Saturday, January 12, 2019

ചതു ശ്ലോ കീ ഭാഗവതം - 3


നമ്മുടെ താപം, താപത്രയം എന്താണ് എന്നുള്ളത് അവിടെ ഇരിക്കട്ടെ. ലോകത്തില് ജനിച്ചവർക്ക് സഹ ജമായി, ചോദിക്കാതെ കിട്ടണതാണ് താപം.ഇവിടെ സുഖം ഉണ്ട്. സുഖമായിട്ടിരിക്കാം എന്നു പറയണത് തല്ക്കാലത്തേക്ക് മാത്രമാണ് കുറച്ച് നേരത്തേക്ക് മാത്രമാണ്. ആരോഗ്യം ഉണ്ട് ശരീരത്തിന് , പണം ണ്ട്, ബന്ധുക്കള് നമ്മള് ആരെ ആരെ ആശ്രയിച്ചിരിക്കുന്നുവോ നമ്മള് ആരെ ആരെയൊക്കെ ആശ്രയിച്ചിരിക്കുന്നുവോ അവരൊക്കെ നമുക്ക് അനുകൂലമായിട്ടും ആരോഗ്യത്തോടു കൂടെ ഇരിക്കുന്നതും വരെ ശരി. പക്ഷേ എപ്പഴാ ഇതൊക്കെ കൈവിട്ടു പോവുക എന്നു പറയാൻ വയ്യ. ഇതെല്ലാവർക്കും അറിയാം. ലോകത്തില് ജീവിക്കുന്നവർക്കൊക്കെ പ്രത്യേകിച്ച് കുറച്ച് പക്വം വന്നവര് കുറച്ച് കാലം കുടുംബത്തിലും മറ്റുമൊക്കെ ജീവിച്ച് ദു:ഖം അനുഭവിച്ചവർക്ക് നല്ലവണ്ണം അറിയാം. ഭാഗവതത്തിലെ ദശമലക്ഷണത്തിന് ആശ്രയം എന്നാണ് പേര്. ആശ്രയം എന്നു വച്ചാൽ സാധാരണയായി നമുക്ക് അർത്ഥം അറിയാം " dependence " , "refuge " " security" . നമുക്കറിയാം ലോകത്തില് സെക്യൂരിറ്റി ഇല്ല. റെഫൂജ് ഇല്ല്യ, ആ ശ്രയിക്കാൻ ഒന്നും ഇല്ല. നമ്മുടെ ശരീരം പോലും നമ്മൾക്ക് ആശ്രയിക്കാൻ പറ്റില്ല. സർവ്വവും വിട്ട് ഇറങ്ങിപ്പോയ സിദ്ധാർത്ഥനോട്, ബുദ്ധനോട് ബിംബി സാരൻ ചോദിച്ചു എന്തിനാ ഒക്കെ വിട്ടു പോണത്? സൗഖ്യമായിട്ട്, രാജകുമാരനായിട്ട് ഇരുന്ന് സകല ഭോഗങ്ങളും അനുഭവിച്ച് രാജാവായിട്ട് ഭരിച്ചൂടെ? സിദ്ധാർത്ഥൻ പറഞ്ഞു അതാണ് എനിക്കും ആശ, അതാണ് എനിക്കും ആഗ്രഹം. ഞാൻ ചെയ്യുമായിരുന്നു , ഞാൻ വളരെ ഇഷ്ടപ്പെട്ട കാര്യമാണ്.
യതി ജന്മ ജരാ മരണം ന ഭവേത്
യതി ച  ഇഷ്ട വിയോഗ ഭയം  ന ഭവേത്
യതി സർവ്വം അനിത്യ മിതം ന ഭവേത്
ഇതി  ജന്മ നി ക സ്യ നഹിർ ന ഭവേത്
ഇവിടെ വാർദ്ധക്യം വരില്ലായിരുന്നെങ്കിൽ, മരണം വരില്ലായിരുന്നെങ്കിൽ , വ്യാധി വരില്ലായിരുന്നു വെങ്കിൽ,  എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ മരണം , ഇഷ്ടപ്പെട്ടവരുടെ വ്യാധി, ഇഷ്ടപ്പെട്ടവരുടെ വാർദ്ധക്യം ഇതൊക്കെ എനിക്കു കാണേണ്ടി വരില്ലായിരുന്നെങ്കിൽ " ഇഷ്ട വിയോഗ ഭയം " . ഇതൊന്നും ഇല്ലായിരുന്നെങ്കിൽ നിങ്ങള് പറയണ രീതിയില് ഇതൊന്നിനെ ക്കുറിച്ചും ചിന്തിക്കാതെ വിവേകം ഇല്ലാതെ ഇരുന്നാൽ വേണ്ടില്ല. പക്ഷേ വിവേകം അല്പം ഉദിച്ച ആൾക്ക് ഇതൊക്കെ മുമ്പില് കാണുമ്പോൾ അങ്ങനെ ഇരിക്കാം , കണ്ണടച്ചിരിക്കാം എന്നു പറയാൻ വയ്യ.
പൂച്ച പാല് ക്കുടിക്കുന്ന രീതിയില് കണ്ണ് അടച്ചിട്ട് പാലുകുടിക്കുന്ന രീതിയില് ലോകത്തില് സുഖമനുഭവിക്കുന്നവനാണ് വിവേക ഇല്ലാത്തവൻ. അയാൾക്ക് ആവട്ടെ പാരമാർത്ഥികമായ ഒരു സുഖം, സംതൃപ്തി ഉണ്ടാവേ ഇല്ല. ആരാണ് അതിന് തെളിവ് എന്നു ചോദിച്ചാൽ പരീക്ഷിത്ത് തന്നെ തെളിവാണ്. രാജാവായി സുഖമായി ഭരിച്ചു. ചക്രവർത്തിയാണ് പരീക്ഷിത്തിന്റെ മഹിമകളെ ജ്യോതിഷികൾ ഒക്കെ വാഴ്ത്തുമ്പോൾ അർജ്ജുനനേക്കാൾ ശ്രേഷ്ഠൻ, ധർമ്മപുത്ര രേക്കാളും ശ്രേഷ്ഠൻ . നകുലൻ, സഹദേവനെക്കാളും ഭീമനേക്കാളും ഭീഷ്മരേക്കാളും ശ്രേഷ്ഠൻ എന്നൊക്കെ വാഴ്ത്തി. സമൃദ്ധമായ രാജ്യം അങ്ങനെ ഉള്ള ആൾക്ക് ഒരു മുനിയെ കാണുമ്പോൾ അസൂയ തോന്നി. ഞാൻ അതിന് അസൂയ എന്നാണ് വിശേഷിപ്പിക്കാ. ആ വികാരം അറിയുന്നവർക്ക് അറിയാം.
( നൊച്ചൂർ - ജി- പ്രഭാഷണം)
Sunil Namboodiri 

1 comment:

bhattathiri said...

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും. മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം-ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം ആധി ഭൗതീകം. ഒരു പരിധിവരെ നമുക്ക് നിയന്ത്രണമുണ്ട്. അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഖം ആദ്ധ്യാത്മികം. ശാരീരിക, മാനസിക അസ്വസ്ഥതകളും രോഗങ്ങളും മറ്റും. ഇവിടെ നമുക്ക് നല്ല നിയന്ത്രണം ഉള്ളതാണ് അല്ലെങ്കില്‍ ഉണ്ടാകേണ്ടതാണ്. ഈ മൂന്ന് ദുഃഖങ്ങളില്‍നിന്നും മോചനം ഉണ്ടാകണമെന്ന് കരുതിയാണ് ശാന്തിമന്ത്രം ജപിക്കുന്നത്. താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ 'ശാന്തി' എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.