ശബരിമലയിലെ താന്ത്രിക ആചാരങ്ങൾ :-
ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങളല്ല .
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായപരിധിയിലുംപെട്ട സ്‌ത്രീകൾക്കു പ്രവേശിക്കാമെന്നും ദർശനം തടത്താമെന്നുമാണല്ലൊ നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി.
നിയമവ്യവസ്‌ഥയെ ആദരിക്കുന്ന പൗരൻ എന്ന നിലയ്‌ക്ക് വിധിയെ ഞാൻ ആദരിക്കുന്നു. എന്നാൽ, ഉത്‌കണ്‌ഠ ബാക്കി നിൽക്കുന്നു .
ശബരിമലയിൽ സ്‌ത്രീകൾ കയറണമോ കയറേണ്ടയോ എന്ന വിഷയമല്ല ഇവിടെ പ്രസക്‌തം. അത് സ്‌മൃതിവിഷയമായതുകൊണ്ട് മാറ്റങ്ങൾക്കു് വിധേയമാണ്. ഇപ്പോളുള്ള ചിട്ടകൾ അതേപടി എല്ലാ കാലവും തുടർന്നുകൊണ്ടു പോകുമെന്നും പറയാൻ കഴിയില്ല. പക്ഷേ, മാറ്റങ്ങൾഎവിടെനിന്ന് വരണമെന്നുള്ളതാണു വിഷയം. ഈ വിഷയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സെക്കുലർ ഭരണസംവിധാനത്തിന്റെ ഭാഗമായ കോടതിയിലൂടെയാണോ വരേണ്ടത്? ആണെങ്കിൽത്തന്നെ എന്തുകൊണ്ട് അതു ഹിന്ദുസമൂഹത്തിന്റെ ആരാധനാലയങ്ങൾക്കു മാത്രമായി ബാധകമാക്കുന്നു.?
ഹിന്ദുധർമത്തിൽ ക്ഷേത്രാചാരങ്ങൾ പലതരത്തിലുണ്ട്. ഉദാഹരണത്തിനു സന്ന്യാസിമാർ ക്ഷേത്രോപാസകരല്ലെങ്കിലും സന്ന്യാസി, ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഏറ്റവും മംഗളമായി മാനിക്കപ്പെടുന്നു. പക്ഷേ, സന്ന്യാസിയെ കയറ്റാത്ത ക്ഷേത്രവുമുണ്ട്: പയ്യന്നൂരിലെ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം. അറിയാതെയെങ്ങാനും കയറിപ്പോയാൽ പ്രായശ്ചിത്തക്രിയകൾ ചെയ്യണം.
അതുപോലെ, സ്‌ത്രീകൾ പൂജ നടത്തുന്നതിനു പ്രാധാന്യമുള്ള ക്ഷേത്രമുണ്ട്: മണ്ണാറശ്ശാല ക്ഷേത്രം.
ആരാധനയുടെ ഭാഗമായി രണ്ടു വിഭാഗമായി നിലകൊണ്ട് അടികൂടുന്ന ക്ഷേത്രമുണ്ട്: മാവിലായിക്കാവ്. ചില ക്ഷേത്രങ്ങളിൽ പാൽപായസംനിവേദ്യമല്ല. പൂജാപുഷ്‌പങ്ങൾക്കും നേദ്യങ്ങൾക്കും മന്ത്രങ്ങൾക്കും വിധാനങ്ങൾക്കുമൊക്കെ വ്യത്യാസങ്ങളുണ്ട്.
ഇപ്രകാരം ആയിരക്കണക്കിനുള്ള വ്യത്യാസങ്ങൾ ക്ഷേത്രാചാരാനുഷ്‌ഠാനവ്യവസ്‌ഥകളിൽ ഉണ്ട്. ഇത്തരം ആചാരങ്ങളെ വിലയിരുത്തേണ്ടതു സെക്കുലർ ഗവൺമെന്റോ കോടതികളോ അല്ല. അത് ഓരോ ക്ഷേത്രത്തോടും ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രം, ഐതിഹ്യം, വിശ്വാസം, ആചാരമര്യാദകൾ, അവിടത്തെ ആചാര്യന്റെ പ്രതിഷ്‌ഠാവേളയിലുള്ള സങ്കൽപങ്ങൾ, ദേവതയുടെ ഗുണഘടന, ദേവതാഭാവം തുടങ്ങിയവയുടെയൊക്കെ അടിസ്‌ഥാനത്തിലാണ്. ഈ വൈവിധ്യങ്ങൾ നിലനിൽക്കണം. ഇത്തരം വൈവിധ്യങ്ങളാണു ഹിന്ദുധർമവ്യവസ്‌ഥയുടെ സവിശേഷത. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ചരടാണു ഹിന്ദുധർമവ്യവസ്‌ഥ. വൈവിധ്യങ്ങളുണ്ടെങ്കിലേ ഭാരതമുള്ളൂ. ഒരു വഴി, ഒരു വിധാനം എന്നായാൽ ധർമം മാറി മതവ്യവസ്‌ഥയാകും.
അതേസമയം, കാലികമായി മാറ്റങ്ങളാവാം. എന്നാൽ, അത് ഉണ്ടാവേണ്ടതു വേദജ്‌ഞന്മാരും തന്ത്രശാസ്‌ത്രനിപുണന്മാരും അതതു ക്ഷേത്രത്തിന്റെ ഭക്‌തന്മാരും ഒക്കെയായ ഭക്‌തജനസമൂഹത്തിലൂടെയാണ്; വിദ്വത്സദസ്സിലൂടെയാണ്. കേരളസാഹചര്യം നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്ത്രിയുടെ നിർണയമാണ്. ഇവരെല്ലാം ചേർന്ന വിദ്വത്‌പരിഷത്തിന്റെ നിശ്‌ചയപ്രകാരം ക്ഷേത്രാചാരങ്ങളിൽ ഉചിതങ്ങളായ മാറ്റങ്ങൾ യഥാകാലം വരട്ടെ; തീർച്ചയായും നമ്മുടെ സമൂഹം അംഗീകരിക്കും. അത്തരം മാറ്റം വരുത്തിയതിനു നല്ല ദൃഷ്‌ടാന്തമാണ് അടുത്തകാലത്തു ക്ഷേത്രങ്ങളിൽ പൂജകന്മാരായി വ്യത്യസ്‌തസമുദായങ്ങളിൽനിന്നു വന്നവരെ നിയമിച്ചത്.
ശബരിമലക്കേസിന്റെ വിചാരണയുടെ ഭാഗമായി ക്ഷേത്രം ഒരു പൊതുസ്‌ഥലം ആണെന്ന നിലയ്‌ക്കു ചില നിരൂപണങ്ങളും വന്നിട്ടുണ്ട്. ക്ഷേത്രം പൊതുസ്‌ഥലമല്ല. അത് അതതു ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ള ദേവന്റെ സങ്കേതമാണ്. അവിടെ ക്ഷേത്രവിശ്വാസവും ക്ഷേത്രാരാധനയുടെ നിയമങ്ങളും പാലിക്കുന്നവർക്കു മാത്രമേ പ്രവേശനം പാടുള്ളൂ. അതും അതതു ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന ആചാരസവിശേഷതകൾ പാലിച്ചുകൊണ്ടായിരിക്കണം. ദേവന്റെ വ്യക്‌തിത്വത്തിന് അനുസൃതമായിട്ടായിരിക്കണം.
ക്ഷേത്രം ആരാധനയ്‌ക്കുള്ള കേന്ദ്രമാണ് എന്നതിലേറെ, ഇഷ്‌ടദേവനെ ദർശിക്കുന്നതിനുള്ള കേന്ദ്രമാണ്. ആരാധിക്കാൻ ക്ഷേത്രത്തിൽ പോകേണ്ട ആവശ്യമില്ല. എവിടെയെങ്കിലും ഇരുന്നാൽ മതി. എന്നാൽ, ക്ഷേത്രത്തിലേക്കു പോകുന്നതു ദർശനത്തിനാണ്. ദർശനവും ആരാധനയും ഒന്നല്ല. ചെറിയൊരു ഉദാഹരണം പറയാം. ഒരു പ്രധാനപ്പെട്ട വ്യക്‌തിയെ സന്ദർശിക്കാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാണുക എന്നതു കാണാൻ ആഗ്രഹിക്കുന്ന വ്യക്‌തിയുടെ മൗലികാവകാശമല്ല. ആരെയാണോ കാണാൻ പോകുന്നത് അയാളുടെ സൗകര്യവും അനുവാദവും നോക്കണം. അവിടത്തെ വ്യവസ്‌ഥകളും പാലിക്കണം. അനുവാദമില്ലാതെ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിക്കുപോലും പറ്റിയില്ലല്ലോ! .
ക്രിസ്‌തീയ ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങൾ ക്രിസ്‌ത്യൻ സമൂഹവും ഇസ്‌ലാമിക ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങൾ ഇസ്‌ലാമിക സമൂഹവും നിർണയിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും നടത്തേണ്ടതും വിശ്വാസങ്ങളെയും ആചാരവ്യവസ്‌ഥകളെയും സംരക്ഷിക്കേണ്ടതും ഹിന്ദുസമൂഹത്തിന്റെ മൗലികാവകാശമാണ്.
ക്ഷേത്രങ്ങൾ പൊതുസ്‌ഥലമല്ല. ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു വിരുദ്ധമായി അന്യായമായ നിയമങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെ മാത്രം ആരാധനാലയങ്ങളെ സർക്കാർസംവിധാനങ്ങൾക്കു കീഴിലാക്കി നിയന്ത്രിച്ചുകൊണ്ടു ക്ഷേത്രങ്ങളെ പൊതുസ്‌ഥലമായി വ്യാഖ്യാനിക്കുകയാണ് ഇന്നു ചെയ്യുന്നത്. ഇത് അസ്വീകാര്യമാണ്.
പി. എം . എൻ . നമ്പൂതിരി .
No comments:
Post a Comment