Tuesday, October 09, 2018

ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്‍ ഒരു നാള്‍ സന്ധ്യാകര്‍മ്മം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി കാമാസക്തയായി ഓടിവന്നു. (കശ്യപന് അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു). ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. (ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്). ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി. ഹിരണ്യാക്ഷന്‍ ഭൂമിയെയുംകൊണ്ട് സമുദ്രത്തിന്റെ അടിഭാഗത്തേക്ക് പോയി. ദുഃഖിതരായ ദേവന്മാര്‍ വിഷ്ണുഭഗവാനെ അഭയം പ്രാപിച്ചു. വിഷ്ണുഭഗവാന്‍ വരാഹമൂര്‍ത്തിയായി അവതരിച്ച് ഹിരണ്യാക്ഷനെ വധിക്കുകയും ഭൂമിയെ തന്റെ തേറ്റ കൊണ്ട് ഉയര്‍ത്തികൊണ്ടുവന്ന് പഴയതുപോലെ ജലോപരിതലത്തില്‍ നിര്‍ത്തുകയും ചെയ്തു. ഭഗവാന്റെ അവതാരങ്ങളില്‍ വച്ച് വേദസ്വരൂപനും യജ്ഞപുരുഷനുമായി പ്രകീര്‍ത്തിച്ചിരിക്കുന്നത് വരാഹമൂര്‍ത്തിയെയാണ്. വരാഹമൂര്‍ത്തി ധ്യാനനിഷ്ഠനായ ബ്രഹ്മാവിന്റെ നാസികയില്‍നിന്നും പെരുവിരല്‍ വലുപ്പത്തില്‍ ജാതനായിയെന്നും ക്ഷണനേരംകൊണ്ട് ആകാശത്തോളം വളര്‍ന്നുവലുതായെന്നും ദേവീഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. വരാഹമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് വരാഹപുരാണം. മഹാവരാഹത്തിന്റെ മാഹാത്മ്യത്തെപ്പറ്റി മാനവസങ്കല്‍പത്തില്‍ വിഷ്ണുഭഗവാന്‍ ഭൂമിദേവിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. 218 അദ്ധ്യായങ്ങളും 24000 ശ്ലോകങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തില്‍ കുറ്റിപ്പുറം തൃത്താല റൂട്ടില്‍ കുമ്പിടിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന പന്നിയൂര്‍ ക്ഷേത്രവും തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രവും വരാഹമൂര്‍ത്തിക്ക് പ്രധാന പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളാണ്

No comments: