Monday, February 18, 2019

ഹനുമത് പ്രഭാവം-2

ഭഗവാനോട് എപ്പോൾ ഭക്തി ഉണ്ടാകുന്നുവോ അപ്പോൾ മനസ്സിന്റെ അലച്ചിൽ നിലയ്ക്കും. ഭഗവാന്റെ അഴക്‌ ദർശിച്ച മനസ്സ് ഭഗവത് ധ്യാനം ആരംഭിച്ച മനസ്സ് പിന്നെ എങ്ങും അലയില്ല. രമണ ഭഗവാൻ അരുണാചല അക്ഷരമനമാലയിൽ പറയുന്നു

ഊർ സുറ്റ്റ്  ഉളം വിടാതെ ഉനൈ കണ്ട് അടങ്കിട ഉൻ അഴകയ് കാട്ടെൻ അരുണാചലാ

അരുണാചലാ അങ്ങയുടെ അഴക് കാട്ടിയാൽ ഈ മനസ്സ് പിന്നെ അലയില്ല. ഈ മനസ്സ് ഭഗവത് രൂപത്തിൽ, ഭഗവത് ധ്യാനത്തിൽ, ഭഗവത് നാമത്തിൽ ലീനമായിരിക്കുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. വളരെ സരളമായ മാർഗ്ഗം.

ഭക്തിക്ക് ഉദാത്തമായ ഉദാഹരണങ്ങളായി ഒരു പാട് മഹാന്മാരുണ്ട്. നാരദ ഭക്തി സൂത്രത്തിൽ ഭക്തിയുടെ ലക്ഷണങ്ങൾ പറയുന്നുണ്ട്.  ഉത്തമനായ ഒരു ഭക്തന് ഉദാഹരണമാണ് ആഞ്ജനേയ സ്വാമി എന്ന് വിവേകാനന്ദ സ്വാമികളും പറഞ്ഞിരിക്കുന്നു. സാധാരണക്കാരനായ ശുഷ്കിച്ച ഒരു ഭക്തനല്ല അദ്ദേഹം ശക്തിമാനായ ഭക്തനാണ്.
രാമായണം കുട്ടികൾക്ക് ചൊല്ലി കൊടുത്തിട്ട് ഏത് കഥാപാത്രമാണ് ഇഷ്ടമായത് എന്ന് ചോദിച്ചാൽ ഒട്ടു മുക്കാൽ പേരും രാമനെന്ന് പറയില്ല ഹനുമാൻ എന്നാണ് പറയുക.

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര തത്ര കൃതമസ്ഥകാജ്ഞലിം
ബാഷ്പ വാരി പരിപൂർണ്ണ ലോചനം
മാരുതിം നമത രാക്ഷസാന്തകം

രാമ നാമ പ്രിയനാണ് ആജ്ഞനേയൻ. രാമായണത്തിലെ രാമനെ മാത്രമല്ല അതിനു മുൻമ്പും ആ നാമമുണ്ടല്ലോ. ഉദാഹരണത്തിന് പരശുരാമൻ. 'പരശു' കൈയ്യിൽ ഉള്ളതിനാൽ പരശുരാമൻ.
കാശിയിൽ മണികർണ്ണികയുടെ തീരത്ത് മൃതദേഹങ്ങളുടെ കാതിൽ പരമശിവൻ വന്ന് ഈ താരകനാമത്തെ ഓതുന്നതായി ഭഗവത്പാദർ സ്തുതിക്കുന്നുണ്ട്.

യഥാ വർണ്ണ യത് കർണ്ണ മൂലേന്ത കാലേ
ശിവോ രാമ രാമേതി രാമേതി കാശ്യാം
തഥൈകം പരം താരക ബ്രഹ്മരൂപം ഭജേഹം ഭജേഹം

ഇനി ഹനുമാൻ രാമ നാമത്തെ ജപിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചിരിക്കുന്നു.
സദാ രാമ രാമേതി നാമാമൃതം തേ
സദാ രാമമാനന്ദ നിഷ്യന്തകന്ദം
പിബന്തം നമന്തം സുദന്തം ഹസന്ദം ഹനുമന്ത മന്തർ ഭജേഹം നിതാന്തം

ഭുജംഗപ്രയാതത്തിൽ എഴുതിയതാണ് ഇത്. മഹാരാഷ്ട്രയിലൊക്കെ ഇന്നറിയപ്പെടുന്ന 'അഭംഗ് ' (വിട്ടല ഭഗവാനെ സ്തുതിക്കുന്ന ഭക്തി സാന്ദ്രമായ കവിതകൾ) ഭുജംഗപ്രയാതം തന്നെയാണ്. ഭുജംഗപ്രയാതം എന്നാൽ ചന്ദസ്സ് അഥവാ മീറ്റർ.

https://youtu.be/3zUecRlIV94

Nochurji 🙏🙏

No comments: