Wednesday, October 10, 2018

നിത്യവും രാവിലെയും വൈകിട്ടും കുളിയും ജപവും ജ്ഞാനവിഷയശ്രവണവും ചെയ്ത് സര്‍വ്വതിനെയും സര്‍വ്വരെയും നമസ്ക്കരിക്കണം. അങ്ങനെ പുറത്തും അകത്തും വിളക്കുവച്ച് പ്രകാശം പരത്തുംപോലെ ബാഹ്യവും ആന്തരികവുമായ പ്രകാശശുദ്ധിയോടെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ വ്യാപരിക്കുന്നവരിലെ സ്വസ്ഥതയാണ് ഏതൊരു സംസ്ക്കാരത്തിന്റെയും ഔന്നത്യം എന്നു പറയാം. ‍‍‍‍ അതിപ്പോള്‍ ആര്‍ഷമെന്നോ ഭാരതീയമെന്നോ ഹൈന്ദവമെന്നോ ഋഷിദര്‍ശനമെന്നോ ദൈവികമെന്നോ ആദ്ധ്യാത്മികമെന്നോ മതപരമെന്നോ അറിയപ്പെടുന്നതാണ് പ്രശ്നമെങ്കില്‍ അത് സ്വയം പരിഹരിക്കേണ്ടതാണ്. കുളിക്കുകയും ജപിക്കുകയും ധ്യാനിക്കുകയും തത്ത്വം അറിയുകയും ചെയ്യുന്നത് ഹൈന്ദവരുടെ ആവശ്യമല്ലെന്നും മതങ്ങളുടെ ആവശ്യമല്ലെന്നും അത് മനുഷ്യരുടെ ആകെ ആവശ്യമാണെന്നും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളു! കുളിക്കുന്നത് നമുക്കു വേണ്ടിയാണെന്നതുപോലെ ജപിക്കുന്നതും അറിയുന്നതും നമുക്കു വേണ്ടിതന്നെയാണ്! ആന്തരികവും ബാഹ്യവുമായ ഓരോ പ്രവൃത്തിക്കും അതാതിന്റെ ഫലം ഉണ്ടെന്നതിനാല്‍ ആചരണംകൊണ്ടാണ് ഏതൊരു സംസ്ക്കാരവും രൂപംപ്രാപിക്കുന്നത് എന്നു പറയാം.‍‍ രാവിലെയും വൈകിട്ടും നിലവിളക്കുവച്ച് പ്രാര്‍ത്ഥിച്ച് ജപിക്കുകയും വേദാന്തം ശ്രവിക്കുകയും ചെയ്യുന്നതിന്‍റെ പ്രകാശം ‍ ഇന്നും പല വീടുകളില്‍ നിന്നും പുറത്തേയ്ക്ക് പരക്കുന്നത് പുറത്തുനിന്നു നോക്കിയാല്‍ കാണാം. ‍‍
ആന്തരികമായ സുഖം എല്ലാപേരുടെയും ആവശ്യമാണ്! അതിനുള്ള മാര്‍ഗ്ഗം അവനവന്‍ കണ്ടെത്തുന്നതുതന്നെയാണ് ആദ്ധ്യാത്മിക വഴി.‍‍‍‍‍‍ കാമ്യവിഷയങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ നിന്നും ജ്ഞാനവിഷയത്തിലേയ്ക്ക് വരേണ്ടതുണ്ടെന്നു തോന്നിയാല്‍ തത്ത്വത്തെ അറിയുകയും അടുത്തതലമുറയെ അത് അറിയിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും.‍‍‍‍ പരിഹാരക്രീയകളില്‍ മതിമയങ്ങി വീണുപോകാതെ ജ്ഞാനവിഷയത്തിലെ അമൂല്യസമ്പത്തിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധയെ നയിക്കേണ്ടതാണ്.‍
ഓം....krishnakumar

No comments: