിന് ഉറക്കം എന്നൊരു അര്‍ത്ഥം. ജഗജ്ജനനിയായ ഭഗവതിക്ക് ഉറങ്ങാനെവിടെ സമയം.
173. സംശയഘ്നീ
1. സംശയത്തെ ഇല്ലാതാക്കുന്നവള്‍. ഭഗവതി ഗുരുസ്വരൂപയായതു കാരണം ഭക്തരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നു. ഭിദ്യതേ ഹൃദയഗ്രന്ഥിഃ ഛിദ്യന്തേ സംര്‍വ്വസംശയാഃ എന്നുണ്ട്‌.
2. സംശയത്താല്‍ ഹനിയ്ക്കുന്നവള്‍. മായയുടെ സ്വരൂപം തന്നെ സങ്കല്‍പ്പങ്ങളും സംശയങ്ങളുമാണ്‌. സംശയങ്ങളും സങ്കല്‍പങ്ങളും ഉള്ള സംസാരികളെ കഷ്ടപ്പെടുത്തുന്നതും ഭഗവതിതന്നെയാണ്‌.
175. ഭവനാശിനീ
1. ഭവത്തെ സംസാരത്തെ ഇല്ലാതാക്കുന്നവള്‍
2. മൂലാധാരത്തിലുള്ള ജീവശിവന്‍ സഹസ്രാരത്തിലെ പരമശിവനോടു കൂടുമ്പോഴാണ്‌ മുക്തി. അതോടെ ജീവശിവന്‍ ഇല്ലാതാകും. അതിന്‌ വഴിവെയ്ക്കുന്നത്‌ മൂലാധാരത്തില്‍നിന്ന്‌ ഉറങ്ങിയെണീയ്ക്കുന്ന ഭഗവതിതന്നെയായ കുണ്ഡലിനീശക്തിയാണ്‌. ഭവന്‍തന്നെയായ ജീവശിവനെ ഇല്ലാതാക്കുന്നതുകൊണ്ട്‌
ഭവനാശിനീ
3. ഭവനത്തെ അശിയ്ക്കുന്നവള്‍. ഗൃഹത്തെ അനുഭ വിയ്ക്കുന്നവള്‍. ത്രിലോകഗൃഹസ്ഥയായ ഭഗവതിയാണ്‌ ശരിയ്ക്കും ഏറ്റവും വിലിയ ഗൃഹസ്ഥ.
4. ഭവനം എന്നതിന്‌ വാസ്തവം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വാസ്തവമായുള്ളതിനെ അനുഭവിയ്ക്കുന്നവള്‍. നമ്മുടെ അനുഭവങ്ങളെല്ലാം മാറിമറയുന്നവയും അസ്ഥിരങ്ങളും അതിനാല്‍ തന്നെ അസത്യങ്ങളുംആണ്‌.
176. നിര്‍വ്വികല്‍പാ
1. വികല്‍പ്പം ഇല്ലാത്തവള്‍. ഇല്ലാത്ത ഒരു വസ്തുവിനെ കുറിച്ച്‌ കേട്ടിട്ടുണ്ടാകുന്ന അറിവാണ്‌ വികല്‍പ്പം
2. പക്ഷാന്തരം എന്നൊരു അര്‍ത്ഥം വികല്‍പ്പത്തിനുണ്ട്‌. സത്യമായ വസ്തുവിന്‌ പക്ഷാന്തരം ഉണ്ടാകാന്‍ വഴിയില്ലാത്തതിനാല്‍ നിര്‍വ്വികല്‍പ്പാ. സത്യമായിട്ടുള്ളത്‌ ഭഗവതിതന്നെയാണ്‌.
3. ഞാന്‍ എന്നോ നീ എന്നോ വ്യത്യാസം അനുഭവപ്പെടാത്ത നിര്‍വ്വികല്‍പ്പസമാധിസ്വരൂപാ
4. നാനവിധസങ്കല്‍പ്പങ്ങള്‍ ഇല്ലാത്തവള്‍.
177. നിരാബാധാ
1. ആബാധയില്ലാത്തവള്‍. ആബാധാ എന്നാല്‍ ഉപദ്രവം. ഭഗവതി യാതൊരുവിധ ഉപദ്രവങ്ങളും ഏല്‍ക്കാത്തവളാണ്.
2. ആബാധിയ്ക്കുക എന്നാല്‍ തെറ്റായി വാദിക്കുക എന്നര്‍ത്ഥം വരാം. തെറ്റായ വാദം ഇല്ലാതാക്കുന്നവള്‍.
3. ഏകാന്തതയുള്ളവള്‍
178. നിര്‍ഭേദാ
1. ഭേദം ഇല്ലാത്തവള്‍. രണ്ട്‌ എന്ന ഭാവം വരുമ്പോഴാണ്‌ ഭേദത്തിന്‌ ഇടം കിട്ടുന്നത്‌. ഭഗവതിയ്ക്ക്‌ രണ്ട്‌ എന്ന്‌ ഭാവമേ ഇല്ല.
2. പിളര്‍ക്കുന്നവള്‍. ഭഗവതിയുടെ മായാശക്തിയാണ്‌ രണ്ട്‌ എന്ന ഭാവമുണ്ടാക്കുന്നത്‌.
3. നിഷ്പക്ഷതയുള്ളവള്‍
4. ചതുരുപായങ്ങളിലൊന്നായ ഭേദം പ്രയോഗിയ്ക്കാത്ത വള്‍.അപാരകരുണാമൂര്‍ത്തിയായതി നാല്‍ ഭേദം പ്രയോഗിയ്ക്കേ വിഷയം വരുന്നില്ല.
179. ഭേദനാശിനീ
1. ഭേദത്തെ നശിപ്പിയ്ക്കുന്നവള്‍. രണ്ട് എന്ന ഭാവം നശിപ്പിച്ച് ഒന്ന് എന്ന് ഭാവമാകുന്ന നിര്‍വ്വികല്‍പ്പസമാധ്യ വസ്ഥ തരുന്നവള്‍.
2. ഭേദത്തിന് ഉപജാപം എന്നൊരു അര്‍ത്ഥം. ഉപജാപം ഇല്ലാതാക്കുന്നവള്‍.
180.നിര്‍ന്നാശാ
1. നാശമില്ലാത്തവള്‍.
2. ഭക്തര്‍ക്ക് നാശം ഇല്ലാതാക്കുന്നള്‍
181. മൃത്യുമഥനീ
1. മൃത്യുവിനെ മഥിയ്ക്കുന്നവള്‍. മരണം ഇല്ലാക്കുന്നവള്‍
2. മൃത്യുവിനാല്‍ മഥിയ്ക്കുന്നവള്‍. സംസാരികളെ ജനനമരണങ്ങള്‍ കൊണ്ട്‌ മഥിയ്ക്കുന്നവള്‍
3. ശിവന്‍ അന്തകാന്തകനാണ്‌. ശിവപത്നിയായതിനാല്‍ മൃത്യുമഥനീ
182. നിഷ്ക്രിയാ
1. ക്രിയയില്ലാത്തവള്‍. പരിപൂര്‍ണ്ണയായതുകൊണ്ട്‌ ഭഗവതിക്ക്‌ ഒന്നും ചെയ്യാനില്ല.
2. ജീവസ്വരൂപിണിയായ ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടായാല്‍ മതി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനനിരതങ്ങളാകും. പക്ഷേ ജീവന്‍ ക്രിയയൊന്നും ഇല്ലാതെ ഇരിയ്ക്കുന്നു. അതിനാല്‍ നിഷ്ക്രിയാ.
3. ക്രിയഃ എന്നതിന്‌ മേടം രാശി എന്നര്‍ത്ഥമുണ്ട്‌. രാശികളില്‍ ആദ്യത്തേതായ മേടം രാശിതന്നെ ഭഗവതിയ്ക്ക്‌ ബാധകമല്ല. പിന്നെ ബാക്കിരാശികളും ഭഗവതിയെ ബാധിയ്ക്കില്ല എന്ന്‌ പ്രത്യേകം പറയേതില്ല.
4. ഗര്‍ഭാധാനാദി സംസ്കാരങ്ങള്‍ക്ക്‌ ക്രിയ എന്നു പറയാറുണ്ട്‌. അതൊന്നും തന്നെ ഭഗവതിക്ക്‌ ബാധകമല്ല.
183. നിഷ്പരിഗ്രഹാ
1. പരിഗ്രഹം ഇല്ലാത്തവള്‍. സ്വീകരിയ്ക്കല്‍ ഇല്ലാത്തവള്‍. എല്ലാതിലും ദേവി നിറഞ്ഞിരിയ്ക്കുന്നതിനാല്‍
ഒന്നും തന്നെ പരിഗ്രഹിയ്ക്കേണ്ടതില്ല.
2. പരിഗ്രഹത്തെ ഇല്ലാതാക്കുന്നവള്‍. ആദ്ധ്യാത്മിക സാധനയ്ക്കുതകുന്ന വിധം അപരിഗ്രഹം
പരിപാലിപ്പിയ്ക്കുന്നവള്‍.
3. പരിഗ്രഹന്‍ എന്നതിന്‌ വിഷ്ണു എന്നര്‍ത്ഥമുണ്ട്‌. ശ്രീഭഗവതിയുടെ ശാപം കാരണം ചിതലുകള്‍
വില്ലിന്റെ ഞാണ്‌ മുറിയ്ക്കുകയും വിഷ്ണുവിന്റെ തലതെറിച്ചു പോകുകകയും ചെയ്തിട്ടുണ്ട്‌. അതിനാല്‍ നിഷ്പരിഗ്രഹാ
4. പരിഗ്രഹത്തിന്‌ മൂലധനം എന്നൊരു അര്‍ത്ഥമുണ്ട്‌. നമുക്ക്‌ ഒരു കാര്യം തുടങ്ങാന്‍ മൂലധനം വേണം. ഭഗവതിതന്നെ മൂലമായതുകൊണ്ട്‌ വേറെ ഒരു മൂലധനത്തിന്റെ ആവശ്യമില്ല.
5. ശാപം എന്നൊരര്‍ത്ഥം പരിഗ്രഹത്തിനുണ്ട്‌. പരമകൃപാമയിയായ അമ്മയ്ക്ക്‌ ശപിയ്ക്കാന്‍ പറ്റില്ല. ശാപമില്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. മക്കളുടെ വാശിപോലുള്ള മനസ്താപമാണ്‌ ശാപമായി മാറുന്നത്‌. അത്‌ ഇല്ലാതാക്കുന്നവള്‍.
6. പരിഗ്രഹത്തിന്‌ മനസ്സിലാക്കല്‍ എന്നര്‍ത്ഥം വരാം. ഭഗവതിയെ മനസ്സിലാക്കാന്‍ ആര്‍ക്കും തന്നെ കഴിയാത്തതുകൊണ്ട്‌ നിഷ്പരിഗ്രഹാ.
7. ബന്ധനില്ലാത്തവള്‍
8. ഭര്‍ത്താവിനും പരിഗ്രഹം എന്നു പറയാം. പരാശക്തിയെ ഭരിയ്ക്കുന്ന ഭര്‍ത്താവാരാണ്‌ ഉള്ളത്‌.
9. ഗ്രഹണം എന്നും അര്‍ത്ഥമുണ്ട്‌ പരിഗ്രഹത്തിന്‌. ഭഗവതിയെ പിടിയ്ക്കാന്‍ പറ്റിയ ഗ്രഹങ്ങള്‍ ഇല്ലതന്നെ.
184. നിസ്തുലാ
1. തുല്യതയില്ലാത്തവള്‍
2. ഭഗവതിയെ ഉപമിയ്ക്കാന്‍ വേറെ ഒന്നും ഇല്ലാത്തതിനാല്‍ നിസ്തുലാ
3. തുലാശബ്ദത്തിന്‌ അളവ്‌ എന്നര്‍ത്ഥമുണ്ട്‌. അളവില്ലാത്തവള്‍
4. കതകിന്റെ തഴുതിന്‌ തുലാ എന്ന്‌ പറയും. തഴുതില്ലാത്തവള്‍. ഭക്തരുടെ മുന്നില്‍ അമ്മയുടെ വാതിലിന്‌ തഴുതില്ല.
5. തുലാഎന്നതിന്‌ തുലാസ്സ്‌ എന്നര്‍ത്ഥമുണ്ട്‌. ഭക്തര്‍ക്ക്‌ ഭഗവതി അനുഗ്രഹം അളന്നു തൂക്കിയല്ലകൊടുക്കുന്നത്‌. അതിനാല്‍ നിസ്തുലാ
185.നീലചികുരാ
1. നീലമായ ചികുരമുള്ളവള്‍. കറുത്ത തലമുടിയുള്ളവള്‍
2. നീലശബ്ദത്തിന്‌ ഇരുട്ട്‌ എന്നര്‍ത്ഥമുണ്ട്‌. ഇരുട്ടാകുന്ന തലമുടിയോടു കൂടിയവള്‍.
186. നിരപായാ
1. അപായം ഇല്ലാത്തവള്‍ എന്നും ഭക്തര്‍ക്ക്‌ അപായം ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ഥമാകാം.
2. അപായം എന്നാല്‍ ദൂരെ പോകല്‍ എന്നൊരു അര്‍ഥം. എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഭഗവതിക്ക്‌ ദൂരെപോകല്‍ പറ്റാത്തതാണ്‌.
3. അപായത്തിന്‌ നാശം എന്നും അര്‍ഥമുണ്ട്‌ . ഭഗവതിക്ക്‌ നാശം ഇല്ല.
4. മുറിവ്‌ എന്നും അപായത്തിന്‌ അര്‍ഥമുണ്ട്‌. അഖണ്ഡ സച്ചിദാനന്ദസ്വരൂപിണിയായ ഭഗവതി മുറിവുണ്ടാക്കാന്‍ വഴിയില്ല.
187. നിരത്യയാ
1. അത്യയം ഇല്ലാത്തവള്‍ എന്നും അത്യയം ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകം. അത്യയത്തിന്‌ മരണം എന്നര്‍ത്ഥം.
2. അത്യയത്തിന്‌ അതിക്രമം എന്നര്‍ത്ഥമുണ്ട്‌. അതിക്രമമില്ലാത്തവള്‍ എന്നുംഅതിക്രമമില്ലാതാക്കുന്നവള്‍
എന്നും.
3. അത്യയത്തിന്‌ ദോഷം എന്നര്‍ത്ഥമുണ്ട്‌. ഭഗവതി ദോഷമില്ലാത്തവളും ഭക്തരുടെ ദോഷം ഇല്ലാതാക്കുന്നവളും ആണ്‌.
4. പ്രയാസം എന്നും അത്യയശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. ഭഗവതിയ്ക്ക്‌ യാതൊരുവിധ പ്രയാസവും വരാന്‍വഴിയില്ല. ഭക്തരുടെ പ്രയാസങ്ങള്‍ ഭഗവതി ഇല്ലാതാക്കുകയും ചെയ്യും.
188. ദുര്‍ല്ലഭാ
1. ലഭിക്കാന്‍ വിഷമമുള്ളവള്‍. യോഗിമാര്‍ക്കുകൂടി ഭഗവതിയെ ലഭിക്കാന്‍ വിഷമമാണ്‌.
189. ദുര്‍ഗ്ഗമാ
1. അടുക്കാന്‍ വിഷമമുള്ളവള്‍
2. മനസ്സിലാക്കാന്‍ വിഷമമുള്ളവള്‍
190. ദുര്‍ഗ്ഗാ
1. വളരെ വിഷമിച്ച്‌ അടുക്കാവുന്നവള്‍. ഭഗവതിയുടെ അടുത്ത്‌ എത്തുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല.
2. ദുര്‍ഗ്ഗമന്‍ എന്ന്‌ അസുരനെ വധിച്ചതുകൊണ്ട്‌ ദുര്‍ഗ്ഗാ എന്ന പേരുവന്നൂ എന്ന്‌ ദേവീമാഹാത്മ്യത്തില്‍ കാണാം.
3. ഒമ്പതുവയസ്സുകാരിയായ കന്യക എന്നൊരു അര്‍ത്ഥമുണ്ട്‌. ഭഗവതി നിത്യകന്യകയാണ്‌.
4. ദുര്‍ഗ്ഗമാളദുര്‍ഗ്ഗാ എന്നാക്കുകയാണെങ്കില്‍ അദുര്‍ഗ്ഗാ എന്ന്‌ വരും. ഒട്ടും വിഷമമില്ലാതെ അടുക്കാവുന്നവള്‍ എന്ന്‌ അപ്പോള്‍ അര്‍ത്ഥം വരും. ഭക്തി തികഞ്ഞവര്‍ക്ക്‌ യാതൊരുവിധത്തിലുള്ള വിഷമവും കൂടാതെ ഭഗവതിയോട്‌ അടുക്കാം.
191. ദുഃഖഹന്ത്രീ
1. ദുഃഖത്തെ ഹനിക്കുന്നവള്‍. ലോകത്തിനുമുഴുവന്‍ ദുഃഖമില്ലാതാക്കുന്നവള്‍.
192. സുഖപ്രദാ
1. സുഖത്തെ ദാനം ചെയ്യുന്നവള്‍
2. സുഖം എന്നതിന്‌ സ്വര്‍ഗം എന്നൊരു അര്‍ഥമുണ്ട്‌. ഇഹലോകത്തില്‍ സുഖവും പിന്നെ പരലോകത്തില്‍
സ്വര്‍ഗവും മോക്ഷത്തില്‍ പരമസുഖം തരുന്നവള്‍
3. സുഖത്തിന്‌ ജലം എന്നും അര്‍ഥമുണ്ട്‌. ജീവജാലങ്ങള്‍ക്കെല്ലാം ജലം കൊടുക്കുന്നത്‌
ഭഗവതി തന്നെയാണ്‌.
4. ജ്യോത്സ്യത്തില്‍ നാലാം ഭാവത്തിന്‌ സുഖം എന്നു പറയാറുണ്ട്‌. നാലാംഭാവം കൊണ്ടാണ്‌ കുടുംബത്തെ
ചിന്തിക്കുന്നത്‌. ഫലത്തില്‍ കുടുംബത്തെ ദാനം ചെയ്യുന്നവള്‍.
193. ദുഷ്ടദൂരാ
1. ദുഷ്ടന്മാര്‍ക്ക്‌ ദൂരയായിട്ടുള്ളവള്‍. ദൂരാ എന്നാല്‍ അപ്രാപ്യാ എന്നര്‍ഥം. ദുഷ്ടന്മാര്‍ക്ക്‌ ഭഗവതിയെ
ഭജിക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ഭഗവതി അകലെ ആണെന്നു തോന്നും. ആ അധമബോധം ദുഷ്ടതയുടെ ഫലമാണ്‌.
2. ദുഷ്ടതകളില്‍നിന്ന്‌ ദൂരാ.
194. ദുരാചാരശമനീ
1. ദുരാചാരത്തെ ശമിപ്പിക്കുന്നവള്‍. ഭഗവതി ഭക്തരുടെ ദുരാചാരത്തെ ശമിപ്പിക്കുന്നു.
2. ദുരാചാരത്താല്‍ ശമിക്കപ്പെടുന്നവള്‍. ഭക്തര്‍ ദുരാചാരങ്ങള്‍ക്ക്‌ അടിമപ്പെടുമ്പോള്‍ ഭഗവദനുഭവം കുറഞ്ഞുവരും.
3. ദുരാചാരത്തെ ശമനം ചെയ്യിക്കുന്നവള്‍. ശമനം എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ഥം. പശുക്കളും മറ്റും ഭക്ഷിച്ചതു പിന്നെയും ചവയ്ക്കുന്നതുപോലെ ദുരാചാരങ്ങള്‍ ചെയ്താല്‍ അത്‌ വീണ്ടും വീണ്ടും ഓര്‍മവരും. അതില്‍നിന്ന്‌ പുതിയസങ്കല്‍പ്പങ്ങള്‍ ഉണ്ടായിവരികയും കര്‍മങ്ങള്‍ക്ക്‌ വഴി വയ്ക്കുകയും ചെയ്യന്നു. ഭഗവതിയുടെ മായാശക്തിതന്നെ ആണ്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌.
4. ദുരാചാരങ്ങള്‍ക്ക്‌ ശമനിയായിട്ടുള്ളവള്‍. ശമനീ എന്നതിന്‌ രാത്രി എന്നര്‍ഥം. ദുരാചാരങ്ങള്‍ അധികം നടക്കുന്ന രാത്രിയും ഭഗവതിതന്നെ ആണ്‌. ഭഗവതിക്ക്‌ ദുരാചാരം സദാചാരം എന്നവ്യത്യാസം ഇല്ലാത്തതിനാല്‍ രണ്ടിനും ഒരുപോലെ ആധാരമായിട്ടുള്ളവളാണ്‌.
195. ദോഷവര്‍ജിതാ
1. ദോഷമില്ലാത്തവള്‍
2. രാഗദ്വേഷാദികള്‍ക്ക്‌ ദോഷം എന്നു പേരുണ്ട്‌. രാഗദ്വേഷാദികളില്ലാത്തവള്‍.
3. ദോഷത്തിന്‌ പ്രദോഷം എന്നൊരു അര്‍ഥമുണ്ട്‌. പ്രദോഷമെന്നാല്‍ അസ്തമയസന്ധ്യ.
പ്രദോഷമില്ലാത്തവള്‍. പ്രപഞ്ചസ്വരൂപിണിയായ ഭഗവതിക്ക്‌ പ്രപഞ്ചത്തിന്റെ ഒരു മൂലയ്ക്ക്‌ സൂര്യന്‍
അസ്തമിച്ചാലെന്ത്‌? ഉദിച്ചലെന്ത്‌?
4. ദോഷത്തിന്‌ ഇരുട്ട്‌ എന്നൊരര്‍ഥമുണ്ട്‌. ചിത്സ്വരൂപിണിയായ ഭഗവതിക്ക്‌ ഇരുട്ടുണ്ടാകാന്‍ വഴിയില്ല.
196. സര്‍വ്വജ്ഞാ
1. എല്ലാം അറിയുന്നവള്‍. ഭഗവതിയറിയാത്ത ഒന്നും തന്നെ ഇല്ല.
2. സര്‍വ്വജ്ഞന്‍ എന്നതിന്‌ ശിവനെന്നും വിഷ്ണുവെന്നും അര്‍ത്ഥമുണ്ട്‌. അവരുടെ പത്നിമാരായ ഗൗരിയും ലക്ഷ്മിയും ഭഗവതിതന്നെ ആണ്‌.
197. സാന്ദ്രകരുണാ
1. സാന്ദ്രമായ കരുണയോടു കൂടിയവള്‍. ഇടതടവില്ലാതെ കരുണചെയ്യുന്നവള്‍.
2. സാന്ദ്രം എന്നതിന്‌ മനോഹരം എന്നൊരു അര്‍ത്ഥം. മനോഹരമായ കരുണയോടു കൂടിയവള്‍.
198. സമാനാധികവര്‍ജ്ജിതാ
1. ഭഗവതിയ്ക്ക്‌ സമാനമായി വസ്തുവോ വ്യക്തിയോ ഇല്ല. ഭഗവതിയേക്കാള്‍ മേലയായിട്ടും ഒന്നും ഇല്ല.
199. സര്‍വശക്തമയീ
1. സര്‍വദേവന്മാരുടെയും ശക്തി ഉള്‍ക്കൊള്ളുന്നവള്‍. മഹിഷാസുരനിഗ്രഹത്തിന്‌ ഭഗവതി പ്രത്യക്ഷപ്പെടുന്നത്‌ എല്ലാദേവന്മാരുടേയും ചൈതന്യം ഉള്‍ക്കൊണ്ടിട്ടാണ്‌.
2. ബഗളാമുഖീ, ബാലാ തുടങ്ങിയുള്ള ശക്തികളെല്ലാം ദേവിതന്നെ ആയതുകൊണ്ട്സര്‍വശക്തിമയീ
3. ലോകത്തില്‍ കാണുന്ന എല്ലാം തന്നെ ശക്തിയുടെ ഭാവഭേദങ്ങളാണ്‌ അതിനാല്‍ സര്‍വശക്തിമയീ
4. സര്‍വന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥമുണ്ട്‌. ശിവന്റെ ശക്തിയായതുകൊണ്ട്‌ സര്‍വശക്തിമയീ
5. സര്‍വന്‍ എന്നതിന്‌ വിഷ്ണു എന്നും അര്‍ഥമുണ്ട്‌. വിഷ്ണുവിന്റെ ശക്തിയായ ശ്രീഭഗവതിയും ദേവിതന്നെ ആയതുകൊണ്ട്‌ സര്‍വശക്തിമയീ
200. സര്‍വ്വമങ്ഗളാ
1. സര്‍വ്വര്‍ക്കും മങ്ഗളങ്ങള്‍ നല്‍കുന്നവള്‍
2. സര്‍വ്വരിലും വച്ച്‌ മങ്ഗളാ. ഭഗവതിയെപ്പോലെ മങ്ഗളത്വം തികഞ്ഞ്‌ ആരുണ്ട്‌?
3. മങ്ഗളാ എന്നതിന്‌ പതിവ്രതാ എന്നൊരര്‍ഥം. സര്‍വ്വരിലും വച്ച്‌ പതിവ്രതാ. ഭഗവതിയുടെ
പാതിവ്രത്യത്തെ വെല്ലാന്‍ ആരുമില്ല.
201. സദ്ഗതിപ്രദാ
1. സദ്ഗതി പ്രദാനം ചെയ്യുന്നവള്‍. സദ്ഗതി എന്നാല്‍ മോക്ഷം
2. ധന്യ ശ്രേയസ്സ്‌ സുഖാവസ്ഥ എന്നെല്ലാം സദ്ഗതിയ്ക്ക്‌ അര്‍ത്ഥമാകം. അവ പ്രദാനം ചെയ്യുന്നവള്‍.
3. നല്ല ഗതി പ്രദാനം ചെയ്യുന്നവള്‍. നേരെ നടക്കാന്‍ വഴിയുണ്ടാക്കുന്നവള്‍.
4. ഗതിയ്ക്ക്‌ അറിവ്‌ എന്ന്‌ അര്‍ത്ഥം ഉണ്ട്‌. നല്ല അറിവുണ്ടാക്കിത്തരുന്നവള്‍.
5. ആശ്രയം എന്നൊരു അര്‍ത്ഥം ഗതിയുക്കുണ്ട്‌. നല്ല ആശ്രയം ഉണ്ടാക്കിത്തരുന്നവള്‍.
202. സര്‍വ്വേശ്വരീ
1. സര്‍വ്വരുടേയും ഈശ്വരി
2. എല്ലാത്തിന്റേയും ആധിപത്യമുള്ളവള്‍.
3. സര്‍വ്വേശ്വരന്റെ പത്നി. പരമേശ്വരപത്നി.
4. വിഷ്ണുവിന്റെ പത്നി എന്നും അര്‍ത്ഥമാകാം.
203. സര്‍വ്വമയീ
1. എല്ലാം ചേര്‍ന്നിട്ടുള്ളവള്‍
2. പ്രകൃതി ബോധം അഹങ്കാരം അഞ്ചു തന്മാത്രകള്‍, പത്തിന്ദ്രിയങ്ങള്‍, പഞ്ചഭൂതങ്ങള്‍. മനസ്സ്
എന്നിവയെല്ലാം ശക്തിസ്വരൂപിണിയായ ഭഗവതിയുടെ
ഭാഗങ്ങളാണ്. ഈ തത്ത്വങ്ങള്‍ കൊണ്ടാണ്
പ്രപഞ്ചം ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ സര്‍വമയീ.
204. സര്‍വ്വമന്ത്രസ്വരൂപണീ
1. എല്ലാ മന്ത്രങ്ങളും നാദബ്രഹ്മസ്വരൂപിണിയായ ഭഗവതിയുടെ ആവിര്‍ഭാവമാണ്‌. അതിനാല്‍ സര്‍വ്വമന്ത്രസ്വരൂപിണീ
2. മനനാല്‍ ത്രായതേ ഇതി മന്ത്രഃ. ചിന്തയില്‍ നിന്ന്‌ രക്ഷിയ്ക്കുന്നത്‌ മന്ത്രം. ചിന്തയില്‍നിന്ന്‌ രക്ഷിയ്ക്കുന്നതെല്ലാം ഭഗവതിയുടെ സ്വരൂപം തന്നെ ആണ്‌.
3. സ്വരൂപിണീ എന്നതിന്‌ അറിയുന്നവള്‍ എന്ന്‌ അര്‍ത്ഥം വരാം. രഹസ്യമായി പറയുന്നതെല്ലാം അറിയുന്നവള്‍.
4. എല്ലാ മന്ത്രങ്ങളും അറിയുന്നവള്‍
205. സര്‍വ്വയന്ത്രാത്മികാ
1. ബാലായന്ത്രം മാതങ്ഗീയന്ത്രം മുതലായുള്ള എല്ലാ യന്ത്രങ്ങളിലും ഭഗവതിയുടെ ശക്തിയുടെ വകഭേദങ്ങളാണ് ഉള്ളത്.
2. മനുഷ്യന്‍ ഉപയോഗിയ്ക്കുന്ന മരം കടയാനുള്ള യന്ത്രം, വെള്ളം കോരാനുള്ള യന്ത്രം തുടങ്ങി
എല്ലാതിലും ഭഗവതിയുടെ ശക്തിതന്നെയാണ് ഉള്ളത്.
3. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുന്ന എന്ന അര്‍ത്ഥത്തിലും യന്ത്രശബ്ദം ഉപയോഗിയ്ക്കാം. ഇന്ദ്രിയനിഗ്രഹത്തിനുള്ള പ്രയത്‌നവും ഭഗവതിതന്നെയാണ്.
4. ലോകത്തിന്റെ എല്ലാനിയന്ത്രണവും ഭഗവതിയുടെ കയ്യിലാണെന്നുള്ളതുകൊണ്ട് സര്‍വ്വയന്ത്രാത്മികാ
206. സര്‍വ്വതന്ത്രരൂപാ
1. എല്ലാവിധ തന്ത്രശാസ്തങ്ങളും പ്രതിപാദിയ്ക്കുന്നത്‌ ഭഗവതിയെ കുറിച്ചു തന്നെ ആണ്‌. അതിനാല്‍ സര്‍വ്വതന്ത്രരൂപാ.
2. രൂപം എന്നതിന്‌ ശരീരം എന്നര്‍ത്ഥമുണ്ട്‌. തന്ത്രങ്ങള്‍ ദേവിയുടെ ഓരോരോ ശരീരഭാഗങ്ങളാണ്‌. ഉദാഹരണത്തിന്‌ കാമികം എന്ന ഗ്രന്ഥം ഭഗവതിയുടെ പാദമാണ്‌. അതിനാല്‍ സര്‍വ്വതന്ത്രരൂപാ.
3. കുടുംബകാര്യം എന്നൊരു അര്‍ത്ഥം തന്ത്രത്തിനുണ്ട്‌. ഭക്തരുടെ കുടുംബകാര്യം പോലും ഭഗവതിയുടെ രൂപമാണ്‌. എല്ലാകാര്യങ്ങളിലും ഭഗവതിയെ കാണുന്നതാണ്‌ ഉന്നതമായ ഭക്തിയുടെ അവസ്ഥ.
4. സ്വരാഷ്ട്രചിന്തയേയും തന്ത്രം എന്നു പറയാം. സ്വരാഷ്ട്രചിന്ത ചെയ്യുന്നവര്‍ ഭഗവതിയുടെ രൂപത്തെ തന്നെയാണ്‌ ധ്യാനിയ്ക്കുന്നത്‌.
207. മനോന്മനീ
1. രണ്ട് എന്ന തോന്നല്‍ വരാത്ത അവസ്ഥയാണ് മനോന്മത്വം. സാധനാപഥത്തില്‍ ജീവാത്മാവ് ഭ്രൂമദ്ധ്യത്തിനും ബഹ്മരന്ധ്രത്തിനും ഇടയിലെത്തിയിരിയ്ക്കുമ്പോള്‍ ഈ അവസ്ഥ അനുഭവിയ്ക്കന്നു എന്നു കാണുന്നു. നിര്‍വ്വികല്‍പ്പസമാധ്യവസ്ഥ എന്നും പറയാവുന്നതാണ്. ആ അവസ്ഥയിലുള്ളവള്‍.
2. യോഗശാസ്ത്രത്തില്‍ മനോന്മനീ എന്നൊരു മുദ്രയുണ്ട്. ഈ മുദ്രയുടെ ലക്ഷണം ഇമവെട്ടാത്തതും, ശ്വാസനിശ്വാസങ്ങള്‍ നിലച്ചതും, മനസ്സില്‍ സങ്കല്‍പ്പ വികല്‍പ്പങ്ങള്‍ നിലച്ചതും ശാന്തമായതും ആയ അവസ്ഥയാണ്. മനോന്മനമുദ്രാവസ്ഥയുള്ളവള്‍ മനോന്മനീ.
3. മനസ്സിനെ ഉത്കഷ്ടജ്ഞാനയുക്തമാക്കുന്നതുകൊണ്ട് മനോന്മനീ. ഭഗവതിയുടെ കൃപയാല്‍ ഉത്കഷ്ടജ്ഞാനം ഉണ്ടാകുന്നു.
208. മാഹേശ്വരീ
1. മഹേശ്വരന്‍ ത്രിഗുണാതീതനാണ്‌. ത്രിഗുണത്തിന്‌ വൈഷമ്യമില്ലാത്ത അവസ്ഥയില്‍ മഹേശ്വരനില്‍ ലയിച്ചു കിടക്കുന്ന ശക്തിയായതിനാല്‍ മാഹേശ്വരീ
2. മഹേശ്വരശബ്ദത്തിന്‌ ശിവന്‍ എന്നും വിഷ്ണു എന്നും അര്‍ത്ഥം വരാം. ഇവരുടെ പത്നിമാരായ പാര്‍വ്വതീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും ഈ പേരു യോജിയ്ക്കും. ഇവര്‍രണ്ടു പേരും ഭഗവതി തന്നെ ആണല്ലോ.
209. മഹാദേവീ
1. മഹതീ ദേവീ. വലിയ ശരീരമുള്ള ദേവി. പ്രകൃതിസ്വരൂപിണിയായ ദേവിയുടെ ശരീരം അളക്കാന്‍
പറ്റുന്നതിനെക്കാള്‍ വലുതാണ്‌.
2. മഹ്ധാതുവിന്‌ പൂജ എന്നര്‍ഥമുണ്ട്‌. പൂജിക്കപ്പെടേണ്ട ദേവി.
3. ശിവന്റെ അഷ്ടമൂര്‍ത്തികളില്‍ ഒരു മൂര്‍ത്തി ചന്ദ്രനാണ്‌. ചന്ദ്രന്റെ രൂപത്തിലുള്ള ശിവന്‌ മഹാദേവന്‍ എന്നാണ്‌ നാമം. ചന്ദ്രന്റെ ഇഷ്ടപത്നിയായ രോഹിണിക്ക്‌ അതുകൊണ്ടുതന്നെ മഹാദേവീ എന്നു പേരുണ്ട്‌. ഈ ദേവിയാണ്‌ ഗണ്ഡകീനദിയിലെ ചക്രതീര്‍ഥത്തിലെ അധിഷ്ഠാനദേവത. ദേവിയുടെ തീര്‍ഥങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ ഈ തീര്‍ഥം.
210. മഹാലക്ഷ്മീ
1. മഹതിയായ ലക്ഷ്മി. പൂജിയ്ക്കപ്പെടേണ്ട ലക്ഷ്മി.
2. കോലാപുരം (കോലാപ്പൂര്‍) എന്ന തീര്‍ത്ഥാടനകേന്ദ്രത്തിലെ ദേവിയായ മഹാലക്ഷ്മിയെ
കുറിച്ചുകൂടിയാണ്‌ ഈ നാമം എന്ന്‌ വ്യാഖ്യാനങ്ങളില്‍ കാണുന്നു.
3. മഹാലന്‍ എന്ന അസുരനെ വധിച്ചവളും മഹാലസാ എന്നോ മഹാലക്ഷ്മീ എന്നോ പേരുള്ളവളും ആയ
ദേവി സഹ്യപര്‍വ്വതത്തില്‍ വസിയ്ക്കുന്നു എന്ന്‌ തന്ത്രപുസ്തകങ്ങളില്‍ കാണുന്നു,
4. ലക്ഷ്മീ എന്ന പദത്തിന്‌ ഐശ്വര്യം, സൗന്ദര്യം, ശോഭ, സൗഭാഗ്യം, മോക്ഷപ്രാപ്തി എന്നെല്ലാം
അര്‍ത്ഥമുണ്ട്‌. പുജിയ്ക്കപ്പെടേണ്ട ഈ ഗുണങ്ങളെല്ലാം ഉള്ളവള്‍ എന്ന്‌ അര്‍ത്ഥം.
5. മഹിഷാസുരനെ വധിച്ച രജോഗുണപ്രധാനയായ മഹാലക്ഷമീ എന്നും അര്‍ത്ഥം ആകാം.
211. മൃഡപ്രിയാ
1. മൃഡന്‍ എന്നാല്‍ ശിവന്‍ എന്നര്‍ത്ഥം. സൃഷ്ടിസ്ഥിതികര്‍ത്താവും സത്വഗുണപ്രധാനനും സകലര്‍ക്കും സുഖമുണ്ടാക്കുന്നവനും ആണ്‌ മൃഡന്‍ എന്ന അവസ്ഥയിലുള്ള ശിവന്‍. മൃഡന്റെ പ്രിയയായിട്ടുള്ളവള്‍.
2. മൃഡധാതുവിന്‌ സന്തോഷിപ്പിയ്ക്കുക, വരംകൊടുക്കുക എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്‌. ഈ രണ്ടു കാര്യങ്ങളും ചെയ്യുന്നതില്‍ പ്രിയം ഉള്ളവള്‍.
212. മഹാരൂപാ
1. വിശിഷ്ടമായ രൂപമുള്ളവള്‍. പുരുഷന്‍, അവ്യക്തം, വ്യക്തം, കാലം എന്നിങ്ങനെ നാലുരൂപം പരബ്രഹ്മത്തിനുണ്ട്‌ എന്നു വിഷ്ണുപുരാണത്തില്‍ പറയുന്നു. ആ നാലുരൂപത്തിനേക്കാള്‍ വിശിഷ്ടമായ രൂപം ഉള്ളവള്‍.
213. മഹാപൂജ്യാ
1. പ്രാധാന്യമുള്ളവളും പൂജ്യയും ആയിട്ടുള്ളവള്‍. ത്രിമൂര്‍ത്തികള്‍ പൂജ്യരാണ്‌. അവരാല്‍ പൂജിക്കപ്പെടുന്ന ദേവി മഹാപൂജ്യയാണ്‌.
214. മഹാപാതകനാശിനീ
1. മഹാപാതകങ്ങളെ നശിപ്പിക്കുന്നവള്‍. ബ്രഹ്മഹത്യ, മദ്യസേവ, കളവ്‌, ഗുരുപത്നീഗമനം എന്നീ നാലും ഇവയിലൊന്നിന്‌ കൂട്ടുനില്‍ക്കലും ചേര്‍ത്ത്‌ അഞ്ച്‌ മഹാപാതകങ്ങള്‍. ഇതെല്ലാം ചെയ്തുപോയാലും ദേവീപ്രസാദം ഉണ്ടാകാന്‍ വഴി വന്നാല്‍ അതിനെല്ലാം ശമനം കിട്ടും.
215. മഹാമായാ
1. ബ്രഹ്മാദികളെപ്പോലും ബാധിക്കുന്ന മായയായതിനാല്‍ മഹാമായാ.
2. ഗംഗാദേവീ എന്നും മഹാമായാശബ്ദത്തിന്‌ അര്‍ഥമുണ്ട്‌.
3. തെറ്റിദ്ധരിപ്പിക്കുന്നതും ഇല്ലാത്തത്‌ ഉണ്ടെന്നു തോ ന്നിക്കുന്നതും ആയ ജാലവിദ്യ കാണിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരാം. മായാശബ്ദത്തിന്‌ ജാലവിദ്യ എന്ന്‌ അര്‍ഥമുണ്ട്‌.
4. ശാഠ്യം, ക്രൂരത, ദയ, ജ്ഞാനം എന്നെല്ലാം മായാ ശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ഇതെല്ലാം ഉള്ളവള്‍. പ്രകൃ തീദേവിയില്‍ ഇതെല്ലാം നമുക്ക്‌ അനുഭവിക്കാവുന്ന തരത്തില്‍ ഉണ്ട്‌.
5. മായാശബ്ദത്തിന്‌ ബുദ്ധി എന്നും അര്‍ഥമുണ്ട്‌. ബുദ്ധി യുടെ കാര്യത്തിലും ഭഗവതിയെ മറികടക്കാന്‍ ആരുമില്ല.
216. മഹാസത്വാ
1. മഹത്തായിരിക്കുന്ന സത്വഗുണത്തോടു കൂടിയവള്‍. പ്രപഞ്ചത്തില്‍ പന്ത്രണ്ടില്‍ മൂന്നു ഭാഗം തമോഗുണവും നാലു ഭാഗം രജോഗുണവും അഞ്ചു ഭാഗം സത്വഗുണവുമാണത്രേ ഉള്ളത്‌. സത്വഗുണത്തിന്‌ ആധിക്യമുള്ള പ്രകൃതി ഭഗവതിതന്നെ ആയതിനാല്‍ മഹാസത്വാ.
2. പിശാച്‌, ഭൂതം എന്നിത്യാദി ഭീകരരൂപങ്ങള്‍ക്ക്‌ സത്വം എന്നു പറയാറുണ്ട്‌. ഭീകരമായ രൂപവും ഭഗവതിക്കുണ്ട്‌.
3. ജീവന്‍ എന്ന്‌ സത്വശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ലോകത്തിലെ എല്ലാ ജീവന്മാരുടെയുംആകെത്തുകയാണ്‌ വിരാട്‌ പുരുഷസ്വരൂപം. ആ വിരാട്സ്വരൂപത്തിലുള്ളവള്‍.
4. പ്രാണന്‍ എന്നും സത്വത്തിന്‌ അര്‍ഥമാകാം. മഹാപ്രാണസ്വരൂപാ.
5. ബലം എന്നും സത്വത്തിന്‌ അര്‍ഥമുണ്ട്‌. വലിയ ബലമുള്ളവള്‍.
6. മഹാധൈര്യം ഉള്ളവള്‍ എന്നും ആകാം.
7. വളരെ ധനമുള്ളവള്‍ എന്നും അര്‍ഥമാകാം.
217. മഹാശക്തിഃ
1. മഹത്തായ ബലമുള്ളവള്‍. വലിയ ബലമുള്ളവള്‍
2. പൂജിക്കപ്പെടേണ്ട ശക്തി
3. ശക്തിക്ക്‌ ഉത്സാഹം, സാമര്‍ഥ്യം എന്നീ അര്‍ഥങ്ങളുണ്ട്‌. അവ ധാരാളമുള്ളവള്‍
218. മഹാരതിഃ
1. മഹത്തായ രതിയുള്ളവള്‍. സാധാരണ വിഷയങ്ങളോടുള്ള രതിയെക്കാള്‍ മഹത്തായ രതിയുള്ളവള്‍. ആത്മരതി മഹത്തായ രതിയാണ്‌.
2. ശിവനും ശക്തിയും തമ്മിലുള്ള രതിയാണ്‌ ഈ പ്രപഞ്ചം. അത്ര ഉദാത്തമായ രതിയുള്ളവള്‍
3. രതിക്ക്‌ ഉപസ്ഥം എന്നര്‍ഥം ഉണ്ട്‌. ഈ ലോകത്തെ മുഴുവന്‍ പ്രസവിച്ച ഉപസ്ഥമാണ്‌ ഭഗവതിയുടെ ഉപസ്ഥം. അതിനാല്‍ മഹാരതി.
4. രതിക്ക്‌ അനുരാഗം, പ്രീതി, സുഖം എന്നെല്ലാം അര്‍ഥം വരാം. പരമശിവനെ സംബന്ധിച്ചുള്ള മഹത്തായ അനുരാഗവും പ്രീതിയും സുഖവും കാരണം മഹാരതി.
219. മഹാഭോഗാ
1. യാതൊരുവളുടെ ഭോഗം മഹത്തായിരിയ്ക്കുന്നുവോ അവള്‍ മഹാഭോഗാ. ഭോഗശബ്ദത്തിന്‌ ആസ്വാദനം എന്നര്‍ത്ഥം. ഈ പ്രപഞ്ചം മുഴുവന്‍ ആസ്വാദനവിഷയ മായിരിയ്ക്കുന്ന ഭഗവതി മഹാഭോഗയാണ്‌.
2. ഭോഗശബ്ദത്തിന്‌ ഐശ്വര്യം എന്നര്‍ത്ഥം വരാം. അപ്പോള്‍ മഹത്തായ ഐശ്വര്യമുള്ളവള്‍.
3. ഭോഗത്തിന്‌ സുഖം എന്നും അര്‍ത്ഥമാകാം. മഹത്തായ സുഖമുള്ളവള്‍.
220. മഹൈശ്വര്യാ
1. മഹത്തായ ഐശ്വര്യമുള്ളവള്‍
2. ഐശ്വര്യത്തിന്‌ ഈശ്വരഭാവം എന്നര്‍ത്ഥം ഉണ്ട്‌. മഹത്തായ ഈശ്വരഭാവം ഉള്ളവള്‍.
221. മഹാവീര്യാ
1. മഹത്തായ വീര്യമുള്ളവള്‍. വീര്യം എന്നതിന്‌ പ്രഭവമുള്ളവള്‍.
2. വീര്യത്തിന്‌ തേജസ്സ്‌ എന്ന്‌ അര്‍ഥമുണ്ട്‌. നല്ല തേജസ്സുള്ളവള്‍.
3. വീര്യത്തിന്‌ സാമര്‍ഥ്യം എന്ന്‌ അര്‍ഥമുണ്ട്‌. ലോകജനനിക്ക്‌ മക്കളെ മുഴുവന്‍ പോറ്റാനുള്ള
മഹത്തായ സാമര്‍ഥ്യം ഇല്ലാതിരിക്കില്ല.
4. പരാക്രമം എന്നും വീര്യത്തിന്‌ അര്‍ഥമുണ്ട്‌. അസുരനിഗ്രഹത്തിന്‌ കാണിക്കുന്ന ആ വീര്യം
മഹത്തുതന്നെ ആണ്‌.
222. മഹാബലാ
1. മഹത്തായിരിക്കുന്ന ബലം ഉള്ളവള്‍.
2. ബലത്തിന്‌ സൈന്യം എന്ന്‌ അര്‍ഥമുണ്ട്‌. വലിയ സൈ ന്യമുള്ളവള്‍.
3. ദാര്‍ഢ്യം, സ്ഥൂലത എന്നീ അര്‍ഥങ്ങള്‍ ബലശ ബ്ദത്തിനുണ്ട്‌. പ്രകൃതീരൂപിണിയായ ഭഗവതിക്ക്‌ മഹ ത്തായ സ്ഥൂലതയും ദൃഢതയും ഉള്ളതിനാല്‍ മഹാബലാ.
4. ശുക്ലത്തിനും രക്തത്തിനും ബലം എന്ന്‌ പറയാം. ജനനത്തിനു കാരണങ്ങളാകുന്ന മഹത്തായ ഇവരണ്ടും ഭഗവതി തന്നെ ആണ്‌.
5. ബലഭദ്രന്‍ എന്നും ബലശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ബലഭദ്രന്‍ അനന്തനാണെന്ന്‌ പ്രസിദ്ധം. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച്‌ പിന്നെയും ദശാംഗുലം അധികം നില്‍ക്കുന്ന അനന്തനും ഭഗവതി തന്നെ.
6. ബലശബ്ദത്തിന്‌ കാക്ക എന്ന്‌ അര്‍ഥമുണ്ട്‌. യാതൊരുവളുടെ പ്രസാദത്താല്‍ ബലം (കാക്ക)
മഹത്ത്വത്തെ പ്രാപിച്ചുവോ അവള്‍ മഹാബലാ.
ഭഗവതിയുടെ പ്രസാദം കാരണമാണ്‌
യോഗവാസിഷ്ഠത്തില്‍ പ്രതിപാദിക്കുന്ന ഭുശുണ്ഡന്‍ എന്ന കാക്ക മഹത്ത്വം പ്രാപിച്ചത്‌.
223. മഹാസിദ്ധിഃ
1. മഹാസിദ്ധികള്‍ അണിമ എന്നു തുടങ്ങിയുള്ള അഷ്ടമഹാസിദ്ധികളാണ്‌ എന്നു പ്രസിദ്ധം. അതുള്ളവള്‍.
2. സ്കന്ദപുരാണത്തില്‍ അഷ്ടമഹാസിദ്ധികള്‍ വേറെ ഒരു തരത്തില്‍ പറയുന്നുണ്ട്‌. രസങ്ങളെല്ലാം തനിയെ ഉണ്ടാവല്‍, ദ്വന്ദങ്ങളാല്‍ തോല്‍പ്പിയ്ക്കപ്പെടായ്ക, അധമം ഉത്തമം എന്ന തോന്നല്‍ ഉണ്ടാവാതിരിയ്ക്കല്‍, സുഖവും ദുഖവും തുല്യമാകല്‍, കാന്തിയും ബലവും ഉണ്ടാകുക എന്ന വിശേഷം, പരമാത്മപ്രാപ്തിയ്ക്കുള്ള തപസ്സ്‌, ധ്യാനം മുതലായതിലുള്ള നിഷ്ഠ, ഇഷ്ടംപോലെ ചരിയ്ക്കാന്‍ കഴിയുക, എവിടേയും കിടക്കുകവാന്‍ കഴിയുക എന്നിവയാണ്‌ അവ. ഈ സിദ്ധികളുള്ളവള്‍.
224. മഹായോഗേശ്വരേശ്വരീ
1. മഹത്തുക്കളായ യോഗേശ്വരന്മാര്‍ക്ക്‌ ഈശ്വരീ.
2. യോഗേശ്വരന്‍ എന്ന്‌ ശ്രീകൃഷ്ണനെ പറയാറുണ്ട്‌. ശ്രീകൃഷ്ണന്‌ ഈശ്വരിയായിട്ടുള്ളവള്‍.
3. യോഗേശ്വരന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ത്ഥം ഉണ്ട്‌. ശക്തിയുടെ സ്വാധീനം ഇല്ലെങ്കില്‍ ശിവന്‍ ശവം ആണെന്നാണ്‌ പറയാറുള്ളത്‌.
4. ഇന്ദ്രജാലക്കാരെയും യോഗേശ്വരന്‍ എന്നു പറയാം. ഇന്ദ്രജാലക്കാരില്‍ വച്ച്‌ ഈശ്വരിയായിട്ടുള്ളവള്‍.
പ്രഞ്ചമാകുന്ന ഇന്ദ്രജാലം പ്രദര്‍ശിപ്പിക്കുന്ന ഭഗവതി മഹായോഗേശ്വരേശ്വരി തന്നെ ആണ്‌.
225. മഹാതന്ത്രാ
1. മഹാതന്ത്രങ്ങളില്‍ പ്രതിപാദിക്കുന്നപ്പെടുന്നവള്‍ ആയതിനാല്‍ മഹാതന്ത്രാ. കുളാര്‍ണവം, ജ്ഞാനാര്‍ണവം തുടങ്ങി പലവിധത്തിലുള്ള തന്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നവള്‍.
2. ആ പലവിധതന്ത്രങ്ങളിലും വച്ച്‌ മേലെ ആയിട്ടുള്ള സ്വതന്ത്ര്യം എന്നുള്ള മഹാതന്ത്രത്തില്‍ പ്രതിപാദിക്ക പ്പെടുന്നവള്‍.
3. തന്ത്രശബ്ദത്തിന്‌ താത്പര്യം എന്നൊരു അര്‍ഥം ഉണ്ട്‌. മഹത്തായ താത്പര്യം ഉള്ളവള്‍. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതസംഹാര തിരോധാനാനുഗ്രഹസ്വരൂപ ത്തിലുള്ള മഹത്തായ താത്പര്യം ഉള്ളവള്‍.
4. മരുന്ന്‌ എന്നും തന്ത്രശബ്ദത്തിന്‌ അര്‍ഥം ഉണ്ട്‌. സംസാരരോഗത്തിന്‌ ഒരേ ഒരു മരുന്നായിരിക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.
5. തന്ത്രത്തിന്‌ കുടുംബകാര്യം എന്നും അര്‍ഥം വരാം. മഹത്തായിരിക്കുന്ന പ്രപഞ്ചത്തിലെ കുടുംബകാര്യം നടത്തുന്നവള്‍ ആയതിനാല്‍ മഹാതന്ത്രാ
6. തന്ത്രത്തിന്‌ നൂല്‌ എന്നൊരു അര്‍ഥം ഉണ്ട്‌. ഈ ചരാചരങ്ങളെ എല്ലാം കോര്‍ത്തിണക്കുന്ന മഹത്തായ നൂല്‌ ഭഗവതിതന്നെ ആണ്‌.
7. തന്ത്രത്തിന്‌ ഉപകരണം എന്നും അര്‍ഥം ആകാം. പരമാണുവിനെപ്പോലും മഹത്തായ ഉപകരണമായി
ഉപയോഗിക്കാന്‍ കഴിവുള്ള ഭഗവതി മഹാതന്ത്രമാണ്‌.
227. മഹാമന്ത്രാ
1. മന്ത്രങ്ങളില്‍ വച്ച്‌ മഹത്തായിട്ടുള്ളത്‌. അത്‌ ശ്രീവിദ്യയാണെന്ന്‌ തന്ത്രങ്ങളില്‍ കാണുന്നു.
2. വേദങ്ങളില്‍ പറയുന്ന അസംഖ്യം മന്ത്രങ്ങളെല്ലാം സത്യത്തെ കുറിച്ചുള്ളവയാണ്‌. സത്യവും ഭഗവതിയും
വേറെ അല്ല. അതിനാല്‍ മഹാമന്ത്രാ.
3. രാജകാര്യവിചാരം എന്ന്‌ മന്ത്രത്തിന്‌ അര്‍ഥം ഉണ്ട്‌. പ്രപഞ്ചമാകുന്ന രാജ്യത്തിന്റെ വിചാരം
നടത്തുന്നവള്‍ ആയതിനാല്‍ മഹാമന്ത്രാ.
228. മഹായന്ത്രാ
1. മഹത്തായ യന്ത്രങ്ങളുള്ളവള്‍. ശ്രീചക്രം മുതലായ യന്ത്രങ്ങള്‍, സ്വസ്തികം മുതലായ പദ്മങ്ങള്‍, അമൃതകുംഭം, മേരുചക്രം, ലിങ്ഗം എന്നിവയെല്ലാം യന്ത്രമായി കണക്കാക്കാവുന്നയാണത്രേ. ഇതെല്ലാം ഭഗവതിയെ യജിയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്നതിനാല്‍ മഹായന്ത്രാ.
2. ഇന്ദ്രിയനിയന്ത്രണം തുടങ്ങിയുള്ള നിയന്ത്രണങ്ങളെല്ലാം നടത്തുന്നവള്‍ എന്നതിനാല്‍ മഹായന്ത്രാ.
229. മഹാസനാ
1. ഈ പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ ഇരിപ്പിടമായതിനാല്‍ മഹാസനാ.
2. ഈ മഹത്തായിരിയ്ക്കുന്ന പ്രപഞ്ചം ഭഗവതിയില്‍ സ്ഥിതിചെയ്യുന്നതിനാലും മഹാസനാ.
3. മഹത്ത്‌ എന്നതിന്‌ ബോധം എന്നൊരു അര്‍ത്ഥം. പരമാണുമുതല്‍ പ്രപഞ്ചത്തിന്റെ എല്ലാ വിഭാഗങ്ങിലും ഉള്ള അഹം, അഹം എന്ന നിതാന്തമായ ബോധമാണ്‌ ഭഗവതിയുടെ ഇരിപ്പിടമെന്നതിനാല്‍ മഹാസനാ.
230. മഹാഗായക്രമാരാദ്ധ്യാ
1. മഹായാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടുന്നവള്‍. ബ്രാഹ്മാദി മാതൃക്കുളുടെ അംശംസ്വരൂപകളായ
അറുപത്തിനാലു യോഗിനികളെ പൂജിയ്ക്കുന്ന ഒരു ക്രമമുണ്ട്‌. അതിന്‌ മഹായാഗം എന്നു പറയുന്നു.
2. ഭവനോപനിഷത്തില്‍ പറയുന്ന മഹാരഹസ്യമായ ഒരു പൂജാവിധിയ്ക്ക്‌ മഹായാഗം എന്നു പറയാറുണ്ട്‌.
ആതില്‍ പൂജിയ്ക്കപ്പെടുന്നവള്‍.
231.മഹാഭൈരവപൂജിതാ
1. മഹാഭൈരവനാല്‍ പൂജിതാ. മഹാഭൈരവന്‍ സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവായിരിയ്ക്കുന്ന
പരമശിവനാണ്‌. മഹാഭൈരവന്‍ മഹായാഗംകൊണ്ട്‌ ഭഗവതിയെ ചിദഗ്നിയില്‍നിന്ന്‌ പ്രത്യക്ഷപ്പെടുത്തി എന്നു ലളിതോപാഖ്യാനത്തിന്‍ കാണാവുന്നതാണ്‌.
2. മാഹാഭൈരവം എന്നാല്‍ അതിഭയാനകം എന്ന്‌ അര്‍ത്ഥമാകാം. അതി ഭയാനകതപോലും ഭഗവതിയെ പൂജിയ്ക്കും. എന്തെന്നാല്‍ തമോഗര്‍ത്തങ്ങളും പൊട്ടി ത്തെറികളും ആകര്‍ണവികര്‍ഷണങ്ങളും
അടങ്ങിയ പ്രകൃതിയെ വെച്ചു നോക്കുമ്പോള്‍ അതിഭയാനകതയ്ക്ക്‌ കൈകൂമ്പാതെ കഴിയില്ല.
232. മഹേശ്വരമഹാകല്‍പ്പമഹാതാണ്ഡവസാക്ഷിണീ
1. മഹേശ്വരന്റെ മഹാകല്‍പ്പപ്രയളയകാലത്തുള്ള മഹാതാണ്ഡവത്തിന് ഏകസാക്ഷിയായിട്ടുള്ളവള്‍ ഭഗവതിയാണ്. കല്‍പ്പാന്തപ്രളയകാലത്ത് എല്ലാം സംഹരിച്ചശേഷം രണ്ടാമത് ഒന്നില്ലാത്ത അവസ്ഥയില്‍
താണ്ഡവനൃത്തം ആടുമ്പോള്‍ അതിന് സാക്ഷിയായിട്ടുള്ളവള്‍. എന്തെന്നാല്‍ താണ്ഡവമാടുന്ന ശിവനും അതുകണ്ടുകൊണ്ടിരിയ്ക്കുന്ന ശക്തിയും ഒന്നുതന്നെ ആണ്.
233. മഹാകാമേശമഹിഷീ
1. മഹാകാമേശന്റെ മഹിഷീ. മഹാകാമേശന്‍ എന്നാല്‍ മഹത്തുകളായ കാമങ്ങള്‍ക്ക്‌ ഈശന്‍. ഓരോ കണികകള്‍ക്കും നിയമവും അതു ഭേദിക്കാനുള്ള ആഗ്രഹവും ഉള്ളതുകൊണ്ടാണ്‌ പ്രപഞ്ചത്തില്‍പരിണാമം നടക്കുന്നതും പ്രപഞ്ചം നിലനില്‍ക്കുന്നതും. അങ്ങനെ ഉള്ള കാമങ്ങളുടെ ആകെത്തുകയാണ്‌ ഈ പ്രപഞ്ചം. അതിനെ നിയന്ത്രിക്കുന്ന പരമശിവന്റെ മഹിഷീ അതായത്‌ രാജ്ഞിയാണ്‌ ഭഗവതി.
234. മഹാത്രിപുരസുന്ദരീ
1. മഹതിയായിരിക്കുന്ന ത്രിപുരസുന്ദരീ. അളക്കുന്നവനും അളവും അളക്കപ്പെടുന്ന വസ്തുവും ആയ മൂന്നിനെ ത്രിപുരം എന്നു പറയാം. നമ്മളെ സംബന്ധിച്ചിടത്തോളം ഈ മൂന്നും വെറെ വേറെ ആണ്‌.
അതിനാല്‍ കാലദേശാദിഭേദങ്ങള്‍ അളവിനെ ബാധിക്കും. ഭഗവതിതന്നെ അളക്കുന്നവളും അളവും അളക്കപ്പെടുന്ന വസ്തുവും ആയതിനാല്‍ കാലദേശാദിഭേദങ്ങളോ അവസ്ഥാഭേദങ്ങളോ അളവിനെ
ബാധിക്കയില്ല. അതിനാല്‍ അളവ്‌ പൂര്‍ണവും അതിനാല്‍ തന്നെ സുന്ദരവും ആയിത്തീരും.
2. പുരത്തിന്‌ ദേഹം എന്നൊരു അര്‍ഥമുണ്ട്‌. സൂക്ഷ്മം, സ്ഥൂലം, കാരണം എന്നീ മൂന്നു ദേഹങ്ങള്‍ ഉണ്ട്‌.
ഭഗവതിയുടെ മഹത്തായിരിക്കുന്ന ഈ മൂന്നു പുരങ്ങളും അഥവാ ദേഹങ്ങളും അതീവസുന്ദരങ്ങളായതിനാല്‍ മഹാത്രിപുരസുന്ദരീ.
235. ചതുഷഷ്ട്യുപചാരാഢ്യാ
1. അറുപത്തിനാല് ഉപചാരങ്ങള്‍ കൊണ്ട് പൂജിക്കപ്പെടുന്നവള്‍. പരശുരാമകല്പസൂത്രം മുതലായഗ്രന്ഥങ്ങളില്‍ അറുപത്തിനാല് ഉപചാരങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്.
236. ചതുഷ്ഷഷ്ടികലാമയീ
1. അറുപത്തിനാലു കലകളിലും ഉള്ളവള്‍. വേദം വേദാംഗം, പുരാണം തുടങ്ങി അറുപത്തിനാലു കലകളില്‍ അഥവാ വിദ്യകളില്‍ ഉള്ളത് ഭഗവതിതന്നെ ആണ്.
2. തന്ത്രത്തില്‍ അറുപത്തിനാലു കലകളെകുറിച്ച് പറയുന്നുണ്ട്. ആ കലകളോടു കൂടിയവള്‍.
237. മഹാചതുഃഷഷ്ടികോടിയോഗിനീഗണസേവിതാ
1. മഹതികളായിരിക്കുന്ന ചതുഃഷഷ്ടികോടി യോഗിനികളുടെ ഗണങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, ഇന്ദ്രാണീ, ചാമുണ്ഡീ, നാരസിംഹീ എന്നീ
എട്ടു ശക്തികളുടെ അംശഭൂതകളായി എട്ടു വീതം ശക്തികളുണ്ട്‌. അവരുടെ ഓരോരുത്തരുടേയും അംശഭൂതകളായി ഓരോ കോടി ശക്തികളുണ്ട്‌. അങ്ങനെ അറുപത്തിനാലു കോടി ശക്തികള്‍
അതായത്‌ യോഗിനികള്‍ ഭഗവതിയെ സേവിക്കുന്നുണ്ട്‌.
2. ഒരു ദേവ്യുപാസകനോട്‌ കളിയാക്കാന്‍ വേണ്ടി അറുപത്തിനാലുകോടി ശക്തികളുടെ പേരറിയാമോ എന്ന്‌ ഒരാള്‍ ചോദിച്ചുവത്രേ. പറയാന്‍ പറ്റില്ല, അവരെ കാണിച്ചുതരാം എന്നു പറഞ്ഞ്‌ ഒരു കണ്ണടച്ചു നോക്കാന്‍ പറഞ്ഞു. അപ്രകാരം ഒരു കണ്ണുകൊണ്ട്‌ അനവധിയോഗിനിമാരെ കണ്ട ആ മനുഷ്യന്‌ കളിയാക്കിയതിന്റെ ശിക്ഷ എന്ന പോലെ ആ കണ്ണു കാണാതായി എന്ന്‌ ഒരു കഥകേട്ടിട്ടുണ്ട്‌.
238. മനുവിദ്യാ
1. മനുവിനോട്‌ ബന്ധപ്പെട്ടവിദ്യാ. മനു തുടങ്ങി പന്ത്രണ്ടു ക്രോധഭട്ടാരകന്മാര്‍ ദേവ്യുപാസകരായിട്ടുണ്ട്‌. അവര്‍ക്കെല്ലാം അവരുടെ സമ്പ്രദായത്തിലുള്ള ശ്രീവിദ്യാ സമ്പ്രദായങ്ങളുണ്ട്‌. അതില്‍ മനുവിനോട്‌ സംബന്ധപ്പെട്ട വിദ്യാ അഥവാ മന്ത്രം.
2. മനുവിന്‌ മന്ത്രം എന്നും വിദ്യയ്ക്ക്‌ അറിവ്‌ എന്നും അര്‍ഥം ഉണ്ട്‌. മനുവിദ്യാ മന്ത്രത്തെക്കുറിച്ചുള്ള അറിവ്‌ എന്ന്‌ അര്‍ഥം വരാം. ഉപാസകന്‌ ഉപാസിക്കുന്ന മന്ത്രത്തെക്കുറിച്ച്‌ ഉന്നതമായ അറിവ്‌ കിട്ടിക്കൊണ്ടിരിക്കും. ആ അറിവും ഭഗവതിയും രണ്ടല്ല.
239. ചന്ദ്രവിദ്യാ
1. പന്ത്രണ്ടു ക്രോധഭൈരവന്മാരില്‍ ഒരാള്‍ ചന്ദ്രനാണ്‌. ചന്ദ്രനെ സംബന്ധിച്ചുള്ള വിദ്യാ.
2. ചന്ദ്രശബദത്തിന്‌ ആഹ്ലാദകരം എന്നൊരു അര്‍ഥമുണ്ട്‌. പരമമായ ആഹ്ലാദം ഉണ്ടാക്കുന്ന വിദ്യാ അഥവാ അറിവ്‌.
240. ചന്ദ്ര മണ്ഡലമധ്യഗാ
1. ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ ഗമിച്ചവള്‍. ദീക്ഷകിട്ടിയ ഉപാസകര്‍ക്ക്‌ അതതു മന്ത്രത്തിന്റെ ഉപാസനാ വിധാനത്തില്‍ ചന്ദ്രമണ്ഡലമധ്യത്തില്‍ ദേവിയെ ധ്യാനിക്കേണ്ടതുണ്ട്‌. അതിനാല്‍ ചന്ദ്രമണ്ഡലമധ്യഗാ
2. കുണ്ഡലിനീശക്തി ആധാരപദ്മങ്ങളെ എല്ലാം ഭേദിച്ച്‌ മേല്‍പ്പോട്ടു പോകുമ്പോള്‍ അഗ്നിമണ്ഡലവും സൂര്യമണ്ഡലവും കടന്ന്‌ ചന്ദ്രമണ്ഡലത്തില്‍ എത്തുന്നു. അതിനാല്‍ ചന്ദ്രമണ്ഡലമധ്യഗാ.
241. ചാരുരൂപാ
1. ചാരുവായ രൂപം ഉള്ളവള്‍. സുന്ദരമായ രൂപം ഉള്ളവള്‍.
2. ചാരു എന്ന ശബ്ദത്തിന്‌ ബൃഹസ്പതി എന്നും അര്‍ഥം ഉണ്ട്‌. ദേവഗുരുവായ ബൃഹസ്പതിയുടെ രൂപത്തിലുള്ള വളും ഭഗവതി തന്നെ ആണ്‌.
242. ചാരുഹാസാ
1. ചാരുവായ ഹാസത്തോടു കൂടിയവള്‍. മനോഹരമായ ചിരിയുള്ളവള്‍.
2. ഹാസശബ്ദത്തിന്‌ വികാസം എന്നൊരു അര്‍ഥം ഉണ്ട്‌. മനോഹരമായ വികാസത്തോടു കൂടിയവള്‍. മനോഹരമായ ഈ പ്രപഞ്ചമായി വികസിച്ചു വന്നത്‌ ഭഗവതി തന്നെയാണ്‌.
243. ചാരുചന്ദ്രകലാധരാ
1. ചാരുവായിരിയ്ക്കുന്ന ചന്ദ്രക്കല ധരിയ്ക്കുന്നവള്‍. ഭഗവതി ധരിയ്ക്കുന്ന ചന്ദ്രക്കലയ്ക്ക്‌ ക്ഷയവൃദ്ധികളില്ല. അതിനാല്‍ തന്നെ ചാരു അഥവാ മനോഹരമാണ്‌.
2. ചാരുവാകുംവണ്ണം ചന്ദ്രകലയെ ധരിച്ചവള്‍. സ്വപ്നത്തില്‍ ചന്ദ്രകലാ എന്ന രാജകുമാരിയ്ക്ക്‌ ഭഗവതി പ്രത്യക്ഷപ്പെടുകയും ഭക്തനും യോഗ്യനുമായ സുദര്‍ശനനെ ഭര്‍ത്താവായി അനുവദിയ്ക്കുകയും ചെയ്തു. അപ്രകാരം മനോഹരമായ വിധത്തില്‍ ചന്ദ്രകലയെ ധരിച്ചവള്‍. ധരിയ്ക്കുക എന്നതിന്‌ രക്ഷിയ്ക്കുക, അഥവാ ചേര്‍ത്തു പിടിയ്ക്കുക എന്ന അര്‍ത്ഥം ധരിയ്ക്കണം.
244. ചരാചരജഗന്നാഥാ
1. ചരാചരാത്മകമായ ജഗത്തിന്‌ നാഥ. സ്ഥാവര ജംഗമങ്ങള്‍ അടങ്ങിയ ഈ ലോകത്തിന്‌ അധിപ
245. ചക്രരാജനികേതനാ
1. ചക്രങ്ങളില്‍ രാജപദവിയലങ്കരിക്കുന്ന ശ്രീചക്രം നികേതനമായിട്ടുള്ളവള്‍.
2. ചക്രങ്ങള്‍ എന്നതിന്‌ ഷഡാധാരങ്ങള്‍ എന്ന്‌ അര്‍ഥമാകാം. രാജശബ്ദത്തിന്‌ ശ്രേഷ്ഠമായത്‌ എന്നും അര്‍ഥം വരാം. ശ്രേഷ്ഠമായ ചക്രങ്ങള്‍ നികേതനമായിട്ടു ള്ളവള്‍. കുണ്ഡലിനീശക്തി ഓരോരോ ആധാര ചക്ര പദ്മത്തിലെത്തുമ്പോഴും അത്‌ വിരിഞ്ഞ്‌ ശ്രേഷ്ഠമാകുന്നു.
246. പാര്‍വ്വതീ
1. പര്‍വതത്തിന്റെ മകള്‍. ഭഗവതി ഹിമാലയത്തിന്റെ മകളാണ്‌.
2. പാര്‍വതീ എന്നതിന്‌ ദ്രൗപദീ എന്നൊരു മറുപേരു കാണുന്നു. ദ്രു (മരം) പദഭാഗത്ത്‌ ഉള്ളവന്‍ ദ്രുപദന്‍ അഥവാ പര്‍വതം. ദ്രുപദന്റെ മകള്‍ എന്നതുകൊണ്ട്‌ ദ്രൗപദീ.
247. പദ്മനയനാ
1. പദ്മം പോലെ നയനങ്ങളുള്ളവള്‍. താമരപ്പൂവിന്റെ ഇതള്‍ പോലെ നയനങ്ങളുള്ളവള്‍.
2. പദ്മ സംഖ്യയോളം നയനങ്ങളുള്ളവള്‍. പദ്മം എന്നത്‌ നൂറുകോടിയാണ്‌. പ്രപഞ്ചത്തിലെ എല്ലാ നയനങ്ങളും ഭഗവതിയുടെ നയനങ്ങള്‍ തന്നെയാണ്‌.
3. പദ്മത്തെ നയിപ്പിക്കുന്നവള്‍. ഭഗവതി കടാക്ഷത്താല്‍ ഭക്തന്റെ കുണ്ഡലിനിയെ ഉണര്‍ത്തി സഹസ്രാരപദ്മത്തില്‍ എത്തിക്കുന്നു.
4. പദ്മത്തെ നയിപ്പിക്കുന്നവള്‍. പദ്മം എന്നാല്‍ നവ നിധികളില്‍ ഒന്നാണ്‌. ഭഗവതി പദ്മത്തെ ഭക്തന്റെ ഗൃഹത്തിലേക്ക്‌ നയിക്കുന്നു.
248. പദ്മരാഗസമപ്രഭാ
1. പദ്മരാഗത്തിന്റെ തുല്യമായ പ്രഭയോടുകൂടിയവള്‍. ചുവന്നരാശിയുള്ള ഒരു തരം രത്നമാണ്‌ പദ്മരാഗം.
2. പദ്മത്തിന്‌ ചുവന്ന താമര എന്ന്‌ അര്‍ഥമാകാം. അതിനാല്‍ താമരയുടെ നിറമുള്ളമുള്ളവള്‍ എന്നും അര്‍ഥം വരാം.
249. പഞ്ചപ്രേതാസനാസീനാ
1. പഞ്ചപ്രേതങ്ങള്‍കൊണ്ടുള്ള ആസനത്തില്‍ ആസീനാ. ബ്രഹ്മാവ്‌, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നീ പേരിലോ അഥവാ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, ഈശാനന്‍ എന്നീ പേരിലോ അറിയപ്പെടുന്നവരാണ്‌ പഞ്ചപ്രേതങ്ങള്‍. ശക്തിയോടു ചേര്‍ന്നില്ലെങ്കില്‍ ശിവന്‍ ശവം ആണെന്നുണ്ട്‌. അതായത്‌ അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിത്തീരും എന്ന്‌ അര്‍ഥം. അതുപോലെ ബ്രഹ്മാദിദേവന്മാരില്‍
ശക്തി ചേര്‍ന്നിട്ടില്ലെങ്കില്‍ അവരും പ്രേതങ്ങള്‍ തന്നെ. ഭഗവതിയുടെ പീഠത്തിന്‌ ബ്രഹ്മാദി നാലുപേര്‍ കാലുകളും സദാശിവന്‍ മുകളിലെ പലകയും ആണ്‌. ഭഗവതി അതിലിരുന്നാലേ ബ്രഹ്മാദിദേവന്മാര്‍ക്ക്‌ അവരവരുടെ ചുമതലകള്‍ ചെയ്യാന്‍ പറ്റുകയുള്ളൂ.
2. പ്രേതം എന്നതിന്‌ പ്രകര്‍ഷേണ ഇതം എന്നൊരു അര്‍ഥം ഉണ്ട്‌. വളരെ യോഗ്യതയോടുകൂടി വന്നുചേര്‍ന്നത്‌. ബ്രഹ്മാദിദേവന്മാര്‍ അഞ്ചുപേരും ഭഗവതിയുടെ പീഠത്തിന്റെ ഭാഗമാകുക എന്നത്‌ വലിയ യോഗ്യതയായിട്ടാണ്‌ കണക്കാക്കുന്നത്‌ എന്നും ഈ പദം ദ്യോതിപ്പിക്കുന്നു.
250. പഞ്ചബ്രഹ്മസ്വരൂപിണീ
1. മുമ്പുപറഞ്ഞ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, സദാശിവന്‍ എന്നിവരാണ്‌ പഞ്ചബ്രഹ്മങ്ങള്‍. അവര്‍ യഥാക്രമം പൃഥിവ്യാദി പഞ്ചഭൂതങ്ങളുമായി ബന്ധമുള്ളവരാണ്‌. പരബ്രഹ്മത്തിന്റെ ഭാഗമായ ഇവരിലും പരബ്രഹ്മസ്വരൂപിണിയായ ഭഗവതി തന്നെ ആണ്‌ ഉള്ളത്‌.
251. ചിന്മയീ
1. ചിത്തിന്‌ ആത്മാവ്‌ എന്നൊരു അര്‍ത്ഥം. ആത്മാവില്‍ തികച്ചും ലയിട്ടുകിടക്കുന്നതിനാല്‍ ചിന്മയീ.
2. ചിത്തിന്‌ അറിവ്‌ എന്നും അര്‍ത്ഥമുണ്ട്‌. അറിവ്‌ രൂപമായിട്ടുള്ളവള്‍.
3. ചിത്തിന്‌ ചൈതന്യം എന്നും അര്‍ത്ഥമാകാം. ചൈതന്യമയീ.
252. പരമാനന്ദാ
1. പരമമായ ആനന്ദം ആയിട്ടുള്ളവള്‍. ഭഗവതി ആന്ദസ്വരൂപിണിയാണ്‌.
2. പരമശബ്ദത്തിന്‌ ശിവന്‍ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ശിവന്റെ ആനന്ദം
ഭഗവതിതന്നെ ആണ്‌.
3. ബ്രഹ്മാനന്ദം എന്നും അര്‍ത്ഥമാകാം.
4. ആനന്ദശബ്ദത്തിന്‌ മദ്യം എന്ന്‌ ഒരു അര്‍ത്ഥം ഉണ്ട്‌. ഏറ്റവും ലഹരിയുാ‍ക്കുന്നവള്‍ പ്രകൃതീസ്വരൂപിണിയായ ഭഗവതിന്നെയാണ്‌.
253. വിജ്ഞാനഘനരൂപിണീ
1. വിജ്ഞാനം ഇടതിങ്ങിയ രൂപമുള്ളവള്‍. വിജ്ഞാനത്തിന്‌ ജ്ഞാനം എന്ന്‌ അര്‍ഥമുണ്ട്‌. ജ്ഞാനം ഇടതിങ്ങിയ സ്വരൂപമുള്ളവള്‍.
2. വിജ്ഞാനത്തിന്‌ ഓരോ വസ്തുക്കളെക്കുറിച്ചുള്ള പ്രത്യേകം പ്രത്യേകം അറിവ്‌ എന്ന്‌ അര്‍ഥം. അനേകം അറിവുകള്‍ നിറഞ്ഞവള്‍.
3. അനേകം അറിവുകള്‍ക്ക്‌ അധികാരി ജീവനാണ്‌. ജീവന്‌ അഖണ്ഡമായ ജ്ഞാനം ഇല്ലാതായി മുറിഞ്ഞുമുറിഞ്ഞ അനേകം വിജ്ഞാനങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ ഈശ്വരനാണെന്നു മറന്നു പോകുന്നത്‌. അതിനാല്‍ വിജ്ഞാനത്തിന്‌ ജീവന്‍ എന്ന്‌ വ്യാഖ്യാതാക്കള്‍ അര്‍ഥം പറയുന്നുണ്ട്‌.
അനേകം ജീവനുകള്‍ ഘനമായ അഥവാ കൂടിച്ചേര്‍ന്ന രൂപത്തെ ഹിരണ്യഗര്‍ഭന്‍ എന്നു പറയുന്നു. അതിനാല്‍ ഹിരണ്യഗര്‍ഭരൂപിണീ എന്നും ഈ പദംകൊണ്ട്‌ അര്‍ഥമാക്കാം.
254. ധ്യാനധ്യാതൃധ്യേയരൂപാ
1. ധ്യാനവും ധ്യാതാവും ധ്യേയവും ആയ ത്രിപുടികള്‍ ഭഗവതിയുടെ രൂപം തന്നെ ആണ്‌. ഒരു വസ്തുവിനെ കുറിച്ച്‌ ഏകാഗ്രതയോടെ ചിന്തിക്കുന്നതാണ്‌ ധ്യാനം.
ധ്യാനം ചെയ്യുന്ന വ്യക്തിയാണ്‌ ധ്യാതാവ്‌. ധ്യാനിക്കപ്പെടുന്ന വിഷയമാണ്‌ ധ്യേയം. ധ്യാനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതിനു മൂന്നിനും വെവ്വേറെ അസ്തി ത്വമില്ലാതാകും. രണ്ടാമത്‌ ഒന്നില്ലാത്ത അവസ്ഥ. അത്‌ ഭഗവതി തന്നെയാണ്‌.
2. ധ്യാനം എന്നാല്‍ മാനസികമായ ജ്ഞാനമാണെന്നു കാണുന്നു. അതിനാല്‍ അറിവും അറിയുന്നവനും അറിയപ്പെടേണ്ടുന്ന വിഷയവും ഭഗവതി തന്നെ ആണ്‌ എന്നും അര്‍ഥം വരാം.
255. ധര്‍മാധര്‍മവിവര്‍ജിതാ
1. ധര്‍മത്തോടും അധര്‍മത്തോടും വിവര്‍ജിതാ. ധര്‍മം എന്നാല്‍ ദേശകാലങ്ങള്‍ അനുസരിച്ച് വേദവിരുദ്ധമല്ലാത്ത ആചാരങ്ങള്‍ എന്നര്‍ഥം.
അധര്‍മം അതിനെതിരായിട്ടുള്ളത്. വ്യക്തികള്‍ക്കുമാത്രമേ ധര്‍മവും അധര്‍മവുമുള്ളൂ. മനുഷ്യന്‍, മൃഗം, കല്ല്, വെള്ളം തുടങ്ങിയ വ്യക്തികള്‍ക്കെല്ലാം അതിന്റേതായ ധര്‍മാ ധര്‍മങ്ങളുണ്ട്. ഭഗവതി വ്യക്തില്ലാത്തതിനാല്‍ ധര്‍മാ ധര്‍മങ്ങളില്ല.
258. സ്വപന്തീ
1. സ്വപ്നം കാണുന്നവള്‍. അടുത്തതായി പറയാന്‍ പോകുന്ന നാമം തൈജസാത്മികാ എന്നാണ്. തൈജസന്റെ പ്രവൃത്തിയാണ് സ്വപ്നം. സ്വപ്നത്തില്‍ മനസ്സാണ് പ്രവൃത്തിയ്ക്കുന്നത് എന്നതിനാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപമായ തൈജസനുമായിട്ടാണ് സ്വപ്നങ്ങള്‍ക്കു ബന്ധം.
259. തൈജസാത്മികാ 1. തൈജസന്‍ തന്നെ ആയിട്ടുള്ളവള്‍. പ്രപഞ്ചത്തിന്റെ സൂക്ഷ്മസ്വരൂപത്തെ തൈജസന്‍ എന്നു പറയാം. 2. തേജസ്സുള്ളതിനെ സംബന്ധിച്ചത്‌ എന്ന അര്‍ഥത്തില്‍ തൈജസന്‍ എന്നുപ്രയോഗിക്കാം. തേജസ്സുള്ളവരെ സംബന്ധിച്ചത്‌. അതായത്‌ കര്‍മസാക്ഷികളായ തേജസ്സുകളായ സൂര്യന്‍, ചന്ദ്രന്‍. അഗ്നി എന്നിവരെ സംബന്ധിച്ചതെല്ലാം ഭഗവതിയാണ്‌ എന്നര്‍ഥം. ഇവരുടെ രൂപം, പ്രകാശം, കര്‍മസാക്ഷിത്വം എന്നിവയെല്ലാം ഭഗവതി തന്നെ ആണ്‌. 3. തൈജസം എന്നതിന്‌ നെയ്യ്‌ എന്നര്‍ഥം വരും. യജ്ഞങ്ങളില്‍ പ്രധാന ഹോമദ്രവ്യമായ നെയ്യ്‌ ഭഗവതി തന്നെ ആണ്‌. യജ്ഞേന യജ്ഞമയജന്ത ദേവാഃ (യജ്ഞമയമായ ദ്രവ്യങ്ങള്‍ കൊണ്ട്‌ ദേവന്മാര്‍ യജ്ഞത്തെ യജിച്ചു) എന്നു വേദം. 260. സുപ്താ 1. സുഷുപ്തിസ്വരൂപാ. ജീവനുണ്ടാകുന്ന അവസ്ഥകളില്‍ ഒന്നാണ്‌ സുഷുപ്തി. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും ഓരോ അവസ്ഥകളാണ്‌. ഇവയൊന്നും ഒന്നും നിരന്തരമായി നലനില്‍ക്കുന്നില്ല എന്നതിനാലാണ്‌ അവസ്ഥകളാകുന്നത്‌. ഭഗവതിതന്നെയാണ്‌ അവസ്ഥകളാകുന്നത്‌. 2. ബ്രഹ്മാവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച മധുകൈടഭന്മാരെ ഇല്ലാതാക്കാന്‍ ഭഗവതി നിദ്രാദേവിയായി വിഷ്ണുഭഗവാനെ സഹായിച്ചിട്ടുണ്ട്‌ എന്ന ദേവീമാഹാത്മ്യകഥ ഈ നാമം സൂചിപ്പിക്കുന്നു. 261. പ്രാജ്ഞാത്മികാ 1. പ്രാജ്ഞന്‍ പ്രപഞ്ചത്തിന്റെ പരസ്വരൂപത്തിന്റെ അഥവാ കാരണസ്വരൂപത്തിന്റെ പേരാണ്‌. ഗാഢനിദ്രയില്‍ മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിയ്ക്കാതിരിക്കുമ്പോഴും നമ്മളില്‍ ഒരാള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്‌. അതാണ്‌ പരസ്വരൂപം. പ്രപഞ്ചത്തിന്റെ പരസ്വരൂപമാണ്‌ പ്രാജ്ഞന്‍. പ്രാജ്ഞനും ഭഗവതിതന്നെയാണ്‌. 2. അറിവുള്ളവള്‍ എന്നും അര്‍ത്ഥമാകാം. 3. പ്രകര്‍ഷേണ അജ്ഞാ എന്നും ആകാം. അപ്പോള്‍ മൂഢാ എന്നും അര്‍ത്ഥം.അറിവുള്ളവരിലും അറിവില്ലാത്തവരിലും പ്രവര്‍ത്തിയ്ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌. 262. തുര്യാ 1. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും വന്നുംപോയും ഇരിക്കുന്നഅവസ്ഥകളാണെന്നു മനസ്സിലാകുന്നവയാണ്‌. ഈ മൂന്നും നടക്കുന്ന പ്രതലം ഉണ്ടെന്നു നമുക്ക്‌ മനസ്സിലാവുന്നതാണ്‌. പക്ഷേ അനുഭവപ്പെടുന്നതായി തോന്നുന്നില്ല. ഒരു മാറ്റവും സംഭവിക്കാതെ ഉള്ള അതിനെ മാത്രമേ സത്യമെന്നു പറയാന്‍ പറ്റുകയുള്ളൂ. അതു തന്നെയാണ്‌ തുരീയം. അത്‌ ഭഗവതിതന്നെ ആണ്‌. 2. ബ്രഹ്മം എന്നും അര്‍ഥമാകാം. 3. നാലമത്തേത്‌ എന്നൊരു അര്‍ഥം തുര്യശബ്ദത്തിനുണ്ട്‌. അതിനാല്‍ ഏറ്റവുംഉയര്‍ന്ന പടിയിലുള്ള സന്ന്യാസാ ശ്രമസ്വരൂപാ എന്നും അര്‍ഥമാകാം. 4. ശൂദ്രവര്‍ണവും ഭഗവതി തന്നെയാണ്‌ എന്നും സൂചിപ്പിക്കുന്നു. 263. സര്‍വ്വാവസ്ഥാവിവര്‍ജിതാ 1. ഒരവസ്ഥയും ഇല്ലാത്തവള്‍. ഇത്‌ രണ്ടു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്നതാണ്‌. വേദാന്തത്തിന്റെ അഭിപ്രായത്തില്‍ മുമ്പു പറഞ്ഞ തുരീയത്തെ അവസ്ഥാ എന്നു പറയാന്‍ പറ്റില്ല. ജാഗ്രത്സ്വപ്നസുഷുപ്തികളാണ്‌ അവസ്ഥകള്‍. അതൊന്നും ഇല്ലാത്ത എന്നേ പറയാന്‍ പറ്റുകയുള്ളൂ. പക്ഷേ വ്യവഹാരത്തിനുവേണ്ടി തുരീയാവസ്ഥാ എന്നുപറയുന്നൂ എന്നേ ഉള്ളൂ. മുമ്പു പറഞ്ഞ തുര്യാ (തുരീയാ) എന്നതിന്റെ സ്വഭാവം പറഞ്ഞതാണ്‌ ഈനാമം എന്നാണൊരുവ്യാഖ്യാനം. 2. സുഷുപ്ത്യവസ്ഥയില്‍ അജ്ഞാനസ്വരൂപമായ ഒരു ആവരണത്തിന്‌ അടിമപ്പെടുന്നുണ്ട്‌ ജീവന്‍. എന്നാല്‍ തുരീയാവസ്ഥയില്‍ ആ ആവരണമില്ലാതെ തികച്ചും ബോധത്തോടുകൂടി മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിയാക്കാത്ത അവസ്ഥയാണ്‌ തുരീയാവസ്ഥാ എന്നൊരു അഭിപ്രായം ഉണ്ട്‌. തുരീയാവസ്ഥയുടെ പരമകാഷ്ഠയില്‍ ബോധമോ മറവിയോ ഇല്ലാത്ത നിലയില്‍ എത്തുമത്രേ. ഇതിനെ തന്ത്രത്തില്‍ തുരീയാതീതാവസ്ഥാ എന്നുപറയുന്നുണ്ട്‌. അതുകൂടി സൂചിപ്പിക്കാനാണ്‌ സര്‍വ്വാവസ്ഥാവിവര്‍ജിതാ എന്നു പറഞ്ഞത്‌. 264. സൃഷ്ടികര്‍ത്രീ 1. സൃഷ്ടി നടത്തുന്നവള്‍. അടുത്ത നാമമായ ബ്രഹ്മരൂപാ എന്നതുമായി ഈ നാമത്തിന്‌ ബന്ധമുണ്ട്‌. 2. സൃഷ്ടിക്ക്‌ സ്വഭാവം എന്നൊരു അര്‍ഥം. സ്വഭാവം ഉണ്ടാക്കുന്നവള്‍. അമ്മയാണല്ലോ മക്കളുടെ സ്വഭാവരൂപീ കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്‌. 265. ബ്രഹ്മരൂപാ 1. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ളവള്‍. 2. ബ്രഹ്മശബ്ദത്തിന്‌ പരബ്രഹ്മം, വേദം, ഓങ്കാരം, തത്ത്വം, തപസ്സ്‌, ബ്രഹ്മചര്യം, മോക്ഷം, ജ്ഞാനം, ധനം, ഭക്ഷണം, ചൈതന്യം, പ്രപഞ്ചം എന്നെല്ലാം അര്‍ഥമുണ്ട്‌. ഇതി ലെല്ലാം തന്നെ നിറഞ്ഞിരിക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.266. ഗോപ്ത്രീ 1. ഗോപനം ചെയ്യുന്നവള്‍ അഥവാ രക്ഷിയ്ക്കുന്നവള്‍. സ്ഥിതിചെയ്യാന്‍ സഹായിയ്ക്കുകയാണ്‌ രക്ഷ എന്നത്‌. അത്‌ വിഷ്ണുവിന്റെ പ്രവൃത്തിയാണ്‌. അത്‌ ചെയ്യുന്നവള്‍. ഈ നാമവും അടുത്ത നാമവും തമ്മില്‍ ബന്ധമുണ്ട്‌. 2. ഗോപനം എന്നതിന്‌ മറവുണ്ടാക്കുക എന്ന്‌ അര്‍ത്ഥമുണ്ട്‌. മറവുണ്ടാക്കുക മായയുടെ പ്രവൃത്തിയാണ്‌. 3. ഗോപ്ത്രീ എന്നതിന്‌ ഗംഗ എന്നൊരു അര്‍ത്ഥം കാണുന്നു. പാപങ്ങളെല്ലാം ഒഴിവാക്കി രക്ഷിയ്ക്കുന്ന ഭഗവതി ഗംഗതന്നെയാണ്‌. 4. നിന്ദിയ്ു‍ന്നവള്‍ എന്നും അര്‍ത്ഥമാകാം. നിന്ദിയക്കുന്നവരിലും ഭഗവതിതന്നെ ആണുള്ളത്‌. ഈ ബോധം വന്നാല്‍ നിന്ദയെ പ്രസാദംപോലെ സ്വീകരിയ്ക്കാന്‍ കഴിയും. 267. ഗോവിന്ദരൂപിണീ 1. വിഷ്ണുവിന്റെ രൂപത്തിലുള്ളവള്‍. സ്ഥിതികര്‍ത്താവായ വിഷ്ണുവിന്റെ രൂപത്തിലുള്ളത്‌ ഗോപ്ത്രിയായ ഭഗവതി തന്നെ ആണ്‌. 2. ഗോവിനെ കണ്ടുപിടിച്ച്‌ കൈക്കലാക്കി എന്നതുകൊ ണ്ടാണ്‌ വിഷ്ണുവിന്‌ ഗോവിന്ദന്‍ എന്നു പേരുവന്നത്‌. ഗോവെന്നതിന്‌ ഭൂമി എന്ന്‌ അര്‍ഥം വരും. വരാഹാവതാരത്തില്‍ ഭഗവാന്‍ ഭൂമിയെ തിരഞ്ഞു കണ്ടു പിടിച്ച്‌ കൈക്കലാക്കുകയുണ്ടായിട്ടുണ്ട്‌. വരാഹരൂപവും ഭഗവതിതന്നെ ആണ്‌. 3. ഗോവിന്ദശബ്ദത്തിന്‌ പശുക്കളുടെ അധ്യക്ഷന്‍ എന്നും അര്‍ഥം വരാം. സംസാരത്തില്‍ മേഞ്ഞു നടക്കുന്ന ഭക്തരായ പശുക്കളുടെ അധ്യക്ഷരൂപത്തിലുള്ളവള്‍ ഭഗവതി തന്നെ ആണ്‌. 4. ഗൗഃ എന്ന ശബ്ദത്തിന്‌ രശ്മി എന്നും അര്‍ഥം ഉണ്ട്‌. അപ്പോള്‍ ഗോവിന്ദന്‍ എന്നാല്‍ രശ്മികളുടെ അധ്യക്ഷന്‍ എന്നും അര്‍ഥം വരാം. എല്ലാവിധ രശ്മികളുടെയും അധീശ ഭഗവതി തന്നെ ആണ്‌. 5. ഗോവിന്ദശബ്ദത്തിന്‌ ബൃഹസ്പതി എന്ന്‌ അര്‍ഥം കാണുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ രൂപത്തിലിരിക്കുന്നതും ഭഗവതി തന്നെ ആണ്‌. 6. ഗൗഃ ശബ്ദത്തിന്‌ ഇന്ദ്രിയം, സ്വര്‍ഗം, സൂര്യന്‍, നക്ഷത്രം, ആകാശം എന്നെല്ലാം അര്‍ഥമുണ്ട്‌. ഇതിന്റെ എല്ലാം അധീശരൂപത്തിലുള്ളവള്‍ എന്നും പറയാം. 268. സംഹാരിണീ 1. സംഹരിക്കുന്നവള്‍. രുദ്രന്റെ പ്രവൃത്തിയായ സംഹാരം നടത്തുന്നതും ഭഗവതിതന്നെ ആണ്‌. ഈ നാമത്തിന്‌ അടുത്തനാമവുമായി ബ്നധമുണ്ട്‌. 2. രുദ്രന്റെ പത്നി എന്നും അര്‍ഥമാകാം. 269. രുദ്രരൂപാ 1. രുദ്രന്റെ രൂപത്തിലുള്ളവള്‍. സംഹാരം നടത്തുന്ന രുദ്രന്റെ രൂപത്തിലുള്ളതും ഭഗവതിതന്നെ. 2. രുക്കുകളെ (രോഗങ്ങളെ) ദ്രവിപ്പിക്കുന്നവന്‍ (ഓടിക്കു ന്നവള്‍) എന്ന അര്‍ഥത്തിലും ആകാം രുദ്രശബ്ദം. വൈദ്യ ന്റെ രൂപത്തിലുള്ളവള്‍ എന്ന്‌ അപ്പോള്‍ അര്‍ഥമാകാം. 3. സംഹാരകാലത്ത്‌ രുദ്രന്റെ സൂര്യനേത്രത്തില്‍നിന്ന്‌ പുറ പ്പെടുന്ന ജലമാണ്‌ പ്രളയത്തിനു കാരണമാകുന്ന വര്‍ഷ മാകുന്നത്‌ എന്നുണ്ട്‌. അതുകൂടി രുദ്രന്‍ എന്ന പേരിനു കാരണമാകുന്നു. പ്രളയകാരണമാകുന്ന രോദനം ചെയ്യുന്ന രുദ്രന്റെ രൂപത്തിലുള്ളവളും ഭഗവതി തന്നെ ആണ്‌. 4. എല്ലാ ജീവജാലങ്ങളെയും രോദനം ചെയ്യിക്കു ന്നവളായതിനാലും രുദ്രരൂപിണിയാകാം. 270.തിരോധാനകരീ 1. തിരോധാനം ഉണ്ടാക്കുന്നവള്‍. മറവുണ്ടാക്കുന്നവള്‍. ഉണ്ട്‌ എന്നും, ഞാനുണ്ട്‌ എന്നും, ഈ ദേഹം ഞാനാണ്‌ എന്നും തോന്നല്‍ നമുക്കുണ്ട്‌. ഇതില്‍ ഞാനുണ്ട്‌ എന്നതില്‍ പൂര്‍ണ്ണമായ അഹന്തയാണുള്ളത്‌. അഹന്ത എന്ന പദം തെറ്റിദ്ധിരിയ്ക്കാന്‍ വഴിയുള്ളതാണ്‌. നമ്മള്‍ പറയുന്ന താഴ്‌ന്ന അര്‍ത്ഥത്തിലല്ല അഹന്ത എന്നുള്ളത്‌. ഞാനുണ്ട്‌ എന്നതല്ലാതെ വേറെ ഒന്നും തന്നെ ഉദിയ്ക്കാത്ത അവസ്ഥയാണ്‌ പൂര്‍ണ്ണാഹന്ത. ഈ ദേഹം ഞാനാണ്‌ എന്ന തോന്നലില്‍ അഹന്തയും ഇദന്തയുമുണ്ട്‌. അതായത്‌ ഇതില്‍, ഇതുണ്ട്‌ പക്ഷേ ഇതെല്ലാം ഞാനാണ്‌. ഇവിടെ ഇത്‌, ഞാന്‍, എന്ന നേരിയ വേര്‍തിരിവ്‌ വരുന്നു. വേര്‍തിരിവ്‌ വരുമ്പോള്‍ അതിനിടയ്ക്ക്‌ പരിധികള്‍ വരും. ഈ പരിധികള്‍ മായയുടെ സഹായികളാണ്‌. പരിധി ഒന്നില്‍നിന്ന്‌ ഒന്നിനെ മാറ്റി നിര്‍ത്തുകയും മറവുണ്ടാക്കുകയും ചെയ്യുന്നു. ഇതില്‍ ഉണ്ട്‌ എന്നുള്ളത്‌ ശിവനുണ്ടാകുന്നവൃത്തി അഥവാ സങ്കല്‍പ്പവും, ഞാനുണ്ട്‌ എന്നത്‌ സദാശിവനുണ്ടാകുന്ന സങ്കല്‍പപ്പവും ഇതെല്ലാം ഞാനാണ്‌ എന്നത്‌ ഈശ്വരനുണ്ടാകുന്ന സങ്കല്‍പവുമാണ്‌. അതിനാലാണ്‌ അടുത്ത നാമത്തില്‍ പറയാന്‍ പോകുന്ന ഈശ്വരീ എന്ന നാമവുമായി ഈ നാമത്തിന്‌ ബന്ധമുണ്ടാകുന്നത്‌.

No comments: